x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രണ്ടു പാർട്ടിയിൽ മത്സരം, ഒറ്റക്കാറിൽ സഞ്ചാരം, അദ്ഭുതപ്പെടുത്തിയ സ്ഥാനാർഥി സഹോദരങ്ങൾ

മാത്യു ആന്‍റണി
Published: March 24, 2026 03:21 PM IST | Updated: March 24, 2026 04:09 PM IST

എഐ ഉപയോഗിച്ചു തയാറാക്കിയ ചിത്രം.

തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്കും സോഷ്യൽ മീഡിയ പോരുകളിലേക്കും വഴിമാറുന്ന ഈ കാലത്ത്, അരൂരിന്‍റെ രാഷ്‌ട്രീയ ചരിത്രത്തിൽ ഒരു ലാൻഡ്മാസ്റ്റർ കാർ രണ്ട് സഹോദരങ്ങളുമായി നടത്തിയ തെരഞ്ഞെടുപ്പ് പര്യടനത്തിന്‍റെ കഥയുണ്ട്.

രാഷ്‌ട്രീയ നിലപാടുകളിൽ വിട്ടുവീഴ്ചയില്ലാതെ പോരാടുമ്പോഴും, ഒരു കാറിൽ ഒന്നിച്ചു യാത്ര ചെയ്ത സഹോദരങ്ങളായ രണ്ടു സ്ഥാനാർഥികൾ ആയിരുന്നു എഴുപുന്ന പാറായി പി.വി. അവിര തരകനും സഹോദരൻ പി.വി. വർക്കി തരകനും.

ഒരു ലാൻഡ്മാസ്റ്റർ, രണ്ടു രാഷ്‌ട്രീയം

1954ലെ തിരു-കൊച്ചി നിയമസഭാ തിരഞ്ഞെടുപ്പിലാണ് കേരള രാഷ്‌ട്രീയത്തിലെ ഈ അപൂർവ നിമിഷങ്ങൾ അരങ്ങേറിയത്. കമ്യൂണിസ്റ്റ് സ്വതന്ത്രനായി അവിര തരകൻ മത്സരിക്കുമ്പോൾ എതിരാളി സഹോദരനും കോൺഗ്രസ് സ്ഥാനാർഥിയുമായ പി.വി. വർക്കി തരകനായിരുന്നു. പ്രചാരണത്തിനായി ഇരുവരും ഒരുമിച്ചാണ് വീട്ടിൽ നിന്നിറങ്ങുന്നത്.

തങ്ങളുടെ പ്രിയപ്പെട്ട 'ലാൻഡ്മാസ്റ്റർ' കാറിൽ. പകൽ മുഴുവൻ ഇരുവരും തങ്ങളുടെ പ്രചാരണ പ്രവർത്തനങ്ങൾ പാർട്ടി നിശ്ചയിച്ച സ്ഥലങ്ങളിൽ നടത്തും. നീണ്ട പ്രചാരണം കഴിഞ്ഞ് രാത്രി ഇതേ കാറിൽത്തന്നെ സഹോദരങ്ങൾ തിരികെ വീട്ടിലെത്തുമായിരുന്നു.

വോട്ടുകണക്കിലെ ആവേശം

വാശിയേറിയതായിരുന്നു ആ പോരാട്ടമെന്ന് വോട്ടുകണക്കുകൾ വ്യക്തമാക്കുന്നു. 11,504 വോട്ടുകൾ നേടി അവിര തരകൻ വിജയിച്ചപ്പോൾ, വർക്കി തരകൻ 10,832 വോട്ടുകളുമായി തൊട്ടുപിന്നാലെ ഉണ്ടായിരുന്നു. വെറും 672 വോട്ടായിരുന്നു അവിരയുടെ ഭൂരിപക്ഷം.

 

K-Rail Survey

തവളക്കാൽ കയറ്റുമതി ചെയ്ത വ്യവസായി

തിരു-കൊച്ചി നിയമസഭയിൽ രണ്ട് വട്ടം (1952, 1954) ജനവിധി തേടി വിജയിച്ച അവിര തരകൻ, കേരളത്തിലെ ആദ്യ നിയമസഭാ തിരഞ്ഞെടുപ്പിൽ (1957) അരൂർ മണ്ഡലത്തിൽനിന്നു മത്സരിച്ചിരുന്നു. കോൺഗ്രസിലെ പി.എസ്. കാർത്തികേയൻ 1660 വോട്ടിനു അവിര തരകനെ പരാജയപ്പെടുത്തി.

രാഷ്‌ട്രീയത്തിനു പുറമെ മികച്ചൊരു വ്യവസായി കൂടിയായിരുന്നു അദ്ദേഹം. തുടക്കത്തിൽ ആലപ്പുഴയിൽ സ്റ്റേറ്റ് കോൺഗ്രസ് നേതാവും കയർ ഫാക്ടറി ഉടമയുമായിരുന്ന അവിരാ തരകൻ പിന്നീട് ഇടതുപക്ഷ പ്രസ്ഥാനങ്ങളിലേക്കു ചുവട് മാറ്റി.

ഇന്ത്യയിൽനിന്ന് ആദ്യമായി തവളക്കാൽ വിദേശത്തേക്കു കയറ്റുമതി ചെയ്യാൻ തുടക്കമിട്ടത് ഇദ്ദേഹമായിരുന്നു. സർ സിപി ദിവാനായിരുന്ന കാലത്തു സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് 1946ൽ ഒരു വർഷക്കാലം അവിരാ തരകൻ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്.

Tags : candidate election brothers assembly election Competing car landmaster car

Recent News

Corehub Up