നീറ്റ് പരീക്ഷാ ക്രമക്കേടിൽ മുൻ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെതിരായ പ്രതിഷേധം
ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ പ്രതിഷേധിച്ചവർക്കെതിരെ തുടർനടപടികൾ സ്വീകരിക്കില്ലെന്ന് വ്യക്തമാക്കി ഡൽഹി സർക്കാരും. സമരക്കാർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കാൻ സർക്കാർ ഉത്തരവിട്ടു. നിലവിൽ എടുത്ത കേസുകളിൽ ഇനി നടപടിയുണ്ടാകില്ലെന്നും ഭാവിയിലും പ്രക്ഷോഭകർക്കെതിരെ പ്രതികൂല നടപടികൾ സ്വീകരിക്കില്ലെന്നും ഡൽഹി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. എന്നാൽ ക്രിമിനൽ പശ്ചാത്തലമുള്ളവർക്ക് ഈ ഇളവ് ബാധകമായിരിക്കില്ല.
സംഭവവുമായി ബന്ധപ്പെട്ട് ഡൽഹി പോലീസ് ഇതുവരെ 13 എഫ്ഐആറുകളാണ് രജിസ്റ്റർ ചെയ്തിരുന്നത്. സുപ്രീംകോടതിയുടെ ഉത്തരവുകളും നിലവിലെ കേസുകളും പരിശോധിച്ച ശേഷമാണ് കേസുകളുമായി മുന്നോട്ടു പോകേണ്ടതില്ലെന്ന തീരുമാനത്തിൽ സർക്കാർ എത്തിയത്. ഡൽഹിക്ക് മുൻപ് ബിഹാർ പോലീസും പ്രതിഷേധക്കാർക്കെതിരായ എഫ്ഐആറുകൾ റദ്ദാക്കുമെന്നും കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.
ബിഹാറിലെ പാറ്റ്നയിൽ ഐസയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിന് നേരെ പോലീസ് എകെ 47 തോക്ക് ചൂണ്ടിയത് വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. തുടർന്ന് ഇതിന് ഉത്തരവാദിയായ പോലീസ് ഉദ്യോഗസ്ഥൻ അഭിഷേക് പട്ടേലിനെ സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. വിദ്യാർഥികൾക്ക് നേരെ മാരകായുധങ്ങൾ ഉപയോഗിച്ച് അടിച്ചമർത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കടുപ്പിച്ച് വിമർശിച്ചിരുന്നു. ഡൽഹി സർക്കാരിന്റെ കൂടി ഈ തീരുമാനത്തോടെ സമരം ചെയ്ത വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കും വലിയ ആശ്വാസമാണ് ലഭിച്ചിരിക്കുന്നത്.
Tags : DharmedraPradhan NEET LatestNews DeepikaNews Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash