National
ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ റാലി നടത്തിയ സ്ഥലത്ത് ശുദ്ധീകരണം നടത്തിയ സംഭവത്തിൽ പട്ടികജാതി-പട്ടികവർഗ നിയമപ്രകാരം എഫ്ഐആർ രേഖപ്പെടുത്തണമെന്ന് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. തൊട്ടുകൂടായ്മ നിരോധിക്കപ്പെട്ടതാണെന്നും അത് അനുവർത്തിക്കുന്നത് ഭരണഘടനയ്ക്കുമേലുള്ള കുറ്റമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ശുദ്ധീകരണം എന്നത് തൊട്ടുകൂടായ്മയുടെ മറ്റൊരു പേരാണെന്നു വ്യക്തമാക്കിയ രാഹുൽ, നിയമവിരുദ്ധമായ ഈ പ്രവൃത്തി നടത്തിയവർക്കെതിരേ പ്രധാനമന്ത്രി എത്രയും പെട്ടെന്ന് എഫ്ഐആറിന് ഉത്തരവിടണമെന്നും കോൺഗ്രസ് ആസ്ഥാനത്തു നടത്തിയ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
കുറ്റം നടന്ന് 20 ദിവസമായിട്ടും ശുദ്ധീകരണം നടത്തിയവർക്കെതിരേ യാതൊരു കേസും രേഖപ്പെടുത്തിയിട്ടില്ല. അവർക്കെതിരേ നടപടിയുണ്ടായില്ലെങ്കിൽ തങ്ങളുടെ ഭാഗത്തുനിന്ന് കടുത്ത പ്രതികരണമുണ്ടാകുമെന്നും രാഹുൽ മുന്നറിയിപ്പ് നൽകി.രാജ്യത്തുടനീളം ദളിതർ അനുഭവിക്കുന്ന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഖാർഗെയ്ക്കെതിരേയുണ്ടായ വിവേചനത്തിൽ നടപടിയെടുക്കണമെന്ന് രാഹുൽ ആവശ്യപ്പെട്ടത്.
കോൺഗ്രസിന്റെ ദളിത് നേതാവായ ടീക്കാറാം ജൂലി കഴിഞ്ഞ വർഷം രാജസ്ഥാനിലെ അൽവാറിലുള്ള ഒരു ക്ഷേത്രത്തിലെ ചടങ്ങിൽ സംബന്ധിച്ചതിനുശേഷം ഒരു ബിജെപി നേതാവ് അവിടെ ഗംഗാജലം തളിച്ച് ശുദ്ധീകരണം നടത്തിയതും ഹൽദ്വാനിയിൽ കഴിഞ്ഞ എട്ടിനു ഖാർഗെ നടത്തിയ പരിപാടിക്കുശേഷമുണ്ടായ ശുദ്ധീകരണവും ബിഹാർ മുൻ മുഖ്യമന്ത്രിയും ദളിത് നേതാവുമായ ജിതൻ റാം മാഞ്ചി 2014ൽ മധുബനിയിലെ ക്ഷേത്രം സന്ദർശിച്ചതിനുശേഷം ശുദ്ധീകരണം നടന്നെന്ന ആരോപണവും രാഹുൽ വാർത്താസമ്മേളനത്തിൽ ഓർമിപ്പിച്ചു.
ദളിതർ എത്രത്തോളം വിജയിച്ചാലും അവർ വിവേചനം നേരിടുകയാണെന്നും ബിജെപിയും ആർഎസ്എസുമാണ് ഇതു ചെയ്യുന്നതെന്നും രാഹുൽ ആരോപിച്ചു. രാജ്യത്തു രണ്ട് പ്രത്യയശാസ്ത്രങ്ങൾ തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നത്. ഒന്ന,് ഭരണഘടനയ്ക്കുവേണ്ടിയുള്ളതും മറ്റൊന്ന് ബിജെപിയുടെയും ആർഎസ്എസിന്റെയും പ്രത്യയശാസ്ത്രവുമാണെന്ന് രാഹുൽ പറഞ്ഞു.
Kerala
തൃശൂർ: കണ്ടാൽ ഓക്കാനംവരുന്ന കലാവൈകൃതമാണു പുലികളിയെന്ന് നടൻ വി.കെ. ശ്രീരാമന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമാകുന്നു. പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളാണു വരുന്നത്. പുരുഷൻമാർക്കു മാറും വയറും വളരുന്നതു രൂപവൈകൃതമാണെന്നും ആ വൈകൃതത്തെ കലയ്ക്കുവേണ്ടി ഉപയോഗിക്കുന്നത് ആഭാസമാണെന്നുമാണ് ശ്രീരാമന്റെ പോസ്റ്റ്.
കഴിഞ്ഞദിവസം പുലികളി അഭ്യസിക്കുന്നതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വന്നതു വൈറലായിരുന്നു. ഇതിൽ പുലികളി കലാകാരൻമാർ മെയ്യെഴുത്തില്ലാതെ ഷർട്ടിടാതെ മുണ്ടുടുത്താണു കളിക്കുന്നത്. ഈ പരിശീലനത്തിന്റെ ഫോട്ടോയും ചേർത്താണു ശ്രീരാമന്റെ പോസ്റ്റ്.
കണ്ടാൽ ഓക്കാനം വരുന്ന ഇത്തരം ഒരു കലാവൈകൃതം ലോകത്തൊരിടത്തും ഉണ്ടാകില്ല. ഇത് ഒരു ഭാരതീയകലയാണെന്നും നാട്യശാസ്ത്രത്തിൽ ശാർദൂലവിക്രീഡിതമെന്ന് ഈ കുംഭകുലുക്കിക്കളിയെപ്പറ്റി പരാമർശമുണ്ടെന്നുമാണു സുബ്രൻസാമി പറയുന്നതെന്നും അതാണൊരാശ്വാസമെന്നും വി.കെ. ശ്രീരാമൻ പരിഹസിക്കുന്നു.
പലതരം വേഷങ്ങൾ കൈകാര്യംചെയ്തു പണംവാങ്ങി ജീവിതംകഴിച്ച താങ്കൾക്ക് ഇപ്പോഴാണു തിരിച്ചറിവുകൾ വരുന്നതെന്ന്, ഒരു സിനിമയിൽ ബാലികയെ പീഡിപ്പിച്ചുകൊല്ലുന്ന കഥാപാത്രത്തെ വി.കെ. ശ്രീരാമൻ അവതരിപ്പിച്ചതു ചൂണ്ടിക്കാട്ടി ഒരാൾ മറുപടി നൽകിയിട്ടുണ്ട്.
താങ്കളുടെ ശരീരംവച്ച് അത്തരം വേഷങ്ങൾ ചെയ്യുന്പോൾ അന്നത്തിനുള്ള വകയ്ക്കാണെന്ന ലക്ഷ്യമുണ്ടായിരുന്നല്ലോ, അതുതന്നെയാണു പുലിവേഷം കെട്ടുന്നവർ ചെയ്യുന്നതെന്നും ഓർമിപ്പിക്കുന്നു. പുലികളി വൃത്തികേടാണെന്നും പലപ്പോഴും ഫേസ്ബുക്കിൽ പറയണമെന്നു വിചാരിക്കുമെങ്കിലും തെറികമന്റുകൾ താങ്ങാൻ ശേഷിയില്ലാത്തതുകൊണ്ട് മൗനം പാലിക്കുകയായിരുന്നെന്ന് അനുകൂല കമന്റുമുണ്ട്.
Kerala
കൊച്ചി: വി.ഡി. സവര്‍ക്കറുമായി ബന്ധപ്പെട്ട ഫ്രീഡം ക്വിസ് വിവാദത്തില്‍ അധ്യാപകന്റെ സസ്പെന്ഷന് ഒരു മാസത്തേക്ക് ഹൈക്കോടതി സിംഗിൾ ബഞ്ച് സ്റ്റേ ചെയ്തു. കാസര്‍കോട് പള്ളത്തടുക്ക എയുപി സ്കൂളിലെ അധ്യാപകന് ഗുരുപ്രസാദിന്റെ സസ്പെന്‍ഷനാണ് ജസ്റ്റീസ് വിജു എബ്രഹാം സ്റ്റേ ചെയ്തിരിക്കുന്നത്.
എന്നാല്‍, അധ്യാപകനെതിരായ അച്ചടക്ക നടപടികള്‍ സര്‍ക്കാരിനു തുടരാമെന്നു കോടതി വ്യക്തമാക്കി. കഴിഞ്ഞ വ്യാഴാഴ്ച കേസ് പരിഗണിച്ച കോടതി അന്വേഷണം പൂര്‍ത്തിയാകുന്നതിന് മുമ്പ് അധ്യാപകനെ സസ്പെന്‍ഡ് ചെയ്ത സാഹചര്യത്തെക്കുറിച്ച് വിശദീകരണം നല്‍കണമെന്ന് നിര്‍ദേശിച്ചിരുന്നു. ചൊവ്വാഴ്ച കേസ് പരിഗണിച്ച കോടതി വിശദമായ വാദം കേട്ടിരുന്നു.
ഒരു തെറ്റായ ചോദ്യം ഉള്‍പ്പെടുത്തിയതിന്റെ പേരില്‍ മാത്രം സസ്പെന്ഷന് വേണമായിരുന്നോ? അത് അനിവാര്യമായ നടപടിയാണോ എന്നു കോടതി ചോദിച്ചു. ഫ്രീഡം ക്വിസിന്റെ ചോദ്യങ്ങള്‍ എഇഒക്ക് അയച്ചു നല്‍കിയിരുന്നു. എഇഒ കണ്ടതിനു ശേഷമാണ് ചോദ്യക്കടലാസ് നല്‍കിയതെന്നും ഗുരുപ്രസാദ് പറഞ്ഞിരുന്നു. തുടര്‍ന്നാണ് സസ്പെന്ഷന് സ്റ്റേ ചെയ്തത്.
അതേസമയം, ഓഗസ്റ്റ് ആറിന് നടന്ന ക്വിസ് മത്സരത്തിലായിരുന്നു ബ്രിട്ടീഷുകാരുടെ കൈയില്‍നിന്നു ഏറ്റവും കൂടുതല്‍ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യസമര സേനാനി ആരെന്ന ചോദ്യവും ഉത്തരമായി വി.ഡി. സവര്‍ക്കര്‍ എന്നുമാണ് നല്‍കിയത്.
കുമ്പള, കാസര്‍ഗോഡ്, മഞ്ചേശ്വരം ഉപജില്ലകളിലെ എല്‍പി സ്കൂളുകളില്‍ നടത്തിയ ഫ്രീഡം ക്വിസ് മത്സരത്തിനാണ് സവര്‍ക്കറെ മഹത്വവല്‍ക്കരിക്കുന്ന ചോദ്യം ഉള്‍പ്പെടുത്തിയത്. സംഭവം വിവാദമായതോടെ വിദ്യാഭ്യാസമന്ത്രി ഇടപെട്ട് അധ്യാപകനെ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു.
ഇതിന്റെ പേരില്‍ അധ്യാപകനെതിരെ നടപടിയെടുക്കുന്നത് അന്യായമാണ്. വി.ഡി. സവര്‍ക്കറുടെ തടവ് ജീവിതത്തിനു കേന്ദ്രസര്‍ക്കാരിന്റെ കൈയിൽ രേഖകളുണ്ട്. സവര്‍ക്കറുടെ പേരില്‍ തപാല്‍ സ്റ്റാമ്പുമുണ്ടെന്നും ഗുരുപ്രസാദ് ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.
Kerala
കോഴിക്കോട്: സ്വാതന്ത്ര്യദിനാഘോഷത്തില്‍ കോഴിക്കോട് കോര്‍പ്പറേഷനില്‍ നാടകീയ രംഗങ്ങള്‍. ഒരേ സമയം ദേശീയ ഗാനവും വന്ദേമാതരവും ആലപിച്ച് അംഗങ്ങള്‍. മേയറുടെ നേതൃത്വത്തില്‍ എല്‍ഡിഎഫ് അംഗങ്ങള്‍ ദേശീയ ഗാനവും ബിജെപി കൗണ്‍സിലര്‍മാര്‍ വന്ദേമാതരവും ആലപിക്കുകയായിരുന്നു.
രണ്ട് വിഭാഗവും ഒരേസമയം ഗാനം ആലപിപ്പിക്കുകയായിരുന്നു. ബിജെപി കൗണ്‍സിലര്‍മാര്‍ വന്ദേമാതരം ആലപിച്ചപ്പോള്‍ മേയറും ഡെപ്യൂട്ടി മേയറും അടക്കം ദേശീയ ഗാനം പാടി അവസാനിപ്പിച്ച് തിരിഞ്ഞ് നടന്നു. ആ സമയവും ബിജെപി അംഗങ്ങള്‍ വന്ദേമാതരം പൂര്‍ണ്ണമായും ആലപിക്കുകയായിരുന്നു.
മേയറുടെ ഭാഗത്തുനിന്നു രാജ്യവിരുദ്ധമായ പ്രവൃത്തിയാണ് ഉണ്ടായതെന്നു ബിജെപി കൗണ്‍ലിസര്‍മാര്‍ കുറ്റപ്പെടുത്തി. മേയര്‍ ദേശീയഗാനത്തെ അപമാനിച്ചെന്നും ബിജെപി നേതാക്കള്‍ വിമര്‍ശിച്ചു.'നേരത്തെ തന്നെ വന്ദേമാതരം പാടുമെന്നു മേയറോടു പറഞ്ഞിരുന്നു. അപ്പോള്‍ മേയര്‍ ഒന്നുംപറഞ്ഞില്ല. ആശംസകള്‍ പറയുന്നത് വരെ കാത്തുനിന്നിട്ടാണ് ഞങ്ങള്‍ വന്ദേമാതരം പാടിയത്. വന്ദേമാതരം പാടി കഴിഞ്ഞ് ദേശീയഗാനം പാടി അവസാനിപ്പിക്കാമെന്നാണ് തീരുമാനിച്ചത്. ഇതിനിടയിലാണ് മേയറും ഡെപ്യൂട്ടി മേയറും മറുഭാഗത്തുനിന്ന് ദേശീയ ഗാനം പാടിയത്'- ബിജെപി കൗണ്‍സിലര്‍ ആരോപിച്ചു.
അതേസമയം, ദേശീയഗാനവും വന്ദേമാതരവും ഒരേ സമയം ചേരിതിരിഞ്ഞ് ആലപ്പിച്ച് ഈ ദേശീയ പ്രതീകങ്ങളെ തന്നെ അവഹേളിക്കുന്നതിനു തുല്യമാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
Kerala
കൊച്ചി: ഫ്രീഡം ക്വിസ് വിവാദത്തില്‍ അധ്യാപകന്റെ സസ്പെന്ഷന് സ്റ്റേയില്ല. കാസർഗോഡ് പള്ളത്തടുക്ക എയുപി സ്കൂളിലെ അധ്യാപകന് ഗുരുപ്രസാദ് ആയിരുന്നു സസ്പെന്ഷന് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്. സസ്പെന്ഷന് ഉത്തരവ് റദ്ദാക്കണമെന്നും അച്ചടക്ക നടപടികള്‍ സ്റ്റേ ചെയ്യണമെന്നുമായിരുന്നു ആവശ്യം.
അന്വേഷണം പൂര്‍ത്തിയാകുന്നതിന് മുമ്പ് അധ്യാപകനെ സസ്പെന്‍ഡ് ചെയ്ത സാഹചര്യത്തെ കുറിച്ച് വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ചു. തിങ്കളാഴ്ച കേസ് വീണ്ടും പരിഗണിക്കും.
ചരിത്ര ചോദ്യത്തിനുള്ള ഉത്തരമായിരുന്നു വി.ഡി. സവര്‍ക്കറുടെ പേര്. അതിന്റെ പേരില്‍ അധ്യാപകനെതിരെ നടപടിയെടുക്കുന്നത് അന്യായമാണ്. വി.ഡി. സവര്‍ക്കറുടെ തടവ് ജീവിതത്തിന് കേന്ദ്രസര്‍ക്കാരിന്റെ കൈയില്‍ രേഖകളുണ്ട്. സവര്‍ക്കറുടെ പേരില്‍ തപാല്‍ സ്റ്റാമ്പുമുണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.
ഓഗസ്റ്റ് ആറിന് നടന്ന ക്വിസ് മത്സരത്തിലായിരുന്നു ബ്രിട്ടീഷുകാരുടെ കയ്യില്‍ നിന്ന് ഏറ്റവും കൂടുതല്‍ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യ സമര സേനാനി ആരെന്ന ചോദ്യവും ഉത്തരമായി വി.ഡി. സവര്‍ക്കര്‍ എന്നുമാണ് നല്‍കിയത്. കുമ്പള, കാസര്‍ഗോഡ്, മഞ്ചേശ്വരം ഉപജില്ലകളിലെ എല്‍പി സ്കൂളുകളില്‍ നടത്തിയ ഫ്രീഡം ക്വിസ് മത്സരത്തിനാണ് സവര്‍ക്കറെ മഹത്വവല്‍ക്കരിക്കുന്ന ചോദ്യം ഉള്‍പ്പെടുത്തിയത്. സംഭവം വിവാദമായതോടെ വിദ്യാഭ്യാസമന്ത്രി ഇടപെട്ട് അധ്യാപകനെ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു.
Kerala
കൊച്ചി: ഫ്രീഡം ക്വിസ് സവര്‍ക്കര്‍ വിവാദത്തില്‍ സസ്പെന്ഷന് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അധ്യാപകന് ഹൈക്കോടതിയെ സമീപിച്ചു. കാസര്‍കോട് പള്ളത്തടുക്ക എയുപി സ്കൂളിലെ അധ്യാപകന് ഗുരുപ്രസാദ് ആണ് ഹര്‍ജി നല്‍കിയത്. സസ്പെന്ഷന് ഉത്തരവ് റദ്ദാക്കണമെന്നും അച്ചടക്ക നടപടികള്‍ സ്റ്റേ ചെയ്യണമെന്നുമാണ് ആവശ്യം.
ചരിത്ര ചോദ്യത്തിനുള്ള ഉത്തരമായിരുന്നു വി.ഡി. സവര്‍ക്കറുടെ പേര്. അതിന്റെ പേരില്‍ അധ്യാപകനെതിരെ നടപടിയെടുക്കുന്നത് അന്യായമാണ്. വി.ഡി. സവര്‍ക്കറുടെ തടവ് ജീവിതത്തിന് കേന്ദ്രസര്‍ക്കാരിന്റെ കൈയില്‍ രേഖകളുണ്ട്. സവര്‍ക്കറുടെ പേരില്‍ തപാല്‍ സ്റ്റാമ്പുമുണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു. ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും..
