ആധുനിക വിദ്യാഭ്യാസം അറിവ് പകരുന്ന ഒരു സംവിധാനത്തിൽ ഒതുങ്ങാതെ സമഗ്രമായ വ്യക്തിത്വവികസനത്തിനും സാമൂഹിക ഉത്തരവാദിത്വബോധത്തിനും വഴിയൊരുക്കേണ്ടതുണ്ട്. വിദ്യാഭ്യാസവും സമൂഹവും തമ്മിലുള്ള പരസ്പരബന്ധവും ഇവിടെ ശ്രദ്ധിക്കേണ്ടതുണ്ട്. വിദ്യാഭ്യാസം സമൂഹത്തിനുവേണ്ടി വ്യക്തികളെ രൂപപ്പെടുത്തുമ്പോൾ, സമൂഹംതന്നെ വിദ്യാഭ്യാസത്തിന്റെ ദിശയും ലക്ഷ്യവും നിർണയിക്കുന്നു.
► കുടുംബം പ്രധാനം
സാമൂഹിക ചുറ്റുപാടിന്റെ സ്വാധീനം കുട്ടികളുടെ വളർച്ചയിൽ നിർണായക പങ്ക് വഹിക്കുന്നു. കുട്ടിയുടെ ആദ്യ അധ്യാപകർ മാതാപിതാക്കളാണ്. കുടുംബം തന്നെയാണ് പ്രഥമ വിദ്യാലയം. സ്കൂൾ കുട്ടികളുടെ രണ്ടാമത്തെ കുടുംബം തന്നെയായ അധ്യാപകർ റോൾ മോഡൽസ് ആയി പ്രവർത്തിക്കണം. കൗമാരകാലത്ത് കൂട്ടുകാരുടെ സ്വാധീനം കുടുംബത്തേക്കാൾ ശക്തമാകുന്നു. മുതിർന്നവരെപ്പോലെ ഇന്ന് കുട്ടികളും മാധ്യമങ്ങളിൽനിന്നാണ് ലോകത്തെ കൂടുതലായി അറിയുന്നത്. കുട്ടികൾ കുടുംബത്തിന്റെയോ സ്കൂളിന്റെയോ ഭാഗം മാത്രമല്ല; അവർ വിപുലമായ സമൂഹത്തിലെ അംഗങ്ങൾ കൂടിയാണ്.
► സമൂഹം ഉയർത്തുന്ന വെല്ലുവിളികൾ
ലഹരി, കുറ്റകൃത്യങ്ങൾ, അനാചാരങ്ങൾ, സൈബർ പ്രശ്നങ്ങൾ തുടങ്ങി കുട്ടികൾ നേരിടുന്ന നിരവധി സാമൂഹിക വെല്ലുവിളികൾ അവരുടെ ജീവിതത്തെ അപകടത്തിലാക്കുകയും ഭാവിയെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു. ലോകാരോഗ്യ സംഘടന റിപ്പോർട്ടിൽ (2023) പറയുന്നതു പോലെ, ലോകമെമ്പാടും 15-19 വയസ്സുകാരിൽ ഏകദേശം 13% പേർ ആൽക്കഹോൾ ഉപയോഗിച്ചിട്ടുള്ളവരാണ്. സമപ്രായ സമ്മർദം, മീഡിയകളിലെ മോഡൽ കഥാപാത്രങ്ങളുടെ സ്വാധീനം, കുടുംബത്തിലെ മാനസിക സമ്മർദം, കൗതുകം എന്നിവമൂലം കുട്ടികൾ ലഹരിക്കടിപ്പെടുന്നു.
