വിക്രം-1 റോക്കറ്റ് ബഹിരാകാശത്തേയ്ക്ക് കുതിച്ചപ്പോൾ
ഹൈദരാബാദ്: ഐഎസ്ആർഒയിലെ മുൻ ശാസ്ത്രജ്ഞരായ പവൻ കുമാർ ചന്ദനയും നാഗ ഭരത് ദാകയും ചേർന്ന് 2018ലാണ് ഹൈദരാബാദ് ആസ്ഥാനമായി സ്കൈറൂട്ട് എയറോസ്പേസ് സ്ഥാപിക്കുന്നത്. കുറഞ്ഞ ചെലവിൽ ചെറുകിട ഉപഗ്രഹങ്ങൾ ബഹിരാകാശത്ത് എത്തിക്കുക എന്നതായിരുന്നു ഇവരുടെ ലക്ഷ്യം.
2022ൽ ‘വിക്രം-എസ്’എന്ന റോക്കറ്റ് വിക്ഷേപിച്ചുകൊണ്ട് ബഹിരാകാശത്ത് തൊടുന്ന ഇന്ത്യയിലെ ആദ്യ സ്വകാര്യ കമ്പനിയായി ഇവർ മാറി. ഇപ്പോൾ വിക്രം-1 ലൂടെ ഉപഗ്രഹങ്ങളെ കൃത്യമായി ഭ്രമണപഥത്തിൽ എത്തിച്ച് വീണ്ടുമൊരു ചരിത്രം കുറിച്ചിരിക്കുകയാണ് ഈ യുവസംഘം.
‘സ്കൈറൂട്ട് എയറോസ്പേസ്’ടീമിലെ അംഗങ്ങളുടെ ശരാശരി പ്രായം വെറും 28 വയസ് മാത്രമാണ്. ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ ആഗ്രഹിക്കുന്ന ആഗോള കമ്പനികൾക്ക് കുറഞ്ഞ ചെലവിൽ വിശ്വസനീയമായ ഒരു ബദലായി മാറാനാണ് സ്കൈറൂട്ട് ലക്ഷ്യമിടുന്നത്.
ബഹിരാകാശരംഗത്ത് സ്വകാര്യപങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി ഐഎസ്ആർഒയുടെ കീഴിൽ കേന്ദ്രസർക്കാർ രൂപീകരിച്ച ഏകജാലക സംവിധാനവും നോഡൽ ഏജൻസിയുമായ ഇൻസ്പേസിന്റെ പിന്തുണയോടെ ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞരുടെ സാങ്കേതികസഹായം കൂടി ഉപയോഗപ്പെടുത്തിയാണ് സ്കൈറൂട്ട് വിക്രം 1 നിർമിച്ചതും വിജയകരമായി വിക്ഷേപിച്ചതും. 912 ജീവനക്കാരാണ് കന്പനിക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഉള്ളത്.
നിലവിൽ 1.1 ബില്യൺ ഡോളറിലധികം(ഏകദേശം 10,600 കോടി രൂപ) മൂല്യമുള്ള സ്കൈറൂട്ടിന് ജിഐസി, ടെമാസെക്, ബ്ലാക്ക് റോക്ക് തുടങ്ങിയ ആഗോള നിക്ഷേപകരുടെ വലിയ പിന്തുണയുണ്ട്.
ഇന്ത്യയിൽ നിലവിൽ നാനൂറിലധികം ബഹിരാകാശ സ്റ്റാർട്ടപ്പുകളാണ് വളർന്നുവരുന്നത്. വിക്രം-1 നൽകുന്ന കൃത്യമായ ഫ്ലൈറ്റ് ഡാറ്റ ഉപയോഗിച്ച് വരുംദിവസങ്ങളിൽ കൂടുതൽ വാണിജ്യ വിക്ഷേപണങ്ങൾ നടത്താനാണ് സ്കൈറൂട്ടിന്റെ പദ്ധതി. സ്വകാര്യ ഉപഗ്രഹവിപണിയിൽ ഇന്ത്യയെ ലോകത്തിന്റെ നെറുകയിൽ എത്തിക്കാൻ ഈ ദൗത്യം സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ബഹിരാകാശത്തേക്ക് പ്രധാനമന്ത്രിയുടെ കത്തും ‘രത്ന താമരയും’
വിക്രം-1 റോക്കറ്റ് വഹിച്ച ഉപഗ്രഹങ്ങൾക്കൊപ്പം ചില സവിശേഷമായ പ്രതീകാത്മക വസ്തുക്കളും ബഹിരാകാശത്ത് എത്തിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വന്തം കൈപ്പടയിൽ ‘വന്ദേമാതരം’ എന്നെഴുതിയ ഒരു പോസ്റ്റ്കാർഡ്, ഐഎസ്ആർഒ മുൻ അധ്യക്ഷന്മാർ, ശാസ്ത്രജ്ഞർ, ഇന്ത്യൻ ബഹിരാകാശ യാത്രികർ എന്നിവരുടെ സന്ദേശങ്ങളും ബഹിരാകാശത്തേക്ക് അയച്ചവയിൽ ഉൾപ്പെടുന്നു.
അരിമണിയേക്കാൾ ചെറിയ ശില്പങ്ങൾ: ഇന്ത്യയുടെ പ്രഗത്ഭരായ മൂന്ന് ശാസ്ത്രജ്ഞരുടെ (സി. വി. രാമൻ, എ. പി.ജെ. അബ്ദുൾ കലാം, ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പിതാവായ വിക്രം സാരാഭായ്) അരിമണിയേക്കാൾ ചെറിയ സൂക്ഷ്മ ശില്പങ്ങൾ അടങ്ങിയ ഒരു ചെറിയ സ്വർണ റോക്കറ്റ് മാതൃകയും വിക്രം-1 ബഹിരാകാശത്ത് എത്തിച്ചു.
ഡയമണ്ട് ലോട്ടസ്: ബംഗളൂരു ആസ്ഥാനമായുള്ള കോസ്മോസ് ഡയമണ്ട്സ് എന്ന സ്ഥാപനം ലബോറട്ടറിയിൽ വികസിപ്പിച്ചെടുത്ത വജ്രത്തിൽ നിർമിച്ച ഒരു താമരപ്പൂവും വിക്രം-ഒന്നിലൂടെ ബഹിരാകാശത്തേക്ക് അയച്ചു.

അഭിനന്ദനവുമായി പ്രധാനമന്ത്രി
പ്രധാനമന്ത്രി നരേന്ദ്ര മോദി സ്കൈറൂട്ട് സ്ഥാപകരായ പവൻ കുമാർ ചന്ദനയെയും നാഗ ഭരത് ദാകയെയും ഫോണിൽ വിളിച്ച് അഭിനന്ദനങ്ങൾ അറിയിച്ചു.
ബഹിരാകാശമേഖല സ്വകാര്യ പങ്കാളിത്തത്തിന് തുറന്നുകൊടുക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനു ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണ് ഈ വിജയമെന്നും പ്രധാനമന്ത്രി എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.
Tags : Vikram launched space Skyroot Aerospac Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews