Kerala
തിരുവനന്തപുരം: കേരളത്തെ ഭീകരമായ കടക്കെണിയിലാക്കിയത് ധനമന്ത്രിയായിരുന്ന തോമസ് ഐസക്കിന്റെ യാഥാർത്ഥ്യബോധമില്ലാത്ത ധനകാര്യ മാനേജ്മെന്റ് ആണെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ് പത്രപ്രസ്താവനയിൽ ആരോപിച്ചു.
വരവ് അറിയാതെ ചെലവിടുകയും കടം വാങ്ങി മുടിയുകയും കേരളത്തിന്റെ സമ്പദ്ഘടന കുളംതോണ്ടുകയും ചെയ്ത ധൂർത്തു പുത്രനായി തോമസ് ഐസക്കിനെ ചരിത്രം രേഖപ്പെടുത്തും. ഐസക്കിന്റെ വികലമായ സാമ്പത്തിക നയം കെ.എൻ ബാലഗോപാൽ അതേപടി തുടരുകയാണ് ചെയ്തത്.
കൊള്ള പലിശയ്ക്ക് രാജ്യത്തിനു പുറത്തു നിന്നും മസാല ബോണ്ടു വഴി വരെ കടം വാങ്ങിയ കിഫ്ബിയുടെ ധനവിനിയോഗങ്ങളെല്ലാം സംശയാസ്പദമാണ്. സിഎജി താക്കീത് മറികടന്ന് ബജറ്റിനു പുറത്തു നിന്നും കടം വാങ്ങിയ കിഫ്ബിയുടെ സാമ്പത്തിക ബാദ്ധ്യത ഭീമമാണ്. പ്രത്യുല്പാദനപരമല്ലാത്ത ഒരു വരുമാനവും കിട്ടാത്ത മേഖലകളിലാണ് ഒരു ആസൂത്രണവുമില്ലാതെ കോടികൾ വലിച്ചെറിഞ്ഞത്.
ലൈഫ് ഭവന പദ്ധതിയ്ക്ക് മുടക്കിയ പണത്തിന്റെ സിംഹഭാഗവും ഹഡ്കോയിൽ നിന്നുള്ള കടമാണ്. ഈ കടം അഞ്ചു വർഷത്തിനുള്ളിൽ തിരിച്ചടക്കേണ്ടത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ്. പുതിയ വികസന പദ്ധതികൾക്കു ഒരു ധനകാര്യ സ്ഥാപനത്തിൽ നിന്നും സംസ്ഥാന സർക്കാരിന് കടം കിട്ടാത്ത ദുരവസ്ഥയാണ് ഇപ്പോഴുള്ളത്.
Kerala
ആലപ്പുഴ: കുട്ടനാട് എംഎൽഎ റെജി ചെറിയാനെതിരെ വിമർശനവുമായി അമ്പലപ്പുഴ എംഎൽഎ ജി. സുധാകരൻ. തന്നെ അറിയിക്കാതെ റെജി ചെറിയാൻ തോട്ടപ്പള്ളി പൊഴിയും സ്പിൽവേയും സന്ദർശിച്ചതിനെതിരെയാണ് വിമർശനം.
സമ്പത്തിന്റെ അഹങ്കാരമാണ് റെജി ചെറിയാന്. റെജി ചെറിയാനെതിരെ താൻ നിയമസഭാ പ്രിവിലേജ് കമ്മിറ്റിയിൽ പരാതി നൽകിയാൽ ശിക്ഷിക്കപ്പെടും. ഒരു എംഎൽഎയുടെ മുകളിൽ വേറൊരു എംഎൽഎ അധികാരം സ്ഥാപിക്കുകയാണ്. അതും ആദ്യമായി എംഎൽഎ ആകുന്നയാൾ.
വലിയ സ്ഥാപനത്തിന്റെ ഉടമയാണ് റെജി ചെറിയാൻ, താനവിടെ വെള്ളമടിക്കാൻ പോകാത്തത് കൊണ്ട് തന്നോട് സ്നേഹം കാണില്ല. അവിടെ വെള്ളമടിക്കാൻ പോകുന്ന നേതാക്കൻമാരെയൊക്കെ എനിക്കറിയാം.
ഒരു ജനപ്രതിനിധി മറ്റൊരു ജനപ്രതിനിധിയെ കവച്ചു വയ്ക്കാൻ പാടില്ല. സ്കൂൾ പ്രവേശനോത്സവം ജില്ലാ പഞ്ചായത്തംഗങ്ങൾ മാത്രം ഉദ്ഘാടനം ചെയ്താൽ മതിയെന്ന ജില്ലാ പഞ്ചായത്തിന്റെ ഉത്തരവ് തലയിൽ ചെളിയുള്ളവർ മാത്രമിറക്കുന്നതാണ്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മഹേന്ദ്രന്റെ വിവരക്കേട് കൊണ്ടാണ് ഇതുണ്ടായത്.
ഉത്തരവിറക്കിയവർ ജനങ്ങളോട് ക്ഷമ പറയണമെന്നും ജി. സുധാകരൻ ആവശ്യപ്പെട്ടു.
Kerala
കോഴിക്കോട്: മാസപ്പടി കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വീട്ടിലടക്കമുള്ള 12 കേന്ദ്രങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന റെയ്ഡിനെതിരെ മുഹമ്മദ് റിയാസ് റിയാസ് എംഎൽഎ. ഫെയ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു റിയാസിന്റെ പ്രതികരണം.
"വളഞ്ഞിട്ടടിച്ചോളൂ...പക്ഷേ സംഘപരിവാറിനു മുമ്പിൽ കുമ്പിടില്ല. അവസാന ശ്വാസം വരെയും പോരാടും.'-ഇങ്ങനെയായിരുന്നു റിയാസിന്റെ പോസ്റ്റ്.
മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണാ വിജയനെ ഇഡി ചോദ്യം ചെയ്യുകയാണ്. തിരുവനന്തപുരത്തെ വീട്ടിൽ ആണ് മൊഴി എടുക്കുന്നത്.
പിണറായിയുടെ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള വാടക വീട്ടിൽ രാവിലെ മുതൽ ഇഡി റെയ്ഡ് പുരോഗമിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട 12 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടക്കുന്നത്.
സംസ്ഥാന പോലീസിനെ അറിയിക്കാതെയാണ് ഇഡി പരിശോധന പുരോഗമിക്കുന്നത്. ഇന്റലിജൻസിനെയോ,സ്പെഷ്യൽ ബ്രാഞ്ചിനെയോ, ലോക്കൽ പോലീസിനെയോ അറിയിക്കാതെയാണ് റെയ്ഡ് നീക്കം.
കേസിൽ വീണ വിജയന്റെ സാമ്പത്തിക ഇടപാടുകൾ, സാമ്പത്തിക സ്രോതസിന്റെ ഇടപാടുകൾ, കമ്പനിയുടെ വിവരങ്ങൾ, പിണറായി വിജയന്റെ വിവരങ്ങൾ എന്നിവയാകും പരിശോധിക്കുകയെന്നാണ് ഇഡി വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
എക്സാലോജിക് ഇടപാടിലെ ഇഡി അന്വേഷണം പ്രഥമ ദൃഷ്ട്യാ നിലനിൽക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇഡിയുടെ നാടകീയ പരിശോധന ആരംഭിച്ചത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന് കോടതി. ആരോപണ വിധേയർ ആരെന്നു നോക്കി അന്വേഷണം നിർത്താനാകില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.
National
ചെന്നൈ: കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് ഡിഎംകെ നേതാവും തമിഴ്നാട് പ്രതിപക്ഷ നേതാവുമായ ഉദയനിധി സ്റ്റാലിന്. ഒരു രാത്രികൊണ്ട് ഡിഎംകെയുമായുള്ള ബന്ധം ഉപേക്ഷിച്ച് ടിവികെ സഖ്യത്തില്‍ ചേര്‍ന്ന കോണ്‍ഗ്രസ് പിന്നില്‍ നിന്ന് കുത്തിയെന്നും ഉദയനിധി സ്റ്റാലിന് പറഞ്ഞു.
ഇനിയൊരിക്കലും കോണ്‍ഗ്രസിനെ വിശ്വസിക്കരുതെന്നും പ്രവര്‍ത്തകരോട് ഉദയനിധി ആവശ്യപ്പെട്ടു. ചെന്നൈയില്‍ ശനിയാഴ്ച നടന്ന ഡിഎംകെ യൂത്ത് വിംഗ് യോഗത്തിൽ
സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇരുപത് വര്‍ഷത്തിലധികം കോണ്‍ഗ്രസ് ഡിഎംകെയുടെ ചുമലില്‍ കയറി നടന്നു. എന്നിട്ട് പിന്നില്‍ നിന്ന് കുത്തി. ആരും ഒരിക്കലും ഇത് മറക്കരുത്. ഇനിയൊരിക്കലും കോണ്‍ഗ്രസിനെ വിശ്വസിക്കുകയോ, അടുപ്പിക്കുകയോ ചെയ്യരുത്. - ഉദയനിധി പറഞ്ഞു.
ബിജെപി കേന്ദ്രത്തില്‍ വീണ്ടും അധികാരത്തില്‍ വന്നതിന് കാരണക്കാര്‍ കോണ്‍ഗ്രസാണെന്നും ഉദയനിധി കുറ്റപ്പെടുത്തി. ബിജെപിയുടെ തുടര്‍ച്ചയായുള്ള വിജയത്തിനു കാരണം അമിത് ഷായും നരേന്ദ്ര മോദിയുമാണെന്നാണ് താന്‍ മുമ്പ് വിശ്വസിച്ചിരുന്നത്. എന്നാല്‍ അങ്ങനെയല്ല കാര്യം. ബിജെപി വീണ്ടും ജയിക്കാനുള്ള പ്രധാന കാരണം കോണ്‍ഗ്രസാണ്. ഇപ്പോള്‍ അത് കൂടുതല്‍ വ്യക്തമായി.
നിയമസഭയില്‍ നിന്ന് ബിജെപിയെ അകറ്റി നിര്‍ത്താന്‍ കോണ്‍ഗ്രസിനു വേണ്ടി ഡിഎംകെ പ്രവര്‍ത്തകര്‍ അവരുടെ രക്തവും വിയര്‍പ്പും ഒഴുക്കി. നിര്‍ജീവമായ അവസ്ഥയിലായിരുന്നിട്ടു പോലും തമിഴ്നാട്ടില്‍ കോണ്‍ഗ്രസിന് അഞ്ച് സീറ്റ് ലഭിച്ചത് ഡിഎംകെ നേതാക്കളുടെ നിര്‍ദേശങ്ങളും അണികളുടെ അക്ഷീണ പ്രയത്നവും കൊണ്ടാണ്.
എന്നിട്ട്, ജയിച്ചപ്പോള്‍ മര്യാദയുടെ പേരില്‍ പോലും ഒന്ന് അറിയിക്കാതെ, അവര്‍ അധികാരത്തിന്റെ
പിന്നാലെ പോയി. കോണ്‍ഗ്രസിന് അടിസ്ഥാനപരമായ നന്ദിയോ രാഷ്ട്രീയ മര്യാദയോ ഇല്ല. ഡിഎംകെ ചെയ്തില്ലെങ്കിലും കോണ്‍ഗ്രസിനെ തമിഴ്നാട്ടിലെ ജനങ്ങള്‍ പാഠം പഠിപ്പിക്കുമെന്നും ഉദയനിധി പറഞ്ഞു.
Kerala
കൊച്ചി: നടൻ ടിനി ടോമിനെതിരായ നടി അൻസിബയുടെ ആരോപണത്തിൽ പ്രതികരണവുമായി താരസംഘടന അമ്മയുടെ അധ്യക്ഷ ശ്വേത മേനോൻ. നടന്നത് ആസൂത്രിത നീക്കമാണെന്നും ഗൂഢാലോചന സംശയിക്കുന്നുവെന്നും ശ്വേത മേനോൻ പറഞ്ഞു.
ഇന്ന് മെഡിക്കൽ ക്യാമ്പ് നടക്കുമ്പോൾ വന്ന പരാതി വളരെ ആസൂത്രിതമാണ്. പരാതിയുടെ അടിസ്ഥാനത്തിൽ അൻസിബയെ വിളിച്ചുവെങ്കിലും ഫോൺ എടുത്തില്ല. മാധ്യമങ്ങളോട് പറഞ്ഞ പരാതി അമ്മയ്ക്ക് ലഭിച്ചത് ഇന്ന് ഉച്ചയ്ക്ക് രണ്ടോടെയാണ് അമ്മയുടെ രീതിക്ക് അനുസരിച്ച് പരിശോധിക്കുമെന്നും ശ്വേത വ്യക്തമാക്കി.
അൻസിബയുടെ രാജി സ്വീകരിച്ചത് ഈ മാസം 12നാണ്. വ്യക്തിപരമായ കാരണങ്ങൾ എന്നാണ് പറഞ്ഞത്. ടിനി ടോമിനെതിരായ പരാതി രാജിക്കത്തിൽ പോലും പരാമർശിച്ചിരുന്നില്ല. പോലീസിൽ നൽകിയ പരാതിയെ കുറിച്ച് മാത്രമാണ് അൻസിബ തന്നോട് സംസാരിച്ചത്.
സംഘടനയ്ക്ക് ഇടപെടാൻ കഴിയില്ലെന്ന് താൻ പറഞ്ഞിരുന്നു. മത സ്ഥാപനത്തെ സ്പോൺസറാക്കിയതിൽ അൻസിബ കമ്മിറ്റിയിൽ എതിർപ്പ് ഉന്നയിച്ചിരുന്നു. പക്ഷേ ഭൂരിഭാഗം പേരും അനുകൂലിച്ചു. അൻസിബയെ കേൾക്കുമെന്നും എക്സിക്യൂട്ടീവ് കമ്മിറ്റി പരാതി പരിശോധിക്കുമെന്നും ശ്വേത പറഞ്ഞു.
Kerala
ചെന്നൈ: കേരളത്തിലെ സത്യപ്രതിജ്ഞയിൽ നിന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ് വിട്ടുനിന്നതിൽ ആരോപണവുമായി ഡിഎംകെ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഭയന്നാണ് വിജയ് പങ്കെടുക്കാതിരുന്നതെന്ന് ഡിഎംകെ നേതാവ് ടി.കെ.എസ്. ഇളങ്കോവൻ ആരോപിച്ചു.
വിജയ് അവസാനനിമിഷം യാത്ര റദ്ദാക്കിയെന്നും മോദിയെ ഈ മാസം 22ന് വിജയ് കാണുമെന്നാണ് റിപ്പോർട്ടുകൾ. അതിനുമുൻപ് രാഹുൽ ഗാന്ധിക്കോപ്പം വേദി പങ്കിടുന്നത് അപകടം ആകുമെന്ന് വിജയ്ക്ക് തോന്നി, അതുകൊണ്ടാണ് വിട്ടുനിന്നതെന്നും ഇളങ്കോവൻ പ്രതികരിച്ചു.
ചടങ്ങിലേക്ക് വിജയ് എത്തുമെന്നാണ് ആരാധകർ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ വിജയ് ചടങ്ങില്‍ പങ്കെടുത്തില്ല. കോൺഗ്രസ് അധ്യക്ഷൻ മല്ലിഖാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഡി.കെ. ശിവകുമാർ, രേവന്ത് റെഡ്ഢി തുടങ്ങി നേതാക്കൾ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തിരുന്നു.
പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, സിപിഐ സിപിഎം സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, വിവിധ സാമൂഹിക നേതാക്കൾ, മത മേലധ്യക്ഷന്മാർ തുടങ്ങിയവരും ചടങ്ങിനെത്തി.
Kerala
കോട്ടയം: കോൺഗ്രസിന്റെ മുഖ്യമന്ത്രി ചർച്ചയിൽ ലീഗ് അടക്കമുള്ള ഘടകകക്ഷികൾക്കെതിരെ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. ഇവിടെ ആരാണ് കുഴപ്പം ഉണ്ടാക്കിയതെന്നും മുഖ്യമന്ത്രി കോൺഗ്രസ് ആണെന്ന് നേരത്തെ ധാരണ ഉള്ളതല്ലേയെന്നും സുകുമാരൻ നായർ ചോദിച്ചു.
മുഖ്യമന്ത്രി ചര്‍ച്ചയില്‍ ഘടകകക്ഷികൾ എന്തിനു ഇടപെട്ടു? അവരുടെ ഇടപെടൽ ആണ് പ്രശ്നം ഉണ്ടാക്കിയത്. കോൺഗ്രസ് മുഖ്യമന്ത്രി ചർച്ചയിൽ മുസ്ലിം ലീഗിന് അടക്കം എന്ത് കാര്യം. കോൺഗ്രസിന്റെ ആഭ്യന്തര കാര്യമാണിതെന്നും ആര് വന്നാലും സ്വീകരിക്കാൻ ഘടകകക്ഷികൾ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.