► കുട്ടിക്കുറ്റവാളികൾ
കുട്ടികളെയും കൗമാരക്കാരെയും ഇന്ന് കുറ്റകൃത്യങ്ങളിൽ പങ്കാളികളായി കണ്ടുവരുന്നു. ഇന്ത്യയിലെ ജുവനൈൽ കേസുകളിൽ 30 ശതമാനവും 16-18 വയസുകാരുമായി ബന്ധപ്പെട്ടതാണ്. കേരളത്തിലും കഴിഞ്ഞ അഞ്ചു വർഷത്തിനിടെ സൈബർ ക്രൈം, മോഷണം, ലൈംഗിക കുറ്റകൃത്യങ്ങൾ തുടങ്ങിയ കേസുകളിൽ കൗമാരക്കാരുടെ പങ്കാളിത്തം വർധിച്ചിരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
► സൈബർ പ്രശ്നങ്ങൾ
ഡിജിറ്റൽ കാലഘട്ടത്തിൽ കുട്ടികൾക്ക് നേരിടേണ്ടി വരുന്ന വെല്ലുവിളികളിലൊന്നാണ് സൈബർ പ്രശ്നങ്ങൾ. സൈബർ ബുള്ളിയിംഗ്, ഓൺലൈൻ അതിക്രമങ്ങൾ, ലൈംഗികാതിക്രമങ്ങൾ, ഫേക്ക് അക്കൗണ്ട്സ്, ഗെയിമിംഗ് അഡിക്ഷൻ, തെറ്റായ വിവരങ്ങൾ എന്നിവ പ്രധാന സൈബർ പ്രശ്നങ്ങളാണ്. യൂണിസെഫ് റിപ്പോർട്ടിൽ (2020) പറയുന്നതു പ്രകാരം ഇന്ത്യയിലെ കുട്ടികളിൽ 30% പേർ സൈബർബുള്ളിയിഗ് നേരിട്ടിട്ടുണ്ട്. കേരളാ സൈബർ സെൽ റിപ്പോർട്ട് (2023) പ്രകാരം 12-18 വയസുകാരുടെ 40% കേസുകളും ഓൺലൈൻ അതിക്രമങ്ങളോടാണ് ബന്ധപ്പെട്ടിരിക്കുന്നത്.
► വിദ്യാഭ്യാസത്തിലെ സമ്മർദവും ആത്മഹത്യയും
കുട്ടികളിലെ അക്കാദമിക് സമ്മർദം വളരെ ഗൗരവതരമാണ്. ഇന്ത്യൻ ജേർണൽ ഓഫ് സൈക്യാട്രി (2022) പറയുന്നത് ഇന്ത്യയിൽ വർഷംതോറും 10,000 വിദ്യാർഥികൾ പരീക്ഷാ സമ്മർദവും അക്കാദമിക പരാജയവും മൂലം ആത്മഹത്യ ചെയ്യുന്നു എന്നാണ്. 2022ൽ 500ലധികം വിദ്യാർഥികൾ പഠനസമ്മർദം കാരണം ജീവൻ നഷ്ടപ്പെടുത്തിയതായി കേരളാ ക്രൈം റിക്കാർഡ്സ് ബ്യൂറോ വെളിപ്പെടുത്തുന്നു.
► മൂല്യവിദ്യാഭ്യാസത്തിന്റെ വെല്ലുവിളികൾ
അധ്യാപകരും രക്ഷിതാക്കളും ഒരുപോലെ കുട്ടികളുടെ മാർക്കിലും ജോലിയിലും മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. മാധ്യമങ്ങളിലൂടെയുള്ള അക്രമം, ഉപഭോക്തൃ സംസ്കാരം മുതലായവയുടെ വ്യാപനം, മൂല്യപഠനത്തിന് പ്രാധാന്യം നൽകാത്ത വിധമുള്ള കരിക്കുലം തയ്യാറാക്കൽ, മൂല്യ വിദ്യാഭ്യാസത്തിനു പ്രാധാന്യം നൽകിക്കൊണ്ടുള്ള ക്ലാസ് റൂം പ്രവർത്തനങ്ങളുടെ അഭാവം തുടങ്ങിയവ, കരിക്കുലം പുനഃക്രമീകരണം, മൂല്യങ്ങളുടെ സംയോജനം എല്ലാ പാഠ്യവിഷയങ്ങളിലും ഉറപ്പിക്കൽ, അധ്യാപകർ കുട്ടികളുടെ റോൾ മോഡൽ ആകുംവിധമുള്ള പരിശീലനം നടപ്പാക്കൽ, മാധ്യമങ്ങളിൽ ക്രിയാത്മകമായ ഉള്ളടക്കങ്ങൾ പ്രോത്സാഹിപ്പിക്കൽ എന്നിവയിലൂടെ മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നടപ്പാക്കാം.
