Kerala
കൊച്ചി: കശുവണ്ടി വികസന കോര്പ്പറേഷന് അഴിമതി കേസിലെ പ്രോസിക്യൂഷന് അനുമതി ചോദ്യം ചെയ്തുകൊണ്ട് കശുവണ്ടി വികസന കോര്പ്പറേഷന് മുന് ചെയര്മാനും ഐഎന്ടിയുസി സംസ്ഥാന പ്രസിഡന്റുമായ ആര്. ചന്ദ്രശേഖരനും മുന് എംഡി കെ.എ. രതീഷും നല്കിയ അപ്പീല് ഹൈക്കോടതി ഇന്ന് പരിഗണിക്കും.
കേസില് സിംഗിള് ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവുകള് റദ്ദാക്കണമെന്നും ഡിവിഷന് ബെഞ്ചിലെ അപ്പീലില് അന്തിമ തീരുമാനമുണ്ടാകുന്നതുവരെ സിബിഐ നടപടികള് സ്റ്റേ ചെയ്യണമെന്നുമാണ് പ്രതികളുടെ ആവശ്യം.
തങ്ങളുടെ ഭാഗം കേള്ക്കാതെയാണ് സിംഗിള് ബെഞ്ച് ഉത്തരവുകള് പുറപ്പെടുവിച്ചതെന്നും കേസില് പ്രോസിക്യൂഷന് അനുമതി നല്കിയത് ചോദ്യം ചെയ്യാനുള്ള നിയമപരമായ അവകാശം നിഷേധിക്കപ്പെട്ടെന്നും ആര്. ചന്ദ്രശേഖരന് നല്കിയ ഹര്ജിയില് ആരോപിക്കുന്നുണ്ട്. കേസില് സിബിഐ അന്തിമ റിപ്പോര്ട്ട് സമര്പ്പിക്കുന്നത് തടയണമെന്നും ഹര്ജിക്കാര് ആവശ്യപ്പെട്ടിട്ടുണ്ട്.
വിദേശത്തു നിന്നും കശുവണ്ടി ഇറക്കുമതി ചെയ്തതിലെ സാമ്പത്തിക അഴിമതിയുമായി ബന്ധപ്പെട്ട കേസില് കെ.എ. രതീഷ് ഒന്നാം പ്രതിയും ആര്. ചന്ദ്രശേഖരന് രണ്ടാം പ്രതിയുമാണ്. അഴിമതിക്കേസില് പ്രോസിക്യൂഷന് നടപടികള് നേരിടുന്ന ഉദ്യോഗസ്ഥനായ രതീഷ് ഹൈക്കോടതിയുടെ വിമര്ശനത്തെ തുടര്ന്ന് മുഖ്യമന്ത്രിയുടെ നിര്ദേശ പ്രകാരമാണ് ഖാദി ബോര്ഡ് സെക്രട്ടറി പദവി രാജിവെച്ചത്.
Kerala
കൊച്ചി: മുത്തങ്ങ ഭൂസമരക്കേസിലെ ശിക്ഷാവിധിക്കെതിരായ പ്രതികളുടെ അപ്പീല് ഹൈക്കോടതി 17ന് പരിഗണിക്കാന് മാറ്റി.
അപ്പീലും അഞ്ചുവര്ഷത്തെ കഠിന തടവുശിക്ഷ വിധിച്ച കല്പ്പറ്റ സെഷന്സ് കോടതി ഉത്തരവ് മരവിപ്പിച്ച് ജാമ്യം അനുവദിക്കണമെന്ന അപേക്ഷയും അന്നു പരിഗണിക്കാനായി ജസ്റ്റീസ് എ. ബദറുദ്ദീന് മാറ്റി.
സിബിഐ അഭിഭാഷകന്റെകൂടി നിര്ദേശം പരിഗണിച്ചാണു കേസ് മാറ്റിയത്. ആദിവാസി ഗോത്രമഹാസഭ നേതാക്കളായ എം. ഗീതാനന്ദന്, ബിനു, രമേശന്, അനില്കുമാര് എന്നിവരാണ് അപ്പീല് നല്കിയിരിക്കുന്നത്.
ഗൂഢാലോചനക്കുറ്റം പ്രഥമദൃഷ്ട്യാ നിലനില്ക്കുമെന്ന് വിലയിരുത്തി സെഷന്സ് കോടതി ശിക്ഷ വിധിച്ചത് തെറ്റാണെന്നതടക്കമുള്ള വാദമാണു ഹര്ജിക്കാര് ഉന്നയിക്കുന്നത്.
നിയമവിരുദ്ധമായി സംഘംചേരല് കുറ്റം നിലനില്ക്കുന്നുണ്ടോയെന്ന കാര്യത്തില് കോടതി പ്രോസിക്യൂഷന്റെ നിലപാട് തേടി. 2003 ജനുവരി അഞ്ചിന് ആദിവാസി ഗോത്ര മഹാസഭ പ്രവര്ത്തകര് മുത്തങ്ങ വന്യജീവി സങ്കേതത്തില് അതിക്രമിച്ചു കയറി തകരപ്പാടിയിലും അമ്പുകുത്തിയിലും ചെക്ക്പോസ്റ്റുകള് സ്ഥാപിച്ച് ഗതാഗതം തടസപ്പെടുത്തിയെന്നാണു പ്രോസിക്യൂഷന് കേസ്.
ഫെബ്രുവരി 19ന് കുണ്ട ന്വയലില് പോലീസിനെയും വനംവകുപ്പ് ഉദ്യോഗസ്ഥരെയും തടയുകയും ആക്രമിക്കുകയും ചെയ്തു. ആക്രമണത്തില് പോലീസ് കോണ്സ്റ്റബിള് വിനോദ് കൊല്ലപ്പെട്ടു.
Kerala
കൊച്ചി: മുത്തങ്ങ ഭൂസമരവുമായി ബന്ധപ്പെട്ട് അഞ്ചു വര്ഷത്തെ കഠിനതടവിനു ശിക്ഷിക്കപ്പെട്ട എം. ഗീതാനന്ദനടക്കം ആദിവാസി ഗോത്ര മഹാസഭ നേതാക്കള് ഹൈക്കോടതിയില് അപ്പീല് ഹര്ജി നല്കി.
ജൂലൈ 31ലെ കല്പ്പറ്റ സെഷന്സ് കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഗീതാനന്ദനുപുറമെ പ്രതികളായ ബിനു, രമേശന്, അനില്കുമാര് എന്നിവരാണ് അപ്പീല് നല്കിയത്.
ഗൂഢാലോചനക്കുറ്റം മാത്രമേ പ്രഥമദൃഷ്ട്യാ തെളിയിക്കപ്പെട്ടിട്ടുള്ളൂവെന്ന് കോടതിതന്നെ നിരീക്ഷിച്ചിട്ടും മറ്റു കുറ്റങ്ങളില് ശിക്ഷിച്ചത് നിയമപരമല്ലെന്നാണു ഹര്ജിയിലെ പ്രധാന വാദം.
സംസ്ഥാനസര്ക്കാരിന്റെയും കേന്ദ്രസര്ക്കാരിന്റെയും മുന്കൂര് അനുമതിയില്ലാതെയാണു സിബിഐ അന്വേഷണം നടത്തിയതെന്നും അന്വേഷണവും അതിന്റെ അടിസ്ഥാനത്തിലുള്ള കോടതിവിധിയും നിലനില്ക്കില്ലെന്നും ഹര്ജിയില് പറയുന്നു.