ഘടക കക്ഷികള്‍ സമ്മർദം ചെലുത്തിയത് അവഗണിക്കേണ്ട ഹൈക്കമാൻഡ് അവരുടെ അഭിപ്രായം തേടി. ലീഗ് അടക്കം എന്തൊക്കെയോ മുന്നിൽ കണ്ടാണ് ഇതൊക്കെ ചെയ്യുന്നതെന്നും സുകുമാരൻ നായർ പറഞ്ഞു. ആരെയും പിന്താങ്ങണമെന്നോ എതിർക്കണമെന്നോ എന്നതിൽ ഘടകകക്ഷികൾക്ക് എന്ത് കാര്യം. ഇതിലൊക്കെ വലിയ ദുരൂഹത ഉണ്ട്. ഫ്ലെക്സ് പോസ്റ്റർ പ്രകടനം എല്ലാം ഇപ്പോഴും നടക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ലീഗ് അടക്കം എല്ലാ ഘടകകക്ഷികളും ഇതിന് പിന്നിലുണ്ട്. ഇപ്പോൾ ഒരു തെരഞ്ഞെടുപ്പ് നടന്നാൽ 30 സീറ്റ് യുഡിഎഫിന് കുറയും. ഇനി ഒരു ഉപതെരെഞ്ഞെടുപ്പ് വന്നാലും ഈ വികാരം ഉണ്ടാകും. 102 സീറ്റിന്റെ മേന്മ നശിപ്പിച്ചു. ഇവിടെ ഇപ്പോൾ ഒരു ഭരണം ഉണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
സ്കൂൾ തുറക്കാൻ പോകുമ്പോൾ എന്തെല്ലാം പ്രശ്നം. ഇതെല്ലാം പരിഹരിക്കാൻ ആളില്ല. വിദ്യാഭ്യാസ വകുപ്പ് കോൺഗ്രസ് ഏറ്റെടുക്കണം. മുൻപ് തന്നെ എൻഎസ്എസ് ഈ അഭിപ്രായം പറഞ്ഞിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പ് ജനകീയമാകണമെങ്കിൽ കോൺഗ്രസ് ഏറ്റെടുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
രമേശ് ചെന്നിത്തലയുമായി വ്യക്തി ബന്ധമാണുള്ളത്. മുൻപ് രമേശിന് വേണ്ടി താക്കോൽ സ്ഥാനം പറഞ്ഞത് ലീഗ് അഞ്ചാം മന്ത്രിയെ ആവശ്യപ്പെട്ട സാഹചര്യത്തിലായിരുന്നു. ചില സമുദായ താൽപര്യങ്ങൾ കാരണമാണ് അന്ന് അത്തരമൊരു നിലപാട് സ്വീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: ആറ്റിങ്ങലിൽ ഭാര്യയെയും രണ്ടരവയസുള്ള കുഞ്ഞിനെയും ക്രൂരമായി മർദിച്ച് യുവാവ്. സംഭവത്തിൽ അയിലം സ്വദേശി സജിക്കെതിരെ പോലീസ് കേസെടുത്തു.
കുഞ്ഞിന്റെ തല ചുമരിലിടിച്ചതായും പരാതിയിൽ പറയുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നത്. ക്രൂരമായ മർദനമാണ് ഭാര്യയ്ക്കും കുഞ്ഞിനും നേരെ ഉണ്ടായിരിക്കുന്നത്.
അയിലം നെല്ലിമൂട് സ്വദേശിയായ സജി കഴിഞ്ഞ ബുധനാഴ്ച രാത്രി 11 ഓടെയാണ് വീട്ടിലെത്തി ഭാര്യയെയും കുഞ്ഞിനെയും ഉപദ്രവിച്ചത്. ഇവരുടെ വിവാഹം കഴിഞ്ഞിട്ട് നാല് വർഷമായി. ഇക്കാലമത്രയും യുവതിയെ ഇയാൾ പല കാരണങ്ങൾ പറഞ്ഞ് ഉപദ്രവിച്ചിരുന്നതായി പരാതിയിൽ പറയുന്നു.
സൗന്ദര്യം കുറഞ്ഞു, സ്ത്രീധനം കുറഞ്ഞു എന്നിങ്ങനെയാണ് സജി പറയുന്ന കാരണങ്ങൾ. കഴിഞ്ഞ ദിവസം വീട്ടിലെത്തിയ സജി അക്രമാസക്തനായി അവിടെയുണ്ടായിരുന്ന വാളിന്റെ പിടി ഉപയോഗിച്ച് യുവതിയുടെ തലയ്ക്കും മുതുകിനും ഇടിച്ചു പരിക്കേൽപിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്.
രണ്ടരവയസുള്ള കുഞ്ഞിനെ ഭിത്തിയിലേയ്ക്ക് വലിച്ചെറിഞ്ഞു, കുഞ്ഞിന്റെ തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. അതിക്രമത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. പ്രതിയെ ഇതുവരെ പിടികൂടിയിട്ടില്ല.
Kerala
കോട്ടയം: സിപിഎമ്മിനും എൽഡിഎഫ് നേതാക്കൾക്കും കേരള കോൺഗ്രസ് എം സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിൽ വിമർശനം. സിപിഎം അണികൾ വ്യാപകമായി ക്രോസ് വോട്ട് ചെയ്തു.
സാധാരണ ജനങ്ങളുടെ പള്‍സ് മനസിലാക്കാന്‍ എല്‍ഡിഎഫ് നേതൃത്വത്തിന് കഴിഞ്ഞില്ലെന്നാണ് പ്രധാനമായും ഉയര്‍ന്ന വിമര്‍ശനം. മുഖ്യമന്ത്രിക്കെതിരെയും രൂക്ഷവിമർശനമാണ് യോഗത്തിലുണ്ടായത്.
തോൽവിയുടെ കാരണം മുഖ്യമന്ത്രിയാണ്. ഇനിയും പിണറായി തന്നെ നയിച്ചു മുന്നോട്ട് പോയാൽ കനത്ത തിരിച്ചടി ഉണ്ടാകും. ബംഗാളിന് സമാനമായ അവസ്ഥയിലേക്ക് പോകും. അത് കൊണ്ട് തന്നെ പുതിയ പ്രതിപക്ഷ നേതാവ് ഉണ്ടാവണമെന്ന സിപിഐയുടെ നിലപാടിനെ പിന്തുണയ്ക്കുന്നത് നല്ലതാവുമെന്നും അഭിപ്രായം ഉയര്‍ന്നു.
Kerala
ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിൽ കായംകുളത്തെ തോൽവിയിൽ അതൃപ്തി പരസ്യമാക്കി എല്‍ഡിഎഫ് സ്ഥാനാർഥി യു. പ്രതിഭ. കായംകുളത്ത് വെള്ളാപ്പള്ളി നടേശൻ തനിക്കെതിരെ പ്രവർത്തിച്ചെന്നും എസ്എന്‍ഡിപി വോട്ടുകളിൽ ചോർച്ച ഉണ്ടായെന്നും പ്രതിഭ പറഞ്ഞു.
പാർട്ടി കേന്ദ്രങ്ങളിൽ വോട്ട് കുറഞ്ഞെന്നും പത്തിയൂരും ചെട്ടികുളങ്ങരയും ഭൂരിപക്ഷം കുറഞ്ഞത് അമ്പരപ്പ് ഉണ്ടാക്കിയെന്നും പ്രതിഭ പറയുന്നു. കഴിഞ്ഞ തവണത്തേത് പോലെ പ്രവർത്തനം ഊർജസ്വലമായിരുന്നില്ലെന്നാണ് പ്രതിഭയുടെ വിമര്‍ശനം.
സ്ഥിരമായി ഒന്നാമത് എത്തിയിരുന്ന ബൂത്തിൽ പോലും മുന്നേറാൻ ആയില്ലെന്നാണ് പ്രതികരിച്ച പ്രതിഭ, ആധികാരികമായി പാർട്ടി പറയട്ടെയെന്നും കൂട്ടിച്ചേര്‍ത്തു. വെള്ളാപ്പള്ളി നടേശനെതിരെ ശക്തമായ ആരോപണമാണ് പ്രതിഭ ഉന്നയിക്കുന്നത്.
കായംകുളത്ത് തനിക്കെതിരെ വെള്ളാപ്പള്ളി പ്രവർത്തിച്ചു എന്നാണ് പ്രതിഭയുടെ ആരോപണം. ഇത് എസ്എൻഡിപി വോട്ടുകളിൽ ചോർച്ച ഉണ്ടായി. കേരളത്തിൽ മൊത്തം ഇത്തരത്തിൽ പ്രതി പ്രവർത്തനം നടന്നിട്ടുണ്ടെന്നും പ്രതിഭ പ്രതികരിച്ചു.
എൽഡിഎഫ് സ്ഥാനാർഥിയായ അഡ്വ. യു പ്രതിഭ 77,348 വോട്ടുകളായിരുന്നു 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ നേടിയത്. യുഡിഎഫിന്റെ അരിത ബാബു 71,050 വോട്ടുകൾ (44.06%) നേടി മികച്ച പ്രകടനം മത്സരം നൽകിയിരുന്നു.
ഇഞ്ചോടിഞ്ച് പോരാട്ടം തന്നെയായിരുന്നു 2021ലെ തെരഞ്ഞെടുപ്പിൽ നടന്നത്. 6,298 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു പ്രതിഭ അന്നു ജയിച്ചുകയറിയത്. എന്നാല്‍, ഇത്തവണ 15,572 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ യുഡിഎഫ് സ്ഥാനാർഥി എം. ലിജു മണ്ഡലം പിടിച്ചു.
76,651 വോട്ടുകൾ നേടിയാണ് യുഡിഎഫ് സ്ഥാനാർഥി എം. ലിജു വിജയിച്ചത്. യു. പ്രതിഭയ്ക്ക് 61079 വോട്ടുകളും ബിഡിജെഎസ് സ്ഥാനാർഥി തമ്പി മേട്ടുതറയ്ക്ക് 16,973 വോട്ടുകളുമാണ് ലഭിച്ചത്.
Kerala
അമ്പലപ്പുഴ: സിപിഎമ്മിൽ കന്നുകാലികളെപ്പോലെ ചിലരെ അഴിച്ചു വിട്ടിരിക്കുകയാണെന്ന് ജി. സുധാകരൻ. തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം വസതിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുധാകരൻ.
"മന്ത്രിയാകണമെന്ന് തനിക്ക് ആഗ്രഹമില്ല. തനിക്ക് അത് വലിയ കാര്യവുമല്ല.താൻ മന്ത്രിയായിരുന്നതിന്റെ ഗുണം ഈ മന്ത്രിസഭയും അനുഭവിച്ചിട്ടുണ്ട്. അഞ്ച് വർഷം ജനകീയ സ്വതന്ത്ര എംഎൽഎയായി തുടരും.'-സുധാകരൻ പറഞ്ഞു.
82 വയസായ പിണറായിയുടെ അനുയായികളാണ് തന്റെ പ്രായം പറഞ്ഞു നടക്കുന്നത്. സിപി എം ശിഖണ്ഡിയായി മാറി. രാഷ്ട്രീയപ്പാർട്ടിയുടെ വ്യക്തിത്വം സിപിഎമ്മിനില്ല. സിപിഎമ്മിൽ നിയന്ത്രിക്കാൻ ആരുമില്ലെന്നും സുധാകരൻ പറഞ്ഞു.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ സിപിഐയിലും കലാപം. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ പാര്‍ട്ടിയില്‍ കടുത്ത വിമർശനമാണ് ഉയര്‍ന്നത്.
സെക്രട്ടറി മാറണമെന്ന ആവശ്യമുയർന്നേക്കും. എക്സിക്യൂട്ടീവ്, സെക്രട്ടേറിയറ്റ് യോഗങ്ങൾ ബുധനാഴ്ച ചേരും. സ്ഥാനാർഥി നിർണയം പാളിയെന്നും വിമര്‍ശനം ഉയരുന്നുണ്ട്.
നേതൃത്വത്തിന്റെ പിടിവാശി പരാജയ കാരണമായെന്നാണ് വിലയിരുത്തൽ. നാദാപുരം, തൃശൂർ, അടൂർ, പീരുമേട്, ചാത്തന്നൂർ എന്നീ മണ്ഡലങ്ങളിലെ സ്ഥാനാർഥി നിർണയം തിരിച്ചടിയായി. സെക്രട്ടറിയുടെ കടുംപിടുത്തം തോൽവിക്ക് ആക്കം കൂട്ടിയെന്നും വിലയിരുത്തലുണ്ട്.
Kerala
കോഴിക്കോട്: സ്ട്രോംഗ് റൂം വിവാദത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റേത് ഏകപക്ഷീയമായ നടപടിയെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീൺകുമാർ. നിയമപരമായി മുന്നോട്ട് പോകും. ചട്ട ലംഘനം നടന്നില്ല എങ്കിൽ സ്ട്രോംഗ് റൂമിനടുത്ത് മെറ്റീരിയൽ റൂം സ്ഥാപിച്ചത് ആരാണ്? തൊട്ടടുത്ത മുറിയിൽ ഇലക്ട്രോണിക് ഉപകരണം ഉപയോഗിച്ചത് ചട്ട ലംഘനമല്ലേ ? വരണാധികാരികളെ പ്രോസിക്യൂട്ട് ചെയ്യാനുള്ള നിയമനടപടി തുടരും.
ചട്ട ലംഘനമല്ലെന്ന ഉത്തരവ് തനിക്ക് ലഭിച്ചില്ല. സംശയമുള്ള വിവിപാറ്റ് എണ്ണണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുമെന്നും പ്രവീൺകുമാർ വ്യക്തമാക്കി. കോഴിക്കോട് ജില്ലയിൽ തെരഞ്ഞെടുപ്പ് ഫലം വരുന്ന ദിവസം നിയന്ത്രണം ഏർപ്പെടുത്തിയതിലും അദ്ദേഹം പ്രതികരിച്ചു. യുഡിഎഫ് ജയിക്കും എന്നറിഞ്ഞു കൊണ്ടാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചതെന്നും അദ്ദേഹം പറഞ്ഞു.
പേരാമ്പ്ര, കൊയിലാണ്ടി സ്ട്രോംഗ് റൂം വിവാദത്തില്‍ ചട്ടലംഘനമില്ലെന്ന് കോഴിക്കോട് ജില്ലാ കളക്ടര്‍ വ്യക്തമാക്കിയിരുന്നു. ചട്ടലംഘനമില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചതായി ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ് പറഞ്ഞു. സ്ട്രോംഗ് റും തുറന്നിട്ടില്ലെന്നും വോട്ടിങ് യന്ത്രങ്ങള്‍ സുരക്ഷിതമാണെന്നും കളക്ടര്‍ പറഞ്ഞു.
പേരാമ്പ്ര, കൊയിലാണ്ടി വരണാധികാരികളെ മാറ്റില്ലെന്നും ഇതുമായി ബന്ധപ്പെട്ട് മറ്റു നടപടികളുണ്ടാകില്ലെന്നും കളക്ടര്‍ പറഞ്ഞു. കൊയിലാണ്ടി വരണാധികാരി സ്ട്രോംഗ് റൂമിനടുത്ത് പോയത് പതിവ് പരിശോധനക്കെന്നും ചട്ട ലംഘനമുണ്ടായിട്ടില്ലെന്നും അദ്ദേഹം വിശദമാക്കി.
Kerala
കണ്ണൂർ: പേരാവൂരിൽ യുഡിഎഫ് ബൂത്ത് ഏജന്റിന് നേരെ നായ്ക്കുരണ പൊടി വിതറിയെന്ന് പരാതി. ബൂത്ത് ഏജന്റ് സജിത മോഹനന്റെ ശരീരത്തിലേക്ക് നായിക്കുരണ പൊടി വിതറിയെന്നാണ് പരാതി. സിപിഎം പ്രവര്ത്തകരാണ്പിന്നിൽ എന്നാണ് യുഡിഎഫ് ആരോപണം.
പേരാവൂര്‍ മണ്ഡലത്തിലെ 85-ാം നമ്പര്‍ ബൂത്തായ മുഴക്കുന്ന് സർക്കാർ യു പി സ്കൂളിലാണ് സംഭവം. വോട്ടെടുപ്പ് നടപടികളെ അട്ടിമറിക്കാനുള്ള ശ്രമമാണ് ഇതെന്ന് യുഡിഎഫ് ആരോപിച്ചു. അക്രമികൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കെപിസിസി അധ്യക്ഷനും പേരാവൂരിലെ യുഡിഎഫ് സ്ഥാനാർഥിയുമായ സണ്ണി ജോസഫ് ആവശ്യപ്പെട്ടു.
തളിപ്പറമ്പ് മണ്ഡലത്തിൽ ബിജെപി ബൂത്ത് ഏജന്റ് മർദ്ദിച്ചതായും പരാതിയുണ്ട്. കയരളം എയുപി സ്കൂളിലെ 165ാം നമ്പർ ബൂത്തിലെ ബിജെപി ഏജന്റ് കെ.കെ. സോമനാണ് മർദനമേറ്റത്. സിപിഎം പ്രവർത്തകരാണ് ആക്രമിച്ചതെന്ന് ബിജെപിയുടെ ആരോപണം. പരിക്കേറ്റ സോമനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Kerala
പത്തനംതിട്ട: അടൂരിലെ യുഡിഎഫ് സ്ഥാനാർഥി സി വി ശാന്തകുമാറിനെ കൊലക്കേസ് പ്രതിയാക്കി ലഘുലേഖ വിതരണം ചെയ്ത സംഭവത്തിൽ രണ്ട് സിപിഐ പ്രവർത്തകർ പിടിയിൽ. പിടികൂടിയവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് സിറ്റിംഗ് എംഎൽഎയും സിപിഐ നേതാവുമായ ചിറ്റയം ഗോപകുമാർ
പോലീസ് സ്റ്റേഷനിൽ എത്തി.
ചിറ്റയം ഗോപകുമാറും നേതാക്കളും സ്റ്റേഷനിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. കോൺഗ്രസ് സ്ഥാനാർഥിയായ ശാന്തകുമാർ കൊലക്കേസ് പ്രതിയെന്ന് പറഞ്ഞുള്ള വ്യാജ നോട്ടീസ് വിതരണം ചെയ്യുന്നതിനിടെയാണ് രണ്ടുപേർ പിടിയിലായത്.