ഓഗസ്റ്റ് ആറിന് നടന്ന ക്വിസ് മത്സരത്തിലായിരുന്നു ബ്രിട്ടീഷുകാരില്‍ നിന്ന് ഏറ്റവും കൂടുതല്‍ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യ സമര സേനാനി ആരെന്ന ചോദ്യവും ഉത്തരമായി വി.ഡി. സവര്‍ക്കര്‍ എന്നുമാണ് നല്‍കിയത്. കുമ്പള, കാസര്‍ഗോഡ്, മഞ്ചേശ്വരം ഉപജില്ലകളിലെ എല്‍പി സ്കൂളുകളില്‍ നടത്തിയ ഫ്രീഡം ക്വിസ് മത്സരത്തിനാണ് സവര്‍ക്കറെ മഹത്വവല്‍ക്കരിക്കുന്ന ചോദ്യം ഉള്‍പ്പെടുത്തിയത്. സംഭവം വിവാദമായതോടെ അധ്യാപകനെ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു.
Kerala
ന്യൂഡൽഹി: രാജ്യസഭാംഗം ജോൺ ബ്രിട്ടാസിനെ ലുങ്കിവാല എന്ന് അധിക്ഷേപിച്ചതിൽ രാജ്യസഭയിൽ വൻ പ്രതിഷേധം. രാജ്യസഭയിൽ ജോൺ ബ്രിട്ടാസിനെതിരായ ബിജെപി എംപി ലുങ്കി പരാമർശം നടത്തിയതോടെ പാർലമെന്റ് വളപ്പിൽ പ്രതിപക്ഷ എംപിമാർ പ്രതിഷേധിച്ചു.
തൃണമൂൽ കോൺഗ്രസിൽനിന്നു രാജിവച്ചു ബിജെപിയിൽ ചേർന്ന പശ്ചിമ ബംഗാളിൽനിന്നുള്ള രാജ്യസഭാ അംഗം സുസ്മിത ദേവ് ചൊവ്വാഴ്ച പാർലമെന്റ് നടപടിക്കിടെ ബ്രിട്ടാസ് സംസാരിക്കുമ്പോഴാണ് പിന്നിൽ വന്നിരുന്ന് 'ലുങ്കി വാല' എന്ന് വിളിച്ചത്.
ഇത് എംപിമാരുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് പ്രതിഷേധം കനത്തത്. ഇത്തരം അധിക്ഷേപങ്ങൾ വച്ചുപൊറുപ്പിക്കാനാവില്ലെന്ന് എംപിമാർ പറഞ്ഞു. അധിക്ഷേപം നടത്തിയ എംപിക്കെതിരേ നടപടി വേണമെന്നും മാപ്പു പറയണമെന്നും പ്രതിപക്ഷ എംപിമാർ ആവശ്യപ്പെട്ടു.
Kerala
തിരുവനന്തപുരം: ലോക ഫുട്ബോൾ താരം ലയണൽ മെസിയെ കേരളത്തിൽ പ്രദർശനമത്സരത്തിൽ എത്തിക്കുമെന്നു പ്രചാരണം നടത്തുകയും വൻ സാന്പത്തിക ഇടപാടുകൾ നടത്തുകയും ചെയ്ത സംഭവത്തിൽ മുൻ സർക്കാരിനും സ്പോണ്സറിനും കുരുക്ക് മുറുകുന്നു.
കായികവകുപ്പ് നടത്തിയ അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. വൻ ക്രമക്കേടുകൾ നടന്നുവെന്നാണ് അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. വിവിധ തരത്തിലുള്ള ക്രമക്കേടുകൾ നടന്ന പശ്ചാത്തലത്തിൽ വിജിലൻസ് മുതൽ സിബിഐ സംഘം വരെ അന്വേഷണങ്ങൾ നടത്തണമെന്ന നിർദേശവും മുന്നോട്ടു വച്ചിട്ടുണ്ട്.
റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കോർപറേഷൻ (ആർബിസി) മാനേജിംഗ് ഡയറക്ടർ ആന്റോ അഗസ്റ്റിനും അന്നത്തെ കായികമന്ത്രി വി. അബ്ദുറഹ്മാനും ഉന്നത ഉദ്യോഗസ്ഥർക്കും എതിരേയാണ് അന്വേഷണം വേണമെന്നു പറയുന്നത്.
വിജിലൻസ്, ഇഡി, ഇൻകം ടാക്സ്, സിബിഐ, എസ്എഫ്ഐഒ അന്വേഷണങ്ങൾ വേണമെന്നാണ് റിപ്പോർട്ട്. മെസിയെ കേരളത്തിലെത്തിക്കുന്നതു സംബന്ധിച്ചുള്ള ഔദ്യോഗിക ഫയൽ പരിശോധനയ്ക്കുശേഷം സമർപ്പിച്ച റിപ്പോർട്ടിലാണ് വലിയ ക്രമക്കേടുകളുടെ വിവരങ്ങൾ വ്യക്തമാക്കുന്നത്.
നിയമപരമായ കരാറോ ഫിഫ അംഗീകാരമോ ഇല്ലാതെ സ്പോണ്സറിന് വലിയ ലാഭം ഉണ്ടാക്കിക്കൊടുക്കാൻ ഭരണസംവിധാനത്തെ ഉപയോഗിച്ചതായി റിപ്പോർട്ടിൽ പറയുന്നു.
അർജന്റൈൻ ഫുട്ബോൾ അസോസിയേഷന്റെ ബ്രോഷറിനെ വ്യാജമായി ചിത്രീകരിച്ച് ഫയൽനീക്കം നടത്തിയെന്നും എഎഫ്എയുമായോ കളിക്കാരുമായോ അന്തിമകരാറും ഇല്ലാതിരുന്നിട്ടും, അർജന്റീന ലോകകപ്പ് ടീം കേരളത്തിലെത്തുമെന്നു പറഞ്ഞ് കേന്ദ്ര കായിക മന്ത്രാലയത്തിന് ഔദ്യോഗിക കത്തയച്ചതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
കൊച്ചി കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം നടപടിക്രമങ്ങൾ പാലിക്കാതെ സ്വകാര്യ കന്പനിക്ക് നിർമാണപ്രവർത്തനങ്ങൾക്കായി വിട്ടുനൽകി. ഇതിലൂടെ അഞ്ചു കോടിയിലധികം രൂപയുടെ സാന്പത്തിക ഇളവ് നിയമവിരുദ്ധമായി നൽകിയെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ടൂർ പ്രോഡ് എന്റർ എന്ന വിദേശ കന്പനി വഴി 130 കോടി രൂപ വിദേശത്തേക്ക് അയച്ചതിൽ ഫെമാ, സ്വിഫ്റ്റ് ചട്ടങ്ങൾ ലംഘിക്കപ്പെട്ടതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. അർജന്റൈൻ ടീമിന്റെ കേരളാ സന്ദർശനം സംബന്ധിച്ച് എഎഫ്എയും സംസ്ഥാന സർക്കാരും തമ്മിലുള്ള കരാറിന്റെ രേഖയോ സ്പോണ്‍സറും സർക്കാരും തമ്മിൽ ഒപ്പുവച്ച രേഖകളോ കണ്ടെത്താനായിട്ടില്ല.
Kerala
തിരുവനന്തപുരം: ബിജെപിയെ വെട്ടിലാക്കിയ തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പ് വിവാദത്തിൽ പാർട്ടിതല അന്വേഷണം ആരംഭിച്ചു. മുൻ ഡിജിപി ജേക്കബ് തോമസിന്റെ നേതൃത്വത്തിൽ ആരോപണ വിധേയരെയും പരാതിക്കാരുടെയും മൊഴിയെടുത്തു. പാർട്ടി ആസ്ഥാനമായ മാരാർജി ഭവനിലായിരുന്നു നിർണായകമായ ഈ നടപടികൾ.
കുമ്മനം രാജശേഖരൻ ഉൾപ്പെടുന്ന അച്ചടക്ക സമിതിയുടെ നേതൃത്വത്തിലാണ് മൊഴി രേഖപ്പെടുത്തൽ പുരോഗമിക്കുന്നത്. ഫണ്ട് വെട്ടിപ്പുമായി ബന്ധപ്പെട്ട് ഇതിനോടകം പുറത്തുവന്ന നിർണായക രേഖകളും ശബ്ദരേഖകളും അടക്കം മുൻനിർത്തിയായിരുന്നു മൊഴിയെടുക്കൽ.
ഫണ്ട് തട്ടിപ്പിന്റെ പേരിൽ പാർട്ടി ചുമതലകളിൽ നിന്ന് മാറ്റിനിർത്തിയവരുടെ മൊഴി രേഖപ്പെടുത്തിക്കഴിഞ്ഞു. അതേസമയം പാർട്ടിയിൽ യാതൊരുവിധ ഫണ്ട് തട്ടിപ്പും നടന്നിട്ടില്ലെന്ന നിലപാടിലാണ് നേതൃത്വം.
ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ചേർന്ന കോർ കമ്മിറ്റിയിൽ ഒരു വിമർശനവും ഉയർന്നിട്ടില്ലെന്നും തട്ടിപ്പ് ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരൻ വ്യക്തമാക്കി. തട്ടിപ്പില്ലെന്ന് ആവർത്തിച്ചുകൊണ്ടുള്ള ഔദ്യോഗിക വാർത്താക്കുറിപ്പും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
Kerala
തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷ വേളകളിൽ വന്ദേമാതരം മുഴുവനായി ആലപിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ നിലപാട് വ്യക്തമാക്കി ഗവർണർ രാജേന്ദ്ര അർലേക്കർ. വന്ദേമാതരം താൻ പൂർണമായി പാടുമെന്നും അത് തന്നെയാണ് താൻ നൽകുന്ന സന്ദേശമെന്നും ഗവർണർ മാധ്യമങ്ങളോട് പ്രതികരിച്ചു.
എന്നാൽ, ചടങ്ങുകളിൽ വന്ദേമാതരം മുഴുവനായി പാടണമെന്ന് ലോക്ഭവൻ പ്രത്യേക നിർദേശങ്ങളൊന്നും നൽകിയിരുന്നില്ലെന്ന വിശദീകരണവുമായി രാജ്ഭവൻ വൃത്തങ്ങൾ രംഗത്തുവന്നു. ഗവർണറുടെ പ്രത്യേക നിർദേശപ്രകാരമാണ് ചീഫ് സെക്രട്ടറി വന്ദേമാതരം പൂർണമായി ആലപിക്കണമെന്ന് ആവശ്യപ്പെട്ട് കത്തയച്ചതെന്നായിരുന്നു സർക്കാർ ഇതിന് മുന്‍പ് നൽകിയ വിശദീകരണം.
എന്നാൽ ലോക്ഭവന്റെ പുതിയ പ്രതികരണം പുറത്തുവന്നതോടെ സർക്കാരിന്റെ വാദങ്ങൾ പൊളിഞ്ഞു. ഓഗസ്റ്റ് നാലിന് സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് സർക്കാർ പൊതുവായ മാർഗനിർദേശങ്ങൾ അടങ്ങിയ സർക്കുലർ പുറത്തിറക്കിയിരുന്നു. ഇതിനു പിന്നാലെയാണ് കേന്ദ്ര നിർദേശമെന്ന പേരിൽ വന്ദേമാതരം മുഴുവനായി ആലപിക്കണം എന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറി തദ്ദേശ സ്വയംഭരണ വകുപ്പിന് കത്തയച്ചത്.
ഗവർണറുടെ നിർദേശപ്രകാരമാണ് ഇത് ചെയ്തതെന്നായിരുന്നു സർക്കാർ ആദ്യം വ്യക്തമാക്കിയത്. ഈ വിഷയത്തിൽ വന്ദേമാതരം പൂർണമായി ആലപിക്കാൻ ഔദ്യോഗികമായി തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രിമാരായ രമേശ് ചെന്നിത്തലയും പി.കെ കുഞ്ഞാലിക്കുട്ടിയും വ്യക്തമാക്കിയിരുന്നു.
Kerala
കാസർഗോഡ്: കാസർഗോഡ് സ്കൂളുകളിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിന ക്വിസ് മത്സരത്തിലെ ചോദ്യാവലി വിവാദത്തിൽ നിലപാട് വ്യക്തമാക്കി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ. വിവാദ ചോദ്യം തയ്യാറാക്കിയ അധ്യാപകനെ സസ്പെൻഡ് ചെയ്തത് അച്ചടക്ക നടപടിയുടെ പ്രാഥമിക ഘട്ടം മാത്രമാണെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്നും മന്ത്രി അറിയിച്ചു.
വിഷയത്തിൽ കൂടുതൽ ഉദ്യോഗസ്ഥർക്കോ അധ്യാപകർക്കോ പങ്കുണ്ടെന്ന് വ്യക്തമായാൽ അവർക്കെതിരെയും വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി.
വിദ്യാഭ്യാസ വകുപ്പിന്റെയോ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെയോ ഔദ്യോഗിക പ്രവർത്തന കലണ്ടറിൽ ഉള്ളതല്ല ഈ പരിപാടിയെന്നും പ്രാദേശികമായി തയ്യാറാക്കിയ ചോദ്യാവലിയാണ് മത്സരത്തിന് ഉപയോഗിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
വിദ്യാഭ്യാസ മേഖലയെ അധ്യാപകർ വ്യക്തിപരമായ ആശയങ്ങളും രാഷ്ട്രീയ അജണ്ടകളും പ്രചരിപ്പിക്കാനുള്ള വേദിയാക്കി മാറ്റരുതെന്നും, ചരിത്രപരമായ വസ്തുതകൾ തെറ്റായി അവതരിപ്പിക്കുന്ന പ്രവണതകൾ വച്ചുപൊറുപ്പിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കാസർഗോഡ്, കുമ്പള, മഞ്ചേശ്വരം ഉപജില്ലകളിലെ സ്കൂളുകളിൽ എൽ.പി വിഭാഗത്തിനായി സംഘടിപ്പിച്ച 'ഫ്രീഡം ക്വിസ്' മത്സരത്തിന്റെ ചോദ്യാവലിയിലാണ് വി. ഡി. സവർക്കറെ മഹത്വവൽക്കരിക്കുന്ന ചോദ്യം ഉൾപ്പെടുത്തിയത്. സംഭവം വലിയ രാഷ്ട്രീയ-സാമൂഹിക പ്രതിഷേധങ്ങൾക്ക് വഴിതുറന്നതോടെയാണ് വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടതും ചോദ്യാവലി തയാറാക്കിയ അധ്യാപകനെ സസ്പെൻഡ് ചെയ്തതും.
Kerala
കാസര്‍ഗോഡ്: സ്കൂള്‍ ക്വിസില്‍ ഹിന്ദുത്വ നേതാവ് വി.ഡി.സവര്‍ക്കറെ പുകഴ്ത്തി ചോദ്യം. മഞ്ചേശ്വരം, കുമ്പള, കാസര്‍ഗോഡ് ഉപജില്ലകളിലെ സ്കൂളുകളിലേക്ക് ക്വിസിനായി പൊതുവിദ്യാഭ്യാസവകുപ്പിന്റെ കീഴിലെ സാമൂഹ്യശാസ്ത്രക്ലബ് നല്കിയ ചോദ്യാവലിയിലാണ് വിവാദചോദ്യം ഉള്‍പ്പെടുത്തിയത്.
ബ്രിട്ടീഷുകാരുടെ കൈയിൽനിന്ന് ഏറ്റവും കൂടുതല്‍ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യ സമരസേനാനി ആര് എന്ന ചോദ്യത്തിനാണ് വി.ഡി. സവര്‍ക്കറുടെ പേര് ഉത്തരമായി നല്‍കിയത്.
ഓഗസ്റ്റ് ആറിനു നടന്ന ക്വിസ് മത്സരത്തില്‍ എല്‍പി വിദ്യാര്‍ഥികള്‍ക്കായുള്ള ചോദ്യാവലിയിലാണ് ചോദ്യം ഉള്‍പ്പെട്ടത്. സംഭവത്തില്‍ പ്രതിഷേധവുമായി മഞ്ചേശ്വരം എംഎല്‍എ എ.കെ.എം. അഷ്റഫ് രംഗത്തെത്തി.
ഇത് വ്യക്തമായ ആര്‍എസ്എസ് അജൻഡയുടെ ഭാഗമാണ്. സ്വാതന്ത്ര്യസമര ചരിത്രത്തെ അപമാനിക്കുന്നതിനു തുല്യമാണിത്. സർക്കാരിനെ അപമാനിക്കാൻ മനഃപൂര്‍വം തയാറാക്കിയതാണോ ഈ വിവാദ ചോദ്യാവലി എന്ന് സംശയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരം: ക്വിസില്‍ വിവാദമുണ്ടായ സാഹചര്യത്തില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാന്‍ നിർദേശം നൽകിയതാ യി വിദ്യാഭ്യാസമന്ത്രി എന്‍. ഷംസുദീന്‍. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്കാണ് നിര്‍ദേശം നല്‍കിയത്.
സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെയോ വിദ്യാഭ്യാസ വകുപ്പിന്റെയോ പ്രവര്‍ത്തന കലണ്ടറില്‍ തീരുമാനിക്കാത്ത പരിപാടിയാണിതെന്നും ഇതുപോലെ പ്രാദേശികമായി അനൗദ്യോഗികമായി ചോദ്യങ്ങള്‍ നിര്‍മിച്ച് മത്സരം നടത്താന്‍ വിദ്യാഭ്യാസവകുപ്പും സാമൂഹ്യശാസ്ത്ര ക്ലബ്ബും ആരെയും ചുമതലപ്പെട്ടുത്തിയിട്ടുമില്ലെന്നും മന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി ഉപയോഗപ്പെടുത്തുന്ന സ്ത്രീകൾക്കെതിരെയുള്ള അധിക്ഷേപ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ചു ഗതാഗത മന്ത്രി സി.പി. ജോൺ. സ്ത്രീകളെക്കുറിച്ചുള്ള പരാമർശം പാടില്ലായിരുന്നു. ആരെയും അടച്ചാക്ഷേപിക്കാൻ ഉദ്ദേശ്യമില്ലായിരുന്നെന്നും അദ്ദേഹം പ്രതികരിച്ചു.