Sports
ന്യൂയോർക്ക്: സൂപ്പർതാരം മൈക്കിൾ ഒലീസെയുടെ മഞ്ഞക്കാർഡ് റദ്ദാക്കാനുള്ള ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷന്റെ അപ്പീൽ തള്ളി ഫിഫ. പരാഗ്വയ്ക്കെതിരെയുള്ള മത്സരത്തിനിടെയാണ് മൈക്കിൾ ഒലീസെയ്ക്ക് മഞ്ഞക്കാർഡ് ലഭിച്ചത്.
മത്സരത്തിൽ വളരെയധികം പരുക്കൻ കളിപുറത്തെടുക്കുകയും പതിമൂന്ന് ഫയലുകൾ ചെയ്യുകയും ചെയ്ത പരാഗ്വായ്ക്കെതിരെ ഒരു മഞ്ഞക്കാർഡ് പോലും നൽകാത്ത റഫറിയുടെ തീരുമാനത്തെനെതിരെ വലിയ വിമർശനം ഉയർന്നുവന്നിരുന്നു. കൂടാതെ ബോസ്നിയക്കെതിരെ യുഎസ് താരം ബലോഗന് ലഭിച്ച റെഡ് കാർഡ് യുഎസ്-ബെൽജിയം പ്രീ ക്വാർട്ടറിന് മുൻപ് പിൻവലിക്കുകയും ബലോഗന് ആ മത്സരത്തിൽ കളിക്കാൻ അവസരം നൽകുകയും ചെയ്ത ഫിഫയുടെയും അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെയും നടപടി വലിയ രീതിയിൽ വിമർശിക്കപ്പെട്ടിരിരുന്നു.
"ഞങ്ങൾ ഫിഫക്ക് നൽകിയ അപ്പീലിന് മറുപടി ലഭിച്ചു. മൈക്കിൾ ഒലീസെയുടെ മഞ്ഞക്കാർഡ് നിലനിർത്തിയിരുന്നു. ഇതേ ടൂർണമെന്റിൽ അമേരിക്കൻ താരത്തിന്റെ ചുവപ്പ് കാർഡ് പിൻവലിച്ചതിന്റെ നിയമം ഞങ്ങൾക്ക് മനസിലായില്ല.'ഫ്രഞ്ച് പരിശീലകൻ ദിദിയർ ദെഷാമ്പ്സ് പറഞ്ഞു.
മൊറോക്കോയുമായി നടക്കുന്ന ക്വാർട്ടർ ഫൈനലിൽ മൈക്കിൾ ഒലീസെയ്ക്ക് ഒരു മഞ്ഞക്കാർഡ് കൂടി ലഭിച്ചാൽ ഫ്രാൻസിന്റെ അടുത്ത ലോകകപ്പ് മത്സരത്തിൽ താരത്തിന് കളത്തിൽ ഇറങ്ങാൻ കഴിയില്ലെന്നാണ് ഇതിലെ ഏറ്റവും വലിയ കുരുക്ക്.
Kerala
തിരുവനന്തപുരം: വിദേശ പൗരനെ ക്രിമിനൽക്കേസിൽ നിന്ന് രക്ഷപ്പെടുത്താൻ തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസിൽ മുൻമന്ത്രി ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് കോടതി പരിഗണിക്കും. നെടുമങ്ങാട് ജുഡീഷ്യൽ ഒന്നാം ക്ലാസ് കോടതി ആന്റണി രാജുവിനെ ശിക്ഷിച്ചിരുന്നു. ഈ ശിക്ഷ റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിൽ നൽകിയ അപ്പീലാണ് ഇന്ന് പരിഗണിക്കുന്നത്.
ലഹരിക്കേസിലെ പ്രതിയായ വിദേശിയെ രക്ഷിക്കാനായി തൊണ്ടിമുതലായ അടിവസ്ത്രം മുറിച്ചും മാറ്റം വരുത്തിയും തെളിവ് നശിപ്പിച്ചു എന്നതാണ് ആന്റണി രാജുവിനെതിരെയുള്ള കേസ്. കേസ് നടന്ന കാലയളവിൽ അദ്ദേഹം അഭിഭാഷകനായിരുന്നു.
ആന്റണി രാജു രണ്ടാം പ്രതിയായ തൊണ്ടിമുതലിൽ തിരിമറി കേസിൽ മൂന്ന് വർഷം വർഷം തടവിനും പതിനായിരം രൂപ പിഴയുമാണ് നെടുമങ്ങാട് കോടതി ശിക്ഷ വിധിച്ചത്. ശിക്ഷാവിധി സ്റ്റേ ചെയ്യണമെന്നും നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ആന്റണി രാജു നേരത്തെ സെഷൻസ് കോടതിയിലും പിന്നീട് ഹൈക്കോടതിയിലും എത്തിയെങ്കിലും ഫലം കണ്ടില്ല.
മൂന്ന് വർഷം തടവിന് ശിക്ഷിക്കപ്പെട്ടതിനാൽ ജനപ്രാതിനിധ്യ നിയമ പ്രകാരം ആന്റണി രാജുവിന് ഇത്തവണ മത്സരിക്കാനായില്ല.
Kerala
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ശിക്ഷ റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതികൾ നൽകിയ അപ്പീൽ ഹൈക്കോടതി രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കും. ഒന്നാം പ്രതി പൾസർ സുനി ഉൾപ്പെടെയുള്ള ആറ് പ്രതികൾ നൽകിയ അപ്പീലാണ് പിന്നീട് പരിഗണിക്കാൻ ഹൈക്കോടതി മാറ്റിവച്ചത്.
കേസിൽ വാദം നടത്തുന്നതിനായി കൂടുതൽ സാവകാശം വേണമെന്ന പ്രോസിക്യൂട്ടറുടെ ആവശ്യം പരിഗണിച്ചാണ് കോടതി നടപടി. വിചാരണക്കോടതി 20 വർഷം തടവിന് ശിക്ഷിച്ച പൾസർ സുനി, മാർട്ടിൻ, വിജീഷ്, വടിവാൾ സലീം തുടങ്ങിയ പ്രതികളാണ് ശിക്ഷാ ഇളവ് തേടി ഹൈക്കോടതിയെ സമീപിച്ചത്.
അതേസമയം കേസിൽ പ്രതികളുടെ ശിക്ഷ ഉയർത്തണമെന്നാവശ്യപ്പെട്ട് സർക്കാരും കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്. കേസിലെ നിർണായക തെളിവായ മെമ്മറി കാർഡ് വിചാരണക്കോടതിയുടെ കസ്റ്റഡിയിലിരിക്കെ ചോർന്ന സംഭവത്തിൽ സമഗ്രമായ പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിതയും ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.
മെമ്മറി കാർഡിലെ ദൃശ്യങ്ങൾ അനധികൃതമായി പരിശോധിക്കപ്പെട്ട സംഭവത്തിൽ കൃത്യമായ അന്വേഷണം വേണമെന്നാണ് അതിജീവിതയുടെ ആവശ്യം. സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകയായ വൃന്ദ ഗ്രോവർ മുഖേനയാണ് അതിജീവിത കോടതിയെ സമീപിച്ചത്.
Kerala
തലശേരി: യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറിയായിരുന്ന എടയന്നൂരിലെ എസ്.പി. ഷുഹൈബിനെ (29) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ വിചാരണക്കോടതി മാറ്റണമെന്നാവശ്യപ്പെട്ടു പ്രതിഭാഗം നൽകിയ ഹർജി പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി.
ആദ്യതവണ പ്രതിഭാഗം സമർപ്പിച്ച കോടതി മാറ്റ ഹർജിയും കോടതി തള്ളിയിരുന്നു. സുപ്രീംകോടതി റൂളിംഗ് പ്രകാരം പ്രതികൾ സത്യവാങ്മൂലം സമർപ്പിച്ചില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഈ ഹർജി തള്ളിയത്.
