Kerala
കൊച്ചി: വ്യവസായ സൗഹൃദ സംസ്ഥാനം എന്നതിനുമപ്പുറം നിക്ഷേപസൗഹൃദ സംസ്ഥാനമായി കേരളം മാറിക്കഴിഞ്ഞെന്നു മുഖ്യമന്ത്രി പിണറായി വിജയന്. കളമശേരി കിന്‍ഫ്ര ഹൈടെക് പാര്‍ക്കില്‍ ഫോര്‍സ വെയര്‍ഹൗസിംഗിനു കീഴിലുള്ള ഡ്രൈവര്‍ ലോജിസ്റ്റിക്സിന്റെ വെയര്‍ ഹൗസ് ഫെസിലിറ്റി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മുന്‍ മന്ത്രി പാലോളി മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. പി.വി. അബ്ദുൾ വഹാബ് എംപി, കളമശേരി മുനിസിപ്പല്‍ ചെയര്മാന് ജമാല്‍ മണക്കാടന്, കിന്‍ഫ്ര എംഡി സന്തോഷ് കോശി തോമസ്, ഡ്രൈവര്‍ ലോജിസ്റ്റിക്സ് ചെയര്മാന് ആഷിക് കൈനിക്കര, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Business
തിരുവനന്തപുരം: ദാവോസിൽ നടന്ന ലോക സാന്പത്തിക ഫോറത്തിൽ കേരളം 1.18 ലക്ഷം കോടി രൂപയുടെ നിക്ഷേപ താത്പര്യപത്രം ഒപ്പുവച്ചതായി വ്യവസായ മന്ത്രി പി. രാജീവ് അറിയിച്ചു. 14 ബില്യണ്‍ യുഎസ് ഡോളർ മൂല്യമുള്ള താത്പര്യപത്രങ്ങളാണ് ഒപ്പുവച്ചത്.
അമേരിക്ക, യുകെ, ജർമനി, സ്പെയിൻ, ഇറ്റലി, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിൽനിന്നുള്ള വിവിധ കന്പനികളുമായാണ് താത്പര്യപത്രം ഒപ്പിട്ടത്. ചരിത്രത്തിലാദ്യമായാണ് ലോക സാന്പത്തിക ഫോറത്തിൽനിന്നു കേരളം നിക്ഷേപം സമാഹരിക്കുന്നതെന്നു മന്ത്രി പി. രാജീവ് പറഞ്ഞു.
രാംകി ഇൻഫ്രാസ്ട്രക്ചർ 6,000 കോടി (ഇക്കോ ടൗണ്‍ വികസനം, സംയോജിത വ്യവസായ പാർക്കുകൾ), റിസസ്റ്റൈനബിലിറ്റി 1,000 കോടി (മാലിന്യ സംസ്കരണം), ഇൻസ്റ്റ പേ സിനർജീസ് 100 കോടി (സാന്പത്തിക സേവനങ്ങൾ), ബൈദ്യനാഥ് ബയോഫ്യുവൽസ് 1,000 കോടി (റിന്യൂവബിൾ എനർജി), ആക്മെ ഗ്രൂപ്പ് 5,000 കോടി (ബാറ്ററി സ്റ്റോറേജ് സിസ്റ്റം), ലിങ്ക് എനർജി 1,000 കോടി (റിന്യൂവബിൾ എനർജി), സിഫി ടെക്നോളജീസ് 1,000 കോടി (ഡാറ്റ സെന്റർ), ഡെൽറ്റ എനർജി 1600 കോടി (ഹോസ്പിറ്റാലിറ്റി & ഹെൽത്ത് കെയർ), ഗ്രീൻകോ ഗ്രൂപ്പ് 10,000 കോടി, ജെനസിസ് ഇൻഫ്രാസ്ട്രക്ചർ 1,300 കോടി, കാനിസ് ഇന്റർനാഷണൽ 2,500 കോടി (എയ്റോസ്പേസ് & എനർജി), സെയ്ൻ വെസ്റ്റ് കാപ്സ് അഡ്വൈസറി 1,000 കോടി (റിന്യൂവബിൾ എനർജി) തുടങ്ങി 27 കന്പനികളുമായാണ് താത്പര്യപത്രം ഒപ്പിട്ടത്. 67 കന്പനികളുടെ പ്രതിനിധികളുമായി കേരളസംഘം മുഖാമുഖ ചർച്ച നടത്തി.
