International
സിൻസിനാറ്റി: കേരളത്തിൽ വേരുകളുള്ള വിവേക് രാമസ്വാമി അമേരിക്കയിലെ ഒഹായിയോ സംസ്ഥാനത്തെ ഗവർണർ തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർഥിത്വം സ്വന്തമാക്കി.
കഴിഞ്ഞദിവസം നടന്ന റിപ്പബ്ലിക്കൻ പ്രൈമറിയിൽ കേസി പുട്സ്ച്ചിനെയാണു തോല്പിച്ചത്. വിവേകിന് 82 ശതമാനം വോട്ട് ലഭിച്ചു.
നവംബറിൽ നടക്കുന്ന ഗവർണർ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ ഡോ. ആമി ആക്റ്റണിനെയാണു വിവേക് നേരിടുക. ഒഹായിയോ സംസ്ഥാനത്തെ ആരോഗ്യവകുപ്പ് മേധാവിയായിരുന്ന ആമി കോവിഡ് നിയന്ത്രണ മാർഗങ്ങളിലുടെ പ്രശസ്തയാണ്. ഡെമോക്രാറ്റിക് പാർട്ടിയിൽ എതിരില്ലാതെയാണ് ആമിക്കു സ്ഥാനാർഥിത്വം ലഭിച്ചത്.
അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെയും വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെയും പിന്തുണ വിവേകിനുണ്ട്. 2024ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിത്വം സ്വന്തമാക്കാൻ ട്രംപുമായി വിവേക് മത്സരിച്ചിരുന്നു.
പിന്നീട് പിന്മാറി ട്രംപിനു പിന്തുണ പ്രഖ്യാപിച്ചു. ട്രംപ് ഭരണമേറ്റയുടൻ രൂപവത്കരിച്ച ‘ഗവൺമെന്റ് കാര്യക്ഷമതാ വകുപ്പിന്’ ഇലോൺ മസ്കിനൊപ്പം വിവേകും കുറച്ചുനാൾ നേതൃത്വം നല്‍കിയിരുന്നു.
Kerala
പാലക്കാട്: യുഡിഎഫ് തരംഗലത്തിനിടയിലും ആലത്തൂർ മണ്ഡലം നിലനിർത്തി സിപിഎം. ടി.എം. ശശി 8553 വോട്ടുകൾക്കാണ് വിജയിച്ചത്.
കെ.എം. ഫെബിൻ ആയിരുന്നു യുഡിഎഫ് സ്ഥാനാർഥി. കെ.വി. പ്രസന്നകുമാറാണ് എന്‍ഡിഎ സ്ഥാനാർഥിയായി മത്സരിച്ചത്.
Kerala
കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർഥിക്കെതിരേ മത്സരിച്ചയാളുടെ മൈക്ക് പ്രചാരണത്തിനു വാഹനമോടിച്ചതിന് ഡ്രൈവർ ജോലി ചെയ്യുന്ന പാർട്ടി അംഗത്തെ സിപിഎം പുറത്താക്കി. പയ്യന്നൂർ ടൗൺ ബ്രാഞ്ച് അംഗം തായിനേരിയിലെ എൻ.വി. കുഞ്ഞികൃഷ്ണനെയാണ് സിപിഎം പുറത്താക്കിയത്.
സിപിഎം ലോക്കല്‍ കമ്മിറ്റിയുള്‍പ്പെടെയുള്ള മേല്ക്കമ്മിറ്റികളെടുത്ത തീരുമാനം ബുധനാഴ്ചയാണ് ടൗണ്‍ എ ബ്രാഞ്ചില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഫണ്ടുകളിലെ ക്രമക്കേട് ഉന്നയിച്ച് സിപിഎമ്മിനെ പ്രതിരോധത്തിലാക്കുകയും എൽഡിഎഫ് സ്ഥാനാർഥി ടി.ഐ. മധുസൂദനനെതിരേ യുഡിഎഫ് പിന്തുണയോടെ മത്സരിക്കുകയും ചെയ്ത വി. കുഞ്ഞികൃഷ്ണന്റെ തെരഞ്ഞെടുപ്പ് പ്രചാരണ വാഹനം എൻ.വി. കുഞ്ഞികൃഷ്ണൻ ഓടിച്ചിരുന്നു. ഇതാണ് പാർട്ടിയെ ചൊടിപ്പിച്ചത്.
തന്റെ ഉപജീവനമാർഗമാണ് വാഹനമോടിക്കലെന്നാണ് ഇതു സംബന്ധിച്ച് എൻ.വി. കുഞ്ഞികൃഷ്ണൻ പറഞ്ഞത്. നാലു പതിറ്റാണ്ടിലേറെയായി പാർട്ടിയുമായി ബന്ധമുള്ള താൻ 23 വർഷമായി സ്വന്തമായി വാഹനം ഓടിച്ചാണ് ജീവിക്കുന്നത്. പത്തു ദിവസത്തെ പണി കിട്ടിയപ്പോൾ പോയി. വാഹനം വിളിക്കുന്നയാളുടെ രാഷ്ട്രീയം നോക്കിയല്ല ഇത്രയും കാലം ജോലി ചെയ്തത്. കൂടാതെ വി. കുഞ്ഞികൃഷ്ണന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വാഹനം ഓടിക്കരുതെന്ന് പാർട്ടി നേതൃത്വം തനിക്ക് ഒരു നിർദേശവും നൽകിയിട്ടില്ലെന്നും എൻ.വി. കുഞ്ഞികൃഷ്ണൻ പറഞ്ഞു.
വി. കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശന ചടങ്ങില്‍ പങ്കെടുത്തതിന് പയ്യന്നൂരിലെ മറ്റൊരു പാർട്ടി അംഗമായിരുന്ന ടി. പുരുഷോത്തമനെ ദിവസങ്ങള്‍ക്ക് മുന്‍പ് സിപിഎം പുറത്താക്കിയിരുന്നു.
Kerala
പാലക്കാട്: ചിറ്റൂർ നിയമസഭാമണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥിക്കു വോട്ടഭ്യർഥിച്ച് ബിജെപി സ്ഥാനാർഥിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി പ്രണേഷ് രാജേന്ദ്രന്റെ ഫേസ്ബുക്ക് പേജിലാണ് എൽഡിഎഫ് സ്ഥാനാർഥി വി. മുരുകദാസിനു വോട്ടഭ്യർഥിച്ചുകൊണ്ടുള്ള കുറിപ്പ് പ്രത്യക്ഷപ്പെട്ടത്.
മിനിറ്റുകൾക്കകം പോസ്റ്റ് ഡിലീറ്റ് ചെയ്തെങ്കിലും ഇതിന്റെ സ്ക്രീൻഷോട്ടുകൾ ഇതിനോടകംതന്നെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു.
യുഡിഎഫ് തരംതാഴ്ന്ന രാഷ്ട്രീയപ്രവർത്തനമാണ് ചിറ്റൂരിൽ നടത്തുന്നതെന്നും ജനാധിപത്യത്തെ പരിഹസിക്കുന്ന കോൺഗ്രസ് നാടകത്തിനു ചിറ്റൂർ മറുപടിനൽകുമെന്നുമാണ് പോസ്റ്റിൽ പറയുന്നത്.
എൽഡിഎഫ് സ്ഥാനാർഥി വി. മുരുകദാസിന്റെ ചിഹ്നമായ മോതിരം വ്യക്തമാക്കിക്കൊണ്ട് അദ്ദേഹത്തിനു വോട്ടുചെയ്യണമെന്നും വികസനത്തിന്റെ തുടർച്ചയ്ക്കായി എൽഡിഎഫിനു വോട്ടുനൽകണമെന്നും പോസ്റ്റിൽ ആഹ്വാനം ചെയ്യുന്നു.
സംഭവം വിവാദമായതിനുപിന്നാലെ തന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടെന്നും കേസെടുക്കണമെന്നും ആവശ്യപ്പെട്ട് പ്രണേഷ് രാജേന്ദ്രൻ ചിറ്റൂർ പോലീസിൽ പരാതി നൽകി.
National
മുംബൈ: മഹാരാഷ്ട്രയിലെ ബാരാമതി മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടെന്ന് തീരുമാനിച്ച് കോൺഗ്രസ്. അന്തരിച്ച ഉപമുഖ്യമന്ത്രി അജിത് പവാറിനോടുള്ള ആദരസൂചകമായി തങ്ങളുടെ സ്ഥാനാർഥിയെ കോൺഗ്രസ് പിൻവലിച്ചു. ഇതോടെ നിലവിലെ ഉപമുഖ്യമന്ത്രിയും അജിത് പവാറിന്റെ ഭാര്യയുമായ സുനേത്ര പവാർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടും എന്നുറപ്പായി.
ബാരാമതി ഉപതെരഞ്ഞെടുപ്പിൽ ആകാശ് മോറെയെയാണ് കോൺഗ്രസ് സ്ഥാനാർഥിയായി നിർത്തിയത്. എന്നാൽ പത്രിക പിൻവലിക്കാനുള്ള അവസാന തീയതിയായ ഇന്ന് ആകാശ് മോറെ സ്ഥാനാർഥിത്വം പിൻവലിച്ചു. പാർട്ടി നിർദേശപ്രകാരമാണ് സ്ഥാനാർഥിത്വം പിൻവലിച്ചത്.
സുനേത്ര പവാർ നേരിട്ട് അഭ്യർഥിച്ചത് കൊണ്ടാണ് സ്ഥാനാർഥിയെ പിൻവലിച്ചത് എന്ന് മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ ഹർഷവർധൻ സപ്കാൽ പറഞ്ഞു. മഹാരാഷ്ട്രയുടെ ചുമതലയുള്ള രമേശ് ചെന്നിത്തലയുമായും സുനേത്ര പവാർ സംസാരിച്ചു. രാഷ്ട്രീയ മര്യാദയുടെ പേരിലും അജിത് പവറിനോടുള്ള ആദരസൂചകവുമായിട്ടാണ് സ്ഥാനാർഥിയെ പിൻവലിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
Kerala
കൊച്ചി: പാലക്കാട് വോട്ട് പിടിക്കാനായി ബിജെപി സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രന് പണവും സാരിയും കൊടുക്കുന്നുണ്ടെന്ന് നേരത്തെ അറിഞ്ഞിരുന്നുവെന്നും നിയമപരമായി പരാതി നല്‍കിയിട്ടുണ്ടെന്നും രമേഷ് പിഷാരടി. പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ഥിയായി രമേശ് പിഷാരടി തൃപ്പൂണിത്തുറ ഗവണ്മെന്റ് ഗേള്‍സ് ഹൈസ്കൂളിലെ 96-ാം നമ്പര്‍ ബൂത്തിലാണ് കെ. ബാബു എംഎല്‍എക്കൊപ്പം വോട്ട് ചെയ്തത്.
പാലക്കാട് യുഡിഎഫ് അനുകൂല കാറ്റാണ് വീശുന്നതെന്ന് രമേശ് പിഷാരടി മാധ്യമങ്ങളോട് പ്രതികരിച്ചു. ഇപ്പോള്‍ തന്നെ തിരിച്ച് പാലക്കാട് മണ്ഡലത്തിലേക്ക് പോവുകയാണ്. യുഡിഎഫ് അനുകൂല കാറ്റാണ് വീശുന്നത്. പാലക്കാട് പുലര്‍ച്ചെ നാലു മുതല്‍ പിറ്റേന്ന് പുലര്‍ച്ചെ ഒന്നു വരെ എല്ലാ ദിവസവും വോട്ടര്‍മാരെ കണ്ടിട്ടുണ്ട്. മറ്റു സ്ഥാനാര്‍ഥികളെ നോക്ക് കൊണ്ടോ വാക്ക് കൊണ്ടോ ആക്രമിച്ചിട്ടില്ല. പരമാവധി ജനങ്ങളെ കണ്ടു. അതിന്റെ ഗുണം കിട്ടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"ഞാന്‍ ചെന്ന ദിവസം മുതല്‍ ആദ്യം ദുര്‍ബലനായ സ്ഥാനാര്‍ഥി എന്നായിരുന്നു പറഞ്ഞു കൊണ്ടിരുന്നത്. പിന്നെ രാഷ്ട്രീയമില്ല എന്ന് പറഞ്ഞു. വോട്ട് ചെയ്യാന്‍ അവകാശമുള്ള, രാഷ്ട്രീയക്കാരെ തെരഞ്ഞെടുക്കുന്നവരാണ് ഏറ്റവും വലിയ രാഷ്ട്രീയക്കാര്‍. ഞാന്‍ രാഷ്ട്രീയക്കാരനല്ലെന്ന് പറഞ്ഞു പരത്തി. ഞാന്‍ പറഞ്ഞതും പറയാത്തതുമായ ഓരോ കാര്യങ്ങളും ഓരോ ചാനലിന്റെ എംബ്ലം വച്ച് പ്രചരിപ്പിച്ചു.
പണം കൊടുക്കുന്നുണ്ട്, സാരി കൊടുക്കുന്നുണ്ട് എന്ന് പ്രവര്‍ത്തകരില്‍ പലരും എന്നെ അറിയിച്ചിരുന്നു. തെളിവുകള്‍ ഇല്ലാത്തതിനാല്‍ ഒന്നും ചെയ്യാന്‍ പറ്റില്ല. തെരഞ്ഞെടുപ്പ് കണ്‍വീനര്‍മാരായ മുതിര്‍ന്ന നേതാക്കള്‍ ബന്ധപ്പെട്ട ആളുകള്‍ക്ക് നിയമപരമായി പരാതി നല്‍കിയിരുന്നു. ഇന്നലെയാണ് ദൃശ്യങ്ങള്‍ പുറത്തുവന്നത്. ഏറ്റവും ജനാധിപത്യ വിരുദ്ധമായ കാര്യമാണ് ഉണ്ടായത്. എന്റെ പോസ്റ്ററുകളും ഫ്ളക്സുകളും ബിജെപി പ്രവര്‍ത്തകര്‍ വ്യാപകമായി നശിപ്പിച്ചുവെന്ന വാര്‍ത്തയാണ് ഇന്ന് രാവിലെ പാലക്കാട് നിന്നും അറിഞ്ഞത്.
ഞാന്‍ നടക്കുന്ന വീഡിയോ എടുത്ത് ഫ്ളിപ്പ് ചെയ്ത് ഇടത്തേക്ക് മുണ്ടുടുത്ത നടക്കുന്ന മതേതരന്‍ എന്ന് പ്രചരിപ്പിച്ചു. എന്റെ വായില്‍ നിന്നും നിയമവിരുദ്ധമായ കാര്യം വരരുത് എന്നതു കൊണ്ടാണ് പ്രതികരിക്കാതിരുന്നത്. നിഴലാണെന്ന് പറയേണ്ട ആവശ്യമില്ല. സ്വാഭാവിക യുക്തിയില്‍ എല്ലാവരും കണ്ട കാര്യമാണിത്. വലിയ ജനാധിപത്യവിരുദ്ധമാണ് നടന്നത്'- രമേഷ് പിഷാരടി പറഞ്ഞു.
Kerala
പത്തനംതിട്ട: അടൂരിലെ ലഘുലേഖ വിവാദത്തിൽ മാധ്യമങ്ങള്‍ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ യുഡിഎഫ് സ്ഥാനാര്‍ഥി സി.വി. ശാന്തകുമാറിനെതിരെ കേസെടുക്കാൻ ജില്ലാ കളക്ടറുടെ നിര്‍ദേശം. മാധ്യമങ്ങളോട് സംസാരിക്കരുതെന്ന തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്നാരോപിച്ചാണ് ശാന്തകുമാറിനെതിരെ കേസെടുക്കാൻ നിര്‍ദേശം നൽകിയത്.
ശാന്തകുമാറിനെ കൊലക്കേസ് പ്രതിയാക്കിയുള്ള ലഘുലേഖ പ്രചരിപ്പിച്ചതിൽ സിപിഐക്കാർക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ഇതിനുപിന്നാലെയാണിപ്പോള്‍ സംഭവത്തിൽ മാധ്യമങ്ങളോട് പ്രതികരിച്ച ശാന്തകുമാറിനെതിരെയും കേസെടുക്കാൻ നിര്‍ദേശം നൽകിയത്.
അപവാദ പ്രചാരണവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്തവരെ നോട്ടീസ് നൽകി വിട്ടയക്കുകയായിരുന്നു. സിപിഐ ഉപരോധത്തെതുടർന്നാണ് കസ്റ്റഡിയിലുള്ളവരെ വിട്ടയച്ചത്. ആർഡി ഓഫീസിനു മുന്നിൽ പ്രതിഷേധിച്ച ശാന്തകുമാർ മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടികരഞ്ഞിരുന്നു. ഇല്ലാത്ത കേസിൽ കുടക്കാൻ ശ്രമമെന്നാണ് ശാന്തകുമാര്‍ പറയുന്നത്.
Kerala
അടൂർ: വ്യാജ ലഘുലേഖ പ്രചരണത്തിൽ വൈകാരികമായി പ്രതികരിച്ച് അടൂരിലെ യുഡിഎഫ് സ്ഥാനാർഥി സി.വി. ശാന്തകുമാർ. കൊലക്കേസ് പ്രതിയെന്ന തരത്തിൽ വ്യാജപ്രചാരണം നടത്തുന്നുവെന്നും തന്നെ തേജോവധം ചെയ്യുകയാണെന്നും പറഞ്ഞ് ശാന്തകുമാർ മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞു.
ഒരു കൊലക്കേസിലും താൻ പ്രതിയല്ലെന്നും തന്റെ പേരിൽ ഇല്ലാത്ത കുറ്റങ്ങൾ ആരോപിച്ച് ലഘുലേഖകൾ ഇറക്കിയതിന് പിന്നിൽ സിപിഎം ആണെന്നും ശാന്തകുമാർ ആരോപിച്ചു. തന്റെ പേരിൽ ഒരു എഫ്ഐആറുമില്ല. ഉണ്ടെന്ന് തെളിയിച്ചാൽ സ്ഥാനാർഥിത്വം പിൻവലിക്കാമെന്നും ശാന്തകുമാർ പറഞ്ഞു.