തനിക്ക് അതിൽ ഈഗോ ഇല്ല, പറയുമ്പോൾ ശ്രദ്ധിക്കണമായിരുന്നു. പ്രിയദർശിനി സർക്കാരിന്റെ അഭിമാനപദ്ധതിയാണ്. അതിനെ നല്ല രീതിയിൽ മുന്നോട്ടുകൊണ്ടുപോകും. കേരളത്തിൽ ദാരിദ്ര്യം ഉണ്ടെന്നതു വസ്തതയാണ്. അതിനെ ഒന്നു ചുരുക്കാനാണ് പ്രിയദർശിനി ഉപയോഗപ്പെടുത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വൻ തുക ഫീസ് നൽകി മക്കളെ പഠിപ്പിക്കുന്നവർ സൗജന്യ യാത്രയ്ക്കായി ബസിൽ തള്ളിക്കയറുന്നു എന്ന മന്ത്രിയുടെ പ്രസ്താവനയാണ് വിവാദമായത്. മന്ത്രിയുടെ പ്രതികരണം കേരളത്തിലെ സ്ത്രീകളെയാകെ അപമാനിക്കുന്നതാണെന്നും, അദ്ദേഹം ഉടനടി മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടു പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
മന്ത്രിയുടേതു വെറുമൊരു നാക്കുപിഴയല്ലെന്നും ജനവിരുദ്ധനയ സമീപനമാണ് ഇതിലൂടെ പുറത്തുവന്നതെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ കുറ്റപ്പെടുത്തി. ശക്തീകരിക്കപ്പെട്ട മലയാളി സ്ത്രീ സമൂഹത്തിന്റെ ആത്മാഭിമാനത്തെയാണ് മന്ത്രി ചോദ്യം ചെയ്തതെന്ന് എം.വി. ഗോവിന്ദനും വിമർശിച്ചിരുന്നു. യുഡിഎഫിലും അതൃപ്തി ശക്തമായതിനു പിന്നാലെയാണ് മന്ത്രി ഖേദപ്രകടനവുമായി രംഗത്തെത്തിയത്.
Kerala
തിരുവനന്തപുരം: വിരുന്ന് വിവാദത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി വി.ഡി. സതീശന്. താനൊന്ന് ഭക്ഷണം കഴിച്ചുപോയെന്നും തെറ്റ് പറ്റിപ്പോയെന്നും സല്‍ക്കാരത്തിന് അല്ല പോയതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹീനമായ അപവാദപ്രചരണമാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
"അന്ന് രാവിലെ അഞ്ച് മുതല്‍ റവന്യൂ മന്ത്രിയെയും ചീഫ് സെക്രട്ടറിയെയും ജില്ലയിലെ ചാര്‍ജുള്ള മന്ത്രിമാരെയും കളക്ടര്‍മാരെയും എംഎല്‍എമാരെയും ബന്ധപ്പെട്ടു. വരേണ്ട ആവശ്യമുണ്ടോയെന്ന് ഞാന്‍ ചോദിച്ചു. ഇല്ലെന്ന് അവര്‍ പറഞ്ഞു.
ഉച്ചയ്ക്ക് ശേഷ് മൂന്നായപ്പോൾ ഞാന്‍ ഭക്ഷണം കഴിച്ചുപോയി. 2018ലും 2019ലും ദുരന്തമുണ്ടായപ്പോള്‍ അന്നത്തെ മുഖ്യമന്ത്രി നിരാഹാരമായിരുന്നു എന്ന് എനിക്ക് അറിയില്ലായിരുന്നു. ഞാനൊന്ന് ഭക്ഷണം കഴിച്ചുപോയി. അപവാദ പ്രചാരണമാണ് നടക്കുന്നത്. ഞാന്‍ ഭക്ഷണം കഴിക്കാന്‍ പാടില്ലേ, എന്തൊരു തെറ്റാണ്. ഭക്ഷണം കഴിച്ചു, തെറ്റ് പറ്റിപോയി. ഇനി മുതല്‍ ഭക്ഷണം കഴിക്കാതിരിക്കാം', മുഖ്യമന്ത്രി പറഞ്ഞു.
Kerala
മലപ്പുറം: പിഎംശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ ജോണ്‍ ബ്രിട്ടാസ് എംപിക്കു മന്ത്രി കെ.എം. ഷാജിയുടെ മറുപടി.
കരാര്‍ ഒപ്പുവച്ചതിനു പിന്നിലെ ഇടനിലക്കാരനും പാലവും ജോണ്‍ ബ്രിട്ടാസ് ആയിരുന്നുവെന്നു മന്ത്രി ആരോപിച്ചു. ഒപ്പുവച്ചിട്ട് യാതൊരു ഉളുപ്പുമില്ലാതെ സംസാരിക്കുന്ന ആളോട് രാഷ്ട്രീയം പറയാന്‍ താത്പര്യമില്ലെന്നും തന്റെ നിലപാടിനെ ചോദ്യം ചെയ്യാന്‍ ബ്രിട്ടാസ് ആയിട്ടില്ലെന്നും മന്ത്രി തുറന്നടിച്ചു.
മന്ത്രിസഭാ ഉപസമിതിയുടെ തീരുമാനം വന്നതിനു ശേഷം മാത്രമേ വിഷയത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ പറയാനാകൂവെന്നും മന്ത്രി വ്യക്തമാക്കി.
NRI
ബെർലിൻ: ജർമനിയിലെ കേന്ദ്ര ഭരണകൂടത്തിൽ ചാൻസലർ ഫ്രീഡ്രിഷ് മെർസിന്റെ മന്ത്രിസഭാ അഴിച്ചുപണിയുമായി ബന്ധപ്പെട്ട് രൂക്ഷമായ രാഷ്ട്രീയ നാടകങ്ങൾ.
ഗതാഗത മന്ത്രാലയത്തിൽ അനുഭവപ്പെടുന്ന അനിശ്ചിതത്വങ്ങൾക്കും അപമാനകരമായ സാഹചര്യങ്ങൾക്കും വിരാമമിടാൻ തന്ന സ്ഥാനത്തുനിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഗതാഗത മന്ത്രി പാട്രിക് ഷ്നൈഡർ ചാൻസലർക്ക് അപേക്ഷ നൽകി.
മന്ത്രിസഭയിൽ നിന്ന് നീക്കപ്പെടാൻ സാധ്യതയുള്ളവരുടെ പട്ടികയിൽ ഷ്നൈഡറുടെ പേരുണ്ടായിരുന്നെങ്കിലും വെള്ളിയാഴ്ച നടത്തിയ വാർത്താസമ്മേളനത്തിൽ ചാൻസലർ ഇത് സംബന്ധിച്ച് വ്യക്തത വരുത്തിയിരുന്നില്ല.
തുടർന്ന് ഉടലെടുത്ത ആശയക്കുഴപ്പങ്ങൾക്കിടയിലാണ് മന്ത്രിയുടെ ഈ നിർണായക നീക്കം.
വാർത്താവിനിമയത്തിലെ വലിയ പരാജയം: പാർട്ടിക്കുള്ളിൽ പ്രതിഷേധം
മന്ത്രിയുടെ പ്രതികരണം: വരും ദിവസങ്ങളിൽ ജോലി തുടരുന്നത് കൂടുതൽ അന്തസ്സില്ലാത്ത സ്ഥിതി സൃഷ്ടിക്കുമെന്നും, അതിനാൽ ആവശ്യമായ നിഗമനങ്ങളിൽ എത്തിച്ചേർന്ന് പദവിയൊഴിയാൻ സന്നദ്ധനാണെന്നും ജർമ്മൻ വാർത്താ ഏജൻസിയായ 'ഡിപിഎ'യ്ക്ക് നൽകിയ പ്രസ്താവനയിൽ ഷ്നൈഡർ വ്യക്തമാക്കി.
ചാൻസലർക്കെതിരെ വിമർശനം: ഷ്നൈഡറെ നീക്കാനുള്ള മെർസിന്റെ തീരുമാനത്തിനെതിരെ സ്വന്തം പാർട്ടിയായ സി.ഡി.യുവിൽ (CDU) നിന്ന് തന്നെ കടുത്ത എതിർപ്പ് ഉയർന്നിട്ടുണ്ട്.
ഷ്നൈഡറുടെ ജന്മനാടായ റൈൻലാന്റ്-പ്ഫാൾസിൽ (Rhineland-Palatinate) നിന്നുള്ള സി.ഡി.യു ജനപ്രതിനിധിയായ മിഷേൽ ലുഡ്വിഗ് ഇതിനെ "വാർത്താവിനിമയത്തിലെ വലിയ പരാജയം" എന്നാണ് വിശേഷിപ്പിച്ചത്.
കഠിനാധ്വാനിയായ ഒരു മന്ത്രിയെ എന്തിനാണ് നീക്കുന്നതെന്നോ, പകരം ആര് വരുമെന്നോ വ്യക്തതയില്ലാതെ മാറ്റിനിർത്തുന്നത് അപലപനീയമാണെന്ന് അദ്ദേഹം പറഞ്ഞു.
പുതിയ ഗതാഗത മന്ത്രിയായി സ്റ്റെഫൻ ബിൽഗർ
രാജ്യത്തെ തകർന്നുകൊണ്ടിരിക്കുന്ന റെയിൽവേ ശൃംഖലയെയും റോഡ് അടിസ്ഥാനസൗകര്യങ്ങളെയും ചൊല്ലി പൊതുജനങ്ങൾക്കിടയിലും ഭരണപക്ഷത്തും വൻ അമർഷം നിലനിൽക്കുന്നുണ്ട്.
അതേസമയം, മുൻ പാർലമെന്ററി ഗ്രൂപ്പ് നേതാവ് ജെൻസ് സ്പാനിന്റെ രാജിയോടെയാണ് ഭരണകക്ഷിയിൽ ആളുകളെ മാറ്റിയുള്ള അഴിച്ചുപണി ആരംഭിച്ചത്.
ഷ്നൈഡർക്ക് പകരം മുൻ പാർലമെന്ററി സ്റ്റേറ്റ് സെക്രട്ടറിയും നിയമജ്ഞനുമായ സ്റ്റെഫൻ ബിൽഗറെ പുതിയ ഗതാഗത മന്ത്രിയായി നിയോഗിക്കാൻ ചാൻസലർ തീരുമാനിച്ചിട്ടുണ്ട്.
National
ന്യൂഡൽഹി: ദേശീയ ഹോക്കി ടീമിന് ഇനി പുതിയ ജേഴ്സി. പരമ്പരാഗതമായ നീല ജേഴ്സി മാറ്റി ഇനി മുതൽ കാവി നിറത്തിലുള്ള ജേഴ്സിയായിരിക്കും ടീമംഗങ്ങൾ ധരിക്കുക.
പുതിയ ജേഴ്സിക്കായി മറ്റു പല നിറങ്ങളും പരിഗണിച്ചശേഷമാണ് കാവി തെരഞ്ഞെടുത്തതെന്ന് ഹോക്കി ഫെഡറേഷന് വ്യക്തമാക്കി. 2014 ലോകകപ്പില്‍ മഞ്ഞയായിരുന്നു ടീമിന്റെ ജേഴ്സിയുടെ നിറം. പിന്നീടത് നീലയാക്കി. ഇതിനു പിന്നാലെയാണ് ഇപ്പോൾ കാവി നിറത്തിലേക്കു മാറ്റിയിരിക്കുന്നത്.
നീല നിറം സ്വീകരിച്ചതോടെ അന്താരാഷ്ട്ര തലത്തിൽ ‘മെൻ ഇൻ ബ്ലൂ’ എന്ന പേരിൽ ഇന്ത്യൻ ടീമുകൾക്ക് തനതായ വ്യക്തിത്വം ലഭിച്ചിരുന്നു.
പതിറ്റാണ്ടുകളായി ഇന്ത്യൻ കായികരംഗത്തിന്റെ അടയാളമായ ‘ബ്ലൂ ടൈഗേഴ്സ്’ എന്ന പ്രതിച്ഛായ ഇല്ലാതാക്കാനാണു കേന്ദ്രസർക്കാരും കായികമന്ത്രാലയവും ശ്രമിക്കുന്നതെന്ന് ആരോപിച്ച് പ്രതിപക്ഷ പാർട്ടികളും കായിക പ്രേമികളും രംഗത്തെത്തി.
ജേഴ്സിയുടെ നിറം മാറ്റിയാലും അക്രമരാഹിത്യത്തിലും സത്യത്തിലും സാഹോദര്യത്തിലും വേരൂന്നിയതാണു രാജ്യത്തിന്റെ വ്യക്തിത്വമെന്നും ഈ മൂല്യങ്ങളെ എടുത്തുകളയാൻ കഴിയില്ലെന്നും കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി എംപി പാർലമെന്റ് സമുച്ചയത്തിൽ മാധ്യമങ്ങളോട് പറഞ്ഞു.
ജേഴ്സി നിറം മാറ്റുന്ന ഹോക്കി ഇന്ത്യയുടെ നീക്കം ലജ്ജിപ്പിക്കുന്നതാണെന്ന് ഇന്ത്യൻ പുരുഷ ഹോക്കി ടീം മുൻ ക്യാപ്റ്റൻ വിരേൻ റസ്ക്യൂന ആരോപിച്ചു.
National
ചണ്ഡിഗഡ്: പഞ്ചാബ് കോൺഗ്രസിലെ ആഭ്യന്തര തർക്കങ്ങൾ പരിഹരിക്കപ്പെട്ടെന്നും എല്ലാം ഭദ്രമാണെന്നും മുൻ മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി അവകാശപ്പെട്ട് ദിവസത്തിനുള്ളിൽ പാർട്ടിയിലെ ഭിന്നത വീണ്ടും പരസ്യമാകുന്നു.
ലോക്സഭയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തിയ പ്രസംഗത്തില്‍ പങ്കെടുക്കാതെ ചരൺജിത് സിംഗ് ചന്നി എംപി മാറിനിന്നതാണു പുതിയ വിവാദങ്ങൾക്ക് വഴി തുറന്നിരിക്കുന്നത്.
പഞ്ചാബിൽനിന്നുള്ള ഏഴ് കോൺഗ്രസ് എംപിമാരിൽ ചന്നി ഒഴികെ ആറുപേരും രാഹുലിന്റെ പ്രസംഗവേളയിൽ സഭയിലുണ്ടായിരുന്നു. എംപിമാർ ഉച്ചയ്ക്ക് 12 മുതൽ സഭയിൽ നിർബന്ധമായും ഉണ്ടാകണമെന്ന് അമൃത്്സർ എംപി ഗുർജീത് സിംഗ് ഔജ്ല വാട്സാപ്പ് വഴി സന്ദേശം കൈമാറിയിരുന്നെങ്കിലും ചന്നി ഇത് അവഗണിക്കുകയായിരുന്നു.
ലോക്സഭയിൽ രാഹുലിന്റെ പ്രസംഗം നടക്കുമ്പോൾ, ചന്നി പഞ്ചാബിലെ ഫരീദ്കോട്ടിൽ പ്രതിഷേധസമരത്തിലായിരുന്നു.
ഫാർമസി റിക്രൂട്ടമെന്റ് പരീക്ഷയിലെ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ആരോഗ്യ, വിദ്യാഭ്യാസ മന്ത്രിമാരുടെ രാജിയാവശ്യപ്പെട്ടായിരുന്നു സമരം.
അടുത്തിടെ, സംസ്ഥാന കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായി അമരീന്ദർ സിംഗ് രാജാവോറിങ്ങിനെ നിലനിർത്താനും ചന്നിയെ പ്രചാരണസമിതി അധ്യക്ഷനാക്കാനും ഹൈക്കമാൻഡ് തീരുമാനിച്ചിരുന്നു.
Movies
വിദ്യാർഥി പ്രക്ഷോഭത്തിനിടെ റീലുകൾ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവച്ച ജെൻ സി രീതിക്കെതിരേ നടിയും ബിജെപി എംപിയുമായ കങ്കണ റണൗത് രംഗത്ത്. വിദ്യാർഥി പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് വൈറലായ ദൃശ്യങ്ങളെ രൂക്ഷമായി നടി വിമർശിച്ചു.
പതിവ് സമരങ്ങളിൽനിന്നും പ്രതിഷേധങ്ങളിൽനിന്നും വ്യത്യസ്തമായിരുന്നു സിജെപിയുമായി ചേർന്ന് വിദ്യാർഥികൾ ജന്തർമന്തറിൽ നടത്തിയ പ്രതിഷേധം.
ജെൻ സി കിഡ്സ് അവരുടേതായ രീതിയിലാണ് സമരത്തെ സമീപിച്ചത്. അതിന്റെ ഭാഗമായി അവിടെ നടക്കുന്ന കാര്യങ്ങൾ രസകരമായി ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ റീലായി പങ്കിടുകയും ചെയ്തിരുന്നു. ചിരിയും ചിന്തയും ഉണർത്തുന്ന ഇത്തരം റീലുകളായിരുന്നു കഴിഞ്ഞ കുറച്ചുദിവസം സോഷ്യൽമീഡിയ ഭരിച്ചിരുന്നത്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് കങ്കണ പ്രതികരണവുമായി എത്തിയത്.
ആ വീഡിയോകൾ കണ്ടത് തന്നെ മാനസികമായി തളർത്തിയെന്നും റീലുകൾ കണ്ട് ഓക്കാനം വന്നുവെന്നുമാണ് കങ്കണ സോഷ്യൽ മീഡിയയിൽ കുറിച്ചത്. പ്രതിഷേധക്കാരുടെ ഭാഷയും പെരുമാറ്റവും വേഷവിധാനവും ഇന്ത്യയുടെ സാംസ്കാരിക മൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്നതല്ലെന്നും താരം കുറിച്ചു. ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവച്ച കുറിപ്പിലാണ് കങ്കണ പ്രതിഷേധ വീഡിയോകളെക്കുറിച്ചുള്ള തന്റെ പ്രതികരണം അറിയിച്ചത്.
