Movies
ആർഎസ്എസ് നേതാവ് ടി.ജി. മോഹൻദാസ് നടത്തിയ വിവാദ പരാമർശത്തിൽ രൂക്ഷവിമർശനവുമായി സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ്.
ഡൽഹി ജന്തർ മന്തറിൽ നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ പ്രക്ഷോഭം നടത്തിയ വിദ്യാർഥികൾക്കെതിരെയായിരുന്നു മോഹൻദാസിന്റെ പരാമർശം.
ഈ ആർഎസ്എസ് ബുദ്ധിജീവിയേക്കാൾ മെച്ചപ്പെട്ട സംസ്കാരം, മൃഗങ്ങൾ കാണിക്കുമെന്നും ഇത്തരമൊരു വൈകൃത മനോഭാവത്തിനുടമയായ ഇയാളെ ജയിലടക്കാമെന്നും മാധവ് സുരേഷ് കുറിച്ചു.
‘‘ഇത്തരമൊരു വികൃതമായ മനോഭാവത്തിനു ഇയാളെ അഴിയെണ്ണിക്കണം. ഈ ആർഎസ്എസ് ബുദ്ധിജീവിയേക്കാൾ എത്രയോ ഉന്നതമായ സംസ്കാരവും വിവേകവുമാണ് മൃഗങ്ങൾ പോലും പുലർത്തുന്നത്.’’ടിജി മോഹൻദാസിന്റെ വിവാദ പരാമർശം പങ്കുവച്ചുകൊണ്ട് മാധവ് സുരേഷ് കുറിച്ചു.
സി.ജെ.പിയുടെ നേതൃത്വത്തിൽ ജന്തർ മന്തറിൽ സംഘടിപ്പിച്ച സമരത്തിൽ പങ്കെടുത്ത ജെൻ സി പ്രക്ഷോഭകരെ അധിക്ഷേപിച്ചുകൊണ്ട് ഒരു യൂട്യൂബ് ചാനലിലൂടെയായിരുന്നു ടിജി മോഹൻദാസിന്റെ പ്രതികരണം.
‘‘എനിക്ക് ഈ സാഹചര്യം കൈയിൽ കിട്ടിയാൽ ഞാൻ എന്ത് ചെയ്യുമെന്ന് പറയാം. ജന്തർ മന്തർ പരിസരത്ത് നാല് സ്ക്വയർ കിലോമീറ്റർ പരിധിയിൽ കർഫ്യൂ പ്രഖ്യാപിക്കും. ആളുകളോട് പിരിഞ്ഞുപോകാൻ മൂന്ന് തവണ ആവശ്യപ്പെടും. പിന്നെ വെടിവയ്ക്കും. ആളുകൾ ചിതറിയോടും, കുറേപ്പേര് മരിക്കും, കുറേപ്പേര് മരിക്കില്ല. കുറേപ്പേർക്ക് അംഗഭംഗം സംഭവിക്കും. ഏകദേശം ഒരു നാല് മണിക്കൂർ കൊണ്ട് രംഗം ശാന്തമാകും. ശവങ്ങൾ പെറുക്കി ആശുപത്രിയിലെത്തിക്കും.’’ ഇതായിരുന്നു ടി.ജി. മോഹൻദാസിന്റെ വിവാദ പ്രസ്താവന.
National
ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേട് കേസുകൾ വേഗത്തിൽ തീർപ്പാക്കാൻ സ്ഥാപിച്ച ഫാസ്റ്റ് ട്രാക്ക് കോടതിയുടെ തുടക്കം തന്നെ പാളി. സിബിഐ അഭിഭാഷകൻ ഹാജരാകാത്തതിനെ തുടർന്ന് കോടതിയുടെ ആദ്യ സിറ്റിംഗ് മാറ്റിവച്ചു. ഡൽഹി റൗസ് അവന്യൂ കോടതിയിലാണ് നീറ്റ് കേസുകൾക്കായി പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതി സജ്ജീകരിച്ചിരിക്കുന്നത്.
നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസിൽ ഉൾപ്പെട്ട 13 പ്രതികളിൽ രണ്ട് പേരുടെ ജാമ്യാപേക്ഷയായിരുന്നു കോടതി പരിഗണിക്കേണ്ടിയിരുന്നത്. എന്നാൽ സിബിഐ അഭിഭാഷകൻ ഹാജരാകാതിരുന്നതിനെ തുടർന്ന് കേസ് മാറ്റിവെക്കുകയായിരുന്നു. കേസ് മാറ്റിവെക്കേണ്ടി വന്നതിൽ ജസ്റ്റീസ് അനു ഗ്രോവർ ബലിഗ കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. അടുത്ത ഹിയറിംഗ് ഓഗസ്റ്റ് മൂന്നിലേക്ക് മാറ്റി.
രാജ്യവ്യാപക പ്രതിഷേധങ്ങൾക്കും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക പ്രഖ്യാപനത്തിനും പിന്നാലെയാണ് നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ച കേസുകൾ വേഗത്തിൽ തീർപ്പാക്കാൻ ഫാസ്റ്റ് ട്രാക്ക് കോടതി രൂപീകരിച്ചത്. ജസ്റ്റീസ് അനു ഗ്രോവർ ബലിഗയാണ് ഫാസ്റ്റ് ട്രാക്ക് കോടതി പ്രത്യേക ജഡ്ജി.
Movies
ഡൽഹി ജന്തർമന്ദിറിൽ നടന്ന വിദ്യാർഥി പ്രക്ഷോഭത്തിൽ അഭിപ്രായം പറഞ്ഞ പേളി മാണിയേയും നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിനെയും ട്രോളി ചന്തു സലിം കുമാർ. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച സ്റ്റോറിയിലൂടെയായിരുന്നു ചന്തുവിന്റെ പ്രതികരണം.
കാവി നിറത്തിലുള്ള ബാക്ഗ്രൗണ്ടിൽ കൃഷ്ണകുമാറിന്റെ ‘കശ്മീറിലെ കല്ലേറ് പരാമർശം’ ചൂണ്ടിക്കാട്ടിയാണ് ചന്തുവിന്റെ ട്രോൾ. കാവിയാണ് തന്റെ ഇഷ്ടനിറമെന്ന പേളി മാണിയുടെ പ്രസ്താവനയെയും ചന്തു പരിഹസിക്കുന്നുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖമുള്ള പോസ്റ്റർ പങ്കുവച്ചായിരുന്നു കൃഷ്ണകുമാർ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. ‘കശ്മീരിലെ കല്ലേറ് നിർത്താൻ അറിയാമെങ്കിൽ... പിന്നെയാ ഡൽഹി...’ എന്നായിരുന്നു പോസ്റ്ററിലെ വാക്കുകൾ. നടന്റെ പോസ്റ്റിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു.
കൃഷ്ണകുമാറിന് പിന്നാലെ സിജെപി സമരവിരുദ്ധ പ്രസ്താവനയുമായി നടിയും അവതാരകയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ പേളി മാണിയും എത്തിയിരുന്നു. പ്രക്ഷോഭങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചതിനൊപ്പം അക്രമ സംഭവങ്ങളിൽ നിന്ന് വിദ്യാർഥികൾ പിന്മാറണമെന്നും ജീവനാണ് പ്രധാനം എന്നും വ്യക്തമാക്കി പേളി പങ്കുവച്ച ദീർഘമായ കുറിപ്പ് വിമർശനങ്ങൾക്കിട വച്ചിരുന്നു.
നീറ്റ് ചോദ്യപ്പേപ്പര്‍ ചോർച്ചയിൽ ഉൾപ്പെട്ടവർക്ക് വേഗത്തിലും കർശനവുമായ ശിക്ഷ ഉറപ്പാക്കുന്നതിനായി അതിവേഗ കോടതികൾ സ്ഥാപിക്കാൻ തീരുമാനിച്ചെന്നു കാണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കുവച്ച പ്രസ്താവന പേളി മാണി സ്റ്റാറ്റസ് ആക്കിയിരുന്നു. ഇതിനെതിരെ കടുത്ത വിമർശനം ഉയർന്നപ്പോൾ ആ സ്റ്റാറ്റസ് ഡിലീറ്റ് ചെയ്ത പേളി കാവി നിറമാണ് തന്റെ പ്രിയപ്പെട്ട നിറമെന്ന് തുറന്നടിച്ച് മറ്റൊരു സ്റ്റാറ്റസ് ഇട്ടു.
ഇതോടെ പേളിക്കെതിരെ കടുത്ത ഭാഷയിൽ വിമർശനങ്ങൾ ഉയർന്നു. പിന്നീട് ഇവയെല്ലാം നീക്കം ചെയ്ത പേളി നിലപാട് മയപ്പെടുത്തി രംഗത്തെത്തുകയായിരുന്നു.
National
ന്യൂഡൽഹി: 2024ലെ പബ്ലിക് എക്സാമിനേഷൻസ് (പ്രിവെൻഷൻ ഓഫ് അൺഫെയർ മീൻസ്) ആക്ട് പ്രകാരം ഈ ആഴ്ച രൂപീകരിച്ച അതിവേഗ കോടതിയിൽ ആദ്യ നടപടി ഇന്ന്.
2026ലെ നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് പിടിയിലായ ദിനേശ് ബിവാൾ, വികാസ് ബിവാൾ എന്നിവരുടെ ജാമ്യാപേക്ഷകളാണ് ഡൽഹി റോസ് അവന്യൂ കോടതി സമുച്ചയത്തിലുള്ള അതിവേഗ കോടതി ഇന്ന് പരിഗണിക്കുക. പ്രത്യേക ജഡ്ജി അനു ഗ്രോവർ ബാലിഗയുടെ ബെഞ്ച് കേസ് കേൾക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിനു പിന്നാലെ ഡൽഹിയിലാണ് പരീക്ഷ ക്രമക്കേടുകൾ പരിഗണിക്കുന്ന ആദ്യ അതിവേഗ കോടതി സ്ഥാപിച്ചത്. ഇതിനു പിന്നാലെ മറ്റ് സംസ്ഥാനങ്ങളിലും ഫാസ്റ്റ് ട്രാക്ക് കോടതികളുടെ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
National
പാട്ന: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഇടതു വിദ്യാർഥി സംഘടനകൾ സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ച ബന്ദിനു പിന്തുണ നൽകിയതിന് മുൻ മന്ത്രി തേജ് പ്രതാപിനെ പോലീസ് അറസ്റ്റ് ചെയ്തു.
ജുഡീഷൽ മജിസ്ട്രേറ്റ് പാട്നയിലെ ബിയൂർ ജയിലിലേക്കാണ് തേജിനെ റിമാൻഡ് ചെയ്തത്. അതേസമയം, തേജിന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് അഭിഭാഷകനായ ജഗന്നാഥ് സിംഗ് പറഞ്ഞു.
തേജിനെ പാറ്റ്ന മാളിൽനിന്ന് ശനിയാഴ്ച വൈകുന്നേരം 7.30നാണ് അറസ്റ്റ് ചെയ്തതെങ്കിലും ഇന്നലെ വെളുപ്പിന് 12.15നാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളതെന്നും വ്യാജ കേസാണിതെന്നും ജഗന്നാഥ് സിംഗ് കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: ചോദ്യച്ചോർച്ചാ വിവാദങ്ങളുടെയും പരീക്ഷാ ക്രമക്കേടുകളുടെയും പശ്ചാത്തലത്തിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയിൽ വലിയ അഴിച്ചുപണി. ഇതിന്റെ ഭാഗമായി എൻടിഎയിലെ 47 ഉദ്യോഗസ്ഥരെ കേന്ദ്ര സർക്കാർ സേവനത്തിൽ നിന്ന് പിരിച്ചുവിട്ടു. അടുത്ത ഒരു മാസത്തിനുള്ളിൽ പരീക്ഷാ നടത്തിപ്പ് സംവിധാനം പൂർണമായി ഉടച്ചുവക്കാനാണ് സർക്കാരിന്റെ നീക്കം.
പിരിച്ചുവിടൽ നേരിട്ട ചില ഉദ്യോഗസ്ഥർ ഗുരുതരമായ വീഴ്ചകൾ വരുത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ഇവർക്കെതിരെ വകുപ്പുതല അന്വേഷണത്തിന് പുറമേ കർശനമായ ക്രിമിനൽ നടപടികളും ഉണ്ടാകുമെന്നാണ് സൂചന. രാജ്യവ്യാപകമായി വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയ പരീക്ഷാ നടത്തിപ്പിലെ വീഴ്ചകൾ ആവർത്തിക്കാതിരിക്കാനാണ് എൻടിഎയിൽ ഇത്തരം കടുത്ത നടപടികൾ സ്വീകരിച്ചിരിക്കുന്നത്.
National
ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിലും വീഴ്ചകളിലും കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീംകോടതി. പരീക്ഷ നടത്തിപ്പിലെ വീഴ്ചകൾ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ കോടതി വിഷയം അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും ഓർമ്മിപ്പിച്ചു.
ജസ്റ്റീസുമാരായ പി.എസ്. നരസിംഹ, അലോക് ആരാധെ എന്നിവരടങ്ങിയ ബെഞ്ചാണ് ഇതുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിച്ചത്. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ടുണ്ടാകുന്ന പിഴവുകളുടെ പരമ്പരയ്ക്ക് എത്രയും വേഗം അറുതി വരുത്തണമെന്ന് സുപ്രീംകോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
പരീക്ഷാ വിവാദങ്ങളിലെ പിഴവുകൾ പൂർണമായും തടയണം. ഈ വിഷയത്തെ കോടതി വളരെ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. പരീക്ഷാ സംവിധാനത്തിലെ വീഴ്ചകൾ ദശലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവിയെ ബാധിക്കുന്നതാണെന്നും ഇനിയൊരു വീഴ്ച പോലും അനുവദിക്കില്ലെന്നും ബെഞ്ച് മുന്നറിയിപ്പ് നൽകി.
പരീക്ഷ പൂർണമായും ഓൺലൈനിലാക്കുമ്പോൾ എങ്ങനെയാണ് ഡേറ്റയുടെ സംരക്ഷണം ഉറപ്പാക്കുകയെന്ന് പറയാനും കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. വിദ്യാർഥികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ മികച്ച നടപടികളാണ് സ്വീകരിക്കുന്നതെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. കേസ് 27ന് കോടതി വീണ്ടും പരിഗണിക്കും.
