ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷാ ക്രമക്കേടുകളിലും ചോദ്യപേപ്പർ ചോർച്ചയിലും രാജ്യവ്യാപക പ്രതിഷേധം ശക്തമാകുന്നതിനിടെ, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനും നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്കും തിരിച്ചടിയായി സിവോട്ടർ സർവേ ഫലം. സർവേയിൽ പങ്കെടുത്ത ഭൂരിഭാഗം പേരും വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെടുമ്പോൾ, ഭരണകക്ഷിയായ എൻഡിഎയെ പിന്തുണയ്ക്കുന്ന വോട്ടർമാരിൽ 58 ശതമാനം പേരും ധർമേന്ദ്ര പ്രധാൻ സ്ഥാനമൊഴിയണം എന്ന അഭിപ്രായക്കാരാണ്.
സർവേയിൽ പങ്കെടുത്ത ആകെ ആളുകളിൽ 66 ശതമാനം പേരും മന്ത്രിയുടെ രാജി ആവശ്യപ്പെട്ടു. ചോദ്യപേപ്പർ ചോർച്ചയുടെ പ്രധാന ഉത്തരവാദി വിദ്യാഭ്യാസ മന്ത്രിയാണെന്ന് 46 ശതമാനം പേർ വിരൽ ചൂണ്ടിയപ്പോൾ, 12 ശതമാനം പേർ എൻടിഎയെ കുറ്റപ്പെടുത്തി. പരീക്ഷാ നടത്തിപ്പിലെ വിശ്വാസ്യത തകർന്ന പശ്ചാത്തലത്തിൽ എൻടിഎ പിരിച്ചുവിടണമെന്ന് 61 ശതമാനം പേർ അഭിപ്രായപ്പെട്ടു. പരീക്ഷകൾ കേന്ദ്രീകൃതമായി നടത്തുന്നതിന് പകരം സംസ്ഥാനങ്ങൾക്കും സർവകലാശാലകൾക്കും തന്നെ ചുമതല തിരികെ നൽകണമെന്നും സർവേയിൽ ആവശ്യമുയർന്നു.
മേയ് മൂന്നിന് നടന്ന പരീക്ഷയിലെ ക്രമക്കേടുകളെ തുടർന്ന് ജൂൺ 21-ലേക്ക് പുനഃപരീക്ഷ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനകം തന്നെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് ഉൾപ്പെടെയുള്ള കക്ഷികൾ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് രംഗത്തുണ്ട്. ഇതിന് പിന്നാലെ എൻഡിഎ അനുകൂലികൾക്കിടയിൽ നിന്നുപോലും മന്ത്രിക്കെതിരെ വികാരം ശക്തമാകുന്നത് കേന്ദ്ര സർക്കാരിന് വലിയ പ്രതിസന്ധിയാവുകയാണ്.
Tags : Dharmendra Pradhan Latest News NEET