ഗാസ: ഇസ്രേലി സേന ഗാസയില്‍ നടത്തിയ നിഷ്ഠുര കൃത്യത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. രണ്ടു വര്‍ഷത്തിനിടെ ഇസ്രേലി സേന കൊന്നൊടുക്കിയത് 20,000 കുട്ടികളെയാണെന്നും ബോധപൂര്‍വം കുട്ടികളെ ലക്ഷ്യമിട്ടതിനും കൊന്നൊടുക്കിയതിനു നിസ്തർക്കമായ തെളിവുണ്ടെന്നും ഐക്യരാഷ്ട്രസഭയുടെ അന്വേഷണസമിതിയുടെ റിപ്പോർട്ട്.
ശ്രീനിവാസൻ മുരളീധർ അധ്യക്ഷനായ യുഎൻ ഇൻഡിപെൻഡന്റ് ഇന്റർനാഷണൽ കമ്മീഷൻ ഓഫ് എൻക്വയറി ആണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ടത്. ഒഡീഷ ഹൈക്കോടതി മുൻ ചീഫ് ജസ്റ്റീസ് ആണ് ഇദ്ദേഹം.
2021നും 2025നും ഇടയിലാണ് 20,000 കുട്ടികളെ ഇസ്രേലി സൈന്യം കൊലപ്പെടുത്തിയത്. വെടിനിര്‍ത്തല്‍ നിലവില്‍വന്നതിനു ശേഷവും ഇസ്രേലി സേന തങ്ങളുടെ ക്രൂരത തുടര്‍ന്നുവെന്നാണു റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍, ഇസ്രയേല്‍ റിപ്പോര്‍ട്ട് തള്ളി. അപകീർത്തികരമായ കള്ളം എന്നാണ് റിപ്പോർട്ടിനെ ഇസ്രേലി അധികൃതർ വിശേഷിപ്പിച്ചത്.
ജനീവയിൽ ചൊവ്വാഴ്ച നടന്ന വാർത്താസമ്മേളനത്തിലാണ് 100 പേജ് വരുന്ന യുഎന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 2023 ഒക്ടോബര്‍ ഏഴിന് ആരംഭിച്ച ഇസ്രയേല്‍-ഹമാസ് സംഘര്‍ഷത്തില്‍ ഗാസയില്‍ മാത്രം 20,179 കുട്ടികള്‍ കൊല്ലപ്പെട്ടു.
ഗാസയില്‍ ആകെ കൊല്ലപ്പെട്ടവരുടെ 30 ശതമാനമാണിത്. 44,143 കുട്ടികള്‍ക്കു പരിക്കേറ്റു. ഇത് ആകെ പരിക്കേറ്റവരുടെ 26 ശതമാനമാണ്. അഞ്ചു വയസിൽ താഴെ പ്രായമുള്ള 5031 കുട്ടികളാണ് ഗാസയിൽ കൊല്ലപ്പെട്ടത്. 1029 പേർ ഒരു വയസിൽ താഴെയുള്ളവരായിരുന്നു. കൊല്ലപ്പെട്ടവരിൽ 420 പേർ നവജാതശിശുക്കളാണ്.
ഗാസയിലും വെസ്റ്റ് ബാങ്കിലും തടവിലാക്കപ്പെട്ട പലസ്തീൻ കുട്ടികൾ ഗുരുതരമായ ശാരീരിക, മാനസിക, ലൈംഗിക അതിക്രമങ്ങൾക്ക് ഇരയായെന്നു റിപ്പോർട്ട് കണ്ടെത്തി. ഓർഫനേജുകൾ, ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ തകർത്തതും ഭക്ഷ്യവസ്തുക്കളും മരുന്നുകളടക്കം സഹായങ്ങൾ തടഞ്ഞതും കുഞ്ഞുങ്ങളുടെ കൂട്ടമരണത്തിനും പട്ടിണിക്കും കാരണമായെന്നു റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
വെസ്റ്റ് ബാങ്കിലും ഈസ്റ്റ് ജറൂസലെമിലും പലസ്തീൻ കുട്ടികൾക്കു നേരെ ഇസ്രേലി കുടിയേറ്റക്കാരുടെ ആക്രമണത്തിൽ വൻ വർധനയുണ്ടായി. ഗാസയിൽ ഇസ്രേലി സേന എത്രയും പെട്ടെന്നു സൈനികനടപടി അവസാനിപ്പിക്കണമെന്നും പലസ്തീൻ കുട്ടികൾക്കെതിരേയുള്ള കുറ്റകൃത്യങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നു.
Tags : Genocide Gaza Israeli forces killed children