ബ്രസൽസ്: യൂറോപ്യൻ യൂണിയനും താലിബാൻ ഭരണകൂടവും തമ്മിൽ ബൽജിയം തലസ്ഥാനമായ ബ്രസൽസിൽ ചരിത്രത്തിലാദ്യമായി ഔദ്യോഗിക ചർച്ചകൾ നടത്തി.
യൂറോപ്പിൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയോ സുരക്ഷാഭീഷണി സൃഷ്ടിക്കുകയോ ചെയ്യുന്ന അഫ്ഗാൻ പൗരന്മാരെ തിരികെ അഫ്ഗാനിസ്ഥാനിലേക്കുതന്നെ നാടുകടത്തുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക കാര്യങ്ങൾ ചർച്ച ചെയ്യാനായിരുന്നു ചൊവ്വാഴ്ച രഹസ്യാത്മകതയോടെ നടന്ന കൂടിക്കാഴ്ച.
താലിബാൻ വിദേശകാര്യ മന്ത്രാലയ വക്താവ് അബ്ദുൾ ഖഹാർ ബൽഖിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗസംഘമാണു ചർച്ചയിൽ പങ്കെടുത്തത്.
യൂറോപ്യൻ രാജ്യങ്ങളിൽ താലിബാന് നയതന്ത്രപ്രവർത്തനം അനുവദിക്കുക, അഫ്ഗാൻ പൗരന്മാർക്കായി കോൺസുലർ സേവനങ്ങൾ പുനരാരംഭിക്കുക, പരസ്പരവിശ്വാസം വളർത്തുക തുടങ്ങിയ ആവശ്യങ്ങളാണ് താലിബാൻ പ്രതിനിധികൾ മുന്നോട്ടുവച്ചത്.
കടുത്ത സുരക്ഷാ പരിശോധനകൾക്കുശേഷം വെറും 24 മണിക്കൂർ മാത്രം കാലാവധിയുള്ളതും മറ്റ് യൂറോപ്യൻ രാജ്യങ്ങളിലേക്കു യാത്ര ചെയ്യാൻ അനുമതിയില്ലാത്തതുമായ പ്രത്യേക വീസയാണ് താലിബാൻ പ്രതിനിധികൾക്കു ബൽജിയം നൽകിയത്. അതേസമയം, താലിബാനുമായുള്ള യൂറോപ്യൻ യൂണിയന്റെ ചർച്ചയ്ക്കെതിരേ പ്രതിഷേധമുയർന്നു.
അഫ്ഗാൻ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അവകാശങ്ങൾ തകർക്കുന്ന ഒരു ഭരണകൂടത്തിന് യൂറോപ്പ് ഒരിക്കലും നിയമസാധുത നൽകരുതെന്ന് നൊബേൽ പുരസ്കാര ജേതാവ് മലാല യൂസഫ്സായ് ആവശ്യപ്പെട്ടു.
ഹ്യൂമൻ റൈറ്റ്സ് വാച്ചും ആംനസ്റ്റി ഇന്റർനാഷണലും യൂറോപ്യൻ യൂണിയന്റെ നടപടിയെ കടുത്ത ഭാഷയിൽ വിമർശിച്ചു. താലിബാന്റെ മനുഷ്യാവകാശ ലംഘനങ്ങളെ ഒരുവശത്ത് അപലപിക്കുകയും മറുവശത്ത് അവരുമായി ഒത്തുതീർപ്പിലെത്താൻ ശ്രമിക്കുകയും ചെയ്യുന്നത് കാപട്യമാണെന്ന് അവർ ആരോപിച്ചു.
Tags : Talks European Union Taliban Brussels