മെഡിക്കൽ വ്യവസായം, റിന്യൂവബിൾ എനർജി, ഡാറ്റാ സെന്റർ, എമർജിംഗ് ടെക്നോളജി എന്നീ മേഖലകളിലെ കന്പനികളുമായാണ് താത്പര്യപത്രം ഒപ്പിട്ടത്. താത്പര്യപത്രത്തിന്റെ തുടർച്ചയായുള്ള പ്രവർത്തനങ്ങൾക്ക് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുമെന്നു മന്ത്രി പി. രാജീവ് പറഞ്ഞു.
വ്യവസായ മന്ത്രി പി. രാജീവിന്റെ നേതൃത്വത്തിൽ കേരളത്തിൽനിന്ന് അഞ്ചംഗ പ്രതിനിധി സംഘമാണ് ഇത്തവണ ലോക സാന്പത്തിക ഫോറത്തിൽ പങ്കെടുത്തത്. ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, വ്യവസായ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, കെഎസ്ഐഡിസി എംഡി പി.വിഷ്ണുരാജ്, ജനറൽ മാനേജർ വർഗീസ് മാളക്കാരൻ എന്നിവരാണു കേരളസംഘത്തിൽ ഉണ്ടായിരുന്നത്.
Kerala
നെടുമ്പാശേരി : രാജ്യത്തെ പ്രമുഖ വെയർഹൗസ് ആൻഡ് ലോജിസ്റ്റിക്സ് കമ്പനിയായ അവിഗ്ന 150 കോടിയുടെ നിക്ഷേപവുമായി കേരളത്തിലേക്ക്. അങ്കമാലിക്കടുത്ത് പാറക്കടവ് പഞ്ചായത്തിലെ പുളിയനത്ത് നിർമാണം പൂർത്തീകരിച്ച ലോജിസ്റ്റിക് പാർക്കിന്റെ ഉദ്ഘാടനം നാളെ വ്യവസായ മന്ത്രി പി. രാജീവ് നിർവഹിക്കും. ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയുടെ കേരളത്തിലെ ആദ്യ പാർക്കാണിത്.
21.35 ഏക്കറിൽ അഞ്ചു ലക്ഷം ചതുരശ്രയടി വിസ്തീർണത്തിൽ അത്യാധുനിക സൗകര്യങ്ങളോടുകൂടിയാണ് പാർക്ക് സജ്ജമാക്കിയിരിക്കുന്നത്. ഇതിനോടകം ആമസോൺ, ഡിപി വേൾഡ്, ഫ്ലിപ്കാർട്ട്, റെക്കിറ്റ്, സോണി, ഫ്ലൈജാക്ക് തുടങ്ങിയ ആഗോള വൻകിട കമ്പനികൾ ഇവിടെ പ്രവർത്തനം തുടങ്ങിയതായി അധികൃതർ അറിയിച്ചു. നാളെ വൈകുന്നേരം 4.30 ന് നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ അവിഗ്ന ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ എസ്. രാജശേഖരൻ അധ്യക്ഷത വഹിക്കും.
പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ മുഖ്യാതിഥിയായിരിക്കും. ബെന്നി ബെഹനാൻ എംപി, റോജി എം. ജോൺ എംഎൽഎ, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, ജില്ലാ കളക്ടർ ജി. പ്രിയങ്ക, കെഎസ്ഐഡിസി മാനേജിംഗ് ഡയറക്ടർ വിഷ്ണുരാജ്, പാറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് എസ്.വി. ജയദേവൻ, പഞ്ചായത്തംഗം രാജമ്മ എന്നിവർ പ്രസംഗിക്കും. വാർത്താസമ്മേളനത്തിൽ മാനേജിംഗ് ഡയറക്ടർ എസ്. രാജശേഖരൻ, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ സുബോധ് മിശ്ര എന്നിവർ പങ്കെടുത്തു.
ദക്ഷിണേന്ത്യയിൽ ശക്തമായ സാന്നിധ്യമുള്ള കമ്പനിക്ക് തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ ഇൻഡസ്ട്രിയൽ ലോജിസ്റ്റിക്സ് പാർക്കുകൾ ഉണ്ട്. ഹൊസൂറിലെ 200 ഏക്കറിൽ സ്ഥിതിചെയ്യുന്ന ആറു ദശലക്ഷം (60 ലക്ഷം) ചതുരശ്രയടി വിസ്തൃതിയിലുള്ള പാർക്കാണു അവിഗ്നയുടെ രാജ്യത്തെ ഏറ്റവും വലിയ പദ്ധതി. 50 വർഷത്തിലധികം പ്രവർത്തനപാരമ്പര്യമുള്ള അവിഗ്ന ഗ്രൂപ്പിന് ടെക്സ്റ്റൈൽസ്, വിദ്യാഭ്യാസം, റിയൽഎസ്റ്റേറ്റ് എന്നീ മേഖലകളിലും പങ്കാളിത്തമുണ്ട്.