ന്യൂഡൽഹി: ഇന്ത്യൻ റിയൽ എസ്റ്റേറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും വിലകൂടിയ ഇടപാടുകളിലൊന്നിന് രാജ്യതലസ്ഥാനം സാക്ഷിയാകുന്നു. എസ്സൽ ഗ്രൂപ്പ് ചെയർമാനും സീ എന്റർടൈൻമെന്റ് സ്ഥാപകനുമായ സുഭാഷ് ചന്ദ്ര, ഡൽഹിയിലെ അതീവ സുരക്ഷാ ആഡംബര മേഖലയായ ലുട്യൻസ് സോണിലുള്ള തന്റെ വസതി 1,260 കോടി രൂപയ്ക്ക് വിറ്റതായാണ് റിപ്പോർട്ടുകൾ. ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പ്രമുഖ വ്യവസായ കുടുംബമാണ് ഈ ഭീമൻ തുകയ്ക്ക് ബംഗ്ലാവ് സ്വന്തമാക്കിയതെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു
വാങ്ങിയ ആളുടെ പേരുവിവരങ്ങൾ നിലവിൽ പുറത്തുവിട്ടിട്ടില്ല. ഡൽഹി കൊണാട്ട് പ്ലേസിനും ഇന്ത്യ ഗേറ്റിനും സമീപമുള്ള ഭഗവാൻ ദാസ് റോഡിൽ, ഏകദേശം 2.8 ഏക്കറിലായി പരന്നുകിടക്കുന്നതാണ് ഈ ആഡംബര വസതി. ഭാരത് മണ്ഡപത്തിനും മണ്ഡി ഹൗസിനും തൊട്ടടുത്തായാണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്. 2015-ൽ 304 കോടി രൂപയ്ക്കാണ് സുഭാഷ് ചന്ദ്ര ഈ ബംഗ്ലാവ് വാങ്ങിയിരുന്നത്. വെറും 11 വർഷത്തിനുള്ളിൽ വസ്തുവിന്റെ മൂല്യത്തിൽ നാലിരട്ടിയോളം (ഏകദേശം 314 ശതമാനം) വർധനവാണ് ഉണ്ടായിരിക്കുന്നത്.
കേന്ദ്ര ഭരണകൂടത്തിന്റെ അധികാര കേന്ദ്രമായ ലുട്യൻസ് മേഖലയിൽ ആകെ 3,000 ബംഗ്ലാവുകൾ മാത്രമാണുള്ളത്. ഇതിൽ ഭൂരിഭാഗവും രാഷ്ട്രപതി, പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാർ, സുപ്രീംകോടതി ജഡ്ജിമാർ, നയതന്ത്രജ്ഞർ എന്നിവർക്ക് താമസിക്കാനായുള്ള സർക്കാർ വക പ്രോപ്പർട്ടികളാണ്. ഇതിൽ വെറും 600 എണ്ണം മാത്രമാണ് പ്രമുഖ വ്യവസായികളുടെയും മുൻ രാജകുടുംബങ്ങളുടെയും പക്കലുള്ള സ്വകാര്യ സ്വത്തുക്കൾ. പൈതൃക തനിമയും ഹരിതാഭയും നിലനിർത്താൻ ഈ മേഖലയിൽ പുതിയ കെട്ടിട നിർമാണങ്ങൾക്കും ഘടന മാറ്റുന്നതിനും കടുത്ത നിയന്ത്രണങ്ങളുണ്ട്.
Tags : Essel Group Chairman Subhash Chandra Delhi bungalow ₹1 260 crore real estate deal