തന്നെ വ്യക്തിഹത്യ ചെയ്യാൻ ശ്രമം നടക്കുന്നു. തനിക്ക് സങ്കടമുണ്ട് ഇങ്ങനെ ഒരു നോട്ടീസ് ഇറക്കിയതിൽ. സത്യസന്ധമായി പൊതുപ്രവർത്തനം നടത്തുന്ന ആളാണ് താൻ. തന്റെ ജീവന് പോലും ഭീഷണിയുണ്ട്. താനിപ്പോഴും ഗ്രാമപഞ്ചായത്ത് അംഗമാണ്. കളക്ടർ അന്വേഷിച്ചിരുന്നു തനിക്കെതിരെ കേസ് ഉണ്ടോ എന്ന്. തെരഞ്ഞെടുപ്പ് കമ്മീഷനിൽ തനിക്ക് വിശ്വാസമുണ്ട്. ഒരു കേസിലും താന്‍ പ്രതിയല്ല
പ്രതികളെ കണ്ടെത്താൻ കളക്ടർ നിർദ്ദേശിച്ചിരുന്നു. സത്യസന്ധമായി അന്വേഷണം നടത്തണമെന്നാണ് തന്റെ ആവശ്യം. പട്ടികജാതിക്കാരനായ എന്നെ ആക്ഷേപിക്കാനാണ് ശ്രമം. ജനം തീരുമാനിക്കട്ടെ ആര് തോൽക്കണം ആര് ജയിക്കണമെന്നും ശാന്തകുമാർ പറഞ്ഞു.
Kerala
ആലപ്പുഴ: വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ കുട്ടനാട്ടിലെ യുഡിഎഫ് സ്ഥാനാർഥി റെജി ചെറിയാനെതിരെ ഗുരുതര ആരോപണവുമായി എൽഡിഎഫ് സ്ഥാനാർഥി തോമസ് കെ. തോമസ്. റെജി ചെറിയാൻ വോട്ടർമാർക്ക് പണം കൊടുക്കുന്നുവെന്നാണ് തോമസ് കെ. തോമസ് ആരോപിക്കുന്നത്.
തൊഴിലുറപ്പ് സൈറ്റുകളിൽ എത്തി റെജി ചെറിയാൻ പണം കൊടുത്തു. തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് പരസ്യമായാണ് പണം കൊടുത്തതെന്നും തോമസ് ആരോപിച്ചു. യുഡിഎഫ് സ്ഥാനാർഥിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനേയും കോടതിയെയും സമീപിക്കുമെന്നും തോമസ് കെ. തോമസ് പറഞ്ഞു. യുഡിഎഫ് സ്ഥാനാർഥി ചെയ്യുന്നത് നിലവാരമില്ലാത്ത പ്രവർത്തനങ്ങളാണ്. തെരഞ്ഞെടുപ്പ് ചട്ടലംഘനം ഉള്ളതുകൊണ്ട് പച്ചമലയാളത്തിൽ പറയുന്ന ഭാഷ പറയുന്നില്ല.
അന്തസ്സ് ഉണ്ടെങ്കിൽ യുഡിഎഫ് സ്ഥാനാർഥി മത്സരിച്ചു ജയിക്കണം. പുറംവഴിയിലൂടെ ജയിക്കാൻ നോക്കരുത്. മനുഷ്യരോട് പ്രവർത്തിച്ചോ മാനുഷിക ഇടപെടലുകൾ നടത്താനും അറിയാത്ത ആളാണ് യുഡിഎഫ് സ്ഥാനാർഥി.
എൻസിപിയിൽ ഉണ്ടായിരുന്നപ്പോൾ കാണിക്കാവുന്ന എല്ലാ വൃത്തികേടുകളും അവിടെ കാണിച്ചു. എൻസിപിയിൽ നിന്ന് റെജി ചെറിയാനെ പുറത്താക്കിയതാണ്. കുട്ടനാട്ടിൽ ഇങ്ങനെ ഒരാളെ വേണ്ട എന്ന് ജനം തീരുമാനമെടുത്തിട്ടുണ്ട്.
യുഡിഎഫുകാർക്ക് ആകെ അബദ്ധം പറ്റിയെന്ന് അഭിപ്രായമില്ല. പി.ജെ. ജോസഫിനും പാർട്ടിക്കും പണത്തോടുള്ള ആർത്തികൊണ്ടു പറ്റിയ അബദ്ധമാണ് കുട്ടനാട്ടിലെ സ്ഥാനാർഥി. എന്ത് അഭ്യാസങ്ങൾ കാണിച്ചാലും കുട്ടനാട്ടിൽ എൽഡിഎഫ് ജയിക്കുമെന്നും തോമസ് കെ. തോമസ് പറഞ്ഞു.
Movies
തൃപ്പൂണിത്തറയിലെ ജനങ്ങൾ തന്നെ എംഎൽഎ ആയി ഇതിനോടകം തന്നെ അംഗീകരിച്ചു കഴിഞ്ഞെന്ന് നടിയും എൻഡിഎ സ്ഥാനാർഥിയുമായ അഞ്ജലി നായർ. തെരഞ്ഞെടുപ്പിൽ താൻ ജയിക്കുമെന്ന ആത്മവിശ്വാസത്തോടെയാണ് അഞ്ജലി സംസാരിച്ചത്.
താൻ പോകുന്ന ഇടങ്ങളിലെല്ലാം വലിയ സ്വീകാര്യതയാണ് ലഭിക്കുന്നതെന്നും അഞ്ജലി പറയുന്നു.
‘രാത്രി ഭക്ഷണം കഴിക്കാൻ വേണ്ടി പാർട്ടിക്കാരുടെ കൂടെ പോയിട്ടാണ് വരുന്നത്. ഒരു ദിവസം ഒരാൾ പറഞ്ഞു, വേഗം കൊടുക്ക്, എംഎൽഎ കഴിച്ചിട്ട് പോകട്ടെ ആദ്യം. അപ്പൊ ഞാൻ ചോദിച്ചു ‘എംഎൽഎയോ ?’, അപ്പൊ അദ്ദേഹം പറഞ്ഞു ഞങ്ങളുടെ ഒക്കെ എംഎൽഎ ആണ്. എല്ലാവരും വിളിക്കുന്നതേ അങ്ങനെ ആണിപ്പോൾ. അവർ എന്നെ അവരുടെ എംഎൽഎ ആയി ഉറപ്പിച്ചു കഴിഞ്ഞു.
പിന്നെ പലയിടത്തും പോകുമ്പോൾ അവർ കരുതി വെക്കുന്ന ഓരോ സമ്മാനങ്ങളുണ്ട്, എനിക്ക് തരാനായിട്ട്, പ്രചാരണത്തിന് പോകുന്ന വീടുകളിൽ അവർ പറയും പോകരുത് ഞങ്ങൾ ഒരു സാധനം എടുത്തു വച്ചിട്ടുണ്ട് എന്ന് പറഞ്ഞിട്ട് അവർ തരുന്ന ഓരോ സാധനങ്ങളുണ്ട്.
അതോക്കെ എനിക്ക് ഏറെ സന്തോഷകരമായ കാര്യമാണ്. പ്രായം നോക്കാതെ, വേദി നോക്കാതെ പൊട്ടിക്കരഞ്ഞ് ഓരോന്ന് പറയുന്ന മനുഷ്യരുടെ അമർഷം, എന്നോട് കാണിക്കുന്ന വിശ്വാസം. അവരുടെ ദുഃഖം അറിയണമെങ്കിൽ അത് നേരിട്ട് കാണുക തന്നെ വേണം.’’അഞ്ജലി നായർ പറയുന്നു.
എൻഡിഎ മുന്നണിയുടെ ട്വന്റി20 സ്ഥാനാർഥിയായി ചക്ക ചിഹ്നത്തിലാണ് അഞ്ജലി മത്സരിക്കുന്നത്.
Kerala
കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ ധർമടത്ത് 15,000ൽ പരം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് യുഡിഎഫ് സ്ഥാനാർഥി വി.പി. അബ്ദുൾ റഷീദ്. ശക്തിയേറിയ മത്സരവും ചെറിയ ലീഡുമാണ് ആദ്യം താൻ പ്രതീക്ഷിച്ചതെന്നും എന്നാൽ ഇടതുപക്ഷ കേന്ദ്രങ്ങളിൽ നിന്നടക്കം വലിയ സ്വീകരണമാണ് ലഭിച്ചത് എന്നും അബ്ദുൾ റഷീദ് പറഞ്ഞു.
സ്വന്തം മണ്ഡലമായിട്ടും ജനങ്ങൾക്ക് വേണ്ടി മുഖ്യമന്ത്രിക്ക് ഒന്നും പൂർത്തീകരിക്കാനായിട്ടില്ല എന്നും അബ്ദുൾ റഷീദ് കുറ്റപ്പെടുത്തി. സംവാദത്തിന് ക്ഷണിച്ചിട്ട് പോലും മുഖ്യമന്ത്രി വന്നില്ല. ട്രഷറിയും വിദ്യാഭ്യാസ വകുപ്പ് ഓഫീസുമെല്ലാം വാടകക്കെട്ടിടത്തിലാണ്.
ഒടുവിൽ അത് കണ്ണൂരിലേക്ക് മാറ്റുകയാണ്. ഏറ്റവും കൂടുതൽ സർക്കാർ ഓഫീസുകൾ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്നത് മുഖ്യമന്ത്രിയുടെ ഈ മണ്ഡലത്തിലാണ് എന്നും അബ്ദുൾ റഷീദ് പറഞ്ഞു.
തന്റെ ഒപ്പം ഒരു അഞ്ച് മിനുട്ട് സംവാദത്തിന് ഇരിക്കാനും അബ്ദുൾ റഷീദ് മുഖ്യമന്ത്രിയെ ക്ഷണിച്ചു. അങ്ങനെയെങ്കിൽ 140 എംഎൽഎമാരിലെ ഏറ്റവും മോശം എംഎൽഎ ആയിരുന്നു അദ്ദേഹമെന്ന് ഞാൻ തെളിയിക്കാം. ജനങ്ങൾ തന്ന ആത്മവിശ്വാസമാണ് തനിക്ക് ഉള്ളതെന്നും അബ്ദുൾ റഷീദ് പറഞ്ഞു.
District News
പെരിന്തൽമണ്ണ: യുഡിഎഫ് സ്ഥാനാർഥി നജീബ് കാന്തപുരത്തിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായുള്ള റോഡ് ഷോക്ക് ഗംഭീര തുടക്കം.
പുലാമന്തോൾ പഞ്ചായത്തിലെ ഓണപ്പുടയിൽ നിന്ന് ആരംഭിച്ച റോഡ് ഷോ ഏലംകുളം ആലിപ്പറന്പ് താഴെക്കോട് പഞ്ചായത്തുകളും മുനിസിപ്പാലിറ്റിയും കടന്ന് ഏലംകുളം പഞ്ചായത്തിലെ ചെറുകര അങ്ങാടിയിൽ സമാപിച്ചു. അടിത്തട്ടിൽ തെരഞ്ഞെടുപ്പിന്റെ ആവേശം അലയടിപ്പിച്ചാണ് റോഡ് ഷോ ഓരോ ഗ്രാമ ഗ്രാമാന്തരങ്ങളിലൂടെയും കടന്നുപോയത്. ആയിരക്കണക്കിന് പ്രവർത്തകർ ബൈക്കുകളിൽ സ്ഥാനാർഥിക്ക് അകന്പടി ചേർന്നു.
വിവിധ പ്രദേശങ്ങളിൽ പ്രവർത്തകരും നാട്ടുകാരും ചേർന്ന് സ്ഥാനാർഥിയെ സ്വീകരിച്ചു. കെപിസിസി ജനറൽ സെക്രട്ടറി വി. ബാബുരാജ്, ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറിമാരായ സലിം കുരുവന്പലം, ഉസ്മാൻ താമരത്ത്, ഡിസിസി സെക്രട്ടറി സി. സുകുമാരൻ, മണ്ഡലം യുഡിഎഫ് ചെയർമാൻ എം.എം. സക്കീർ ഹുസൈൻ, കണ്‍വീനർ എസ്. അബ്ദുസലാം, മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് എ.കെ. നാസർ, എ. കെ. മുസ്തഫ, പി. സുബൈർ, നാലകത്ത് ഷൗക്കത്ത് തുടങ്ങിയവർ സ്ഥാനാർഥിയെ അനുഗമിച്ചു. വെട്ടത്തൂർ മേലാറ്റൂർ പഞ്ചായത്തുകളിലും പെരിന്തൽമണ്ണ മുനിസിപ്പാലിറ്റിയിലും ഇന്ന് റോഡ് ഷോകൾ നടക്കും. രാവിലെ 8.30ന് കാര്യവട്ടത്ത് നിന്നാണ് പര്യടനം ആരംഭിക്കുക. വൈകുന്നേരം നാലിന് കോഴിക്കോട് റോഡിലെ മുസ്ലിം ലീഗ് ഓഫീസ് പരിസരത്ത് കൊട്ടിക്കലാശത്തോടെ സമാപിക്കും.
Kerala
കാസർഗോഡ്: കാഞ്ഞങ്ങാട് നെഹ്റു കോളജിൽ വോട്ട് ചോദിക്കാനെത്തിയ യുഡിഎഫ് സ്ഥാനാര്‍ഥി സന്ദീപ് വാര്യരെ ആക്രമിച്ചതായി പരാതി. വോട്ട് ചോദിക്കാൻ കോളേജിൽ എത്തിയപ്പോള്‍ തടയുകയും പിടിച്ച് തള്ളുകയും ചെയ്തുവെന്ന് സന്ദീപ് വാര്യര്‍ ആരോപിച്ചു.
തന്റെ കൂടെയുള്ള പ്രവര്‍ത്തകരെയും മര്‍ദിച്ചുവെന്നും പിന്നിൽ എസ്എഫ്ഐ പ്രവര്‍ത്തകരാണെന്നും സന്ദീപ് വാര്യര്‍ ആരോപിച്ചു. സംഭവത്തിൽ സന്ദീപ് വാര്യര്‍ അടക്കം അഞ്ചുപേരെ തൃക്കരിപ്പുരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
District News
തുറവൂർ: അരൂർ നിയോജകമണ്ഡലത്തിലെ സ്ഥാനാർഥികളുടെ മണ്ഡലപര്യടന സ്വീകരണ പരിപാടി തുടങ്ങി.
യുഡിഎഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാൻ ഇന്നലെ രാവിലെ തെരഞ്ഞെടുപ്പ് പ്രചാരണം കോടംതുരുത്ത് വെസ്റ്റ്, എഴുപുന്ന, മണിയറ പാലം, പിഎസ് കവല, എഴുപുന്ന തെക്ക്, ചേരുങ്കൽ, വല്ലേത്തോട് തുടർന്ന് ഉച്ചകഴിഞ്ഞ് കുത്തിയതോട് വെസ്റ്റ് എന്നിവിടങ്ങളിൽ പ്രചാരണം നടത്തി.
എല്‍ഡിഎഫ് സ്ഥാനാര്‍ഥി ദലീമ എരമല്ലൂര്‍ കാക്കത്തുരുത്തില്‍ ഗൃഹ സന്ദർശനത്തോടെ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു. പാണാവള്ളി, നാല്പത്തെണ്ണീശ്വരം, കുത്തിയതോട് തുടങ്ങിയ പ്രദേശങ്ങളിലെ മരണവീടുകളിലെത്തി ബന്ധുമിത്രാദികളെ ആശ്വസിപ്പിച്ചു. തുറവൂര്‍ സില്‍ക്കിലെ യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുത്തു. എഴുപുന്നയിലെ വീടുകളില്‍ കയറി വോട്ടഭ്യര്‍ഥിച്ചു.
ഉച്ചയ്ക്കുശേഷം നടന്ന സ്വീകരണ പരിപാടിയുടെ ഭാഗമായി എരമല്ലൂർ, ചന്തിരൂർ, അരൂർ, അരൂക്കുറ്റി, വടുതല, പെരുമ്പളം എന്നിവിടങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി.
എൻഡിഎ സ്ഥാനാർഥി ജ്യോതിഷ് ഇന്നലെ രാവിലെ കെഎൽസിഎ സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ജോസി കരുമാൻചേരിയുടെ വീട് സന്ദർശിച്ച് ചർച്ച നടത്തി. തുടർന്ന് കരുമാഞ്ചേരി കവലയിലെ സ്ഥപനങ്ങളിൽ കയറി. വ്യവസായ കേന്ദ്രങ്ങൾ സന്ദർശിച്ച് വോട്ടഭ്യർഥിച്ചു.
National
ഗോഹട്ടി: ആസാമിൽ കോൺഗ്രസ് സ്ഥാനാർഥിയെ ക്രൂരമായി ആക്രമിച്ച് ഒരുസംഘമാളുകൾ. സോണിത്പൂരിലെ നടുവാർ നിയോജകമണ്ഡലത്തിലാണ് സംഭവം.
ഓൾ അസം ഗൂർഖ സ്റ്റുഡന്റ്സ് യൂണിയൻ മുൻ പ്രസിഡന്റായ സുനിൽ ഛേത്രിക്ക് നേരെയാണ് ആക്രമണമുണ്ടായത്. ബിജെപി പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്ന് കോൺഗ്രസ് ആരോപിച്ചു.
സംഭവത്തെ തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥയുണ്ടായി. കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി തെരുവിലിറങ്ങി, റോഡുകൾ ഉപരോധിക്കുകയും ഗതാഗതം തടസപ്പെടുത്തുകയും ചെയ്തു.
