വാഷിംഗ്ടൺ ഡിസി: യുഎസ് കോൺഗ്രസ് അംഗവും ട്രംപ് ഭരണകൂടത്തിലെ നാഷണൽ ഇന്റലിജൻസ് മുൻ ഡയറക്ടറുമായ തുൾസി ഗബ്ബാർഡ് ഒരു ആത്മീയഗുരുവിന്റെ സ്വാധീനവലയത്തിലായിരുന്നുവെന്ന് റിപ്പോർട്ട്.
ഹവായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘സയൻസ് ഓഫ് ഐഡന്റിറ്റി ഫൗണ്ടേഷൻ’ എന്ന ആത്മീയസംഘടനയുടെ സ്ഥാപകനായ ക്രിസ് ബട്ട്ലറാണ് തുൾസിയുടെ രാഷ്ട്രീയജീവിതത്തിൽ സ്വാധീനം ചെലുത്തിയതെന്ന് പ്രമുഖ അമേരിക്കൻ പത്രമായ ദ വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. തുൾസിയുടെ മാതാപിതാക്കളും ഈ സംഘടനയിലെ ഉന്നത ഭാരവാഹികളായിരുന്നു.
തുൾസി ഗബ്ബാർഡ് യുഎസ് കോൺഗ്രസ് അംഗമായിരുന്ന സമയത്ത്, പ്രത്യേകിച്ച് 2014-2016 കാലഘട്ടത്തിൽ, പാർലമെന്റിൽ അവതരിപ്പിക്കേണ്ട ബില്ലുകൾ, വിദേശനയങ്ങൾ, ടെലിവിഷൻ അഭിമുഖങ്ങളിൽ പറയേണ്ട കാര്യങ്ങൾ എന്നിവയിൽ ക്രിസ് ബട്ട്ലറുടെ അനുയായികളിൽനിന്നു കൃത്യമായ നിർദേശങ്ങളും ഉപദേശവും ലഭിച്ചിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു.
തുൾസി ഗബ്ബാർഡിന്റെ രാഷ്ട്രീയ പ്രതിച്ഛായ വർധിപ്പിക്കുന്നതിനും അവരെ വിമർശിക്കുന്നവരെ പ്രതിരോധിക്കുന്നതിനുമായി സംഘടനയിലെ അംഗങ്ങൾ വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉപയോഗിച്ച് വലിയതോതിൽ കാന്പയിനുകൾ നടത്തിയിരുന്നതായും റിപ്പോർട്ടിൽ പറയുന്നു.
ഇസ്കോൺ (ഭഗവദ്ഗീതയും യോഗയും അടിസ്ഥാനമാക്കിയുള്ള പ്രസ്ഥാനം) സംഘടനയിൽനിന്ന് തെറ്റിപ്പിരിഞ്ഞ് 1970കളിൽ രൂപീകരിച്ചതാണ് സയൻസ് ഓഫ് ഐഡന്റിറ്റി ഫൗണ്ടേഷൻ.
Tags : Tulsi Gabbard influence spiritual guru