മിസോറി: അള്‍ജീരിയയ്ക്ക് എതിരായ ഹാട്രിക്കോടെ, ഫിഫ ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ എന്ന ജര്‍മന്‍ മുന്‍താരം മിറോസ്ലാവ് ക്ലോസെയുടെ റിക്കാര്ഡിനൊപ്പവും ലയണല്‍ മെസിയെത്തി.
ലോകകപ്പില്‍ 13 ഗോളുമായി 2026 എഡിഷനെത്തിയ മെസി, ക്ലോസെക്കൊപ്പം (16 ഗോള്‍) റിക്കാര്‍ഡ് പങ്കിടുന്നു. ഈ അപൂര്‍വ നേട്ടത്തെക്കുറിച്ചടക്കം മത്സരശേഷം മെസി നടത്തിയ പ്രതികരണം:
“ക്ലോസെയ്ക്കും റൊണാള്‍ഡോയ്ക്കും (നസാരിയൊ) ഒപ്പമെത്തിയത് ഒരു ബഹുമതിയാണ്. എന്നാല്‍, ഇതില്‍ കാര്യമില്ല. കിലിയന്‍ എംബപ്പെ പിന്നാലെയുണ്ട്. ഇന്ന് (സെനഗലിന് എതിരേ) അദ്ദേഹം രണ്ട് ഗോള്‍ നേടി. ഇതെല്ലാം വെറും കണക്കുകള്‍ മാത്രമാണ്. അതില്‍ക്കവിഞ്ഞൊന്നും ഇല്ല. ഇവരെല്ലാമായി മത്സരിക്കുന്നത് ബഹുമതിയാണ്. പക്ഷേ, അതിനര്‍ഥമില്ല. ഞാന്‍ കണ്ടുവളര്‍ന്ന മഹാനായ കളിക്കാരില്‍ ഒരാളാണ് റൊണാള്‍ഡോ (നസാരിയൊ). എന്നാല്‍, അദ്ദേഹമില്ല പട്ടികയുടെ തലപ്പത്ത്. അതിനാല്‍, വെറും സ്റ്റാറ്റ്സ് എല്ലാം”
കണ്ണീരണിയാന്‍ കാരണം
“മത്സരത്തിലെ ആദ്യ ഗോളിനുശേഷം ഞാന്‍ എന്തിനാണ് കരഞ്ഞത്? അത് ഫുട്ബോളുമായി പൂര്‍ണമായും ബന്ധമില്ലാത്ത ഒന്നായിരുന്നു. ദുഷ്കരമായ ദിവസങ്ങളിലൂടെ ഞാന്‍ കടന്നുപോയി, പക്ഷേ, ടീം ഒന്നടങ്കം എനിക്കൊപ്പം നിന്നു. അവര്‍ എപ്പോഴും എന്റെ കൂടെയുണ്ടായിരുന്നു. പ്രതിസന്ധി തരണം ചെയ്യാന്‍ അവരെല്ലാം എനിക്കു ശക്തി നല്കി. എന്നിലേക്ക് വന്നണയുന്ന എല്ലാം സ്വീകരിച്ച് ജീവിക്കുന്നതില്‍ സന്തോഷിക്കുന്നു. ഈ അത്ഭുതകരമായ ടീമിനോട് ഞാന്‍ നന്ദിയുള്ളവനാണ്”.
പരിക്കും ജയവും
“ഒരു ലോകകപ്പിലെ ആദ്യ മത്സരം എപ്പോഴും കടുപ്പമേറിയതാണ്. ആരും ഒന്നും വിട്ടുകൊടുക്കില്ല. ഏറ്റവും മികച്ച ദേശീയ ടീമുകള്‍ ഏറ്റുമുട്ടുന്നതാണ് ലോകകപ്പ്. ഇത് എന്റെ ആറാമത്തെ ലോകകപ്പാണ്. ഭാഗ്യവശാല്‍, നന്നായി കളിക്കാന്‍ സാധിക്കുന്നു. ആദ്യ മത്സരത്തില്‍ തന്നെ വിജയത്തോടെ ടൂര്‍ണമെന്റ് ആരംഭിക്കേണ്ടത് പ്രധാനമാണ്, കാരണം ഒരു ലോകകപ്പില്‍ അത് ഒരിക്കലും എളുപ്പമല്ല. കഠിനമായ ഒരു മത്സരം ജയിക്കാന്‍ കഴിഞ്ഞു”- മെസി പറഞ്ഞു.
Tags : Messi Klose lot FIFA World Cup Football