ഇതേത്തുടർന്നാണ് സത്യവാങ്മൂലം ഉൾപ്പെടുത്തി ഹർജി സമർപ്പിച്ചത്. ആകാശ് തില്ലങ്കേരി ഉൾപ്പടെ 17 പ്രതികളാണു കേസിലുള്ളത്.
Kerala
കൊച്ചി: മാസപ്പടി കേസില് ഇഡി അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില് അപ്പീല് നല്കി സിഎംആര്എല്. സിഎംആര്എല് കമ്പനിയുടെ സീനിയര് മാനേജര് എന്.സി ചന്ദ്രശേഖരന്, സീനിയര് ഓഫീസര് അഞ്ജു റേച്ചല് കുര്യന്, കമ്പനി എംഡി ശശിധരന് കര്ത്ത, ചീഫ് ഫിനാന്ഷ്യല് ഓഫീസര് കെ. സുരേഷ് കുമാര് എന്നിവരാണ് അപ്പീല് നല്കിയിരിക്കുന്നത്.
ഇഡിക്ക് അന്വേഷണം തുടരാമെന്ന വിധി വന്ന ദിവസം തന്നെ അപ്പീല് നല്കുന്നതു വരെ അന്വേഷണം മരവിപ്പിക്കണം രണ്ടാഴ്ച സാവകാശം നല്കണമെന്ന് സിഎംആര്എല് ആവശ്യപ്പെട്ടിരുന്നു. എന്നാല് ഇത് കോടതി അംഗീകരിച്ചിരുന്നില്ല. തങ്ങളുടെ വാദം കേള്ക്കുന്നതു വരെ ഇഡിയുടെ അന്വേഷണം തടയണമെന്നാണ് അപ്പീലിലെ ആവശ്യം.
ഇല്ലാത്ത തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇഡിയുടെ അന്വേഷണം, എസ്എഫ്ഐഒയുടെ അന്വേഷണം നടക്കുന്ന സാഹചര്യത്തില് ഇഡിയുടെ അന്വേഷണം ആവശ്യമില്ല, അന്വേഷണത്തിന്റെ പേരില് അനാവശ്യ റെയ്ഡ് നടത്തുന്നു തുടങ്ങി നേരത്തെ സിംഗിള് ബെഞ്ചിന് മുന്നില് വച്ച അതേ ആവശ്യങ്ങളാണ് ഡിവിഷന് ബെഞ്ചിന് സമര്പ്പിച്ച അപ്പീലിലുമുള്ളത്.
Kerala
പാലക്കാട്: ആദിവാസി യുവാവ് മധുവിന്റെ കൊലപാതക കേസിൽ ശിക്ഷാവിധി റദ്ദാക്കണമെന്ന പ്രതികളുടെ അപ്പീലിൽ ഹൈക്കോടതി വിധി ഇന്ന്. പ്രതികൾ പുറത്തിറങ്ങുന്നത് തങ്ങളുടെ ജീവന് ഭീഷണിയാണെന്നാണ് മധുവിന്റെ കുടുംബത്തിന്റെ വാദം.
ശിക്ഷ വർധിപ്പിക്കണമെന്ന മധുവിന്റെ കുടുംബത്തിന്റെ അപ്പീലിലും ഇന്ന് ഹൈക്കോടതി തീരുമാനം ഉണ്ടാകും. 2018 ഫെബ്രുവരി 22ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. മധുവിനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.
കേസിൽ 13 പ്രതികൾക്ക് മണ്ണാർക്കാട് പട്ടികജാതി പട്ടികവർഗ പ്രത്യേക കോടതി പ്രതികൾക്ക് ഏഴ് വർഷത്തെ കഠിന തടവ് വിധിച്ചിരുന്നു. 16ാം പ്രതിക്ക് മൂന്ന് മാസം തടവും 500 രൂപ പിഴയും ശിക്ഷ നൽകി. നാലാം പ്രതി അനീഷ്, 11-ാം പ്രതി അബ്ദുൽ കരിം എന്നിവരെ കുറ്റക്കാരല്ലെന്ന് കണ്ട് വിട്ടയച്ചു.
ഒന്നാം പ്രതി ഹുസൈന്റെ ശിക്ഷ നടപ്പാക്കുന്നതു തടഞ്ഞ് ഹൈക്കോടതി നേരത്തേ ജാമ്യം അനുവദിച്ചിരുന്നു. മറ്റു പ്രതികളുടെ ശിക്ഷ തടയണം എന്ന ആവശ്യം കോടതി അംഗീകരിച്ചില്ല.
Kerala
ന്യൂഡൽഹി: തൊണ്ടിമുതൽ കേസിൽ മുൻ മന്ത്രി ആന്റണി രാജുവിന് തിരിച്ചടി. ശിക്ഷാവിധി മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി സുപ്രീംകോടതി തള്ളി. ജസ്റ്റീസ് ദീപാങ്കർ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
ഹൈക്കോടതിയുടെ പരാമർശങ്ങൾ നീക്കണമെന്നാവശ്യവും അംഗീകരിച്ചില്ല. നേരത്തെ സമാനമായ ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും സിംഗിൾ ബെഞ്ച് ഹർജി തള്ളിയിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് അദ്ദേഹം സുപ്രീംകോടതിയിലെത്തിയത്.
ആന്റണി രാജു രണ്ടാം പ്രതിയായ തൊണ്ടിമുതൽ കേസിൽ മൂന്നു വര്ഷം തടവിനാണ് നെടുമങ്ങാട് കോടതി ശിക്ഷിച്ചത്. മൂന്ന് വർഷം തടവിന് ശിക്ഷിക്കപ്പെട്ടതിനാൽ ജനപ്രാതിനിധ്യ നിയമ പ്രകാരം അദ്ദേഹത്തിന് ഇത്തവണ മത്സരിക്കാനായില്ല.
ജൂണിയർ അഭിഭാഷകനായിരുന്ന കാലത്ത് മയക്കുമരുന്ന് കേസിൽ വിദേശ പൗരനെ രക്ഷിക്കാൻ തൊണ്ടിമുതലായ അടിവസ്ത്രത്തിൽ കൃത്രിമം കാട്ടിയെന്ന കേസിലാണ് ആന്റണി രാജുവിനെ കോടതി ശിക്ഷിച്ചത്. കേരള ചരിത്രത്തിൽ ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ട് എംഎൽഎ സ്ഥാനം നഷ്ടമാവുന്ന ആദ്യത്തെയാളാണ് ആന്റണി രാജു.
Kerala
ന്യൂഡൽഹി: ഉദയകുമാര് ഉരുട്ടിക്കൊലക്കേസിൽ പ്രതികളായിരുന്ന പോലീസുകാരെ വെറുതെ വിട്ടതിനെതിരെ സിബിഐ സുപ്രീംകോടതിയില് അപ്പീല് നല്കി. നാലുപോലീസുകാരെ വെറുതെ വിട്ട ഉത്തരവ് റദ്ദാക്കണമെന്നാണ് സിബിഐയുടെ ആവശ്യം.
സിബിഐയുടെ അപ്പീലിൽ പ്രതികളായ പോലീസുകാർക്ക് സുപ്രീംകോടതി നോട്ടീസയച്ചു. കേസിലെ ഒന്നാം പ്രതിയായ കെ.ജിതകുമാർ, നാല് മുതൽ ആറ് വരെ പ്രതികളായ ടി. അജിത് കുമാർ, ഇ.കെ.സാബു, ടി.കെ.ഹരിദാസ് എന്നിവരെ വെറുതെ വിട്ട ഹൈക്കോടതി വിധിക്കെതിരെയാണ് സിബിഐ സുപ്രീംകോടതിയെ സമീപിച്ചത്.
