കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ശിക്ഷ റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതികൾ നൽകിയ അപ്പീൽ ഹൈക്കോടതി രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കും. ഒന്നാം പ്രതി പൾസർ സുനി ഉൾപ്പെടെയുള്ള ആറ് പ്രതികൾ നൽകിയ അപ്പീലാണ് പിന്നീട് പരിഗണിക്കാൻ ഹൈക്കോടതി മാറ്റിവച്ചത്.
കേസിൽ വാദം നടത്തുന്നതിനായി കൂടുതൽ സാവകാശം വേണമെന്ന പ്രോസിക്യൂട്ടറുടെ ആവശ്യം പരിഗണിച്ചാണ് കോടതി നടപടി. വിചാരണക്കോടതി 20 വർഷം തടവിന് ശിക്ഷിച്ച പൾസർ സുനി, മാർട്ടിൻ, വിജീഷ്, വടിവാൾ സലീം തുടങ്ങിയ പ്രതികളാണ് ശിക്ഷാ ഇളവ് തേടി ഹൈക്കോടതിയെ സമീപിച്ചത്.
അതേസമയം കേസിൽ പ്രതികളുടെ ശിക്ഷ ഉയർത്തണമെന്നാവശ്യപ്പെട്ട് സർക്കാരും കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്. കേസിലെ നിർണായക തെളിവായ മെമ്മറി കാർഡ് വിചാരണക്കോടതിയുടെ കസ്റ്റഡിയിലിരിക്കെ ചോർന്ന സംഭവത്തിൽ സമഗ്രമായ പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിതയും ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.
മെമ്മറി കാർഡിലെ ദൃശ്യങ്ങൾ അനധികൃതമായി പരിശോധിക്കപ്പെട്ട സംഭവത്തിൽ കൃത്യമായ അന്വേഷണം വേണമെന്നാണ് അതിജീവിതയുടെ ആവശ്യം. സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകയായ വൃന്ദ ഗ്രോവർ മുഖേനയാണ് അതിജീവിത കോടതിയെ സമീപിച്ചത്.
Tags : Actress Assault Case High Court Postpone Appeal