മന്ത്രി റോജി എം. ജോണിനെതിരെ പ്രതിഷേധം നടന്നപ്പോൾ
കൊച്ചി: എറണാകുളം മഹാരാജാസ് കോളജില്‍ മന്ത്രി റോജി എം. ജോണിനെതിരെ പ്രതിഷേധം. ആനുവല്‍ കോണ്വൊക്കേഷന് പരിപാടിയില്‍ വിശിഷ്ടാഥിതി ആയാണ് കോളജില്‍ മന്ത്രി എത്തിയത്. മന്ത്രിയുടെ പ്രസംഗം തടഞ്ഞു കൊണ്ടാണ് വിദ്യാര്‍ഥികള്‍ മുദ്രാവാക്യങ്ങളുമായി എത്തിയത്.
കാലടി സര്‍വകലാശാലയില്‍ 16 എസ്എഫ്ഐ പ്രവര്‍ത്തകരെ സസ്പെന്‍ഡ് ചെയ്തതിലാണ് പ്രതിഷേധം നടന്നത്. കാലടി സര്‍വകലാശാലയില്‍ പ്രതിഷേധത്തിന്റെ ഭാഗമായി ലൈറ്റുകളുടെ പ്രതീകാത്മക സംസ്കാരം നാടക വിദ്യാര്‍ഥികള്‍ നടത്തിയിരുന്നു. എന്നാല്‍ താല്‍ക്കാലിക വിസിയായ സിസ തോമസിന്റെ പ്രതീകാത്മക ശവസംസ്കാരമാണ് നടന്നതെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന്, എസ്എഫ്ഐയുടെ പ്രവര്‍ത്തി അംഗീകരിക്കാനാവില്ലെന്നും സമരരീതി അപരിഷ്കൃതമാണെന്നും റോജി എം. ജോണ്‍ പ്രതികരിച്ചിരുന്നു.
പിന്നാലെ വിസിയെ കയ്യേറ്റം ചെയ്തെന്ന കേസില്‍ 16 വിദ്യര്‍ഥികളെ സസ്പെന്‍ഡും ചെയ്തിരുന്നു. ഈ വിഷയങ്ങള്‍ ഉയര്‍ത്തിയാണ് മന്ത്രിക്കെതിരെ പ്രതിഷേധം ഉയര്‍ന്നത്. വൈസ് ചെയര്‍പേഴ്സണ്‍ പരിപാടിക്കിടെ സ്റ്റേജിലേക്ക് കയറുകയും രണ്ട് ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനും ആവശ്യപ്പെടുകയായിരുന്നു. പരിപാടിക്ക് ശേഷം മറുപടി നല്‍കാമെന്ന് പറഞ്ഞെങ്കിലും പ്ലക്കാര്‍ഡുകളുമായി എത്തിയ വിദ്യാര്‍ഥികള്‍ മന്ത്രിക്കെതിരെ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുകയായിരുന്നു.
കാലടി സര്‍വകാലാശാലയിലെ പ്രതിഷേധം അംഗീകരിക്കാനാവില്ലെന്ന് മന്ത്രി പറഞ്ഞു. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ കടന്നു വന്നയാളാണ് ഞാനും. അതുകൊണ്ട് തന്നെ വിദ്യാര്‍ഥി രാഷ്ട്രീയവും പ്രതിഷേധവും മനസിലാക്കുന്ന ആളാണ്.
കാലടി സര്‍വകലാശാലയില്‍ ഒരു വിദ്യാര്‍ഥി സംഘടനയുടെ പേരില്‍ നടന്നത് അക്രമമാണ്, ഒരു കാരണവശാലും അംഗീകരിക്കാന്‍ സാധിക്കാത്ത കാര്യമാണ്. ഇത് ഈ സര്‍ക്കാര്‍ അംഗീകരിക്കില്ല. ഇതിനേക്കാള്‍ കോടി പ്രതിഷേധം ഉണ്ടായാലും അംഗീകരിക്കില്ലെന്ന് പറഞ്ഞു കൊണ്ട് മന്ത്രി വേദി വിടുകയായിരുന്നു.
Tags : Minister Roji M. John Protest against Maharajas College SFI activists Speech