പറക്കോട് , മണ്ണടി ഭാഗങ്ങളിൽ നിന്നാണ് ഇരുവരും പിടിയിലായത്. പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകരും രംഗത്തെത്തി.
Kerala
ആലപ്പുഴ: വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ കുട്ടനാട്ടിലെ യുഡിഎഫ് സ്ഥാനാർഥി റെജി ചെറിയാനെതിരെ ഗുരുതര ആരോപണവുമായി എൽഡിഎഫ് സ്ഥാനാർഥി തോമസ് കെ. തോമസ്. റെജി ചെറിയാൻ വോട്ടർമാർക്ക് പണം കൊടുക്കുന്നുവെന്നാണ് തോമസ് കെ. തോമസ് ആരോപിക്കുന്നത്.
തൊഴിലുറപ്പ് സൈറ്റുകളിൽ എത്തി റെജി ചെറിയാൻ പണം കൊടുത്തു. തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് പരസ്യമായാണ് പണം കൊടുത്തതെന്നും തോമസ് ആരോപിച്ചു. യുഡിഎഫ് സ്ഥാനാർഥിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനേയും കോടതിയെയും സമീപിക്കുമെന്നും തോമസ് കെ. തോമസ് പറഞ്ഞു. യുഡിഎഫ് സ്ഥാനാർഥി ചെയ്യുന്നത് നിലവാരമില്ലാത്ത പ്രവർത്തനങ്ങളാണ്. തെരഞ്ഞെടുപ്പ് ചട്ടലംഘനം ഉള്ളതുകൊണ്ട് പച്ചമലയാളത്തിൽ പറയുന്ന ഭാഷ പറയുന്നില്ല.
അന്തസ്സ് ഉണ്ടെങ്കിൽ യുഡിഎഫ് സ്ഥാനാർഥി മത്സരിച്ചു ജയിക്കണം. പുറംവഴിയിലൂടെ ജയിക്കാൻ നോക്കരുത്. മനുഷ്യരോട് പ്രവർത്തിച്ചോ മാനുഷിക ഇടപെടലുകൾ നടത്താനും അറിയാത്ത ആളാണ് യുഡിഎഫ് സ്ഥാനാർഥി.
എൻസിപിയിൽ ഉണ്ടായിരുന്നപ്പോൾ കാണിക്കാവുന്ന എല്ലാ വൃത്തികേടുകളും അവിടെ കാണിച്ചു. എൻസിപിയിൽ നിന്ന് റെജി ചെറിയാനെ പുറത്താക്കിയതാണ്. കുട്ടനാട്ടിൽ ഇങ്ങനെ ഒരാളെ വേണ്ട എന്ന് ജനം തീരുമാനമെടുത്തിട്ടുണ്ട്.
യുഡിഎഫുകാർക്ക് ആകെ അബദ്ധം പറ്റിയെന്ന് അഭിപ്രായമില്ല. പി.ജെ. ജോസഫിനും പാർട്ടിക്കും പണത്തോടുള്ള ആർത്തികൊണ്ടു പറ്റിയ അബദ്ധമാണ് കുട്ടനാട്ടിലെ സ്ഥാനാർഥി. എന്ത് അഭ്യാസങ്ങൾ കാണിച്ചാലും കുട്ടനാട്ടിൽ എൽഡിഎഫ് ജയിക്കുമെന്നും തോമസ് കെ. തോമസ് പറഞ്ഞു.
National
മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി സുനേത്ര പവാറിനെതിരേ ബാരാമതിയിൽ കോൺഗ്രസ് മത്സരിക്കുന്നു. ആകാശ് മോറെയാണ് കോൺഗ്രസ് സ്ഥാനാർഥി. മുൻ എംഎൽസി വിജയ്റാവു മോറെയുടെ മകനായ ആകാശ്, ധാൻഗർ സമുദായാംഗമാണ്.
അജിത് പവാർ വിമാനാപകടത്തിൽ മരിച്ചതിനെത്തുടർന്നാണ് ബാരാമതിയിൽ ഉപതെരഞ്ഞെടുപ്പ്. അജിത് പവാറിനോടുള്ള ബഹുമാനാർഥം സുനേത്രയ്ക്കെതിരേ മത്സരിക്കില്ലെന്ന് എൻസിപി (ശരദ് പവാർ ) അറിയിച്ചിരുന്നു. ബാരാമതിയിൽ തെരഞ്ഞെടുപ്പ് ഒഴിവാക്കണമെന്ന് സുനേത്ര പവാർ ഇന്നലെ കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഹർഷ്വർധൻ സപ്കലിനോട് ഫോണിൽ അഭ്യർഥിച്ചിരുന്നു. കഴിഞ്ഞദിവസം ഉദ്ധവ് താക്കറെയുടെ പിന്തുണയും സുനേത്ര തേടിയിരുന്നു.
Kerala
തിരുവനന്തപുരം: നിയമസഭാ സ്പീക്കർ എ.എൻ. ഷംസീറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. ചവറയിലെ യുഡിഎഫ് സ്ഥാനാർഥി ഷിബു ബേബി ജോൺ ആണ് പരാതി നൽകിയത്.
എൽഡിഎഫ് സ്ഥാനാർഥി സുജിത്ത് വിജയൻപിള്ളയ്ക്ക് വേണ്ടി സ്പീക്കർ റോഡ് ഷോ നടത്തിയത് ചൂണ്ടിക്കാട്ടിയാണ് പരാതി. സ്പീക്കറുടെ ഭാഗത്ത് നിന്നുണ്ടായത് പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണെന്നും തുടർന്നുള്ള പ്രചരണ പരിപാടിയിൽ നിന്ന് സ്പീക്കറെ വിലക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.
മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്കാണ് പരാതി നൽകിയത്.
Kerala
കൊല്ലം: രാഹുല്‍ ഗാന്ധി ശരിയായ രാഷ്ട്രീയ നിലപാടില്ലാത്ത കോണ്‍ഗ്രസ് നേതാവാണെന്ന് മുതിർന്ന സിപിഎം നേതാവ് എ. വിജയരാഘവന്. ലോക്സഭയില്‍ പ്രതിപക്ഷ നേതാവിന്റെ കസേരയിലിരിക്കുന്നത് ഇടതുപക്ഷം കൂടി പിന്തുണയ്ക്കുന്ന ഇന്ത്യ സഖ്യം ഉള്ളതുകൊണ്ടാണെന്നും ഇക്കാര്യം മറന്ന് കേരളത്തിലെത്തി ഇടതുപക്ഷ സര്‍ക്കാരിനേയും മുഖ്യമന്ത്രി പിണറായി വിജയനേയും വിമര്‍ശിക്കുന്നത് രാഹുലിന് രാഷ്ട്രീയ നിലപാട് ഇല്ലാത്തതുകൊണ്ടാണെന്നും വിജയരാഘവന് പറഞ്ഞു.
എല്‍ഡിഎഫ് സ്ഥാനാര്‍ഥി കോവൂര്‍ കുഞ്ഞുമോന്റെ തെരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വിജയരാഘവന്. നടപ്പാക്കാനുള്ളതല്ല, വഞ്ചിക്കാനുള്ള വാഗ്ദാനങ്ങളാണ് കോണ്‍ഗ്രസ് നല്‍കുന്നതെന്നും എ വിജയരാഘവന് പറഞ്ഞു.
ജനങ്ങളെ പറ്റിക്കുകയും വഞ്ചിക്കുകയുമാണ് യുഡിഎഫ് അജണ്ട. 600 രൂപ ക്ഷേമ പെന്ഷന് 18 മാസം നല്‍കാത്തവരാണ് മാസം 3,000 നല്‍കുമെന്ന് പറയുന്നത്. പിണറായി വിജയനെ ജയിലിലടക്കാത്തതിലാണ് രാഹുല്‍ ഗാന്ധിയുടെ വിഷമം.
ഡല്‍ഹി മുഖ്യമന്ത്രിയായിരിക്കെ അരവിന്ദ് കെജ്രിവാളിനെ ജയിലിലടപ്പിച്ചിട്ടും രാഹുലിനും കോണ്‍ഗ്രസിനും തൃപ്തിയായിട്ടില്ല. കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിമാരെല്ലാം ബിജെപിയിലെത്തിയെന്നും എ. വിജയരാഘവന് പറഞ്ഞു.
Kerala
ഇടുക്കി: സംസ്ഥാന ചരിത്രത്തിലെ ഏറ്റവും നിലവാരം കുറഞ്ഞ പ്രതിപക്ഷ നേതാവാണ് വി.ഡി. സതീശനെന്ന് മുതിർന്ന സിപിഎം നേതാവ് എം.എം. മണി എംഎൽഎ. സതീശന് എത്രയും വേഗം വനവാസത്തിന് പോകണമെന്നും രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കണമെന്നും മണി ആവശ്യപ്പെട്ടു. രമേശ് ചെന്നിത്തലയും എ.കെ. ആന്റണിയും ഉമ്മൻചാണ്ടിയും വ്യത്യസ്തരായ നേതാക്കളാണെന്നും അദ്ദേഹം പറഞ്ഞു.
എല്‍ഡിഎഫിന് ജനങ്ങളുടെ വിശ്വാസം ആര്‍ജ്ജിക്കാന്‍ കഴിഞ്ഞു. കോണ്‍ഗ്രസിന്റെ സൗജന്യ വാഗ്ദാനം നടപ്പാക്കാനാവില്ല. നെഹ്റു കുടുംബത്തില്‍ ജനിച്ച പാരമ്പര്യം മാത്രമാണ് രാഹുൽ ഗാന്ധിയുടെ കൈമുതല്‍.
സോഷ്യലിസം നടപ്പാക്കുമെന്നായിരുന്നു കോണ്‍ഗ്രസ് വാഗ്ദാനം. ഇപ്പോള്‍ രാജ്യം എവിടെ എത്തിയെന്ന് ചിന്തിക്കണമെന്നും മണി പറഞ്ഞു. ക്ഷേമപ്രവര്‍ത്തനങ്ങളുമായി എല്‍ഡിഎഫ് കുതിക്കുകയാണ്. പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിച്ചാല്‍ എം.എം. മണിയേയും പുറത്താക്കുമെന്നും അദ്ദേഹം പറഞ്ഞു.
മത്സരിക്കാന്‍ താത്പര്യമില്ലെന്ന് നേരത്തെ ഞാൻ അറിയിച്ചിരുന്നു. സ്വയം പിന്മാറിയതാണ്. ജില്ലാ കമ്മറ്റി നല്കിയ പട്ടികയില്‍ പേരുണ്ടായിരുന്നു. പാര്‍ട്ടി നല്‍കേണ്ടതെല്ലാം നല്കി. പാര്‍ലമെന്ററി വ്യാമോഹമില്ല.
ബാല്യകാലത്ത് ഇന്‍ക്വിലാബ് വിളിച്ച് തുടങ്ങിയതാണ് ഞാൻ. വിശക്കുന്നവന് ഭക്ഷണം വാങ്ങിക്കൊടുക്കുന്നതാണ് പൊതുജീവിതം. ഇടതുപക്ഷത്തിന് ബദലായി മറ്റൊരു സംവിധാനവും കേരളത്തിലില്ലെന്നും മണി പറഞ്ഞു.
Kerala
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ യുഡിഎഫിന്റെ വനിതാ സ്ഥാനാര്‍ഥിക്കെതിരെ കടുത്ത വര്‍ഗീയത പ്രചരിപ്പിക്കുന്ന സിപിഎം മതേതര കേരളത്തിന് അപമാനമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി. പേരാമ്പ്ര മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫാത്തിമ തഹ്ലിയയ്ക്കെതിരെ വര്‍ഗീയ പരാമര്‍ശം സിപിഎം ക്യാമ്പ് നടത്തുന്നത്.
പരാജയ ഭീതികാരണം തീവ്ര വര്‍ഗീയ സംഘടനകളെപ്പോലും നാണിപ്പിക്കും വിധമാണ് സിപിഎം പ്രചരണം നടത്തുന്നതെന്നും വേണുഗോപാൽ കുറ്റപ്പെടുത്തി.ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് കാഫിര്‍ സ്ക്രീന്‍ ഷോര്‍ട്ട് പ്രചരിപ്പിച്ച് മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചതിന്റെ മറ്റൊരു പതിപ്പാണിത്. പച്ചയ്ക്ക് വര്‍ഗീയത പറഞ്ഞും ജനങ്ങളില്‍ വിദ്വേഷവും വളര്‍ത്തിയും തെരഞ്ഞെടുപ്പില്‍ ജയിക്കാമെന്ന അപകടകരമായ സമീപനമാണ് സിപിഎമ്മിന്റേത്.
തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടങ്ങള്‍ക്ക് വിരുദ്ധമാണ് സിപിഎം നടപടിയെന്നും വേണുഗോപാൽ പറഞ്ഞു.സിപിഎമ്മും എല്‍ഡിഎഫും നേരിടുന്ന ആശയ ദാരിദ്ര്യത്തിന്റെയും രാഷ്ട്രീയ പാപ്പരത്തിന്റെയും തെളിവാണിത്. മത വര്‍ഗീയത ആളിക്കത്തിക്കാന്‍ ശ്രമിക്കുന്ന സിപിഎമ്മിന്റെ നടപടി ചുടുചോറ് വാരുന്നതിന് തുല്യമാണ്.
സിപിഎമ്മിന്റെ ജനാധിപത്യ വിരുദ്ധമുഖവും കപട മതേതരത്വവും തുറന്നുകാട്ടുന്നതാണിത്. ബിജെപിയുമായും മറ്റു തീവ്രസ്വഭാവമുള്ള സംഘടനകളുമായുള്ള ചങ്ങാത്തമാണ് ഇത്തരമൊരു ഹീന പ്രചരണത്തിന് സിപിഎമ്മിനെ പ്രേരിപ്പിച്ചത്. ഇത് ക്രിമിനല്‍ കുറ്റമാണ്. തെരഞ്ഞെടുപ്പ് കമ്മീഷന് ഉചിതമായ നടപടി സ്വീകരിക്കണമെന്നും വേണുഗോപാല്‍ ആവശ്യപ്പെട്ടു.
Kerala
മലപ്പുറം: തവനൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെ വിജയിപ്പിച്ചാല്‍ സൗജന്യ വിദേശയാത്ര വാഗ്ദാനം ചെയ്ത മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.പി. ബാവ ഹാജിക്കെതിരെ കേസെടുത്തു. തിരൂര്‍ എസ്എച്ച്ഒയ്ക്കാണ് അന്വേഷണ ചുമതല.
മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനം ഉണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് പോലീസ് കേസെടുത്തത്. പ്രസംഗത്തില്‍ നേരത്തെ ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് തേടിയിരുന്നു.
തവനൂരിലെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനിലായിരുന്നു. പതിനഞ്ച് ദിവസത്തെ ഗള്‍ഫ് യാത്രയാണ് ബാവ ഹാജി ഓഫര്‍ ചെയ്തിരിക്കുന്നത്. വിഎസ് ജോയ്ക്ക് ഏറ്റവും കൂടുതല്‍ ലീഡ് നല്കുന്ന കമ്മിറ്റിക്കാണ് ഗള്‍ഫ് യാത്രയ്ക്കുള്ള ഭാഗ്യം ഉണ്ടാകുക.
15 ദിവസത്തെ താമസം, പോക്കിനും വരവിനുമുള്ള ടിക്കറ്റ് അടക്കമുള്ള സമ്പൂര്‍ണ പാക്കേജായിരുന്നു ബാവ ഹാജിയുടെ ഓഫര്‍.
Kerala
പാലക്കാട്: ഒറ്റപ്പാലത്ത് യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്ന മുൻ സിപിഎം നേതാവ് പി.കെ. ശശിക്കെതിരെ അതിരൂക്ഷമായ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പി.കെ. ശശി വഞ്ചകനാണെന്നും വഞ്ചകൻമാർക്ക് ചരിത്രം ഒരു കാലത്തും ജയം കൊടുത്തിട്ടില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
ഒറ്റപ്പാലത്തെ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് വേദിയിലായിരുന്നു പിണറായി വിജയന്റെ പരാമര്‍ശം. കേന്ദ്ര സർക്കാരിനെതിരെയും മുഖ്യമന്ത്രി വിമർശനം ഉന്നയിച്ചു. കേരളം രക്ഷപ്പെടാൻ പാടില്ലെന്നും കേരളം തകരണം എന്നുമുള്ള സമീപനമാണ് കേന്ദ്രത്തിനുള്ളതെന്ന് മുഖ്യമന്ത്രി വിമർശിച്ചു.
കേരളം മതനിരപേക്ഷതയുടെ വിളനിലമാണ്. കേരളത്തിന് ആര്‍എസ്എസിനെയും ബിജെപിയെയും സ്വീകരിക്കാനാവില്ല. കേരളം രക്ഷപ്പെടാതിരിക്കണം എന്ന ബിജെപിയുടെ നയത്തെ യുഡിഎഫ് ചോദ്യം ചെയ്യുന്നില്ലെന്നും പാർലമെന്റിൽ നിര നിരയായി ഇരിക്കുന്ന യുഡിഎഫ് എംപിമാർ ആരും അതിന് ശ്രമിക്കുന്നില്ലെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി.
Kerala
പാലക്കാട്: ലൈംഗിക പീഡന പരാതിയിൽ പാലക്കാട് നഗരസഭ കൗൺസിലർ പ്രശോഭ് സി. വത്സനെതിരെ കേസെടുത്ത് പോലീസ്. പീഡനം, എസ്സി- എസ്ടി പീഡന നിരോധന നിയമം എന്നീ വകുപ്പുകൾ ചുമത്തിയാണ് പ്രശോഭിനെതിരെ കേസെടുത്തത്.
