എസ്എഫ്ഐ നടത്തിയ ഹെഡ്പോസ്റ്റ് ഓഫീസ് മാർച്ചിനു നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ
കണ്ണൂര്‍: നീറ്റ് പരീക്ഷാ ക്രമക്കേടില്‍ കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന് രാജിവയ്ക്കുക, അവകാശപത്രിക അംഗീകരിക്കുക തുടങ്ങിയ 101 ആവശ്യങ്ങളുന്നയിച്ച് എസ്എഫ്ഐ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ അവകാശപത്രിക മാര്‍ച്ചിൽ സംഘർഷം. സമരക്കാർക്കു നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. മാർച്ച് തടയാൻ പോലീസ് ബാരിക്കേഡ് നിരത്തിയിരുന്നെങ്കിലും സമരക്കാർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെ പോലീസും വിദ്യാർഥികളും തമ്മിൽ ഉന്തുംതള്ളുമുണ്ടായി. ഇതിനിടെയാണ് സമരക്കാരെ പിരിച്ചുവിടാൻ പോലീസ് ജലപീരങ്കി പ്രയോഗിച്ചത്. ഇതോടെ സമരക്കാർ ജലപീരങ്കി വാഹനത്തിനു നേരെ തിരിഞ്ഞു. ജലപീരങ്കി വാഹനത്തിനു നേരെ തിരിഞ്ഞവരെ തടയാൻ പോലീസ് ശ്രമിച്ചതോടെ വീണ്ടും സംഘർഷാവസ്ഥ ഉടലെടുത്തു. പോലീസും സമരക്കാരും തമ്മിലുണ്ടായ ഉന്തും തള്ളിനും പിന്നാലെ ചിലർ ജലപീരങ്കി വാഹനത്തിനു മുകളിൽ കയറി കൊടി കെട്ടി. നേതാക്കൾ ഇടപെട്ടാണ് പ്രവർത്തകരെ ശാന്തരാക്കിയത്. പിന്നീട് സമരക്കാർ റോഡിൽ കുത്തിയിരുന്നു മുദ്രാവാക്യം മുഴക്കി. സംഘർഷാവസ്ഥയെ തുടർന്ന് ഹെഡ്പോസ്റ്റ് ഓഫീസിന് സമീപത്തുകൂടെയുള്ള വാഹനഗതാഗതം തടസപ്പെട്ടു. ഒരുമണിക്കൂറോളം യുദ്ധ സമാനമായ അന്തരീക്ഷമായിരുന്നു ഹെഡ് പോസ്റ്റ് ഓഫീസ് പരിസരത്തുണ്ടായത്.
ഇന്ത്യന്‍ ഭരണഘടനയുടെ മാതൃകയും ഭഗത് സിംഗിന്റെ ചിത്രവും പിടിച്ചായിരുന്നു സമരം. എസ്എഫ്ഐ കേന്ദ്രകമ്മിറ്റിയംഗം ബിപിന്‍രാജ് പായം ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് ടി.പി. ആദര്‍ശ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സ്വാതി പ്രദീപ്, കെ.കെ. ഗിരീഷ്, കെ.പി. അലീഷ, ജില്ലാ വൈസ് പ്രസിഡന്റുമാരായ എം. അശ്വന്ത്, കെ.എന്‍. വൈഷ്ണവ്, ജോയൽ തോമസ് എന്നിവർ പ്രസംഗിച്ചു.
Tags : Local News Nattuvishesham NEET SFI march