തെരഞ്ഞെടുപ്പ് കാലത്ത് ബിജെപി ഭീഷണിപ്പെടുത്തുന്നുവെന്ന് ആരോപിച്ച കോൺഗ്രസ് നേതൃത്വം, ആക്രമികൾക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു.
സംഭവത്തിൽ ആസം കോൺഗ്രസ് പ്രസിഡന്റ് ഗൗരവ് ഗൊഗോയ് പ്രതിഷേധം അറിയിച്ചു. പാർട്ടി സ്ഥാനാർഥികൾക്ക് സുരക്ഷ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം, വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് അറിയിച്ചു.
Kerala
കണ്ണൂര്‍: എൽഡിഎഫ് സ്ഥാനാർഥിക്കായി സർക്കാർ വകുപ്പായ പിആർഡി (പബ്ലിക് റിലേഷൻസ് ഡിപ്പാർട്മെന്റ്) ഔദ്യോഗിക വാർത്താക്കുറിപ്പ് പുറത്തിറക്കിയെന്ന ആരോപണത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. സംഭവത്തിൽ കണ്ണൂര്‍ ജില്ലാ ഇൻഫര്‍മേഷൻ ഓഫീസറെ സസ്പെന്‍ഡ് ചെയ്തു.
നിഷ്പക്ഷ തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് വിരുദ്ധമായ നടപടിയാണെന്ന് ചൂണ്ടികാട്ടിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. ജില്ലാ കളക്ടര്‍ നൽകിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ജില്ലാ ഇൻഫര്‍മേഷൻ ഓഫീസര്‍ക്കെതിരെ നടപടിയെടുത്തത്.
അഴീക്കോട് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി കെ.വി. സുമേഷിന്റെ പരാതിയാണ് പിആർഡി വാർത്താക്കുറിപ്പായി ഇറക്കിയത്. സുമേഷിനെതിരെ നടക്കുന്ന വ്യക്തിഹത്യ ശ്രമങ്ങളെക്കുറിച്ചുള്ള പരാതിയാണ് വാർത്താക്കുറിപ്പിൽ ഉൾപ്പെടുത്തിയത്. ഇത് ഗുരുതര ചട്ടലംഘനമാണെന്ന് കണ്ണൂർ ഡിസിസി ഇന്നലെ ആരോപിച്ചിരുന്നു.
അതേസമയം, മാധ്യമങ്ങൾക്ക് നൽകാൻ ഇലക്ഷൻ വിഭാഗം പുറത്തുവിട്ടതാണെന്നാണ് കണ്ണൂർ പിആർഡിയുടെ വിശദീകരണം. സംഭവം വിവാദമായതോടെ തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയത്തിൽ ഇടപെടുകയും കണ്ണൂർ കളക്ടറോട് റിപ്പോർട്ട് തേടുകയുമായിരുന്നു. മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റും യുഡിഎഫ് ജില്ലാ കൺവീനറുമായ കരീം ചേലേരിയാണ് അഴീക്കോട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി. ബിജെപി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ് കുമാറാണ് എൻഡിഎ സ്ഥാനാർഥി.
Kerala
പാലക്കാട്: കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭ് സി. വത്സനെതിരായ ലൈംഗിക പീഡന പരാതി ഞെട്ടലുണ്ടാക്കിയെന്ന് പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എൻ.എം.ആർ. റസാഖ്. ജനപ്രതിനിധികളുടെ ഭാഗത്ത് നിന്ന് ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത പ്രവൃത്തിയാണതെന്നും റസാഖ് കുറ്റപ്പെടുത്തി.
ജനപ്രതിനിധികള്‍ പലരും പ്രശോഭിന് സഹായമൊരുക്കുന്നുണ്ട്. പാലക്കാടിനെ സംബന്ധിച്ച് ഈ സംഭവം വലിയ നാണക്കേടുണ്ടാക്കുന്നതാണ്. വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് മുഖം നോക്കാതെ നടപടി സ്വീകരിക്കും. പ്രശോഭിനെതിരെ പോലീസ് കടുത്ത നടപടി സ്വീകരിക്കണമെന്നും റസാഖ് ആവശ്യപ്പെട്ടു.
പാലക്കാട് നഗരസഭയിലെ ഇരുപത്തിനാലാം വാര്‍ഡ് കൗണ്‍സിലറാണ് പ്രശോഭ് സി. വത്സന്. ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം നിരവധി തവണ പീഡിപ്പിച്ചെന്ന് കാണിച്ച് ദളിത് യുവതിയാണ് പരാതിയുമായി രംഗത്തെത്തിയത്. പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായെന്നും ഇതറിഞ്ഞതോടെ ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് കഴിക്കാന്‍ നിര്‍ബന്ധിച്ചെന്നും യുവതി പറഞ്ഞിരുന്നു.
ജോലിയുടെ അഭിമുഖത്തിനായി പട്ടാമ്പിയിലെ വ്യാപാര സ്ഥാപനത്തിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞ് കാറില്‍ കയറ്റിയ ശേഷം പീഡിപ്പിക്കുകയായിരുന്നുവെന്നും യുവതി ആരോപിച്ചിരുന്നു. പാലക്കാട് ജില്ലാ ആശുപത്രിക്ക് സമീപത്തുവച്ചായിരുന്നു രണ്ടാമത്തെ പീഡനം.
ഭീഷണിപ്പെടുത്തി ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചുവരുത്തി. ആക്രമണം ഭയന്ന് മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി. ഷാഫി പറമ്പില്‍ എംപി തന്റെ ആശാനാണെന്നും എംഎല്‍എമാര്‍, എംപിമാര്‍ തുടങ്ങിയവരുമായി അടുത്ത ബന്ധമുണ്ടെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും യുവതി പറഞ്ഞിരുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയനും പാലക്കാട് ജില്ലാ പോലീസ് മേധാവിക്കും യുവതി പരാതി നല്‍കിയിരുന്നു.
Kerala
പാലക്കാട്: പാലക്കാട് നഗരസഭ കൗൺസിലർ പ്രശോഭ് സി. വത്സനെതിരായ ലൈംഗിക പീഡന പരാതിയില്‍ പ്രതികരണവുമായി ബിജെപി സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രന്. പാലക്കാട് മണ്ഡലത്തിൽ ഒരു മാങ്കൂട്ടത്തിലല്ല പല മാങ്കൂട്ടങ്ങൾ ഉണ്ടെന്നതിന്റെ തെളിവാണിതെന്ന് ശോഭ സുരേന്ദ്രന് കുറ്റപ്പെടുത്തി.
കുറ്റക്കാർക്കെതിരെ ഏതറ്റം വരെയും പോകും. പ്രശോഭിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യണം.നടപടി ഉണ്ടായില്ലെങ്കിൽ കുറ്റക്കാരൻ വീട്ടിൽ നിന്ന് പുറത്ത് ഇറങ്ങില്ലെന്നും പാലക്കാട് എസ്പിയെ നേരിട്ട് കണുമെന്നും അറസ്റ്റ് വൈകിയാൽ പൊലീസിനെതിരെ സമരം ചെയ്യുമെന്നും ശോഭ സുരേന്ദ്രന് പ്രതികരിച്ചു. കോൺഗ്രസിന് നാണമുണ്ടോ എന്നും ശോഭ ചോദിച്ചു.
ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം പീഡിപ്പിച്ചെന്നാണ് പ്രശോഭ് സി വത്സനെതിരായ ദളിത് യുവതിയുടെ ആരോപണം. പാലക്കാട് നഗരസഭയിലെ 24-ാം വാർഡിലെ കോൺഗ്രസ് കൗൺസിലറായ പ്രശോഭിനെതിരെയാണ് ലൈംഗിക പീഡന പരാതി ഉയർന്നിരിക്കുന്നത്. പാലക്കാട് സ്വദേശിയായ ദളിത് യുവതിയാണ് നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പാലക്കാട് ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകിയത്.
Kerala
ആലപ്പുഴ: കായംകുളം എംഎല്‍എ യു. പ്രതിഭയ്ക്കെതിരായ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ അടിയന്തര നടപടി എടുക്കാന്‍ ജില്ലാ കളക്ടര്‍ക്ക് നിർദേശം നല്കി തെരഞ്ഞെടുപ്പ് കമ്മീഷന്. ഇന്ന് ഒരു മണിക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് നിർദേശം.
കായംകുളം മണ്ഡലം യുഡിഎഫ് കണ്‍വീനറും മുസ്ലിം ലീഗ് നേതാവുമായ എ. ഇര്‍ഷാദാണ് പ്രതിഭയ്ക്കെതിരെ സ്ത്രീവിരുദ്ധപരാമർശം നടത്തിയത്. ശരീര അഴകും വാക്ചാരുതയും വില്പനച്ചരക്കാക്കി തെരഞ്ഞെടുപ്പിനെ നേരിടുന്നുവെന്നായിരുന്നു പരാമര്‍ശം.
തനിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ നിയമനടപടി സ്വീകരിക്കുമെന്ന് യു. പ്രതിഭ അറിയിച്ചിരുന്നു. വാർത്താ സമ്മേളനത്തിനിടെ പൊട്ടിക്കരഞ്ഞായിരുന്നു യു. പ്രതിഭയുടെ പ്രതികരണം.
ഒരു സ്ത്രീയോടും പറയാൻ പാടില്ലാത്തതാണ് ലീഗ് നേതാവ് പറഞ്ഞതെന്ന് പ്രതിഭ പറഞ്ഞു. ആ വാക്കുകൾ ഞെട്ടൽ ഉണ്ടാക്കി. തന്റെ ശരീരഭാഷ പോലും മോശമാക്കിയാണ് പറഞ്ഞത്. ഡിസിസി പ്രസിഡന്റ് അടക്കം അത് കേട്ടിരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് പോലും സ്ത്രീകളോട് ഇത്തരത്തിലാണ് സമീപനം.
സ്ത്രീകളെ മൊത്തത്തിൽ അപമാനിക്കുന്ന പരാമർശമാണ് യുഡിഎഫ് നേതാവിന്റെ ഭാഗത്ത് നിന്നുണ്ടായത്. ഒരു സ്ത്രീയുടെ ശരീരമോ മുഖമോ അല്ല തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്യേണ്ടത്. പോലീസിനും ജില്ലാ കളക്ടർക്കും ഇലക്ഷൻ കമ്മീഷനും പരാതി നൽകുമെന്നും പ്രതിഭ പറഞ്ഞു. പരാമർശം വലിയ വേദനയുണ്ടാക്കിയതായും കുറ്റം ചെയ്തിട്ട് ഖേദം പ്രകടിപ്പിച്ചാൽ അംഗീകരിക്കില്ലെന്നും പ്രതിഭ കൂട്ടിച്ചേർത്തു.
പരാമര്‍ശം വിവാദമായതിന് പിന്നാലെ എ. ഇര്‍ഷാദിനെതിരെ മുസ്ലിം ലീഗ് നടപടി സ്വീകരിച്ചിരുന്നു. യുഡിഎഫ് കായംകുളം നിയോജക മണ്ഡലം ചെയര്മാന് സ്ഥാനത്ത് നിന്നും ഇര്‍ഷാദിനെ നീക്കി. അന്വേഷണ വിധേയമായി പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും സസ്പെന്‍ഡ് ചെയ്തതായി മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി അറിയിച്ചു.
എന്നാല്‍ തന്റെ പ്രസംഗത്തിലെ ഒരു ഭാഗം അടര്‍ത്തിയെടുത്ത് പ്രചരിപ്പിക്കുകയായിരുന്നുവെന്നും വേദനിപ്പിച്ചെങ്കില്‍ താന്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നുവെന്നുമായിരുന്നു വിവാദത്തിന് പിന്നാലെ ഇര്‍ഷാദ് പ്രതികരിച്ചത്.
Kerala
കായംകുളം: തനിക്കെതിരെ യുഡിഎഫ് നേതാവ് നടത്തിയ അധിക്ഷേപകരവും സ്ത്രീവിരുദ്ധവുമായ പരാമർശത്തിൽ നിയമനടപടി സ്വീകരിക്കുമെന്ന് കായംകുളം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി യു. പ്രതിഭ. വാർത്താ സമ്മേളനത്തിനിടെ പൊട്ടിക്കരഞ്ഞായിരുന്നു യു. പ്രതിഭയുടെ പ്രതികരണം.
ഒരു സ്ത്രീയോടും പറയാൻ പാടില്ലാത്തതാണ് ലീഗ് നേതാവ് പറഞ്ഞതെന്ന് പ്രതിഭ പറഞ്ഞു. ആ വാക്കുകൾ ഞെട്ടൽ ഉണ്ടാക്കി. തൻ്റെ ശരീരഭാഷ പോലും മോശമാക്കിയാണ് പറഞ്ഞത്. ഡിസിസി പ്രസിഡന്റ് അടക്കം അത് കേട്ടിരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് പോലും സ്ത്രീകളോട് ഇത്തരത്തിലാണ് സമീപനം.
സ്ത്രീകളെ മൊത്തത്തിൽ അപമാനിക്കുന്ന പരാമർശമാണ് യുഡിഎഫ് നേതാവിൻ്റെ ഭാഗത്ത് നിന്നുണ്ടായത്. ഒരു സ്ത്രീയുടെ ശരീരമോ മുഖമോ അല്ല തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്യേണ്ടത്. പോലീസിനും ജില്ലാ കളക്ടർക്കും ഇലക്ഷൻ കമ്മീഷനും പരാതി നൽകുമെന്നും പ്രതിഭ പറഞ്ഞു. പരാമർശം വലിയ വേദനയുണ്ടാക്കിയതായും കുറ്റം ചെയ്തിട്ട് ഖേദം പ്രകടിപ്പിച്ചാൽ അംഗീകരിക്കില്ലെന്നും പ്രതിഭ കൂട്ടിച്ചേർത്തു.
Kerala
മലപ്പുറം: തവനൂരിൽ യുഡിഎഫ് സ്ഥാനാർഥിയെ വിജയിപ്പിച്ചാൽ സൗജന്യ വിദേശ യാത്ര വാഗ്ദാനം ചെയ്ത് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.പി. ബാവ ഹാജി. യുഡിഎഫ് മണ്ഡലം കമ്മിറ്റിക്കും ബൂത്ത് കമ്മിറ്റിക്കുമാണ് ബാവ സൗജന്യ വിദേശയാത്ര വാഗ്ദാനം ചെയ്തത്.
തവനൂരിലെ യുഡിഎഫ് സ്ഥാനാർഥി വി.എസ്. ജോയിയുടെ പ്രചാരണ യോഗത്തിൽ സംസാരിക്കവെയായിരുന്നു അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചത്.
പതിനഞ്ച് ദിവസത്തെ ഗൾഫ് യാത്രയാണ് സമ്മാനം. റിട്ടേൺ ടിക്കറ്റും 15 ദിവസം താമസിക്കാനുള്ള സൗകര്യവും ഒരുക്കും. ബൂത്തിൽ വോട്ട് വർധിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഏറ്റവും കൂടുതൽ ലീഡ് ചെയ്യുന്ന പഞ്ചായത്തിനും ഇതുബാധകമെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ ചെലവും അദ്ദേഹം സ്വന്തം നിലക്ക് വഹിക്കാമെന്നും ഇത് സ്ഥാനാർഥിയുടേയോ പാർട്ടിയുടേയോ പ്രഖ്യാപനമല്ലെന്നും താനാണ് പ്രഖ്യാപനം നടത്തുന്നതെന്നും ബാവ ഹാജി കൂട്ടിച്ചേർത്തു.
കെ.ടി. ജലീൽ ആണ് തവനൂരിൽ സിപിഎം സ്ഥാനാർഥി.
Kerala
വടക്കാഞ്ചേരി: സ്ഥാനാർഥിയെച്ചൊല്ലി കോൺഗ്രസിൽ രാജി. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. ടി.എച്ച്. മുഹമ്മദ് ഷെഫീക്ക് പാർട്ടിയിൽനിന്നു രാജിവച്ചതായി അറിയിച്ചു.
യുഡിഎഫ് സ്ഥാനാർഥിയായി പി.എൻ. വൈശാഖിനെ നിശ്ചയിച്ചതിൽ പ്രതിഷേധിച്ചാണ് രാജി. പണം നൽകിയാണ് വൈശാഖ് സീറ്റ് വാങ്ങിയതെന്നു ഷെഫീക്ക് ആരോപിച്ചു.
20 വർഷത്തിലധികമായി താൻ കോൺഗ്രസിൽ പ്രവർത്തിക്കുന്ന വ്യക്തിയാണ്. കോൺഗ്രസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി മാറിക്കഴിഞ്ഞതായും ഷെഫീക്ക് ആരോപിച്ചു.
Kerala
തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്കും സോഷ്യൽ മീഡിയ പോരുകളിലേക്കും വഴിമാറുന്ന ഈ കാലത്ത്, അരൂരിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ഒരു ലാൻഡ്മാസ്റ്റർ കാർ രണ്ട് സഹോദരങ്ങളുമായി നടത്തിയ തെരഞ്ഞെടുപ്പ് പര്യടനത്തിന്റെ കഥയുണ്ട്.
രാഷ്ട്രീയ നിലപാടുകളിൽ വിട്ടുവീഴ്ചയില്ലാതെ പോരാടുമ്പോഴും, ഒരു കാറിൽ ഒന്നിച്ചു യാത്ര ചെയ്ത സഹോദരങ്ങളായ രണ്ടു സ്ഥാനാർഥികൾ ആയിരുന്നു എഴുപുന്ന പാറായി പി.വി. അവിര തരകനും സഹോദരൻ പി.വി. വർക്കി തരകനും.