നിലവിൽ ഒളിവിലാണ് പ്രശോഭ്. പീഡനം തെളിയിക്കുന്ന ദൃശ്യങ്ങൾ യുവതി പോലീസിന് കൈമാറിയിട്ടുണ്ട്. അതേസമയം പ്രശോഭിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി ഡിസിസി പ്രസിഡന്റ് എ. തങ്കപ്പൻ അറിയിച്ചു.
ജോലി വാഗ്ദാനം ചെയ്ത് പാലക്കാട്ടെ കോൺഗ്രസ് കൗൺസിലറായ പ്രശോഭ് പല വട്ടം ലൈംഗികമായി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. ഷാഫി പറമ്പിലുമായും രാഹുൽ മാങ്കൂട്ടത്തിലുമായുള്ള അടുത്ത ബന്ധം പറഞ്ഞായിരുന്നു ഭീഷണിയെന്നും പരാതിയിലുണ്ട്.
മുഖ്യമന്ത്രിയ്ക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് യുവതിയുടെ വിശദമായ മൊഴി രേഖപ്പെടുത്തി. മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രശോഭിനെതിരെ കേസെടുത്തിരിക്കുന്നത്.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിൽ എൽഡിഎഫ് വിജയിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. മികച്ച ഭൂരിപക്ഷത്തിൽ തന്നെ എച്ച്. സലാം മണ്ഡലം നിലനിർത്തുമെന്നും ഗോവിന്ദൻ അവകാശപ്പെട്ടു.
ജി. സുധാകരന് യുഡിഎഫിന്റെ എല്ലാ ജീർണതകളും ഉണ്ട്. അദ്ദേഹം എന്തൊക്കെയോ പറയുന്നു. അതിനൊന്നും മറുപടി ഇല്ല. സുധാകരൻ ഇപ്പോൾ ഇടത് പക്ഷം അല്ല. അദ്ദേഹം സഹോദരന്റെ രക്തസാക്ഷിത്വം വരെ തള്ളി പറഞ്ഞുവെന്നും ഗോവിന്ദൻ കുറ്റപ്പെടുത്തി.
യുഡിഎഫ് പിന്തുണയ്ക്കുന്ന ജമാഅത്തെ ഇസ്ലാമിയുമായിട്ടാണ് സുധാകരന് ഇപ്പോൾ ചങ്ങാത്തം. സുധാകരന്റെ കഴിഞ്ഞകാല രാഷ്ട്രീയത്തിന് വർത്തമാനകാലവുമായി യാതൊരു ബന്ധവുമില്ല. എല്ലാ വിഭാഗം വർഗീയവാദികളുമായും കൂട്ടുകൂടുന്നുവെന്നും ഗോവിന്ദൻ പറഞ്ഞു.
Kerala
പാലക്കാട്: കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭ് സി. വത്സനെതിരായ ലൈംഗിക പീഡന പരാതി ഞെട്ടലുണ്ടാക്കിയെന്ന് പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എൻ.എം.ആർ. റസാഖ്. ജനപ്രതിനിധികളുടെ ഭാഗത്ത് നിന്ന് ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത പ്രവൃത്തിയാണതെന്നും റസാഖ് കുറ്റപ്പെടുത്തി.
ജനപ്രതിനിധികള്‍ പലരും പ്രശോഭിന് സഹായമൊരുക്കുന്നുണ്ട്. പാലക്കാടിനെ സംബന്ധിച്ച് ഈ സംഭവം വലിയ നാണക്കേടുണ്ടാക്കുന്നതാണ്. വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് മുഖം നോക്കാതെ നടപടി സ്വീകരിക്കും. പ്രശോഭിനെതിരെ പോലീസ് കടുത്ത നടപടി സ്വീകരിക്കണമെന്നും റസാഖ് ആവശ്യപ്പെട്ടു.
പാലക്കാട് നഗരസഭയിലെ ഇരുപത്തിനാലാം വാര്‍ഡ് കൗണ്‍സിലറാണ് പ്രശോഭ് സി. വത്സന്. ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം നിരവധി തവണ പീഡിപ്പിച്ചെന്ന് കാണിച്ച് ദളിത് യുവതിയാണ് പരാതിയുമായി രംഗത്തെത്തിയത്. പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായെന്നും ഇതറിഞ്ഞതോടെ ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് കഴിക്കാന്‍ നിര്‍ബന്ധിച്ചെന്നും യുവതി പറഞ്ഞിരുന്നു.
ജോലിയുടെ അഭിമുഖത്തിനായി പട്ടാമ്പിയിലെ വ്യാപാര സ്ഥാപനത്തിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞ് കാറില്‍ കയറ്റിയ ശേഷം പീഡിപ്പിക്കുകയായിരുന്നുവെന്നും യുവതി ആരോപിച്ചിരുന്നു. പാലക്കാട് ജില്ലാ ആശുപത്രിക്ക് സമീപത്തുവച്ചായിരുന്നു രണ്ടാമത്തെ പീഡനം.
ഭീഷണിപ്പെടുത്തി ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചുവരുത്തി. ആക്രമണം ഭയന്ന് മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി. ഷാഫി പറമ്പില്‍ എംപി തന്റെ ആശാനാണെന്നും എംഎല്‍എമാര്‍, എംപിമാര്‍ തുടങ്ങിയവരുമായി അടുത്ത ബന്ധമുണ്ടെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും യുവതി പറഞ്ഞിരുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയനും പാലക്കാട് ജില്ലാ പോലീസ് മേധാവിക്കും യുവതി പരാതി നല്‍കിയിരുന്നു.
Kerala
തിരുവനന്തപുരം: എൽഡിഎഫിന് തുടർച്ചയായ മൂന്നാം തവണയും ഭരണം ലഭിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സംസ്ഥാനത്ത് എൽഡിഎഫിന് അനുകൂലമായ സാഹചര്യമാണുള്ളതെന്നും ബിനോയ് വിശ്വം അവകാശപ്പെട്ടു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് വനവാസത്തിനു പോകാനായി കൂടുംകുടുക്കയും തയാറാക്കി ഭാണ്ഡവും കെട്ടിവയ്ക്കുന്നത് നന്നാകും. യുഡിഎഫിന് നൂറു സീറ്റിലധികം ലഭിച്ചില്ലെങ്കില്‍ രാഷ്ട്രീയം അവസാനിപ്പിച്ച് വനവാസത്തിനു പോകുമെന്ന വാക്ക് പാലിക്കുമെങ്കില്‍ സതീശന് അതിന് തയാറാകുന്നത് നന്നാവുമെന്നും ബിനോയ് വിശ്വം പറഞ്ഞു.
നൂറു പോയിട്ട് അതിന്റെ പരിസരത്തുപോലും യുഡിഎഫ് വരില്ല. കേരളത്തില്‍ എല്‍ഡിഎഫ് അനുകൂല കാറ്റാണ് വീശുന്നത്. എല്‍ഡിഎഫിന് മൂന്നാമൂഴം ഉറപ്പാണ്. ചരിത്രമറിയുന്ന ഒരാളും എല്‍ഡിഎഫ് - ബിജെപി ഡീല്‍ എന്ന പച്ചക്കള്ളം വിശ്വസിക്കില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.
Kerala
തിരുവനന്തപുരം: മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ ശബരിമല സ്വർണക്കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി നൽകിയ പരാതി പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി. സിറ്റി പോലീസ് കമ്മീഷ്ണർ ആണ് പരാതി കൈമാറിയത്.
കടകംപ്പള്ളിയും കഴക്കൂട്ടത്തെ ഒരു ഭൂ ഉടമയായ സ്ത്രീയും ചേർന്ന് കേസിൽ കുരുക്കി അകത്തിടാൻ ശ്രമിച്ചുവെന്നാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ പരാതി. സമാന സ്വഭാവമുള്ള കാര്യങ്ങള്‍ എസ്ഐടി അന്വേഷിച്ചിട്ടുണ്ടോ, തെളിവ് ശേഖരിച്ചിട്ടുണ്ടോയെന്നതടക്കമുള്ള കാര്യങ്ങള്‍ രേഖാമൂലം നൽകുന്നതിന് വേണ്ടിയാണ് സിറ്റി പോലീസ് കമ്മീഷണർ പരാതി എസ്ഐടിക്ക് കൈമാറിയത്.
ഡിജിപിക്ക് പോറ്റി നൽകിയ പരാതിയാണ് പ്രാഥമിക അന്വേഷണതതിനായി കമ്മീഷ്ണർക്ക് കൈമാറിയത്.
Kerala
കോഴിക്കോട്: ബേപ്പുരിലെ യുഡിഎഫ് സ്ഥാനാർഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. ക്രിമിനല്‍ കേസും സ്വത്ത് വിവരങ്ങളും നാമനിർദേശപത്രികയിൽ മറച്ചുവച്ചെന്നാണ് പരാതി.
കൊല്ലം സ്വദേശിയും വ്യവസായിയുമായി മുരുഗേഷ് നരേന്ദ്രനാണ് പരാതി നല്‍കിയത്. ഫോണ്‍ ചോർത്തലിൽ അൻവറിനെതിരെ മലപ്പുറം പോലീസ് കേസെടുത്തത് മുരുഗേഷിന്റെ പരാതിയിലായിരുന്നു.
മലപ്പുറം കൂമംകുളത്ത് അന്‍വറിന്റെ പേരിലുള്ള അഞ്ച് കെട്ടിടങ്ങളുടെ വിവരവും അന്‍വറിന്റെ ആദ്യ ഭാര്യ ഷീജയുടെ പേരിലുള്ള എട്ട് കെട്ടിടങ്ങളുടെ വിവരങ്ങളും മറച്ചുവച്ചതായും പരാതിയിൽ ആരോപണമുണ്ട്.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ, സംസ്ഥാന ഇലക്ടറല്‍ ഓഫീസർ, ബേപ്പുര്‍ നിയോജകമണ്ഡലം റിട്ടേണിംഗ് ഓഫീസര്‍ എന്നിവര്‍ക്കാണ് പരാതി നല്‍കിയത്. മുഹമ്മദ് റിയാസ് ആണ് ബേപ്പുരിലെ എൽഡിഎഫ് സ്ഥാനാർഥി.
Kerala
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നുണയാശാൻ ആണെന്ന് മുതിര്‍ന്ന സിപിഎം നേതാവ് എ.കെ.ബാലൻ. വർഗീയ അജണ്ട വച്ചാണ് സതീശന്റെ പരാമർശം എന്നും ബാലൻ കുറ്റപ്പെടുത്തി.
"ഇത്തരം വർഗയച്ചുവയോടെയുള്ള സതീശന്റെ പരാമർശം ജനങ്ങൾ തളളും. കോൺഗ്രസ് ഇപ്പോൾ തോൽവി ഭയന്ന് മുൻകൂർ ജാമ്യം എടുക്കുകയാണ്. ന്യൂനപക്ഷങ്ങൾ എൽഡിഎഫിനെ പിന്തുണയ്ക്കുന്നതിൽ കോൺഗ്രസിന് ആശങ്കയുണ്ട്.'ബാലൻ പറഞ്ഞു.
എൻ.എം.ആർ. റസാഖ് കർമം കൊണ്ടും വിശ്വാസം കൊണ്ടും ജനമനസിൽ ഇടം നേടിയ ആളാണ്. കഴിഞ്ഞ ഒന്നരകൊല്ലം പാലക്കാട് കണ്ടത് അശ്ലീല സിനിമയാണെന്നും ബാലൻ പരിഹസിച്ചു.
മലമ്പുഴയിലും കോങ്ങാടും കോൺഗ്രസ് ബിജെപി ഡീലാണ് നടക്കുന്നത്. പാലക്കാട് ജില്ലയിലെ മുഴുവൻ സീറ്റുകളിലും എൽഡിഎഫ് ജയിക്കും. പി.കെ. ശശിയുമായി ബന്ധപ്പെട്ട റിപ്പോർട്ടിൽ തീവ്രത പരാമർശം ഉണ്ടായിട്ടില്ല. അതെല്ലാം മാധ്യമ സൃഷ്ടിയാണ്. ശശിയും രാഹുൽ മാങ്കൂട്ടത്തിലും മൂത്താപ്പയും ഇളയപ്പയും ആണെന്നും എ.കെ. ബാലൻ കൂട്ടിച്ചേർത്തു.
Kerala
തൃശൂർ: മണലൂരിലെ യുഡിഎഫ് സ്ഥാനാർഥിയായ ടി.എൻ. പ്രതാപനെതിരെ പോസ്റ്ററുകൾ ഒട്ടിച്ച സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. തൃശൂർ നഗരത്തിൽ പോസ്റ്ററുകൾ ഒട്ടിച്ചവരാണ് പിടിയിലായത്. പ്രതാപന്റെയും ഡിസിസി അധ്യക്ഷൻ ജോസഫ് ടാജറ്റിന്റെയും പരാതിയിന്മേൽ നടത്തിയ അന്വേഷണത്തിലാണ് പോലീസ് പോസ്റ്റർ ഒട്ടിച്ചവരെ പിടികൂടിയത്.
മാർച്ച് 10 നാണ് പ്രതാപനെതിരെ തൃശൂർ നഗരത്തിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. പ്രസ് ക്ലബിന് മുൻപിലും മുരളീമന്ദിരത്തിന് മുൻപിലുമാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ഈ പോസ്റ്ററുകൾ ഒട്ടിച്ചവരാണ് ഇപ്പോൾ പിടിയിലായിരിക്കുന്നത്. ഒറ്റപ്പാലത്തെ ഒരു പരസ്യ കമ്പനി ജീവനക്കാരായ വി.ബി. ജിബിൻ, യദു കൃഷ്ണ, ശാന്തിമൂർത്തി എന്നിവരാണ് പിടിയിലായത്.
തമിഴ്നാട് സ്വദേശിയാണ് ശാന്തിമൂർത്തി. വി.ബി. ജിബിൻ, യദുകൃഷ്ണ എന്നിവർ തൃശൂർ സ്വദേശികളാണ്. ആർക്ക് വേണ്ടിയാണ് പരസ്യ കമ്പനിക്കാർ പോസ്റ്റർ ഒട്ടിച്ചത് എന്ന് ഇനിയും കണ്ടെത്താനായിട്ടില്ല. പ്രതാപനെതിരെ രാഷ്ട്രീയ പരാമർശങ്ങൾ അടങ്ങുന്നതായിരുന്നു പോസ്റ്ററുകൾ.
ലീഡറുടെ കുടുംബത്തെ ചതിച്ച യൂദാസ് പ്രതാപന് മാപ്പില്ല, പത്മജയെ തോൽപ്പിച്ചു അവസാനം പാർട്ടിയിൽ നിന്ന് പുറത്തെത്തിച്ചു, മുരളിയെ കൂടെ നിന്ന് കുഴികുത്തി മൂടി, ലീഡറുടെ തൃശൂരിലെ കോൺഗ്രസിന്റെ കാലനാണ് പ്രതാപൻ, ലീഡറുടെ കുടുംബത്തോട് ടി.എൻ. പ്രതാപന് എന്തിനാണ് പക എന്നിങ്ങനെയാണ് പോസ്റ്ററുകളിൽ ഉണ്ടായിരുന്നത്.
Kerala
പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ സിപിഎം-ബിജെപി ഡീൽ ഉണ്ടെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ആരോപണം തള്ളി മന്ത്രി എം. ബി. രാജേഷ്. എൽഡിഎഫ് സ്ഥാനാർഥികളെ തീരുമാനിക്കേണ്ടത് പ്രതിപക്ഷ നേതാവല്ലെന്നും രാജേഷ് പറഞ്ഞു. മണ്ഡലത്തിൽ എൽഡിഎഫ് വിജയിക്കുമെന്ന പരിഭ്രാന്തിയാണ് ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങൾക്ക് പിന്നിലെന്നും രാജേഷ് കുറ്റപ്പെടുത്തി.
പാലക്കാട്ടുകാരനായ മികച്ച സ്ഥാനാർഥിയെയാണ് എൽഡിഎഫ് ഇത്തവണ രംഗത്തിറക്കിയിരിക്കുന്നത്. പൂർണ ആത്മവിശ്വാസത്തോടെയാണ് മുന്നണി തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ തവണ നേരിയ വ്യത്യാസത്തിൽ കൈവിട്ടുപോയ പാലക്കാട്, മണ്ണാർക്കാട് സീറ്റുകൾ ഇത്തവണ തിരിച്ചുപിടിക്കുകയാണ് എൽഡിഎഫിന്റെ പ്രധാന ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി. പാലക്കാട്ടെ രാഷ്ട്രീയ സാഹചര്യം അനുകൂലമാണെന്നും വികസന മുരടിപ്പിനെതിരെ ജനങ്ങൾ വിധിയെഴുതുമെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയമായ മത്സരത്തിനിടയിൽ വർഗീയ ധ്രുവീകരണമുണ്ടാക്കാൻ ശ്രമിക്കുന്നവർക്ക് പാലക്കാട്ടെ വോട്ടർമാർ കൃത്യമായ മറുപടി നൽകുമെന്നും എം. ബി. രാജേഷ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. തൃത്താലയിൽ എൽഡിഎഫ് അല്ലാതെ മറ്റൊരു ശക്തിയുമില്ലെന്ന് പറഞ്ഞ അദ്ദേഹം, മണ്ഡലത്തിന്റെ വികസന കാര്യത്തിൽ മുൻ എംഎൽഎ വി. ടി. ബൽറാമിനെ പരസ്യമായി വെല്ലുവിളിക്കുകയും ചെയ്തു.