► ഗ്ലോബലൈസേഷൻ സംസ്കാരവും കുട്ടികളും
ആഗോളവത്കരണം വിദ്യാഭ്യാസത്തെ താഴെപ്പറയുന്ന രീതികളിൽ സ്വാധീനിക്കുന്നു: കരിക്കുലം അന്താരാഷ്ട്രവത്കരണം, വിദേശ പഠനാവസരങ്ങൾ, അന്തർ സാംസ്കാരിക പഠനം, ആശയവിനിമയശേഷി, വിമർശനാത്മക ചിന്ത, സഹവർത്തിത്വം, പ്രവർത്തനക്ഷമത.
ആഗോളവത്കരണത്തിന്റെ ഗുണപരമായ സ്വാധീനങ്ങൾ: സംസ്കാരാന്തര ബോധവും സഹിഷ്ണുതയും വർധിക്കുന്നു. കുട്ടികൾക്ക് വൈവിധ്യമാർന്ന കല, സാഹിത്യം, സംഗീതം പഠിക്കാൻ അവസരം, അന്താരാഷ്ട്ര സാംസ്കാരിക വ്യാപനം.
ദൂഷ്യഫലങ്ങൾ: സാംസ്കാരിക ഏകീകരണത്തിലൂടെ പ്രാദേശിക സംസ്കാരങ്ങൾ നഷ്ടപ്പെടുന്നു. പാശ്ചാത്യവത്കരണം വർധിക്കുന്നു. ഉപഭോക്തൃ സംസ്കാരം വരും. കുട്ടികൾ കൂടുതൽ ഭൗതികവാദികളായി മാറുന്നു. പൗരാണിക മൂല്യശോഷണം.
► ആഗോളവത്കരണവും മാധ്യമങ്ങളും
മാധ്യമങ്ങൾ ആഗോളവത്കരണത്തിന്റെ പ്രധാന വാഹകരാണ്. ഇൻസ്റ്റഗ്രാം, യുട്യൂബ്, ടിക്ടോക് എന്നിവ വഴി ലോകമെമ്പാടുമുള്ള കുട്ടികളുടെ ജീവിതരീതികളെ അവർ അനുകരിക്കുന്നു. നെറ്റ് ഫ്ളിക്സ്, ഡിസ്നി+ പോലുള്ള സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകൾ കുട്ടികളെ പാശ്ചാത്യ സാഹിത്യത്തിലേക്ക് അടുപ്പിക്കുന്നു.
സാമൂഹിക വെല്ലുവിളികൾ: കുട്ടികൾ ഇന്ത്യൻ- പാശ്ചാത്യ സാംസ്കാരിക വ്യത്യാസങ്ങൾക്കുള്ളിൽ കുടുങ്ങുന്നു. സ്വന്തം നാട്ടിൻപുറത്തിന്റെ മൂല്യങ്ങളിൽനിന്ന് അകന്നുപോകുന്നു. ആഗോള തൊഴിൽ മേഖലയിലെ മത്സരം കുട്ടികളിൽ സമ്മർദം കൂട്ടുന്നു. എല്ലാവർക്കും ഒരുപോലെ ആഗോള അവസരങ്ങൾ ലഭ്യമാകുന്നില്ല .
ഗുണപരമായ സാധ്യതകൾ: കുട്ടികൾ ‘ഞാൻ ഇന്ത്യക്കുവേണ്ടി മാത്രമല്ല ലോകത്തിനുവേണ്ടിക്കൂടി’ എന്ന ബോധത്തോടെ വളരുന്നു. വിവിധ സംസ്കാരങ്ങളോടുള്ള സഹാനുഭൂതിയും മത, ജാതി, വർഗ വ്യത്യാസങ്ങളെ മറികടന്നുള്ള സഹജീവിതവും. കുട്ടികൾ അന്താരാഷ്ട്രക്യാന്പെയ്നുകളിൽ പങ്കെടുക്കുന്നു.