District News
കണ്ണൂര്‍: നീറ്റ് പരീക്ഷാ ക്രമക്കേടില്‍ കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന് രാജിവയ്ക്കുക, അവകാശപത്രിക അംഗീകരിക്കുക തുടങ്ങിയ 101 ആവശ്യങ്ങളുന്നയിച്ച് എസ്എഫ്ഐ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ അവകാശപത്രിക മാര്‍ച്ചിൽ സംഘർഷം. സമരക്കാർക്കു നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. മാർച്ച് തടയാൻ പോലീസ് ബാരിക്കേഡ് നിരത്തിയിരുന്നെങ്കിലും സമരക്കാർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെ പോലീസും വിദ്യാർഥികളും തമ്മിൽ ഉന്തുംതള്ളുമുണ്ടായി. ഇതിനിടെയാണ് സമരക്കാരെ പിരിച്ചുവിടാൻ പോലീസ് ജലപീരങ്കി പ്രയോഗിച്ചത്. ഇതോടെ സമരക്കാർ ജലപീരങ്കി വാഹനത്തിനു നേരെ തിരിഞ്ഞു. ജലപീരങ്കി വാഹനത്തിനു നേരെ തിരിഞ്ഞവരെ തടയാൻ പോലീസ് ശ്രമിച്ചതോടെ വീണ്ടും സംഘർഷാവസ്ഥ ഉടലെടുത്തു. പോലീസും സമരക്കാരും തമ്മിലുണ്ടായ ഉന്തും തള്ളിനും പിന്നാലെ ചിലർ ജലപീരങ്കി വാഹനത്തിനു മുകളിൽ കയറി കൊടി കെട്ടി. നേതാക്കൾ ഇടപെട്ടാണ് പ്രവർത്തകരെ ശാന്തരാക്കിയത്. പിന്നീട് സമരക്കാർ റോഡിൽ കുത്തിയിരുന്നു മുദ്രാവാക്യം മുഴക്കി. സംഘർഷാവസ്ഥയെ തുടർന്ന് ഹെഡ്പോസ്റ്റ് ഓഫീസിന് സമീപത്തുകൂടെയുള്ള വാഹനഗതാഗതം തടസപ്പെട്ടു. ഒരുമണിക്കൂറോളം യുദ്ധ സമാനമായ അന്തരീക്ഷമായിരുന്നു ഹെഡ് പോസ്റ്റ് ഓഫീസ് പരിസരത്തുണ്ടായത്.
ഇന്ത്യന്‍ ഭരണഘടനയുടെ മാതൃകയും ഭഗത് സിംഗിന്റെ ചിത്രവും പിടിച്ചായിരുന്നു സമരം. എസ്എഫ്ഐ കേന്ദ്രകമ്മിറ്റിയംഗം ബിപിന്‍രാജ് പായം ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് ടി.പി. ആദര്‍ശ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സ്വാതി പ്രദീപ്, കെ.കെ. ഗിരീഷ്, കെ.പി. അലീഷ, ജില്ലാ വൈസ് പ്രസിഡന്റുമാരായ എം. അശ്വന്ത്, കെ.എന്‍. വൈഷ്ണവ്, ജോയൽ തോമസ് എന്നിവർ പ്രസംഗിച്ചു.
National
ന്യൂഡൽഹി: നീറ്റ് പരീക്ഷാക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു പ്രതിപക്ഷവും കോക്രോച്ച് ജനതാപാർട്ടിയുടെ നേതൃത്വത്തിൽ വിദ്യാർഥികളും പ്രതിഷേധം ശക്തമാക്കിയിരിക്കെ കേന്ദ്ര ഉന്നതവിദ്യാഭ്യാസ സെക്രട്ടറി വിനീത് ജോഷിയെ നീക്കി.
പകരം രാജസ്ഥാൻ കേഡറിലെ 1994 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനും മൃഗസംരക്ഷണ വകുപ്പ് സെക്രട്ടറിയുമായ നരേഷ് പാൽ ഗംഗാവാറിനെ സെക്രട്ടറിയായി നിയമിച്ചു.
Kerala
കോട്ടയം: നീറ്റ് പരീക്ഷ ചോദ്യ പേപ്പർ ചോർച്ചയിൽ രാജ്യത്താകമാനം പ്രതിഷേധങ്ങൾ ശക്തമാകുന്നതിനിടെ സംഭവത്തിൽ ട്രോളുമായി സപ്ലൈകോയുടെ പരസ്യവാചകം. സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ച പരസ്യചിത്രത്തിനൊപ്പമുള്ള വാചകമാണ് ഇതോടകം വലിയ ചർച്ചകൾക്ക് വഴിവച്ചിരിക്കുന്നത്.
"നിലവാരത്തിൽ നീറ്റ്, ലീക്ക് ഇല്ലാത്ത പായ്ക്ക്' എന്നാണ് സപ്ലൈകോയുടെ പരസ്യവാചകം. ഇതോടൊപ്പം, മികച്ച ഗുണനിലവാരത്തിനായി ഒന്നിച്ച് നിൽക്കാം. സപ്ലൈകോ ജനങ്ങൾക്ക് നൽകുന്നത് ഭക്ഷ്യസുരക്ഷയുടെയും വിശ്വാസത്തിന്റെയും ഉറപ്പാണെന്നും കുറിച്ചിട്ടുണ്ട്.
Kerala
തിരുവനന്തപുരം: നീറ്റ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിനെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ എസ്എഫ്ഐ നടത്തിയ സമരങ്ങൾ സംഘർഷത്തിൽ കലാശിച്ചു. തിരുവനന്തപുരത്ത് ലോക് ഭവനിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ച് സംഘർഷത്തിലേക്ക് നീങ്ങിയിരുന്നു.
പോലീസ് വിദ്യാർഥികൾക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. കൊച്ചിയിലും തൃശൂരിലും ആലപ്പുഴയിലും നടത്തിയ മാർച്ചും സംഘർഷത്തിൽ കലാശിച്ചു. സമരക്കാരെ പിരിച്ചുവിടാൻ പോലീസ് ജലപീരങ്കി പ്രയോഗിച്ചെങ്കിലും സമരക്കാർ പിരിഞ്ഞുപോകാൻ തയാറായില്ല.
കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചിലും സംഘർഷമുണ്ടായി. പോലീസ് വാഹനത്തിന് മുകളിൽ കയറിയ പ്രവർത്തകരെ പോലീസ് ജലപീരങ്കി പ്രയോഗിച്ച് നീക്കുകയായിരുന്നു. പത്തനംതിട്ടയിൽ വിദ്യാർഥികളെ പോലീസ് കസ്റ്റഡിയിലെടുത്ത് നീക്കുകയാണ്.
പാലക്കാടും കാസർഗോഡും നടത്തിയ പോസ്റ്റ് ഓഫീസ് മാർച്ചും സംഘർഷത്തിൽ അവസാനിച്ചു. പാലക്കാട് എസ്എഫ്ഐ പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
National
ന്യൂഡൽഹി: നീറ്റ് ഉൾപ്പെടെയുള്ള പരീക്ഷകളിലെ ചോദ്യപേപ്പർ ചോർച്ചയിൽ ഒടുവിൽ മൗനം വെടിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേസിൽ ഉൾപ്പെട്ട കുറ്റക്കാർക്ക് അർഹമായ ശിക്ഷ ഉറപ്പാക്കുമെന്നും വിദ്യാർഥികളുടെ ഭാവി വച്ച് കളിക്കാൻ ആരെയും അനുവദിക്കില്ലെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
ചോദ്യപേപ്പർ ചോർച്ച കേസുകൾ വേഗത്തിൽ വിചാരണ ചെയ്യുന്നതിനായി ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കും. വിദ്യാർഥികളുടെ താല്പര്യങ്ങൾ പൂർണമായി സംരക്ഷിക്കുമെന്നും ഇതിനായി ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു.
മേയ് മൂന്നിന് നടന്ന നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ആണ് ചോർന്നത്. വിഷയത്തിൽ 81 ദിവസങ്ങൾക്ക് ശേഷമാണ് പ്രധാനമന്ത്രി പ്രതികരിക്കുന്നത്.
പരീക്ഷാ ക്രമക്കേടുകൾക്കെതിരെ സിജെപിയും പ്രതിപക്ഷ പാർട്ടികളും ചേർന്ന് വൻ പ്രതിഷേധമാണ് രാജ്യതലസ്ഥാനത്ത് നടത്തിയത്. വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന് രാജി വയ്ക്കുന്നത് വരെ പ്രതിഷേധം തുടരാനാണ് സമരക്കാരുടെ തീരുമാനം. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.
Kerala
തിരുവനന്തപുരം: മെഡിക്കൽ, എൻജിനിയറിംഗ് പ്രവേശന പരീക്ഷകളായ നീറ്റ്, ജെഇഇ എന്നീ കഠിനപരീക്ഷകളിൽ ഹയർസെക്കൻഡറി വിദ്യാർഥികൾക്കു പ്രവേശന പരീക്ഷ പരിശീലനം നല്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നു.
യുഡിഎഫ് സർക്കാരിന്റെ 100 ദിന കർമപദ്ധതിയുടെ ഭാഗമായാണ് പദ്ധതി. ജെഇഇ, നീറ്റ്, യുപിഎസ്സി തുടങ്ങിയ മത്സര പരീക്ഷകൾക്ക് വിദ്യാർഥികളെ സജ്ജരാക്കുകയാണ് ലക്ഷ്യമിടുന്നത്. ഓണാവധി കഴിഞ്ഞ് സെപ്റ്റംബർ അഞ്ചിന് ആരംഭിക്കാനുള്ള നടപടികൾ പൊതു വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ചു. സാന്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്കായിരിക്കും മുൻഗണന നൽകുക.
വിദ്യാർഥികളെ പരിശീലിപ്പിക്കാൻ തെരഞ്ഞെടുക്കുന്ന എൽപി, യുപി, എച്ച്എസ്, എച്ച്എസ്എസ്. വിഭാഗങ്ങളിൽ നിന്നുള്ള 25 അധ്യാപകർക്ക് ഐഐഎമ്മിൽ നിന്നോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ ഗവേണൻസിൽ നിന്നോ ഉള്ള വിദഗ്ധരുടെ നേതൃത്വത്തിൽ അഞ്ച് ദിവസത്തെ മാസ്റ്റർ പരിശീലനം നൽകും. ഈ അധ്യാപകർക്കായി ഒരു ഫൗണ്ടേഷൻ കോഴ്സ് രൂപപ്പെടുത്തും. ഈ ആഴ്ച ഇതു സംബന്ധിച്ച് അന്തിമമാക്കും.
പ്രവേശന പരീക്ഷകളിൽ പങ്കെടുക്കാൻ താത്പര്യമുള്ള പഠനത്തിൽ മികവ് തെളിയിച്ച വിദ്യാർഥികളെയായിരിക്കും തെരഞ്ഞെടുക്കുക. വിദ്യാർഥികൾ ഈ ക്ലാസുകളിൽ പങ്കെടുക്കുന്പോൾ അവരുടെ സംശയങ്ങൾ ദൂരീകരിക്കുന്നതിനും ആവശ്യമെങ്കിൽ അധിക പിന്തുണയും പരിശീലനം ലഭിച്ച അധ്യാപകർ നൽകും. യുപിഎസ്സി പരീക്ഷകളിലെ കോച്ചിംഗ് പ്രാരംഭഘട്ടത്തിൽ പൊതു അവബോധ സെഷനുകൾ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ.
അതേസമയം, കോച്ചിംഗിനായി യുപി, എൽപി വിഭാഗങ്ങളിൽ നിന്നുള്ള അധ്യാപകർക്ക് പരിശീലനം നൽകുന്നതിൽ വകുപ്പിനുള്ളിലെ വിദ്യാഭ്യാസ വിദഗ്ധർ തന്നെ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഹൈസ്കൂൾ, ഹയർസെക്കൻഡറി അധ്യാപകരെ പരിഗണിച്ച് പരിശീലനം നൽകിയാലേ കൂടുതൽ മെച്ചപ്പെടൂ എന്നും അവർ പറയുന്നു.
വിദ്യാർഥികൾക്ക് എൻട്രൻസ് കോച്ചിംഗ് നൽകുന്നതിനുപകരം സ്കൂൾ പരീക്ഷകളിൽ ചോദിക്കുന്ന ചോദ്യങ്ങളുടെ നിലവാരം ഉയർത്താൻ വകുപ്പിന് കഴിയണമെന്നും വിദ്യാർഥികൾക്കായി പുതിയ പ്രോഗ്രാമുകൾ രൂപകൽപന ചെയ്യുന്നതിനുപകരം നിലവിലുള്ള പ്രോഗ്രാമുകൾ കാര്യക്ഷമമാക്കുകയും ഫലപ്രദമായി നടപ്പിലാക്കുകയും വേണമെന്നും ഒരു വിഭാഗം ആവശ്യപ്പെടുന്നു.
ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് പ്രവേശന പരീക്ഷാ പരിശീലനം കൂടാതെ 100 ദിന കർമപദ്ധതിയുടെ ഭാഗമായി ഹയർ സെക്കൻഡറി സ്കൂളുകളിൽ ചലച്ചിത്ര സാക്ഷരതാ പദ്ധതിയും ആരംഭിക്കും. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ഫ്ളാഗ്ഷിപ്പ് ടൂർ ഇൻ ടാക്കീസ് എന്ന പദ്ധതിയുമായി സഹകരിച്ച് സാംസ്കാരിക, വിദ്യാഭ്യാസ വകുപ്പുകൾ സംയുക്തമായാണ് നടപ്പിലാക്കുന്നത്.
ഓണം അവധികൾക്കുശേഷം വീണ്ടും തുറക്കുന്ന സെപ്റ്റംബറോടെ സംസ്ഥാനത്തുടനീളമുള്ള 100 ഹയർ സെക്കൻഡറി സ്കൂളുകളിലാണ് പദ്ധതി ആരംഭിക്കുന്നത്. പരന്പരാഗത ചലച്ചിത്രമേളയിൽ നിന്ന് വ്യത്യസ്തമായി തെരഞ്ഞെടുത്ത സിനിമകളുടെ പ്രദർശനവും ചർച്ചകളും പരിപാടിയിൽ ഉൾപ്പെടുത്തും. ആദ്യം 100 സ്കൂളികളിൽ തുടങ്ങുന്ന പദ്ധതി അടുത്ത അഞ്ച് വർഷത്തിനുള്ളിൽ എല്ലാ ഹയർസെക്കൻഡറി സ്കൂളുകളിലേക്കും വ്യാപിപ്പിക്കാനാണ് പദ്ധതി തയാറാക്കുന്നത്.
Kerala
ന്യൂഡൽഹി: ഇന്ത്യയിലെ യുവജനങ്ങളുടെ ശബ്ദം ക്ഷമയോടെ കേൾക്കണമെന്നും ആശയവിനിമയത്തിലെ തകർച്ച ആർക്കും ഗുണം ചെയ്യില്ലെന്നും ആത്മീയ നേതാവ് ശ്രീ ശ്രീ രവിശങ്കർ. പ്രതിഷേധിക്കുന്ന വിദ്യാർഥികളുടെയും യുവാക്കളുടെയും പ്രശ്നങ്ങൾ പരിഹരിക്കാൻ ചർച്ചകൾ അനിവാര്യമാണെന്നും അദ്ദേഹം കുറിപ്പിൽ ചൂണ്ടിക്കാട്ടി. ഡൽഹിയിലെ ജന്തർമന്തർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ യുവാക്കൾ നടത്തുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലുള്ള അദ്ദേഹത്തിന്റെ പ്രതികരണം വളരെപ്പെട്ടെന്നു തന്നെ വൈറലായി.
ചർച്ചകളുടെ അഭാവം രാജ്യത്തിന് ദോഷകരമാണ്. നിലവിലെ സങ്കീർണമായ സാഹചര്യത്തിൽ അതീവ ദുഃഖം പ്രകടിപ്പിച്ച അദ്ദേഹം യുവതലമുറയുടെ ആവശ്യങ്ങളും ആശങ്കകളും ഭരണാധികാരികൾ ക്ഷമയോടെ കേൾക്കണമെന്നും ആവശ്യപ്പെട്ടു.
അക്രമമോ പ്രതിഷേധങ്ങളോ പര്യാപ്തമല്ലെന്നും ചർച്ചകളിലൂടെയും സമാധാനപരമായ ആശയവിനിമയങ്ങളിലൂടെയും മാത്രമേ പ്രശ്നങ്ങൾക്കു ശാശ്വത പരിഹാരം ഉണ്ടാകൂയെന്നും അദ്ദേഹം ഓർമിപ്പിച്ചു. ആർട്ട് ഓഫ് ലിവിംഗ് (The Art of Living) സംഘടനയിലൂടെ യുവാക്കൾക്കിടയിലും പ്രവർത്തിക്കുന്ന ആത്മീയ നേതാവാണ് ശ്രീ ശ്രീ രവിശങ്കർ.
അദ്ദേഹത്തെ പോലുള്ളവരും വിദ്യാർഥികളുടെ പ്രക്ഷോഭത്തെ സർക്കാർ നേരിടുന്ന രീതിയെ വിമർശിച്ചു രംഗത്തുവരുന്നത് സർക്കാരിനു കൂടുതൽ സമ്മർദമാകുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
Movies
നീറ്റ്-യുജി ചോദ്യക്കടലാസ് ചോർച്ചയിലും സിബിഎസ്ഇ മൂല്യനിർണ്ണയത്തിലെ അപാകതകളിലും പ്രതിഷേധിച്ച് ന്യൂഡൽഹിയിൽ വിദ്യാർഥികൾ നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണയുമായി മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ.
ഇതിനെതിരെ രൂക്ഷമായ ഭാഷയിലാണ് വിസ്മയ പ്രതികരിച്ചിരിക്കുന്നത്. വിദ്യാർഥികളുടെ ശബ്ദത്തെ ഭരണകൂടം അടിച്ചമർത്തുന്ന രീതിയാണുള്ളതെന്ന് വിസ്മയ വിമർശിച്ചു.
‘ടിയർ ഗ്യാസ്, ലാത്തിച്ചാർജ്, വിദ്യാർത്ഥികൾക്ക് പരിക്ക്, റോഡുകൾ ഉപരോധിച്ചു, മെട്രോ സ്റ്റേഷനുകൾ അടച്ചു, നഗരത്തിലുടനീളം കനത്ത ബാരിക്കേഡുകൾ, ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കി. നിങ്ങൾ പ്രക്ഷോഭകരോട് യോജിക്കേണ്ടതില്ല.
അവരുടെ ആവശ്യങ്ങളെ പിന്തുണയ്ക്കേണ്ടതുമില്ല. ഇതിൽ ഉൾപ്പെട്ടിരിക്കുന്ന സംഘടനകളെ ഇഷ്ടപ്പെടണമെന്നുപോലും ഇല്ല. പക്ഷേ, പൗരന്മാർ ശബ്ദമുയർത്തുമ്പോൾ അതിനുള്ള മറുപടി ചർച്ചകൾക്ക് പകരം അതിശക്തമായ അടിച്ചമർത്തലാണെങ്കിൽ, നമ്മൾ ഏതുതരം ജനാധിപത്യത്തിലേക്കാണ് പോകുന്നതെന്ന് ഓരോരുത്തരും ചിന്തിക്കേണ്ടിയിരിക്കുന്നു.
കാരണം നാളെ, കേൾക്കപ്പെടേണ്ടത് നിങ്ങളുടെ ശബ്ദമായിരിക്കാം. നിങ്ങളുടെ നഗരത്തിലോ, അയൽപക്കത്തോ, സ്വന്തം കുടുംബത്തിലോ ആകാം ഇത് സംഭവിക്കുന്നത്. എന്റെ ചോദ്യം വളരെ ലളിതമാണ്. സ്വന്തം പൗരന്മാരോട് ഒരു ജനാധിപത്യ രാജ്യം പ്രതികരിക്കേണ്ടത് ഇങ്ങനെയാണെന്ന് നിങ്ങൾ യഥാർത്ഥത്തിൽ വിശ്വസിക്കുന്നുണ്ടോ?’ വിസ്മയ മോഹൻലാൽ കുറിച്ചു.
National
ന്യൂഡല്‍ഹി: നീറ്റ് വിഷയത്തിൽ എൻഡിഎ യോഗത്തിൽ നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. നീറ്റ് ചോദ്യപേപ്പര്‍ ചോർച്ചയ്ക്ക് പിന്നിലുള്ളവരെ തുറങ്കലില്‍ അടയ്ക്കുമെന്ന് മോദി പറഞ്ഞു. നീറ്റ് വിഷയത്തിൽ ശക്തമായ നടപടി ആവശ്യമാണെന്നും അദ്ദേഹം അറിയിച്ചു.
വിദ്യാര്‍ഥികളുടെ ഭാവി സുരക്ഷിതമാക്കും. വിദ്യാര്‍ഥികളുടെ ഭാവി അപകടത്തിലാക്കുന്നവര്‍ക്കെതിരെ മുഖം നോക്കാതെ നടപടി എടുക്കുമെന്നും മോദി യോഗത്തിൽ വ്യക്തമാക്കി. അതേസമയം കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യം ഉയരുന്നതിൽ നരേന്ദ്ര മോദി പ്രതികരിക്കാൻ തയാറായില്ലെന്നാണ് റിപ്പോർട്ടുകൾ.
എന്നാൽ ജന്തർ മന്ദറിൽ ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സിജെപിയുടെ നേതൃത്വത്തിൽ പ്രതിഷേധം തുടരുകയാണ്. ധര്‍മ്മേന്ദ്ര പ്രധാന് രാജിവയ്ക്കും വരെ പ്രതിഷേധം തുടരുമെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്.
Kerala
മാന്നാനം: നീറ്റ് പരീക്ഷയിൽ സംസ്ഥാന തലത്തിൽ രണ്ടാം റാങ്കും ദേശീയ തലത്തിൽ 89-ാം റാങ്കും നേടിയ മാന്നാനം കെഇ ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർഥി ബി. നീരജിനെ കെഇ സ്കൂൾ പ്രിൻസിപ്പൽ ഫാ. ഡോ. കുര്യൻ ചാലങ്ങാടി സിഎംഐയും അധ്യാപകരും കരുനാഗപ്പള്ളിയിലെ വീട്ടിലെത്തി അനുമോദിച്ചു.
കൊല്ലം കരുനാഗപ്പള്ളി ബിന്ദുഭവനിൽ വില്ലേജ് ഓഫീസർ ബിജുവിന്റെയും നഴ്സ് രേഖയുടെയും മകനാണ് നീരജ്. ബ്രില്ല്യന്റ് സ്റ്റഡി സെന്ററിലെ പരിശീലനത്തിലാണ് മികച്ചവിജയം നേടിയത്.
ലക്ഷക്കണക്കിന് വിദ്യാർഥികൾ പങ്കെടുത്ത പരീക്ഷയിൽ മികച്ച നേട്ടം കൈവരിച്ചത് നീരജിന്റെ അർപ്പണബോധത്തിന്റെയും കഠിനാധ്വാനത്തിന്റെയും അധ്യാപകരുടെ സമർപ്പിത പരിശീലനത്തിന്റെയും ഫലമാണെന്ന് സ്കൂൾ പ്രിൻസിപ്പൽ ഫാ. ഡോ. കുര്യൻ ചാലങ്ങാടി സിഎംഐ പറഞ്ഞു.
National
ന്യൂഡൽഹി: മേയ് മൂന്നിനു നടന്ന ആദ്യ നീറ്റ് യുജി പരീക്ഷ എഴുതിയവരിൽ രണ്ടു ലക്ഷത്തിലധികം വിദ്യാർഥികൾ പുനഃപരീക്ഷ എഴുതിയില്ലെന്നു പ്രാഥമിക റിപ്പോർട്ട്. ആദ്യപരീക്ഷയിൽ 22,05,035 ലക്ഷം വിദ്യാർഥികൾ പങ്കെടുത്തിരുന്നു.
എന്നാൽ ചോദ്യപേപ്പർ ചോർന്നതോടെയാണു പുനഃപരീക്ഷ നടത്താൻ തീരുമാനിച്ചത്. ജൂൺ 21ന് നടന്ന പുനഃപരീക്ഷയിൽ 20 ലക്ഷം വിദ്യാർഥികൾ മാത്രമേ പങ്കെടുത്തുള്ളൂ എന്നാണ് പുറത്തുവരുന്ന വിവരം. ഹാജർനിലയിൽ ഏകദേശം ഒമ്പത് ശതമാനത്തിന്റെ കുറവുണ്ടായി. ഇതിന്റെ കൃത്യമായ കണക്കുകൾ ദേശീയ പരീക്ഷാ ഏജൻസി പരിശോധിച്ചുവരികയാണ്.
ചോദ്യപേപ്പർ ചോർച്ചയുണ്ടാക്കിയ മാനസികാഘാതവും പരീക്ഷാനടത്തിപ്പിൽ വിശ്വാസ്യത നഷ്ടപ്പെട്ടതുമാണ് വിദ്യാർഥികളുടെ പിന്മാറ്റത്തിനു കാരണമായി പറയുന്നത്.
അതേസമയം ജെഇഇ പരീക്ഷകളിൽ മികച്ച വിജയം നേടി എൻജിനിയറിംഗ്, ഐഐടി പ്രവേശനത്തിന് യോഗ്യത നേടിയവരും വിദേശപഠനം കരസ്ഥമാക്കിയവരും നീറ്റ് പരീക്ഷ എഴുതിയിട്ടുണ്ടാകില്ല എന്നാണ് എൻടിഎ വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നത്. ആദ്യപരീക്ഷയുടെ ഉത്തരസൂചിക വന്നപ്പോൾ ആവശ്യത്തിനു മാർക്കില്ലെന്ന് സ്വയം വിലയിരുത്തിയ വിദ്യാർഥികളും പുനഃപരീക്ഷയിൽ പങ്കെടുത്തിട്ടുണ്ടാകില്ലെന്നും എൻടിഎ അവകാശപ്പെടുന്നു.
രണ്ടു പരീക്ഷകൾക്കുമിടയിൽ 21 വിദ്യാർഥികൾ ആത്മഹത്യ ചെയ്തതായാണ് പുറത്തുവരുന്ന വിവരം.
National
മുംബൈ: മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് യുജി എഴുതിയതിന് പിന്നാലെ മഹാരാഷ്ട്രയിൽ വിദ്യാർത്ഥി ജീവനൊടുക്കി. സുശീൽ ധാഗെ എന്ന വിദ്യാർത്ഥിയാണ് പരീക്ഷാ സമ്മർദത്തെ തുടർന്ന് ദാരുണമായി ജീവനൊടുക്കിയത്. മരണത്തിന് തൊട്ടുമുൻപ് കൈകൾ കൂപ്പി അമ്മയോട് മാപ്പ് ചോദിക്കുന്ന ഒരു വീഡിയോ സന്ദേശം സുശീൽ മൊബൈലിൽ ചിത്രീകരിച്ചിരുന്നു.
ഇക്കഴിഞ്ഞ ജൂൺ 21-നാണ് സുശീൽ രാജ്യവ്യാപകമായി നടന്ന നീറ്റ് പുനഃപരീക്ഷയിൽ പങ്കെടുത്തത്. പരീക്ഷ കഴിഞ്ഞ് ദിവസങ്ങൾക്കകമാണ് ഈ ദാരുണ സംഭവം പുറത്തുവരുന്നത്."അമ്മേ, എന്നോട് ക്ഷമിക്കൂ... എനിക്ക് മികച്ച സ്കോർ നേടാൻ കഴിയില്ലെന്ന് തോന്നുന്നു" എന്ന് കൈകൾ കൂപ്പി കരഞ്ഞുകൊണ്ട് പറയുന്ന സുശീലിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നൊമ്പരമായി മാറിയിരിക്കുകയാണ്.
സംഭവത്തിൽ പ്രാദേശിക പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. ദേശീയ തലത്തിൽ നീറ്റ് പരീക്ഷാ വിവാദങ്ങളും പുനഃപരീക്ഷകളും തുടരുന്ന സാഹചര്യത്തിൽ, വിദ്യാർത്ഥികൾ നേരിടുന്ന കടുത്ത മാനസിക സമ്മർദത്തിലേക്ക് വിരൽ ചൂണ്ടുന്നതാണ് ഈ സംഭവം.
National
ന്യൂഡല്‍ഹി: ചോദ്യപേപ്പര്‍ ചോര്‍ച്ചയെത്തുടര്‍ന്നു റദ്ദാക്കിയശേഷം പൂര്‍ണ സുരക്ഷയോടെ നടത്തിയ നീറ്റ് പുനഃപരീക്ഷയിലും തട്ടിപ്പ്. ബിഹാറില്‍ ആള്‍മാറാട്ട തട്ടിപ്പു നടത്താനെത്തിയ ഒമ്പത് മെഡിക്കല്‍ വിദ്യാര്‍ഥികളടക്കം 30 പേര് അറസ്റ്റിലായി.
പരീക്ഷയുടെ സുരക്ഷ ഉറപ്പാക്കിയ ബയോമെട്രിക് സംവിധാനം പോലും അട്ടിമറിച്ചാണ് നീറ്റില്‍ നീറ്റായുള്ള ആള്‍മാറാട്ടം. യുപിയിലെ ഒരു പരീക്ഷാര്ഥിയില്നിന്ന് അടിവസ്ത്രത്തില്‍ ഒളിപ്പിച്ച സിം കാര്‍ഡും പഴയ ചോദ്യപേപ്പറും കണ്ടെത്തി.
ഓരോ വിദ്യാര്ഥിക്കുംവേണ്ടി പകരം ആള്‍മാറാട്ട സംഘത്തിലെ ആള് പരീക്ഷയെഴുതുന്നതിന് 10 മുതല്‍ 12 ലക്ഷം രൂപ വരെ വാങ്ങിയതായാണു പോലീസിനു ലഭിച്ച വിവരം. ചിലരില്‍നിന്ന് 30 മുതല്‍ 40 ലക്ഷം രൂപ വരെ വാങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്. 20 ലക്ഷം പേര് എഴുതിയ രാജ്യത്തെ ഏറ്റവും മത്സരക്ഷമമായ മെഡിക്കല്‍ പ്രവേശന പരീക്ഷയിലാണ് "മുന്ന ഭായ് എംബിബിഎസ്' എന്ന ഹിന്ദി സിനിമയിലേതിനു സമാനമായ ആള്‍മാറാട്ട തട്ടിപ്പു റാക്കറ്റ് പിടിയിലായത്.
ലഖിസറായിയില്‍ നടന്ന നീറ്റ്-യുജി പുനഃപരീക്ഷയ്ക്കെത്തിയ ആള്‍മാറാട്ട റാക്കറ്റിനെ ബിഹാര്‍ പോലീസാണു പിടികൂടിയത്. ലഖിസറായി കേന്ദ്രീയ വിദ്യാലയം, ഹസന്‍പുര്‍ സര്‍ക്കാര്‍ ഹൈസ്കൂള്‍, കെആര്‍കെ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ തുടങ്ങിയ പരീക്ഷാകേന്ദ്രങ്ങളില്‍ നടന്ന റെയ്ഡിലാണു പ്രതികള്‍ വലയിലായത്.