Kerala
പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് കോൺഗ്രസ് പരാജയ ഭീതിയിലാണെന്ന് എൻഡിഎ സ്ഥാനാർഥി ശോഭ സുരേന്ദ്രൻ. പരാജയം ഏറ്റുവാങ്ങേണ്ടി വരുമെന്നറിയാവുന്നതിനാൽ കോൺഗ്രസ് മുൻകൂർ ജാമ്യം എടുക്കുകയാണ്.
പാലക്കാട് ബിജെപിയെ പ്രതിപക്ഷ നേതാവ് ഇപ്പോഴേ ജയിപ്പിച്ചുവെന്നും ശോഭ പറഞ്ഞു. കോൺഗ്രസ് വോട്ടുകൾ ചോരുമെന്ന ഭയമാണ് സതീശനുള്ളത്. മറ്റു സ്ഥാനാർഥികൾ ജനകീയ വിഷയങ്ങളിൽ ഇടപെടാത്തവരാണ്. സ്ത്രീസുരക്ഷ അടക്കമുള്ള വിഷയങ്ങൾ ഒരു നിലപാടും പറയാത്തവരാണ് എതിരാളികളെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു
അതേസമയം, സിപിഎമ്മും കോൺഗ്രസും തമ്മിലാണ് ഡീലെന്നു കഴക്കൂട്ടത്തെ എൻഡിഎ സ്ഥാനാർഥി വി. മുരളീധരൻ പറഞ്ഞു. ജയിക്കുന്ന സീറ്റുകൾ സിപിഎമ്മും കോൺഗ്രസും ഘടകകക്ഷികൾക്കു നൽകുന്നില്ലേ. സിപിഎം അധികാരത്തിൽ വരണം എന്ന് ആഗ്രഹിക്കുന്ന ചേരി ബിജെപിയിൽ ഇല്ല. ബിജെപി അധികാരത്തിൽ വരണം എന്ന് ആഗ്രഹിക്കുന്ന ഒരു ചേരി മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Kerala
ആലപ്പുഴ: മുന്‍ സിപിഎം നേതാവും അമ്പലപ്പുഴയിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയുമായ ജി. സുധാകരനെതിരെ രൂക്ഷവിമർശനവുമായി മന്ത്രി സജി ചെറിയാൻ. ജി സുധാകരൻ കാണിച്ചത് രാഷ്ട്രീയ വഞ്ചനയാണെന്നും പാർട്ടിയുടെ ചങ്കിൽ കുത്തിയാണ് സുധാകരൻ പോയതെന്നും സജി ചെറിയാൻ കുറ്റപ്പെടുത്തി.
കെ. സുധാകരന്റെ രാഷ്ട്രീയ ധർമികത ജി.സുധാകരനില്ല. കെ. സുധാകരനു സീറ്റ് കിട്ടിയില്ല, പക്ഷേ, അദ്ദേഹം പാർട്ടിയെ ചതിച്ചില്ല. അതാണ് രാഷ്ട്രീയ ധാർമികത. ചങ്കിൽ കുത്തിയവരെ കൂട്ടുപിടിച്ചു ജയിക്കാമെന്ന് കോൺഗ്രസ് കരുതേണ്ടെന്നും ചേർത്തലയിലെ തെരഞ്ഞെടുപ്പ് യോഗത്തില്‍ സജി ചെറിയാന് പറഞ്ഞു.
കോൺഗ്രസ് പിരിച്ചുവിടേണ്ട സമയമായെന്നും, പാർട്ടിയിൽ കഷ്ടപ്പെട്ട് പ്രവർത്തിക്കുന്ന സാധാരണ പ്രവർത്തകർക്കു വിലയില്ലെന്നും അദ്ദേഹം വിമർശിച്ചു. വെള്ളം കോരുന്നവനും വിറക് വെട്ടുന്നവനും വിലയില്ലാത്ത അവസ്ഥയാണെന്നാണ് സജി ചെറിയാന്റെ പരിഹാസം.
ആലപ്പുഴയിലെ രാഷ്ട്രീയ സംഭവങ്ങളെയും സജി ചെറിയാന് പരിഹസിച്ചു. ഷുക്കൂർ കയറുമായി നിൽക്കുകയാണ്, ഏതു മരത്തിൽ കെട്ടണമെന്ന ആലോചയിലാണ്. അവസരവാദികളല്ലാതെ കോൺഗ്രസിന് ആളുകളെ കണ്ടെത്താനായോയെന്നും സജി ചെറിയാൻ ചോദിച്ചു.
ആലപ്പുഴയിലും വിസ്മയം ഉണ്ടായല്ലോ. നാളെ സജി ചെറിയാൻ പോയാൽ കൂടെ ഭാര്യ പോലും പോകില്ല. അങ്ങേരുടെ കൂടെ ഭാര്യ പോയ പോലെ കൂടെ വരുമെന്നു കരുതേണ്ടെന്നാണ് എന്റെ ഭാര്യ പറഞ്ഞത്. അവര്‍ക്കു പാർട്ടി മെമ്പർഷിപ് ഉണ്ട്. അവൾ പാർട്ടിയോടൊപ്പമാണ് - സജി ചെറിയാൻ കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: ബിജെപി കേരളത്തിൽ ഇത്തവണയും അക്കൗണ്ട് തുറക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. നേമത്ത് പോലും അവർ ജയിക്കില്ലെന്നും സതീശൻ പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു സതീശന്റെ പ്രതികരണം.
പാലക്കാട് ബിജെപിയെ ജയിപ്പിക്കാൻ സിപിഎം ഡീലുണ്ടെന്നും സതീശൻ ആരോപിച്ചു. ദുർബലനായ ആളെ സ്ഥാനാർഥിയാക്കിയത് ഡീലിന്റെ ഭാഗമാണ്. പകരം 10 സീറ്റിൽ ബിജെപി, സിപിഎമ്മിനെ സഹായിക്കുമെന്നും സതീശൻ പറഞ്ഞു.
യുഡിഎഫ് അധികാരത്തിൽ വന്നാൽ വെറും മൂന്ന് മാസത്തിനകം പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ നടപ്പിലാക്കുമെന്നും സതീശൻ ഉറപ്പ് നൽകി. കേരളത്തെ ഇന്ത്യയിലെ ഒന്നാമത്തെ സംസ്ഥാനമാക്കി മാറ്റാനുള്ള വ്യക്തമായ പദ്ധതികൾ യുഡിഎഫിന്റെ പക്കലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീകൾക്ക് ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുമെന്നതാണ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്ന്. കെഎസ്ആർടിസിക്ക് സർക്കാർ സബ്സിഡി നൽകി അതിനെ ശക്തിപ്പെടുത്തും. കിഫ്ബിയുടെ എല്ലാ കണക്കുകളും ജനങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തുമെന്നും സതീശൻ വ്യക്തമാക്കി.
സ്ഥാനാർഥി നിർണയത്തിൽ യാതൊരു തർക്കവുമില്ലാതെ 48 മണിക്കൂറിനുള്ളിൽ 92 പേരെ പ്രഖ്യാപിക്കാൻ സാധിച്ചത് യുഡിഎഫിന്റെ ഐക്യത്തിന് തെളിവാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. എൽഡിഎഫിലെ മുതിർന്ന നേതാക്കളുടെ പിന്തുണ പോലും നിലവിൽ യുഡിഎഫിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Kerala
തൃശൂർ: വിദ്വേഷ പരാമർശത്തിൽ ഗുരുവായൂരിലെ എൻഡിഎ സ്ഥാനാർഥി ബി.ഗോപാലകൃഷ്ണനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി സിപിഎം. ഗോപാലകൃഷ്ണന്റെ പ്രസംഗം മതനിരപേക്ഷ പാരമ്പര്യവും സാഹോദര്യവും തകർക്കാനുള്ള ശ്രമത്തിന്റെ ഭാഗമെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.
സങ്കുചിതമായ വിഭാഗീയ നിലപാടുകൾ സ്വീകരിച്ച സ്ഥാനാർഥിക്ക് സ്വന്തം വാർഡിൽ പോലും സ്വീകാര്യതയില്ലെന്നും തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കങ്ങളുടെ ഭാഗമാണ് വിദ്വേഷ പ്രസംഗമമെന്നുമാണ് സിപിഎം വിമർശനം.
കെഎസ്യു തൃശൂർ ജില്ലാ പ്രസിഡന്റ് ഗോകുൽ ഗോപാലകൃഷ്ണനെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നും അയോഗ്യനാക്കണം എന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനും തൃശൂർ സിറ്റി പോലീസ് കമ്മീഷ്ണർക്കും നേരത്തെ പരാതി നൽകിയിരുന്നു.ഗുരുവായൂരിലെ പ്രചാരണത്തിനിടെയാണ് ബി. ഗോപാലകൃഷ്ണൻ വർഗീയ പരാമർശം നടത്തിയത്.
നാൽപ്പത്തിയെട്ട് ശതമാനം ഹൈന്ദവരുള്ള ഗുരുവായൂരിൽ അര നൂറ്റാണ്ടായി ഹിന്ദു എംഎൽഎ ഇല്ലെന്ന് പറയുകയും ഗുരുവായൂരപ്പനിൽ വിശ്വാസമുണ്ടെന്ന് പറയാൻ എംഎൽഎ എൻ.കെ. അക്ബറിന് ധൈര്യമുണ്ടോ എന്ന് ഗോപാലകൃഷ്ണൻ വെല്ലുവിളി ഉയർത്തുകയും ഗുരുവായൂരപ്പനിൽ വിശ്വാസമില്ലാത്തവർക്ക് വോട്ടില്ലെന്ന് പറയാൻ വിശ്വാസികൾ തയാറാകണമെന്നും ആഹ്വാനം ചെയ്യുകയുമായിരുന്നു.
Kerala
പത്തനംതിട്ട: കോൺഗ്രസ് ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരായ പരാതിയിൽ പോലീസ് റിപ്പോർട്ട് തേടി. അടൂർ പോലീസ് റേഷനിംഗ് ഇൻസ്പെക്ടറോടാണ് വിവരം തേടിയത്. ഇതിന്റെ അടിസ്ഥാനത്തിലാകും കേസെടുക്കുക. വ്യാജരേഖ നൽകി മറ്റൊരാളുടെ റേഷൻ കാർഡിൽ പേരു ചേർത്തുവെന്നാണ് പരാതി.
എന്നാൽ വ്യാജ രേഖ ചമച്ചുവെന്നത് തന്നെ ശരിയല്ലെന്നും സിപിഐ അംഗമായി ജില്ലാ പഞ്ചായത്തിലേയ്ക്ക് ജയിച്ചപ്പോൾ ഇതേ വിലാസത്തിലായിരുന്നുവെന്നും ശ്രീനാദേവി കുഞ്ഞമ്മ പ്രതികരിച്ചു. ഇപ്പോൾ നടക്കുന്നത് സിപിഐയുടെ ഗൂഢാലോചനയാണ്. കോൺഗ്രസിൽ ചേർന്ന് സിപിഐയെ തോൽപ്പിച്ചതിന്റെ വൈരാഗ്യം തീർക്കാനാണ് ശ്രമിക്കുന്നതെന്നും ശ്രീനാദേവി കുറ്റപ്പെടുത്തി.
അന്നത്തെ സിപിഐ ജില്ലാ സെക്രട്ടറി എ.പി. ജയനാണ് മത്സരിക്കാനായി ഇതേ അഡ്രസിൽ റേഷൻ കാർഡിൽ പേര് ചേർത്തതെന്നും അവർ ചൂണ്ടിക്കാട്ടി. സ്കൂൾ കാലം മുതൽ പത്തനംതിട്ട ജില്ലയിലാണ് താമസിക്കുന്നത്. പരാതി നൽകിയവർ ബന്ധുക്കളാണ്. അവരുടെ സഹോദരി തന്റെ ഒപ്പമുണ്ട്. അവർ വസ്തുവിൽ അവകാശം എഴുതി തന്നു.
രാതിയുമായി പോയ സഹോദരങ്ങൾ ഇപ്പോൾ സിപിഐയുടെ കൈയിലെ ചട്ടുകങ്ങളാണ്. റേഷൻ കാർഡ് റദ്ദാക്കിയ സപ്ലൈ ഓഫീസർക്ക് എതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ശ്രീനാദേവി വ്യക്തമാക്കി.
Kerala
അമ്പലപ്പുഴ: സിപിഎം വിട്ട മുൻ മന്ത്രി ജി. സുധാകരന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി അമ്പലപ്പുഴ എംഎൽഎ എച്ച്. സലാം. മുൻപ് നടന്ന രണ്ട് തെരഞ്ഞെടുപ്പുകളിൽ പ്രധാന ചുമതല തനിക്കായിരുന്നുവെന്നും അന്ന് ജി.സുധാകരന് താൻ ഉത്തമനായ കമ്മ്യൂണിസ്റ്റായിരുന്നുവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
സുധാകരന്റെ കൂടെയുണ്ടായിരുന്നപ്പോൾ ഞാൻ നല്ല കമ്മ്യൂണിസ്റ്റായിരുന്നുവെന്നും, അദ്ദേഹത്തിന് ഞാൻ കമ്മ്യൂണിസ്റ്റ് അല്ലാതായത് എംഎൽഎ ആയതോടെയാണെന്നും എച്ച്. സലാം പറഞ്ഞു. സുധാകരനെതിരെ പോസ്റ്റർ ഒട്ടിക്കാനോ ബാനർ വെക്കാനോ താൻ പോയിട്ടില്ലെന്നും അത് തന്റെ സംസ്കാരത്തിന് ചേർന്നതല്ലെന്നും സലാം വ്യക്തമാക്കി.
മത്സരിക്കാൻ ഇറങ്ങുമ്പോൾ എന്തെങ്കിലും പറയണ്ടേ എന്നത് കൊണ്ടാണ് സുധാകരൻ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് സലാം പരിഹസിച്ചു. "അർദ്ധരാത്രി സൂര്യൻ ഉദിച്ചാൽ മക്കളുടെ ഗുണമറിയാം" എന്ന വി. സാമ്പശിവന്റെ കഥാപ്രസംഗത്തിലെ വരികൾ ഉദ്ധരിച്ചാണ് സലാം സുധാകരനെതിരെ ആഞ്ഞടിച്ചത്.
സുധാകരന്റെ പുതിയ രാഷ്ട്രീയ നീക്കങ്ങൾക്കും മത്സരത്തിനുമൊന്നും രാഷ്ട്രീയമായ അടിത്തറയില്ലെന്നും ഇപ്പോൾ കാണിക്കുന്നതെല്ലാം ഒരു അടിത്തറയുണ്ടാക്കാനുള്ള വ്യഗ്രത മാത്രമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Kerala
പത്തനംതിട്ട: സിപിഐ വിട്ട് കോൺഗ്രസിലെത്തിയ ശ്രീനാദേവി കുഞ്ഞമ്മ തെരഞ്ഞെടുപ്പിൽ മത്സരിച്ചത് റേഷൻ കാർഡിൽ വ്യാജമായി പേരുചേർത്താണെന്ന് പരാതി. ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് ചേർത്തത് കാർഡ് ഉടമയുടെ ഭർതൃ സഹോദരിയുടെ മകൾ എന്ന് സൂചിപ്പിച്ചാണെന്നും എന്നാൽ കാർഡ് ഉടമയ്ക്ക് ഭർതൃസഹോദരിയോ മകളോ ഇല്ലെന്നും പരാതിയിൽ പറയുന്നു.
കാർഡ് ഉടമ 2024 സെപ്റ്റംബർ 18ന് മരിച്ചുവെന്നും പരാതിയിലുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ ശ്രീനാദേവി കുഞ്ഞമ്മയുടെ പേരുവെട്ടാൻ അടൂർ താലൂക്ക് സപ്ലൈ ഓഫീസർ ഉത്തരവിട്ടു. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗമാണ് ശ്രീനാദേവി കുഞ്ഞമ്മ.
തുവയൂർ സ്വദേശികൾ നൽകിയ പരാതിയിലാണ് ജില്ലാ പഞ്ചായത്ത് അംഗത്തിനെതിരെയുള്ള നടപടി. ഈ വിലാസത്തിൽ നിലവിൽ താമസിക്കാരില്ലാത്തതിനാൽ റേഷൻ കാർഡ് റദ്ദാക്കാനും ഉത്തരവിട്ടു.
അതേസമയം, വിഷയത്തിൽ കോടതിയെ സമീപിക്കുമെന്ന് ശ്രീനാദേവി കുഞ്ഞമ്മ പ്രതികരിച്ചു. നിലവിൽ ഈ വിലാസത്തിൽ ഉള്ള വസ്തുവിൽ തനിക്കും അവകാശമുണ്ട്. മുൻപ് സിപിഐ നേതാവായി ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ചപ്പോഴും ഇതേ വിലാസത്തിലായിരുന്നു റേഷൻ കാർഡ്.
അന്ന് ആർക്കും പ്രശ്നമില്ലായിരുന്നു. സപ്ലൈ ഓഫീസർ സിപിഐ നിർദേശപ്രകാരമാണ് ഇപ്പോൾ നടപടിയെടുത്തതെന്നും ശ്രീനാദേവി കുഞ്ഞമ്മ പറഞ്ഞു.