എന്റെ ജീവിതത്തിൽ ഇത്രയധികം വിരൂപത ഒരിടത്തും കണ്ടിട്ടില്ല. ജെൻ സി പ്രതിഷേധങ്ങളുടെ റീലുകൾ കാണുമ്പോൾ തന്നെ ഛർദ്ദിയും ഓക്കാനവും വരും. അവർ സംസാരിക്കുന്ന രീതിയും ഉപയോഗിക്കുന്ന ഭാഷയും അത്യന്തം അരോചകമാണ്. ഓരോ ഫ്രെയിമും ഒരുപോലെ അസഹ്യവും താഴ്ന്ന നിലവാരത്തിലുള്ളതുമാണ്. ഇവരെ പ്രസവിക്കുകയും വളർത്തുകയും ചെയ്യുന്നത് ആരാണ്..?
ഇന്ത്യ വൈവിധ്യമാർന്ന സൗന്ദര്യമുള്ള ജനങ്ങളുടെയും ചാരുതയും സാംസ്കാരിക പാരമ്പര്യവും നിറഞ്ഞ നാടാണ്. നിങ്ങൾ സ്വയം പാറ്റകൾ എന്ന് വിളിക്കുന്നു. അതുപോലെ തന്നെയാണ് നിങ്ങളുടെ രൂപവും പെരുമാറ്റവും. അതിൽ യാതൊരു വിരോധാഭാസവുമില്ല. ലോകത്തിന് മുന്നിൽ നിങ്ങൾ പ്രദർശിപ്പിക്കുന്നത് മാലിന്യവും അഴുക്കും വിരൂപതയും മാത്രമാണ്. ഈ റീലുകൾ കണ്ടതോടെ ഞാൻ മാനസികമായി തളർന്നു. ഇനി കുറച്ച് ഡിജിറ്റൽ ഡിറ്റോക്സും മാനസിക ശാന്തിയും വേണം-എന്നാണ് നടി കുറിച്ചത്.
കങ്കണയുടെ ഈ പരാമർശങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവച്ചിട്ടുണ്ട്. നിരവധിപേർ അനുകൂലിച്ചും വിമർശിച്ചും രംഗത്തെത്തി കഴിഞ്ഞു. വിദ്യാർഥി പ്രക്ഷോഭത്തെക്കുറിച്ച് കങ്കണ പ്രതികരിക്കുന്നത് ഇതാദ്യമല്ല. പ്രതിഷേധങ്ങൾ പുരോഗമിച്ചിരുന്ന സമയത്തും സമരരീതികളെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള പ്രതികരണങ്ങൾ നടിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നു. തെരുവിലിറങ്ങി പ്രതിഷേധം നടത്തി സർക്കാരിനെ സമ്മർദത്തിലാക്കുന്നുവെന്ന തരത്തിലും കങ്കണയിൽ നിന്ന് വിമർശനം വന്നിരുന്നു.
ബോളിവുഡിൽനിന്ന് സൽമാൻ ഖാൻ, കരീന കപൂർ, പ്രിയങ്ക ചോപ്ര, ദിയ മിർസ, വിജയ് വർമ, ഹുമ ഖുറേഷി, ഭൂമി പെട്നേക്കർ, വീർ ദാസ് തുടങ്ങി നിരവധി താരങ്ങൾ വിവിധ രീതികളിൽ വിദ്യാർഥികൾക്ക് പിന്തുണ അറിയിച്ചിരുന്നു.
Kerala
തിരുവനന്തപുരം: അമ്മമാർ മകന്റെ ഭാര്യയ്ക്കു പരമ്പരാഗത ഭക്ഷണ രീതികൾ പകർന്നു നൽകണം എന്ന പരാമർശം സ്ത്രീവിരുദ്ധമെന്ന വിമര്‍ശനങ്ങള്‍ക്കിടെ വിശദീകരണവുമായി മുഖ്യമന്ത്രി വി.ഡി.സതീശന്. സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയിട്ടില്ലെന്നും വെറുതെ വിവാദമുണ്ടാക്കരുതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പെണ്മക്കള് എന്നല്ല മക്കള്‍ക്ക് അറിവ് പകര്‍ന്ന് നല്‍കണമെന്നാണ് പറഞ്ഞത്. പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം ഒരു ചടങ്ങിൽ സംസാരിക്കുന്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പാചകത്തെക്കുറിച്ചുള്ള പരാമർശം. കല ഉൾപ്പെടെ പരമ്പരാഗതമായ എല്ലാം നിലനിർത്തേണ്ടതാണ്. മുൻ തലമുറകൾ നമുക്കു പകർന്നു തന്നു. പക്ഷേ ഇന്ന് ആരും അടുത്ത തലമുറയ്ക്കു പകർന്നു നൽകുന്നില്ല.
താൻ ചില അമ്മമാരോടു പരാതി പറയും. ചില അമ്മമാർ പ്രത്യേക ഡിഷ് ഉണ്ടാക്കും. പക്ഷേ അവരുടെ മക്കൾക്കു അതു പകർന്നു കൊടുക്കുന്നില്ല. ആ മക്കൾക്കോ മകന്റെ ഭാര്യയായി വരുന്ന ആൾക്കെങ്കിലുമോ ആ ഭക്ഷണത്തിന്റെ പ്രത്യേകത പറഞ്ഞു കൊടുക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാൽ ലിംഗവ്യത്യാസമില്ലാതെ എല്ലാവരും പാചകം അറിഞ്ഞിരിക്കണമെന്നും മുഖ്യമന്ത്രിയുടേതു സ്ത്രീവിരുദ്ധ പരാമർശമായെന്നും വിമർശനം ഉയർന്നു.
Sports
ഡാലസ്: ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ സ്വിറ്റ്സർലൻഡിനെതിരായ മത്സരത്തിൽ അർജന്റീന നേടിയ വിജയത്തിന് പിന്നിൽ വാർ റഫറിയിംഗിലെ ഗുരുതര വീഴ്ചയെന്ന് അന്താരാഷ്ട്ര ഫുട്ബോൾ അസോസിയേഷൻ ബോർഡ് സ്വിസ് താരം ബ്രീൽ എംബോളോയ്ക്ക് രണ്ടാം മഞ്ഞക്കാർഡും തുടർന്ന് ചുവപ്പ് കാർഡും നൽകി പുറത്താക്കിയ റഫറിയുടെ തീരുമാനം പൂർണ്ണമായും തെറ്റായിരുന്നുവെന്ന് ഐഎഫ്എബി ഔദ്യോഗികമായി വ്യക്തമാക്കി.
മത്സരത്തിൽ സ്വിറ്റ്സർലൻഡ് ഒരു ഗോൾ മടക്കി മികച്ച തിരിച്ചുവരവ് നടത്തുന്നതിനിടെ 72-ാം മിനിറ്റിലാണ് വിവാദ സംഭവങ്ങൾ അരങ്ങേറിയത്. അർജന്റീനയുടെ ലിയാൻഡ്രോ പാരഡെസ് ഫൗൾ ചെയ്തതിനെ തുടർന്ന് എംബോളോ വീണപ്പോൾ റഫറി പാരഡെസിന് മഞ്ഞക്കാർഡ് കാണിച്ചു. എന്നാൽ പാരഡെസ് ഫൗൾ ചെയ്തിട്ടില്ലെന്ന് വാദിച്ചതിനെ തുടർന്ന് വിഎആർ ഇടപെടുകയും റഫറി മോണിറ്റർ പരിശോധിക്കുകയും ചെയ്തു. ഫൗൾ നടന്നിട്ടില്ലെന്ന് കണ്ടെത്തിയ റഫറി, തനിക്കെതിരെ 'ഡൈവിംഗ്' നടത്തി പറ്റിക്കാൻ ശ്രമിച്ചെന്നാരോപിച്ച് എംബോളോയ്ക്ക് രണ്ടാം മഞ്ഞക്കാർഡ് നൽകി പുറത്താക്കുകയായിരുന്നു.
എന്നാൽ, ഒരു ഫൗൾ നടന്നിട്ടുണ്ടോ ഇല്ലയോ എന്ന് പുനഃപരിശോധിച്ച് കാർഡ് തിരുത്താൻ വാർ സംവിധാനത്തിന്(VAR) അനുമതിയില്ലെന്ന് ഐഎഫ്എബി നിയമം വ്യക്തമാക്കുന്നു. റഫറി തെറ്റായ കളിക്കാരനാണ് കാർഡ് നൽകിയതെന്ന് ഉറപ്പുവരുത്തുന്ന 'മിസ്റ്റേക്കൺ ഐഡന്റിറ്റി' സന്ദർഭങ്ങളിൽ മാത്രമാണ് വാർ ഉപയോഗിക്കേണ്ടത്. നിയമം തെറ്റായി വ്യാഖ്യാനിച്ച് വാർ ഇടപെട്ടതാണ് എംബോളോയുടെ പുറത്താകലിലേക്ക് നയിച്ചത്.
പ്രധാന താരം പുറത്തായി 10 പേരായി ചുരുങ്ങിയ സ്വിറ്റ്സർലൻഡ്, അർജന്റീനയ്ക്കെതിരേ 3-1ന് തോൽക്കുകയായിരുന്നു. മത്സരത്തിലുടനീളം റഫറിയും വാറും അർജന്റീനയ്ക്ക് അനുകൂലമായി പ്രവർത്തിച്ചുവെന്ന് ആരോപിച്ച് സ്വിസ് ടീമും ആരാധകരും രംഗത്തെത്തിയിരുന്നു. ഐഎഫ്എബിയുടെ പുതിയ വെളിപ്പെടുത്തലോടെ അർജന്റീനയുടെ വിജയത്തിനുമേൽ വീണ്ടും വിവാദനിഴൽ വീണിരിക്കുകയാണ്.
Movies
തമിഴ്നാട് മുഖ്യമന്ത്രി വിജയ്യുമായുള്ള സൗഹൃദത്തിന്റെ പേരിൽ നടി തൃഷയ്ക്ക് നേരെ വീണ്ടും അധിക്ഷേപം. മുതിർന്ന എഐഡിഎംകെ നേതാവ് ആർ.ബി. ഉദയകുമാറാണ് ഇരുവരും തമ്മിലുള്ള സൗഹൃദത്തെ അധിക്ഷേപിച്ചെത്തിയത്.
മുഖ്യമന്ത്രിയെ കാണാൻ കഴിയുന്നത് തൃഷയ്ക്ക് മാത്രം. വൈകാതെ വിജയ്, തൃഷയെ ഉപമുഖ്യമന്ത്രി ആക്കും. രാത്രി 12 മണിക്ക് മുഖ്യമന്ത്രിക്കൊപ്പം കേക്ക് മുറിക്കാൻ വേറെ ആർക്ക് കഴിയുമെന്നും ഉദയകുമാർ ചോദിച്ചു.
ജന നായകൻ റിലീസ് ചെയ്ത ദിവസം സംസ്ഥാന സർക്കാർ അപ്രഖ്യാപിത അവധി നൽകിയെന്ന ആരോപണവുമായി ഉദയകുമാർ നേരത്തെയും രംഗത്ത് വന്നിരുന്നു. മുഖ്യമന്ത്രി മുതൽ മന്ത്രിമാർ വരെയുള്ള ഭരണനേതൃത്വം സിനിമ കാണുന്നതിനാണ് മുഴുവൻ ശ്രദ്ധ നൽകിയതെന്നും അദ്ദേഹം വിമർശിച്ചു.
മുഖ്യമന്ത്രി ഉൾപ്പെടെ മന്ത്രിമാർക്കും സംസ്ഥാനത്തിനാകെയും അപ്രഖ്യാപിത സർക്കാർ അവധി പ്രഖ്യാപിച്ചതു പോലുള്ള സാഹചര്യം തമിഴ്നാടിന്റെ ചരിത്രത്തിൽ ഇതുവരെ ഉണ്ടായിട്ടുണ്ടോയെന്നും മുഖ്യമന്ത്രി വിജയ്യെ അനുഗമിച്ച് മന്ത്രിമാരും എംഎൽഎമാരും ഉൾപ്പെടെയുള്ള ഭരണകക്ഷി നേതാക്കൾ റിലീസ് ദിനത്തിൽ തിയറ്ററുകളിലെത്തി സിനിമ കാണുകയും സെൽഫികൾ ഉൾപ്പെടെയുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തുവെന്നും അദ്ദേഹം ആരോപിച്ചു.
ആഴ്ചയിൽ ഒരിക്കൽ നടത്തേണ്ട പ്രധാന ഔദ്യോഗിക ചുമതലകൾ പോലും മുഖ്യമന്ത്രി അന്നേ ദിവസം മാറ്റിവെച്ചതായി ഉദയകുമാർ പറഞ്ഞു.
ഭരണനിർവഹണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം സർക്കാർ സിനിമ ആഘോഷിക്കുന്നതിലായിരുന്നു മുഴുവൻ ശ്രദ്ധയെന്നും അദ്ദേഹം വിമർശിച്ചു. റിലീസ് ദിനം ഉത്സവമായി ആഘോഷിക്കണമെന്ന മന്ത്രിയുടെ ആഹ്വാനത്തെയും അദ്ദേഹം പരിഹസിച്ചു.
സിനിമ റിലീസിനോടനുബന്ധിച്ച് ആരാധകരുടെ ആഘോഷങ്ങൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിച്ചുവെന്നും ഉദയകുമാർ ആരോപിച്ചു. കാവേരി ഡെൽറ്റയിലെ ജലസേചന പ്രശ്നം, കർണാടകയുമായുള്ള ജലവിതരണ തർക്കം, മേക്കേദാട്ടു അണക്കെട്ട് വിഷയം തുടങ്ങിയ ജനകീയ പ്രശ്നങ്ങളിൽ സർക്കാർ ഫലപ്രദമായി ഇടപെടുന്നില്ലെന്ന് അദ്ദേഹം വിമർശിച്ചു.
Movies
താരസംഘടനയായ "അമ്മ'യില്‍ ചേരിപ്പോരും അധികാര തര്‍ക്കവും തുടരുന്നതിനിടെ പ്രസിഡന്റ് ശ്വേത മേനോനെതിരേ പടയൊരുക്കം. "പെണ്മക്കള്' എന്ന വാട്സാപ്പ് ഗ്രൂപ്പിലാണ് ശ്വേത മേനോന് പ്രസിഡന്റ് സ്ഥാനത്ത് തുടരണോ, തെരഞ്ഞെടുപ്പ് വേണോ എന്നതില്‍ അഭിപ്രായ രൂപീകരണത്തിന് ശ്രമം തുടങ്ങിയിരിക്കുന്നത്.
ശ്വേതക്കെതിരേ ആരോപണങ്ങള്‍ ഉന്നയിച്ച് രംഗത്തെത്തിയ അന്‍സിബ ഹസന്, ഉഷ ഹസീന, മാലാ പര്‍വതി തുടങ്ങിയ നടിമാരടക്കം അംഗങ്ങളായ ഗ്രൂപ്പാണിത്. "അമ്മ' സംഘടനയിലെ സ്ത്രീകളുടെ കൂട്ടായ്മ എന്ന നിലയില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്താണ് ഈ ഗ്രൂപ്പ് രൂപീകരിച്ചത്. സംഘടനയിലെ തര്‍ക്കങ്ങളും വിരുദ്ധ നിലപാടുകളും വ്യക്തമാക്കുന്ന ഗ്രൂപ്പിലെ ചാറ്റിന്റെ സ്ക്രീന്‍ ഷോട്ടുകളാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
"അമ്മയുടെ പെണ്മക്കള്' എന്ന പേരില്‍ ആരംഭിച്ച വാട്സാപ്പ് ഗ്രൂപ്പ് പിന്നീട് പേരു മാറ്റിയാണ് വെറും "പെണ്മക്കള്' ആയി മാറിയത്. ശ്വേത മേനോനും ഈ ഗ്രൂപ്പില്‍ അംഗമായിരുന്നു. സംഘടനയിലെ പ്രശ്നം കടുത്തതോടെയാണ് ഈ ഗ്രൂപ്പില്‍ നിന്നും ശ്വേത ലെഫ്റ്റ് അടിച്ചത്.
സംഘടനയിലെ പ്രശ്നങ്ങള്‍ ഈ ഗ്രൂപ്പില്‍ ആദ്യം ചര്‍ച്ച ചെയ്തിരുന്നില്ലെങ്കിലും പിന്നീട് സജീവ ചര്‍ച്ചകളിലേക്ക് നീങ്ങുകയായിരുന്നു. ഗ്രൂപ്പ് തുടങ്ങിയ സമയത്ത് ഒഫീഷ്യല്‍ അല്ലാത്തതിനാല്‍ കുക്കു പരമേശ്വരന് അടക്കം നിരവധി സ്ത്രീ അംഗങ്ങള്‍ ലെഫറ്റ് അടിച്ചിരുന്നതായി നടി ഉഷ ഹസീന ഒരു അഭിമുഖത്തിനിടെ പറഞ്ഞിരുന്നു. ലെഫ്റ്റ് അടിച്ചു പോയ സ്ത്രീ അംഗങ്ങള്‍ എന്തിന് പെണ്ണുങ്ങള്‍ക്ക് അങ്ങനൊരു കൂട്ടായ്മ എന്ന് ചോദിച്ച് ഈ ഗ്രൂപ്പ് തകര്‍ക്കാന്‍ ശ്രമിച്ചിരുന്നതായും ഉഷ ഹസീന പറഞ്ഞിരുന്നു.
അതേസമയം, ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് ചര്‍ച്ച വിഷയമാക്കിയും സംഘടനയിലെ പവര്‍ ഗ്രൂപ്പിനെ കടന്നാക്രമിച്ചും ശ്വേത മേനോന് പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റ് അമ്മയിലെ പോര് വീണ്ടും ചൂടുപിടിപ്പിച്ചിട്ടുണ്ട്.
താന്‍ എക്സിക്യൂട്ടീവില്‍ ഉള്ളിടത്തോളം കാലം ഹേമാ കമ്മറ്റി റിപ്പോര്‍ട്ടിലെ ആരോപണവിധേയരായ ആരെയും സംഘടനയുടെ തലപ്പത്തേക്കു വരാന്‍ അനുവദിക്കില്ലെന്നും ശ്വേത പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു.
നിലവിലെ ഭരണസമിതിയുടെ നിലനില്‍പ്പും അഡ്ഹോക് സമിതിയുടെ നിയമസാധുതയും സംബന്ധിച്ച ചര്‍ച്ചകള്‍ തുടരുന്നതിനിടെ ചേരിപ്പോര് വീണ്ടും കടുത്തിരിക്കുകയാണ്.
Movies
സംവിധായകൻ സിബി മലയിലിന്റെ മകൻ ജോയ്ക്ക് എതിരെ പേളി മാണി നടത്തിയ പ്രതികരണം വിവാദമാകുന്നു.