ഒരു ലാൻഡ്മാസ്റ്റർ, രണ്ടു രാഷ്ട്രീയം
1954ലെ തിരു-കൊച്ചി നിയമസഭാ തിരഞ്ഞെടുപ്പിലാണ് കേരള രാഷ്ട്രീയത്തിലെ ഈ അപൂർവ നിമിഷങ്ങൾ അരങ്ങേറിയത്. കമ്യൂണിസ്റ്റ് സ്വതന്ത്രനായി അവിര തരകൻ മത്സരിക്കുമ്പോൾ എതിരാളി സഹോദരനും കോൺഗ്രസ് സ്ഥാനാർഥിയുമായ പി.വി. വർക്കി തരകനായിരുന്നു. പ്രചാരണത്തിനായി ഇരുവരും ഒരുമിച്ചാണ് വീട്ടിൽ നിന്നിറങ്ങുന്നത്.
തങ്ങളുടെ പ്രിയപ്പെട്ട 'ലാൻഡ്മാസ്റ്റർ' കാറിൽ. പകൽ മുഴുവൻ ഇരുവരും തങ്ങളുടെ പ്രചാരണ പ്രവർത്തനങ്ങൾ പാർട്ടി നിശ്ചയിച്ച സ്ഥലങ്ങളിൽ നടത്തും. നീണ്ട പ്രചാരണം കഴിഞ്ഞ് രാത്രി ഇതേ കാറിൽത്തന്നെ സഹോദരങ്ങൾ തിരികെ വീട്ടിലെത്തുമായിരുന്നു.
വോട്ടുകണക്കിലെ ആവേശം
വാശിയേറിയതായിരുന്നു ആ പോരാട്ടമെന്ന് വോട്ടുകണക്കുകൾ വ്യക്തമാക്കുന്നു. 11,504 വോട്ടുകൾ നേടി അവിര തരകൻ വിജയിച്ചപ്പോൾ, വർക്കി തരകൻ 10,832 വോട്ടുകളുമായി തൊട്ടുപിന്നാലെ ഉണ്ടായിരുന്നു. വെറും 672 വോട്ടായിരുന്നു അവിരയുടെ ഭൂരിപക്ഷം.
Kerala
കൊച്ചി: എല്‍ദോസ് കുന്നപ്പിള്ളിക്ക് എംഎല്എയെക്കാള് ഉയര്‍ന്ന പദവി കോണ്‍ഗ്രസ് നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. പെരുമ്പാവൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായ മനോജ് മൂത്തേടന്റെ പ്രചാരണ പരിപാടിയില്‍ സംസാരിക്കവെയാണ് വേദിയിലെത്തിയ എല്‍ദോസിനെ അനുനയിപ്പിച്ചുകൊണ്ട് വി.ഡി. സതീശന് സംസാരിച്ചത്.
പെരുമ്പാവൂരില്‍ നമ്മുടെ പ്രിയങ്കരനായിരുന്ന എംഎല്‍എ ആയിരുന്നു എല്‍ദോസ് കുന്നപ്പിള്ളി. ഇത്തവണ മനോജ് മൂത്തേടനെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. എല്‍ദോസ് കുന്നപ്പിള്ളി നല്ല രീതിയില്‍ പ്രവര്‍ത്തനം നടത്തിയ ഒരു എംഎല്‍എയാണ്. അദ്ദേഹത്തെ പ്രത്യേകമായി അഭിനന്ദിക്കുന്നു. എല്‍ദോസ് സ്വതന്ത്രനായി മത്സരിക്കുമെന്ന് പലരും പറഞ്ഞു.
എന്നാല്‍ ഞാന്‍ പറഞ്ഞു എല്‍ദോസ് അടിമുടി ഒരു കോണ്‍ഗ്രസുകാരനാണെന്ന്. രാഷ്ട്രീയത്തില്‍ ചിലപ്പോള്‍ നമുക്ക് അപ്രിയങ്ങളായ തീരുമാനങ്ങളുണ്ടാകും. അത് നമ്മുടെ പാര്‍ട്ടി എടുക്കുന്ന തീരുമാനങ്ങളാണ്. ഒരുപാട് സ്ഥാനമാനങ്ങള്‍ കപ്പിനും ചുണ്ടിനുമിടയ്ക്ക് വച്ച് നഷ്ടപ്പെട്ടിട്ടുള്ള ഒരാളാണ് ഞാന്‍.
അതുകൊണ്ട് ഞാന്‍ രാഷ്ട്രീയത്തിൽനിന്നു പോയില്ല. ശക്തമായി തിരിച്ചുവന്നു. ഇനി എല്‍ദോസ് കുന്നപ്പിള്ളിയെ കോണ്‍ഗ്രസ് ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങള്‍ നല്‍കും. എംഎല്‍എയേക്കാള്‍ ഉയര്‍ന്ന പദവിയുണ്ടാകും. ഞങ്ങള്‍ ഏവരുടെയും സഹോദരനായി ചേര്‍ത്തു നിര്‍ത്തും - വി.ഡി. സതീശന് പറഞ്ഞു.
പെരുമ്പാവൂരിലെ സിറ്റിംഗ് എംഎല്‍എയായ എല്‍ദോസ് കുന്നപ്പിള്ളിയെ തഴഞ്ഞാണ് മനോജ് മൂത്തേടനെ യുഡിഎഫ് സ്ഥാനാര്‍ഥിയാക്കിയത്. സ്ഥാനാര്‍ഥി പട്ടിക പുറത്തു വരുന്നതിനു മുമ്പു വരെ പാര്‍ട്ടി നേതൃത്വം തന്നെ കൈവിടില്ലെന്ന പ്രതീക്ഷയില്‍ ആയിരുന്നു എല്‍ദോസ്. എ.കെ ആന്റണി അടക്കമുള്ള നേതാക്കള്‍ എല്‍ദോസിനെ അനുനയിപ്പിക്കാനായി എത്തിയിരുന്നു. എൽദോസിനു എറണാകുളം ഡിസിസി പ്രസിഡന്റ് സ്ഥാനം നൽകിയേക്കുമെന്ന സൂചന നേരത്തെ പുറത്തുവന്നിരുന്നു.
District News
തിരുവമ്പാടി: ആം ആദ്മി പാർട്ടി തിരുവമ്പാടി മണ്ഡലം സ്ഥാനാർഥി സണ്ണി വി. ജോസഫ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.
ഇടത്-വലത് മുന്നണികൾ മാറിമാറി ഭരിച്ചിട്ടും തിരുവമ്പാടിയിൽ യഥാർഥ വികസനം നടപ്പായിട്ടില്ലെന്നും അതിന് മാറ്റം കൊണ്ടുവരാൻ ആം ആദ്മിക്ക് മാത്രമേ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
എംഎസ്സി, ബിഎഡ് ബിരുദധാരിയായ സണ്ണി വി. ജോസഫ് അധ്യാപകനായും പ്രിൻസിപ്പലായും ദീർഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
Kerala
കൊന്നുകളയും നിന്നെ എന്നു പറഞ്ഞ് തലയ്ക്ക് നെടുകേയാണ് അന്ന് പോലീസുകാര്‍ അവനെ അടിച്ചത്. വീട്ടില്‍ പറയാതെയാണ് അവന് അന്ന് സമരത്തിനു പോയത്. പിന്നീട് ടിവി വച്ചപ്പോഴാണ് ലാത്തികൊണ്ട് പോലീസുകാര്‍ അടിക്കുന്നതും തലപൊട്ടി ചോരയൊലിക്കുന്നതുമായ രംഗങ്ങള്‍ കാണുന്നത്. ഒരു ഈര്‍ക്കിലികൊണ്ടു പോലും അടിക്കാതെയാണ് ഞങ്ങള്‍ അവനെ വളര്‍ത്തിയത്. ഈ അവസ്ഥയില്‍ കണ്ടപ്പോള്‍ ഹൃദയം പിടഞ്ഞുപോയി. അറ്റാക്ക് വരുമെന്നു വരെ തോന്നിപോയി.
പറയുന്നത് ആലപ്പുഴ മാരാരിക്കുളം വടക്ക് പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡില്‍ അരശര്‍കടവില്‍ ഡൊമിനിക് ജാക്സണും അക്കാമ്മയും. ഈ വേദനകള്‍ക്കൊടുവില്‍ മകന് ആലപ്പുഴ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായതിലുള്ള സന്തോഷത്തിലാണവരിപ്പോള്- മുപ്പതുകാരനായ എ.ഡി. തോമസിന്റെ അപ്പയും അമ്മയും. മകന് സ്ഥാനാര്‍ഥിത്വം ലഭിച്ചതില്‍ സന്തോഷിക്കുമ്പോഴും പെട്ടന്ന് ഓര്‍മവരുന്നത് മുഖ്യമന്ത്രിയുടെ നവകേരള യാത്ര കടന്നുപോയപ്പോള്‍ വാഹനത്തിനു മുന്നില്‍ പ്രതിഷേധിച്ചതിന് മകനെ മുഖ്യമന്ത്രിയുടെ ഗണ്മാന്മാര് മര്‍ദ്ദിച്ച സംഭവം.
തെര്‍മോക്കോള്‍ കൊണ്ടുള്ള രണ്ടു പൊന്തുവള്ളങ്ങളാണ് ഞങ്ങള്‍ക്കുള്ളത്. ഒന്ന് തുഴയുന്നതും മറ്റേത് മോട്ടോര്‍ ഘടിപ്പിച്ചതും. മൂന്നു മക്കളാണ് ഞങ്ങള്‍ക്കുള്ളത്. എ.ഡി. തോമസ് മൂത്തവനാണ്. സഹോദരങ്ങളെ വളര്‍ത്താന്‍ പതിനേഴാം വയസില്‍ എന്റെ കൂടെ മത്സ്യബന്ധനത്തിന് പൊന്തുവള്ളത്തില്‍ അവനും വരുമായിരുന്നു- ഡൊമിനിക് പറയുന്നു.
രണ്ടു പേര്‍ക്കു മാത്രം കയറാവുന്ന പൊന്തുവള്ളത്തില്‍ പണിയെടുക്കുന്നതിനൊപ്പം പെട്രോള്‍ പമ്പില്‍ ജോലിചെയ്തും ട്യൂഷന് സെന്ററില്‍ പഠിപ്പിച്ചും ചായക്കട നടത്തിയുമെല്ലാം ജീവിതം മുന്നോട്ടു കൊണ്ടുപോകുമ്പോഴുമെല്ലാം രാഷ്ട്രീയം വിടാന്‍ ഉദ്ദേശിച്ചിരുന്നില്ല. അപ്പനും അമ്മയും പറയുന്നതുപോലെ പഠിക്കാം. പക്ഷെ രാഷ്ട്രീയം മാറ്റില്ല, അതെന്റെ രക്തത്തിലലിഞ്ഞതാണെന്ന് മകനെപ്പോഴും പറയുമായിരുന്നെന്ന് അമ്മ അക്കാമ്മ പറയുന്നു.
ആലപ്പുഴ ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങളില്‍ ഒന്നായ ചെത്തി മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘത്തിന്റെ പ്രസിഡന്റാണ് തോമസ്. സ്വന്തം വള്ളത്തില്‍ പണിയെടുക്കുന്നതിനൊപ്പം സംഘത്തിന്റെ 17 വള്ളങ്ങളിലും ജേഷ്ടന് പണിക്കുപോകുമായിരുന്നന്ന് അനുജന് ബോണിഫസ്. മഴ കനത്താല്‍ ചോരുന്ന വീട്ടില്‍ നിന്ന് കനല്‍വഴികള്‍ താണ്ടി, ജീവിത പ്രയാസങ്ങളോട് പൊരുതിനേടിയ മനക്കരുത്തുമായാണ് എ.ഡി. തോമസ് നിയമസഭാ തെരഞ്ഞെടുപ്പ് അങ്കത്തട്ടിലേക്കെത്തുന്നത്.
നിലവില്‍ കെഎസ്യു ജില്ലാ പ്രസിഡന്റും ഡിസിസി മെമ്പറുമാണ്. കാട്ടൂര്‍ ഹോളി ഫാമിലി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പഠിക്കുന്ന കാലത്ത് കെഎസ്യുവിലൂടെ രാഷ്ട്രീയത്തിലേക്ക് ചുവുടുവെച്ചു. ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളജിലെ വിദ്യാഭ്യാസകാലയളവില്‍ സജീവ പൊതുപ്രവര്‍ത്തനരംഗത്തേക്ക് കടന്നു. കോളജിലെ കെഎസ്യു യൂണിറ്റ് സെക്രട്ടറിയായ തോമസ്, പോള്‍ ചെയ്ത 90 ശതമാനം വോട്ടും നേടി യൂണിയന് ചെയര്‍മാനായി.
കേരള യൂണിവേഴ്സിറ്റി അഡ്ജുഡിക്കേഷന് കമ്മിറ്റി മെമ്പര്‍, കെ എസ്യു ആലപ്പുഴ നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി, ഏറ്റവും പ്രായം കുറഞ്ഞ കെഎസ്യു ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് എന്നിങ്ങനെ രാഷ്ടീയത്തില്‍ കുറഞ്ഞകാലം കൊണ്ട് വ്യക്തിമുദ്ര പതിപ്പിച്ചു. സേവാദള്‍ ജില്ലാ സെക്രട്ടറി, മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ്, ഐഎന്‍ടിയുസി കലവൂര്‍ മേഖല ഭാരവാഹി എന്നീ പദവികളും വഹിച്ചിട്ടുണ്ട്.
തീരദേശവാസികളുടെയും തൊഴിലാളികളുടെയും രാഷ്ട്രീയ സംസ്കാരം മാറ്റുരയ്ക്കുന്ന ആലപ്പുഴ മണ്ണില്‍ മനുഷ്യരെപ്പിടിക്കാന്‍ ഇറങ്ങുകയാണ് തോമസെന്ന യുവനേതാവ് . എല്‍എല്‍ബിക്ക് പഠിച്ചുകൊണ്ടിരിക്കുകയാണ് തോമസ്.
Kerala
തൃശൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ കോൺഗ്രസിന് വിമതഭീഷണി. മുൻ കൗൺസിലർ ജയപ്രകാശ് പൂവത്തിങ്കൽ യുഡിഎഫ് സ്ഥാനാർഥി രാജൻ പല്ലനെതിരെ മത്സരിക്കാൻ നോമിനേഷൻ നൽകി.
മൂന്നു തവണ കോർപ്പറേഷൻ കൗൺസിലർ ആയിരുന്ന ജയപ്രകാശ് പൂവത്തിങ്കൽ. സ്ഥാനമാനങ്ങൾ ഒരു വിഭാഗത്തിനു മാത്രം നൽകുന്നതിൽ പ്രതിഷേധിച്ച് ആണ് മത്സരിക്കുന്നതെന്ന് ജയപ്രകാശ് പറഞ്ഞു.
മേയറും ഡിസിസി അധ്യക്ഷനും കെപിസിയി ഭാരവാഹികളും തൃശൂരിലെ സ്ഥാനാർഥിയും ഒരു വിഭാഗത്തിൽ നിന്നു മാത്രമാണെന്നും മറ്റുള്ളവരെ അവഗണിക്കുന്നു എന്നുമാണ് പരാതി. ഇക്കാര്യത്തിൽ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ഡിസിസി അധ്യക്ഷനെ കാണാൻ ചെന്നു. രണ്ടര മണിക്കൂർ കാത്തിരുത്തിയതല്ലാതെ ചർച്ച ചെയ്യാൻ പോലും തയ്യാറായില്ലെന്നും ജയപ്രകാശ് പറഞ്ഞു.
മത്സരിക്കുന്ന കാര്യം കെ സുധാകരനും അടൂർ പ്രകാശിനും അറിയാമെന്നും നോമിനേഷൻ കൊടുക്കൂ എന്ന് അവർ പറഞ്ഞെന്നും ജയപ്രകാശ് അവകാശപ്പെട്ടു. അവരുടെ പിന്തുണ തനിക്കുണ്ടെന്നും ജയപ്രകാശ് പറഞ്ഞു.
Kerala
കോഴിക്കോട്: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോഴിക്കോട് കുറ്റ്യാടിയിലെ ഇടത് സ്ഥാനാർഥിക്ക് നേരെ കൈയേറ്റ ശ്രമമെന്ന് പരാതി.
മണിയൂര്‍ തെരു ക്ഷേത്ര ഉത്സവത്തിനിടെ വോട്ടര്‍മാരെ കാണാനെത്തിയ കെ.പി. കുഞ്ഞമ്മദ് കുട്ടി എംഎല്‍എയെ ഒരാള്‍ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചെന്നാണ് പരാതി.
എംഎല്‍എയുടെ പരാതിയില്‍ മണിയൂര്‍ സ്വദേശി ദിനേശന് എന്നയാള്‍ക്കെതിരെ പയ്യോളി പോലീസ് കേസെടുത്തു. സാമൂഹ്യ ദ്രോഹിയാണ് കൈയേറ്റശ്രമം നടത്തിയതെന്നും പിന്നില്‍ യുഡിഎഫ് ആണെന്ന് സംശയിക്കുന്നെന്നും കുഞ്ഞമ്മദ് ആരോപിച്ചു.
National
ന്യൂഡല്‍ഹി: കേരളത്തിലെ കോൺഗ്രസ് സ്ഥാനാർഥി പട്ടികയിലെ വനിത പ്രാതിനിധ്യ കുറവ്, നീതികേടാണെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂർ എംപി. സ്ഥാനാർഥി നിർണയത്തിൽ തനിക്ക് പങ്കില്ലെന്നും അദ്ദേഹം പറഞ്ഞു.
തീരുമാനങ്ങൾ എടുത്തവർ എല്ലാ ഘടകങ്ങളും പരിഗണിച്ചിരിക്കാം. വിജയസാധ്യതയാണ് മാനദണ്ഡം എന്നാണ് പറയുന്നത്. വനിത ബില്ലിനെ പിന്തുണച്ച ആളാണ് താൻ. സ്ത്രീകൾക്ക് കൂടുതൽ പ്രാതിനിത്യം വേണമെന്നാണ് നിലപാട് എന്നും ശശി തരൂർ പറഞ്ഞു.