പാറ്റ്ന മെഡിക്കല്‍ കോളജ്, ഗയ എഎന്‍എം മെഡിക്കല്‍ കോളജ്, റായ്ബറേലി എയിംസ്, ബിഎച്ച്യു എന്നിവിടങ്ങളിലെ മെഡിക്കല്‍ വിദ്യാര്‍ഥികളാണ് അറസ്റ്റിലായവരില്‍ പലരും. പരീക്ഷാകേന്ദ്രങ്ങളിലെ ബയോമെട്രിക് വെരിഫിക്കേഷന് ചുമതലയുണ്ടായിരുന്ന ഏജന്‍സിയിലെ 14 ജീവനക്കാരും അറസ്റ്റിലായവരിലുണ്ട്.
ഗയയിലെ എഎന്‍എം മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥി അര്പിത് രാജാണ് ആള്‍മാറാട്ട ശൃംഖലയുടെ മുഖ്യസൂത്രധാരനെന്ന് പോലീസ് സംശയിക്കുന്നു. 2024ലെ നീറ്റ് പേപ്പര്‍ ചോര്‍ച്ച കേസുമായി ബന്ധപ്പെട്ട് ഇയാളെ നേരത്തേ സിബിഐ ചോദ്യം ചെയ്തിരുന്നു. രാജ്ഗിറിലെ പവാപുരി മെഡിക്കല്‍ കോളജ് വിദ്യാര്‍ഥി രവിശങ്കറാണ് ഈ ഓപ്പറേഷന് ഏകോപിപ്പിച്ചതെന്ന് പ്രാഥമിക കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നു. കുടുതല്‍ പേര് റാക്കറ്റില്‍ പങ്കാളികളായിരിക്കാമെന്നും സൂചനയുണ്ട്.
പാറ്റ്ന മെഡിക്കല്‍ കോളജില്‍ (പിഎംസിഎച്ച്) നാലാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിയായ മായങ്ക് കശ്യപും അറസ്റ്റിലായിട്ടുണ്ട്. മായങ്കിനെയാണ് പോലീസ് ആദ്യം പിടികൂടിയത്. ഹസന്‍പുര്‍ ഹൈസ്കൂള്‍ പരീക്ഷാകേന്ദ്രത്തില്‍ ബയോമെട്രിക് കമ്പനി ജീവനക്കാരനായി മായങ്ക് കശ്യപ് വേഷം മാറി പ്രവേശിച്ചതായാണു വിവരം.
പരീക്ഷാ പ്രക്രിയയില്‍ ഉള്‍പ്പെട്ട ബയോമെട്രിക് കമ്പനിയിലെ 14 ജീവനക്കാരെയും അന്വേഷണത്തിന്റെ ഭാഗമായി അറസ്റ്റ് ചെയ്തു. ബയോമെട്രിക് ഐഡന്റിറ്റി വെരിഫിക്കേഷന് നടപടിക്രമങ്ങളെ മറികടന്നാണു രജിസ്റ്റര്‍ ചെയ്ത പരീക്ഷാര്‍ഥികള്‍ക്കു പകരം പരിശീലനം ലഭിച്ച പ്രോക്സികളെ പരീക്ഷയെഴുതാന്‍ അനുവദിച്ചത്.
ബിഹാറിലെ സംശയാസ്പദമായ പരീക്ഷാകേന്ദ്രങ്ങളിലെ ബയോമെട്രിക് ലോഗുകള്‍, ഹാജര്‍ രേഖകള്‍, ഡിജിറ്റല്‍ രേഖകള്‍, പരീക്ഷാപ്രക്രിയയുമായി ബന്ധപ്പെട്ട മറ്റു സാങ്കേതികവിവരങ്ങള്‍ എന്നിവ സൂക്ഷ്മമായി പരിശോധിക്കുകയാണെന്ന് അന്വേഷണസംഘം അറിയിച്ചു.
National
ലക്നോ: ഉത്തർപ്രദേശിലെ മൊറാദാബാദിൽ ഗൂഗിള്‍ മാപ്പില്‍ തെറ്റായ ലൊക്കേഷന്‍ കാണിച്ചതിനാല്‍ കൃത്യസമയത്ത് പരീക്ഷാകേന്ദ്രത്തില്‍ വിദ്യാർഥികൾക്ക് എത്താന്‍ കഴിഞ്ഞില്ല. ഇതേ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാനുള്ള അവസരം നഷ്ടമായി.
ആർ. എന്‍. ഇന്റര്‍ കോളജിലേക്ക് ഗൂഗിള്‍ മാപ്പില്‍ തെറ്റായ ലൊക്കേഷനാണ് കാണിച്ചത്. മാപ്പ് നോക്കി പോയതോടെ ശരിയായ സ്ഥലത്തെത്താന്‍ വൈകിയെന്നും പരീക്ഷയെഴുതാന്‍ കഴിഞ്ഞില്ലെന്നും സംഭല്‍ സ്വദേശി ഫൈസാന്‍ അലി പറഞ്ഞു. മാപ്പ് നോക്കി പോയ വിദ്യാർഥി മറ്റൊരു സ്ഥലത്താണ് എത്തിയത്. അവിടെ നിന്ന് തിരിച്ച് ശരിയായ പരീക്ഷാകേന്ദ്രത്തിലെത്തുമ്പോഴേക്കും റിപ്പോര്‍ട്ടിംഗ് സമയം കഴിഞ്ഞിരുന്നു. സമയം കഴിഞ്ഞതിനാല്‍ പരീക്ഷാഹാളിലേക്കുള്ള പ്രവേശനം നിഷേധിക്കപ്പെട്ടതായി വിദ്യാർഥി പറഞ്ഞു. സംഭവത്തിൽ, ബന്ധപ്പെട്ട അധികാരികള്‍ ഉചിതമായ നടപടി സ്വീകരിക്കണമെന്നും ഫൈസാന്റെ പിതാവ് ആവശ്യപ്പെട്ടു.
മറ്റ് വിദ്യാര്‍ഥികള്‍ക്കും സമാനമായ അനുഭവം നേരിട്ടിട്ടുണ്ട്. സാര്‍ഥക് എന്ന വിദ്യാര്‍ഥിക്കും ഗൂഗിള്‍ മാപ്പില്‍ തെറ്റായ ലൊക്കേഷന്‍ കാണിച്ചതു കാരണം പരീക്ഷ എഴുതാനുള്ള അവസരം നഷ്ടപ്പെട്ടു. സമയം കഴിഞ്ഞതിനാല്‍ ഈ കുട്ടിക്കും പരീക്ഷാ ഹാളില്‍ പ്രവേശനം അനുവദിച്ചില്ല. സമാനമായ സാഹചര്യത്തില്‍ നിരവധി വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാനുള്ള അവസരം നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
സംഭവത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വിദ്യാര്‍ഥികളുമായും അവരുടെ കുടുംബങ്ങളുമായും സംസാരിച്ചു. സാങ്കേതിക തകരാറുകള്‍ കാരണം വിദ്യാര്‍ഥികള്‍ക്ക് നഷ്ടം ഉണ്ടാകരുതെന്ന് അവര്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
National
ചണ്ഡീഗഡ്: ഹരിയാനയിലെ ഹിസാറിൽ നീറ്റ് പുനഃപരീക്ഷ നടക്കാൻ മണിക്കൂറുകൾ ബാക്കിനിൽക്കെ വിദ്യാർഥിനി ജീവനൊടുക്കി. ധാനി ഖാൻ ബഹാദൂർ സ്വദേശിനി സിമ്രാൻ (19) ആണ് മരിച്ചത്. പരീക്ഷ കേന്ദ്രത്തിലേക്ക് പോകാനായി ഞായറാഴ്ച രാവിലെ 11 മണിയോടെ തയാറെടുക്കുന്നതിനിടെയാണ് സംഭവം.
കഴിഞ്ഞ മൂന്ന് വർഷമായി നീറ്റ് പരീക്ഷയ്ക്ക് തയാറെടുക്കുകയായിരുന്നു സിമ്രാൻ. വിഷം കഴിച്ച നിലയിൽ കണ്ടെത്തിയ വിദ്യാർഥിനിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സക്കിടെ മരണം സംഭവിക്കുകയായിരുന്നു.
പരീക്ഷാ നടത്തിപ്പിലെ ക്രമക്കേടുകൾ സിമ്രാനെ മാനസികമായി തളർത്തിയിരുന്നതായി കുടുംബം പറയുന്നു. അതേസമയം, സിമ്രാൻ അബദ്ധത്തിൽ കീടനാശിനി കഴിച്ചതാണെന്ന് ഗ്രാമ പഞ്ചായത്ത് തലവൻ വിജയ് കുമാർ പറഞ്ഞു. സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
National
ന്യൂഡൽഹി: വിവാദങ്ങളുയരാതെ നീറ്റ് പുനഃപരീക്ഷ രാജ്യത്തുടനീളം പൂർത്തിയായി. ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് റദ്ദാക്കപ്പെട്ട പരീക്ഷ കനത്ത സുരക്ഷയിലാണ് രണ്ടാമതു നടത്തിയത്.
രാജ്യത്തുടനീളമുള്ള 551 നഗരങ്ങളിലെ 5,440 കേന്ദ്രങ്ങളിലും രാജ്യത്തിനുപുറത്തുള്ള 14 കേന്ദ്രങ്ങളിലും നടന്ന പരീക്ഷയിൽ 22 ലക്ഷത്തിലധികം വിദ്യാർഥികളാണ് പങ്കെടുത്തത്. പഴുതുകളില്ലാതെ പരീക്ഷ നടത്താൻ 95,000ത്തിലധികം പരീക്ഷാമുറികളിൽ തത്സമയ സിസിടിവി നിരീക്ഷണവുമുണ്ടായിരുന്നു.
റദ്ദാക്കിയ പരീക്ഷയെ അപേക്ഷിച്ച് ഇക്കുറി പരീക്ഷയ്ക്കു കടുപ്പമേറിയെന്നാണ് വിദ്യാർഥികളുടെ പ്രതികരണം. ഫിസിക്സാണ് മിക്കവരെയും കുഴപ്പിച്ചത്. ദൈർഘ്യമേറിയ ചോദ്യങ്ങൾ വായിച്ചു മനസിലാക്കാൻ കൂടുതൽ സമയം വേണ്ടിവന്നുവന്നും വിദ്യാർഥികൾ പറഞ്ഞു.
അതിനിടെ, ചോദ്യപേപ്പർ ചോർന്നുവെന്ന തരത്തിൽ വീഡിയോ പ്രചാരണമുണ്ടായി. എന്നാൽ പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്നും ചോദ്യം ചോർന്നിട്ടില്ലെന്നും എൻടിഎ വ്യക്തമാക്കി.
മേയ് മൂന്നിനു നടത്തിയ ആദ്യ നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർന്നുവെന്ന കാരണത്താലാണ് കേന്ദ്രസർക്കാർ പരീക്ഷ റദ്ദാക്കിയത്. ഇതേത്തുടർന്ന് രാജ്യത്തുടനീളം വിദ്യാർഥികൾ ജീവ നൊടുക്കിയതിന്റെയ.ും പരീക്ഷ നടത്തിയ ദേശീയ പരീക്ഷാ ഏജൻസിയുടെ തുടർച്ചയായ വീഴ്ചകളുടെയും പശ്ചാത്തലത്തിൽ കേന്ദ്രസർക്കാർ പ്രതിക്കൂട്ടിലായിരുന്നു.
കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് രാജ്യത്തുടനീളം പ്രതിഷേധങ്ങൾ നടന്നുകൊണ്ടിരിക്കുകയുമാണ്.
പുനഃപരീക്ഷയ്ക്കായി രാജ്യം മുമ്പെങ്ങും കണ്ടിട്ടില്ലാത്ത തയാറെടുപ്പുകളാണ് കേന്ദ്രം നടത്തിയത്. പരീക്ഷയുടെ ചോദ്യപേപ്പറുകളെത്തിക്കാൻ വ്യോമസേനയുടെ സഹായം തേടിയതുമുതൽ പരീക്ഷയോടനുബന്ധിച്ച് സമൂഹമാധ്യമ ആപ്പായ ടെലിഗ്രാമിനു നിരോധനം ഏർപ്പെടുത്തുന്നതിലേക്കുവരെ സർക്കാർ നടപടികൾ നീണ്ടു.
National
ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ചയെത്തുടർന്നു റദ്ദാക്കപ്പെട്ട നീറ്റ് പുനഃപരീക്ഷ നാളെ. വിവാദങ്ങൾക്കും വിദ്യാഭ്യാസമന്ത്രിയുടെ രാജി ആവശ്യങ്ങൾക്കുമിടെ കനത്ത സുരക്ഷയിലാണു പരീക്ഷ നടക്കുന്നത്.
ചോദ്യപേപ്പറുകൾ വിവിധ പരീക്ഷാകേന്ദ്രങ്ങളിലെത്തിക്കാൻ വ്യോമസേനയുടെ സഹായം തേടിയതുമുതൽ പരീക്ഷാഹാളുകളിലെ ബഹുതല പരിശോധനവരെ നീളുന്നതാണ് പുനഃപരീക്ഷയ്ക്കുവേണ്ടി കേന്ദ്രസർക്കാർ നടപ്പിലാക്കിയിട്ടുള്ള സുരക്ഷാ സംവിധാനങ്ങൾ.
പുനഃപരീക്ഷാനടപടികൾ ഏകോപിപ്പിക്കുന്നതിന് കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം 36 മുതിർന്ന ഉദ്യോഗസ്ഥരെ വിവിധ സംസ്ഥാനങ്ങളിലേക്ക് അയച്ചിട്ടുണ്ട്. ഇവർ ദേശീയപരീക്ഷാ ഏജൻസിയുടെ (എൻടിഎ) ഡയറക്ടർ ജനറൽ നേതൃത്വം നൽകുന്ന ഡൽഹിയിലെ കമാൻഡ് സെന്ററിനാണ് റിപ്പോർട്ട് ചെയ്യുക. ഈ 36 ഉദ്യോഗസ്ഥർ അതത് സംസ്ഥാനങ്ങളിലെ നോഡൽ ഓഫീസർമാരുമായി ചേർന്നാണു പരീക്ഷാനടപടികൾ ഏകോപിപ്പിക്കുക.
പരീക്ഷയെഴുതുന്നതിനുമുമ്പ് ആധാർ അധിഷ്ഠിത ബയോമെട്രിക് ഒഥന്റിക്കേഷൻ പൂർത്തിയാക്കേണ്ടതു നിർബന്ധമാണ്. ആൾമാറാട്ടം ഇല്ലാതാക്കാൻ ഫേഷ്യൽ പരിശോധനയും ലൈവ് ഫോട്ടോഗ്രഫിയുമുണ്ടാകും. പരീക്ഷാർഥികൾ പരീക്ഷയെഴുതുന്നതിനുമുമ്പ് മെറ്റൽ ഡിറ്റക്ടർ പരിശോധനയ്ക്കും വിധേയരാകണം.
എല്ലാ പരീക്ഷാകേന്ദ്രങ്ങളും സിസിടിവി നിരീക്ഷണത്തിലായിരിക്കും. 90 ദിവസത്തേക്കെങ്കിലും ഈ ദൃശ്യങ്ങൾ സൂക്ഷിച്ചുവയ്ക്കാനാണ് എൻടിഎ നിർദേശം. പരീക്ഷകൾ തത്സമയം സിസിടിവി കാമറകളിലൂടെ അധികൃതർ നിരീക്ഷിക്കുമെങ്കിലും സംശയാസ്പദമായ പ്രവർത്തനങ്ങൾ നടന്നിട്ടുണ്ടോയെന്നു കണ്ടെത്താൻ പരീക്ഷയ്ക്കുശേഷവും എൻടിഎ സിസിടിവി ദൃശ്യങ്ങളുടെ ഫോറൻസിക് വിലയിരുത്തൽ നടത്തും.
ഇതിനു പുറമെ പരീക്ഷകൾ നിരീക്ഷിക്കാൻ ഫ്ലൈയിംഗ് സ്ക്വാഡുകൾ, നിരീക്ഷകർ എന്നിവരെയും നിയോഗിച്ചിട്ടുണ്ട്.
National
ന്യൂഡൽഹി: നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ തടയുന്നതിനായി രാജ്യത്ത് ടെലഗ്രാമിന് താത്കാലിക നിരോധനം ഏർപ്പെടുത്തിയതിന് പിന്നാലെ, നിയന്ത്രണങ്ങൾ മറികടക്കാൻ ഉപയോക്താക്കളുടെ വൻ നീക്കം. ജൂൺ 16 മുതൽ ജൂൺ 22 വരെ ഏർപ്പെടുത്തിയ വിലക്ക് മറികടക്കാൻ ലക്ഷ്യമിട്ട് ഇന്ത്യയിൽ വിപിഎൻ സേവനങ്ങൾക്കായുള്ള തിരച്ചിൽ കുത്തനെ ഉയർന്നതായി ഗൂഗിൾ ട്രെൻഡ്സ് ഡാറ്റ വ്യക്തമാക്കുന്നു.
ജൂൺ 15 വരെ വിപിഎൻ തിരച്ചിലിൽ യാതൊരുവിധ ചലനങ്ങളും രേഖപ്പെടുത്താതിരുന്ന സ്ഥാനത്താണ് നിരോധനം നിലവിൽ വന്ന ജൂൺ 16 മുതൽ ഗൂഗിളിൽ തെരച്ചിൽ നിരക്ക് കുതിച്ചുയർന്നത്. നിരോധനം ആരംഭിച്ച് മണിക്കൂറുകൾക്കകം തെരച്ചിലിന്റെ അളവ് പൂജ്യത്തിൽ നിന്ന് 99-ലേക്ക് എത്തുകയും, ജൂൺ 17-ഓടെ പരമാവധി പോയിന്റായ 100-ൽ തൊടുകയും ചെയ്തു. പ്ലാറ്റ്ഫോമിൽ നിന്നുള്ള താത്കാലിക വിലക്ക് കാരണം ഉപയോക്താക്കൾ ടെലഗ്രാം ഉപേക്ഷിക്കുന്നതിന് പകരം, അതിലേക്ക് ലോഗിൻ ചെയ്യാനുള്ള ഇതര മാർഗങ്ങൾ സജീവമായി അന്വേഷിക്കുകയാണെന്നാണ് ഈ കണക്കുകൾ വിരൽ ചൂണ്ടുന്നത്.
ആഗോളതലത്തിൽ ടെലഗ്രാം ഉപയോഗത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന രാജ്യമാണ് ഇന്ത്യയെന്ന് പ്രമുഖ സ്റ്റാറ്റിസ്റ്റിക്സ് സർവേയായ 'സ്റ്റാറ്റിസ്റ്റ' വ്യക്തമാക്കുന്നു. സർവേയിൽ പങ്കെടുത്ത 45 ശതമാനം ഇന്ത്യക്കാരും ടെലഗ്രാം പതിവായി ഉപയോഗിക്കുന്നവരാണ്. ബ്രസീൽ (38%), മെക്സിക്കോ (34%), ദക്ഷിണാഫ്രിക്ക (32%) തുടങ്ങിയ രാജ്യങ്ങളെക്കാൾ വളരെ മുന്നിലാണ് ഇന്ത്യയുടെ സ്ഥാനം. അമേരിക്കയിൽ ഇത് വെറും 9 ശതമാനവും ജപ്പാനിൽ 1 ശതമാനവും മാത്രമാണ്. അതുകൊണ്ട് തന്നെ ഇന്ത്യയിൽ ഏർപ്പെടുത്തിയ താത്കാലിക നിരോധനം രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങളെ നേരിട്ട് ബാധിച്ചിട്ടുണ്ട്.
ജൂൺ 21-ന് നടക്കുന്ന നീറ്റ് പുനപ്പരീക്ഷയുടെ സുരക്ഷ മുൻനിർത്തി നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ ശിപാർശപ്രകാരം ഐടി മന്ത്രാലയമാണ് ആപ്പിന് താത്കാലിക വിലക്കേർപ്പെടുത്തിയത്. കൂടാതെ ജൂൺ 30 വരെ ടെലഗ്രാമിലെ മെസേജ് എഡിറ്റിംഗ് ഫീച്ചറും ഇന്ത്യയിൽ ബ്ലോക്ക് ചെയ്തിട്ടുണ്ട്. എന്നാൽ ഈ നിയന്ത്രണ വിൻഡോയിലും പ്ലാറ്റ്ഫോമിൽ സജീവമായി തുടരാൻ വിദ്യാർത്ഥികളും മറ്റ് ഉപയോക്താക്കളും വിപിഎൻ വഴി ശ്രമിക്കുന്നത് ഐടി മന്ത്രാലയത്തിനും എൻടിഎയ്ക്കും പുതിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്.
National
ന്യൂഡൽഹി: ദേശീയ പരീക്ഷാ ഏജൻസി (എൻടിഎ) യുടെ കാര്യക്ഷമതയെ ചോദ്യം ചെയ്തു സമർപ്പിച്ച ഹർജി ജൂലൈയിൽ സുപ്രീംകോടതി പരിഗണിക്കും.
നീറ്റ് യുജി 2026 റദ്ദാക്കാനും 22 ലക്ഷത്തോളം ഉദ്യോഗാർഥികൾക്കായി വീണ്ടും പരീക്ഷ നടത്താനുമുള്ള എൻടിഎയുടെ തീരുമാനത്തെ ചോദ്യം ചെയ്തുകൊണ്ട് സമർപ്പിച്ച ഹർജിയിലാണു കോടതി തീരുമാനം.
21ന് നടത്താൻ നിശ്ചയിച്ചിരിക്കുന്ന നീറ്റ് യുജി പുനഃപരീക്ഷ റദ്ദാക്കണമെന്ന ആവശ്യം ചീഫ് ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസ് വി മോഹന എന്നിവരുടെ ബെഞ്ച് അംഗീകരിച്ചില്ല.
പകരം നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട മറ്റു കേസുകൾ നിലവിൽ പരിഗണിക്കുന്ന ജസ്റ്റീസ് പി.എസ്. നരസിംഹയുടെ നേതൃത്വത്തിലുള്ള ബെഞ്ചിലേക്ക് ഈ ഹർജിയും മാറ്റാൻ കോടതി നിർദേശിച്ചു. വേനലവധിക്കുശേഷം ജൂലൈ 23നാണ് സുപ്രീംകോടതിയിൽ പതിവ് സിറ്റിംഗുകൾ പുനരാരംഭിക്കുക.
ചോദ്യപേപ്പർ ചോർച്ചയും ക്രമക്കേടുകളും ആരോപിച്ചാണ് മേയ് മൂന്നിനു നടത്തിയ പരീക്ഷ റദ്ദാക്കി രാജ്യവ്യാപകമായി വീണ്ടും പരീക്ഷ നടത്താൻ എൻടിഎ തീരുമാനിച്ചത്.
എന്നാൽ ക്രമക്കേടുകളുമായി യാതൊരു ബന്ധവുമില്ലാത്ത ലക്ഷക്കണക്കിന് ഉദ്യോഗാർഥികളെ അന്യായമായി ശിക്ഷിക്കുന്നതിനു തുല്യമാണെന്ന് പരീക്ഷ റദ്ദാക്കലെന്ന് ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു.
National
ജയ്പുർ: രാജസ്ഥാനിൽ നീറ്റ് പരീക്ഷയ്ക്കു തയാറെടുത്തുകൊണ്ടിരുന്ന മറ്റൊരു വിദ്യാർഥികൂടി ജീവനൊടുക്കി.
സിക്കാർ സ്വദേശി 22 കാരനായ ഉമേഷ് മാലിയാണ് മരിച്ചത്. സിക്കാറിലെ ഒരു ഫ്ളാറ്റിൽ കുടുംബാംഗങ്ങൾക്കൊപ്പമാണ് ഉമേഷ് കഴിഞ്ഞിരുന്നത്.
മൂന്നാംതവണ നീറ്റ് എഴുതാനിരുന്ന മഹേഷ് 21 നു നടക്കുന്ന പുനഃപരീക്ഷയിൽ പങ്കെടുക്കുന്നതിനുള്ള തയാറെടുപ്പിലായിരുന്നു. കഴിഞ്ഞ 15ന് ജുൻജുന സ്വദേശിയായ മറ്റൊരു നീറ്റ് പരീക്ഷാർഥിയും ജീവനൊടുക്കിയിരുന്നു.
National
ന്യൂഡൽഹി: രാജ്യത്ത് നീറ്റ് പുനഃപരീക്ഷ നടക്കാനിരിക്കെ ടെലഗ്രാമിന് താത്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തി കേന്ദ്രസർക്കാർ. ജൂൺ 22 വരെയാണ് നിയന്ത്രണം.
ചോദ്യ പേപ്പർ ചോര്‍ച്ച തട്ടിപ്പുകൾ തടയാനാണ് കേന്ദ്ര നടപടി. മെസേജ് എഡിറ്റ് ഫീച്ചർ ജൂൺ 30 വരെ ഇന്ത്യയിൽ പ്രവർത്തനരഹിതമാക്കി. നിരവധി ടെലഗ്രാം ചാനലുകളും ബോട്ടുകളും നീക്കം ചെയ്തിട്ടുണ്ട്.
ചോദ്യ പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിൽ അന്വേഷണം പുരോഗമിക്കുകയാണ്. എന്‍ഇഇടി പേപ്പർ ലീക്ക് എന്ന പേരിൽ പ്രവർത്തിച്ച നിരവധി ചാനലുകൾ അടച്ചുപൂട്ടി. അതേസമയം, ചോദ്യ പേപ്പർ ലഭ്യമാക്കാമെന്ന വാഗ്ദാനം പൂർണമായും തട്ടിപ്പാണെന്ന് എന്‍ടിഎ അറിയിച്ചു.
നീറ്റ് പുനഃപരീക്ഷയുടെ ചോദ്യപേപ്പർ വിൽപനയ്ക്ക് എന്ന് വ്യാപക പ്രചാരണ ഉയർന്നതിനെത്തുടർന്ന് വിദ്യാർഥികളടക്കം പരാതിയുമായി രംഗത്തെത്തിയിരുന്നു. സമൂഹമാധ്യമങ്ങൾ വഴിയാണ് വീണ്ടും ചോദ്യപേപ്പർ ചോർന്നെന്ന തരത്തിലുള്ള വ്യാജപ്രചാരണം നടക്കുന്നത്.
National
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചക്കേസിലെ മൂന്ന് പ്രധാന പ്രതികളെ ജയിലിനുള്ളിൽ ചോദ്യം ചെയ്യാൻ ഡൽഹിയിലെ കോടതി സിബിഐക്ക് അനുമതി നൽകി.
ജുഡീഷൽ കസ്റ്റഡിയിലുള്ള കേസിലെ പ്രധാന പ്രതികളായ മനീഷ് സഞ്ജയ് വാഗ്മറെ, ധനഞ്ജയ് നിവൃത്തി ലോഖണ്ഡെ, ശുഭം മധുകർ ഖൈർനാർ എന്നിവരെ ചോദ്യം ചെയ്യാൻ അനുവദിക്കണമെന്നു കാട്ടി സിബിഐ നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്.
മേയ് മൂന്നിന് നടന്ന നീറ്റ് പരീക്ഷയ്ക്ക് മുന്നോടിയായി വൻ തുക കൈപ്പറ്റി ചോദ്യപേപ്പർ ചോർത്തുന്നതിനും അത് പ്രചരിപ്പിക്കുന്നതിനും സൗകര്യമൊരുക്കിയത് ഈ മൂന്ന് പ്രതികളാണെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ടെന്ന് സിബിഐ കോടതിയെ അറിയിച്ചു. കേസിൽ കൂടുതൽ വ്യക്തതയും വിവരങ്ങളും തേടുന്നതിന് ഇവരെ വീണ്ടും ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ഹർജിയിൽ സിബിഐ ചൂണ്ടിക്കാട്ടി.
മേയ് 13 നാണ് ലോഖണ്ഡെ, ഖൈർനാർ എന്നിവർ അറസ്റ്റിലായത്. തൊട്ടടുത്ത ദിവസം മനീഷ വാഗ്മറെയും അറസ്റ്റിലായി. തുടർന്ന് ഇവരെ ജുഡീഷൽ കസ്റ്റഡിയിൽ വിടുകയായിരുന്നു.
National
ന്യൂഡല്‍ഹി: അടുത്ത ഞായറാഴ്ച നടക്കുന്ന നീറ്റ് യുജി-2026 പുനഃപരീക്ഷയുടെ ഹാള്‍ടിക്കറ്റുകള്‍ റിലീസ് ചെയ്തതായി നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി.
അപേക്ഷാനമ്പറും ജനനത്തീയതിയും ഉപയോഗിച്ച് neet.nta.nic.in എന്ന സൈറ്റില്‍ നിന്ന് ഹാള്‍ടിക്കറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്യാം.
21ന് ഉച്ചയ്ക്ക് രണ്ടു മുതല്‍ വൈകുന്നേരം 5:15 വരെയാണ് പരീക്ഷ. ചോദ്യപേപ്പര്‍ ചോർച്ചയെത്തുടർന്ന് മേയ് മൂന്നിന് നടന്ന ആദ്യപരീക്ഷ കാന്‍സല്‍ ചെയ്തിരുന്നു.
National
ന്യൂഡൽഹി: നീറ്റ് പുനഃപരീക്ഷ നടക്കുന്ന കേന്ദ്രങ്ങളുടെ വിവരങ്ങൾ നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻറ്റിഎ) പുറത്തിറക്കി.
ഈ മാസം 21 നാണു പരീക്ഷ. പരീക്ഷ നടത്തുന്ന നഗരങ്ങൾ ഉൾപ്പെടുത്തിയ സ്ലിപ്പ് പരിശോധിക്കുന്നതിന് ഔദ്യോഗിക സൈറ്റിൽ അപേക്ഷാ നമ്പറും പാസ്വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുമെന്നു നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻറ്റിഎ) അറിയിച്ചു.
രാജ്യത്തെ 551 നഗരങ്ങളിലും വിദേശത്തെ 14 കേന്ദ്രങ്ങളിലും ഉച്ചയ്ക്ക് 2 മുതൽ വൈകുന്നേരം 5:15 വരെ പേനയും പേപ്പറും ഉപയോഗിച്ചാണു പരീക്ഷ. പരീക്ഷ നടക്കുന്ന വിവരങ്ങൾ മാത്രമാണ് ലഭ്യമാക്കിട്ടുള്ളതെന്നും അഡ്മിറ്റ് കാർഡ് പിന്നാലെ നൽകുമെന്നും എൻറ്റിഎ വ്യക്തമാക്കി.