‘പരാജയപ്പെട്ട സിനിമാക്കാരൻ’ എന്ന വിശേഷണത്തോടെയാണ് ജോയുടെ വിമർശനത്തിനെതിരെ പേളി രംഗത്തുവന്നത്.
വിഷയത്തിൽ പേളിക്കു മറുപടിയുമായി ജോയും രംഗത്തെത്തിയിട്ടുണ്ട്. ആ ‘പരാജയപ്പെട്ട സിനിമക്കാരൻ’ നട്ടെല്ലില്ലാത്ത ഒരു മകനെയായിരുന്നില്ല വളർത്തിയതെന്നും ഒരു ഭീരുവിനെയാണ് നിങ്ങളുടെ അച്ഛൻ വളർത്തി വലുതാക്കിയതെന്നും ജോ മറുപടിയിൽ പറയുന്നു.
പ്രക്ഷോഭങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചതിനൊപ്പം അക്രമ സംഭവങ്ങളിൽ നിന്ന് വിദ്യാർഥികൾ പിന്മാറണമെന്നും ജീവനാണ് പ്രധാനം എന്നും വ്യക്തമാക്കി പേളി പങ്കുവച്ച ദീർഘമായ കുറിപ്പാണ് ജോ അടക്കമുള്ള ഒരു വിഭാഗം ആളുകളെ പ്രകോപിപ്പിച്ചത്.
‘ഷെയിം ഓൺ യു’ എന്നായിരുന്നു പേളിയുടെ ഈ പോസ്റ്റിൽ ജോ കമന്റ് ചെയ്തത്. പേളിയുടെ നിലപാടിനെ വമിർശിച്ച് പിന്നീട് ജോ പോസ്റ്റ് ചെയ്ത കുറിപ്പിന് മറുപടിയെന്നോളം പേളി തന്റെ ഇൻസ്റ്റ്ഗ്രാമിൽ പങ്കുവച്ച സ്റ്റോറിയാണ് വലിയ ചർച്ചകൾക്കു വഴിവച്ചത്. അത്യന്തം അധിക്ഷേപകരമായാണ് പേളിയുടെ മറുപടി.
പേളിക്ക് മറുപടിയായി ജോ പറയുന്നത് ഇങ്ങനെയാണ്.
‘‘ഹേയ്, അമ്മ പോരാളി, ആ ‘പരാജയപ്പെട്ട സിനിമക്കാരൻ’ എന്റെ അച്ഛനാണ്. ആരോടാണ് കളിക്കുന്നതെന്ന് നന്നായി അറിഞ്ഞിരിക്കുന്നത് നല്ലതാണ്. എന്റെ 7 സ്ലൈഡുകൾ വായിക്കാൻ നിങ്ങൾക്ക് ഇത്ര മടിയുണ്ടായിരുന്നോ? 57 ലക്ഷം ഫോളോവേഴ്സ് നിങ്ങളുടെ അപൂർണ്ണമായ ആശയങ്ങൾ വായിക്കണമെന്ന് പ്രതീക്ഷിക്കുന്ന നിങ്ങൾക്ക്, ഏഴ് സ്ലൈഡുകൾ വായിക്കുന്നത് ഇത്ര വലിയ ഭാരമായി തോന്നുന്നുവോ? നിങ്ങൾ ഈ വിഷയം വ്യക്തിപരമാക്കിയ സ്ഥിതിക്ക് കളി തുടങ്ങാം.
ഒരു ഭീരുവിനെ വളർത്തിയ നിങ്ങളുടെ പിതാവിൽ നിന്ന് വ്യത്യസ്തമായി, ‘ആ പരാജയപ്പെട്ട ചലച്ചിത്രകാരൻ’ നട്ടെല്ലില്ലാത്ത ഒരു മകനെയല്ല വളർത്തിയത്. അദ്ദേഹത്തിന്റെ പേര് സിബി മലയിൽ എന്നാണ്. മുന്നോട്ടു വരൂ. നിങ്ങളുടെ കഴിവിന്റെ പരമാവധി കാണിക്ക്.
തെറ്റിദ്ധരിക്കപ്പെട്ട ഒരു കാര്യം ചൂണ്ടിക്കാണിക്കുന്നത് ഒരു മഹാഅപരാധമാണ് പോലും. ഒന്ന് ശ്രദ്ധിക്കൂ, ഭയമില്ലാത്തവരെ ആർക്കും അപമാനിക്കാൻ സാധിക്കില്ല. അതൊക്കെ പിന്നീട് പഠിക്കേണ്ട പാഠങ്ങളാണ്.
ഞാനൊരു തെറ്റാണ് ചൂണ്ടിക്കാണിച്ചത്. ഇതൊന്നും എന്റെ ജീവിതത്തിന്റെ ഭാഗമാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഞാനൊരു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ അല്ല. അവരെ ഫോളോ ചെയ്യാനോ അൺഫോളോ ചെയ്യാനോ ആഗ്രഹിക്കുന്നവർ സ്വന്തം ഇഷ്ടപ്രകാരം ചെയ്യുക.
അവർക്കെതിരെയുള്ള ഒരു വ്യക്തിപരമായ ആക്രമണങ്ങളെയും ഞാൻ പിന്തുണയ്ക്കില്ല. അതായിരുന്നില്ല എന്റെ ഉദ്ദേശ്യം. എന്നാൽ അസംബന്ധത്തെ അസംബന്ധമെന്ന് വിളിക്കുന്നത് ആളുകളെ പ്രകോപിപ്പിക്കുന്നുവെങ്കിൽ അങ്ങനെയാകട്ടെ. ഇനി കൂടുതലായി ഒന്നും പറയാനില്ല. എല്ലാവർക്കും ശുഭരാത്രി .
നമ്മുടെ പിന്തുണ ആവശ്യമുള്ളവർക്കുവേണ്ടി, എന്തുവന്നാലും ഒരുമിച്ച് കരുത്തോടെ നിൽക്കുക. പരസ്പരം സ്നേഹിക്കുക. പ്രളയത്തിലും മഹാമാരിയിലും നമ്മൾ പരസ്പരം താങ്ങും തണലുമായി ഒന്നിച്ച് നിന്നു. നമുക്കും ഇത് നമ്മുടെ മക്കൾക്കുവേണ്ടി തുടരാം. ജയ് ഹിന്ദ്. പി.എസ്: വ്യക്തിപരമായ ഏത് ആക്രമണങ്ങളെയും നിയമപരമായി നേരിടും.’’
സിബി മലയിലിനെ അധിക്ഷേപിച്ച് പേളി പങ്കു വച്ച പോസ്റ്റ് ഇങ്ങനെയാണ്. ‘‘എന്റെ പോസ്റ്റിനൊപ്പം ഒരു മുന്നറിയിപ്പ് നൽകേണ്ടിയിരുന്നു എന്ന് തോന്നുന്നു! അത് പലരെയും അസ്വസ്ഥരാക്കി.
അത് എത്രയധികം പേരെയാണ് പ്രകോപിപ്പിച്ചത്, എനിക്ക് സമാധാനവും സുരക്ഷിതത്വവും അഹിംസയുമാണ് വേണ്ടത്! ഇവരൊക്കെ ആരാണെന്നോർത്ത് എനിക്ക് ആകാംക്ഷ തോന്നുന്നു.
ഒരു പരാജയപ്പെട്ട സിനിമാക്കാരൻ എന്റെ നാല് പേജ് പോസ്റ്റിനെക്കുറിച്ച് ഇപ്പോൾ ഒരു പത്ത് പേജ് തിരക്കഥയെഴുതുന്നു. അതിനെ പരമാവധി വിഷലിപ്തമാക്കാൻ മുളകുപൊടിയും അജിനോമോട്ടോയും ചേർക്കുന്നു !
എന്റെ രണ്ട് കുട്ടികൾ ഇപ്പോൾ സുരക്ഷിതരാണോ എന്ന് ചിലർ പരിഹാസരൂപേണ ചോദിക്കുന്നുണ്ട്. അവർ പെൺകുട്ടികളാണെന്ന് എന്നെ ഓർമിപ്പിച്ചുകൊണ്ട്... അതെ, അവർ പെൺകുട്ടികളാണെന്ന് എനിക്കറിയാം.
അതുകൊണ്ടെന്താ ? ഓ ! എന്റെ പ്രസ്താവന മാറ്റാൻ എന്നെ ഭീഷണിപ്പെടുത്തുകയാണോ? അതിനായി ആദ്യം അവരുടെ ഈ അമ്മപോരാളിയെ തൊടണം. നിങ്ങൾ കളിക്കുന്നത് തെറ്റായ ആളോടാണ്. എനിക്ക് അഭിപ്രായ സ്വാതന്ത്ര്യം നൽകേണ്ട കാര്യം നിങ്ങൾക്കില്ല. അത് എനിക്കിപ്പോൾ തന്നെയുണ്ട്, ഞാൻ അത് ഉപയോഗിക്കുകയും ചെയ്യും! നിങ്ങളുടെ പതിവ് പാവയല്ല ഞാൻ. ഞാൻ പേളി മാണിയാണ്. അതെ! എന്റെ പ്രിയപ്പെട്ട നിറം കാവിയാണ്.’’–പേളി ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു.
Kerala
തിരുവനന്തപുരം: ദേശാഭിമാനി വാരാന്തപ്പതിപ്പുമായി ബന്ധപ്പെട്ടുണ്ടായ വിവാദം ഒഴിവാക്കേണ്ടതായിരുന്നൂവെന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്.
വിഎസിന്റെ ഒന്നാം ചരമവാർഷികവുമായി ബന്ധപ്പെട്ടുള്ള പ്രത്യേക പതിപ്പായതിനാൽ കൂടുതൽ ജാഗ്രത പുലർത്തേണ്ടിയിരുന്നു.
ദേശാഭിമാനിയിൽ മാത്രം ഒതുങ്ങേണ്ടിയിരുന്ന കാര്യം പുറത്തു മാധ്യമങ്ങൾക്കു എങ്ങനെ ലഭിച്ചൂവെന്നതു പരിശോധിക്കേണ്ടതാണെന്നും ഇന്നലെ ചേർന്ന പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റിൽ നേതാക്കൾ പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിയെ സംബന്ധിച്ചുള്ള കേന്ദ്ര കമ്മിറ്റി തയാറാക്കിയ റിപ്പോർട്ട് സംസ്ഥാന സെക്രട്ടേറിയറ്റ് പരിശോധിച്ചെങ്കിലും ഇന്നും നാളെയുമായി ചേരുന്ന സംസ്ഥാന സമിതി വിശദമായി ചർച്ച ചെയ്യും.
Kerala
തിരുവനന്തപുരം: ദേശാഭിമാനി വാരാന്തപ്പതിപ്പ് ലേഖന വിവാദത്തില്‍ നടപടി. ന്യൂസ് എഡിറ്റര്‍ കെ.ആര്. അജയനെ വാരാന്തപ്പതിപ്പ് ചുമതലയില്‍ നിന്ന് മാറ്റി. ടി. ചന്ദ്രമോഹനാണ് പകരം ചുമതല. പാര്‍ട്ടി നിര്‍ദേശം അനുസരിച്ചാണ് മാനേജ്മെന്റ് നടപടി.
അതേസമയം, സസ്പെന്ഷന് വേണമെന്ന തരത്തിലുള്ള ചര്‍ച്ചകളും സജീവമാണ്. വാരാന്തപ്പതിപ്പിലെ ഉള്ളടക്കം സംബന്ധിച്ച വിവരം പുറത്ത് വന്നതില്‍ അജയന് പങ്കുണ്ടെന്ന നിഗമനത്തിലാണ് മാനേജ്മെന്റ്.
കഴിഞ്ഞ ദിവസം വിശദീകരണം ആവശ്യപ്പെട്ട് കെ.ആര്. അജയന് പാര്‍ട്ടി നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ തന്റെ ഭാഗത്ത് ഒരു തെറ്റുമില്ലെന്നായിരുന്നു അജയന് നല്കിയ മറുപടി. വിവാദത്തിന് പിന്നാലെ വിഷയം പുറത്തുവന്നതില്‍ അജയന് പങ്കുണ്ടോ എന്ന് കണ്ടെത്താന്‍ ഓഫീസിലെ കമ്പ്യൂട്ടര്‍ അടക്കം പരിശോധിക്കാനാണ് നീക്കം.
കള്ളന് വിജയന് എന്ന ഫീച്ചര്‍ ഒഴിവാക്കണമെന്ന് അജയനോട് അതിന്റെ സോഫ്റ്റ് കോപ്പി കണ്ടപ്പോള്‍ തന്നെ നിര്‍ദേശിച്ചിരുന്നെന്നാണ് വിവരം. എന്നാല്‍ ആ ഫീച്ചര്‍ നല്‍കണമെന്നും അതില്‍ പാര്‍ട്ടി വിരുദ്ധമായി ഒന്നുമില്ലെന്നുമായിരുന്നു അജയന്റെ നിലപാട്. ഈ തര്‍ക്കം നിലനിന്നത് മൂലമാണ് മറ്റൊന്ന് ഉള്‍ക്കൊള്ളിച്ച് വാരാന്തപ്പതിപ്പ് പുറത്തിറക്കാന്‍ കഴിയാതിരുന്നത്. അതിന്റെ വാശിയില്‍ ഉള്ളടക്കത്തെക്കുറിച്ചുള്ള വിവരം അജയന് പുറത്തു വിട്ടതാണോ എന്നതിലാണ് അന്വേഷണം നടക്കുന്നത്.
അതേസമയം വാരാന്തപ്പതിപ്പ് വിവാദത്തില്‍ റസിഡന്റ് എഡിറ്റര്‍ എം. സ്വരാജ് നല്കിയ വിശദീകരണത്തെ തള്ളുന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. വാരാന്തപ്പതിപ്പ് അച്ചടിച്ചില്ല എന്നത് വസ്തുതയാണെന്നും സാങ്കേതിക പ്രശ്നം മൂലമാണ് അച്ചടിക്കാതിരുന്നതുമെന്നുമാണ് അദ്ദേഹം പറഞ്ഞിരുന്നത്.
വിഎസിന്റെ അനുസ്മരണം ഒഴിവാക്കി എന്ന ഹീനമായ വാര്‍ത്തയാണ് ചിലരൊക്കെ നല്‍കിയതെന്നും കള്ളന് വിജയന് എന്ന പേരില്‍ ഒരു ലേഖനം ദേശാഭിമാനിയില്‍ ഇല്ലെന്നും എം. സ്വരാജ് പറഞ്ഞിരുന്നു. എന്നാല്‍ സ്വരാജിന്റെ അവകാശവാദത്തിനെതിരെ നാടക പ്രവര്ത്തകന് വിജയന് തന്നെരംഗത്തെത്തി.
Kerala
കൊച്ചി: താരസംഘടനയായ 'അമ്മ'യിലെ അധികാര തര്‍ക്കങ്ങള്‍ക്കിടെ ശ്വേത മേനോന് ഭരണസമിതിയുടെ തുറന്ന കത്തും വിവാദത്തില്‍. കത്ത് നിയമവിരുദ്ധമാണെന്ന് ഒരു വിഭാഗം അംഗങ്ങള്‍. കത്ത് സംഘടനയുടെ ബൈലോയ്ക്ക് വിരുദ്ധമാണെന്നും ഇത് അമ്മയില്‍ പതിവില്ലെന്നും അംഗങ്ങള്‍ വിമര്‍ശിച്ചു.
സംഘടനയുടെ ഔദ്യോഗിക നിയമപ്രകാരം ഔദ്യോഗിക അറിയിപ്പുകള് ഇ-മെയില്‍ വഴിയാണ് അംഗങ്ങള്‍ക്ക് നല്‍കേണ്ടത്. എന്നാല്‍ പുതിയ കത്ത് അയച്ചിരിക്കുന്നത് വാട്സാപ്പ് വഴിയാണ്. അമ്മയുടെ ഔദ്യോഗിക ഫോണ്‍ നമ്പറില്‍ നിന്നാണ് കത്ത് അയച്ചിട്ടുള്ളതെങ്കിലും ആ ഫോണില്‍ സേവ് ചെയ്തിട്ടുള്ള അംഗങ്ങള്‍ക്ക് മാത്രമാണ് നിലവില്‍ സന്ദേശം ലഭിച്ചിട്ടുള്ളത്. നമ്പര്‍ സേവ് ചെയ്യാത്ത നിരവധി അംഗങ്ങള്‍ക്ക് കത്ത് ലഭ്യമാകാത്തത് സംഘടനയ്ക്കുള്ളില്‍ വലിയ ആശയക്കുഴപ്പത്തിന് കാരണമായിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് അനുഭവക്കുറവ് മൂലം പിഴവുകള്‍ ഉണ്ടായെന്നും അത് പരിഹരിച്ചു മുന്നോട്ടു പോകുമെന്നും വ്യക്തമാക്കി കത്ത് നല്‍കിയത്. എന്നാല്‍ സംഘടനയുടെ ബൈലോ പ്രകാരം ഇത്തരം മാപ്പപേക്ഷകളോ തുറന്ന കത്തുകളോ ഡിജിറ്റല്‍ മാധ്യമങ്ങള്‍ വഴി കൈമാറേണ്ടതില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത് ജനറല്‍ ബോഡി യോഗമാണ്. അത് ലംഘിച്ചു കൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത് എന്നാണ് വിമര്‍ശനം.
ജനറല്‍ ബോഡി യോഗത്തില്‍ വെച്ച് രാജി പ്രഖ്യാപിച്ച് ഇറങ്ങിപ്പോയ 17 അംഗ ഭരണസമിതിയിലെ എട്ടു പേരെ മാത്രം പങ്കെടുപ്പിച്ചാണ് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ചേര്‍ന്നത്. കേസ് കോടതിയിലായിരിക്കെ ശ്വേത മേനോന്റെ അധ്യക്ഷതയില്‍ ഭരണസമിതി യോഗം ചേര്‍ന്നത് നിയമത്തോടുള്ള വെല്ലുവിളിയാണെന്നും ആക്ഷേപമുണ്ട്.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി.സതീശനും കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നതിനിടെ കെഎസ്യുവിന്റെ പോരാട്ടവീര്യം ഓർമ്മിപ്പിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി. അന്തരിച്ച കോൺഗ്രസ് നേതാവ് പ്രഫുല്ല ചന്ദ്രന്റെ അനുസ്മരണവുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് കുറിപ്പിലാണ് കെഎസ്യുവിന്റെ പോരാട്ടവീര്യം കെ.സി ഓർമ്മിപ്പിച്ചത്.