► ആഗോളവത്കരണവും വിദ്യാഭ്യാസനയവും
കുട്ടികളെ ‘ആഗോള പൗരന്മാർ’ ആക്കുന്നതിനൊപ്പം അവരുടെ പ്രാദേശിക,ദേശീയ മൂല്യങ്ങളും സംസ്കാരവും സംരക്ഷിക്കുന്ന വിദ്യാഭ്യാസ മാതൃകയാണ് ആവശ്യമായത്. ആർട്ടിഫിഷൽ ഇന്റലിജിൻസ് (എഐ) അധിഷ്ഠിത പഠനം, വ്യക്തികേന്ദ്രീകൃത പഠനം എന്നിവ വിദ്യാർഥികളുടെ കഴിവും നിലയും വിലയിരുത്തി, വ്യക്തിഗത പഠനസാമഗ്രികൾ നൽകുന്നു. ഭാവി വിദ്യാഭ്യാസത്തിന്റെ പ്രധാന ലക്ഷ്യം ‘എല്ലാവർക്കും വിദ്യാഭ്യാസം (എഡ്യൂക്കേഷൻ ഫോർ ഓൾ)’ ആയിരിക്കണം. ഡിജിറ്റൽ അടിസ്ഥാന സൗകര്യം ഗ്രാമങ്ങളിലും ഉറപ്പാക്കണം. സമഗ്ര ശിക്ഷ അഭിയാൻ പദ്ധതി വഴി വൈകല്യമുള്ള കുട്ടികൾക്ക് ഇൻക്ലൂസീവ് ക്ലാസ്റൂംസ് ഒരുക്കണം.
► മൂല്യാധിഷ്ഠിത പഠനതന്ത്രങ്ങൾ
ഭാവിയിൽ മൂല്യാധിഷ്ഠിത പഠനതന്ത്രങ്ങൾക്ക് പ്രാധാന്യമേറും. സ്വഭാവരൂപ വത്കരണം, സത്യസന്ധത, ഉത്തരവാദിത്വം, സഹഭാവം എന്നിവ വളർത്തണം. പരിസ്ഥിതി അവബോധം കാലാവസ്ഥാ വ്യതിയാനം ഉയർത്തുന്ന പ്രതിസന്ധികൾ നേരിടാൻ കുട്ടികളെ പ്രാപ്തരാക്കും. സമാധാനവും സഹവർത്തിത്വവും സഹിഷ്ണുതയും വളർത്തി മത-ജാതി-വർഗ വ്യത്യാസങ്ങളെ മറികടന്ന് സഹജീവനം വളർത്തുക എന്നിവയാണ് ലക്ഷ്യംവയ്ക്കുന്നത്.
► ആജീവനാന്ത പഠനസാധ്യതകൾ
ഭാവിയിൽ വിദ്യാഭ്യാസം വെറും മനപ്പാഠമാക്കലിൽനിന്നു മാറി കഴിവ് അധിഷ്ഠിത അനുഭവവാത്മക പഠനമായിരിക്കും. വിമർശനാത്മക ചിന്ത, പ്രശ്നപരിഹരണ ശേഷി, സൃഷ്ടിപരത പ്രോജക്ട് അധിഷ്ഠിത പഠനം, പ്രായോഗിക കഴിവാർജിക്കൽ, സംരംഭകത്വം, നൂതനത്വം എന്നിവ കുട്ടികളെ തൊഴിൽ അന്വേഷകരിൽനിന്ന് തൊഴിൽ സ്രഷ്ടാക്കളാക്കും.
യുനെസ്കോ പറയുന്നതുപോലെ വിദ്യാഭ്യാസത്തിന്റെ അന്തിമലക്ഷ്യം വെറും അക്കാദമിക അറിവ് നൽകൽ മാത്രമല്ല; വ്യക്തിയെ മൂല്യബോധമുള്ള സാമൂഹികജീവിയായി വളർത്തുക എന്നതാണ്. വിദ്യാഭ്യാസത്തിലൂടെ സമഗ്രമായ മനുഷ്യവളർച്ച സാധ്യമാകട്ടെ.
Tags : Children modern education