ഉദയകുമാറിന്റെ മരണത്തിന് കാരണമായത് ക്രൂരമായ കസ്റ്റഡി പീഡനമാണെന്ന് സിബിഐക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ സുപ്രീംകോടതിയിൽ വ്യക്തമാക്കി. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഇരുമ്പു പൈപ്പ് ഉപയോഗിച്ച് ഉരുട്ടിയതടക്കം 22 ഗുരുതര പരിക്കുകൾ ഉദയകുമാറിന്റെ മൃതദേഹത്തിൽ ഉണ്ടായിരുന്നുവെന്നും സിബിഐയുടെ അപ്പീലിൽ പറയുന്നു.
2005 ലാണ് തിരുവനന്തപുരം ഫോര്ട്ട് പോലീസ് സ്റ്റേഷനില് വച്ച് പോലീസുകാരുടെ മര്ദനത്തെ തുടര്ന്ന് ഉദയകുമാര് മരിച്ചത്. മോഷണക്കുറ്റം ആരോപിച്ചാണ് ഉദയകുമാറിനെ പോലീസ് അറസ്റ്റ് ചെയ്തത്.
Kerala
പയ്യന്നൂര്: വി. കുഞ്ഞികൃഷ്ണന്റെ വെളിപ്പെടുത്തലിനെതിരേ സിപിഎം പയ്യന്നൂര് ഏരിയാ കമ്മിറ്റി സെക്രട്ടറി പി. സന്തോഷ് പ്രസ്താവനയുമായി രംഗത്ത്.
ധനരാജ് രക്തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ട് പയ്യന്നൂര് റൂറല് ബാങ്കിലെ 18795 നമ്പര് അക്കൗണ്ടില്നിന്നും 20299 നമ്പര് വ്യക്തിപരമായ അക്കൗണ്ടി ലേക്ക് സംഖ്യ മാറ്റി എന്നതാണ് പുതിയ കണ്ടെത്തല്. വാസ്തവത്തില് ഈ അക്കൗണ്ട് സെക്രട്ടറി സിപിഎം പയ്യന്നൂര് ഏരിയാ കമ്മിറ്റി എന്ന പേരിലുള്ള അക്കൗണ്ടാണ്.
പയ്യന്നൂര് ഏരിയാ സെക്രട്ടറിയുടെ ചുമതല നിര്വഹിച്ച സമയത്ത് ആരോപണം ഉന്നയിച്ച വ്യക്തിയും ഈ അക്കൗണ്ട് തന്നെയാണ് ഉപയോഗിച്ചിരുന്നത് എന്നതുകൊണ്ടുതന്നെ ഇത് വ്യക്തിഗത അക്കൗണ്ടല്ല എന്നത് ആര്ക്കും ബോധ്യപ്പെടുന്നതുമാണ്.
നോട്ടുനിരോധനത്തെ തുടര്ന്ന് ബാങ്കിംഗ് ഇടപാടില് വന്നിട്ടുള്ള നിയന്ത്രണത്തിന്റെ ഭാഗമായി വ്യത്യസ്ത അക്കൗണ്ട് വഴി പാര്ട്ടിയുടെ ആവശ്യങ്ങള്ക്കായി പണം പിന്വലിക്കേണ്ടിവന്നിട്ടുണ്ട്.
ഇങ്ങനെ പിന്വലിക്കപ്പെട്ട സംഖ്യ ആരും വ്യക്തിഗതമായി ഉപയോഗിക്കുന്നതിനുവേണ്ടിയായിരുന്നില്ല. മറിച്ച്, പാര്ട്ടി ആവശ്യത്തിനു വേണ്ടിയായിരുന്നു. യാഥാര്ഥ്യം ഇതായിരിക്കെ ഇത്തരം ആരോപണങ്ങള് തികഞ്ഞ അവഗണനയോടെ തള്ളിക്കളയണമെന്ന് അഭ്യര്ഥിക്കുന്നുവെന്നാണ് പ്രസ്താവന.
Kerala
കൊച്ചി: എസ്എന്ഡിപി യോഗം ജനറല് സെക്രട്ടറി സ്ഥാനത്തെ അയോഗ്യതയില് വെള്ളാപ്പള്ളി നടേശന് വീണ്ടും തിരിച്ചടി. അപ്പീല് അടിയന്തരമായി പരിഗണിക്കണം എന്ന വെള്ളാപ്പള്ളിയുടെ ആവശ്യം ഹൈക്കോടതി തള്ളി.
അപ്പീല് അടിയന്തരമായി പരിഗണിക്കേണ്ട സാഹചര്യമില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് ഉള്പ്പെട്ട ഡിവിഷന് ബെഞ്ചിന്റേതാണ് നിലപാട്. സ്ഥാനത്തുനിന്ന് നീക്കിയ സിംഗിള് ബെഞ്ച് ഉത്തരവിനെതിരെയായിരുന്നു വെള്ളാപ്പള്ളി നടേശൻ അപ്പീല് നല്കിയത്.
എസ്എന്ഡിപി ജനറല് സെക്രട്ടറി സ്ഥാനത്തുനിന്ന് വെള്ളാപ്പള്ളി നടേശനെ ഹൈക്കോടതി സിംഗിള് ബെഞ്ച് നീക്കിയിരുന്നു. വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് തുഷാര് വെള്ളാപ്പള്ളിയെയും യോഗം പ്രസിഡന്റ് ഡോ എം.എന്. സ്വാമിയെയും ഹൈക്കോടതി നീക്കിയിരുന്നു.
ജസ്റ്റിസ് ടി.ആര്. രവി അധ്യക്ഷനായ സിംഗിള് ബെഞ്ചിന്റേതായിരുന്നു ഉത്തരവ്. കമ്പനി നിയമപ്രകാരം രജിസ്റ്റര് ചെയ്തിട്ടുള്ള എസ്എന്ഡിപി യോഗം തുടര്ച്ചയായി മൂന്ന് വര്ഷം റെജിസ്ട്രര് ഓഫ് കമ്പനിക്ക് തങ്ങളുടെ കണക്കുകള് ഹാജരാക്കിയില്ല. ഇങ്ങനെ നല്കിയില്ലെങ്കില് അയോഗ്യതയ്ക്ക് കാരണമാകും.
Kerala
കൊച്ചി: തൊണ്ടിമുതല് കേസില് ശിക്ഷ റദ്ദാക്കണമെന്ന ആന്റണി രാജുവിന്റെ അപ്പീലില് ഹൈക്കോടതി ഇന്ന് വിധി പറയും. കേസില് വാദം പൂര്ത്തിയായ ശേഷം വിധി പറയാന് മാറ്റിയിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥന് ആവശ്യമായ കാര്യങ്ങള് അന്വേഷിച്ചില്ല, ആര്, എവിടെ വച്ച് തിരിമറി നടത്തിയെന്ന് അറിയില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന് റിപ്പോര്ട്ടില് പറഞ്ഞതെന്നും ആന്റണി രാജുവിന് വേണ്ടി ഹാജരായ അഭിഭാഷകന് കോടതിയെ അറിയിച്ചിരുന്നു.