മുഖ്യമന്ത്രിയുമായുള്ള തർക്കത്തിൽ കെഎസ്യു നേതൃത്വത്തിന് പിന്തുണ പ്രഖ്യാപിക്കുന്നതാണ് വേണുഗോപാലിന്റെ ഈ നീക്കമെന്നാണ് രാഷ്ട്രീയ വിലയിരുത്തൽ. ഗവൺമെന്റ് പ്ലീഡർമാരുടെ നിയമനത്തിൽ എബിവിപി, എസ്എഫ്ഐ പ്രവർത്തകരുണ്ടെന്ന കെഎസ്യുവിന്റെ പരസ്യ വിമർശനമാണ് നിലവിലെ തർക്കങ്ങൾക്ക് ആധാരം.
എന്നാൽ കെഎസ്യുവല്ല സർക്കാരാണ് പ്ലീഡർമാരെ നിയമിക്കുന്നതെന്ന നിലപാട് മുഖ്യമന്ത്രി വി.ഡി.സതീശൻ സ്വീകരിച്ചതോടെ ഭിന്നത പരസ്യമായി. എറണാകുളത്ത് നടന്ന ചടങ്ങിൽ ഇരുവരും മുഖാമുഖം കണ്ടെങ്കിലും അലോഷ്യസ് സേവ്യറിന് മുഖം കൊടുക്കാൻ മുഖ്യമന്ത്രി തയാറാകാതിരുന്നത് വലിയ വാർത്തയായിരുന്നു.
ഈ സംഭവവികാസങ്ങൾക്ക് തൊട്ടുപിന്നാലെയാണ് സ്വന്തം കെഎസ്യു പ്രവർത്തനകാലം അനുസ്മരിച്ചുകൊണ്ട് കെ.സി. വേണുഗോപാലിന്റെ കുറിപ്പ് പുറത്തുവന്നത്. പാർട്ടിയിൽ ആഭ്യന്തര തർക്കം പുകയുന്ന സാഹചര്യത്തിൽ എഐസിസി ജനറൽ സെക്രട്ടറിയുടെ ഫേസ്ബുക്ക് പോസ്റ്റ് വി.ഡി. സതീശനുള്ള മറുപടിയാണെന്ന ചർച്ചകളും അണികൾക്കിടയിൽ സജീവമായിട്ടുണ്ട്.
Kerala
തിരുവനന്തപുരം: കേരളത്തിൽ കപ്പൽ നിർമാണത്തിനായി ടാറ്റാ ഗ്രൂപ്പുമായി 10,000 കോടി രൂപയുടെ കരാർ ഉറപ്പിച്ചെന്ന വിവാദത്തിൽ വിശദീകരണവുമായി സംസ്ഥാന സർക്കാർ. മിഷൻ സമുദ്ര പദ്ധതിയിലൂടെ വരും വർഷങ്ങളിൽ സംസ്ഥാനം ലക്ഷ്യമിടുന്ന ആകെ നിക്ഷേപ സാധ്യതയാണ് ഈ തുകയെന്നും അല്ലാതെ ടാറ്റയുമായി മാത്രമുള്ള ഒറ്റ കരാറല്ലെന്നും സർക്കാർ പ്രസ്താവനയിൽ വ്യക്തമാക്കി.
കേരളത്തിൽ കപ്പൽ നിർമാണത്തിനായി നിലവിൽ നിക്ഷേപം നടത്തുന്നില്ലെന്നും മുഖ്യമന്ത്രിയുടെ പ്രസ്താവന കേട്ട് അമ്പരന്നുവെന്നും ടാറ്റാ ഗ്രൂപ്പ് വ്യക്തമാക്കിയതിന് പിന്നാലെയാണ് സർക്കാരിന്റെ ഈ തിരുത്ത്. മിഷന് സമുദ്രയുടെ ഭാഗമായി പ്രമുഖ കപ്പല്‍ നിര്‍മാണ-സമുദ്ര വ്യവസായ കേന്ദ്രമായി കേരളത്തെ വികസിപ്പിക്കുന്നതിനുള്ള സര്‍ക്കാരിന്റെ കാഴ്ചപ്പാടാണ് മുഖ്യമന്ത്രി അഭിമുഖത്തില്‍ പരാമര്‍ശിച്ചതെന്നാണ് സർക്കാരിന്റെ വാദം.
വിവിധ പദ്ധതികളിലൂടെയും നിക്ഷേപകരിലൂടെയും വരും വര്‍ഷങ്ങളില്‍ സംസ്ഥാനത്തേക്ക് ആകര്‍ഷിക്കാന്‍ സർക്കാർ ലക്ഷ്യമിടുന്ന ആകെ നിക്ഷേപത്തിന്റെ വ്യാപ്തിയെയാണ് ഈ തുകയിലൂടെ മുഖ്യമന്ത്രി സൂചിപ്പിച്ചത്. അല്ലാതെ ഏതെങ്കിലും ഒരു സ്ഥാപനവുമായി ഇത്രയും തുകയുടെ ഏക നിക്ഷേപ കരാര്‍ അന്തിമമായി ഉറപ്പിച്ചുവെന്നല്ല ഇതിനർത്ഥമെന്നും സർക്കാർ വ്യക്തമാക്കുന്നു.
മുഖ്യമന്ത്രി പ്രഖ്യാപിച്ച കപ്പൽ നിർമാണ പദ്ധതിയെപ്പറ്റി യാതൊരറിവുമില്ലെന്ന് വ്യക്തമാക്കി കഴിഞ്ഞ ദിവസമാണ് ടാറ്റാ ഗ്രൂപ്പ് രംഗത്തുവന്നത്. കേരളത്തിലെന്നല്ല, രാജ്യത്ത് ഒരിടത്തും കപ്പൽ നിർമാണ ശാലയ്ക്കായി നിലവിൽ നിക്ഷേപം നടത്തുന്നില്ലെന്ന് ടാറ്റാ ഗ്രൂപ്പ് വ്യക്തമാക്കിയിരുന്നു. 10,000 കോടിയുടെ നിക്ഷേപം നടത്താൻ തങ്ങൾ സന്നദ്ധത അറിയിച്ചിട്ടില്ലെന്നും കമ്പനി വൃത്തങ്ങൾ വ്യക്തമാക്കി.
Kerala
കോട്ടയം: എയ്ഡഡ് സ്കൂളുകളിലെ അധ്യാപക- അനധ്യാപക തസ്തികകളിലെ താത്കാലിക നിയമനം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയാക്കണമെന്ന് വിദ്യാഭ്യാസവകുപ്പ്. പൊതുവിദ്യാഭ്യാസ വകുപ്പിലെ റീജണൽ ഡപ്യൂട്ടി ഡയറക്ടറുടെ പേരിലാണ് സർക്കുലർ പുറത്തിറങ്ങിയിരിക്കുന്നത്. RDDHSE/443/2026-A1 നമ്പരായി കഴിഞ്ഞ പതിനഞ്ചിന് ഇറക്കിയ സർക്കുലറാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
ഇതു പ്രകാരം സർക്കാർ- എയ്ഡഡ് സ്കൂളുകളിൽ ഉണ്ടാകുന്ന താത്കാലിക, ദിവസവേതന ഒഴിവുകൾ സ്ഥാപനങ്ങൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ അറിയിച്ച് നികത്താനുള്ള നടപടി സ്വീകരിക്കണം. അധ്യയന വർഷം തുടങ്ങുന്നതിനു മുന്‍പു തന്നെ ഒഴിവുകൾ അറിയിക്കണമെന്നും ഉത്തരവിൽ പറയുന്നു. എല്ലാ സ്കൂൾ പ്രിൻസിപ്പൽമാർക്കുമായിട്ടാണ് സർക്കുലർ പുറപ്പെടുവിച്ചിരിക്കുന്നത്.
അതേസമയം, എയ്ഡഡ് മാനേജ്മെന്റിന്റെ നിയമനത്തിനുള്ള അധികാരത്തിന്മേലുള്ള കൈകടത്തലാണ് പുതിയ നിർദേശം എന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. സുപ്രീം കോടതി അടക്കം എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനത്തിനുള്ള അവകാശം അതതു മാനേജ്മെന്റുകൾക്കാണെന്നു പലവട്ടം ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ്. ഇതിനു വിരുദ്ധമായിട്ടാണ് ഇപ്പോൾ വിദ്യാഭ്യാസവകുപ്പ് നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്.
നിലവിൽ മാനേജ്മെന്റുകൾ തന്നെയാണ് താത്കാലിക നിയമനങ്ങൾ നടത്തുന്നത്. ഇതിനു തടയിടാനുള്ള നീക്കമാണ് സർക്കാർ നടത്തുന്നതെന്നാണ് ആക്ഷേപം. സർക്കാരിന്റെ നിയമവിരുദ്ധ നീക്കത്തിനെതിരേ കടുത്ത പ്രതിഷേധം ഉയരുമെന്ന സൂചനകൾ പുറത്തുവന്നുകഴിഞ്ഞു.
Movies
താരസംഘടനയായ അമ്മയിൽ നടക്കുന്ന പ്രശ്നങ്ങളിൽ രൂക്ഷവിമർശനവുമായി നടി കുളപ്പുള്ളി ലീല.
നേതൃത്വത്തില്‍ എപ്പോഴും ഒരു പുരുഷൻ വേണമെന്നും ആണിനും പെണ്ണിനും ഒരിക്കലും തുല്യ അവകാശം കൊടുക്കാൻ പാടില്ലെന്നും അവർ പറഞ്ഞു. ഒരിക്കലും പുരുഷനോളം ആകാൻ സ്ത്രീയ്ക്ക് പറ്റില്ലെന്നും പുതിയ പ്രസിഡന്റായി പൃഥിരാജ് വരണമെന്നും ലീല പറഞ്ഞു.
സിനിമാ കമ്പനി എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.
"ഞാൻ അമ്മയിൽ മെമ്പറാണ്. എനിക്ക് എല്ലാ മാസവും ഒന്നാം തിയതി അയ്യായിരം രൂപ കൈനീട്ടം കിട്ടുന്നുണ്ട്. അമ്മയിലെ ഇപ്പോഴത്തെ പ്രശ്നങ്ങളിൽ നമുക്കൊന്നും പറയാൻ പറ്റില്ല.
'ഓടും കൂലിയും'ഒരുപോലെയാണെന്ന് കേട്ടിട്ടില്ല. ഇനി ഞാനെന്തെങ്കിലും പറഞ്ഞിട്ട് വേണം വലിയ പ്രശ്നമാകാൻ. പക്ഷേ എനിക്ക് ഒരു അപേക്ഷയെ ഇവരോടെല്ലാം കൂടി പറയാനുള്ളൂ, ഈ സംഘടന പൊളിക്കരുത്. അത് നിലനിൽക്കണം.
ഞാനൊക്കെ അതു മാത്രം സ്വപ്നം കണ്ട് ജീവിക്കുന്നതാണ്. എന്നെക്കാളും പരാധീനതയുള്ളവർ ഈ സംഘടനയിലുണ്ട്. അവരുടെ ജീവിതമാർഗമാണിത്. വേറെ അസുഖമൊന്നും വന്നില്ലെങ്കിൽ ഈ കൈനീട്ടം മാത്രം മതി ഞങ്ങൾക്ക് ജീവിക്കാൻ. എല്ലാവരും കൂടി ഇത് കളയരുത്.
ഇന്ന് ഈ സംഘടനയിൽ കൂടുതലും ചെറുപ്പക്കാരാണ് ഉള്ളത്. തർക്കിക്കുന്നവരും തർക്കിക്കാത്തവരും എന്ന് തുടങ്ങി പലതരത്തിലുള്ള ആളുകളുണ്ട്. പക്ഷേ നിങ്ങളെല്ലാവരും കൂടി ഇതിനെ പൊളിക്കരുത്. ആ ഒരു അപേക്ഷ മാത്രമെ എനിക്കുള്ളൂ. അതിൽ കൂടുതൽ ഒന്നും പറയാനില്ല.
ഒരു കൊലപാതകത്തിന് സാക്ഷി പറഞ്ഞാൽ കൊന്നതിനെക്കാളും വലിയ കുറ്റമാകുന്ന കാലമാണിത്. അതുകൊണ്ട് പറഞ്ഞാലും കുറ്റമാകും. എനിക്ക് ഏക ആശ്രയമാണ് ഈ സംഘടന. ഇതിനെ മാത്രം ആശ്രയിക്കുന്ന ആയിരങ്ങളുടെ കാര്യമാണ് ഞാൻ പറയുന്നത്.
എന്ത് അന്തസായ രീതിയിൽ പോയിരുന്ന സംഘടനയാണിത്. ഒരു കുഴപ്പവും ഇല്ലായിരുന്നു. നാളിതുവരെ കൈനീട്ടം മുടങ്ങിയിട്ടില്ല. ആരോഗ്യ ഇൻഷുറൻസ് ഞങ്ങൾക്കുണ്ട്, അങ്ങനെ എല്ലാവിധ ആനുകൂല്യങ്ങളും മുടങ്ങാതെ കിട്ടും.
പുരുഷന്മാരാണാല്ലോ ആദ്യം ഈ സംഘടനയുടെ നേതൃത്വത്തിലുണ്ടായിരുന്നത്. അവർക്കെന്തായിരുന്നു കുഴപ്പം? അവരാണോ സംഘടന പൊളിച്ചത്. ഇപ്പോൾ പുരുഷന്മാർ വളരെ കുറവല്ലേ ഉള്ളത്. എന്തിനാണ് പുരുഷ മേധാവിത്വം എന്നൊക്കെയുള്ള വിവാദങ്ങൾ ഉണ്ടാക്കുന്നത്? ഞാനാരെയും കുറ്റപ്പെടുത്താനില്ല. വല്ലതും പറഞ്ഞാൽ നാളെ മുതൽ എന്റെ പുറത്താകും കുതിര കയറുക!
എനിക്ക് പലതും തുറന്ന് പറയാനുണ്ട്. ഞാൻ അതെല്ലാം മൂടിവച്ചിരിക്കുകയാണ്. ഇത്രയും വർഷമായിട്ടും ഞാനതെല്ലാം വേണ്ടെന്നു വച്ചതാണ്. നേതൃമാറ്റത്തെ കുറിച്ചും ഒന്നും പറയുന്നില്ല. മര്യാദയ്ക്ക് ഇത് മുന്നോട്ട് പോകട്ടെ, അത്രമാത്രം.
'അമ്മ' ഞങ്ങളുടെ മൊത്തം നിലനിൽപ്പാണ്, ആത്മാവാണ്. അതിനെ കളങ്കപ്പെടുത്താനില്ല. പിന്നെ ഇപ്പോൾ ഒട്ടും കളങ്കപ്പെട്ടിട്ടില്ലല്ലോ! പക്ഷേ ഞാനായി അതിന് മുതിരില്ല. 'അമ്മ'യിൽ ഇനി നേതൃമാറ്റം വരികയാണെങ്കിലും യുവക്കാളൊന്നും വന്നിട്ട് കാര്യമില്ല.
മമ്മൂട്ടിയും മോഹൻലാലും ഇന്നസെന്റും ഒന്നും യുവാക്കളായിരുന്നില്ലല്ലോ? എന്ത് മനോഹരമായിട്ടാണ് ആ കാലത്ത് അമ്മ പ്രവർത്തിച്ചത്. ഒരു കല്ലുകടിയും ഇല്ലായിരുന്നു. തിരഞ്ഞെടുപ്പ് സമയത്ത് ആരും മത്സരിക്കാൻ പോലും വരില്ലായിരുന്നു. അവർ തന്നെ എത്രകാലം നേതൃത്വം നൽകി.
എന്തിനും ഒരു മര്യാദ വേണം, നേതൃഗുണം വേണം. ആസിഫ് അലി, കുഞ്ചാക്കോ ബോബൻ, പൃഥിരാജ് എന്നിവരിൽ ആര് പ്രസിഡന്റ് ആകണമെന്ന് ചോദിച്ചാൽ ഞാൻ പൃഥിരാജെന്നെ പറയൂ. കാരണം പൃഥിയ്ക്ക് ആരെയും പേടിയില്ല. എന്തുവന്നാലും ഉള്ള കാര്യം അതുപോലെ പറയുന്നയാളാണ്. അഭിനയം പോലെ നല്ല സ്വഭാവത്തിനും ഉടമയാണ്.
കാർക്കശ്യ മനോഭവമുള്ള ആൾ വരണമെന്നാണെങ്കിൽ ഞാൻ ധ്യാൻ ശ്രീനിവാസനെ പിന്തുണയ്ക്കും. നിലവിലുള്ള ആരെയും മോശക്കാരാക്കി പറയുകയല്ല. ഇവരുമായി താരതമ്യം ചെയ്യുമ്പോൾ ഈ പറഞ്ഞവരാണ് അനുയോജ്യർ. ലാലേട്ടനും മമ്മൂട്ടിയും തിരിച്ചു വന്നാലും നല്ലതാണ്.
എപ്പോഴും നേതൃത്വത്തില്‍ ഒരു പുരുഷൻ വേണം. ആണിനും പെണ്ണിനും ഒരിക്കലും തുല്യ അവകാശം കൊടുക്കാൻ പാടില്ല. ഒരിക്കലും പുരുഷനോളം ആകാൻ സ്ത്രീയ്ക്ക് പറ്റില്ലെന്നാണ് ഞാൻ പറയുന്നത്.
മുഖത്ത് മീശ മുളച്ചവരാണ് പുരുഷന്മാർ! തല്ലാൻ പോലും മുഖത്ത് മീശയുണ്ടേൽ ഇറങ്ങിവാടാ എന്നല്ലേ പറയുന്നത്. അതേസമയം തുല്യത പറയുന്ന സ്ത്രീകൾ എന്തിനാണ് മുഖത്ത് ഒരു രോമം മുളച്ചാൽ ഉടനെ കളയാൻ നടക്കുന്നത്! ആണിന്റെ തുല്യാവകാശമാണ് വേണ്ടതെങ്കിൽ കളയാൻ നടക്കരുത്. അതേസമയം സ്ത്രീ പുരുഷന്റെ അടിമയുമല്ല. എന്നാൽ പുരുഷനെക്കാൾ ഒരുപടി താഴെയാണ് സ്ത്രീ. വനിതാ കമ്മീഷന് പോലെ പുരുഷ കമ്മീഷൻ വേണം. ഞാനതിനെ പിന്തുണയ്ക്കുന്ന ഒരാളാണ്.
