മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ചപ്പോൾ നിലമ്പൂരിൽ വീണ്ടും സ്വതന്ത്ര പരീക്ഷണവുമായി സിപിഎം. മുൻ ഇന്ത്യൻ ഫുട്ബോൾ താരം യു.ഷറഫലി ഇത്തവണ ജനവിധിതേടും. അരീക്കോട് സ്വദേശിയായ ഷറഫലിയെ ഏറനാട് മണ്ഡലത്തിലേക്കാണ് പരിഗണിച്ചിരുന്നത്.
തുടർന്ന് നിലമ്പൂരിലേക്ക് മാറ്റുകയായിരുന്നു. മുൻപ് പി.വി.അൻവർ രാജിവെച്ചതിനെത്തുടർന്നുണ്ടായ ഉപതെരഞ്ഞെടുപ്പിലും ഷറഫലിയുടെ പേര് ആദ്യഘട്ടത്തിൽ ഉയർന്നു വന്നിരുന്നെങ്കിലും അന്ന് എം. സ്വരാജിനെ മത്സരിപ്പിക്കാനാണ് പാർട്ടി തീരുമാനിച്ചത്.
1992-ലും 1993-ലും കേരളം സന്തോഷ് ട്രോഫി കിരീടം ചൂടിയപ്പോൾ ആ വിജയങ്ങളിൽ ഷറഫലി നിർണായക പങ്ക് വഹിച്ചിരുന്നു. വി.പി.സത്യൻ, സി.വി.പാപ്പച്ചൻ, ഐ.എം.വിജയൻ, എം.ബാബുരാജ് എന്നിവരടങ്ങുന്ന കേരള പോലീസിന്റെയും കേരള ടീമിന്റെയും സുവർണ കാലഘട്ടത്തിലെ പ്രധാന താരമായിരുന്നു അദ്ദേഹം.
ദേശീയ തലത്തിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ച ഷറഫലി 1993-ൽ നടന്ന സൂപ്പർ സോക്കർ സീരീസിൽ ഇന്ത്യൻ ദേശീയ ടീമിനെ നയിച്ചു. കളിക്കാരൻ എന്നതിലുപരി കേരള പോലീസ് ടീമിന്റെ മാനേജർ, മുഖ്യ പരിശീലകൻ എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.