Kerala
ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് സിപിഎം വിട്ട ജി. സുധാകരനെതിരെ പുന്നപ്രയിലെ വീടിന് മുന്നിലും പ്രതിഷേധ ബാനർ. കുലംകുത്തിയെന്നും വർഗവഞ്ചകനെന്നും അധിക്ഷേപിച്ചുകൊണ്ടുമാണ് ബാനർ.
"കുലംകുത്തികളെ കാലം വർഗവഞ്ചകൻ എന്ന് വിളിക്കും' എന്നാണ് ബാനറിലെ വാചകം. ഭഗവതിക്കൽ സഖാക്കൾ എന്ന പേരിലാണ് ബാനർ സ്ഥാപിച്ചിട്ടുള്ളത്. പ്രതിഷേധം കണക്കിലെടുത്ത് സുധാകരന്റെ വീടിന് പോലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
സിപിഎമ്മുമായി ഇടഞ്ഞ ജി. സുധാകരൻ കഴിഞ്ഞ ദിവസമാണ് അമ്പലപ്പുഴയിൽ നിന്ന് സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത്. കമ്മ്യൂണിസ്റ്റ് പാർട്ടിക്കെതിരെ ഒന്നും പറയില്ല. ആരെയും വ്യക്തിഹത്യ ചെയ്യില്ല. ആരുടെയും പിന്തുണ വേണ്ട. ഒരു പാർട്ടിയിലും മുന്നണിയിലും ചേരാൻ ഉദ്ദേശിക്കുന്നില്ല. താൻ പാർട്ടി അംഗത്വം ഒഴിഞ്ഞെന്നും പാർട്ടി വിട്ടുവെന്നും സുധാകരൻ പറഞ്ഞിരുന്നു.
അതേസമയം യുഡിഎഫ് പിന്തുണയോടെ താന്‍ മത്സരിക്കുമെന്ന് ആരോടും പറഞ്ഞിട്ടില്ലെന്നും അങ്ങനെ പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ പ്രഖ്യാപനത്തിന് പിന്നാലെ വ്യാഴാഴ്ച രാത്രിയിൽ ജി. സുധാകരനെതിരെ ജന്മനാട്ടിൽ സിപിഎം പ്രകടനം നടത്തിയിരുന്നു.
ചാരുമൂട്ടിൽ നിന്നും കരിമുളയ്ക്കൽ ഭുവനേശ്വരൻ രക്തസാക്ഷി മണ്ഡപത്തിലേക്കാണ് പ്രകടനം നടന്നത്. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ. രാഘവൻ, ചാരുംമൂട് ഏരിയാ കമ്മിറ്റി സെക്രട്ടറി ബി. ബിനു എന്നിവരുടെ നേതൃത്വത്തിലാണ് പ്രകടനം നടന്നത്. നൂറുകണക്കിന് പേർ പ്രകടനത്തിൽ പങ്കെടുത്തിരുന്നു.
Kerala
തിരുവനന്തപുരം: ദേശീയ പാത ഉദ്ഘാടന ചടങ്ങിൽ നിന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നടപടി അങ്ങേയറ്റത്തെ മര്യാദകേടെന്ന് മന്ത്രി എം.ബി. രാജേഷ്. വകുപ്പു മന്ത്രിയെ കൂടി വിളിക്കുക എന്നതാണ് നടപടിക്രമമെന്നും റിയാസിനെ ഒഴിവാക്കിയത് കേരളത്തോടുള്ള വെല്ലുവിളിയാണെന്നും രാജേഷ് പറഞ്ഞു.
മതനിരപേക്ഷ കേരളത്തെ അപമാനിച്ചു. ഇതിനുള്ള മറുപടി കേരളത്തിലെ ജനങ്ങൾ നൽകും. തന്നെ ക്ഷണിച്ച കാര്യം അറിയുന്നത് ഇന്നലെയാണ്. നിശ്ചയിച്ച പരിപാടികൾ മാറ്റിനിർത്തി പോകേണ്ടതില്ല എന്ന് തീരുമാനിച്ചു.
കഴിഞ്ഞ തവണത്തെ പരിപാടിയിൽ പോയപ്പോൾ എസ്പിജി തന്ന പാസിന് പുറമേ ആധാർ കാർഡ് ചോദിച്ചു. അന്ന് താൻ ബഹിഷ്കരിക്കാൻ തീരുമാനിച്ചതാണ്. പിന്നീട് വ്യവസ്ഥ ഉപേക്ഷിച്ചപ്പോഴാണ് പരിപാടിയിൽ പങ്കെടുത്തത്. അന്ന് അത് വിവാദമാക്കേണ്ട എന്ന് കരുതിയാണ് പ്രതികരിക്കാതിരുന്നത്.
ദേശീയപാതയിൽ മറ്റൊരു സംസ്ഥാനത്തിനും ഇല്ലാത്ത വ്യവസ്ഥ വച്ചവരാണ് കേന്ദ്രസർക്കാർ. കേരളത്തിന്റെ കാര്യം വരുമ്പോഴൊക്കെ നിങ്ങൾ പണം തരണം എന്നു പറയുന്നു. ഈ വിവേചനം എല്ലാ കാര്യങ്ങളിലും ഉണ്ട്. ഇത് ബിജെപിയുടെ രാഷ്ട്രീയ സംസ്കാരമാണ്. ബിജെപി പൊതു പണം ഉപയോഗിച്ച് എങ്ങനെ രാഷ്ട്രീയ പ്രചാരണം നടത്തുന്നു എന്നതിന്റെ തെളിവാണിതെന്നും എംബി രാജേഷ് പറഞ്ഞു.
Kerala
തിരുവനന്തപുരം: മന്ത്രി കെ.ബി. ഗണേഷ് കുമാറുമായി ബന്ധപ്പെട്ടുള്ള വിവാദത്തിൽ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനും മുൻ ഡിജിപി ആർ. ശ്രീലേഖയ്ക്കുമെതിരെ ഡിജിപിക്ക് പരാതി നൽകി യൂത്ത് കോൺഗ്രസ്. യൂത്ത് കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് ബിനു ചുള്ളിയിലാണ് പരാതി നൽകിയത്.
ഗുരുതരമായ കുറ്റം അറിഞ്ഞിട്ടും മറച്ചുവച്ചെന്നാണ് പരാതിയിലെ ആരോപണം. കഴിഞ്ഞ ദിവസം ഗണേഷ് കുമാറിന്റെ ഭാര്യ ബിന്ദു മേനോൻ പ്രശ്നം മുഖ്യമന്ത്രിയുടെ മകളോടും ശ്രീലേഖയോടും സംസാരിച്ചതായി വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇരുവർക്കുമെതിരെ യൂത്ത് കോൺഗ്രസ് പരാതി നൽകിയത്.
അതേസമയം, ഭാര്യ ബിന്ദു മേനോൻ ഉന്നയിച്ച വിവാദ ആരോപണങ്ങളില്‍ ഗതാഗത മന്ത്രി ഗണേഷ് കുമാര്‍ രാജി വയ്ക്കില്ലെന്ന് തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കണ്ട് ഗണേഷ് കുമാര്‍ കാര്യങ്ങള്‍ വിശദീകരിച്ചിരുന്നു.
Kerala
കോഴിക്കോട്: മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ ഭാര്യ ഉയർത്തിയ ആരോപണങ്ങളിൽ പ്രതികരിച്ച് സ്പീക്കർ എ.എൻ. ഷംസീർ. വിഷയത്തിന് രാഷ്ട്രീയ പ്രാധാന്യം നൽകേണ്ട ആവശ്യമില്ലെന്നും അത് കുടുംബ പ്രശ്നം മാത്രം ആണെന്നും ഷംസീർ പറഞ്ഞു.
ഉയർന്നുവന്ന ആരോപണം അടഞ്ഞ അധ്യായമാണ്. ഭാര്യയും ഭർത്താവും തമ്മിലുള്ള പ്രശ്നം അവർ തന്നെ പരിഹരിച്ചുവെന്നാണ് മാധ്യമങ്ങളിലൂടെ മനസിലാകുന്നതെന്നും ഷംസീർ കോഴിക്കോട് പറഞ്ഞു.
ഗണേഷിന്റെ ഭാര്യ വന്നുപറഞ്ഞ കാര്യമാണ് മാധ്യമങ്ങൾ കൊടുത്തത്. സ്വാഭാവികമായി അവർതന്നെ പറഞ്ഞു അത് തീർന്നുവെന്ന്. കുടുംബപ്രശ്നങ്ങളൊന്നും രാഷ്ട്രീയ പ്രശ്നമായി മാറുമെന്ന് വിശ്വസിക്കുന്നില്ല.
അത് രാഷ്ട്രീയ പ്രശ്നമാക്കേണ്ട കാര്യമില്ല. ഇനിയിപ്പോൾ സഭയൊന്നും ഇല്ല. രണ്ട് മൂന്ന് ദിവസങ്ങൾക്കുള്ളിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും. ശേഷം ജനങ്ങൾ തീരുമാനിക്കട്ടെയെന്നും ഷംസീർ പറഞ്ഞു.
Kerala
തിരുവനന്തപുരം : ഗതാഗത മന്ത്രി ഗണേഷ് കുമാറിനെതിരെ ഭാര്യ നടത്തിയ ആരോപണങ്ങളിൽ പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഗുരുതരമായ ആരോപണങ്ങളാണ് ബിന്ദു മേനോൻ ഉന്നയിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി എത്രയും പെട്ടെന്നു നടപടി സ്വീകരിക്കണമെന്നും ചെന്നിത്തല പറഞ്ഞു.
ഗാർഹിക പീഡനം ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉയർന്ന സാഹചര്യത്തിൽ, ഗണേഷ് കുമാർ പറയും പോലെ വ്യക്തിപരമായ കാര്യമോ കുടുംബകാര്യമോ മാത്രം ഇതിനെ കാണാൻ കഴിയില്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടുന്നു. കേരളത്തിലെ ഒരു മന്ത്രിയാണ് ഗണേഷ് കുമാർ. വിഷയം ഒത്തുതീർപ്പാക്കിയെന്നു പറഞ്ഞ് അവസാനിപ്പിക്കാനാകില്ലെന്നും ചെന്നിത്തല പറഞ്ഞു.
"മന്ത്രി ചെയ്തതു ഗുരുതരമായ തെറ്റാണ്. മന്ത്രിയുടെ രാജിയിൽ ഉറച്ചു നിൽക്കുന്നു. മന്ത്രി ഉടൻ രാജിവയ്ക്കണം. അതുവരെ കോൺഗ്രസ് പ്രതിഷേധം തുടരും.'-ചെന്നിത്തല വ്യക്തമാക്കി.
മുഖ്യമന്ത്രി ഇത്തരം നിലപാട് സ്വീകരിക്കുന്നതു തികച്ചും അധാർമികവും നിയമവിരുദ്ധവുമാണ്. മുഖ്യമന്ത്രി ഒളിച്ചുകളി അവസാനിപ്പിക്കണം. വിഷയത്തിൽ ഇടതുപക്ഷം മറുപടി പറയാൻ തയാറാകണമെന്നും ചെന്നിത്തല പറഞ്ഞു.
Kerala
ആലപ്പുഴ: മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വിഷയം സർക്കാരിന്റെ പ്രതിച്ഛായ തകർത്തുവെന്നും മന്ത്രിസഭയിലെ പുഴുക്കുത്താണ് ഗണേഷ് കുമാറെന്നും വെള്ളാപ്പള്ളി നടേശൻ ആരോപിച്ചു.
ഒരു മന്ത്രി ആവുമ്പോൾ എങ്കിലും ഒരു നിലയും വിലയും നോക്കണം. മന്ത്രി അല്ലെങ്കിൽ പോലും ഇതൊന്നും ഭാരതീയ സംസ്ക്കാരത്തിന് ചേർന്നതല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
" ഞാൻ വളരെ നാളുകൾക്കു മുന്നേ ഗണേശനെ കുറിച്ചു പറഞ്ഞിട്ടുണ്ട്. അതു ആവർത്തിക്കുന്നില്ല. വാക്കിലും പ്രവർത്തിയിലും ധാർഷ്ട്യവും മാടമ്പിത്തരവുമാണ്. 5000 പ്രണയിനികൾ ഉണ്ടെന്ന് തലക്ക് വെളിവുള്ളവർ പറയുമോ? പരാതി ഇല്ലാത്തതു കൊണ്ട് പ്രശ്നം ഇല്ലാതാവുന്നില്ലല്ലോ.
മന്ത്രി സ്ഥാനത്ത് നിന്ന് രാജി വയ്പ്പിക്കണോ എന്ന് മുഖ്യമന്ത്രി തീരുമാനിക്കട്ടെ. ജനങ്ങൾക്ക് തൃപ്തികരമായ ഒരു തീരുമാനം മുഖ്യമന്ത്രി എടുക്കണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.
Kerala
തിരുവനന്തപുരം: മന്ത്രി ഗണേഷ് കുമാർ വിവാദത്തിൽ പ്രതികരണവുമായി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. ഭാര്യയുമായി ഒത്തുതീർപ്പായി എന്നാണ് ഇപ്പോൾ പറയുന്നത് എന്നാൽ അത്തരത്തിൽ അവസാനിപ്പിക്കേണ്ട വിഷയമല്ല ഇതെന്നും വിഷയത്തിൽ മുഖ്യമന്ത്രി നിലപാട് പറയണമെന്നും സണ്ണി ജോസഫ് പറഞ്ഞു.
മന്ത്രിയായിരിക്കുന്ന ഒരാൾക്ക് ചേർന്ന പ്രവൃത്തിയാണോ ഇതെന്ന് സർക്കാർ തീരുമാനിക്കണം. ഗണേഷ് കുമാറിനെ മന്ത്രി സ്ഥാനത്ത് നിന്ന് ഉടൻ പുറത്താക്കാൻ മുഖ്യമന്ത്രി തയാറാകണം. ഇതാണൊ സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും ധാർമികതയെന്നും സണ്ണി ജോസഫ് ചോദിച്ചു.
അതേസമയം, കോളിളക്കങ്ങൾക്കൊടുവിൽ ഗണേഷ്കുമാർ വിവാദം ഒത്തുതീർപ്പിലേയ്ക്ക് നീങ്ങുകയാണ്. ആരോപണങ്ങൾ ഉന്നയിച്ച ഭാര്യ ബിന്ദു മേനോനെ വിളിച്ച് മന്ത്രി ക്ഷമാപണം നടത്തി.
ഭാര്യയുമായുള്ള പ്രശ്നം പുറത്തുവന്നതോടെ ഗണേഷ് കുമാർ സമ്മർദത്തിലായിരുന്നു. ഘടക കക്ഷികളുൾപ്പടെ ഗണേഷ് വിഷയം അതീവ ഗുരുതരമെന്നായിരുന്നു വിലയിരുത്തിയത്. ഇതിനിടയിലാണ് പ്രശ്നം ഒത്തുതീർപ്പിലേക്കെത്തുന്നത്.
വിവാദങ്ങൾ അവസാനിപ്പിക്കണമെന്ന് ഗണേഷ് കുമാറിന്റെ ഭാര്യ ബിന്ദു മേനോൻ പ്രതികരിച്ചു. ഗണേഷ് തിങ്കളാഴ്ച സഹോദരിയെ വിളിച്ചതായും ഇന്ന് തന്നെയും വിളിച്ചെന്നും ബിന്ദു മേനോൻ പറഞ്ഞു.
മന്ത്രി ക്ഷമാപണം നടത്തിയെന്നും തനിക്ക് പരാതിയില്ലെന്നുമാണ് ബിന്ദു മേനോൻ പറയുന്നത്. ഗണേഷിനെ ഇട്ടെറിഞ്ഞ് പോകാനില്ലെന്നും അത്രമേൽ ഇഷ്ടപ്പെടുന്നെന്നും ബിന്ദു മേനോൻ പറഞ്ഞു
Kerala
തിരുവനന്തപുരം: മന്ത്രി ഗണേഷ് കുമാർ വിവാദത്തിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. മന്ത്രിയെ എത്രയും പെട്ടെന്ന് പുറത്താക്കണമെന്നും മുരളീധരൻ പറഞ്ഞു.
ഗണേഷിന്റെ ഭാര്യ 112ൽ വിളിച്ച് പരാതി പറഞ്ഞു. പോലീസ് വീട്ടുകാര്യമാണെന്ന് പറഞ്ഞ് തിരികെ പോയി. മുഖ്യമന്ത്രിയുടെ മകളോട് പറഞ്ഞിട്ടും നടപടി ഉണ്ടായില്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
5000 ത്തോളം പ്രണയമുണ്ടായിരുന്നുവെന്ന് മന്ത്രി പറയുന്നു. അതിൽ രണ്ടുപേരെ വിവാഹം കഴിച്ചു. ആദ്യ ഭാര്യയുമായുള്ള പ്രശ്നത്തിലാണ് ഉമ്മൻചാണ്ടി അദ്ദേഹത്തെ ക്യാബിനറ്റിൽ നിന്ന് ഒഴിവാക്കുന്നത്. ഉപദ്രവിക്കും തോറും ഒഴിവാക്കി വീണ്ടും കല്യാണം കഴിക്കുന്ന ആള് പൊതുജനങ്ങൾക്ക് ഭൂഷണമാണോ എന്ന് ചിന്തിക്കണം.
ജീവിതത്തിൽ ഒരു മര്യാദയും ഇല്ലാത്ത ഇത്തരക്കാരെ സംരക്ഷിക്കണോ എന്ന് ചിന്തിക്കണം. സ്ത്രീ സുരക്ഷയെപ്പറ്റി പറയുന്ന ആളാണ് മുഖ്യമന്ത്രി. മുഖ്യമന്ത്രിയുടെ നിലപാട് എന്തെന്ന് അറിയേണ്ടിയിരിക്കുന്നു. ഇത് വ്യക്തിപരമല്ലെന്നും മന്ത്രിയുടെ ഭാര്യക്ക് പോലും രക്ഷയില്ലെന്നും മുരളീധരൻ പറഞ്ഞു.
