അറസ്റ്റിലായ രഞ്ജൻ
ഹരിപ്പാട്: കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിൽ സഹയാത്രികയായ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കെഎസ്ആർടിസി ഡ്രൈവർ അറസ്റ്റിൽ. കായംകുളം കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവർ ചേർത്തല വയലാർ തെക്കേക്കരയിൽ രഞ്ജൻ (53) ആണ് അറസ്റ്റിലായത്.
ഇന്നലെ രാവിലെ 6.45 ഓടെ ആലപ്പുഴ-തിരുവനന്തപുരം റൂട്ടിലോടുന്ന സൂപ്പർഫാസ്റ്റ് ബസിലായിരുന്നു സംഭവം. ആലപ്പുഴയിലെ വീട്ടിൽ നിന്നും കൊല്ലത്തേക്ക് യാത്ര ചെയ്ത യുവതിക്കാണ് ദുരനുഭവമുണ്ടായത്. കായംകുളം ഡിപ്പോയിലേക്ക് ഡ്യൂട്ടിക്കായി യൂണിഫോം ധരിച്ച് യാത്ര ചെയ്ത ജീവനക്കാരനണ് അതിക്രമം നടത്തിയത്.
ഹരിപ്പാടിന് സമീപം കരുവാറ്റ കൺകാലിപ്പാലത്തിന് സമീപത്തുവച്ച് ഇയാൾ മോശമായി പെരുമാറിയതോടെ യുവതി ബസിനുള്ളിൽ ബഹളം വച്ചു. പിന്നാലെ ബസിൽ നിന്ന് ചാടി രക്ഷപെടാൻ ശ്രമിച്ച ഇയളെ ജീവനക്കാരും നാട്ടുകാരും ചേർന്ന് പിന്തുടർന്ന് പിടികൂടുകയായിരുന്നു.
തുടർന്ന് പ്രതിയെ ഇതേ ബസിൽ തന്നെ ഹരിപ്പാട് പോലീസ് സ്റ്റേഷനിൽ എത്തിച്ചു. പോലീസ് യുവതിയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയ ശേഷമാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Tags : sexual assault passeger ksrtc driver arrested