സംസ്ഥാനത്ത് കോണ്‍ഗ്രസ് മത്സരിക്കുന്ന 92 സീറ്റുകളില്‍ ഒമ്പത് മണ്ഡലങ്ങളിലാണ് വനിതകള്‍ സ്ഥാനാര്‍ഥികളായിട്ടുള്ളത്.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിൽ നടൻ സുധീർ കരമന എൽഡിഎഫ് സ്വതന്ത്രനായി മത്സരിക്കും. സുധീർ കരമനയെ സ്ഥാനാർഥിയായി എൽഡിഎഫ് പ്രഖ്യാപിച്ചു.
എൽഡിഎഫ് ക്യാംപിൽ തീർത്തും അപ്രതീക്ഷിതമായ നീക്കമാണ് നടന്നിരിക്കുന്നത്. ജനാധിപത്യ കേരള കോൺഗ്രസിന് അനുവദിച്ച സീറ്റായിരുന്നു ഇത്. ഈ സീറ്റിൽ സ്ഥാനാർഥിയെ കണ്ടെത്തേണ്ടതും അവരായിരുന്നു. എന്നാൽ യോജിച്ച സ്ഥാനാർഥിയെ നിർദേശിക്കാൻ പോലും ഇതുവരെ സാധിച്ചിരുന്നില്ല.
മണ്ഡലത്തിലെ എംഎൽഎയായിരുന്ന മുൻ മന്ത്രി ആന്റണി രാജു തൊണ്ടിമുതൽ കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്നാണ് എൽഡിഎഫിന് പുതിയ സ്ഥാനാർഥിയെ കണ്ടെത്തേണ്ടി വന്നത്. കേസിൽ ശിക്ഷിക്കപ്പെട്ടതിനെ പിന്നാലെ എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ട ആന്റണി രാജുവിന് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വിലക്കുണ്ട്.
Kerala
കൊച്ചി: എല്‍ദോസ് കുന്നപ്പിള്ളിക്ക് തന്നോട് അതൃപ്തിയില്ലെന്നും തങ്ങള്‍ സുഹൃത്തുക്കളാണെന്നും മനോജ് മൂത്തേടന്. എല്‍ദോസും അദ്ദേഹത്തിനായി പ്രകടനത്തിന് ഇറങ്ങിയ മറ്റു ജനപ്രതിനിധികളും ഇന്നു മുതല്‍ തനിക്കൊപ്പം പ്രചാരണത്തിന് ഇറങ്ങും എന്നാണ് മനോജ് മൂത്തേടന് മാധ്യമങ്ങളോട് പ്രതികരിച്ചത്.
സ്ഥാനാര്‍ഥിത്വം അറിഞ്ഞപ്പോള്‍ തന്നെ എല്‍ദോസ് കുന്നപ്പിള്ളിയെ വിളിച്ചിരുന്നു. ഫോണില്‍ കിട്ടാത്തതു കൊണ്ട് വീട്ടില്‍ കാണാന്‍ പോയിരുന്നു. എന്നാല്‍ ഞാന്‍ ചെല്ലുന്നത് അറിയാത്തത് കൊണ്ട് എല്‍ദോസ് ഭക്ഷണം കഴിക്കാനായി പോയിരുന്നു. ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്. ഒന്നിച്ചാണ് കെഎസ്യു പ്രവര്‍ത്തനം ഒക്കെ ആരംഭിച്ചത്. 1996 മുതലുള്ള ബന്ധമാണ്.
സ്ഥാനാര്‍ഥിയായി ഞങ്ങളുടെ പേരുകള്‍ വന്നപ്പോള്‍ തന്നെ സംസാരിച്ചിരുന്നു. എല്‍ദോസിന് എന്നോടുള്ള അതൃപ്തിയല്ല. സീറ്റിനെ കുറിച്ച് വ്യക്തമായി സംസാരിച്ചിട്ടില്ല എന്നുള്ളതാണ് ഞാനും ചാനലില്‍ കണ്ടത്. പക്ഷെ അത് പരിഹരിക്കപ്പെടും. എല്‍ദോസിന്റെ കൂടെ ഉണ്ടായിരുന്നവരെല്ലാം കൂടെയുണ്ടാകും ഇന്നു മുതല്‍ സജീവമായി രംഗത്തിറങ്ങുമെന്ന് പറഞ്ഞു.
ഔദ്യോഗിക സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാത്തതു കൊണ്ട് പിന്തുണയര്‍പ്പിച്ചത് മാത്രമാണ്. അല്ലാതെ നേതൃത്വത്തിനെതിരായുള്ള പ്രതിഷേധമല്ല എന്ന് മനോജ് മൂത്തേടന് പറഞ്ഞു. എല്‍ദോസ് കുന്നപ്പിള്ളി സ്വതന്ത്രനായി മത്സരിക്കില്ലെന്നും മനോജ് മൂത്തേടന് വ്യക്തമാക്കി.
അതേസമയം, വ്യാഴാഴ്ച രാത്രിയാണ് മനോജ് മൂത്തേടനെ പെരുമ്പാവൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. പെരുമ്പാവൂരിലെ സിറ്റിംഗ് എംഎല്‍എയായ എല്‍ദോസ് കുന്നപ്പിള്ളിയെ തഴഞ്ഞാണ് മനോജിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കിയത്. തന്റെ സീറ്റ് ഉറപ്പിക്കാനായി എല്‍ദോസ് കുന്നപ്പിള്ളി ഡല്‍ഹിയിലെത്തി കേന്ദ്ര നേതാക്കളെ കണ്ടിരുന്നു. എന്നാല്‍ എല്‍ദോസിനെതിരെയുള്ള ലൈംഗികാതിക്രമ കേസ് ഈ മാസം കോടതി പരിഗണിക്കാനിരിക്കുന്നതാണ് വിനയായത്.
Kerala
കൊച്ചി: എല്‍ദോസ് കുന്നപ്പിള്ളി സ്വതന്ത്രനായി മത്സരിക്കില്ല. നിയസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അവ്യക്തതകള്‍ വ്യാഴാഴ്ച രാത്രിയാണ് അവസാനിച്ചത്. പെരുമ്പാവൂരില്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടനാണ് സ്ഥാനാര്‍ഥി. ഇതോടെ, തന്റെ നിരാശ എല്‍ദോസ് പരസ്യമായി പ്രകടമാക്കിയിരുന്നു.
ഇതിന് പിന്നാലെയാണ് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് എല്‍ദോസ് കുന്നപ്പിള്ളി സ്വതന്ത്രനായി മത്സരിച്ചേക്കുമെന്ന പ്രചാരണങ്ങള്‍ എത്തിയത്. എന്നാല്‍ അദ്ദേഹം സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കില്ല എന്നാണ് എല്‍ദോസ് കുന്നപ്പിള്ളിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ ദീപിക ഓണ്‍ലൈനിനോട് വ്യക്തമാക്കിയത്.
അതേസമയം, സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് തൊട്ടു മുമ്പ് വരെ കേന്ദ്ര നേതൃത്വം തന്നെ കൈവിടില്ലെന്ന പ്രതീക്ഷയില്‍ ആയിരുന്നു എല്‍ദോസ് കുന്നപ്പിള്ളി. നേതൃത്വത്തില്‍ വിശ്വാസമുണ്ട് എന്നായിരുന്നു എല്‍ദോസ് പ്രതികരിച്ചത്. എല്‍ദോസിനായി പെരുമ്പാവൂരിലെ കോണ്‍ഗ്രസ് ജനപ്രതിനിധികളും പ്രവര്‍ത്തകരും റാലിയും നടത്തിയിരുന്നു.
സീറ്റ് ഇല്ലെങ്കിലും കോണ്‍ഗ്രസ് പ്രവര്‍ത്തകനായി തുടരുമെന്നും എല്‍ദോസ് കുന്നപ്പിള്ളി പ്രതികരിച്ചിരുന്നു. എല്‍ദോസിന് സീറ്റ് നിഷേധിച്ചതോടെ എല്‍ദോസിന്റെ അനുയായികള്‍ പെരുമ്പാവൂരില്‍ പ്രതിഷേധ പ്രകടനവും നടത്തിയിരുന്നു. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് ശേഷം മനോജ് മൂത്തേടന് എല്‍ദോസിന്റെ വീട്ടിലെത്തിയിരുന്നു. എന്നാല്‍ എല്‍ദോസ് കുന്നപ്പിള്ളി കാണാന്‍ തയാറായി
Movies
ട്വന്റി 20യുടെ ഏറ്റുമാനൂരിലെ സ്ഥാനാർഥിത്വും അനിശ്ചിതത്തിൽ. ഏറ്റുമാനൂരിലെ സ്ഥാനാർഥി നടി വീണാ നായർക്കും വോട്ടില്ല. നേരത്തെ പെരുമ്പാവൂരിലെ ട്വന്റി 20 സ്ഥാനാർത്ഥി നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍പട്ടികയിൽ ഇല്ലെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് ലക്ഷ്മിപ്രിയയുടെ റോഡ് ഷോ റദ്ദാക്കിയിരുന്നു.
കേന്ദ്രമന്ത്രി ഭൂപതി രാജു ശ്രീനിവാസവർമ ആയിരുന്നു റോഡ് ഷോ ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത്. ബിജെപി ഘടകകക്ഷിയായ ട്വന്റി 20 സിനിമാ -സീരിയല്‍- റിയാലിറ്റി ഷോ താരങ്ങള്‍ക്ക് കൂട്ടത്തോടെ സീറ്റ് നല്‍കിയാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്.
തൃപ്പൂണിത്തുറയില്‍ സിനിമാ താരം അഞ്ജലി നായരാണ് സ്ഥാനാർഥി. ഏറ്റുമാനൂരില്‍ വീണാ നായര്‍, അങ്കമാലിയില്‍ പ്രോമി കുര്യാക്കോസ്, വൈപ്പിനിൽ നര്‍ത്തകിയും നടിയും സംരംഭകയുമായ അനിത തോമസ് എന്നിവരാണ് ട്വന്റി 20 സ്ഥാനാർഥികൾ. തൃക്കാക്കരയിൽ അഖിൽ മാരാറാണ് സ്ഥാനാർഥി.
Movies
പെരുമ്പാവൂരിലെ ട്വന്റി 20 സ്ഥാനാര്‍ഥി നടി ലക്ഷ്മിപ്രിയയ്ക്ക് വോട്ടില്ല. തൃപ്പൂണിത്തുറ കരിങ്ങാച്ചിറയിലാണ് നിലവില്‍ ലക്ഷ്മിപ്രിയയുടെ താമസം. ഇവിടത്തെ വോട്ടര്‍പട്ടികയില്‍ ലക്ഷ്മി പ്രിയയുടെ പേരില്ലെന്ന സ്ഥിരീകരണമാണ് പുറത്തുവരുന്നത്.
തൃക്കാക്കരയില്‍ ഫ്ളാറ്റുണ്ടായിരുന്ന പ്രദേശത്തും പേര് വിവരങ്ങള്‍ ലിസ്റ്റിലില്ല എന്നാണ് വിവരം. തുടര്‍ന്ന് ഇന്ന് നടത്താനിരുന്ന ലക്ഷ്മിപ്രിയയുടെ റോഡ് ഷോ റദ്ദാക്കി.
ആരോഗ്യപ്രശ്നങ്ങളുള്ളതിനാലാണ് റോഡ് ഷോ റദ്ദാക്കിയതെന്നാണ് വിശദീകരണം. കഴിഞ്ഞദിവസമാണ് സാബു എം. ജേക്കബ് ലക്ഷ്മിപ്രിയയുടെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള ബിജെപിയുടെ രണ്ടാം ഘട്ട സ്ഥാനാർഥി പട്ടിക പുറത്ത്. 39 പേരുടെ പട്ടികയാണ് പുറത്തുവിട്ടത്. ആറന്മുളയിൽ മുതിർന്ന നേതാവ് കുമ്മനം രാജശേഖരൻ മത്സരിക്കും. ബിഗ്ബോസ് താരം റോബിൻ രാധാകൃഷ്ണനാണ് കുണ്ടറയിൽ സ്ഥാനാർഥി.
കെ. രഞ്ജിത്ത് (ധർമ്മടം), ബി. ഗോപാലകൃഷ്ണൻ (ഗുരുവായൂർ), സി.സി. മുകുന്ദൻ (നാട്ടിക), ഡോ. പ്രതാപ് (കൊല്ലം), വി. ഉണ്ണികൃഷ്ണൻ (തൃത്താല), എം.എൽ. അശ്വിനി (കാസർഗോഡ്), എ.വി. സനിൽകുമാർ (കല്യാശേരി), എൻ. ഹരിദാസ് (തളിപ്പറമ്പ്), ഒ. നിധീഷ് (തലശേരി), അഡ്വ. ഷിജിലാൽ (കൂത്തുപറമ്പ്), ബിജു ഇലക്കുഴി (മട്ടന്നൂർ), പ്രശാന്ത് മലവയൽ (കൽപറ്റ), പി. സുബ്രഹ്മണ്യൻ (കൊണ്ടോട്ടി), എൻ. ശ്രീപ്രകാശ് (ഏറനാട്), എം. പത്മശ്രീ (മഞ്ചേരി), കെ.പി. ബാബുരാജ് (പെരിന്തൽമണ്ണ), ലിജോയ് പോൾ (മങ്കട), അശ്വതി ഗുപ്ത കുമാർ (മലപ്പുറം), വി.എൻ. ജയകൃഷ്ണൻ (വേങ്ങര), എം. പ്രേമൻ മാസ്റ്റർ (വള്ളിക്കുന്ന്), റിജു സി. രാഘവ് (തിരൂരങ്ങാടി), ദീപ പുഴയ്ക്കൽ (താനൂർ), കെ. നാരായണൻ മാസ്റ്റർ (തിരൂർ), രവി തേലത്ത് (തവനൂർ), പി. മനോജ് (പട്ടാമ്പി), രേണു സുരേഷ് (കോങ്ങാട്), സുരേഷ് ബാബു (തരൂർ), പ്രാണേഷ് രാജേന്ദ്രൻ (ചിറ്റൂർ), കെ.വി. പ്രസന്നകുമാർ (ആലത്തൂർ), ടി.എസ്. ഉല്ലാസ് ബാബു (വടക്കാഞ്ചേരി), ബിജോയ് തോമസ് (ഒല്ലൂർ), എ. നാഗേഷ് (പുതുക്കാട്), എം.എ. ബ്രഹ്മരാജ് (ആലുവ), വത്സല പ്രസന്നകുമാർ (പറവൂർ), പി.ആർ. ശിവശങ്കർ (എറണാകുളം), ബി. രാധാകൃഷ്ണ മേനോൻ (ചങ്ങനാശേരി), എം.ജെ. ജോബ് (ആലപ്പുഴ) എന്നിവരും മത്സരിക്കും.
Kerala
കണ്ണൂർ: തനിക്കും താൻ നിർദേശിക്കുന്നു ആളുകൾക്കും സീറ്റ് നല്‍കാത്തതിൽ കടുത്ത അതൃപ്തിയിൽ കെ. സുധാകരൻ. എംപിമാർ മത്സരിക്കേണ്ടന്ന ഹൈക്കമാൻഡിന്റെ കർശന തീരുമാനത്തിലാണ് കെ. സുധാകരന് സീറ്റ് നല്കേണ്ടന്ന് ഒടുവിൽ തീരുമാനിച്ചത്.
സുധാകരന് സീറ്റ് നല്കാതിരുന്നാലുള്ള പരിണിതഫലങ്ങളെക്കുറിച്ച് കോൺഗ്രസ് നേതാക്കൾ സംസ്ഥാന നേതാക്കളുമായി സംസാരിച്ചു. കെ. സുധാകരന് സീറ്റ് കൊടുത്താൽ മറ്റ് എംപിമാർക്കും സീറ്റ് കൊടുക്കേണ്ടി വരുമെന്ന് സംസ്ഥാന നേതൃത്വം അറിയിച്ചതോടെ സുധാകരന് സീറ്റ് കൊടുക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു.
ആദ്യഘട്ടം ഡൽഹിയിൽ നടന്ന ചർച്ചയിൽ എംപിമാർ മത്സരിക്കേണ്ടന്ന ദേശീയ നേതൃത്വത്തിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് സുധാകരൻ കണ്ണൂരിലേക്ക് മടങ്ങിയിരുന്നു. തുടർന്ന്, കണ്ണൂർ നടാലിലെ വീട്ടിലെത്തി വൈകാരികമായി ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. സുധാകരന്റെ വൈകാരിക പ്രതികരണത്തിൽ കണ്ണൂരിലെ കോൺഗ്രസ് പ്രവർത്തകരും നേതാക്കളും വീട്ടിലേക്ക് എത്തിച്ചേർന്നിരുന്നു. ഇതിനിടയിൽ, ഡൽഹിയിൽ നിന്നും വിളിക്കുകയും ചെയ്തിരുന്നു.
തനിക്ക് സീറ്റില്ലെങ്കിൽ താൻ നിർദേശിക്കുന്ന ആളുകൾക്ക് സീറ്റ് നല്‍കണമെന്നായിരുന്നു സുധാകരന്റെ പ്രധാന നിർദേശം. ഇതിനെക്കുറിച്ച് ചർച്ച ചെയ്യാനാണ് വീണ്ടും ഡൽഹിക്ക് പോയത്. എന്നാൽ, സുധാകരനും സുധാകരൻ നിർദേശിച്ച ആളുകൾക്കും സീറ്റ് നല്‍കിയില്ല.