Kerala
കൊച്ചി: കശുവണ്ടി കോര്പ്പറേഷന് അഴിമതിയിലെ വിവാദ പ്രോസിക്യൂഷന് ഉത്തരവില്‍ നിരുപാധികം മാപ്പ് ചോദിച്ച് കെ. ബിജു ഐഎഎസ്. ആദ്യ ഉത്തരവില്‍ തനിക്ക് വീഴ്ച സംഭവിച്ചിട്ടുണ്ട് എന്ന് സമ്മതിച്ചു കൊണ്ടാണ് മാപ്പപേക്ഷ സമര്‍പ്പിച്ചത്.
പ്രോസിക്യൂഷന് അനുമതി ഉത്തരവിലെ പരാമര്‍ശം അനുചിതമായിപ്പോയി. എല്ലാ പദപ്രയോഗങ്ങളും പിന്‍വലിക്കുന്നു. ഉത്തരവിലെ പരാമര്‍ശങ്ങള്‍ കോടതിക്ക് എതിരായതില്‍ ഖേദമുണ്ട്. ഉത്തരവില്‍ പിഴവ് ബോധ്യപ്പെട്ടതോടെ അത് പിന്‍വലിക്കുകയും പുതിയ ഉത്തരവിറക്കുകയും ചെയ്തുവെന്ന് ബിജു കോടതിയെ അറിയിച്ചു.
കഴിഞ്ഞ തവണ കേസ് പരിഗണിച്ച ഘട്ടത്തില്‍ അതിരൂക്ഷ വിമര്‍ശനമാണ് കെ. ബിജുവിനെതിരെ ജസ്റ്റീസ് എ. ബദറുദീന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് ഉയര്‍ത്തിയത്. നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുന്ന രീതിയിലുള്ള അതീവ ഗുരുതരമായ നടപടിയാണ് ഉദ്യോഗസ്ഥന്റെ ഭാഗത്തു നിന്നുണ്ടായതെന്നും ഉദ്യോഗസ്ഥന് ആ സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലെന്നും കോടതി വിമര്‍ശിച്ചിരുന്നു.
ഐഎന്‍ടിയുസി നേതാവ് ആര്. ചന്ദ്രശേഖരന് ഉള്‍പ്പെട്ട കശുവണ്ടി വികസന കോര്പ്പറേഷന് അഴിമതിക്കേസില്‍ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയുള്ള ആദ്യ ഉത്തരവില്‍ ഹൈക്കോടതി വിരുദ്ധ പരാമര്‍ശം ഉണ്ടായിരുന്നു. ഹൈക്കോടതിയുടെ സമ്മര്‍ദം മൂലം പ്രോസിക്യൂഷന് അനുമതി നല്‍കുന്നുവെന്നായിരുന്നു ആദ്യത്തെ ഉത്തരവിലുണ്ടായിരുന്നത്.
സര്‍ക്കാര്‍ ഉത്തരവ് ഔദ്യോഗികമായി പുറത്തുവരുന്നതിന് മുമ്പേ പ്രതികളുടെ കൈകളില്‍ എത്തിയതിനെയും കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ആര്. ചന്ദ്രശേഖരന് പത്രസമ്മേളനം നടത്തി ഉത്തരവിലെ കോടതിക്കെതിരെയുള്ള ഭാഗങ്ങള്‍ വായിച്ചത് ഗൗരവകരമായ കോടതി അലക്ഷ്യമായിട്ടാണ് കാണുന്നത്. പ്രതികളെ സഹായിക്കാന്‍ വേണ്ടിയാണ് ഇത്തരമൊരു ഉത്തരവ് ഇറക്കിയതെന്നും കോടതി സംശയിക്കുന്നുവെന്നും കോടതി നിരീക്ഷിച്ചിരുന്നു.
District News
നെടുമങ്ങാട്: പുതിയ വീടിന്റെ മതിൽ നിർമാണവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് യുവാവിനെ പരിക്കേൽപ്പിച്ച സംഭവത്തിൽ വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശിക്കെതിരേ പോലീസ് കേസെടുത്തു.
വെള്ളനാട് വെളിയന്നൂർ പള്ളിപ്പുറം അംബിാവിലാസത്തിൽ പ്രശാന്ത് (40) ആണ് പഞ്ചായത്ത് പ്രസിഡന്റെ മർദനമേറ്റ് കൈയ്ക്ക് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. വെള്ളനാട് ശശിക്കെതിരേ ആര്യനാട് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ഇന്നലെ പകൽ പതിനൊന്നരയോടെ വെള്ളനാട് കൂട്ടായണിമൂട്ടിലായിരുന്നു സംഭവം. ബന്ധുവായ അഭിലാഷ് നിർമിക്കുന്ന വീടിന്റെ കോമ്പൗണ്ടിൽ മതിൽ കെട്ടുന്ന പ്രവൃത്തികളുടെ മേൽനോട്ടം വഹിക്കുകയായിരുന്നു പ്രശാന്ത്. ഈ സമയത്ത് പഞ്ചായത്തിന്റെ ഔദ്യോഗിക വാഹനത്തിലെത്തിയ പ്രസിഡന്റ് വെള്ളനാട് ശശി, മതിൽ നിൽക്കുന്ന ഭാഗത്ത് പുറമ്പോക്ക് ഭൂമിയുണ്ടെന്നാരോപിച്ച് നിർമാണം തടസപ്പെടുത്തുകയും മതിൽ പൊളിച്ചുനീക്കാൻ ആവശ്യപ്പെടുകയുമായിരുന്നു.
മതിൽ പൊളിക്കാൻ കഴിയില്ലെന്നു പ്രശാന്ത് വ്യക്തമാക്കിയതോടെ പ്രകോപിതനായ വെള്ളനാട് ശശി അസഭ്യവർഷം നടത്തുകയും നിർമാണ പ്രവർത്തനങ്ങൾ തടയുകയുമായി രുന്നു. തുടർന്നു പ്രശാന്തിനെ അടിക്കുകയും കൈ പിടിച്ചു തിരിക്കുകയും ചെയ്തു. ഇതിനു പുറമെ ജെസിബി കൊണ്ടുവന്നു മതിൽ പൊളിക്കുമെന്നു ഭീഷണിപ്പെടുത്തുകയും ജോലിയിലുണ്ടായിരുന്ന തൊഴിലാളികളെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
പ്രസിഡന്റിന്റെ മർദനത്തെ തുടർന്ന് പ്രശാന്തിന്റെ വലതു തോൾ ഭാഗത്തെ എല്ലുകൾക്കു പൊട്ടൽ സംഭവിച്ചു. ഒരു അപകടത്തെ തുടർന്നു നേരത്തെ ഒടിവുണ്ടായിരുന്ന ഇതേ കൈയുടെ പ്ലാസ്റ്റർ മാറ്റി ഏതാനും മാസങ്ങൾ മാത്രമേ ആയിട്ടുള്ളൂ. കടുത്ത വേദനയെ തുടർന്നു പ്രശാന്തിനെ ഉടനടി വെള്ളനാട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിച്ചു.
പരിക്കിന്റെ സ്വഭാവം അതീവ ഗുരുതരമായതിനാൽ വിശദമായ പരിശോധനകൾക്കായി എംആർഐ സ്കാനിനും അടിയന്തിര ശസ്ത്രക്രിയയ് ക്കും ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്. ആശുപത്രി അധികൃതർ വിവരമറിയിച്ചതനുസരിച്ച് ആര്യനാട് സബ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ആശുപത്രിയിലെത്തി പ്രശാന്തിനന്റെ മൊഴി രേഖപ്പെടുത്തി.
പ്രസിഡനന്റ് അതിക്രമിച്ച് കയറി മാരകായുധം ഉപയോഗിച്ച് പരിക്കേൽപ്പിച്ചതിനും ഭീഷണിപ്പെടുത്തിയതിനും ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്. എന്നാൽ അനധികൃത നിർമാണം തടയുക മാത്രമാണു ചെയ്തതെന്നും തനിക്കെതിരേയുള്ള ആരോപണങ്ങൾ കള്ളമാണെന്നും വെള്ളനാട് ശശി പറഞ്ഞു .
Kerala
ആലപ്പുഴ: വർഗവഞ്ചകൻ പരാമർശത്തിൽ എം.വി. ഗോവിന്ദനെതിരെ ആഞ്ഞടിച്ച് ജി. സുധാകരൻ എംഎൽഎ. വർഗമെന്തെന്നോ വർഗവഞ്ചന എന്തെന്നോ ഗോവിന്ദന് അറിയില്ല. തെറ്റുപറ്റിയ സിപിഎം തിരുത്തണം.
പാർട്ടി നശിക്കട്ടെയെന്നു നിലപാടെടുക്കുന്ന ഗോവിന്ദനു സംസ്ഥാന സെക്രട്ടറിയായിരിക്കാൻ യോഗ്യതയില്ല. നേതൃസ്ഥാനത്ത് ഇരുന്നു പാർട്ടിക്കെതിരെ പ്രവർത്തിക്കുന്ന ഗോവിന്ദൻ രാജിവയ്ക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.
National
ശ്രീനഗര്‍: വിഘടനവാദി നേതാക്കളെയും ശിക്ഷിക്കപ്പെട്ട ഭീകരരെയും മഹാന്മാരായി ചിത്രീകരിച്ച പുസ്തകം സര്‍ക്കാര്‍-സ്കൂള്‍ ലൈബ്രറികളില്‍ വിതരണം ചെയ്ത ജമ്മു കാഷ്മീരിലെ ഒമര്‍ അബ്ദുള്ള സര്‍ക്കാര്‍ വിവാദത്തില്‍. ദേശസ്നേഹം പഠിപ്പിക്കുന്നതിനു പകരം രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുന്നവരെ മഹത്വവത്കരിക്കാന്‍ ശ്രമം നടക്കുകയാണെന്ന് പ്രതിപക്ഷമായ ബിജെപി ഉൾപ്പെടെ ആരോപിക്കുന്നു.
വിഘടനവാദി നേതാക്കളായ മഖ്ബൂല്‍ ഭട്ട്, സയ്യിദ് അലി ഷാ ഗിലാനി, മസ്രത് അലം, ഹുറിയത്ത് നേതാവ് മിര്‍വായിസ് ഉമര്‍ ഫാറൂഖ് എന്നിവരെയാണ് പ്രമുഖ വ്യക്തിത്വങ്ങളായി പുസ്തകത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്.
യുവാക്കളുടെ മനസിനെ മലിനപ്പെടുത്തുന്ന അക്കാദമിക് ജിഹാദ് എന്നാണ് ബിജെപി നേതാവും നിയമസഭാ പ്രതിപക്ഷനേതാവുമായ സുനില്‍ ശര്‍മ സംഭവത്തെ വിശേഷിപ്പിച്ചത്. വിദ്യാഭ്യാസമന്ത്രിയെ പുറത്താക്കാന്‍ മുഖ്യമന്ത്രി തയാറാകണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം പുസ്തകത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ ആളുകളെയും അറസ്റ്റ് ചെയ്യണമെന്നും നിര്‍ദേശിച്ചു.
പുസ്തകം കണ്ടിട്ടേയില്ലെന്നായിരുന്നു വിവാദത്തെക്കുറിച്ച് ഒമർ അബ്ദദുള്ളയുടെ പ്രതികരണം.
Kerala
തിരുവനന്തപുരം: വിമർശനങ്ങൾക്ക് പിന്നാലെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം. ഗവർണർ ഉത്തരവിൽ ഒപ്പിട്ടതോടെയാണ് നിയമനത്തിന് അംഗീകാരമായത്.
നേരത്തെ ശേഷാദ്രിനാഥന്റെ നിയമനത്തിൽ കെപിസിസിയിൽ നിന്നുപോലും ശക്തമായ എതിർപ്പ് ഉന്നയിച്ചിരുന്നു. കെപിസിസി ജനറൽ സെക്രട്ടറി പി.എം. നിയാസ് ശേഷാദ്രിനാഥന്റെ സംഘപരിവാർ ബന്ധം ചൂണ്ടിക്കാട്ടിയാണ് കടുത്ത എതിർപ്പുന്നയിച്ചിരുന്നത്.
ജില്ലാ ജഡ്ജിയായി വിരമിച്ച എന്‍. ശേഷാദ്രിനാഥന്റെ ബിജെപി അനുകൂല സമൂഹ്യമാധ്യമത്തിലെ പോസ്റ്റുകളടക്കം ചൂണ്ടിക്കാട്ടിയാണ് ആരോപണം ഉന്നയിച്ചിരുന്നത്. എന്നാൽ വിവാദത്തിന് പിന്നാലെ
പോസ്റ്റുകൾ നീക്കിയെന്നും നിയാസ് പറയുന്നു.
അതേസമയം, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി എൻ. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള തീരുമാനം തന്റെ അറിവോടെയാണെന്ന് തദ്ദേശ വകുപ്പ് മന്ത്രി കെ.എം. ഷാജി പ്രതികരിച്ചു.
Kerala
കൊല്ലം: വിവാദമായ ഭരണഘടനാപ്രസംഗം നടത്തുമ്പോള്‍ ഒറ്റുകാരന് തന്റെ കൂട്ടത്തിലുണ്ടെന്ന് അറിഞ്ഞില്ലെന്ന് സജി ചെറിയാന് എംഎല്‍എ. വെണ്മണിയില് ഗോവ മുന്‍ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളയുടെ പുസ്തകപ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയമം പഠിച്ചതുകൊണ്ട് എന്താണു പറയേണ്ടതെന്നറിയാം. പത്തനംതിട്ട മല്ലപ്പള്ളിയില്‍ രാഷ്ട്രീയയോഗത്തിലാണ് അന്നു പ്രസംഗിച്ചത്. അവിടെ പത്തോ നാല്‍പ്പതോ പേരേയുണ്ടായിരുന്നുള്ളൂ. പക്ഷേ, ഒറ്റുകാരനും അവിടെയുണ്ടായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.
അന്നു പ്രസംഗിച്ചതു നന്നായി. അതിനുശേഷം പലരും ഭരണഘടനാപുസ്തകം വാങ്ങി. ചിലര്‍ അതുയര്‍ത്തിക്കാട്ടി സത്യപ്രതിജ്ഞ ചെയ്തു. മറ്റാരെക്കാളും ഭരണഘടനയെ താന്‍ ഇഷ്ടപ്പെടുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
ഭരണഘടനയിലൂന്നിവേണം ജനാധിപത്യ-മതേതര സംവിധാനത്തെ നിലനിര്‍ത്താന്‍. അതിനു ശോഷണം വരരുത്. അതു വരാതിരിക്കാന്‍ അഭിപ്രായം പറയും. നാടന്‍ഭാഷയില്‍ വര്‍ത്തമാനം പറയുന്നത് സാഹിത്യം അറിയാത്തതു കൊണ്ടാണ്. താന്‍ സൈദ്ധാന്തികനല്ലെന്നും സജി ചെറിയാന് കൂട്ടിച്ചേർത്തു.
Kerala
മലപ്പുറം: മൂലം വള്ളംകളിക്ക് അവധി നൽകുന്നതുമായി ബന്ധപ്പെട്ട് നിയമസഭയിലുണ്ടായ വിവാദ പരാമർശത്തിൽ വിശദീകരണവുമായി മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. സഭയിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ നടത്തിയ പരാമർശം കുട്ടനാട് എംഎൽഎ റെജി ചെറിയാനുള്ള മറുപടിയല്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
മൂലം വള്ളംകളി ദിവസം അവധി നൽകണമെന്ന് റെജി ചെറിയാൻ എംഎൽഎ സഭയിൽ ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിക്കാമെന്ന് മുഖ്യമന്ത്രി മറുപടിയും നൽകി. എന്നാൽ ഈ മറുപടി നൽകിയ ശേഷം തിരികെ വന്നിരിക്കുന്നതിനിടെ ഒരു കാരണവശാലും കൊടുക്കില്ലെന്ന് മുഖ്യമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയോട് പറഞ്ഞത് മൈക്കിലൂടെ പുറത്തുവന്നിരുന്നു.
സംഭവത്തിൽ എംഎൽഎ തന്റെ പ്രതിഷേധവും അറിയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് കുഞ്ഞാലിക്കുട്ടി കാര്യങ്ങൾ വിശദീകരിച്ചത്. താനും മുഖ്യമന്ത്രിയും തമ്മിൽ നേരത്തെ മറ്റൊരു വിഷയം സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. അതിനിടയിലാണ് എംഎൽഎയുടെ ചോദ്യം വന്നത്. അപ്പോൾ മുഖ്യമന്ത്രി അതിന് മറുപടി കൊടുക്കുകയും, തുടർന്ന് തിരികെ വന്നിരുന്ന് തന്നോടുള്ള സംസാരം തുടരുകയുമാണുണ്ടായത്.
മുഖ്യമന്ത്രി പറഞ്ഞ ആ വാക്ക് കുട്ടനാട് എഎൽഎയെ ഉദ്ദേശിച്ചുള്ളതല്ലയെന്ന് തനിക്ക് നന്നായി അറിയാമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. അക്കാര്യത്തിൽ വേണമെങ്കിൽ ലോകത്തെ മുഴുവൻ പറ്റിക്കാം. പക്ഷേ കാര്യങ്ങൾ നേരിട്ട് ബോധ്യമുള്ള തന്നെ പറ്റിക്കാൻ ആകില്ലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.
National
വാരാണസി: ലോകത്തിലെ രണ്ടാമത്തെ വെജിറ്റേറിയൻ നഗരമാകാനൊരുങ്ങി വാരാണസി. നഗരത്തിന്റെ ആത്മീയാന്തരീക്ഷവും സാംസ്കാരിക പൈതൃകവും തീർഥാടകർക്കും വിനോദസഞ്ചാരികൾക്കും ഒരുപോലെ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് മുനിസിപ്പൽ കോർപറേഷന്റെ തീരുമാനം.