കഴിഞ്ഞമാസം മൂന്നിനു നടന്ന പരീക്ഷാ ചോദ്യപേപ്പർ ചോർന്നതിനെത്തുടർന്നാണ് റദ്ദാക്കിയത്.
National
ഭോപ്പാൽ: മധ്യപ്രദേശിലെ മൗഗഞ്ചിൽ നീറ്റ് ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് പരീക്ഷ റദ്ദാക്കിയതിൽ മനംനൊന്ത് വിദ്യാർഥിനി ജീവനൊടുക്കി. ആകാംക്ഷ ചതുർവേദി (19) എന്ന വിദ്യാർഥിനിയാണ് ജീവനൊടുക്കിയത്.
മേയ് മൂന്നിന് നടന്ന നീറ്റ് പരീക്ഷ ആകാംക്ഷ എഴുതിയിരുന്നു. എന്നാൽ ചോദ്യപേപ്പർ ചോർച്ച വിവാദങ്ങളെ തുടർന്ന് മേയ് 12 ന് നാഷണൽ ടെസ്റ്റിങ് ഏജൻസി പരീക്ഷ റദ്ദാക്കുകയും ജൂൺ 21 ന് പുനഃപരീക്ഷ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളായി കടുത്ത വിഷാദത്തിലായിരുന്നു എന്ന് കുടുംബം പറഞ്ഞു. മകളുടെ പഠനച്ചെലവ് കണ്ടെത്താനായി കർഷകനായ പിതാവ് കൃഷ്ണകുമാർ ചതുർവേദി നാഗ്പൂരിൽ പാചകക്കാരനായും ജോലി ചെയ്തിരുന്നു.
National
ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷാ ക്രമക്കേടുകളിലും ചോദ്യപേപ്പർ ചോർച്ചയിലും രാജ്യവ്യാപക പ്രതിഷേധം ശക്തമാകുന്നതിനിടെ, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനും നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്കും തിരിച്ചടിയായി സിവോട്ടർ സർവേ ഫലം. സർവേയിൽ പങ്കെടുത്ത ഭൂരിഭാഗം പേരും വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെടുമ്പോൾ, ഭരണകക്ഷിയായ എൻഡിഎയെ പിന്തുണയ്ക്കുന്ന വോട്ടർമാരിൽ 58 ശതമാനം പേരും ധർമേന്ദ്ര പ്രധാൻ സ്ഥാനമൊഴിയണം എന്ന അഭിപ്രായക്കാരാണ്.
സർവേയിൽ പങ്കെടുത്ത ആകെ ആളുകളിൽ 66 ശതമാനം പേരും മന്ത്രിയുടെ രാജി ആവശ്യപ്പെട്ടു. ചോദ്യപേപ്പർ ചോർച്ചയുടെ പ്രധാന ഉത്തരവാദി വിദ്യാഭ്യാസ മന്ത്രിയാണെന്ന് 46 ശതമാനം പേർ വിരൽ ചൂണ്ടിയപ്പോൾ, 12 ശതമാനം പേർ എൻടിഎയെ കുറ്റപ്പെടുത്തി. പരീക്ഷാ നടത്തിപ്പിലെ വിശ്വാസ്യത തകർന്ന പശ്ചാത്തലത്തിൽ എൻടിഎ പിരിച്ചുവിടണമെന്ന് 61 ശതമാനം പേർ അഭിപ്രായപ്പെട്ടു. പരീക്ഷകൾ കേന്ദ്രീകൃതമായി നടത്തുന്നതിന് പകരം സംസ്ഥാനങ്ങൾക്കും സർവകലാശാലകൾക്കും തന്നെ ചുമതല തിരികെ നൽകണമെന്നും സർവേയിൽ ആവശ്യമുയർന്നു.
മേയ് മൂന്നിന് നടന്ന പരീക്ഷയിലെ ക്രമക്കേടുകളെ തുടർന്ന് ജൂൺ 21-ലേക്ക് പുനഃപരീക്ഷ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനകം തന്നെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് ഉൾപ്പെടെയുള്ള കക്ഷികൾ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് രംഗത്തുണ്ട്. ഇതിന് പിന്നാലെ എൻഡിഎ അനുകൂലികൾക്കിടയിൽ നിന്നുപോലും മന്ത്രിക്കെതിരെ വികാരം ശക്തമാകുന്നത് കേന്ദ്ര സർക്കാരിന് വലിയ പ്രതിസന്ധിയാവുകയാണ്.
National
ന്യൂഡൽഹി: ജൂണ്‍ 21നു നടക്കുന്ന നീറ്റ് പുനഃപരീക്ഷയുടെ ചോദ്യപേപ്പറുകൾ രാജ്യത്തുടനീളമുള്ള പരീക്ഷാകേന്ദ്രങ്ങളിലെത്തിക്കാൻ കേന്ദ്രസർക്കാർ വ്യോമസേനയുടെ സഹായം തേടുമെന്നു റിപ്പോർട്ട്.
ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് ആദ്യം നടത്തിയ പരീക്ഷ റദ്ദാക്കിയതോടെയാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം.
National
ന്യൂഡൽഹി: നീറ്റ് പുനഃപരീക്ഷയുടെ നടപടിക്രമങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് മേൽനോട്ടം വഹിക്കുന്നുണ്ടെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ അറിയിച്ചു. അതിനാൽ ഒരു പിഴവും ഇത്തവണ ഉണ്ടാകില്ലെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു.
ജൂൺ 21 ന് നടത്തുന്ന പുനഃപരീക്ഷയ്ക്കായി ചില പുതിയ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും കേന്ദ്ര സർക്കാരും എൻടിഎയും കോടതിയെ അറിയിച്ചു. പരീക്ഷയുടെ പരിശുദ്ധി കാത്തുസൂക്ഷിക്കുന്നതിൽ പ്രതിജ്ഞാബദ്ധമാണ്. അതിനായി പുതിയ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും എൻടിഎ സത്യവാംഗ്മൂലത്തിൽ കോടതിയെ അറിയിച്ചു.
ചോദ്യ പേപ്പർ ചോർച്ച മനസികാഘാതം ഉണ്ടാക്കുന്ന കാര്യമാണെന്ന് കോടതി നിരീക്ഷിച്ചു. വിദ്യാർഥികൾക്ക് മാത്രമല്ല അവരുടെ കുടുംബങ്ങൾക്കും ഇത് കടുത്ത മാനസിക സംഘർഷം ഉണ്ടാക്കുന്ന കാര്യമാണെന്നും യുവാക്കളെ നിരാശരാക്കരുതെന്നും കോടതി അഭിപ്രായപ്പെട്ടു.
നീറ്റ്-യുജി പരീക്ഷ റദ്ദാക്കിയതിനെ ചോദ്യം ചെയ്തുള്ള ഒരു കൂട്ടം ഹർജികൾ വെള്ളിയാഴ്ച സുപ്രീംകോടതി പരിഗണിച്ചിരുന്നു. വിഷയത്തിൽ സത്യവാംഗ്മൂലം സമർപ്പിക്കാൻ കേന്ദ്രത്തോടു നിർദേശിച്ച കോടതി ഹർജികൾ ജൂലൈ രണ്ടാം വാരം വീണ്ടും പരിഗണിക്കും.
ജസ്റ്റീസുമാരായ പി.എസ്. നരസിംഹ, ആലോക് ആരാധെ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്. ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് മേയ് മൂന്നിന് നടത്തിയ പരീക്ഷ റദ്ദാക്കിയിരുന്നു.
National
ന്യൂഡൽഹി: രാജ്യത്തെ പിടിച്ചുകുലുക്കിയ നീറ്റ് യുജി ചോദ്യപേപ്പർ ചോർച്ചക്കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ. മഹാരാഷ്ട്ര ലാത്തൂരിൽനിന്നുള്ള ഡോക്ടറും പൂന കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഫിസിക്സ് അധ്യാപകനെയുമാണ് ഇന്നലെ സിബിഐ അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 13 ആയി.
ലാത്തൂർ സ്വദേശി ഡോ.മനോജ് ഷിരൂരെ, പൂനയിലെ ഡോ.അഭാംഗ് പ്രഭു മെഡിക്കൽ അക്കാദമിയിലെ ഫിസിക്സ് അധ്യാപകനായ തേജസ് ഹർഷദ്കുമാർ ഷാ എന്നിവരെയാണ് കഴിഞ്ഞദിവസം സിബിഐ അറസ്റ്റ് ചെയ്തത്. ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ ഡോ.മനോജ് ഷിരൂരെയ്ക്ക് നിർണായകപങ്കുണ്ടെന്ന് സിബിഐ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
നീറ്റ് ചോദ്യപേപ്പർ തയ്യാറാക്കിയ പി.വി. കുൽക്കർണിയിൽ നിന്ന് ചോർന്ന കെമിസ്ട്രി ചോദ്യങ്ങൾ മൂന്ന് വിദ്യാർഥികൾക്ക് എത്തിച്ചുനൽകിയത് ഇയാളാണ്. ചോദ്യങ്ങൾ ലഭിച്ചവരിൽ, കേസുമായി ബന്ധപ്പെട്ട് നേരത്തേ അറസ്റ്റിലായ റേണുകായ് കെമിസ്ട്രി ക്ലാസസ് ഉടമ ശിവരാജ് രഘുനാഥ് മോട്ടേഗാവോങ്കറിന്റെ മകനും ഉൾപ്പെടുന്നു. കേസിലെ മറ്റൊരുപ്രതിയായ മനീഷ ഹവാൽദാറിൽ നിന്നാണ് ഫിസിക്സ് ചോദ്യങ്ങൾ അധ്യാപകനായ തേജസ് ഷായ്ക്ക് ലഭിച്ചതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.
49 ഇടങ്ങളിൽ പരിശോധന
കേസുമായി ബന്ധപ്പെട്ട് ഇതുവരെ 49 ഇടങ്ങളിലാണ് സിബിഐ പരിശോധന നടത്തിയത്. നിരവധി ഡിജിറ്റൽ തെളിവുകളും ലാപ്ടോപ്പുകളും മൊബൈൽ ഫോണുകളും പിടിച്ചെടുത്തിട്ടുമുണ്ട്. കുറ്റകൃത്യത്തിന്നു പിന്നിലുള്ള മുഴുവൻ ശൃംഖലയെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് സിബിഐ.
നാഷണൽ ടെസ്റ്റിംഗ് എജൻസി (എൻടിഎ) മേയ് മൂന്നിന് നടത്തിയ നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർന്നെന്ന് വ്യാപകമായ പരാതികൾ ഉയർന്നതിനെത്തുടർന്ന് മേയ് 12-നാണ് പരീക്ഷ റദ്ദാക്കിയത്. ജൂൺ 21ന് വീണ്ടും പരീക്ഷ നടത്താനാണ് നിലവിലെ തീരുമാനം. ഉന്നതവിദ്യാഭ്യാസ മന്ത്രാലയം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സിബിഐ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.
Kerala
ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ നാഷണൽ ടെസ്റ്റിംഗ് ഏജന്‍സിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. വിഷയത്തിൽ എന്‍ടിഎയ്ക്കും കേന്ദ്ര സര്‍ക്കാരിനും കോടതി നോട്ടീസയച്ചു. വീഴ്ചകളില്‍നിന്ന് എന്‍ടിഎ പാഠം പഠിച്ചില്ലെന്ന് കോടതി വിമർശിച്ചു.
എൻടിഎ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് ഡോക്ടർമാരും മെഡിക്കൽ വിദ്യാർഥികളും ഹർജികള്‍ പരിഗണിക്കുകയായിരുന്നു കോടതി. ജസ്റ്റിസ് പി.എസ്.നരസിംഹയാണ് ഹർജി പരിഗണിച്ചത്.
രണ്ടുവര്‍ഷം മുമ്പ് ചോദ്യപേപ്പര്‍ ചോര്‍ന്നപ്പോള്‍ കോടതി രൂപീകരിച്ച ഉന്നതാധികാര സമിതിയുടെ നിര്‍ദേശങ്ങളില്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് സമിതി ചെയർമാന് ഡോ.കെ.രാധാകൃഷ്ണൻ സത്യവാംഗ്മൂലം നൽകണമെന്ന് കോടതി ആവശ്യപ്പെട്ടു. മേല്‍നോട്ട സമിതിയുടെ തല്‍സ്ഥിതിയെക്കുറിച്ച് മൂന്നുദിവസത്തിനകം അറിയിക്കാന്‍ എന്‍ടിഎയോടും ആവശ്യപ്പെട്ടു.
ഈ വർഷം മാത്രം ഏകദേശം 23 ലക്ഷത്തോളം വിദ്യാർഥികളാണ് നീറ്റ്-യുജി പരീക്ഷ എഴുതിയതെന്നും അതിനാൽ വിഷയത്തിൽ അടിയന്തര ഇടപെടൽ വേണമെന്നും ഹർജിക്കാർക്ക് വേണ്ടി ഹാജരായ അഭിഭാഷക തൻവി ദുബെ കോടതിയിൽ ആവശ്യപ്പെട്ടു. ഹര്‍ജികള്‍ വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.
National
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കേസിൽ ഒരാൾകൂടി അറസ്റ്റിൽ.
ഡൽഹിയിൽ പ്രവർത്തിക്കുന്ന രേണുകായ് കരിയർ സെന്റർ സ്ഥാപകൻ ശിവരാജ് രഘുനാഥ് മോട്ടെഗാവോങ്കറെയാണു ഞായറാഴ്ച കേസന്വേഷിക്കുന്ന സിബിഐ സംഘം മഹാരാഷ്ട്രയിലെ ലാത്തൂരിൽനിന്ന് പിടികൂടിയത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ പത്തുദിവസത്തെ സിബിഐ കസ്റ്റഡിയിൽവിട്ട് വിചാരണക്കോടതി ഉത്തരവിട്ടു.അറസ്റ്റിനു പിന്നാലെ നടത്തിയ വിശദ പരിശോധനയിൽ ചോർത്തിയ ചോദ്യാവലി ശിവരാജിന്റെ മൊബൈൽ ഫോണിൽ നിന്ന് കണ്ടെത്തിയിരുന്നു.
ചോദ്യപേപ്പർ ചോർത്തിയ സംഘത്തിലെ സജീവ അംഗമാണ് ഇയാളെന്ന് സിബിഐ പറയുന്നു. ചോദ്യപേപ്പർ വിവിധയിടങ്ങളിൽ എത്തിച്ചതിൽ നിർണായക പങ്ക് പ്രതിയുടേതാണ്. പരീക്ഷയ്ക്ക് പത്തുദിവസം മുന്‍പ് ഏപ്രിൽ 23 നാണ് മോട്ടെഗാവോങ്കറിന് ചോദ്യപേപ്പർ ലഭിക്കുന്നത്. ഇതിന്റെ പകർപ്പും കൈയെഴുത്ത് പ്രതിയുമാണ് മോട്ടെഗാവോങ്കർ വിതരണം ചെയ്തത്.
ചോദ്യപേപ്പർ ചോർച്ചയുടെ സൂത്രധാരൻ അറസ്റ്റിലായ പ്രഹ്ളാദ് വിതൽറാവു കുൽക്കർണി എന്ന പി.വി കുൽക്കർണിയുമായി ഇയാൾക്കു ബന്ധമുണ്ടോയെന്ന കാര്യം പരിശോധിച്ചുവരികയാണ്. മുംബൈയിലെ കോളജ് അധ്യാപിക ഉൾപ്പെടെ ഏതാനും പേർ നേരത്തെ അറസ്റ്റിലായിരുന്നു.
