തൃശൂർ: കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലുമായി മെഡിക്കൽ, അനുബന്ധ ആരോഗ്യശാസ്ത്ര കോഴ്സുകളിലേക്കു പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർഥികളും രക്ഷിതാക്കളും കോളജിന്റെയും കോഴ്സിന്റെയും നിയമസാധുതയും അംഗീകാരവും കൃത്യമായി പരിശോധിച്ചശേഷമേ പ്രവേശനം നേടാവൂവെന്ന് കേരള ആരോഗ്യശാസ്ത്ര സർവകലാശാല വൈസ് ചാൻസലർ പ്രഫ. ഡോ. മോഹനൻ കുന്നുമ്മൽ അറിയിച്ചു. നിരവധി പരാതിയുമായി വിദ്യാർഥികളും രക്ഷിതാക്കളും സർവകലാശാലയെ സമീപിക്കുന്ന സാഹചര്യത്തിലാണു മുന്നറിയിപ്പ്.
കേരളത്തിൽ മെഡിക്കൽ, ഡെന്റൽ, നഴ്സിംഗ്, ഫാർമസി, അനുബന്ധ ആരോഗ്യശാസ്ത്ര ബിരുദകോഴ്സുകൾ നടത്താൻ കേരള ആരോഗ്യശാസ്ത്ര സർവകലാശാലയുടെ അംഗീകാരവും അഫിലിയേഷനും നിർബന്ധമാണ്. എന്നാൽ ആവശ്യമായ അംഗീകാരമില്ലാതെ നിരവധി സ്ഥാപനങ്ങൾ നഴ്സിംഗ്, ആരോഗ്യശാസ്ത്ര ബിരുദ-ഡിപ്ലോമ കോഴ്സുകൾ നടത്തുന്നുണ്ട്. കേരള ആരോഗ്യശാസ്ത്ര സർവകലാശാലയെ കൂടാതെ കോയന്പത്തൂരിലെ അമൃത വിശ്വവിദ്യാപീഠം ഡീംഡ് ടു ബി സർവകലാശാലയ്ക്കു മാത്രമാണ് അവരുടെ കേരളത്തിലെ സ്ഥാപനങ്ങളിൽ ആരോഗ്യശാസ്ത്ര പ്രോഗ്രാമുകൾ നടത്താൻ അനുമതിയുള്ളത്.
ബിഎസ്സി നഴ്സിംഗ്, ജിഎൻഎം, ഒപ്റ്റോമെട്രി, മെഡിക്കൽ ലബോറട്ടറി ടെക്നോളജി, റേഡിയോളജി, ഓപ്പറേഷൻ തിയേറ്റർ ടെക്നോളജി, കാർഡിയാക് കെയർ ടെക്നോളജി തുടങ്ങി നിരവധി അനുബന്ധ ആരോഗ്യശാസ്ത്ര കോഴ്സുകളിലേക്കു ചില സ്ഥാപനങ്ങൾ നിയമപരമായ അംഗീകാരങ്ങൾ, അഫിലിയേഷൻ, കോഴ്സിന്റെ നിയമസാധുത എന്നിവ വെളിപ്പെടുത്താതെ വിദ്യാർഥികളെ പ്രവേശിപ്പിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം സ്ഥാപനങ്ങളുടെ അവകാശവാദം വിശ്വസിക്കാതെ, ബന്ധപ്പെട്ട സർവകലാശാലയുടെയും സ്റ്റാറ്റ്യൂട്ടറി കൗണ്‍സിലുകളുടെയും അംഗീകാരം ഉറപ്പാക്കണമെന്ന് അദ്ദേഹം നിർദേശിച്ചു. അനുബന്ധ ആരോഗ്യശാസ്ത്ര ബിരുദകോഴ്സുകൾ കേരള ആരോഗ്യ സർവകലാശാലയുടെയോ അമൃത വിശ്വവിദ്യാപീഠത്തിന്റെയോ അംഗീകാരമുള്ളതാണെന്നും പഠനം പൂർത്തിയാക്കിയശേഷം ബന്ധപ്പെട്ട അലൈഡ് ഹെൽത്ത് പ്രഫഷണൽ കൗണ്‍സിലിൽ രജിസ്ട്രേഷൻ ലഭിക്കുന്നതിന് അർഹതയുണ്ടെന്നും ഉറപ്പാക്കണം. പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകൾ സർക്കാർ അംഗീകൃതമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.