കോൺഗ്രസ് പ്രവർത്തകർക്കിടയിൽ ഏറെ സ്വാധീനമുള്ള നേതാവാണ് കെ. സുധാകരൻ. അതിനാൽ, സുധാകരൻ വൈകാരികമായി പ്രതികരിച്ചാൽ അത് തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ ബാധിക്കും. സുധാകരനെ മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂർ ഡിസിസി ഓഫീസിന് മുന്നിലും നഗരത്തിലും വ്യാപകമായി ഫ്ലക്സ് ബോർഡുകൾ ഉയർന്നിരുന്നു. കൂടാതെ, കഴിഞ്ഞ ദിവസം സുധാകരൻ അനുകലികളുടെ പന്തംകൊളുത്തി പ്രകടനവും നടന്നിരുന്നു.
നിലവിൽ, സുധാകരൻ അനുകൂലികളുടെ പ്രകടനത്തിലെ പ്രധാന മുദ്രാവാക്യം കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനെതിരേയായിരുന്നു. സണ്ണി ജോസഫ് മത്സരിക്കുന്ന പേരാവൂർ മണ്ഡലത്തിലും സുധാകരന്റെ പോസ്റ്ററുകൾ ഉയർന്നിരുന്നു. സുധാകരന് സീറ്റില്ലെങ്കിൽ സണ്ണി ജോസഫ് നിയമസഭയിൽ എത്തില്ലെന്നായിരുന്നു മുദ്രാവാക്യം.
നിലവിൽ, കെ. സുധാകരന് ധാരാളം അനുയായികൾ ഉള്ള മണ്ഡലമാണ് പേരാവൂരും കണ്ണൂരും. സുധാകരൻ മത്സരിച്ചില്ലെങ്കിൽ എന്താകും. മണ്ഡലങ്ങളിലെ സുധാകരൻ ഇംപാക്ട് എന്ന് കാത്തിരുന്ന് കാണാം.
ടി.ഒ. മോഹനൻ കണ്ണൂരിൽ?
സുധാകരന് പകരം കണ്ണൂർ കോർപറേഷൻ മുൻ മേയർ ടി.ഒ. മോഹനൻ കണ്ണൂരിൽ സ്ഥാനാർഥിയാകുമെന്നാണ് സൂചന. നേരത്തെ സുധാകരനൊപ്പമായിരുന്ന വേണുഗോപാൽ സമീപകാലത്ത് വേണുഗോപാൽ ഗ്രൂപ്പിനൊപ്പമായിരുന്നു.
നിലവിൽ, ബിജെപി കണ്ണൂർ മണ്ഡലത്തിലും സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പ്രചാരണം തുടങ്ങിയിട്ടില്ല. സുധാകരനുമായി ബിജെപി നേതാക്കൾ ആശയ വിനിമയം നടത്തിയിട്ടുണ്ടെന്നാണ് സൂചന. മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിക്കാനുള്ള നീക്കവും സുധാകരൻ നടത്തുന്നുണ്ട്.
National
ന്യൂഡൽഹി: കോൺഗ്രസ് രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും. കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിറ്റി യോഗത്തിലെ ചർച്ച പൂർത്തിയായി. ഏതാനും മണ്ഡലങ്ങളിലെ പേരുകളിലും എംപിമാരുടെ മത്സരതാൽപര്യത്തിന്റെ കാര്യത്തിലും ഭിന്നാഭിപ്രായം രൂപപ്പെട്ടതോടെയാണു ചർച്ച നീണ്ടത്.
കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിറ്റി യോഗത്തിൽ വീണ്ടും അഭിപ്രായഭിന്നത രൂപപ്പെട്ടതോടെ രാഹുൽ ഗാന്ധി ഇടപെടുകയായിരുന്നു. കേരള നേതാക്കൾ വീണ്ടുമിരുന്നു ചർച്ച ചെയ്തശേഷം യോഗത്തിനെത്താനായിരുന്നു രാഹുലിന്റെ നിർദേശം. ഇങ്ങനെ ചർച്ചയ്ക്കുശേഷം വീണ്ടും ചേർന്ന സിഇസി യോഗം ഇന്ന് പുലർച്ചെ 2.15 വരെ നീണ്ടു.
ചർച്ച പൂർത്തിയായതോടെ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് നാട്ടിലേക്ക് മടങ്ങി. കഴിഞ്ഞദിവസം പ്രഖ്യാപിച്ച 55നു പുറമേ, 40 സീറ്റുകളുടെ കാര്യമാണ് സിഇസിയുടെ ചർച്ചയ്ക്കെത്തിയത്.
എംപിമാർ മത്സരിക്കേണ്ടെന്ന പൊതുനിലപാട് ഔദ്യോഗികമായി സ്വീകരിച്ചാൽ, കണ്ണൂരിൽ ടി. ഒ.മോഹനനും കോന്നിയിൽ സതീഷ് കൊച്ചുപറമ്പിലിനുമാണ് മുൻതൂക്കം.
Kerala
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ പെരുമ്പാവൂര്‍ മണ്ഡലത്തിലെ സിറ്റിംഗ് എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്ക് സീറ്റില്ല. പരിണന ലിസ്റ്റില്‍ എല്‍ദോസിന്റെ പേരില്ല എന്നാണ് വിവരം. മനോജ് മൂത്തേടത്ത്, ഉല്ലാസ് തോമസ് എന്നിവരെയാണ് പെരുമ്പാവൂരില്‍ പരിഗണിക്കുന്നത്. ഇന്ന് വൈകിട്ട് തന്നെ 40 സ്ഥാനാര്‍ഥികളുടെ പട്ടിക പ്രഖ്യാപിക്കും.
സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട അനിശ്ചിതങ്ങള്ക്കിടെ എല്‍ദോസ് കുന്നപ്പിള്ളി ഡല്‍ഹിയില്‍ എത്തി ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ എല്‍ദോസിന് സീറ്റില്ല എന്നാണ് വിവരം. അതേസമയം, കോണ്‍ഗ്രസ് നേതൃത്വം തന്നെ കൈവിടില്ല എന്ന നിലപാടിലാണ് എംല്ദോസ് കുന്നപ്പിള്ളി.
താന്‍ മത്സരിക്കുകയാണെങ്കില്‍ 15000ല്‍ അധികം ഭൂരിപക്ഷം ലഭിക്കും. തനിക്കെതിരെയുള്ള ലൈംഗികാതിക്രമ കേസ് കെട്ടിച്ചമച്ചതാണെന്നും എല്‍ദോസ് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. പെരുമ്പാവൂരില്‍ എല്ലാം തനിക്ക് അനുകൂലമാണെന്നും എല്‍ദോസ് കുന്നപ്പിള്ളി പറഞ്ഞിരുന്നു.
Kerala
പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വൻ വിജയം നേടുമെന്ന് തൃത്താലയിലെ യുഡിഎഫ് സ്ഥാനാർഥി വി.ടി. ബൽറാം. നൂറിലധികം സീറ്റുകൾ നേടിയായിരിക്കും യുഡിഎഫ് അധികാരത്തിലെത്തുകയെന്നും ബൽറാം പറഞ്ഞു.
'കഴിഞ്ഞ തവണ നഷ്ടപ്പെട്ട സീറ്റുകൾ ഇത്തവണ തിരിച്ചുപിടിക്കും. തൃത്താലയിൽ ജയിക്കുമെന്നുറപ്പാണ്. പാലക്കാട് ജില്ലയിൽ ഇത്തവണ കൂടുതൽ സീറ്റുകൾ നേടും.'-ബൽറാം അവകാശപ്പെട്ടു.
എൽഡിഎഫിന്റെ ദുർഭരണം അവസാനിപ്പിക്കണമെന്നാണ് ജനം ആഗ്രഹിക്കുന്നത്. പത്ത് വർഷത്തെ ഭരണത്തിൽ ജനം വലഞ്ഞിരിക്കുകയാണ്. യുഡിഎഫ് സർക്കാരിനായി ജനം വിധിയെഴുതും. എല്ലാ സീറ്റുകളിലും കോൺഗ്രസ് ഉടൻ സ്ഥാനാർഥി പ്രഖ്യാപനം നടത്തുമെന്നും ബൽറാം പറഞ്ഞു.
Kerala
കോട്ടയം: കേരള കോണ്‍ഗ്രസ് ജേക്കബ് പാര്‍ട്ടി ലീഡര്‍ അനൂപ് ജേക്കബിനെ പിറവം അസംബ്ലി നിയോജക മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി വീണ്ടും മത്സരിപ്പിക്കാന്‍ സംസ്ഥാന ഹൈ പവര്‍ കമ്മിറ്റി യോഗം തീരുമാനിച്ചു.
പാര്‍ട്ടി ചെയര്മാന് വാക്കനാട് രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് ചെയര്മാന് ബാബു വലിയവീടന്‍ അധ്യക്ഷത വഹിച്ചു.
നിലവിലെ പിറവം എംഎൽഎയായ അനൂപ് ജേക്കബ് മുൻ മന്ത്രി ടി.എം. ജേക്കബിന്റെ മകനാണ്.
Kerala
പാലക്കാട്: ഒറ്റപ്പാലം നിയോജക മണ്ഡലത്തിൽ സിപിഎമ്മിൽ പുറത്തുവന്ന മുൻ എംഎൽഎ പി.കെ. ശശി യുഡിഎഫിന്റെ സ്ഥാനാർഥിയാകുമെന്ന് ഉറപ്പാകുന്നു. ശശിയെ യുഡിഎഫ് സ്ഥാനാർഥിയായി ഉയർത്തിക്കാട്ടി വ്യാപകമായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. ഒറ്റപ്പാലത്തെ ബ്ലോക്ക് കോൺഗ്രസ് ആസ്ഥാനത്താണ് ഔദ്യോഗിക പ്രഖ്യാപനത്തിന് മുൻപേ ശശിയുടെ പ്രചാരണ ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്.
‘ഒറ്റപ്പാലം നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർഥി പി.കെ. ശശിയെ വിജയിപ്പിക്കുക' എന്നാണ് പോസ്റ്ററുകളിലെ അഭ്യർഥന. ചിഹ്നം എന്താണെന്ന് പോസ്റ്ററുകളിൽ വ്യക്തമാക്കിയിട്ടില്ല. സിപിഎമ്മിലെ കലാപത്തിന് പിന്നാലെ യുഡിഎഫ് പാളയത്തിലേക്ക് ശശി എത്തുന്നത് പാലക്കാട്ടെ രാഷ്ട്രീയ സമവാക്യങ്ങളിൽ വലിയ മാറ്റമുണ്ടാക്കുമെന്നാണ് കരുതപ്പെടുന്നത്.
Kerala
കൊച്ചി: തൃപ്പൂണിത്തുറയില്‍ ട്വന്റി20 സ്ഥാനാര്‍ഥിയായി നടി അഞ്ജലി നായര്‍. പാർട്ടി അധ്യക്ഷൻ സാബു എം. ജേക്കബിനൊപ്പം നടത്തിയ വാർത്താസമ്മേളനത്തിലാണ് താരം സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്.
ട്വന്റി 20യുടെ താര സ്ഥാനാര്‍ഥികളിൽ മൂന്നാമത്തെയാളാണ് അഞ്ജലി നായര്‍. സംവിധായകനും റിയാലിറ്റി ഷോ താരവുമായ അഖില്‍ മാരാര്‍ ആണ് ട്വന്റി20 ആദ്യം പ്രഖ്യാപിച്ച താര സ്ഥാനാര്‍ഥി. തൃക്കാക്കരയിലാണ് അഖില്‍ മാരാര്‍ മത്സരിക്കുന്നത്. ഏറ്റുമാനൂരിൽ നടി വീണാ നായരും മത്സരിക്കുന്നുണ്ട്.
എന്‍ഡിഎയുടെ സഖ്യകക്ഷിയായി മാറിയ ശേഷമുള്ള ട്വന്റി20യുടെ ആദ്യ നിയമസഭാ തെരഞ്ഞെടുപ്പാണിത്. ഉമ്മന്‍ ചാണ്ടിയുടെ മകള്‍ മറിയ ഉമ്മന്റെ ഭര്‍ത്താവായ വര്‍ഗീസ് ജോര്‍ജ് ആണ് കൊടുങ്ങല്ലൂരിലെ ട്വന്റി20 സ്ഥാനാര്‍ഥി.
തിരുവമ്പാടിയില്‍ സണ്ണി തോമസും തൃക്കരിപ്പൂരില്‍ രവി കുളങ്ങരയുമാണ് സ്ഥാനാര്‍ഥികള്‍. അടൂര്‍ മുനിസിപ്പാലിറ്റി മുന്‍ ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായിരുന്ന ബാബു ദിവാകരന് കുന്നത്തുനാട്ടില്‍ മത്സരിക്കും.
Kerala
തൃശൂര്‍: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മരുമകന് വർഗീസ് ജോർജ് ട്വന്റി 20 സ്ഥാനാര്‍ഥിയാകും. ഉമ്മന്‍ ചാണ്ടിയുടെ മകള്‍ മറിയ ഉമ്മന്റെ ഭര്‍ത്താവാണ് വര്‍ഗീസ് ജോര്‍ജ്. കൊടുങ്ങല്ലൂരിലാണ് വർഗീസ് ജോർജ് മത്സരിക്കുക.
വര്‍ഗീസ് ജോര്‍ജ് 2021ല്‍ ട്വന്റി 20 അംഗത്വമെടുത്തിരുന്നു. നേരത്തെ ട്വന്റി 20 ഉപദേശ സമിതി അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലം പ്രസിഡന്റാണ്.
National
പൂന: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി സുനേത്ര പവാർ മത്സരിക്കുന്ന ബാരാമതിയിൽ സ്ഥാനാർഥിയെ നിർത്തില്ലെന്ന് എൻസിപി (എസ്പി) വർക്കിംഗ് പ്രസിഡന്റ് സുപ്രിയ സുലെ.
ഉപമുഖ്യമന്ത്രിയായിരുന്ന അജിത് പവാറിന്റെ വിമാനപകടത്തിൽ മരിച്ചതിനെത്തുടർന്നാണ് ബാരാമതിയിൽ ഉപതെരഞ്ഞെടുപ്പ്.
അജിത്തിന്റെ ഭാര്യയായ സുനേത്രയെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബാരാമതി മണ്ഡലത്തിൽ പരാജയപ്പെടുത്തിയത് സുപ്രിയ ആണ്.
Kerala
മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ചപ്പോൾ നിലമ്പൂരിൽ വീണ്ടും സ്വതന്ത്ര പരീക്ഷണവുമായി സിപിഎം. മുൻ ഇന്ത്യൻ ഫുട്ബോൾ താരം യു.ഷറഫലി ഇത്തവണ ജനവിധിതേടും. അരീക്കോട് സ്വദേശിയായ ഷറഫലിയെ ഏറനാട് മണ്ഡലത്തിലേക്കാണ് പരിഗണിച്ചിരുന്നത്.
തുടർന്ന് നിലമ്പൂരിലേക്ക് മാറ്റുകയായിരുന്നു. മുൻപ് പി.വി.അൻവർ രാജിവെച്ചതിനെത്തുടർന്നുണ്ടായ ഉപതെരഞ്ഞെടുപ്പിലും ഷറഫലിയുടെ പേര് ആദ്യഘട്ടത്തിൽ ഉയർന്നു വന്നിരുന്നെങ്കിലും അന്ന് എം. സ്വരാജിനെ മത്സരിപ്പിക്കാനാണ് പാർട്ടി തീരുമാനിച്ചത്.
1992-ലും 1993-ലും കേരളം സന്തോഷ് ട്രോഫി കിരീടം ചൂടിയപ്പോൾ ആ വിജയങ്ങളിൽ ഷറഫലി നിർണായക പങ്ക് വഹിച്ചിരുന്നു. വി.പി.സത്യൻ, സി.വി.പാപ്പച്ചൻ, ഐ.എം.വിജയൻ, എം.ബാബുരാജ് എന്നിവരടങ്ങുന്ന കേരള പോലീസിന്റെയും കേരള ടീമിന്റെയും സുവർണ കാലഘട്ടത്തിലെ പ്രധാന താരമായിരുന്നു അദ്ദേഹം.
ദേശീയ തലത്തിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ച ഷറഫലി 1993-ൽ നടന്ന സൂപ്പർ സോക്കർ സീരീസിൽ ഇന്ത്യൻ ദേശീയ ടീമിനെ നയിച്ചു. കളിക്കാരൻ എന്നതിലുപരി കേരള പോലീസ് ടീമിന്റെ മാനേജർ, മുഖ്യ പരിശീലകൻ എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
Kerala
ആലപ്പുഴ: സിപിഎം അംഗത്വം പുതുക്കാൻ തയാറാകാത്തതിനു പിന്നാലെ പാർട്ടി വിട്ടതായി പ്രഖ്യാപിച്ച് മുതിർന്ന നേതാവ് ജി. സുധാകരൻ. നിയമസഭാ തെരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുമെന്നും സുധാകരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
താൻ പാർട്ടി അംഗത്വം ഒഴിഞ്ഞു, പാർട്ടി വിട്ടു. പാർട്ടിക്കുള്ളിൽനിന്ന് പാർട്ടിയെ ചതിക്കുകയല്ല, പാർട്ടിയിൽനിന്ന് മാറിക്കൊടുത്തു. താൻ കാരണം പാർട്ടിക്ക് ഇനി തലവേദനയില്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
ആരുടെയും പിന്തുണ വേണ്ട. പിന്തുണയുമായി ആരും വന്നിട്ടില്ല. പിന്തുണ സ്വീകരിക്കുമോ എന്ന് ഇപ്പോൾ പറയാനാകില്ല. അത് പിന്തുണയുടെ സ്വഭാവം പോലെയാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു രാഷ്ട്രീയ പാർട്ടിയിലേക്കുമില്ലെന്ന നിലപാട് വ്യക്തമാക്കിയ ജി. സുധാകരൻ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുമെന്ന് ആരോടും പറഞ്ഞിട്ടില്ലെന്നും ഒരു പ്രതിപക്ഷ പാർട്ടിയുമായും സംസാരിച്ചിട്ടില്ലെന്നും മാധ്യമങ്ങളോടു പറഞ്ഞു.