ഇതില് ഒരു ക്രിമിനല് സാധ്യത തെളിയിക്കാന് കഴിയില്ലെന്നും തൊണ്ടിമുതല് വാങ്ങിച്ച് തിരിച്ചുകൊടുത്തു എന്നുള്ളതുകൊണ്ട് കുറ്റം തെളിയിക്കാന് സാധിക്കുമോയെന്നും കോടതി ചോദിച്ചിരുന്നു. തൊണ്ടിമുതലില് തിരിമറിനടത്തിയത് ആന്റണി രാജു തന്നെയാണെന്ന് എന്താണ് ഉറപ്പെന്നും ഇതിലൊരു ഗൂഢാലോചന നടന്നിട്ടുണ്ടെങ്കില് സീനിയര് അഭിഭാഷകനെ പ്രതിയാക്കാഞ്ഞത് എന്തുകൊണ്ടെന്നും കോടതി ചോദിച്ചിരുന്നു.
തൊണ്ടിമുതലില് കൃത്രിമം നടത്തിയതിന് ആന്റണി രാജുവിനെ മൂന്നുവര്ഷത്തേക്കാണ് കോടതി ശിക്ഷിച്ചിരുന്നത്. ഇതോടെ എംഎല്എ സ്ഥാനത്തുനിന്ന് ആന്റണി രാജു അയോഗ്യനാക്കപ്പെടുകയും ചെയ്തു. കേസില് രണ്ടാം പ്രതിയാണ് ആന്റണി രാജു. ഗൂഢാലോചന, തെളിവ് നശിപ്പിക്കല്, കള്ളത്തെളിവ് ഉണ്ടാക്കല്, വ്യാജരേഖ ചമയ്ക്കല്, സര്ക്കാര് ഉദ്യോഗസ്ഥന്റെ വിശ്വാസ വഞ്ചന എന്നീ വകുപ്പുകളാണ് തെളിഞ്ഞത്.
1990 ഏപ്രില് നാലിന് 60 ഗ്രാം ഹാഷിഷുമായി തിരുവനന്തപുരം വിമാനത്താവളത്തില് പിടിയിലായ ഓസ്ട്രേലിയന് പൗരന് ആന്ഡ്രൂ സാല്വദോര് സര്വലിയെ രക്ഷപ്പെടുത്താന് തൊണ്ടിമുതലായ അടിവസ്ത്രത്തില് കൃത്രിമം കാണിച്ചുവെന്നാണ് കേസ്.
വഞ്ചിയൂര് കോടതിയിലെ അഭിഭാഷകനായിരുന്ന ആന്റണി രാജു തന്റെ സീനിയറായ അഡ്വ. സെലിന് വില്ഫ്രഡുമായി ചേര്ന്നാണ് ആന്ഡ്രൂവിന്റെ വക്കാലത്ത് ഏറ്റെടുത്തത്. തിരുവനന്തപുരം വഞ്ചിയൂര് കോടതി പ്രതിയെ 10 വര്ഷത്തേക്ക് ശിക്ഷിച്ചു. എന്നാല് ഹൈക്കോടതിയില് നിന്ന് ആന്ഡ്രൂ അനുകൂല വിധി നേടി. തൊണ്ടിമുതലായ അടിവസ്ത്രം പ്രതിയുടേതല്ലെന്ന പ്രതിഭാഗം വാദം അംഗീകരിച്ചാണ് ആന്ഡ്രൂവിനെ കോടതി വിട്ടയച്ചത്.
Kerala
കൊച്ചി: തൊണ്ടിമുതൽ കേസിൽ മുൻ മന്ത്രി ആന്റണി രാജുവിന് ചൊവ്വാഴ്ച നിർണായക ദിനം. കേസിൽ തനിക്ക് ലഭിച്ച മൂന്ന് വർഷത്തെ തടവുശിക്ഷയും കുറ്റക്കാരനാണെന്ന കണ്ടെത്തലും മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആന്റണി രാജു സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി ചൊവ്വാഴ്ച വിധി പറയും.
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ യോഗ്യത നേടുന്നതിനായി ശിക്ഷ നടപ്പാക്കുന്നത് തടയണമെന്നാണ് അദ്ദേഹത്തിന്റെ പ്രധാന ആവശ്യം. ജനപ്രാധിനിത്യ നിയമപ്രകാരം രണ്ട് വർഷത്തിൽ കൂടുതൽ ശിക്ഷിക്കപ്പെട്ടവർക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് വിലക്കുണ്ട്.
നിലവിൽ എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ട ആന്റണി രാജുവിന് മത്സരിക്കാനും വിലക്കുണ്ട്. ജസ്റ്റിസ് സി. ജയചന്ദ്രനാണ് ചൊവ്വാഴ്ച ഈ ഹർജിയിൽ വിധി പ്രസ്താവിക്കുക. ആന്റണി രാജുവിന്റെ രാഷ്ട്രീയ ഭാവി നിർണയിക്കുന്നതിൽ ഈ വിധി നിർണായകമാകും.
അതേസമയം ആന്റണി രാജുവിന്റെ അപ്പീലിനെ ഹൈക്കോടതിയിൽ സർക്കാർ എതിർത്തിട്ടുണ്ട്. തൊണ്ടിമുതലിൽ കൃത്രിമം നടത്തിയെന്നത് വിചാരണ കോടതി തെളിവ് സഹിതം കണ്ടെത്തിയതാണെന്നും ശിക്ഷ നടപ്പാക്കുന്നത് മരവിപ്പിക്കണമെന്ന ആവശ്യം അംഗീകരിക്കരുതെന്നുമാണ് കോടതിയെ അറിയിച്ചിട്ടുള്ളത്.
Kerala
കൊച്ചി: "ദ കേരള സ്റ്റോറി 2 ഗോസ് ബിയോണ്ഡ്’ സിനിമയ്ക്ക് 15 ദിവസത്തേക്കു പ്രദര്ശനാനുമതി തടഞ്ഞ ഹൈക്കോടതി സിംഗിള് ബെഞ്ചിന്റെ ഇടക്കാല ഉത്തരവിനെതിരേയുള്ള അപ്പീലില് ഇന്നലെ രാത്രിയിൽ പ്രത്യേക സിറ്റിംഗ് നടത്തി ഡിവിഷന് ബെഞ്ച്.
ജസ്റ്റീസുമാരായ അരവിന്ദ് ശുശ്രുത് ധര്മാധികാരി, വി.എം. ശ്യാംകുമാര് എന്നിവരുള്പ്പെട്ട ഡിവിഷന് ബെഞ്ചാണു ഹര്ജി പരിഗണിച്ചത്. ഇന്ന് റിലീസ് തീരുമാനിച്ചിരിക്കുന്നതിനാല് അടിയന്തരമായി നിര്മാതാക്കള് സിംഗിള് ബെഞ്ച് ഉത്തരവിനെതിരേ ഡിവിഷന് ബെഞ്ചിനെ സമീപിച്ചതിനാലാണു രാത്രി വൈകി സിറ്റിംഗ് നടത്തിയത്. എന്നാൽ, വിധി ചേംബറില് പറയാമെന്നു പറഞ്ഞ് കോടതി പിരിഞ്ഞു.
15 ദിവസത്തേക്കു പ്രദര്ശനാനുമതി തടയാനും സെന്സര് ബോര്ഡിനോട് വീണ്ടും സിനിമ കണ്ട് തീരുമാനമെടുക്കാനും ജസ്റ്റീസ് ബെച്ചു കുര്യന് തോമസ് നിര്ദേശിച്ചിരുന്നു.
എന്നാൽ സ്വകാര്യവ്യക്തികള് നല്കിയ ഹര്ജി നിലനില്ക്കില്ലെന്നും ഇത്തരമൊരു ഹര്ജി നല്കാന് അധികാരമില്ലെന്നും നിര്മാതാക്കള് ഡിവിഷൻ ബെഞ്ചിൽ നൽകിയ അപ്പീലിൽ ചൂണ്ടിക്കാട്ടി.