National
ന്യൂഡൽഹി: നീറ്റ് പരീക്ഷ ക്രമക്കേടില്‍ രാജ്യവ്യാപകമായി അന്വേഷണം ഊര്‍ജ്ജിതമാക്കി സിബിഐ. മഹാരാഷ്ട്രയിലെ നാന്‍ന്ദേഡ് സ്വദേശി ഭറുവോ കദമിന്റെ വീട്ടില്‍ എട്ട് മണിക്കൂറോളം നേരം സംഘം പരിശോധന നടത്തി. മകള്‍ക്കായി അഞ്ച് ലക്ഷം രൂപ നല്കി ഇദ്ദേഹം ചോദ്യ പേപ്പര്‍ കൈവശപ്പെടുത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
വീട്ടിലുള്ള രേഖകള്‍ പരിശോധിച്ച സംഘം കുടുംബാംഗങ്ങളെ ചോദ്യം ചെയ്തു. ലാത്തൂരിലുള്ള കോച്ചിംഗ് സെന്റര്‍ നടത്തിപ്പുകാരെയും ചോദ്യം ചെയ്തു. രാജസ്ഥാനിലടക്കം വിശദമായ പരിശോധന നടക്കും. കേരളത്തിലേക്കും അന്വേഷണം നീണ്ടേക്കാം.
ചോദ്യ പേപ്പര്‍ ചോര്‍ന്നതിന് പിന്നാലെ ജൂണ്‍ 21ന് പുനപരീക്ഷ പ്രഖ്യാപിച്ച് സര്‍ക്കാര്‍ മുഖം രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും വിദ്യാഭ്യാസമന്ത്രി ധര്മ്മേന്ദ്രപ്രധാന് രാജി വയ്ക്കണമന്ന ആവശ്യം പ്രതിപക്ഷം ശക്തമാക്കുകയാണ്.
National
ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് നീറ്റ് പരീക്ഷ റദ്ദാക്കിയതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി. രാജസ്ഥാനിലെ സിക്കാറിൽ 22 വയസുള്ള പ്രദീപ് മേഘ്വാൾ ആണ് ആത്മഹത്യ ചെയ്തത്. നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുടെ ആദ്യ രക്തസാക്ഷിയാണിത്.
വളരെ കഷ്ടപ്പെട്ടു പഠിച്ചെഴുതിയ മേയ് മൂന്നിലെ പരീക്ഷ റദ്ദാക്കിയതിനെത്തുടർന്ന് പ്രദീപ് കടുത്ത മാനസിക സമ്മർദത്തിലായിരുന്നുവെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. ജൂണ്‍ 21ന് പുനഃപരീക്ഷ പ്രഖ്യാപിച്ച ദിവസംതന്നെയാണു മാനസികസമ്മർദം താങ്ങാനാകാതെ വിദ്യാർഥി ജീവനൊടുക്കിയത്. നന്നായി പഠിക്കുന്ന കുട്ടി ഡോക്ടറാകാൻ ആഗ്രഹിച്ചിരുന്നു.
കഴിഞ്ഞ മൂന്നു വർഷമായി പ്രദീപ് നീറ്റ് പരീക്ഷയ്ക്കു തയാറെടുക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പരീക്ഷയിൽ 720ൽ 650 മാർക്ക് നേടുമെന്ന് മകൻ പ്രതീക്ഷിച്ചിരുന്നതായി പ്രദീപിന്റെ അച്ഛൻ രാജേഷ് കുമാർ മേഘ്വാൾ പോലീസിനോട് പറഞ്ഞു.
രാജസ്ഥാനിലെ സിക്കാറിലെ ജല്‍ധാരി നഗർ പ്രദേശത്തെ വാടകമുറിയിൽ സഹോദരിമാർക്കൊപ്പം താമസിച്ചുപഠിക്കുകയായിരുന്നു. സഹോദരിയുടെ സ്കാർഫ് ഉപയോഗിച്ച് സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ സഹോദരിയാണു കണ്ടെത്തിയത്. സംഭവസമയത്ത് ഒരു സഹോദരി കുളിമുറിയിലായിരുന്നു. രണ്ടാമത്തെ സഹോദരി കോച്ചിംഗ് ക്ലാസുകൾക്കു പോയിരുന്നു.
കടുത്ത സാന്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും പ്രദീപിന്റെ വിദ്യാഭ്യാസത്തിനായി ഏകദേശം 8-11 ലക്ഷം രൂപ മേഘ്വാൾ കുടുംബം ചെലവഴിച്ചതായി അയൽവാസികൾ പറഞ്ഞു. പിതാവ് ദിവസക്കൂലിക്കാരനാണ്. കുടുംബത്തിന്റെ വക കൃഷിഭൂമിയുടെ ഒരു ഭാഗം വിറ്റാണ് പ്രദീപിന്റെ പഠനത്തിനു പണം സ്വരൂപിച്ചത്.
പ്രദീപിന്റെ മരണം വെറുമൊരു ആത്മഹത്യയല്ലെന്നും സർക്കാരിന്റെ വീഴ്ചകളുടെ ഇരയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു. സർക്കാർ, കോച്ചിംഗ് സെന്റർ മാഫിയകളും ചേർന്നാണു പ്രദീപിന്റെ ജീവിതം നഷ്ടമാക്കിയത്. ചോദ്യപേപ്പർ ചോർച്ച ലക്ഷക്കണക്കിനു വിദ്യാർഥികളെ കടുത്ത മാനസിക സമ്മർദത്തിലാക്കിയെന്നും ഇതിനുത്തരവാദി കേന്ദ്ര വിദ്യാഭ്യാസമന്ത്രിയാണെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
National
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ ഉയർന്ന വിവാദങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വിഷയത്തിൽ പ്രധാനമന്ത്രിയുടെ നിശബ്ദതയെ ചോദ്യം ചെയ്താണ് രാഹുൽ ഗാന്ധി രംഗത്തെത്തിയത്.
പരീക്ഷ റദ്ദാക്കിയതിന് പിന്നാലെ വിദ്യാർഥികൾ ജീവനൊടുക്കിയത് ഉൾപ്പെടെ ഉന്നയിച്ച് രാഹുൽ ഗാന്ധി കേന്ദ്ര സർക്കാരിനെ വിമർശിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ അടിയന്തരമായി പദവിയിൽ നിന്ന് പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിദ്യാർഥികളെ കൊല ചെയ്തത് സർക്കാരാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവിയെ ബാധിച്ച ഇത്രയും വലിയൊരു വിഷയത്തിൽ പ്രധാനമന്ത്രി ഇതുവരെ പ്രതികരിക്കാത്തത് എന്തുകാണ്ടാണെന്നും രാഹുൽ ചോദിച്ചു.
വിഷയം പാർലമെന്റിൽ ഉൾപ്പെടെ ശക്തമായി ഉന്നയിക്കുമെന്നും വിദ്യാർഥികൾക്ക് നീതി ഉറപ്പാക്കാൻ പ്രതിപക്ഷം ഒപ്പമുണ്ടാകുമെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: നീറ്റ് യുജി ബയോളജി ചോദ്യ പേപ്പർ ചോർച്ച കേസിൽ പൂന സ്വദേശിയായ ബോട്ടണി അധ്യാപികയെ സിബിഐ അറസ്റ്റ് ചെയ്തു. ഇതോടെ കേസിൽ അറസ്റ്റിലായ ആകെ പ്രതികളുടെ എണ്ണം ഒമ്പതായി.
ചോദ്യം ചെയ്തതിന് പിന്നാലെ ഡൽഹിയിൽ വച്ച് മനീഷ ഗുരുനാഥ് മന്ധാരെയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) നീറ്റ് പരീക്ഷയ്ക്കായി നിയോഗിച്ച ഒരു വിദഗ്ദ്ധയായിരുന്നു ഇവർ.
ഏപ്രിലിൽ, നേരത്തെ അറസ്റ്റിലായ പൂനയിൽ നിന്നുള്ള മറ്റൊരു പ്രതിയായ മനീഷ വാഗ്മറെ വഴി അവർ നീറ്റ് ഉദ്യോഗാർഥികളുമായി ബന്ധപ്പെടുകയും തന്റെ വീട്ടിൽ വച്ച് വിദ്യാർഥികൾക്ക് പരിശീലന ക്ലാസുകൾ നൽകുകയും ചെയ്തു.
സസ്യശാസ്ത്രം, സുവോളജി എന്നീ വിഷയങ്ങളിൽ നിന്നുള്ള പ്രധാന ചോദ്യങ്ങൾ ഇവർ ഉദ്യോഗാർഥികൾക്ക് പറഞ്ഞു നൽകിയതായി സിബിഐ പറഞ്ഞു. മേയ് മൂന്നിന് നടന്ന നീറ്റ്-യുജി പരീക്ഷയുടെ യഥാർഥ ചോദ്യങ്ങളുമായി മിക്ക ചോദ്യങ്ങളും ഒത്തുനോക്കിയതായി അന്വേഷണ ഏജൻസി പറഞ്ഞു.
സിബിഐ, രാജ്യത്തുടനീളമുള്ള ആറ് സ്ഥലങ്ങളിൽ റെയ്ഡ് നടത്തി കുറ്റകൃത്യത്തിന് ഉപയോഗിച്ച ലാപ്ടോപ്പുകൾ, ബാങ്ക് സ്റ്റേറ്റ്മെന്റുകൾ, മൊബൈൽ ഫോണുകൾ എന്നിവ പിടിച്ചെടുത്തു.
കേസിൽ ഇതുവരെ അറസ്റ്റിലായ ഒമ്പത് പ്രതികൾ ഡൽഹി, ജയ്പൂർ, ഗുരുഗ്രാം, നാസിക്, പൂനെ, അഹ്ലിയാനഗർ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. ഇവരിൽ അഞ്ച് പേരെ ഏഴ് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്. പൂനെയിൽ നിന്ന് അറസ്റ്റിലായ രണ്ട് പേരെ ഡൽഹിയിലേക്ക് കൊണ്ടുവരുന്നു. ബാക്കിയുള്ളവരെ ചോദ്യം ചെയ്തുവരികയാണ്.
National
ന്യൂഡൽഹി: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷാ സംവിധാനത്തിൽ നിർണായക പരിഷ്കാരങ്ങൾ പ്രഖ്യാപിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. അടുത്ത വർഷം മുതൽ നീറ്റ് യുജി പരീക്ഷകൾ പൂർണമായും കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റ് (സിബിടി) മോഡിലേക്ക് മാറ്റുമെന്ന് മന്ത്രി അറിയിച്ചു. ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് റദ്ദാക്കിയ നീറ്റ് യുജി 2026 പരീക്ഷയുടെ പുനഃപരീക്ഷ ജൂൺ 21-ന് നടക്കുമെന്നും മന്ത്രി സ്ഥിരീകരിച്ചു. പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാർഡുകൾ ജൂൺ 14-ഓടെ വിതരണം ചെയ്യും. പരീക്ഷാ നടത്തിപ്പിലെ സുതാര്യത ഉറപ്പാക്കാനും ക്രമക്കേടുകൾ തടയാനുമാണ് അടുത്ത വർഷം മുതൽ ഒഎംആർ ഷീറ്റ് രീതി മാറ്റി പൂർണമായും സിബിടി രീതി നടപ്പിലാക്കുന്നത്.
മേയ് മൂന്നിനാണ് ഇത്തവണത്തെ നീറ്റ് യുജി പരീക്ഷ നടന്നത്. എന്നാൽ മേയ് ഏഴോടെ 'ഗെസ് പേപ്പർ' പ്രചരിച്ചതുമായി ബന്ധപ്പെട്ട് പരാതികൾ ഉയരുകയും കേന്ദ്ര ഏജൻസികൾ നടത്തിയ അന്വേഷണത്തിൽ ചോദ്യപേപ്പർ ചോർന്നതായി സ്ഥിരീകരിക്കുകയും ചെയ്തു.
പരീക്ഷാ ചോർച്ച സ്ഥിരീകരിച്ചതോടെ വിദ്യാർത്ഥികളുടെ ഭാവിയും നീതിയും മുൻനിർത്തി മേയ് 12-ന് പരീക്ഷ പൂർണമായി റദ്ദാക്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നുവെന്ന് മന്ത്രി വ്യക്തമാക്കി.
ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ ആശങ്കയിലായ സാഹചര്യത്തിലാണ് പരീക്ഷാ തീയതിയും ഭാവി പരിഷ്കാരങ്ങളും കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.
Kerala
ന്യൂഡൽഹി: നീറ്റ് പുനഃപരീക്ഷ തീയതി പ്രഖ്യാപിച്ചു. ജൂൺ 21നാണ് പരീക്ഷ നടക്കുക. ചോദ്യപേപ്പർ ചോർച്ചയുണ്ടായെന്ന ആരോപണത്തെ തുടർന്ന് മേയ് മൂന്നിന് നടന്ന പരീക്ഷ റദ്ദാക്കിയിരുന്നു.
അന്വേഷണ ഏജൻസികൾക്ക് പുറമെ എൻടിഎ നടത്തിയ ആഭ്യന്തര അന്വേഷണവും കണക്കിലെടുത്തായിരുന്നു നടപടി. ഏകദേശം 24 ലക്ഷത്തോളം വിദ്യാർഥികളാണ് മേയ് മൂന്നിന് നീറ്റ് പരീക്ഷ എഴുതിയത്.
പരീക്ഷ കഴിഞ്ഞ് നാല് ദിവസങ്ങൾക്ക് ശേഷമാണ് ക്രമക്കേടുകളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്. 2026-ലെ നീറ്റ് പരീക്ഷയിൽ വ്യാപകമായ ക്രമക്കേടുകൾ നടന്നെന്ന ആരോപണത്തിൽ രാജസ്ഥാൻ പോലീസിന്റെ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് അന്വേഷണം ആരംഭിച്ചിരുന്നു. പരീക്ഷയ്ക്ക് മുൻപ് പ്രചരിച്ച ഒരു ചോദ്യപേപ്പറിൽ നിന്നുള്ള 120 ചോദ്യങ്ങൾ യഥാർത്ഥ ചോദ്യപേപ്പറിലും വന്നതായാണ് കണ്ടെത്തിയത്.
National
ലഖിംപുർ ഖേരി: നീറ്റ് യുജി പരീക്ഷ റദ്ദാക്കിയതിനെത്തുടർന്ന് വിദ്യാർഥി ജീവനൊടുക്കി. യുപിയിലെ ലഖിംപുർ സ്വദേശി റിതിക് മിശ്ര (21) ആണ് വീട്ടിൽ തൂങ്ങിമരിച്ചത്.
മൂന്നാം തവണ നീറ്റ് പരീക്ഷയെഴുതിയ റിതിക് ഇത്തവണ തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നുവെന്ന് പിതാവ് അനൂപ് മിശ്ര പറഞ്ഞു.
