അമരാവതി: ആന്ധ്രാപ്രദേശിലെ നെല്ലൂരിൽ പത്ത് വയസുകാരിയുടെ പിറന്നാളാഘോഷത്തിന് വാങ്ങിയ ചോക്ലേറ്റിൽ പുഴുക്കൾ. കേടായ ചോക്ലേറ്റ് കഴിച്ച് പിറന്നാളുകാരിക്കും സുഹൃത്തുക്കൾക്കും ശാരീരിക അസ്വാസ്ഥ്യം നേരിട്ട് ചികിത്സ തേടണ്ടി വരികയായിരുന്നു.
സംഭവത്തിൽ ചോക്ലേറ്റ് നിർമാതാക്കൾക്കും വിറ്റ വ്യാപാരിക്കുമെതിരെ കൺസ്യൂമർ കോടതി നടപടിയെടുത്തു. ഇരയായ കുടുംബത്തിന് 55,000 രൂപ നഷ്ടപരിഹാരം നൽകാൻ നെല്ലൂർ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവിട്ടു.
മകളുടെ ജന്മദിനത്തിനാണ് പരാതിക്കാരനായ പിതാവ് 210 രൂപ നൽകി കടയിൽ നിന്നും ചോക്ലേറ്റ് വാങ്ങിയത്. ജന്മദിന പാർട്ടിക്ക് ശേഷം ചോക്ലേറ്റ് കഴിച്ച കുട്ടികൾക്ക് ഛർദിയും വയറിളക്കവും ഉൾപ്പെടെയുള്ള ഗുരുതരമായ ശാരീരിക അസ്വാസ്ഥ്യങ്ങൾ അനുഭവപ്പെടുകയും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു ചികിത്സ നൽകേണ്ടതായും വന്നു.
കുട്ടികൾ കഴിച്ച ചോക്ലേറ്റ് പരിശോധിച്ചപ്പോഴാണ് അതിൽ പുഴുക്കൾ അടങ്ങിയിട്ടുണ്ടെന്ന വിവരം കുടുംബം തിരിച്ചറിഞ്ഞത്. ഇതേത്തുടർന്ന് ചോക്ലേറ്റ് നിർമിച്ച കമ്പനിക്കെതിരെയും അത് വിറ്റ കടയുടമയ്ക്കെതിരെയും കുടുംബം ഉപഭോക്തൃ കോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ, കോടതി നടപടികൾക്കിടയിൽ തങ്ങൾക്കെതിരെയുള്ള ആരോപണങ്ങൾ പൂർണമായും നിഷേധിക്കുന്ന നിലപാടാണ് നിർമതാക്കളും വ്യാപാരിയും സ്വീകരിച്ചത്. ചോക്ലേറ്റിന്റെ ഗുണനിലവാരം തെളിയിക്കുന്നതിനായി കൃത്യമായ ലാബ് പരിശോധനാ റിപ്പോർട്ടുകളോ ശാസ്ത്രീയ തെളിവുകളോ പരാതിക്കാരൻ കോടതിയിൽ ഹാജരാക്കിയിട്ടില്ലെന്നും അതിനാൽ ഈ കേസ് നിലനിൽക്കില്ലെന്നുമായിരുന്നു അവരുടെ വാദം.
എന്നാൽ ഈ വാദങ്ങളെ കൺസ്യൂമർ കമ്മീഷൻ പൂർണമായും തള്ളി. ഇതോടെ കുടുംബം ഉപഭോക്തൃ കോടതിയെ സമീപിക്കുകയായിരുന്നു. കോടതി നടപടികൾക്കിടയിൽ തങ്ങൾക്കെതിരെയുള്ള ആരോപണങ്ങൾ പൂർണമായും നിഷേധിക്കാനാണ് ചോക്ലേറ്റ് കമ്പനിയും വ്യാപാരിയും ശ്രമിച്ചത്. എന്നാൽ കുടുംബം നൽകിയ ചോക്ലേറ്റിന്റെ ചിത്രങ്ങളും കുട്ടികളെ ചികിത്സിച്ച ഡോക്ടർമാരുടെ മെഡിക്കൽ രേഖകളും കുറ്റകൃത്യം തെളിയിക്കാൻ പര്യാപ്തമാണെന്ന് കോടതി കണ്ടെത്തി. ഉപഭോക്താക്കൾക്ക് സുരക്ഷിതമല്ലാത്തതും ഗുണനിലവാരമില്ലാത്തതുമായ ആഹാരസാധനങ്ങൾ വിതരണം ചെയ്തത് സേവനത്തിലെ ഗുരുതരമായ വീഴ്ചയായി കണക്കാക്കിയ നെല്ലൂർ ഉപഭോക്തൃ കോടതി, പരാതിക്കാരനായ പിതാവിന് 55,000 രൂപ നഷ്ടപരിഹാരമായി നൽകാൻ ഉത്തരവിടുകയായിരുന്നു.
Tags : Worm birthday party chocolate children