നയ്റോബി: കെനിയയിൽ ഒരു കൂട്ടക്കുഴിമാടത്തിൽനിന്ന് 25 കുട്ടികളുടേതടക്കം 32 മൃതദേഹങ്ങൾ കണ്ടെത്തി.
മൃതദേഹങ്ങളിൽ ഭ്രൂണങ്ങളും ശിശുക്കളും ഉൾപ്പെടുന്നു. പടിഞ്ഞാറൻ പട്ടണമായ കെറിക്കോയിലെ ശ്മശാനത്തിൽ പോലീസ് നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്.
ആശുപത്രിയിൽനിന്ന് 13 അജ്ഞാത മൃതദേഹങ്ങൾ ഇവിടെ എത്തിച്ചുവെന്നു രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് പോലീസ് കോടതിയുടെ അനുമതിയോടെ കുഴി മാന്തുകയായിരുന്നു. അപ്രതീക്ഷിതമായി കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്തി.
ചാക്കുകളിൽ നിറച്ചു കൂട്ടിയ നിലയിലായിരുന്നു മൃതദേഹങ്ങൾ. ഇവയ്ക്കു വലിയ പഴക്കമില്ലെന്നാണ് അന്വേഷണസംഘവും ഫോറൻസിക് വിദഗ്ധരും പറഞ്ഞത്.
മൃതദേഹങ്ങൾ തിരിച്ചറിയാൻ നടപടികൾ ആരംഭിച്ചു. നടപടിക്രമങ്ങൾ പാലിക്കാതെ ഇത്രയും മൃതദേഹങ്ങൾ ഒരുമിച്ചു സംസ്കരിച്ചതിൽ ഊർജിത അന്വേഷണം നടക്കുകയാണ്.
Tags : mass grave bodies children nairobi