ഗണേഷിന്റെ ഭാര്യ പരസ്യമായി പ്രതികരിച്ചു. ഭാര്യ ഭർത്താവിനെ കുറിച്ച് പറയുന്ന കാര്യങ്ങൾ ഗൗരവകരമല്ലേ. സത്യത്തിൽ ഇത് മന്ത്രി കാണിക്കുന്ന തോന്ന്യവാസമാണ്. മുഖ്യമന്ത്രി ഇത് അംഗീകരിക്കുന്നുണ്ടോ. മാപ്പ് പറഞ്ഞതുകൊണ്ട് പ്രശ്നം തീരുമോ. പൊതുസമൂഹത്തിന് ചേരാത്ത പ്രവർത്തിയല്ലേ ഉണ്ടായത്.
മുഖ്യമന്ത്രിയുടെ നിലപാട് എന്താണെന്ന് അറിയട്ടെ. കോൺഗ്രസ് എംഎൽഎക്കെതിരെ ആരോപണമുയർന്നപ്പോൾ അദ്ദേഹത്തെ പുറത്താക്കി. ഇപ്പോൾ അദ്ദേഹം കോൺഗ്രസിൽ ഇല്ല. ഗണേഷിനെ പോലുള്ള മന്ത്രിമാരെ ആവശ്യമില്ലെന്നും മുരളീധരൻ പറഞ്ഞു.
Kerala
കാസർഗോഡ്: മഞ്ചേശ്വരത്തെ കെ.ആര്. ജയാനന്ദയുടെ സ്ഥാനാർഥിത്വത്തിൽ ശക്തമായ എതിര്‍പ്പുമായി ഡിവൈഎഫ്ഐ. സിപിഎം ജില്ലാ കമ്മറ്റി ഓഫീസില്‍ നേരിട്ടെത്തി എതിര്‍പ്പ് അറിയിച്ചു.
ഷാനവാസ് പാദൂരിനെ മത്സരിപ്പിക്കണമെന്നാണ് ഡിവൈഎഫ്ഐ ആവശ്യപ്പെടുന്നത്. യുഡിഎഫിനെ സഹായിക്കുന്ന നിലപാട് ശരിയല്ലയെന്നും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്കുമെന്നും ഭീഷണി ഉണ്ട്.
ഇത്തവണ പാര്‍ട്ടി വോട്ടുകള്‍ പാര്‍ട്ടിയിലേയ്ക്ക് തന്നെ എത്തിച്ചേരേണ്ടതുണ്ടെന്നും അത് കൊണ്ട് പൊതുസമ്മതന് ആയ ഒരു സ്ഥാനാർഥിയെ പരിഗണിക്കണമെന്നാണ് തങ്ങളുടെ ആവശ്യമെന്നും ഡിവൈഎഫ്ഐ നേതാക്കള്‍ അറിയിച്ചു. ഷാനവാസ് പാദൂരിനെ സ്ഥാനാർഥിയാക്കണമെന്ന് ആവശ്യപ്പെട്ട് സമൂഹമാധ്യമത്തിലടക്കം പ്രവർത്തകരുടെ പോസ്റ്റുകൾ ഉയരുന്നുണ്ട്.
ഞായറാഴ്ച ചേർന്ന സിപിഎം കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി യോഗത്തിലാണ് ജയാനന്ദയുടെ സ്ഥാനാർഥിത്വം തീരുമാനിച്ചത്. നേരത്തെ ചര്‍ച്ചകളില്‍ മുന്നില്‍ നിന്നിരുന്ന ഷാനവാസ് പാദൂരിനെ മത്സരിപ്പിച്ചാല്‍ ബിജെപിക്ക് അനുകൂലമായ അന്തരീക്ഷം രൂപപ്പെടുമെന്ന വിലയിരുത്തല്‍ ജില്ലാ കമ്മിറ്റിയിലുണ്ടായി.
തുടര്‍ന്നാണ് ജയാനന്ദയെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചത്. സിപിഎം കാസർഗോഡ് ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ് ജയാനന്ദ.
Kerala
തൃശൂർ: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സിപിഐയ്ക്ക് തലവേദനയായി നാട്ടികയിലെ പേയ്മെന്റെ സീറ്റ് വിവാദം. മുൻ എംഎൽഎ ഗീതാ ഗോപിക്കും പാർട്ടിക്കുമെതിരെ പൊട്ടിത്തെറിച്ച് സി.സി. മുകുന്ദൻ എംഎൽഎ രംഗത്തുവന്നു.
ഗീതാ ഗോപിയ്ക്ക് പണം പിരിച്ചു നൽകാൻ കഴിവുണ്ട്. എന്നാൽ മോശം പ്രകടനം നടത്തിയ അവരെ സ്ഥാനാർഥിയാക്കുന്നത് ശരിയല്ലെന്നും മുകുന്ദൻ പറഞ്ഞു. നിലവിലെ എംഎൽഎ മുകുന്ദനെ മാറ്റി മുൻ എംഎൽഎ ആയിരുന്ന ഗീതാ ഗോപിയെ മത്സരിപ്പിക്കാൻ സിപിഐ തീരുമാനിച്ചിരുന്നു. ഇതിനെതിരെയാണ് മുകുന്ദൻ രംഗത്തെത്തിയത്.
പാർട്ടിക്ക് പണം പിരിച്ചു നൽകാൻ തനിക്കാവില്ല. ഗീതാ ഗോപിയ്ക്ക് സീറ്റ് നൽകുന്നത് സാമ്പത്തിക സ്വാധീനം മൂലമാണ്. പാർട്ടി സീറ്റ് തന്നില്ലെങ്കിലും മൽസരിക്കുമെന്നും സിസി മുകുന്ദൻ എംഎൽഎ നിലപാട് വ്യക്തമാക്കി.
പാർട്ടിയിൽ വിഭാഗീയതയുണ്ട്. സിപിഐയിലെ വിഭാഗീയത കാരണം ഒഴിവാക്കപ്പെടുകയാണ്. ചേർപ്പ് മണ്ഡലം കമ്മിറ്റി തന്റെ പേര് നിർദേശിക്കാത്തതിന് പിന്നിൽ വിഭാഗീയതയാണ്. തന്നെ ഒഴിവാക്കുന്നതിനെ കുറിച്ച് പാർട്ടി ഒന്നും പറഞ്ഞിട്ടില്ല. രണ്ട് ടേം എല്ലാ എംഎൽഎമാർക്കും നൽകിയെന്നും തന്നെ മാത്രം പാർട്ടി ഒഴിവാക്കിയെന്നും എംഎൽഎ പറഞ്ഞു.
National
ന്യൂഡല്‍ഹി: രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ പശ്ചിമബംഗാള്‍ സന്ദര്‍ശനത്തിലുണ്ടായ വിവാദത്തിത്തെത്തുടർന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരേ ആക്രമണം തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
വനിതാദിനത്തില്‍ രാഷ്ട്രപതി അപമാനിക്കപ്പെട്ടുവെന്നു പറഞ്ഞ മോദി ജനാധിപത്യമര്യാദകളെവരെ തൃണമൂല്‍ കോണ്‍ഗ്രസ് അപമാനിക്കുകയായിരുന്നുവെന്നും കുറ്റപ്പെടുത്തി.
അതിനിടെ രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിനിടെയുണ്ടായ സുരക്ഷാ വീഴ്ചകളിലും പ്രോട്ടോകോള്‍ ലംഘനങ്ങളിലും കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹന്‍ ബംഗാള്‍ ചീഫ് സെക്രട്ടറി നന്ദിനി ചക്രവര്‍ത്തിയില്‍ നിന്ന് റിപ്പോര്‍ട്ട് തേടി. നാലു കാര്യങ്ങളിലാണു വിശദീകരണം തേടിയിരിക്കുന്നത്.
അതേസമയം രാഷ്ട്രപതിയുടെ പരിപാടിയില്‍ താന്‍ പങ്കെടുക്കേണ്ട കാര്യമില്ലെന്നും പ്രോട്ടോകോള്‍ ലംഘനം നടന്നിട്ടില്ലെന്നുമാണു മമത ബാനർജിയുടെ വാദം. രാഷ്ട്രപതിയുടെ പദവിയെ ബിജെപി രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുകയാണെന്നും മമത കുറ്റപ്പെടുത്തി.
Kerala
തിരുവനന്തപുരം: മറ്റുസ്ഥലങ്ങളിലെ മാലിന്യം കാണിച്ച് ആറ്റുകാൽ പൊങ്കാലയിലെ മാലിന്യമെന്ന് സ്ഥാപിക്കാൻ ശ്രമമെന്ന് ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയൻ. പൊങ്കാല കഴിഞ്ഞ ശേഷം നഗരം കൃത്യമായി ശുചീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
കോർപറേഷൻ അധികാരം കൈവിട്ടുപോയതിലെ നിരാശയാണ് സിപിഐഎമ്മിന്. ആറ്റുകാൽപൊങ്കാല അട്ടിമറിക്കാൻ വേണ്ടി സിപിഐഎം കുടിവെള്ളത്തിന് ക്ഷാമമുണ്ടാക്കിയെന്നും കരമന ജയൻ ആരോപിച്ചു.
ശിവൻകുട്ടിയും റഹീമും പിച്ചും പേയും പറയുന്നുവെന്ന് കരമന ജയൻ പറഞ്ഞു. ബിജെപി ഭരണസമിതിയെ എതിർക്കാൻ എന്തൊക്കെയോ വിളിച്ചുപറയുന്നു. രണ്ട് മാസം കൊണ്ട് ഭരണസമിതി പരിഷ്കാരങ്ങൾ വരുത്തി. നഗരത്തെ നശിപ്പിക്കാൻ ശ്രമിച്ചവർക്ക് നഗരത്തിൽ സ്ഥാനമുണ്ടാകില്ല. ബിജെപിക്ക് ആലസ്യമെന്ന വാദം റഹീം മനസിൽ വച്ചാൽ മതിയെന്ന് കരമന ജയൻ പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം സെൻട്രലിൽ മത്സരിക്കാൻ ആഗ്രഹമുണ്ടെന്നും കരമന ജയൻ പറഞ്ഞു. പാർട്ടി പറഞ്ഞാൽ മാത്രം മത്സരിക്കും. പാർട്ടി മത്സരിക്കേണ്ടെന്ന് പറഞ്ഞാൽ മത്സരിക്കില്ലെന്ന് അദേഹം വ്യക്തമാക്കി.
വിജയ സാധ്യത പരിഗണിച്ചാണ് സ്ഥാനാർഥി നിർണയം. തീരുമാനമെടുക്കേണ്ടത് കേന്ദ്ര നേതൃത്വം. താൻ നേതൃത്വത്തെ താത്പര്യം അറിയിച്ചിട്ടില്ലെന്ന് അദേഹം പറഞ്ഞു. തിരുവനന്തപുരം നഗരത്തിലെ നാല് മണ്ഡലങ്ങളിലും ബിജെപി വിജയിക്കുമെന്ന് കരമന ജയൻ കൂട്ടിച്ചേർത്തു.
National
കോൽക്കത്ത: രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ ബംഗാള്‍ സന്ദര്‍ശനത്തില്‍ ഗുരുതര പ്രോട്ടോക്കോള്‍ ലംഘനം. സ്വീകരിക്കാന്‍ മുഖ്യമന്ത്രിയോ മന്ത്രിമാരോ എത്തിയില്ലെന്ന അമര്‍ഷം പരസ്യമാക്കി രാഷ്ട്രപതി ദ്രൗപതി മുർമു.
ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി തനിക്ക് സഹോദരിയെ പോലെയാണ്. അവർക്ക് തന്നോട് പിണക്കമുണ്ടോ എന്ന് അറിയില്ലെന്നും രാഷ്ട്രപതി പറഞ്ഞു. സിലിഗുഡിയിലെ പരിപാടിയിലാണ് മുഖ്യമന്ത്രിയോ മന്ത്രിമാരോ എത്താതിരുന്നത്. രാഷ്ട്രപതി പങ്കെടുക്കാനിരുന്ന അന്താരാഷ്ട്ര സാന്താൾ കോൺഫറൻസ് സുരക്ഷാ കാരണങ്ങൾ മുൻനിർത്തി പശ്ചിമ ബംഗാളിലെ ബിധാൻനഗറിൽ നിന്ന് ബഗ്ദോഗ്ര വിമാനത്താവളത്തിന് സമീപത്തെ ഗോഷായ്പുറിലെ വേദിയിലേക്ക് മാറ്റിയിരുന്നു.
വേദിയിൽ സംസാരിക്കുന്നതിനിടെയായിരുന്നു രാഷ്ട്രപതി അമര്‍ഷം പരസ്യമാക്കിയത്. "രാഷ്ട്രപതി ഒരു സ്ഥലം സന്ദർശിക്കുമ്പോൾ മുഖ്യമന്ത്രിയും മന്ത്രിമാരും വരണം. എന്നാൽ, അവർ (മമതാ ബാനർജി) വന്നില്ല. ഞാനും ബംഗാളിന്റെ മകളാണ്. മമത എന്റെ സഹോദരിയാണ്, എന്റെ ഇളയ സഹോദരി. അവർക്ക് എന്നോട് ദേഷ്യമായതിനാലാണോ ഇങ്ങനെ സംഭവിച്ചതെന്ന് അറിയില്ല" ഇങ്ങനെയായിരുന്നു രാഷ്ട്രപതിയുടെ പ്രതികരണം.
സംഭവത്തിൽ തൃണമൂല്‍ സർക്കാർ എല്ലാ പരിധികളും ലംഘിച്ചുവെന്നും അപമാനകരമായ സംഭവമാണിതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു. പശ്ചിമ ബംഗാളിലെ ടിഎംസി സർക്കാർ ശരിക്കും എല്ലാ പരിധിയും ലംഘിച്ചിരിക്കുന്നുവെന്നും രാഷ്ട്രപതിക്കുണ്ടായ അപമാനത്തിന് ഉത്തരവാദികൾ ബംഗാൾ സർക്കാരാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: തലസ്ഥാനത്ത് മാനവീയം വീഥിയിൽ യുവതിയും ആൺസുഹൃത്തും തമ്മിലടിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് പോലീസ്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെയാണ് മ്യൂസിയം പോലീസ് കേസെടുത്തത്.
വീഡിയോയിൽ ഉണ്ടായിരുന്ന യുവതീ യുവാക്കളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. നെടുമങ്ങാട് സ്വദേശിയായ പട്ടാളക്കാരനും ഇയാളുടെ കാമുകിയായ എറണാകുളം സ്വദേശിനിയായ യുവതിയുമാണ് ആളുകൾ നോക്കി നിൽക്കെ തമ്മിലടിച്ചത്.
ഇരുവരും മാനവീയത്തിൽ കണ്ട് സുഹൃത്തുക്കളയവരാണ്. പിന്നീട് ഇവർ പ്രണയത്തിലായി. എന്നാൽ യുവാവിന് മറ്റൊരു ബന്ധമുണ്ടെന്നറിഞ്ഞ യുവതി മദ്യപിച്ചെത്തിയ ശേഷം യുവാവുമായി വാക്കു തർക്കമായി. പിന്നാലെ ഇത് തമ്മിലടിയിൽ കലാശിക്കുകയുമായിരുന്നു.
യുവാവും മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വീഡിയോ വൈറലായതോടെ രണ്ട് പേരെയും മ്യൂസിയം പോലീസ് വിളിച്ചു വരുത്തി. എന്നാൽ സംഭവത്തിൽ രണ്ട് പേർക്കും പരാതിയില്ലെന്ന് ഇവർ പോലീസോട് പറഞ്ഞു.
എന്നാൽ പൊതുസ്ഥലത്ത് അടിയുണ്ടാക്കിയതിന് ഇവർക്കെതിരെ മ്യൂസിയം പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. ആവശ്യപ്പെടുമ്പോൾ ഹാജരാകണം എന്നാവശ്യപ്പെട്ട് രണ്ട് പേരെയും പൊലീസ് പറഞ്ഞയച്ചു.
കഴിഞ്ഞ ദിവസമാണ് രാത്രിയോടെയായിരുന്നു സംഭവം. വഴിയിലും ആൾക്കാർക്കിടയിലും കിടന്നുള്ള അടിപിടിയുടെ ദൃശ്യങ്ങൾ സമൂഹ്യമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. യുവാവ് പെൺകുട്ടിയുടെ അടികൊണ്ട് വീണതോടെ എഴുന്നേറ്റ് ഇടിക്കെടായെന്ന് സമീപത്തുള്ളവർ പറയുന്നതടക്കം ദൃശ്യങ്ങളിലുണ്ട്.
ഒപ്പം നിൽക്കുന്നവർ പ്രോത്സാഹിപ്പിക്കുന്നതും യുവതി അതിനനുസരിച്ച് മർദിക്കുന്നതും കാണാം. മാനവീയം വീഥിയില്‍ തന്നെ പോലീസ് പോസ്റ്റ് ഉണ്ടെങ്കിലും ഒരു പോലീസുകാരന് പോലും സ്ഥലത്തെത്തിയില്ല. പിന്നീട് നാട്ടുകാര്‍ തന്നെ ഇരുവരേയും പിടിച്ചു മാറ്റുകയായിരുന്നു.
