എഡിജിപി എം.ആർ. അജിത്കുമാർ
തിരുവനന്തപുരം: കേരളത്തിനു പുറത്താണെന്നും ‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറിയിൽ വിശദീകരണം നൽകുന്നതു വൈകുമെന്നും എഡിജിപി എം.ആർ. അജിത്കുമാർ സംസ്ഥാന പോലീസ് മേധാവിയെ അറിയിച്ചു.
ആലപ്പുഴയിലെ രക്ഷാപ്രവർത്തന കേസ് അട്ടിമറിയിൽ പ്രത്യേക അന്വേഷണസംഘത്തിന്റെ റിപ്പോർട്ടിൽ എത്രയും വേഗം വിശദീകരണം നൽകണമെന്ന് സംസ്ഥാന പോലീസ് മേധാവി, അജിത്കുമാറിനോടു നിർദേശിച്ചിരുന്നു.
ഇതിനുള്ള മറുപടിയിലാണ് സ്വകാര്യ സന്ദർശനത്തിന്റെ ഭാഗമായി കേരളത്തിനു പുറത്താണെന്നും നാളെ മടങ്ങിയെത്തിയ ശേഷം വിശദീകരണം നൽകാമെന്നും ഡിജിപിയെ അറിയിച്ചത്. നിലവിൽ ബിവറേജസ് കോർപറേഷൻ എംഡിയാണ് അജിത്കുമാർ.
അജിത്തിന്റെ വിശദീകരണം ലഭിച്ച ശേഷമേ നടപടിക്ക് ശിപാർശ ചെയ്ത് ഡിജിപിക്ക് അന്വേഷണ റിപ്പോർട്ട് ആഭ്യന്തര വകുപ്പിനു കൈമാറാനാകൂ. ഡിജിപി സ്ഥാനക്കയറ്റത്തിനുള്ള സമിതി യോഗം ചേരുന്നതു വരെ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുന്നതു നീട്ടുന്നതിന്റെ ഭാഗമായാണ് കേരളത്തിനു പുറത്തു പോയതെന്ന വാദം ഉന്നയിക്കുന്നതെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.
ആദ്യ അന്വേഷണത്തിലെ കേസ് ഡയറി തിരുത്തിയത് അടക്കം അജിത്തിന്റെ ഇടപെടലുകൾ വ്യക്തമാക്കിയുള്ള തുടരന്വേഷണ റിപ്പോർട്ടാണ് എസ്ഐടി സമർപ്പിച്ചത്.
ഡിജിപിയുടെ ശിപാർശ സഹിതമുള്ള അന്വേഷണ റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറി, ആഭ്യന്തരമന്ത്രിക്ക് കൈമാറും. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും കൂടിയാലോചിച്ച ശേഷമായിരിക്കും നടപടി തീരുമാനിക്കുക.
Tags : ADGPAjithkumar Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews RakshaPravarthanaCase