Kerala
കൊച്ചി: ശിക്ഷ റദ്ദാക്കണം എന്നാവശ്യപ്പെട്ട് നടിയെ ആക്രമിച്ച കേസിൽ ശിക്ഷിക്കപ്പെട്ട ഒന്നാം പ്രതി പൾസർ സുനി ഹൈക്കോടതിയിൽ അപ്പീൽ നൽകി. പൾസർ സുനി അടക്കം നാല് പ്രതികളാണ് കോടതിയെ സമീപിച്ചത്.
ദൃശ്യം ചിത്രീകരിച്ചു എന്ന് പറയപ്പെടുന്ന ഒറിജിനൽ ഫോൺ കണ്ടെടുത്തിട്ടില്ലെന്ന് പൾസർ സുനി അപ്പീലിൽ പറയുന്നു.
ഫോൺ ഇതുവരെ കണ്ടെത്തതിനാൽ ദൃശ്യങ്ങൾ പകർത്തി എന്നു പറയുന്നത് നിയമപരമായി നിലനിൽക്കില്ല. കൃത്യത്തിന് ഉപയോഗിച്ചു എന്ന് പറയുന്ന സിം കാർഡ് മറ്റൊരു വ്യക്തിയുടെ പേരിലുള്ളതാണ്. ഇയാളെ പ്രതിയാക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്തിട്ടില്ല.
ഡിഎൻഎ പരിശോധനയ്ക്കായി സാമ്പിളുകൾ ശേഖരിച്ചതിൽ കാലതാമസം ഉണ്ടായതിനാൽ തെളിവുകളിൽ കൃത്രിമം നടക്കാൻ സാധ്യതയുണ്ടെന്ന വാദം കോടതി മുഖവിലയ്ക്കെടുത്തില്ലെന്നും സുനി ഹർജിയിൽ കോടതിയെ അറിയിച്ചു.
അതേസമയം, കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികൾക്കും 20 വർഷം തടവും 50,000 പിഴയുമാണ് ലഭിച്ചത്.
Kerala
തിരുവനന്തപുരം: അടിവസ്ത്രത്തില് കൃത്രിമം കാട്ടി പ്രതിയെ രക്ഷിക്കാന് ശ്രമിച്ചെന്ന തൊണ്ടിമുതല് തിരിമറിക്കേസില് മുന് മന്ത്രി ആന്റണി രാജു സമര്പ്പിച്ച അപ്പീല് കോടതി ഫയലില് സ്വീകരിച്ചു. ശിക്ഷാവിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം ജില്ലാ സെഷന്സ് കോടതിയിലാണ് അപ്പീല് നല്കിയത്. ഹര്ജിയില് വിശദമായ വാദം കേള്ക്കുന്നത് അടുത്ത മാസം രണ്ടാം തീയതിയിലേക്ക് കോടതി മാറ്റി വെച്ചു.
നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി വിധിച്ച മൂന്ന് വര്ഷത്തെ തടവുശിക്ഷ ചോദ്യം ചെയ്താണ് ആന്റണി രാജു അപ്പീല് നല്കിയത്. ഈ അപ്പീല് നിയമപരമായി നിലനില്ക്കുമെന്ന് കണ്ട കോടതി അത് ഫയലില് സ്വീകരിക്കുകയായിരുന്നു. കേസില് പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വിശദമായ വാദങ്ങള് അടുത്ത മാസം രണ്ടാം തീയതി കോടതി കേള്ക്കും.
ശിക്ഷാവിധിയെത്തുടര്ന്ന് എംഎല്എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ട ആന്റണി രാജുവിന് ഈ അപ്പീലിലെ വിധി നിര്ണായകമാണ്.
Kerala
തിരുവനന്തപുരം: തൊണ്ടിമുതൽ കേസിൽ തിരുവനന്തപുരം എംഎൽഎയും മുൻ മന്ത്രിയുമായ ആന്റണി രാജുവിന്റെ അപ്പീൽ പരിഗണിക്കുന്നത് 24 ലേക്കു മാറ്റി. ശനിയാഴ്ച ജില്ലാ കോടതി അവധി ആയതിനാൽ മറ്റൊരു അഡീഷണൽ ജില്ലാ കോടതിയാണ് കേസ് പരിഗണിച്ചത്.
നെടുമങ്ങാട് ജുഡീഷൽ ഫസ്റ്റ് ക്ലാസ് കോടതി വിധിച്ച മൂന്നു വർഷം തടവും 10,000 രൂപ പിഴയും റദ്ദാക്കണമെന്നാണ് അപ്പീലിൽ ആവശ്യപ്പെട്ടിട്ടുള്ളത്. ഈ ആവശ്യം കണ്ട കോടതി ഇത്തരം ആവശ്യങ്ങൾ അപൂർവങ്ങളിൽ അപൂർവമായ കേസുകളിൽ മാത്രമേ ഫയൽ ചെയ്തു കാണുകയുള്ളൂ എന്നു വാക്കാൽ പ്രതിഭാഗത്തോട് പറഞ്ഞു.
തൊണ്ടിമുതലായ അടിവസ്ത്രത്തിൽ തിരിമറി നടത്തി പ്രതിക്കു ശിക്ഷയിൽ നിന്നു രക്ഷപ്പെടാൻ അവസരമൊരുക്കി എന്ന കേസിലാണ് ആന്റണി രാജുവിനു കോടതി ശിക്ഷ വിധിച്ചത്. രണ്ടാം പ്രതിയാണ് അദ്ദേഹം.
Kerala
കൊച്ചി: ശിക്ഷ റദ്ദ് ചെയ്യണം എന്ന് ആവശ്യപ്പെട്ട് നടി ആക്രമിക്കപ്പെട്ട കേസിലെ രണ്ടാം പ്രതി മാർട്ടിൻ ആന്റണി നൽകിയ അപ്പീൽ ഹർജി പരിഗണിക്കാൻ മാറ്റി ഹൈക്കോടതി. ഫെബ്രുവരി നാലിലേയ്ക്കാണ് ഹൈക്കോടതി കേസ് മാറ്റിയത്.
ഗൂഢാലോചന അടക്കമുള്ള വകുപ്പുകൾ നിലനിൽക്കില്ല എന്ന് ചൂണ്ടിക്കാണിച്ചാണ് ഹർജി. കേസിൽ ഇതുവരെ മൂന്ന് പ്രതികളാണ് ശിക്ഷ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്. മറ്റ് രണ്ട് പ്രതികളുടെയും അപ്പീൽ ഹർജികൾക്കൊപ്പമായിരിക്കും മാർട്ടിൻ ആന്റണിയുടെ ഹർജിയും പരിഗണിക്കുക.
അതേസമയം, നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ടുള്ള കോടതി അലക്ഷ്യ ഹർജികൾ പ്രിൻസിപ്പൽ സെഷൻസ് കോടതി പരിഗണിക്കും. കേസിൽ കുറ്റവിമുക്തനായ ദിലീപ് നൽകിയ ഹർജികളാണ് കോടതി പരിഗണിക്കുക. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ്, ചില മാധ്യമ സ്ഥാപനങ്ങൾ എന്നിവർക്കെതിരെയാണ് കോടതി അലക്ഷ്യ ഹർജി.
Kerala
കൊച്ചി: നടിയെ ആക്രമിച്ച കേസില് ദിലീപിനെ കുറ്റവിമുക്തനാക്കിയതിനെ ചോദ്യം ചെയ്ത് സര്ക്കാര് ഈ ആഴ്ച അപ്പീല് നല്കിയേക്കും. അപ്പീലിന് സര്ക്കാരിന്റെ അനുമതി ലഭിച്ചു.
