ലക്നോ: ഉത്തർപ്രദേശിലെ മൊറാദാബാദിൽ ഗൂഗിള്‍ മാപ്പില്‍ തെറ്റായ ലൊക്കേഷന്‍ കാണിച്ചതിനാല്‍ കൃത്യസമയത്ത് പരീക്ഷാകേന്ദ്രത്തില്‍ വിദ്യാർഥികൾക്ക് എത്താന്‍ കഴിഞ്ഞില്ല. ഇതേ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാനുള്ള അവസരം നഷ്ടമായി.
ആർ. എന്‍. ഇന്റര്‍ കോളജിലേക്ക് ഗൂഗിള്‍ മാപ്പില്‍ തെറ്റായ ലൊക്കേഷനാണ് കാണിച്ചത്. മാപ്പ് നോക്കി പോയതോടെ ശരിയായ സ്ഥലത്തെത്താന്‍ വൈകിയെന്നും പരീക്ഷയെഴുതാന്‍ കഴിഞ്ഞില്ലെന്നും സംഭല്‍ സ്വദേശി ഫൈസാന്‍ അലി പറഞ്ഞു. മാപ്പ് നോക്കി പോയ വിദ്യാർഥി മറ്റൊരു സ്ഥലത്താണ് എത്തിയത്. അവിടെ നിന്ന് തിരിച്ച് ശരിയായ പരീക്ഷാകേന്ദ്രത്തിലെത്തുമ്പോഴേക്കും റിപ്പോര്‍ട്ടിംഗ് സമയം കഴിഞ്ഞിരുന്നു. സമയം കഴിഞ്ഞതിനാല്‍ പരീക്ഷാഹാളിലേക്കുള്ള പ്രവേശനം നിഷേധിക്കപ്പെട്ടതായി വിദ്യാർഥി പറഞ്ഞു. സംഭവത്തിൽ, ബന്ധപ്പെട്ട അധികാരികള്‍ ഉചിതമായ നടപടി സ്വീകരിക്കണമെന്നും ഫൈസാന്റെ പിതാവ് ആവശ്യപ്പെട്ടു.
മറ്റ് വിദ്യാര്‍ഥികള്‍ക്കും സമാനമായ അനുഭവം നേരിട്ടിട്ടുണ്ട്. സാര്‍ഥക് എന്ന വിദ്യാര്‍ഥിക്കും ഗൂഗിള്‍ മാപ്പില്‍ തെറ്റായ ലൊക്കേഷന്‍ കാണിച്ചതു കാരണം പരീക്ഷ എഴുതാനുള്ള അവസരം നഷ്ടപ്പെട്ടു. സമയം കഴിഞ്ഞതിനാല്‍ ഈ കുട്ടിക്കും പരീക്ഷാ ഹാളില്‍ പ്രവേശനം അനുവദിച്ചില്ല. സമാനമായ സാഹചര്യത്തില്‍ നിരവധി വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാനുള്ള അവസരം നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
സംഭവത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വിദ്യാര്‍ഥികളുമായും അവരുടെ കുടുംബങ്ങളുമായും സംസാരിച്ചു. സാങ്കേതിക തകരാറുകള്‍ കാരണം വിദ്യാര്‍ഥികള്‍ക്ക് നഷ്ടം ഉണ്ടാകരുതെന്ന് അവര്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
Tags : Google Map NEET candidate student