ലണ്ടൻ: യൂറോപ്പിനെ അമ്പരപ്പിച്ച് വൻ ചോക്ലേറ്റ് മോഷണം. ഇറ്റലിയിലെ ഫാക്ടറിയിൽ നിന്ന് പോളണ്ടിലേക്ക് കൊണ്ടുപോവുകയായിരുന്ന ട്രക്കിൽ നിന്ന് ഏകദേശം 12 ടൺ കിറ്റ്കാറ്റ് ചോക്ലേറ്റ് ബാറുകളാണ് മോഷ്ടാക്കൾ കവർന്നത്. 4,13,793 ചോക്ലേറ്റ് ബാറുകളാണ് ട്രക്കിലുണ്ടായിരുന്നത്. ഈസ്റ്റർ ആഘോഷങ്ങൾക്ക് മുന്നോടിയായി വിപണിയിലെത്തിക്കാൻ കൊണ്ടുപോയ ഷിപ്മെന്റാണ് മോഷണം പോയത്.
എന്നാൽ ഈ വൻ മോഷണവാർത്തയേക്കാൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത് കിറ്റ്കാറ്റ് കമ്പനി ഇതിനോട് പ്രതികരിച്ച രീതിയാണ്. തങ്ങളുടെ പ്രശസ്തമായ 'ഹാവ് എ ബ്രേക്ക്' എന്ന ടാഗ്ലൈൻ ഉപയോഗിച്ച് കിറ്റ്കാറ്റ് നടത്തിയ തമാശ കലർന്ന പ്രതികരണം നിമിഷനേരം കൊണ്ട് വൈറലായി. "ഞങ്ങൾ എപ്പോഴും ആളുകളോട് ഒരു ബ്രേക്ക് എടുക്കാൻ പറയാറുണ്ട്, എന്നാൽ മോഷ്ടാക്കൾ അത് അക്ഷരാർത്ഥത്തിൽ എടുത്ത് 12 ടൺ ചോക്ലേറ്റുമായി മുങ്ങിക്കളഞ്ഞു എന്നായിരുന്നു കമ്പനിയുടെ പ്രതികരണം.
കിറ്റ്കാറ്റിന്റെ ഈ പോസ്റ്റിന് പിന്നാലെ ലോകപ്രശസ്തമായ മറ്റ് ബ്രാൻഡുകളും ഈ 'ട്രോൾ' യുദ്ധത്തിൽ പങ്കുചേർന്നു. തങ്ങൾ പുതിയ 'കിറ്റ്കാറ്റ് പിസ്സ' വിൽക്കാൻ തുടങ്ങുകയാണെന്ന് ഡൊമിനോസും, തങ്ങളുടെ 12-ാമത്തെ രഹസ്യ ചേരുവ പരീക്ഷിക്കാൻ എടുത്തതാണെന്ന് കെഎഫ്സിയും പരിഹസിച്ചു. മൈക്രോസോഫ്റ്റ്, സെവൻ ഇലവൻ തുടങ്ങിയ വമ്പന്മാരും ഈ തമാശയിൽ പങ്കുചേർന്നതോടെ സംഭവം ആഗോളതലത്തിൽ ചർച്ചയായി.
രസകരമായ മറ്റൊരു കാര്യം, ഈ ചർച്ചയിൽ കേരള ടൂറിസവും ഇടംപിടിച്ചു എന്നതാണ്. ചോക്ലേറ്റ് മോഷ്ടാക്കൾ കേരളത്തിലെ കായലുകളിലോ ബീച്ചുകളിലോ എത്തിയിട്ടില്ലെന്നും, യഥാർത്ഥത്തിലൊരു 'ബ്രേക്ക്' എടുക്കാൻ മോഷ്ടാക്കൾക്കും മറ്റുള്ളവർക്കും ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് വരാമെന്നും കേരള ടൂറിസം കുറിച്ചു.മോഷണം പോയ ചോക്ലേറ്റുകൾ കണ്ടെത്താൻ ഓരോ പാക്കറ്റിലുമുള്ള ബാച്ച് കോഡുകൾ സ്കാൻ ചെയ്യാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് നിർമ്മാതാക്കളായ നെസ്ലെ അറിയിച്ചു. വിപണിയിൽ ചോക്ലേറ്റ് ദൗർലഭ്യം ഉണ്ടാകില്ലെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.