പബ്ലിക് പ്രോസിക്യൂട്ടര് നല്കിയ റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. അപ്പീല് സാധ്യത ചൂണ്ടിക്കാട്ടി പ്രോസിക്യൂഷന് ഡയറക്ടര് ജനറല് (ഡിജിപി) നല്കിയ കത്ത് പരിഗണിച്ച് സര്ക്കാര് ഇതു സംബന്ധിച്ച ഉത്തരവും പുറപ്പെടുവിച്ചു.
കേസില് എട്ടാം പ്രതിയാണ് ദിലീപ്. ദിലീപിനെ കുറ്റവിമുക്തനാക്കിയതിനെയും കുറ്റക്കാരായി കണ്ടെത്തിയ പ്രതികള്ക്ക് കുറഞ്ഞ ശിക്ഷ ചുമത്തിയതിനെയും അപ്പീലില് ചോദ്യം ചെയ്യും.
കേസില് 20 വര്ഷം തടവിന് ശിക്ഷിക്കപ്പെട്ട മൂന്ന് പ്രതികള് നല്കിയ അപ്പീല് ഹര്ജി ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.
Kerala
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണ കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയില് അപ്പീല് നല്കാന് സംസ്ഥാന സര്ക്കാര് ഉത്തരവിറക്കി. ഡി ജി പിയുടെയും സ്പെഷ്യല് പ്രോസിക്യൂട്ടറുടെയും ശിപാര്ശകള് അംഗീകരിച്ച് ഇന്നലെയാണ് സര്ക്കാര് അനുമതി നല്കിയത്. നടിയെ ആക്രമിച്ച കേസിലെ നിര്ണായകമായ ഡിജിറ്റല് തെളിവുകള് തള്ളിയത് നിസാര കാരണങ്ങള് ചൂണ്ടിക്കാട്ടിയാണെന്നാണ് ഡിജിപിയും സ്പെഷ്യല് പ്രോസിക്യൂട്ടരും പറയുന്നത്.
എറണാകുളം പ്രിന്സിപ്പല് സെഷന്സ് കോടതി എട്ടാം പ്രതിയായിരുന്ന ദിലീപ് ഉള്പ്പെടെയുള്ള നാലുപേരെ കുറ്റവിമുക്തരാക്കിയ നടപടിയെ ചോദ്യം ചെയ്താണ് സര്ക്കാരിന്റെ അപ്പീല്. മുഖ്യമന്ത്രി പിണറായി വിജയനുമായി അതിജീവിത നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് അപ്പീല് നടപടികള് വേഗത്തിലാക്കാന് സര്ക്കാര് തീരുമാനിച്ചത്.
കേസില് പള്സര് സുനി ഉള്പ്പെടെയുള്ള ആറു പ്രതികള്ക്ക് 20 വര്ഷം കഠിനതടവ് വിധിച്ചെങ്കിലും, ഗൂഢാലോചന കുറ്റം തെളിയിക്കാന് പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപിനെ വിചാരണ കോടതി വെറുതെ വിട്ടത്. എന്നാല്, കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ശക്തമായ തെളിവുകള് തങ്ങളുടെ പക്കലുണ്ടെന്നും ഉയര്ന്ന കോടതിയില് ഇത് തെളിയിക്കാന് കഴിയുമെന്നുമാണ് പ്രോസിക്യൂഷന്റേയും അന്വേഷണ സംഘത്തിന്റേയും നിലപാട്.
ദിലീപും പള്സര് സുനിയും തമ്മിലുള്ള ബന്ധം തെളിയിക്കുന്ന ഡിജിറ്റല് തെളിവുകളും സാക്ഷിമൊഴികളും വിചാരണ കോടതി വേണ്ടത്ര പരിഗണിച്ചില്ലെന്നാണ് സര്ക്കാരിന്റെ വാദം. മെമ്മറി കാര്ഡിന്റെ ഹാഷ് വാല്യൂ മാറിയത് ഉള്പ്പെടെയുള്ള സാങ്കേതിക വിവരങ്ങളും ബാലചന്ദ്രകുമാര് ഹാജരാക്കിയ ശബ്ദരേഖകളും പുനഃപരിശോധിക്കണമെന്ന ആവശ്യം സര്ക്കാര് ഉന്നയിച്ചേക്കും.
വിധിയിലെ സാങ്കേതികവും നിയമപരവുമായ പിഴവുകള് അപ്പീലില് ചൂണ്ടിക്കാട്ടും. ക്രിസ്മസ് അവധിക്ക് ശേഷം കോടതി തുറക്കുന്നതോടെ അപ്പീല് ഫയല് ചെയ്യാനാണ് നിലവിലെ തീരുമാനം.
Kerala
കൊച്ചി: പ്രതികളുടെ മൗലികവകാശങ്ങള് ലംഘിക്കപ്പെട്ട കേസാണ് നടിയെ അക്രമിച്ച കേസ് എന്ന വാദവുമായി അഡ്വ. ടി.ആർ.എസ് കുമാര്. കേസിലെ നാലാം പ്രതിയായ വി.പി.വിജീഷിന്റെ അഭിഭാഷകനാണ് ടി.ആര്.എസ് കുമാര്.
രണ്ടു മുതല് അഞ്ചു വരെയുള്ള പ്രതികള് കൂട്ടബലാത്സംഗം ചെയ്തു എന്ന വിചാരണ കോടതിയുടെ കണ്ടെത്തല് നിയമപരമായി തെറ്റാണ്. ഇതിനെ ചോദ്യം ചെയ്യാന് ഒരുങ്ങുകയാണ് തങ്ങളെന്ന് അഭിഭാഷകന് കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
""നടി അക്രമിക്കപ്പെട്ട കേസില് നാലാം പ്രതിക്കു വേണ്ടി കേസ് നടത്തുകയും പ്രതികളെയും നിയമത്തിന്റെയും സാക്ഷിമൊഴികളുടെയും മെമ്മറി കാര്ഡിന്റെ ഉള്ളടക്കത്തെയും മുന്നിർത്തി വെറുതേ വിടണമെന്നു വിചാരണ കോടതിയില് ആവശ്യപ്പെട്ട ഒരു അഭിഭാഷകനാണ്. പ്രതികളെ അപമാനിക്കുന്ന തരത്തില് വാര്ത്തകള് കെട്ടിച്ചമയ്ക്കുന്നതും വിധി വന്നതിനു ശേഷവും ജുഡീഷ്യറിയെ അപമാനിക്കുന്നതും ഉചിതമായ നടപടിയല്ല.
അപ്പീൽ നൽകും
അതിജീവിതയ്ക്കും സര്ക്കാരിനും വിധി ന്യായത്തില് പിശകുകള് ഉണ്ടെങ്കില് തിരുത്താന് ക്രിമിനല് നടപടിക്രമം പാലിച്ച് അപ്പീല് നൽകാൻ തടസങ്ങള് ഇല്ല. ഞാനും ഈ വിധിയുടെ പിശകുകള് ചൂണ്ടിക്കാണിച്ച് അപ്പീല് നല്കുന്നുണ്ട്. ഈ കേസിലെ മെമ്മറി കാര്ഡിലെ ഉള്ളടക്കം കണ്ട ഒരു അഭിഭാഷകനാണ്. അതുകൊണ്ട് തന്നെ ഇത് ഒരു ബലാത്സംഘം അല്ല എന്ന നിഗമനത്തിലാണ് എത്തിച്ചേര്ന്നിട്ടുള്ളത്.
