കൊച്ചി: എല്‍ദോസ് കുന്നപ്പിള്ളിക്ക് എംഎല്‍എയെക്കാള്‍ ഉയര്‍ന്ന പദവി കോണ്‍ഗ്രസ് നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പെരുമ്പാവൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായ മനോജ് മൂത്തേടന്‍റെ പ്രചാരണ പരിപാടിയില്‍ സംസാരിക്കവെയാണ് വേദിയിലെത്തിയ എല്‍ദോസിനെ അനുനയിപ്പിച്ചുകൊണ്ട് വി.ഡി. സതീശന്‍ സംസാരിച്ചത്.
പെരുമ്പാവൂരില്‍ നമ്മുടെ പ്രിയങ്കരനായിരുന്ന എംഎല്‍എ ആയിരുന്നു എല്‍ദോസ് കുന്നപ്പിള്ളി. ഇത്തവണ മനോജ് മൂത്തേടനെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. എല്‍ദോസ് കുന്നപ്പിള്ളി നല്ല രീതിയില്‍ പ്രവര്‍ത്തനം നടത്തിയ ഒരു എംഎല്‍എയാണ്. അദ്ദേഹത്തെ പ്രത്യേകമായി അഭിനന്ദിക്കുന്നു. എല്‍ദോസ് സ്വതന്ത്രനായി മത്സരിക്കുമെന്ന് പലരും പറഞ്ഞു.
എന്നാല്‍ ഞാന്‍ പറഞ്ഞു എല്‍ദോസ് അടിമുടി ഒരു കോണ്‍ഗ്രസുകാരനാണെന്ന്. രാഷ്ട്രീയത്തില്‍ ചിലപ്പോള്‍ നമുക്ക് അപ്രിയങ്ങളായ തീരുമാനങ്ങളുണ്ടാകും. അത് നമ്മുടെ പാര്‍ട്ടി എടുക്കുന്ന തീരുമാനങ്ങളാണ്. ഒരുപാട് സ്ഥാനമാനങ്ങള്‍ കപ്പിനും ചുണ്ടിനുമിടയ്ക്ക് വച്ച് നഷ്ടപ്പെട്ടിട്ടുള്ള ഒരാളാണ് ഞാന്‍.
അതുകൊണ്ട് ഞാന്‍ രാഷ്‌ട്രീയത്തിൽനിന്നു പോയില്ല. ശക്തമായി തിരിച്ചുവന്നു. ഇനി എല്‍ദോസ് കുന്നപ്പിള്ളിയെ കോണ്‍ഗ്രസ് ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങള്‍ നല്‍കും. എംഎല്‍എയേക്കാള്‍ ഉയര്‍ന്ന പദവിയുണ്ടാകും. ഞങ്ങള്‍ ഏവരുടെയും സഹോദരനായി ചേര്‍ത്തു നിര്‍ത്തും - വി.ഡി. സതീശന്‍ പറഞ്ഞു.
പെരുമ്പാവൂരിലെ സിറ്റിംഗ് എംഎല്‍എയായ എല്‍ദോസ് കുന്നപ്പിള്ളിയെ തഴഞ്ഞാണ് മനോജ് മൂത്തേടനെ യുഡിഎഫ് സ്ഥാനാര്‍ഥിയാക്കിയത്. സ്ഥാനാര്‍ഥി പട്ടിക പുറത്തു വരുന്നതിനു മുമ്പു വരെ പാര്‍ട്ടി നേതൃത്വം തന്നെ കൈവിടില്ലെന്ന പ്രതീക്ഷയില്‍ ആയിരുന്നു എല്‍ദോസ്. എ.കെ ആന്‍റണി അടക്കമുള്ള നേതാക്കള്‍ എല്‍ദോസിനെ അനുനയിപ്പിക്കാനായി എത്തിയിരുന്നു. എൽദോസിനു എറണാകുളം ഡിസിസി പ്രസിഡന്‍റ് സ്ഥാനം നൽകിയേക്കുമെന്ന സൂചന നേരത്തെ പുറത്തുവന്നിരുന്നു.
Tags : Eldhose Kunnappilly V.D. Satheesan Congress Candidate