വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം
തിരുവനന്തപുരം: കേരളത്തിന്റെ സാന്പത്തിക വളർച്ചയിലും രാജ്യത്തിന്റെ സമുദ്രമേഖലയിലും ചരിത്രപരമായ നാഴികക്കല്ലായി മാറുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലെ സന്പൂർണ എക്സിം (കയറ്റുമതി-ഇറക്കുമതി) പ്രവർത്തനങ്ങൾ ഓഗസ്റ്റ് 18 മുതൽ ആരംഭിക്കും.
ഇതോടെ ട്രാൻസ്ഷിപ്മെന്റ് തുറമുഖത്തിൽനിന്നു സന്പൂർണ അന്താരാഷ്ട്ര ചരക്കു കവാടമായി വിഴിഞ്ഞം മാറും. ആദ്യകയറ്റുമതി കണ്ടെയ്നർ മുഖ്യമന്ത്രി ഫ്ളാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം ചെയ്യും. തുടർന്ന് ‘മിഷൻ സമുദ്ര’ ബിസിനസ് സമ്മിറ്റും സംഘടിപ്പിക്കും.
ആഗോള ഷിപ്പിംഗ് കന്പനികൾ, ലോജിസ്റ്റിക്സ് സ്ഥാപനങ്ങൾ, കയറ്റുമതിക്കാർ, നിക്ഷേപകർ, വ്യവസായ പ്രമുഖർ എന്നിവർ പങ്കെടുക്കുന്ന സമ്മേളനത്തിൽ കേരളത്തിന്റെ മാരിടൈം സാന്പത്തിക വികസന കാഴ്ചപ്പാട് അവതരിപ്പിക്കുന്നതിനൊപ്പം മിഷൻ സമുദ്ര ഔദ്യോഗികമായി പ്രഖ്യാപിക്കും.
സംസ്ഥാന സർക്കാർ-അദാനി പോർട്സ് ആൻഡ് സ്പെഷൽ ഇക്കണോമിക് സോണ് സംയുക്ത പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിൽ വികസിപ്പിച്ച വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ലോകത്തിലെ അതിവേഗം വളരുന്ന കണ്ടെയ്നർ തുറമുഖങ്ങളിലൊന്നായി മാറിയിട്ടുണ്ട്.
വാണിജ്യ പ്രവർത്തനം ആരംഭിച്ച് 18 മാസത്തിനകം 20 ലക്ഷം ടിഇയു കണ്ടെയ്നർ കൈകാര്യം ചെയ്യുകയും ലോകത്തിലെ ഏറ്റവും വലിയ മദർഷിപ്പുകൾക്ക് ആതിഥേയത്വം വഹിക്കുകയും ചെയ്തതിലൂടെ ലോകോത്തര മാരിടൈം ഹബ്ബെന്ന ശേഷി വിഴിഞ്ഞം തുറമുഖം തെളിയിച്ചു.
എക്സിം പ്രവർത്തനങ്ങളുടെ തുടക്കം സംസ്ഥാന സർക്കാരിന്റെ ദീർഘകാല സമുദ്ര വികസന ദൗത്യമായ മിഷൻ സമുദ്രയുടെ സുപ്രധാന നാഴികക്കല്ലാകും. തുറമുഖങ്ങൾ, ലോജിസ്റ്റിക്സ്, നിർമാണ മേഖല, ഉൾനാടൻ ജലഗതാഗതം, മൾട്ടിമോഡൽ കണക്റ്റിവിറ്റി എന്നിവയെ സമന്വയിപ്പിച്ചു രാജ്യത്തെ പ്രമുഖ മാരിടൈം- ലോജിസ്റ്റിക്സ് കേന്ദ്രമായി കേരളത്തെ മാറ്റുകയെന്നതാണ് മിഷൻ സമുദ്രയുടെ ലക്ഷ്യം.
ഇന്ത്യയിലെ ആദ്യ ആഴക്കടൽ ട്രാൻസ്ഷിപ്മെന്റ് തുറമുഖവും ദക്ഷിണേഷ്യയിലെ ആദ്യ സന്പൂർണ ഓട്ടോമേറ്റഡ് കണ്ടെയ്നർ തുറമുഖവുമായ വിഴിഞ്ഞം, എല്ലാ ഷിപ്പിംഗ് കന്പനികൾക്കും ഒരുപോലെ സേവനം ലഭ്യമാക്കുന്നതും പൊതു ഉപയോഗത്തിനുള്ളതുമായ തുറമുഖമായി പ്രവർത്തനം തുടരും. ഇതിലൂടെ ആഗോള മാരിടൈം വ്യാപാര രംഗത്ത് ഇന്ത്യയുടെ സ്ഥാനം കൂടുതൽ ശക്തിപ്പെടും.
Tags : VizhinjamPort EXIM gateway Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews Business