കൊച്ചി: തൃപ്പൂണിത്തുറയില്‍ ട്വന്റി20 സ്ഥാനാര്‍ഥിയായി നടി അഞ്ജലി നായര്‍. പാർട്ടി അധ്യക്ഷൻ സാബു എം. ജേക്കബിനൊപ്പം നടത്തിയ വാർത്താസമ്മേളനത്തിലാണ് താരം സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്.
ട്വന്‍റി 20യുടെ താര സ്ഥാനാര്‍ഥികളിൽ മൂന്നാമത്തെയാളാണ് അഞ്ജലി നായര്‍. സംവിധായകനും റിയാലിറ്റി ഷോ താരവുമായ അഖില്‍ മാരാര്‍ ആണ് ട്വന്‍റി20 ആദ്യം പ്രഖ്യാപിച്ച താര സ്ഥാനാര്‍ഥി. തൃക്കാക്കരയിലാണ് അഖില്‍ മാരാര്‍ മത്സരിക്കുന്നത്. ഏറ്റുമാനൂരിൽ നടി വീണാ നായരും മത്സരിക്കുന്നുണ്ട്.
എന്‍ഡിഎയുടെ സഖ്യകക്ഷിയായി മാറിയ ശേഷമുള്ള ട്വന്‍റി20യുടെ ആദ്യ നിയമസഭാ തെരഞ്ഞെടുപ്പാണിത്. ഉമ്മന്‍ ചാണ്ടിയുടെ മകള്‍ മറിയ ഉമ്മന്‍റെ ഭര്‍ത്താവായ വര്‍ഗീസ് ജോര്‍ജ് ആണ് കൊടുങ്ങല്ലൂരിലെ ട്വന്‍റി20 സ്ഥാനാര്‍ഥി.
തിരുവമ്പാടിയില്‍ സണ്ണി തോമസും തൃക്കരിപ്പൂരില്‍ രവി കുളങ്ങരയുമാണ് സ്ഥാനാര്‍ഥികള്‍. അടൂര്‍ മുനിസിപ്പാലിറ്റി മുന്‍ ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായിരുന്ന ബാബു ദിവാകരന്‍ കുന്നത്തുനാട്ടില്‍ മത്സരിക്കും.
Tags : Actress Anjali Nair Twenty20 candidate Tripunithura