തന്നെപ്പറ്റി വിവിധ വാർത്തകൾ പുറത്തുവരുന്നു. ഇപ്പോൾ നടക്കുന്നതെല്ലാം പ്രചരണങ്ങളാണ്. ദൗത്യങ്ങളുമായി ആരും വന്നിട്ടില്ല. അങ്ങനെ വരേണ്ട സാഹചര്യവുമില്ല. എം.എ. ബേബി ബുധനാഴ്ച വീട്ടിലെത്തി കണ്ടിരുന്നു.
പാർട്ടിയിൽ ചേർന്നത് ആരും നിർബന്ധിച്ചിട്ടല്ല. പാർട്ടി അംഗത്വം ഒഴിഞ്ഞു എന്നാൽ സംഘടനയിൽ ഇല്ലെന്നാണ്. പാർട്ടി ആദർശവും ആശയവും ഉപേക്ഷിച്ചിട്ടില്ല. പാർട്ടിക്കുവേണ്ടി ജീവിച്ച ആളാണ്. പാർട്ടിയെ ആക്ഷേപിക്കാനില്ല. വിവാദങ്ങളെപ്പറ്റി ഒന്നും ഇനി പറയാൻ ആഗ്രഹിക്കുന്നില്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
തന്നെ വ്യക്തിപരമായി ആക്രമിച്ചാൽ ശക്തമായി തിരിച്ചടിക്കും. വ്യക്തിപരമായി ആക്ഷേപിച്ചാൽ പാർട്ടി നശിക്കും. സിപിഎമ്മിന്റെ ഏക ആയുധം രാഷ്ട്രീയമാണ്. റോസാപ്പൂ വിരിച്ച പാതയിലൂടെ വന്നതല്ല താൻ. അടിയന്തരാവസ്ഥക്കാലത്ത് ക്രൂരമർദനം ഏറ്റു. കമ്മ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്രത്തിൽ അടിയുറച്ച് വിശ്വസിക്കുന്നു. വർഗീയതയുമായി യോജിപ്പില്ല. അഴിമതിക്കെതിരെ പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
Kerala
ന്യൂഡൽഹി: ഏതെങ്കിലും നേതാക്കൾ സ്വയം സ്ഥാനാർഥിത്വം പ്രഖ്യാപിച്ചാൽ അവർക്കെതിരേ അച്ചടക്കനടപടികൾ സ്വീകരിക്കുന്ന കാര്യത്തിൽ സംശയമില്ലെന്നു പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ.
നിയമസഭാ തെരഞ്ഞെടുപ്പിൽ ആരും സ്വയം സ്ഥാനാർഥിത്വം പ്രഖ്യാപിച്ചു രംഗത്തിറങ്ങേണ്ടതില്ലെന്ന കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന്റെ കർശന നിർദേശത്തിനു പിന്നാലെയാണ് സതീശന്റെ പ്രതികരണം.
കെപിസിസി അധ്യക്ഷൻ വളരെ വ്യക്തമായിത്തന്നെ ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും സ്ഥാനാർഥിത്വം ആരും സ്വയം തീരുമാനിക്കേണ്ടതില്ലെന്നും സതീശൻ ആവർത്തിച്ചു. തന്റെ സ്ഥാനാർഥിത്വത്തെക്കുറിച്ച് പാർട്ടി ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും സതീശൻ പറഞ്ഞു.
National
ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ടിവികെ സ്ഥാനാർഥികളെ കണ്ടെത്താൻ അഭിമുഖം ആരംഭിച്ചു. സ്ഥാനാർഥിത്വം ആഗ്രഹിച്ച് നൂറുകണക്കിനു പേരാണ് അപേക്ഷ സമർപ്പിച്ചിരിക്കുന്നത്.
ഇവരിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവരെ പണയൂരിലെ പാർട്ടി ഓഫീസിൽ വിളിച്ചുവരുത്തിയാണ് അഭിമുഖം നടത്തുന്നത്. 234 മണ്ഡലങ്ങളിലും തനിച്ചു മത്സരിക്കാനാണ് നീക്കമെങ്കിലും ടിവികെയെ എൻഡിഎ സഖ്യത്തിലെത്തിക്കാൻ നീക്കം ആരംഭിച്ചിട്ടുണ്ട്.
വിസിൽ ചിഹ്നമാണ് ടിവികെയ്ക്ക് അനുവദിച്ചിട്ടുള്ളത്. പാർട്ടി അധ്യക്ഷൻ വിജയ് പെരമ്പൂര്‍ മണ്ഡലത്തിൽ നിന്നാണ് ജനവിധി തേടുന്നത്. വികസനത്തില്‍ പിന്നോക്കം നില്ക്കുന്ന നിമയസഭാ മണ്ഡലത്തില്‍ നിന്നും താന്‍ ജനവിധി തേടുമെന്ന് നേരത്തെ വിജയ് പ്രഖ്യാപിച്ചിരുന്നു.
Kerala
തിരുവനന്തപുരം: സിപിഎമ്മിൽനിന്ന് 55 സിറ്റിംഗ് എംഎൽഎമാർ വീണ്ടും മത്സരിക്കും. ഇതിൽ കെ.കെ. ഷൈലജ മട്ടന്നൂരിൽനിന്ന് മാറി പേരാവൂരിലും കെ.എൻ. ഉണ്ണിക്കൃഷ്ണൻ വൈപ്പിനിൽനിന്ന് മാറി തൃപ്പൂണിത്തുറയിലും ജനവിധി തേടും.
പാർട്ടി കഴിഞ്ഞതവണ മത്സരിച്ച 81 സീറ്റുകളിൽ പത്തിൽ താഴെ സീറ്റുകളിലൊഴികെ സ്ഥാനാർഥിപ്പട്ടികയ്ക്കു സിപിഎം സംസ്ഥാന കമ്മിറ്റി അംഗീകാരം നൽകി.
മലപ്പുറം, എറണാകുളം ജില്ലകളിലാണ് സീറ്റുകളിൽ ധാരണയാകാനുള്ളത്. പുതുപ്പള്ളിയിലെ സ്ഥാനാർഥിത്വവും അന്തിമമാക്കിയില്ല. പാലക്കാട്ട് യുഡിഎഫ് സ്ഥാനാർഥിയാരെന്നു മനസിലാക്കിയശേഷം പൊതുസ്വതന്ത്രനെ രംഗത്തിറക്കിയേക്കും.
Kerala
കണ്ണൂർ: തളിപ്പറമ്പ് മണ്ഡലത്തിൽ പി.കെ. ശ്യാമളയെ സ്ഥാനാർഥിയായി പരിഗണിക്കുന്നതിനെതിരെ പ്രതിഷേധവുമായി സിപിഎം അണികളും അനുഭാവികളും രംഗത്ത് എത്തിയതോടെ സ്ഥാനാർഥി നിർണയം സംബന്ധിച്ച് അന്തിമ തീരുമാനം ഇന്നത്തെ സംസ്ഥാന സെക്രട്ടേറിയറ്റിൽ. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ നിലപാട് നിർണായകമാകും.
സമൂഹമാധ്യമങ്ങളിലൂടെയാണ് അണികൾ വിയോജിപ്പ് പ്രകടിപ്പിക്കുന്നത്. നേതൃത്വം തീരുമാനം തിരുത്തണമെന്നാണ് പരസ്യമായി ആവശ്യപ്പെടുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യ എന്ന പരിഗണനയിലാണ് അവർക്ക് സീറ്റ് നൽകിയതെന്ന ആക്ഷേപവും ഉന്നയിക്കുന്നു. പി.കെ. ശ്യാമളയുടെ ജനകീയതയില്ലായ്മ വിജയസാധ്യതയെ ബാധിക്കുമെന്നും പറയുന്നു.
സ്ഥാനാർഥിയെ നിശ്ചയിക്കുമ്പോൾ ആ വ്യക്തിക്ക് ജനങ്ങൾക്കിടയിലുള്ള സ്വീകാര്യതയും പാർട്ടി അണികളുമായുള്ള ആത്മബന്ധവുമാണ് ഏറ്റവും പ്രധാനമെന്നും എന്നാൽ, തളിപ്പറമ്പ് മണ്ഡലത്തിലെ ഇപ്പോഴത്തെ സ്ഥാനാർഥി നിർണയം അങ്ങേയറ്റം പുനർവിചിന്തനം അർഹിക്കുന്ന ഒന്നാണെന്നും സിപിഎം അണികൾ സൈബർ ഇടങ്ങളിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എം.വി. ഗോവിന്ദന്റെ ഭൂരിപക്ഷം കുറഞ്ഞതും കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി കെ. സുധാകരൻ ഈ മണ്ഡലത്തിൽ ഭൂരിപക്ഷം നേടിയതുമൊക്കെ അണികൾ ചൂണ്ടിക്കാട്ടുന്നുണ്ട്.
ജില്ലാ സെക്രട്ടേറിയറ്റ് യോഗം തളിപ്പറമ്പിൽ പി.കെ. ശ്യാമളയുടെ സ്ഥാനാർഥിത്വം അംഗീകരിച്ചതിന് പിന്നാലെയാണ് അണികളുടെ രോഷ പ്രകടനം ഉണ്ടായിരിക്കുന്നത്. പാർട്ടി വാട്സ്ആപ്പ് ഗ്രൂപ്പുകളിലും ചൂടേറിയ ചർച്ചകളും രൂക്ഷമായ പ്രതികരണങ്ങളും ഉയരുന്നുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന നേതാക്കളായ എ.വിജയരാഘവന്റെയും എ.കെ. ബാലന്റെയും ഭാര്യമാരുടെ പേര് ഉയര്‍ന്നപ്പോഴും വിമർശനങ്ങൾ ഉയർന്നിരുന്നു.
ടി.കെ. ഗോവിന്ദനു വേണ്ടിയും അണികൾ
ശ്യാമളയ്ക്കുപകരം സിപിഎം നേതാവ് ടി.കെ. ഗോവിന്ദനെ മത്സരിപ്പിക്കണമെന്ന നിർദേശവുമായി തളിപ്പറന്പ് സിപിഎമ്മിലെ ഒരു വിഭാഗം രംഗത്ത് എത്തിയിട്ടുണ്ട്. ഏകപക്ഷീയമായി നേതാക്കളുടെ കുടുംബകാർക്കായി മണ്ഡലം കൈമാറാതെ തളിപ്പറന്പ് നിയോജകമണ്ഡലത്തിലെ മലപ്പട്ടം സ്വദേശിയായ ടി.കെ. ഗോവിന്ദന് സീറ്റ് നല്‍കണമെന്നാണ് അണികളിൽ ഒരു വിഭാഗത്തിന്റെ ആവശ്യം.
പല തവണയും നിയമസഭാ തെരഞ്ഞെടുപ്പ് വരുമ്പോൾ ടി.കെ. ഗോവിന്ദന്റെ പേര് ഉയർന്നുവരുന്നതാണ്. സി.കെ.പി. പദ്മനാഭൻ മത്സരിക്കാൻ വന്നപ്പോഴും ആദ്യം ഉയർന്നുവന്നത് ടി.കെ. ഗോവിന്ദന്റെ പേരായിരുന്നു.
Kerala
തൊടുപുഴ: കേരള കോണ്‍ഗ്രസ് ചെയര്‍മാനും മുന്‍ മന്ത്രിയുമായ പി.ജെ.ജോസഫ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത്തവണയും തൊടുപുഴയില്‍നിന്നു ജനവിധി തേടുമെന്ന് ഉറപ്പായി.
മകന് അപു ജോണ്‍ ജോസഫ് സ്ഥാനാര്‍ഥിയാകുമെന്ന് അഭ്യൂഹം നിലനില്‍ക്കെയാണ് പി.ജെ. തന്റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് അനിശ്ചിതത്വത്തിന് വിരാമമിട്ടത്.
മുതിര്‍ന്ന നേതാവെന്ന നിലയില്‍ ഇദ്ദേഹം മല്സരരംഗത്തുവരുന്നത് യുഡിഎഫിന് പൊതുവേ ഗുണംചെയ്യുമെന്ന വിലയിരുത്തലാണ് വീണ്ടും മല്‍സരിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്നാണ് സൂചന.
12-ാം തവണയാണ് പി.ജെ. തൊടുപുഴയില്‍നിന്നു നിയമസഭയിലേക്ക് മല്‍സരിക്കാന്‍ തയാറെടുക്കുന്നത്. അതേ സമയം പാര്‍ട്ടി മല്‍സരിക്കുന്ന മറ്റു മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ സംബന്ധിച്ച് തീരുമാനമായിട്ടില്ല. കോണ്‍ഗ്രസുമായി നടത്തുന്ന ഉഭയകക്ഷി ചര്‍ച്ചകള്‍ക്കു ശേഷമാകും ഇതു സംബന്ധിച്ച് തീരുമാനത്തിലെത്തുക.
Kerala
തിരുവനന്തപുരം: കോണ്‍ഗ്രസ് സ്ഥാനാർഥികളായി 75 വയസ് കഴിഞ്ഞവർ മത്സരിക്കണോ എന്ന് ഹൈക്കമാൻഡ് തീരുമാനിക്കും. സ്ഥാനാർഥി നിർണയത്തിൽ പ്രായപരിധി നിബന്ധന ഇത്തവണ ഏർപ്പെടുത്തുന്നു ണ്ടോയെന്നും 75 കഴിഞ്ഞവരെ സ്ഥാനാർഥി പ്പട്ടികയിൽ ഉൾപ്പെടുത്തണോയെന്ന കാര്യത്തിൽ തീരുമാനമെടുത്ത് അറിയിക്കണമെന്നും കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം ഹൈക്കമാൻഡിനോട് അഭ്യർഥിച്ചു.75 വയസ് കഴിഞ്ഞ ജയസാധ്യതയുള്ളവർക്ക് പ്രായപരിധിയിൽ ഇളവ് അനുവദിക്കണമെന്ന ആവശ്യവുമുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പു ലക്ഷ്യമിട്ടു കോണ്‍ഗ്രസിനുവേണ്ടി തന്ത്രങ്ങൾ ആവിഷ്കരിക്കുന്ന കനഗോലു സംഘവും മണ്ഡലം പിടിച്ചെടുക്കാനോ നിലനിർത്താനോ ആവശ്യമുള്ളവരൊഴികെ 75 വയസ് കഴിഞ്ഞവരെ സ്ഥാനാർഥിപ്പട്ടികയിൽനിന്ന് ഒഴിവാക്കണമെന്ന നിർദേശം മുന്നോട്ടു വച്ചിരുന്നു. കനഗോലു സംഘത്തിന്റെ ആവശ്യപ്രകാരമാണ് സംസ്ഥാന നേതൃത്വം ഇക്കാര്യം ഹൈക്കമാൻഡിനോട് അഭ്യർഥിച്ചത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 70 വയസ് പ്രായപരിധി നിബന്ധന കർക്കശമാക്കിയിരുന്നു. അതിനുമുകളിൽ ജയസാധ്യതയുള്ള മുതിർന്ന നേതാക്കൾക്കു മാത്രമാണ് ഇളവനുവദിച്ചത്. ഇത്തവണയും പ്രായപരിധിയിലെ ആശയക്കുഴപ്പം ഒഴിവാക്കണമെന്നാണ് ആവശ്യം.
ഓരോ മണ്ഡലത്തിലും മൂന്നോ നാലോ പേരടങ്ങിയ ജയസാധ്യതയുള്ളവരുടെ സ്ഥാനാർഥിപ്പട്ടിക തയാറാക്കിയിരുന്നു. ജില്ലാ-മണ്ഡലം തലത്തിലെ നേതാക്കളുമായി സംസ്ഥാന നേതൃത്വം നടത്തിയ കൂടിക്കാഴ്ചകളുടെയും വിവിധ സർവേ റിപ്പോർട്ടുകളുടെയും അടിസ്ഥാനത്തിലായിരുന്നു പട്ടിക തയാറാക്കിയത്. ഇതിനെ വീണ്ടും ചുരുക്കി സമർപ്പിക്കാനുള്ള സർവേകളാണ് ഇപ്പോൾ നടന്നുവരുന്നത്.
ഒരു മണ്ഡലത്തിലും പരമാവധി രണ്ടോ മൂന്നോ പേരുടെ പേരുകൾ മാത്രമാകും സംസ്ഥാന നേതൃത്വം കോണ്‍ഗ്രസ് സ്ക്രീനിംഗ് കമ്മിറ്റിക്കു കൈമാറുക. ഇതിനായി കനഗോലു സംഘത്തിന്റെ അന്തിമസർവേയും നടന്നുവരുന്നു.
ഇതിനിടെയാണ് പ്രായപരിധി ടി മാനദണ്ഡമാക്കുന്നുണ്ടോയെന്ന ചോദ്യം ഉയർന്നത്. 75 വയസ് പ്രായപരിധി കർക്കശമാക്കിയാൽ പല മണ്ഡലങ്ങളിലും തയാറാക്കിയ സ്ഥാനാർഥിപ്പട്ടികയിൽ കുറവു വരും.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്തുകളിലേക്കും കോർപറേഷൻ- മുൻസിപ്പാലിറ്റികളിലേക്കും യുവ സ്ഥാനാർഥികളെ പരീക്ഷിച്ചപ്പോൾ വലിയ വിജയമായിരുന്നു നേടിയത്. ഈ മാതൃകകൂടി പിന്തുടരുന്നത് നിയമസഭാ തെരഞ്ഞെടുപ്പിലും വിജയസാധ്യത ഉയർത്തുമെന്ന അഭിപ്രായവുമുണ്ട്. അടുത്തയാഴ്ച ആദ്യം ഡൽഹിയിൽ സ്ഥാനാർഥിനിർണയത്തിനുള്ള സ്ക്രീനിംഗ് കമ്മിറ്റി യോഗം ചേരുന്നുണ്ട്.
