പ്രതീകാത്മക ചിത്രം
ഹൈദരാബാദ്: തെലുങ്കാനയിലെ സൂര്യപേട്ടിൽ സ്വന്തം മക്കളെ ക്രൂരമായി പീഡിപ്പിച്ച ദമ്പതികൾ പിടിയിൽ. ഹുസൂർനഗർ സ്വദേശികളായ നകിരികന്തി രവി (43), ഭാര്യ ഇന്ദു (25) എന്നിവരാണ് അഞ്ച് വയസുള്ള ധനുഷ്, രണ്ട് വയസുള്ള രേവന്ത് എന്നീ ആൺകുട്ടികളെ മർദിച്ചതിന് അറസ്റ്റിലായത്.
ഇരുമ്പ് ദണ്ഡുകൊണ്ട് മർദിക്കുകയും, ചൂടാക്കിയ വസ്തുക്കൾ കൊണ്ടും സിഗരറ്റ് കൊണ്ടും ശരീരത്തിൽ പൊള്ളലേൽപ്പിക്കുകയുമായിരുന്നു. കുട്ടികളുടെ കരച്ചിൽ കേട്ട അയൽവാസികൾ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.
നകിരികന്തി 10 വർഷം മുമ്പ് ആദ്യ ഭാര്യയുമായി വേർപിരിയുകയും നാല് വർഷം മുമ്പ് ഇന്ദുവിനെ വിവാഹം കഴിക്കുകയുമായിരുന്നു. ഇന്ദുവിന്റെ ആദ്യ വിവാഹത്തിലുണ്ടായ മകനാണ് ധനുഷ്. പിന്നീടാണ് ഇവർക്ക് മറ്റൊരു മകൻ ജനിക്കുന്നത്.
കുട്ടികൾ തങ്ങളുടെ വ്യക്തിസ്വാതന്ത്ര്യത്തിന് തടസമാണെന്ന് കരുതിയാണ് ക്രൂരത കാട്ടിയതെന്ന് പ്രതികൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. കുട്ടികളെ പിന്നീട് സർക്കാർ ശിശുഭവനിലേക്ക് മാറ്റി. സംഭവത്തിൽ കേസെടുത്ത പോലീസ് നിയമനടപടികൾ ആരംഭിച്ചു.
Tags : Deepika Arrest Children