തിരുവനന്തപുരം: ദേശീയ പാത ഉദ്ഘാടന ചടങ്ങിൽ നിന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നടപടി അങ്ങേയറ്റത്തെ മര്യാദകേടെന്ന് മന്ത്രി എം.ബി. രാജേഷ്. വകുപ്പു മന്ത്രിയെ കൂടി വിളിക്കുക എന്നതാണ് നടപടിക്രമമെന്നും റിയാസിനെ ഒഴിവാക്കിയത് കേരളത്തോടുള്ള വെല്ലുവിളിയാണെന്നും രാജേഷ് പറഞ്ഞു.
മതനിരപേക്ഷ കേരളത്തെ അപമാനിച്ചു. ഇതിനുള്ള മറുപടി കേരളത്തിലെ ജനങ്ങൾ നൽകും. തന്നെ ക്ഷണിച്ച കാര്യം അറിയുന്നത് ഇന്നലെയാണ്. നിശ്ചയിച്ച പരിപാടികൾ മാറ്റിനിർത്തി പോകേണ്ടതില്ല എന്ന് തീരുമാനിച്ചു.
കഴിഞ്ഞ തവണത്തെ പരിപാടിയിൽ പോയപ്പോൾ എസ്പിജി തന്ന പാസിന് പുറമേ ആധാർ കാർഡ് ചോദിച്ചു. അന്ന് താൻ ബഹിഷ്കരിക്കാൻ തീരുമാനിച്ചതാണ്. പിന്നീട് വ്യവസ്ഥ ഉപേക്ഷിച്ചപ്പോഴാണ് പരിപാടിയിൽ പങ്കെടുത്തത്. അന്ന് അത് വിവാദമാക്കേണ്ട എന്ന് കരുതിയാണ് പ്രതികരിക്കാതിരുന്നത്.
ദേശീയപാതയിൽ മറ്റൊരു സംസ്ഥാനത്തിനും ഇല്ലാത്ത വ്യവസ്ഥ വച്ചവരാണ് കേന്ദ്രസർക്കാർ. കേരളത്തിന്റെ കാര്യം വരുമ്പോഴൊക്കെ നിങ്ങൾ പണം തരണം എന്നു പറയുന്നു. ഈ വിവേചനം എല്ലാ കാര്യങ്ങളിലും ഉണ്ട്. ഇത് ബിജെപിയുടെ രാഷ്ട്രീയ സംസ്കാരമാണ്. ബിജെപി പൊതു പണം ഉപയോഗിച്ച് എങ്ങനെ രാഷ്ട്രീയ പ്രചാരണം നടത്തുന്നു എന്നതിന്റെ തെളിവാണിതെന്നും എംബി രാജേഷ് പറഞ്ഞു.
Tags : minister mb rajesh against pm office central government nh innauguration controversy