Kerala
ആലപ്പുഴ: ജനങ്ങൾക്ക് മുന്നിൽ ഒറ്റപ്പെട്ട് നിൽക്കുന്ന ആരോഗ്യമന്ത്രി വീണാ ജോർജിന് സിമ്പതിയുണ്ടാക്കാൻ മുഖ്യമന്ത്രി നടത്തിയ നാടകമാണ് കണ്ണൂരിലെ സംഭവമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി . പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗ യാത്രയ്ക്ക് ആലപ്പുഴയിൽ നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആരെയും ശാരീരികമായി ഉപദ്രവിക്കുകയെന്നത് കോൺഗ്രസിന്റെ അജണ്ടയല്ല. മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടെങ്കിൽ പോലീസിന്റെ പക്കലുള്ള സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടണം. ഒരു നുണ നൂറ് വട്ടം പറഞ്ഞ് സത്യമാക്കാൻ നോക്കുകയാണെന്നും വേണുഗോപാൽ പറഞ്ഞു.
ആലപ്പുഴയിൽ സ്ത്രീയുടെ വയറ്റിൽ അഞ്ച് വർഷം മെഡിക്കൽ ഉപകരണം കുടുങ്ങിയിട്ടും അറിയാത്തവർ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും മാത്രമാണ്. തുടർഭരണം കിട്ടില്ലെന്നായപ്പോൾ അവസാന നിമിഷം ശമ്പള പരിഷ്ക്കരണമടക്കം പ്രഖ്യാപിക്കുന്നത് എന്തിനാണെന്ന് ജനം തിരിച്ചറിയുമെന്നും വേണുഗോപാൽ പറഞ്ഞു.
ഇത് പാവപ്പെട്ടവന്റെ സർക്കാരാണെന്ന് ഒരു യഥാർഥ കമ്മ്യണിസ്റ്റുകാരനും പറയില്ല. അധികാരത്തിനു വേണ്ടി എന്തും ചെയ്യുന്നവരുടെ സർക്കാരായി മാറിയെന്നും അദ്ദേഹം പറഞ്ഞു.
Kerala
തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിക്ക് മുന്നിലെ പ്രതിഷേധത്തില്‍ 25 യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്ത് പോലീസ്. യൂത്ത് കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷന്‍ നേമം ഷെജീര്‍ അടക്കമുള്ളവർക്കെതിരെയാണ് കേസെടുത്തത്.
പൊതുമുതല്‍ നശിപ്പിക്കല്‍, ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, പൊലീസുകാരെ അതിക്രമിക്കുക തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കന്റോൺമെന്റ് പോലീസിന്റേതാണ് നടപടി. അഞ്ച് പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇന്ന് രാവിലെയായിരുന്നു മന്ത്രി വീണാ ജോര്‍ജിന്റെ ഔദ്യോഗിക വസതിയിലേയ്ക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധമാര്‍ച്ച് നടത്തിയത്. വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ചികിത്സാ പിഴവ് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം.
ഗേറ്റ് തള്ളിത്തുറന്ന് അകത്തേയ്ക്ക് ഇരച്ചുകയറിയ പ്രവര്‍ത്തകര്‍ വീടിന്റെ വാതിലിന് മുന്നില്‍ റീത്ത് വച്ചിരുന്നു. വസതിക്ക് മുന്നില്‍ രണ്ട് പോലീസുകാരായിരുന്നു ഉണ്ടായിരുന്നത്. പ്രതിഷേധം ശക്തമായതോടെ കൂടുതല്‍ പോലീസുകാര്‍ സ്ഥലത്തേയ്ക്ക് എത്തി. ഇതിനിടെ പ്രവര്‍ത്തകര്‍ വീടിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ഗേറ്റില്‍ കരിങ്കൊടി തൂക്കുകയും ചെയ്തു.
അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിനിടെ പോലീസുകാരും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ഇതിനിടെ പ്രവര്‍ത്തകര്‍ വീട്ടിലേക്ക് വീണ്ടും അതിക്രമിച്ച് കയറാര് ശ്രമിച്ചു. ഇതോടെ പോലീസിന് ബലം പ്രയോഗിക്കേണ്ടിവന്നു. ഇതിനിടെ പ്രവര്‍ത്തകര്‍ വീട്ടിലേക്ക് ചീമുട്ടയെറിഞ്ഞിരുന്നു.
തുടർന്ന് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് പോലീസ് വാഹനത്തില്‍ കയറ്റി. ഈ സമയം നേമം ഷജീര്‍ അടക്കമുള്ള പ്രവര്‍ത്തകര്‍ പോലീസ് വാഹനത്തിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തൈക്കാട്-വഴുതക്കാട് റോഡ് പ്രവര്‍ത്തകര്‍ ഉപരോധിക്കുകയും ചെയ്തിരുന്നു.
Kerala
പത്തനംതിട്ട: പത്തനംതിട്ട ടൗൺഹാളിലെ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പരിപാടിയിൽ പ്രതിഷേധം. മന്ത്രി പങ്കെടുത്ത യോഗത്തിലാണ് കോൺഗ്രസ് ജനപ്രതിനിധികളുടെ പ്രതിഷേധമുണ്ടായത്. ഇതോടെ യോഗം അലങ്കോലപ്പെടുകയായിരുന്നു.
ജനറൽ ആശുപത്രി ജില്ലാ പഞ്ചായത്തിലേക്ക് മാറ്റിയതിൽ അടക്കമായിരുന്നു മന്ത്രിക്കുനേരെ പ്രതിഷേധം ഉണ്ടായത്. പ്രതിഷേധം എൽഡിഎഫ് പ്രതിനിധികൾ പ്രതിരോധിച്ചതോടെ സ്ഥലത്ത് സംഘർഷമുണ്ടായി. ഇതോടെ യോഗം നിർത്തിവയ്ക്കുകയായിരുന്നു.
ഹാളിൽ എൽഡിഎഫ്-യുഡിഎഫ് പ്രവർത്തകർ തമ്മിൽ കൂക്കിവിളിച്ചതോടെ പോലീസെത്തി നിയന്ത്രിച്ചു. പ്രതിഷേധത്തിനിടെ മാധ്യമങ്ങൾക്ക് നേരെ മന്ത്രി വിമർശനമുന്നയിച്ചു. ആരോഗ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കൊല്ലത്തും പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധം നടന്നു. വണ്ടാനം മെഡിക്കൽ കോളജിൽ ശസ്ത്രക്രിയക്കിടെ രോഗിയുടെ വയറ്റിൽ ഉപകരണം കുടുങ്ങിയ സംഭവത്തിലാണ് പ്രതിഷേധം കനക്കുന്നത്.
രാവിലെ തിരുവനന്തപുരത്ത് കടുത്ത പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് രംഗത്തെത്തിയിരുന്നു. ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ ഔദ്യോഗിക വസതിക്ക് മുന്നില്‍ റീത്തുമായി എത്തിയായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. രാവിലെ എട്ട് മണിയോടെ വീണ ജോര്‍ജിന്റെ വീടിന് മുന്നില്‍ പൊലീസിനെ മറി കടന്ന് ഇരച്ച് കയറിയ പ്രവര്‍ത്തകര്‍ വീടിന്റെ വാതിലില്‍ റീത്ത് വച്ചു. പിന്നീട് പോലീസ് ഉദ്യോഗസ്ഥര്‍ റീത്ത് എടുത്ത് മാറ്റി.
Kerala
പത്തനംതിട്ട: തന്റെ ഔദ്യോഗിക വസതിക്ക് നേരെ യൂത്ത് കോൺഗ്രസ് നടത്തിയ അതിക്രമത്തിന് പിന്നിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സതീശന്റെ നിർദേശ പ്രകാരമാണ് യൂത്ത് കോൺഗ്രസ് ആക്രമണം നടത്തിയതെന്ന് മന്ത്രി പറഞ്ഞു.യൂത്ത് കോൺഗ്രസ് എന്തിനാണ് ആക്രമണം നടത്തിയതെന്ന് വ്യക്തമാക്കണമെന്നും വീണാ ജോർജ് പറഞ്ഞു.
ആലപ്പുഴയിലെ സംഭവവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി ചെയ്യേണ്ടതായിട്ടുള്ള കാര്യങ്ങൾ ചെയ്തിട്ടുണ്ട്. മണിക്കൂറുകൾക്കണം നടപടിയെടുത്തു. കൃത്യമായ അന്വേഷണം നടത്താൻ തീരുമാനിച്ചു. എന്നാൽ ചില മാധ്യമങ്ങൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ പ്രചരണം നടത്തി. കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പരാജയഭീതിയാണ് ഇതിനെല്ലാം പിന്നിലെന്നും മന്ത്രി പറഞ്ഞു.
ഒരുതരത്തിലുള്ള ചികിത്സാ പിഴവും അംഗീകരിക്കില്ല. ആരു തെറ്റ് ചെയ്താലും നടപടി സ്വീകരിക്കും. സർക്കാർ സ്വീകരിക്കേണ്ട നടപടി സ്വീകരിച്ചു. എന്നാൽ സർക്കാർ ആശുപത്രികളെല്ലാം മോശമാണെന്ന് വരുത്തി തീർക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഹോസ്പിറ്റൽ മേഖലയിൽ നിക്ഷേപം നടത്തിയ കുത്തകളെ സഹായിക്കുന്ന നിലപാടാണ് വി ഡി സതീശനും കൂട്ടരും നടത്തുന്നതെന്നും വീണാ ജോര്‍ജ് കുറ്റപ്പെടുത്തി.
Kerala
തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോർജിന്റെ വസതിക്ക് മുന്നിൽ റീത്ത് വച്ച് പ്രതിഷേധിച്ച യൂത്ത് കോൺഗ്രസിനെതിരെ വിമർശനുമായി മന്ത്രി വി. ശിവൻകുട്ടി. എല്ലാവർക്കും പ്രതിഷേധിക്കാൻ അവകാശമുണ്ടെന്നും എന്നാൽ പ്രതിഷേധം അതിര് കടക്കരുതെന്നും ശിവൻകുട്ടി പറഞ്ഞു.
"യൂത്ത് കോൺഗ്രസ് ആരെയാണ് വിരട്ടാൻ നോക്കുന്നത്. ആരോഗ്യമന്ത്രിയെ ഒറ്റപ്പെടുത്താമെന്ന് വിചാരിക്കണ്ട. യൂത്ത് കോൺഗ്രസ് വിരട്ടാൻ നോക്കിയാൽ പേടിക്കുന്നവരല്ല ഇടതുപക്ഷക്കാർ.'-ശിവൻകുട്ടി കൂട്ടിച്ചേർത്തു.
"ആരോഗ്യമേഖലയിൽ ചില പ്രശ്നങ്ങളുണ്ട്. അത് പരിഹരിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുന്നുണ്ട്. ദേശീയ തലത്തിൽ പോലും അംഗീകരിച്ചിട്ടുള്ള സംസ്ഥാനത്തെ ആരോഗ്യരംഗത്തെ അപമാനിക്കാനാണ് കോൺഗ്രസും യൂത്ത് കോൺഗ്രസും ഒക്കെ ശ്രമിക്കുന്നത്. സർക്കാർ ഇതിന് മുന്നിലൊന്നും പതറില്ല.'-ശിവൻകുട്ടി പറഞ്ഞു.
Kerala
കൊച്ചി: തന്ത്രി കണ്ഠര് രാജീവരുടെ അറസ്റ്റില്‍ എസ്ഐടി മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. സിപിഎം നേതാക്കള്‍ക്കെതിരെ ആരോപണം വന്നപ്പോഴാണ് തന്ത്രിയെ അറസ്റ്റ് ചെയ്തത്. കോടതി പറഞ്ഞത് തന്ത്രിക്കെതിരെ തെളിവില്ലെന്നാണെന്നും സതീശന് പുതുയുഗ യാത്രയ്ക്കിടെ കൊച്ചിയില്‍ പറഞ്ഞു.
മന്ത്രിയെ അറസ്റ്റ് ചെയ്താലും മുന്‍ മന്ത്രിയെ അറസ്റ്റ് ചെയ്താലും തന്ത്രിയെ അറസ്റ്റ് ചെയ്താലും എന്ത് കാരണത്തിന്റെ പേരിലാണ്, അവര്‍ക്ക് എന്ത് പങ്കാളിത്തമാണ് അതിനകത്ത് ഉള്ളതെന്ന് പറയണം. ഒരു തെളിവും ഇല്ലാതെ, കുറ്റകൃത്യത്തില്‍ ഒരു പങ്കാളിത്തവും ഇല്ലാതെ ശബരിമല തന്ത്രിയെ പോലൊരാളെ 41 ദിവസം ജയിലില്‍ ഇട്ടത് എന്തിനാണെന്ന് എസ്ഐടി പറയണം.
സിപിഎം നേതാക്കള്‍ക്കെതിരായുള്ള ആരോപണങ്ങള്‍ക്ക് മൂര്‍ച്ച വച്ചപ്പോള്‍ അതില്‍ നിന്നും വഴി തിരിച്ചു വിടുന്നതിന് വേണ്ടിയാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സാന്നിധ്യത്തില്‍ തന്ത്രിയെ അറസ്റ്റ് ചെയ്തത് എന്നൊരു ആരോപണമുണ്ട്. തന്ത്രിയെ പോലാരാളെ അറസ്റ്റ് ചെയ്യുമ്പോള്‍ എന്താണ് അദ്ദേഹത്തിന്റെ പങ്കാളിത്തം എന്തു കുറ്റകൃത്യമാണ് അദ്ദേഹം ചെയ്തിട്ടുള്ളതെന്ന് പറഞ്ഞില്ലെന്നും സതീശന് പറഞ്ഞു.
അതേസമയം, കൊല്ലം വിജിലന്‍സ് കോടതി കണ്ഠര് രാജീവര്‍ക്ക് ജാമ്യം അനുവദിച്ചിരുന്നു. ശബരിമല സ്വര്‍ണക്കൊള്ളയുമായി തന്ത്രിക്ക് നേരിട്ട് ബന്ധമുണ്ടെന്ന് തെളിയിക്കാന്‍ ഈ ഘട്ടത്തില്‍ തെളിവുകള്‍ ഇല്ല എന്നായിരുന്നു കോടതി പറഞ്ഞത്.
Kerala
ആലപ്പുഴ: ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല എംഎൽഎ. വീണാ ജോർജ് മന്ത്രി സ്ഥാനത്ത് നിന്നും മാറിയാൽ മാത്രമെ ആരോഗ്യ വകുപ്പിലെ സിസ്റ്റം ശരിയാവുകയുള്ളുവെന്ന് ചെന്നിത്തല പറഞ്ഞു.
മന്ത്രി ഏതു കാര്യത്തിലും സിസ്റ്റത്തെ കുറ്റം പറഞ്ഞു രക്ഷപെടാൻ ശ്രമിക്കുകയാണ്. അത് അംഗീകരിക്കാൻ കഴിയില്ല. ആരോഗ്യ മേഖല സമ്പൂർണ പരാജയമാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
ചികിത്സാ പിഴവിനെ തുടർന്ന് അഞ്ച് വർഷമായി വയറ്റിൽ കത്രികയുമായി കടുത്ത യാതനകൾ സഹിച്ച് ജീവിക്കേണ്ടി വന്ന പുന്നപ്ര സ്വദേശിനി ഉഷയെ എറണാകുളം അമൃത ആശുപത്രിയിൽ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഞ്ച് വർഷക്കാലമായി കഠിനമായ വേദന അനുഭവിച്ചിട്ടും സ്കാനിങ്ങിൽ പോലും ഇത് കണ്ടെത്താൻ കഴിയാതിരുന്നത് വലിയ വീഴ്ചയാണ്. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം പിയുടെ സജീവ ഇടപെടലിനെ തുടർന്നാണ് ഉഷയെ അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഉഷയ്ക്ക് വേണ്ട ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കിയിട്ടുണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി.
കോഴിക്കോട് ഹർഷിനയുടെ കേസിൽ സർക്കാർ കാണിച്ച വഞ്ചന ഉഷയുടെ കാര്യത്തിൽ ആവർത്തിക്കാൻ പാടില്ല. ഹർഷിനയ്ക്ക് 50 ലക്ഷത്തോളം രൂപ ചികിത്സയ്ക്കായി ചിലവായപ്പോൾ സർക്കാർ നൽകിയത് വെറും രണ്ട് ലക്ഷം രൂപയാണ്.
നീതിക്കായി മന്ത്രിയുടെ വീട്ടുപടിക്കൽ സമരം ചെയ്യേണ്ടി വന്ന ആ കുടുംബത്തിന്റെ അവസ്ഥ ഈ പാവപ്പെട്ട കുടുംബത്തിന് ഉണ്ടാകരുത്. ഉഷയുടെ ചികിത്സാ ചിലവ് പൂർണമായും സർക്കാർ വഹിക്കുകയും അടിയന്തരമായി അർഹമായ നഷ്ടപരിഹാരം നൽകുകയും വേണം.
സംസ്ഥാനത്തെ സർക്കാർ ആശുപത്രികളുടെ, പ്രത്യേകിച്ച് ആലപ്പുഴ മെഡിക്കൽ കോളജിന്റെ ശോചനീയാവസ്ഥ ഭയാനകമാണ്. ഡോക്ടർമാരും സ്റ്റാഫുകളും മരുന്നും ഇല്ലാതെ രോഗികൾ വലയുമ്പോഴും മന്ത്രി അനങ്ങുന്നില്ലെന്നും പിഴവുകൾ ചൂണ്ടിക്കാണിക്കുന്ന ഡോക്ടർമാരെ സർക്കാർ പീഡിപ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.