പെരിന്തൽമണ്ണ: യുഡിഎഫ് സ്ഥാനാർഥി നജീബ് കാന്തപുരത്തിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായുള്ള റോഡ് ഷോക്ക് ഗംഭീര തുടക്കം.
പുലാമന്തോൾ പഞ്ചായത്തിലെ ഓണപ്പുടയിൽ നിന്ന് ആരംഭിച്ച റോഡ് ഷോ ഏലംകുളം ആലിപ്പറന്പ് താഴെക്കോട് പഞ്ചായത്തുകളും മുനിസിപ്പാലിറ്റിയും കടന്ന് ഏലംകുളം പഞ്ചായത്തിലെ ചെറുകര അങ്ങാടിയിൽ സമാപിച്ചു. അടിത്തട്ടിൽ തെരഞ്ഞെടുപ്പിന്റെ ആവേശം അലയടിപ്പിച്ചാണ് റോഡ് ഷോ ഓരോ ഗ്രാമ ഗ്രാമാന്തരങ്ങളിലൂടെയും കടന്നുപോയത്. ആയിരക്കണക്കിന് പ്രവർത്തകർ ബൈക്കുകളിൽ സ്ഥാനാർഥിക്ക് അകന്പടി ചേർന്നു.
വിവിധ പ്രദേശങ്ങളിൽ പ്രവർത്തകരും നാട്ടുകാരും ചേർന്ന് സ്ഥാനാർഥിയെ സ്വീകരിച്ചു. കെപിസിസി ജനറൽ സെക്രട്ടറി വി. ബാബുരാജ്, ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറിമാരായ സലിം കുരുവന്പലം, ഉസ്മാൻ താമരത്ത്, ഡിസിസി സെക്രട്ടറി സി. സുകുമാരൻ, മണ്ഡലം യുഡിഎഫ് ചെയർമാൻ എം.എം. സക്കീർ ഹുസൈൻ, കണ്‍വീനർ എസ്. അബ്ദുസലാം, മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് എ.കെ. നാസർ, എ. കെ. മുസ്തഫ, പി. സുബൈർ, നാലകത്ത് ഷൗക്കത്ത് തുടങ്ങിയവർ സ്ഥാനാർഥിയെ അനുഗമിച്ചു. വെട്ടത്തൂർ മേലാറ്റൂർ പഞ്ചായത്തുകളിലും പെരിന്തൽമണ്ണ മുനിസിപ്പാലിറ്റിയിലും ഇന്ന് റോഡ് ഷോകൾ നടക്കും. രാവിലെ 8.30ന് കാര്യവട്ടത്ത് നിന്നാണ് പര്യടനം ആരംഭിക്കുക. വൈകുന്നേരം നാലിന് കോഴിക്കോട് റോഡിലെ മുസ്ലിം ലീഗ് ഓഫീസ് പരിസരത്ത് കൊട്ടിക്കലാശത്തോടെ സമാപിക്കും.