പ്രതികള് കൂട്ടബലാത്സംഘം ചെയ്തു എന്ന വിചാരണ കോടതിയുടെ കണ്ടെത്തല് നിയമപരമായി തെറ്റാണ്. ഇതു ചോദ്യം ചെയ്യാന് ഒരുങ്ങുകയാണ്. ഇനി ഇതു സംബന്ധിച്ച് എന്തെങ്കിലും ചര്ച്ചയ്ക്കാണെങ്കില് പൊതുസമൂഹത്തോടു നാലാം പ്രതിക്കു വേണ്ടി സംസാരിക്കാന് തയാറാണ്' - അഭിഭാഷകൻ പറഞ്ഞു.
അതേസമയം, അഞ്ചും ആറും പ്രതികളായ വടിവാള് സലീം, പ്രദീപ് എന്നിവര് ഹൈക്കോടതിയില് അപ്പീല് നല്കിയിട്ടുണ്ട്. അപ്പീല് പരിഗണിച്ച് തീര്പ്പുണ്ടാക്കുന്നതിനു കാലതാമസമുണ്ടാകാന് സാധ്യതയുള്ളതിനാല് ശിക്ഷ സസ്പെന്ഡ് ചെയ്തു ജാമ്യത്തില് വിടണമെന്നാണ് ആവശ്യം.
Kerala
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി ശിക്ഷിച്ച രണ്ട് പ്രതികൾ ഹൈക്കോടതിയിൽ അപ്പീൽ നൽകി. കുറ്റവിമുക്തരാക്കണമെന്നു ആവശ്യപ്പെട്ട് അഞ്ചും ആറും പ്രതികളായ വടിവാൾ സലീം, പ്രദീപ് എന്നിവരാണ് അപ്പീൽ നൽകിയത്.
അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബഞ്ച് വെള്ളിയാഴ്ച പരിഗണിക്കും. അപ്പീൽ പരിഗണിച്ചു തീർപ്പുണ്ടാക്കുന്നതിനു കാലതാമസമുണ്ടാകാൻ സാധ്യതയുള്ളതിനാൽ ശിക്ഷ മരവിപ്പിച്ച് ജാമ്യത്തിൽ വിടണമെന്നും ഹർജിയിൽ ഇരുവരും ആവശ്യപ്പെട്ടിട്ടുണ്ട്.
തങ്ങൾക്കു ഗൂഢാലോചനയിൽ പങ്കില്ല. ഇക്കാര്യം അതിജീവിതയുടെ മൊഴിയിലുണ്ട്. ഗൂഢാലോചനയിലോ കുറ്റകൃത്യത്തിലോ തങ്ങൾക്കു പങ്കില്ലെന്നും കുറ്റവിമുക്തരാക്കണമെന്നും ഇരുവരും ആവശ്യപ്പെടുന്നു. പ്രോസിക്യൂഷന്റെ കൈവശം പ്രാഥമിക തെളിവുകൾ പോലുമില്ലെന്നും ഹർജിയിൽ പറയുന്നു.
കേസിലെ ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികളെ കഴിഞ്ഞ ദിവസം കോടതി 20 വർഷത്തെ കഠിന തടവിനു ശിക്ഷിച്ചത്. ആറ് പ്രതികൾക്കും കുറ്റകൃത്യത്തിൽ നേരിട്ട് പങ്കുണ്ടെന്നും കോടതി കണ്ടെത്തിയിരുന്നു. ഇവർക്കെതിരെ കൂട്ട ബലാത്സംഗം അടക്കമുള്ള കുറ്റങ്ങളും തെളിഞ്ഞിരുന്നു.
Kerala
കൊച്ചി: നടിയെ ആക്രമിച്ച കേസില് വന്നത് അവസാനവിധിയല്ലെന്നും സര്ക്കാര് അപ്പീലിനു പോകണമെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ.
ഏതു തെളിവുകളുടെ അടിസ്ഥാനത്തിലാണ് ശിക്ഷിച്ചത്, ഏതു തെളിവുകളുടെ അഭാവത്തിലാണു ശിക്ഷിക്കാതിരുന്നത് എന്നതു വിധി വായിച്ചാലേ മനസിലാകൂ.
ആളുകളെ വൈറ്റ് വാഷ് ചെയ്യുന്ന ജോലിയാണ് ഇപ്പോള് സോഷ്യല് മീഡിയയില്. അതിജീവിതയ്ക്കെതിരായ സൈബര് ആക്രമണം ഇതിന്റെ ഭാഗമാണ്.
സോഷ്യല് മീഡിയ അല്ല കാര്യങ്ങള് തീരുമാനിക്കുന്നതെന്നും സോഷ്യല് മീഡിയ ഇപ്പോള് ഒരു വില്പനച്ചരക്കാക്കി മാറ്റിയെന്നും പ്രതിപക്ഷനേതാവ് വ്യക്തമാക്കി.
Kerala
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപ് ഉൾപ്പടെയുള്ള പ്രതികളെ വെറുതെ വിട്ടതിനെതിരെ അപ്പീൽ പോകുമെന്ന് നിയമ മന്ത്രി പി. രാജീവ്. മുഖ്യമന്ത്രിയും അപ്പീൽ നൽകാനാണ് നിർദേശിച്ചത്. ഡിജിപിയുമായും ഇക്കാര്യം സംസാരിച്ചുവെന്നും രാജീവ് കൂട്ടിച്ചേർത്തു.
എക്കാലത്തും അതിജീവിതക്കൊപ്പം ഉറച്ച് നിൽക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയും സർക്കാരും സ്വീകരിച്ചത്. കേസിൽ പൂർണമായി നീതി ലഭിച്ചില്ലെന്നും ഭൂരിഭാഗം കുറ്റങ്ങളും തെളിയിക്കപ്പെട്ടെങ്കിലും എല്ലാവരും പ്രതീക്ഷിച്ച പോലെ ഒരു വിധി വന്നിട്ടില്ലെന്നും മന്ത്രി രാജീവ് അഭിപ്രായപ്പെട്ടു.
കേസിൽ നല്ല രീതിയിലാണ് അന്വേഷണം നടന്നത്. എന്നിട്ടും എന്തുകൊണ്ടാണ് പ്രതികൂല വിധിയുണ്ടായതെന്ന് പരിശോധിക്കും. ഈ സർക്കാരും മുഖ്യമന്ത്രിയുമില്ലായിരുന്നെങ്കിൽ ഇങ്ങനെയൊരു പ്രതി അറസ്റ്റിലാകുമായിരുന്നോ എന്നും പി. രാജീവ് ചോദിച്ചു.
Kerala
തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പീഡനപരാതി നൽകിയ യുവതിയെ നവമാധ്യമങ്ങള് വഴി അധിക്ഷേപിച്ച കേസിൽ രാഹുൽ ഈശ്വർ ഇന്ന് അപ്പീൽ നൽകും.
തിരുവനന്തപുരം ജില്ലാ കോടതിയിൽ ആണ് അപ്പീൽ നൽകുന്നത്. തിരുവനന്തപുരം എസിജെഎം കോടതി തിങ്കളാഴ്ച രാഹുലിന്റെ ജാമ്യപേക്ഷ തള്ളിയിരുന്നു. 14 ദിവസത്തേക്കാണ് രാഹുൽ ഈശ്വറിനെ റിമാൻഡ് ചെയ്തത്.
സൈബർ അധിക്ഷേപ കേസിൽ പ്രതിച്ചേർക്കപ്പെട്ട കെപിസിസി ജനറൽ സെക്രട്ടറി സന്ദീപ് വാര്യരുടെ മുൻകൂർ ജാമ്യാപേക്ഷ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. പരാതിക്കാരിയെ തിരിച്ചറിയുന്ന തരത്തിൽ ഒരു നടപടിയും തന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്നാണ് സന്ദീപിന്റെ വാദം.