പരീക്ഷ റദ്ദാക്കിയതിനെത്തുടർന്ന് റിതിക് കടുത്ത മാനസിക സമ്മർദത്തിലായിരുന്നുവെന്ന് പിതാവ് കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: നീറ്റ് യുജി ചോദ്യപേപ്പർ ചോർച്ച കേസിൽ രണ്ടു പേർകൂടി അറസ്റ്റിലായി. ധനഞ്ജയ് ലോഖണ്ഡെ, മനീഷ വാഗ്മരെ എന്നിവരെയാണ് ഇന്നലെ അറസ്റ്റ് ചെയ്തത്.
ലോഖണ്ഡെയെ അഹല്യനഗറിൽനിന്നും വാഗ്മരെയെ പൂനയിൽനിന്നുമാണ് പിടികൂടിയത്. 24 മണിക്കൂറിനിടെ രാജ്യത്തെ 14 കേന്ദ്രങ്ങളിൽ സിബിഐ പരിശോധന നടത്തി.
കഴിഞ്ഞ ദിവസം അറസ്റ്റിലായ അഞ്ചു പേരെ ഡൽഹി കോടതി സിബിഐ കസ്റ്റഡിയിൽ വിട്ടു.
ചോദ്യപേപ്പർ ചോർച്ചയുടെ ഉറവിടം കണ്ടെത്താനാണ് സിബിഐ ശ്രമിക്കുന്നത്. ഒട്ടേറെ എൻടിഎ ഓഫീസർമാർ സിബിഐയുടെ നിരീക്ഷണത്തിലാണ്.
National
ന്യൂഡൽഹി: നീറ്റ് യുജി ചോദ്യപേപ്പർ ചോർച്ചയിൽ രാജസ്ഥാനിലെ യുവമോർച്ച നേതാവ് ഉൾപ്പെടെ അഞ്ചുപേരെ സിബിഐ എറസ്റ്റ്ചെയ്തു.
ജയ്പുരിലെ യുവമോർച്ച നേതാവ് ദിനേശ് ബിവാൽ സഹോദരൻ മംഗിലാൽ ബിവാൽ, വികാസ് ബിവാൽ, നാസിക് സ്വദേശി ശുഭം ഖൈര്‍നാര്‍, ഗുരുഗ്രാം സ്വദേശി യാഷ് യാദവ് എന്നിവരാണു പിടിയിലായത്.
സംസ്ഥാനത്തെ പ്രമുഖ ബിജെപി നേതാക്കള്‍ക്കൊപ്പം നില്ക്കുന്ന ഒട്ടേറെ ചിത്രങ്ങൾ ദിനേശ് ബിവാൽ സമൂഹമാധ്യമ അക്കൗണ്ടുകളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഏറെ നാളായി സികാര്‍ കേന്ദ്രീകരിച്ചാണ് ഇയാളുടെ പ്രവർത്തനം. ഇവരുടെ അടുത്ത ബന്ധുക്കളായ നാലു പേർ കഴിഞ്ഞവർഷം നീറ്റ് പരീക്ഷയില്‍ വിജയിച്ചിരുന്നു. ഇതും സംശയത്തിന് ഇടയാക്കുകയാണ്.
അറസ്റ്റിലായ യാഷ് യാദവിൽ നിന്ന് കഴിഞ്ഞവർഷവും ഇവർ ചോദ്യപേപ്പർ വാങ്ങിയെന്നാണ് സംശയം.
ഗുരുഗ്രാമില്‍ എംബിബിഎസ് കൗണ്‍സിലിംഗ് നൽകുന്ന സ്ഥാപനത്തിന്റെ ഉടമയാണ് യാഷ് യാദവ്. 15 ലക്ഷം രൂപയ്ക്കാണ് ഇയാൾ ചോദ്യാവലി ദിനേശ് ബിവാലിനു നൽകിയത്. നീറ്റ് പരീക്ഷയ്ക്ക് നാലുദിവസം മുമ്പായിരുന്നു കൈമാറ്റം.
ഇത് ബിഹാര്‍, ജമ്മുകാഷ്മീര്‍ സ്വദേശികളായ ഏതാനും പേര്‍ക്കു ദിനേഷ് ബിവാൽ കൈമാറി. സിബിഐ പിടികൂടിയ ശുഭം ഖൈര്‍നാറിനു കൊറിയര്‍ വഴി ചോദ്യപേപ്പറിന്റെ ഡിജിറ്റല്‍ പകര്‍പ്പ് കൈമാറിയതു മഹാരാഷ്ട്ര സ്വദേശി ധനഞ്ജയ് ലോഖണ്ഡേ എന്നയാളാണെന്നും കണ്ടെത്തിയിട്ടുണ്ട്. രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ സിബിഐ സംഘം പരിശോധന നടത്തി.
Kerala
കൊച്ചി: 24 ലക്ഷത്തോളം വിദ്യാർഥികളുടെ ഭാവി പന്താടുകയും അവരുടെ മാതാപിതാക്കളെ നിരാശയിലാഴ്ത്തുകയും ചെയ്ത നീറ്റ് പരീക്ഷാ ക്രമക്കേടിൽ ജുഡീഷൽ അന്വേഷണം നടത്തണമെന്ന് ഓൾ ഇന്ത്യ സേവ് എഡ്യുക്കേഷൻ കമ്മിറ്റി ആവശ്യപ്പെട്ടു.
2024ലെ നീറ്റ് യുജി പരീക്ഷയിലെ വൻ അഴിമതിയും കെടുകാര്യസ്ഥതയും ഇക്കുറിയും ആവർത്തിച്ചിരിക്കുകയാണെന്നും പ്രസിഡന്റ് ഡോ. ജോർജ് ജോസഫ്, സെക്രട്ടറി അഡ്വ. ശാന്തി രാജ് എന്നിവർ ആരോപിച്ചു.
National
ന്യൂഡൽഹി: രാജ്യത്തെ ഞെട്ടിച്ച നീറ്റ് ചോദ്യച്ചോർച്ചയിൽ ഉന്നത ബിജെപി നേതാക്കൾക്കു പങ്കുണ്ടെന്ന ആരോപണവുമായി യൂത്ത് കോണ്‍ഗ്രസും നാഷണൽ സ്റ്റുഡന്റ്സ് യൂണിയൻ ഓഫ് ഇന്ത്യ (എൻഎസ് യുഐ).
നീറ്റ് ചോദ്യപേപ്പർ ചോർച്ചയുടെ കേന്ദ്രം രാജസ്ഥാനാണെന്നും രാജസ്ഥാനിലെ ബിജെപി സർക്കാരിന്റെ കീഴിൽ റാക്കറ്റിന് രാഷ്ട്രീയ സംരക്ഷണം ലഭിച്ചിരുന്നുവെന്നും യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷൻ ഉദയ് ഭാനു ചിബും എൻഎസ്യുഐ അധ്യക്ഷൻ വിനോദ് ജാഖറും ഡൽഹിയിലെ കോണ്‍ഗ്രസ് കാര്യാലയത്തിൽ നടന്ന വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ജയ്പുരിൽ ആരോപണ വിധേയരായവർ രാജസ്ഥാനിലെ പ്രമുഖ ബിജെപി നേതാക്കളുമായി ചേർന്നെടുത്തിട്ടുള്ള ഫോട്ടോകൾ ചൂണ്ടിക്കാട്ടിയായിരുന്നു ആരോപണം.
രാജസ്ഥാനിലെ കോച്ചിംഗ് ഹബ്ബുകളായിട്ടുള്ള നഗരങ്ങളിലെ മിക്ക കോച്ചിംഗ് സ്ഥാപനങ്ങളും ബിജെപി നേതാക്കളുടെ ഉടമസ്ഥതയിലുള്ളതാണെന്നും കേസുമായി ബന്ധപ്പെട്ട് കോച്ചിംഗ് സ്ഥാപനങ്ങളിലെ ജീവനക്കാരെ ചോദ്യം ചെയ്തെങ്കിലും പിന്നീട് രാഷ്ട്രീയ സമ്മർദത്തിനു വഴങ്ങി അവരെ വിട്ടയച്ചതായും എൻഎസ്യുഐ അധ്യക്ഷൻ ആരോപിച്ചു.
10 വർഷത്തിനിടെ 89 പേപ്പർ ചോർച്ചയുണ്ടായിട്ടുണ്ടെന്നും 48 തവണ പരീക്ഷകൾ വീണ്ടും നടത്തേണ്ടി വന്നിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി ദേശീയ പരീക്ഷാ ഏജൻസി (എൻടിഎ) നിരോധിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷൻ ഉദയ് ഭാനു ചിബും ആവശ്യപ്പെട്ടു.
ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്നും അന്വേഷണം നടത്താനായി സംയുക്ത പാർലമെന്ററി സമിതി (ജെപിസി) രൂപീകരിക്കണമെന്നും വിദ്യാർഥികൾക്ക് നഷ്ടപരിഹാരം നൽകണമെന്നും ഇരു സംഘടനകളും ആവശ്യപ്പെട്ടിട്ടുണ്ട്.
National
ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിൽ ബിഎഎംഎസ് വിദ്യാർഥി അറസ്റ്റിൽ. ശുഭം ഖൈർനാർ എന്ന വിദ്യാർഥിയാണ് അറസ്റ്റിലായത്. മുഖ്യസൂത്രധാരൻ എന്ന് സംശയിക്കുന്ന മനീഷ് യാദവും കസ്റ്റഡിയിലായിട്ടുണ്ട്. ഇതോടെ കേസിൽ അഞ്ച് സംസ്ഥാനങ്ങളിലായി ഒമ്പതുപേർ അറസ്റ്റിലായി.
ശുഭം ഖൈർനർക്കാണ് 120 ചോദ്യങ്ങൾ അടങ്ങിയ നീറ്റ് പരീക്ഷയുടെ മാതൃകാ ചോദ്യപേപ്പർ ലഭിച്ചത്. ഇയാൾ ഇതിന്റെ സോഫ്റ്റ് കോപ്പി വാട്സാപ്പിലൂടെ ഹരിയാനയിലെ ഗുരുഗ്രാമിലുള്ള ഒരു വിദ്യാർഥിക്ക് കൈമാറി. അവിടെനിന്നും ചോദ്യപ്പേർ രാജസ്ഥാൻ, കേരളം, ഉത്തരാഖണ്ഡ്, ജമ്മുകാഷ്മീർ, ബിഹാർ തുടങ്ങിയ സ്ഥലങ്ങളിലെ വിദ്യാർഥികളിലേക്ക് പ്രചരിച്ചു.
ഇക്കൂട്ടത്തിൽ കേരളത്തിൽ പഠിക്കുന്ന രാജസ്ഥാനിലെ ചുരു സ്വദേശിയായ വിദ്യാർഥിനിക്കും ലഭിച്ചു. ഈ വിദ്യാർഥിനി ചോദ്യപേപ്പർ ചുരുവിൽ ഹോസ്റ്റൽ നടത്തുന്ന തന്റെ പിതാവിന് കൈമാറി. അയാൾ അത് തന്റെ ഹോസ്റ്റലിലെ കുട്ടികൾക്കും സീക്കറിലെ ഒരു കോച്ചിംഗ് സെന്ററിനും കൈമാറി.
ഈ കോച്ചിംഗ് സെന്ററിൽനിന്നാണ് ചോദ്യപേപ്പർ ചോർന്നുവെന്ന സൂചന എൻടിഎ അധികൃതർക്കും പോലീസിനും ലഭിച്ചത്. മാതൃക ചോദ്യപേപ്പറിലെ ചോദ്യങ്ങൾ യഥാർത്ഥ ചോദ്യപേപ്പറിലെ 140 ചോദ്യങ്ങളുമായി സാമ്യം കണ്ടെത്തിയത്തോടെയാണ് ക്രമക്കേട് പുറത്തറിയുന്നത്.
National
ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷ റദ്ദാക്കിയ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ തീരുമാനത്തിന് പിന്നാലെ കേന്ദ്ര സർക്കാരിനെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രിയുടെ 'അമൃതകാലം' രാജ്യത്തെ യുവാക്കൾക്ക് 'വിഷകാല'മായി മാറിയിരിക്കുകയാണെന്ന് അദ്ദേഹം പരിഹസിച്ചു.
അഴിമതി നിറഞ്ഞ ബിജെപി ഭരണകൂടം 22 ലക്ഷത്തിലധികം വിദ്യാർത്ഥികളുടെ കഠിനാധ്വാനവും ത്യാഗവും സ്വപ്നങ്ങളുമാണ് തകർത്തതെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. പല മാതാപിതാക്കളും കടം വാങ്ങിയും ആഭരണങ്ങൾ വിറ്റുമാണ് മക്കളെ പഠിപ്പിച്ചതെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ഇതൊരു ഭരണപരമായ പരാജയം മാത്രമല്ല, രാജ്യത്തെ യുവാക്കളുടെ ഭാവിക്ക് നേരെയുള്ള കുറ്റകൃത്യമാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു. പേപ്പർ മാഫിയകൾ എപ്പോഴും രക്ഷപ്പെടുന്നു, ശിക്ഷ അനുഭവിക്കുന്നത് പാവപ്പെട്ട കുടുംബങ്ങളിൽ നിന്നുള്ള സത്യസന്ധരായ വിദ്യാർത്ഥികളാണെന്നും അദ്ദേഹം പറഞ്ഞു.
പരീക്ഷകൾ ഇപ്പോൾ ഒരു 'ലേലമായി' മാറിയിരിക്കുകയാണ്. കഠിനാധ്വാനത്തിന് പകരം പണവും സ്വാധീനവുമാണ് ഒരാളുടെ ഭാവി തീരുമാനിക്കുന്നതെങ്കിൽ വിദ്യാഭ്യാസത്തിന് എന്ത് അർത്ഥമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു.
മേയ് മൂന്നിന് നടന്ന നീറ്റ് പരീക്ഷയിൽ ചോദ്യപേപ്പർ ചോർന്നുവെന്ന കണ്ടെത്തലിനെ തുടർന്നാണ് പരീക്ഷ റദ്ദാക്കിയത്. സംഭവത്തിൽ കേന്ദ്ര സർക്കാർ സിബിഐ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പരീക്ഷാ അട്ടിമറിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്നും കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.
National
ന്യൂഡൽഹി: രാജ്യത്തെ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് യുജി റദ്ദാക്കിയതിന് പിന്നാലെ, ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട സമഗ്രമായ അന്വേഷണം സിബിഐയ്ക്ക് കൈമാറി. പരീക്ഷാ സംവിധാനത്തിന്റെ വിശ്വാസ്യത നിലനിർത്തുന്നതിനും വിദ്യാർത്ഥികളുടെ താത്പര്യം സംരക്ഷിക്കുന്നതിനുമാണ് സർക്കാർ ഈ തീരുമാനമെടുത്തതെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി അറിയിച്ചു.
കേന്ദ്ര ഏജൻസികളും വിവിധ സംസ്ഥാനങ്ങളിലെ പോലീസും നൽകിയ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് കേസ് സിബിഐയ്ക്ക് കൈമാറിയത്. ചോദ്യപേപ്പർ ചോർച്ചയുടെ ആസൂത്രണം, പണമിടപാടുകൾ, ഇതിന് പിന്നിൽ പ്രവർത്തിച്ച മാഫിയകൾ എന്നിവയെക്കുറിച്ചാകും സിബിഐ അന്വേഷിക്കുക. അന്വേഷണത്തിന് ആവശ്യമായ എല്ലാ രേഖകളും സഹായങ്ങളും നൽകുമെന്ന് എൻടിഎ വ്യക്തമാക്കിയിട്ടുണ്ട്.