Kerala
പാലക്കാട്: വി.എസ്. അച്യുതാനന്ദന്റെ തട്ടകമായിരുന്ന മലമ്പുഴയിൽ തന്നെ സ്ഥാനാർഥിയാക്കാൻ യുഡിഎഫ് നേതാക്കൾ സമീപിച്ചെന്ന് എ. സുരേഷ്. അതേസമയം, മത്സരിക്കുന്നതിന്റെ കാര്യത്തിൽ കോൺഗ്രസ് നേതാക്കളെ തീരുമാനം അറിയിച്ചിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോടു പ്രതികരിച്ചു.
സിപിഎം പാർട്ടിയിൽ നിന്ന് പുറത്താക്കിയിട്ട് 11 വർഷത്തോളമായി. എന്നാൽ, ഇപ്പോഴും ഇടതുപക്ഷ അനുഭാവിയായി തുടരുന്നയാളാണ് താനെന്നും മറ്റൊരു പാർട്ടിയിലേക്ക് ചേരാൻ ഉദ്ദേശിക്കുന്നില്ലെന്നും എ. സുരേഷ് പറഞ്ഞു.
വി.എസിന്റെ വിശ്വസ്തനും ദീർഘകാലം അദ്ദേഹത്തിന്റെ പേഴ്സണൽ അസിസ്റ്റന്റുമായിരുന്ന സുരേഷ് സിപിഎമ്മുമായി അകന്നുനില്‍ക്കുകയാണ്. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ സുരേഷുമായി ബന്ധപ്പെട്ടത്. സുരേഷിനെ സ്ഥാനാർഥിയായി ലഭിച്ചാൽ ഇടത് കോട്ടയായ മലമ്പുഴയിൽ വലിയ നേട്ടമുണ്ടാക്കാൻ കഴിയുമെന്നാണ് കോൺഗ്രസ് വിലയിരുത്തൽ.
ഇ.കെ. നായനാരും വി.എസ്. അച്യുതാനന്ദനും മത്സരിച്ച മണ്ഡലമാണ് മലമ്പുഴ. 2001 മുതല്‍ 2016വരെ നാലുതവണ വി.എസ് മലമ്പുഴ മണ്ഡലത്തില്‍ നിന്ന് വിജയം തേടി. കഴിഞ്ഞ തവണ എ. പ്രഭാകരനായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ഥി.
അതേസമയം, മലമ്പുഴയിൽ വി.എസിന്റെ മകൻ അരുൺകുമാറിനെ എൽഡിഎഫ് സ്ഥാനാർഥിയാക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. അങ്ങനെ വന്നാൽ എ. സുരേഷ് യുഡിഎഫ് സ്ഥാനാർഥിത്വം സ്വീകരിക്കാൻ സാധ്യത കുറവാണെന്നാണ് വിലയിരുത്തൽ.
Kerala
പാലക്കാട്: വി.എസ്. അച്യുതാനന്ദന്റെ തട്ടകമായിരുന്ന മലമ്പുഴയിൽ അദ്ദേഹത്തിന്റെ വിശ്വസ്തനായിരുന്ന എ. സുരേഷിനെ മത്സരിപ്പിക്കാൻ കോൺഗ്രസ് നീക്കം.
ദീർഘകാലം വി.എസിന്റെ പേഴ്സണൽ അസിസ്റ്റന്റായിരുന്ന സുരേഷിനെ യുഡിഎഫ് സ്വതന്ത്രനായി മത്സരിപ്പിക്കാനാണ് നീക്കം. ഇതുസംബന്ധിച്ച് കോൺഗ്രസ് സംസ്ഥാന നേതാക്കൾ സുരേഷിനെ കണ്ട് സംസാരിച്ചു.
സുരേഷിനെ സ്ഥാനാർഥിയായി ലഭിച്ചാൽ ഇടത് കോട്ടയായ മലമ്പുഴയിൽ വലിയ നേട്ടമുണ്ടാക്കാൻ കഴിയുമെന്നാണ് കോൺഗ്രസ് വിലയിരുത്തൽ. അതേസമയം, മലമ്പുഴയിൽ എൽഡിഎഫ് വി.എസിന്റെ മകൻ അരുൺകുമാറിനെ സ്ഥാനാർഥിയാക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.
Kerala
തിരുവനന്തപുരം: ആർഎസ്പിക്ക് ഇരവിപുരത്തിനു പകരം ചടയമംഗലം നൽകിയേക്കും. സ്ഥാനാർഥിത്വത്തിൽ എൻ.കെ. പ്രേമചന്ദ്രൻ എംപിയുടെ മകൻ കാർത്തിക് പ്രേമചന്ദ്രന്റെ പേരിനാണു മുൻതൂക്കം. യുഡിഎഫിൽ കൊല്ലത്ത് മൂന്നു സീറ്റുകളിലും തിരുവനന്തപുരത്ത് രണ്ടിടത്തും ജയസാധ്യതയുടെ അടിസ്ഥാനത്തിൽ വച്ചുമാറ്റത്തിനാണ് ആദ്യഘട്ട ചർച്ചയിൽ ധാരണ.
കൊല്ലം ജില്ലയിൽ ആർഎസ്പിയുടെ ഇരവിപുരം സീറ്റ് മുസ്ലിം ലീഗിനു നൽകി, ചടയമംഗലം സീറ്റ് ആർഎസ്പിക്കു നൽകാനാണ് ആലോചന. ലീഗിന്റെ പുനലൂർ സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുത്തേക്കും. പുനലൂർ സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുത്താൽ കെപിസിസി ജനറൽ സെക്രട്ടറി സൈമണ്‍ അലക്സ്, യൂത്ത് കോണ്‍ഗ്രസ് നേതാവും മുൻ ജില്ലാ പഞ്ചായത്ത് അംഗവുമായ സഞ്ജയ് ഖാൻ എന്നിവരെയാണു മത്സരരംഗത്തേക്കു പരിഗണിക്കുന്നത്. നിലവിൽ ഈ മൂന്നു സീറ്റുകളും യുഡിഎഫിനു നഷ്ടമായവയാണ്.
സിഎംപി ജനറൽ സെക്രട്ടറി സി.പി. ജോണിനു തിരുവനന്തപുരം സീറ്റിനു പകരം തിരുവന്പാടിയാണു പരിഗണിക്കുന്നത്. യുഡിഎഫ് പൊതുസ്ഥാനാർഥിയെന്ന നിലയിൽ കരുതി സി.പി. ജോണിനു മത്സരിക്കാൻ തിരുവന്പാടി നൽകാൻ ലീഗ് തയാറാകുമെന്നാണു സൂചന.
തിരുവനന്തപുരം മണ്ഡലത്തിൽ സി.പി. ജോണ്‍ മത്സരിക്കുന്നില്ലെങ്കിൽ കെപിസിസി മുൻ പ്രസിഡന്റ് കെ. മുരളീധരൻ, മുൻ എംഎൽഎയും നിലവിലെ കോർപറേഷൻ കൗണ്‍സിലറുമായ കെ.എസ്. ശബരീനാഥൻ, മുൻമന്ത്രി വി.എസ്. ശിവകുമാർ എന്നിവരുടെ പേരിനാകും മുൻതൂക്കം.
കെ. മുരളീധരൻ തിരുവനന്തപുരത്തു മത്സരിച്ചാൽ, വട്ടിയൂർക്കാവിൽ കെ.എസ്. ശബരീനാഥനാണു മുൻതൂക്കം. വട്ടിയൂർക്കാവിൽ കെ. മുരളീധരന്റെ പേരാണ് നേരത്തേ മുതൽ പറഞ്ഞുകേട്ടിരുന്നത്.
ആർഎസ്പി മത്സരിച്ചിരുന്ന ആറ്റിങ്ങൽ മണ്ഡലം കോണ്‍ഗ്രസ് ഏറ്റെടുത്ത ശേഷം വാമനപുരം ആർഎസ്പിക്ക് നൽകാനാണ് പ്രാഥമിക ചർച്ചയിലെ ധാരണ. ആർഎസ്പിയുടെ ദേശീയ സെക്രട്ടേറിയറ്റ് അംഗം കെ.എസ്. സനൽകുമാറിന്റെ പേരിനാണ് വാമനപുരത്ത് മുൻതൂക്കം. സംവരണ മണ്ഡലമായ ആറ്റിങ്ങലിൽ മുൻ മന്ത്രി പന്തളം സുധാകരന്റെ പേരിനാണു മുൻതൂക്കമുള്ളത്.
ഹൈക്കമാൻഡുമായുള്ള ഡൽഹി ചർച്ചയ്ക്കു ശേഷം മുതിർന്ന കോണ്‍ഗ്രസ് ഇന്നു മടങ്ങിയെത്തിയ ശേഷം യുഡിഎഫ് സീറ്റ് വിഭജന ഉഭയകകക്ഷി ചർച്ചകൾ തുടരും.
Kerala
ന്യൂഡൽഹി: മലയാളി ക്രിക്കറ്റർ സഞ്ജു സാംസൺ ബിജെപി സ്ഥാനാർഥിയാകുമെന്ന വാർത്തകളോട് പ്രതികരിച്ച് പാർട്ടി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.
സഞ്ജു സാംസണിന്റെ സ്ഥാനാർഥിത്വം തനിക്കറിയില്ലെന്നും തന്നോട് ആരും സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ സ്ഥാനാർഥി നിർണയം ഉടൻ പൂർത്തിയാക്കുമെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്ഥാനാർഥികളെ തീരുമാനിക്കുന്നത് വേഗത്തിലാക്കാനൊരുങ്ങി കോൺഗ്രസ്. സ്ഥാനാർഥി നിർണയത്തിനായുള്ള സ്ക്രീനിംഗ് കമ്മിറ്റി എംപിമാർ അടക്കമുള്ള പാർട്ടി നേതാക്കളുടെ അഭിപ്രായം ഇന്ന് കേൾക്കും.
എ.കെ. ആന്റണി ഉൾപ്പെടെയുള്ള പ്രധാന നേതാക്കളുമായി അധ്യക്ഷൻ മധുസൂദനൻ മിസ്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ ഇന്നലെ പ്രതിപക്ഷ നേതാവിനെ മിസ്ത്രിയെ കണ്ടിരുന്നില്ല.
വിവിധ തലങ്ങളിലെ നേതാക്കളുമായുള്ള ചർച്ചയ്ക്ക് ശേഷം സ്ഥാനാർഥി നിർണയത്തിലെ മാനദണ്ഡം അടക്കം സമിതി തീരുമാനിക്കും. രണ്ടു ദിവസം കേരളത്തിൽ തങ്ങുന്ന സമിതി അംഗങ്ങൾ വീണ്ടും കേരളത്തിൽ എത്തും. രണ്ടു ഘട്ടമായി സ്ഥാനാർഥി പ്രഖ്യാപനത്തിനാണ് കോൺഗ്രസ് ശ്രമം.
സ്ഥാനാർഥി നിർണയത്തിൽ ലീഗ് യുവാക്കൾക്ക് കൂടുതൽ അവസരം നൽകണമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്. മൂന്ന് ടേം നയം നിയമസഭ തെരഞ്ഞെടുപ്പിലും നടപ്പിലാക്കണമെന്നും സ്ഥാനാർഥി നിർണായത്തിൽ വിജയ സാധ്യത മാത്രം ആകണം മാനദണ്ഡമെന്നും ഫിറോസ് പ്രതികരിച്ചു.
Kerala
തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർഥികളെ തീരുമാനിക്കുന്പോൾ വിജയമാകണം മുഖ്യമെന്നു ബിജെപി സംസ്ഥാന നേതൃത്വത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിർദേശം.
കഴിഞ്ഞ ദിവസം ചേർന്ന ബിജെപി കോർ കമ്മിറ്റി യോഗത്തിലാണു അമിത് ഷാ നേതാക്കൾക്കു നിർദേശം നൽകിയത്. കേരളത്തിൽ മാറ്റം സംഭവിച്ചേ മതിയാകൂവെന്നു പറഞ്ഞ ഷാ ഇപ്പോൾ അതിനുള്ള അവസരമാണെന്നും പാർട്ടി നേതൃത്വം കഠിനപ്രതയ്നം ചെയ്താൽ അസാധ്യമല്ലെന്നും കോർ കമ്മിറ്റി യോഗത്തിൽ പറഞ്ഞു.
കേരളത്തിൽ നേതാക്കൾ കൂട്ടത്തോടെ മത്സരിക്കാൻ പോകരുത്. മറ്റു സംസ്ഥാനങ്ങളിൽ പാർട്ടി എങ്ങനെയാണോ സ്ഥാനാർഥികളെ തീരുമാനിക്കുന്നതെന്നു കണ്ടുപഠിക്കണം. ഇവിടെയും ആ രീതി തുടർന്നാൽ 2030ൽ ബിജെപിക്ക് അധികാരത്തിൽ വരാമെന്നും നേതാക്കളോടു അമിത് ഷാ വ്യക്തമാക്കി.
തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ചവർ പാർട്ടി ചുമതലകളിൽ നിന്ന് ഒഴിയണമെന്ന നിർദേശവും അമിത് ഷാ കോർ കമ്മിറ്റി യോഗത്തിൽ പറഞ്ഞു. പാർലമെന്ററി രംഗവും സംഘടനാ പ്രവർത്തനവും രണ്ടായി കാണണം. സംസ്ഥാന സെക്രട്ടറിമാർ ജനപ്രതിനിധികളായിട്ടുണ്ടെങ്കിൽ അവർ പാർട്ടി നേതൃസ്ഥാനം ഒഴിയണം.
ചെറുപ്പക്കാരെ ഈ സ്ഥാനങ്ങളിലേക്കു കൊണ്ടുവരണമെന്നും അമിത് ഷാ നിർദേശം നൽകി. സ്ഥാനാർഥികളെ സംബന്ധിച്ചു ഷാ പാർട്ടി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുമായി സംസാരിച്ചതായാണു വിവരം.
കെ. സുരേന്ദ്രൻ, പി.കെ. കൃഷ്ണദാസ്, എം.ടി. രമേശ്, ശോഭാ സുരേന്ദ്രൻ, കുമ്മനം രാജശേഖരൻ എന്നീ പ്രധാന നേതാക്കൾ മത്സരിക്കും.
സ്ഥാനാർഥികളെ നേരത്തേ തന്നെ തീരുമാനിച്ചു തെരഞ്ഞെടുപ്പു പ്രവർത്തനങ്ങൾ തുടങ്ങണമെന്നാണു ബിജെപി ദേശീയ നേതൃത്വം കേരള ഘടകത്തിനു നൽകിയ നിർദേശം. ഇക്കാര്യവും കോർ കമ്മിറ്റിയിൽ അമിത് ഷാ സൂചിപ്പിച്ചു.
ഈ മാസം അവസാനത്തോടെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി അമിത് ഷാ വീണ്ടും തിരുവനന്തപുരത്തെത്തും. ഇതിനിടെ തിരുവനന്തപുരം കോർപറേഷനുമായി ബന്ധപ്പെട്ട പദ്ധതി പ്രഖ്യാപനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം തന്നെ തിരുവനന്തപുരത്ത് എത്താൻ സാധ്യതയുണ്ട്. അങ്ങനെവന്നാൽ മോദിയും ഷായും ബിജെപി സംസ്ഥാന നേതൃയോഗത്തിൽ പങ്കെടുക്കും.
ബിഡിജെഎസിനോടു കൂടുതൽ ശക്തമാകാൻ അമിത് ഷാ ആവശ്യപ്പെട്ടിട്ടുണ്ട്. ബിജെപി സംസ്ഥാന നേതൃത്വവുമായി നിരന്തരം ബന്ധപ്പെടണമെന്നും സമുദായത്തിന്റെ കൂടി ശക്തി മുന്നണിക്കായി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടതായാണു വിവരം.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥിത്വം സംബന്ധിച്ച് പുറത്തുവന്ന വാർത്തകളിൽ പ്രതികരിച്ച് മുതിർന്ന ബിജെപി നേതാവ് കെ. സുരേന്ദ്രൻ. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് കെ. സുരേന്ദ്രൻ വിഷയത്തിൽ പ്രതികരിച്ചിരിക്കുന്നത്.
തൃശൂർ, പാലക്കാട്, വട്ടിയൂർക്കാവ് തുടങ്ങിയ മണ്ഡലങ്ങളിൽ മത്സരിച്ചേക്കുമെന്ന തരത്തിൽ വാർത്തകൾ സജീവമായ സാഹചര്യത്തിലാണ് കെ. സുരേന്ദ്രൻ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്. പുറത്തുവന്ന അഭ്യൂഹങ്ങൾ സുരേന്ദ്രൻ തള്ളിയിട്ടുണ്ട്.
ഒരു മണ്ഡലത്തിലും മത്സരിക്കാൻ താത്പര്യമുണ്ടെന്ന് ആരോടും ഈ നിമിഷം വരെ താൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് മുൻ ബിജെപി അധ്യക്ഷൻ അറിയിച്ചു. ഒരുപാട് തെരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ടെന്നും കപ്പിനും ചുണ്ടിനുമിടയിൽ തോറ്റിട്ടുണ്ടെന്നും പറയുന്ന പോസ്റ്റിൽ മത്സരിച്ചതെല്ലാം പാർട്ടി ആവശ്യപ്പെട്ട സ്ഥലങ്ങളിലാണെന്നും കെ. സുരേന്ദ്രൻ കുറിച്ചു.
ദയവായി തന്റെ പേര് അനാവശ്യമായി വലിച്ചിഴച്ച് ആശയക്കുഴപ്പമുണ്ടാക്കരുതെന്നും കെ. സുരേന്ദ്രൻ കൂട്ടിച്ചേർത്തു. അതേസമയം ബിജെപിയുടെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ സജീവമാക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഞായറാഴ്ച തിരുവനന്തപുരത്ത് എത്തും.