പദ്ധതിയുടെ ഭാഗമായി നഗരത്തിനുള്ളിൽ നിലവിൽ പ്രവർത്തിക്കുന്ന 400ലധികം മാംസ-മത്സ്യ വില്പന ശാലകൾ നഗരത്തിന്റെ അതിർത്തിപ്രദേശങ്ങളായ രാംനഗർ, സുജാബാദ്, ഗണേഷ്പുർ, അവാലേഷ്പുർ, ശിവ്പുർ എന്നിവിടങ്ങളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. കൂടാതെ, നവരാത്രി പോലുള്ള വിശേഷദിവസങ്ങളിൽ നഗരത്തിൽ മാംസവില്പന പൂർണമായും നിരോധിച്ചുകഴിഞ്ഞു.
കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ 250 മീറ്റർ ചുറ്റളവിൽ മാംസം, മദ്യം എന്നിവ വിൽക്കുന്നതും കഴിക്കുന്നതും കർശനമായി നിരോധിച്ചു. ഈ പരിധിയിലുണ്ടായിരുന്ന മാംസക്കടകൾ പൂർണമായും ഇവിടെനിന്നു മാറ്റിസ്ഥാപിച്ചിട്ടുണ്ട്. തീർഥാടകരെത്തുന്ന പ്രധാന സ്നാനഘട്ടുകളുടെയും ക്ഷേത്രങ്ങളുടെയും പരിസരങ്ങൾ പൂർണമായും വെജിറ്റേറിയൻ മേഖലകളാക്കി മാറ്റി.
നഗരത്തിലെ പ്രശസ്തമായ പല ഹോട്ടലുകളും റസ്റ്ററന്റുകളും ഇപ്പോൾ ഉള്ളിയും വെളുത്തുള്ളിയും പോലും ഒഴിവാക്കിയുള്ള ശുദ്ധമായ ‘സാത്വിക് ഭക്ഷണം’ വിളമ്പുന്നതിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. ചില പ്രമുഖ സ്ഥാപനങ്ങൾക്ക് ഇതിനായി ഔദ്യോഗിക ‘സാത്വിക് സർട്ടിഫിക്കറ്റും’ ലഭിച്ചുകഴിഞ്ഞു.
പുതിയ തീരുമാനം നഗരത്തിന്റെ ആത്മീയത നിലനിർത്താൻ സഹായിക്കുമെന്ന് ഒരുവിഭാഗം ആളുകൾ ചൂണ്ടിക്കാട്ടുമ്പോൾ തങ്ങളുടെ ഉപജീവനമാർഗത്തെ ബാധിക്കുമെന്ന ആശങ്കയിൽ വ്യാപാരികളിൽനിന്നു ശക്തമായ പ്രതിഷേധങ്ങളും ഉയരുന്നുണ്ട്.
ആദ്യത്തെ വെജിറ്റേറിയൻ നഗരം പാലിതാന
ലോകത്തിലെ ആദ്യത്തെ ഔദ്യോഗിക വെജിറ്റേറിയൻ നഗരമായി പ്രഖ്യാപിക്കപ്പെട്ടത് ഗുജറാത്തിലെ ഭാവ്നഗർ ജില്ലയിലുള്ള പാലിതാന നഗരമാണ്. ഈ മാതൃകയിലാണ് വാരാണസിയും പുതിയ മാറ്റങ്ങളിലേക്ക് ചുവടുവയ്ക്കുന്നത്.
ജൈനമതവിശ്വാസികളുടെ ഏറ്റവും പവിത്രമായ പുണ്യസ്ഥലങ്ങളിൽ ഒന്നായ ശത്രുഞ്ജയ കുന്നുകൾ സ്ഥിതിചെയ്യുന്നത് പാലിതാനയിലാണ്. ഇവിടെ എണ്ണൂറിലധികം ജൈനക്ഷേത്രങ്ങളുണ്ട്. അഹിംസ എന്ന ജൈനതത്വം കർശനമായി പാലിക്കണമെന്നും നഗരത്തിൽ മാംസവില്പനയും മൃഗബലിയും പൂർണമായി നിരോധിക്കണമെന്നും ആവശ്യപ്പെട്ട് ഇവിടുത്തെ ജൈനസന്യാസിമാർ നടത്തിയ നിരാഹാര സമരത്തെത്തുടർന്നാണ് നഗരം വെജിറ്റേറിയനായി പ്രഖ്യാപിക്കപ്പെട്ടത്.
2014ൽ ഗുജറാത്ത് സർക്കാർ പാലിതാന നഗരപരിധിയിൽ മാംസം, മുട്ട എന്നിവ വിൽക്കുന്നതും വാങ്ങുന്നതും മൃഗങ്ങളെ അറുക്കുന്നതും നിയമപരമായി പൂർണമായി നിരോധിച്ചു. ഇതോടെയാണ് പാലിതാന ലോകത്തിലെ ആദ്യത്തെ നിയമപരമായ മാംസമുക്ത നഗരമെന്ന ഖ്യാതി നേടിയത്.
Kerala
കൊച്ചി: തിരുവനന്തപുരം നഗരസഭയിലെ 20 ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞ അസാധുവെന്ന് ഹൈക്കോടതി. ദൈവങ്ങളുടെ പേരെടുത്ത് പറഞ്ഞുള്ള സത്യപ്രതിജ്ഞയാണ് അസാധുവാക്കിയത്.
ഇത് ചട്ടലംഘനമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇവർ നാലാഴ്ചയ്ക്കകം വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്ന് കോടതി വ്യക്തമാക്കി.
സിപിഎം കൗൺസിലർ എസ്.പി.ദീപക്കാണ് ദൈവങ്ങളുടെ പേരെടുത്ത് പറഞ്ഞുള്ള സത്യപ്രതിജ്ഞയ്ക്കെതിരേ കോടതിയെ സമീപിച്ചത്. ഈ കൗൺസിലർമാരുടെ അംഗത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി.
കേരള മുനിസിപ്പാലിറ്റി നിയമം 1994ന്റെ ലംഘനമാണുണ്ടായത്. ഇതനുസരിച്ച് ദൈവനാമത്തിലോ, സഗൗരവമോ ആവണം സത്യപ്രതിജ്ഞ ചെയ്യേണ്ടതെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. എന്നാൽ ബിജെപി കൗൺസിലർമാർ ഗുരുദേവ നാമത്തിൽ, ഉദിയന്നൂർ ദേവിയുടെ നാമത്തിൽ, കാവിലമ്മയുടെ നാമത്തിൽ, ഭഗവത് നാമത്തിൽ, ശ്രീപത്മനാഭസ്വാമിയുടെ നാമത്തിൽ, ഭാരതാംബയുടെ നാമത്തിൽ, പ്രസ്ഥാനത്തിലെ ബലിദാനികളുടെ പേരിൽ, ഭാരതമാതാവിന്റെ നാമത്തിൽ, തിരുവല്ലം പരശുരാമന്റെ നാമത്തിൽ, ആറ്റുകാൽ അമ്മയുടെ നാമത്തിൽ, ശ്രീ ഇരുംകുളങ്ങര ദുർഗ ഭഗവതിയുടെ നാമത്തിൽ, പത്മനാഭന്റെയും ശ്രീ മഹാവിഷ്ണുവിന്റെയും നാമത്തിൽ, ശ്രീകണ്ഠേശ്വരൻ അമ്മയപ്പൻ നാമത്തിൽ, അയ്യപ്പ നാമത്തിൽ, കാര്യവട്ടം ശ്രീധർമശാസ്താവിന്റെ നാമത്തിൽ എന്നിങ്ങനെയാണ് സത്യപ്രതിജ്ഞ ചെയ്തതെന്ന് ഹർജിയിൽ പറഞ്ഞിരുന്നു.
Kerala
കൊച്ചി: മലയാള സിനിമയിലെ താരസംഘടനയായ അമ്മയില്‍ അസാധാരണ പ്രതിസന്ധിയും കൂട്ടരാജിയും. വാര്‍ഷിക റിപ്പോര്‍ട്ടിലെ വരവ്-ചെലവ് കണക്കുകളെ ചൊല്ലി ജനറല്‍ ബോഡി യോഗത്തിലുണ്ടായ വന്‍ തര്‍ക്കങ്ങള്‍ക്കൊടുവില്‍ നിലവിലെ ഭരണസമിതി ഒന്നാകെ രാജിവച്ചു. അധികാരത്തിലേറി ഒരു വര്‍ഷം തികയുന്നതിന് മുമ്പാണ് സംഘടനയെ പിടിച്ചുകുലുക്കി ഭരണസമിതിയുടെ ഈ നാടകീയ പടിയിറക്കം. 2025 ഓഗസ്റ്റ് 15ന് ആയിരുന്നു വനിതകളുടെ നേതൃത്വത്തില്‍ പുതിയ ഭരണസമിതി എത്തിയത്.
ഇന്ന് രാവിലെ ആരംഭിച്ച ജനറല്‍ ബോഡി യോഗത്തില്‍ വാര്‍ഷിക റിപ്പോര്‍ട്ടും കണക്കുകളും അവതരിപ്പിച്ചതിന് പിന്നാലെയാണ് അപ്രതീക്ഷിത സംഭവവികാസങ്ങള്‍ അരങ്ങേറിയത്. ജനറല്‍ ബോഡി യോഗം തുടങ്ങി രാവിലെ മുതല്‍ ഉച്ച വരെ വാര്‍ഷിക റിപ്പോര്‍ട്ടും വരവ് ചെലവ് കണക്കുകളും പാസാക്കുന്നതിനെ ചൊല്ലി വന്‍ തര്‍ക്കവും നാടകീയ രംഗങ്ങളുമാണ് ഉടലെടുത്തത്. ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരന് അവതരിപ്പിച്ച വാര്‍ഷിക റിപ്പോര്‍ട്ടിലെ വരവ്-ചെലവ് കണക്കുകളില്‍ വ്യക്തതയില്ലെന്ന് ആരോപിച്ചാണ് യോഗത്തില്‍ ഭിന്നത ഉണ്ടായത്.
സിദ്ധിഖ്, ബാബുരാജ്, ഇടവേള ബാബു എന്നിവരടങ്ങുന്ന സംഘം വാര്‍ഷിക റിപ്പോര്‍ട്ടിലെ സാമ്പത്തിക കണക്കുകളില്‍ വലിയ അപാകതകളുണ്ടെന്ന് ചൂണ്ടിക്കാട്ടി രംഗത്തെത്തി. കൃത്യതയില്ലാത്ത റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ കഴിയില്ലെന്ന് കര്‍ശന നിലപാടെടുത്തു. പിഴവുകളുള്ള റിപ്പോര്‍ട്ട് പാസാക്കാന്‍ കഴിയില്ലെന്ന് രഞ്ജി പണിക്കരും വ്യക്തമാക്കിയതോടെ യോഗം കൂടുതല്‍ കലുഷിതമായി.
കണക്കുകളിലെ തര്‍ക്കം രൂക്ഷമായതോടെ, വിഷയം പഠിക്കാന്‍ 45 ദിവസത്തെ സമയം വേണമെന്ന് പ്രസിഡന്റ് ശ്വേത മേനോന് ആവശ്യപ്പെട്ടു. എന്നാല്‍ മറുഭാഗം വഴങ്ങാതിരുന്നതോടെ ശ്വേത സ്റ്റേജില്‍ കയറി വൈകാരികമായി രാജി പ്രഖ്യാപിക്കുകയായിരുന്നു. തനിക്ക് യാതൊരുവിധ രാഷ്ട്രീയവുമില്ലെന്നും, എന്നാല്‍ തന്നെ ബോധപൂര്‍വ്വം ബിജെപിക്കാരിയാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും കടുത്ത അമര്‍ഷത്തോടെ ശ്വേത യോഗത്തില്‍ വെളിപ്പെടുത്തി.
തുടര്‍ന്ന് സ്റ്റേജില്‍ നിന്നും ഇറങ്ങിപ്പോയ അവരെ ബാബുരാജിന്റെ നേതൃത്വത്തില്‍ മുതിര്‍ന്ന അംഗങ്ങള്‍ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വിഫലമായി. ഇതിന് പിന്നാലെയാണ് ഭരണസമിതി ഒന്നാകെ രാജി വച്ചതായ വിവരം പുറത്തുവന്നത്. അംഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം കൈവിട്ടുപോയതോടെ, മുന്‍ പ്രസിഡന്റ് കൂടിയായ മോഹന്‍ലാല്‍ വിഷയത്തില്‍ കൃത്യമായ നിലപാട് വ്യക്തമാക്കണമെന്ന് കെ.ബി. ഗണേഷ്കുമാര് ആവശ്യപ്പെട്ടു.
രാവിലെ യോഗം ഉദ്ഘാടനം ചെയ്ത മോഹന്‍ലാല്‍ ഇതിനോട് വളരെ വൈകാരികമായാണ് പ്രതികരിച്ചത്. വ്യക്തിപരമായ ഭിന്നതകള്‍ എന്തു തന്നെ ഉണ്ടായാലും ഈ സംഘടനയെ ഒരു തരത്തിലും തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ല എന്ന് മോഹന്‍ലാല്‍ പറഞ്ഞു. എന്നാല്‍ വാര്‍ഷിക റിപ്പോര്‍ട്ട് പാസാക്കാതെ നിലവിലെ ഭരണസമിതിക്ക് എങ്ങനെ മുന്നോട്ട് പോകാനാകും എന്ന ചോദ്യത്തില്‍ ഒരു വിഭാഗം ഉറച്ചു നിന്നതോടെയാണ് സംഘടനയ്ക്കുള്ളിലെ ഭിന്നതകള്‍ പൂര്‍ണ്ണമായി പുറത്തു വന്നതും ഭരണസമിതിയുടെ കൂട്ടരാജിയിലേക്ക് കാര്യങ്ങല്‍ എത്തിയതും.
അമ്മയുടെ ചരിത്രത്തില്‍ ഇത് ആദ്യമായല്ല ഭരണസമിതിയുടെ കൂട്ടരാജി നടക്കുന്നത്. മുമ്പ് മോഹന്‍ലാല്‍ പ്രസിഡന്റായിരുന്ന ഭരണസമിതിയും കൂട്ടഹോടെ രാജി വച്ചിരുന്നു. മലയാള സിനിമാ മേഖലയിലെ സ്ത്രീകളുടെ തൊഴില്‍ സാഹചര്യങ്ങളെ കുറിച്ചും അവര്‍ നേരിടുന്ന ചൂഷണങ്ങളെ കക്കുറിച്ചും പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെയുണ്ടായ വന്‍ കോളിളക്കങ്ങളാണ് അന്ന് രാജിയുടെ പ്രധാന കാരണം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെ, സംഘടനയുടെ സുപ്രധാന ഭാരവാഹികളായിരുന്ന സിദ്ധിഖ്, ബാബുരാജ്, മുകേഷ് ുടങ്ങിയ പ്രമുഖ നടന്മാര്ക്കെതിരെ സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ ഗുരുതരമായ ലൈംഗിക പീഡന ആരോപണങ്ങളുമായി രംഗത്തെത്തി.
ആരോപണവിധേയര്‍ നേതൃത്തില്‍ തുടരുന്നതിനെതിരെ പൊതുസമൂഹത്തില്‍ നിന്നും മാധ്യമങ്ങളില്‍ നിന്നും കടുത്ത വിമര്‍ശനങ്ങളുയര്‍ന്നു. ആരോപണവിധേയനായ സിദ്ധിഖ് ജനറല്‍ സെക്രട്ടറി സ്ഥാനം രാജി വച്ചതിന് പിന്നാലെ, സംഘടന നേരിട്ട കടുത്ത പ്രതിസന്ധിയുടെയും വിമര്‍ശനങ്ങളുടെയും പശ്ചാത്തലത്തില്‍ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള ഭരണസമിതി ഒന്നാകെ 2024ല്‍ രാജി വയ്ക്കുകയായിരുന്നു. പിന്നീട് സംഘടനാ തലപ്പത്ത് ആരുമുണ്ടായിരുന്നില്ല. തുടര്‍ന്നാണ് 2025ല്‍ ശ്വേത മേനോന് പ്രസിഡന്റ് ആയി പുതിയ ഭരണ സമിതി എത്തിയത്.
നീണ്ട 32 വര്‍ഷത്തിന് ശേഷം ആദ്യമായാണ് വനിതകള്‍ നേതൃത്വം നല്കിയ ഭരണസമിതി അമ്മയില്‍ ഉണ്ടായത്. ഈ ഭരണസമിതി വന്നതു മുതലുള്ള ആദ്യ എക്സിക്യൂട്ടീവ് യോഗത്തില്‍ തന്നെ പൊട്ടിത്തെറികള്‍ ആരംഭിച്ചിരുന്നു. സംഘടനയ്ക്കുള്ളിലെ തര്‍ക്കങ്ങളും വാട്സ്ആപ്പ് ചാറ്റുകളും മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതോടെ ചേരി തിരിഞ്ഞുള്ള പോര് നടന്നിരുന്നു. അമ്മയുടെ കുടുംബ സംഗമവുമായി ബ്ധപ്പെട്ട് വെണ്ണല ക്ഷേത്രത്തില്‍ നിന്നും സ്പോണ്‍സര്‍ഷിപ്പ് ഏറ്റെടുത്തത് വലിയ പൊട്ടിത്തെറിയിലേക്ക് നീങ്ങുകയായിരുന്നു. അന്‍സിബ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്നും രാജി വച്ചു.
ഇതിന് പിന്നാലെ അമ്മ ഓഫീസ് ജീവനക്കാരി അതുല്യ കുക്കു പരമേശ്വരനും ഉണ്ണി ശിവപാലിനുമെതിരെ പരാതിയുമായി എത്തി. അതുല്യയെ ഏകപക്ഷീയമായി പുറത്താക്കിയ നടപടി റദ്ദാക്കി ശ്വേത മേനോന് അവരെ സംഘടനയിലേക്ക് തിരിച്ചെടുത്തിരുന്നു. ഇക്കാര്യത്തില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അന്‍സിബ രാജി വച്ച വിവരം ശ്വേത പറഞ്ഞത്. ടിനി ടോമും ബാബുരാജും ശ്വേത മേനോനെതിരെ രംഗത്തെത്തുകയും ചെയ്തു. അമ്മയുടെ പ്രസിഡന്റ് വെറും സ്റ്റാമ്പ് ആയി മാറി എന്നടക്കം ടിനി ടോം വാര്‍ത്താസമ്മേളനത്തിനിടെ പറഞ്ഞിരുന്നു.
ഇതിന് പിന്നാലെയാണ് ടിനി ടോം ജിഹാദിയെന്ന് വിളിച്ചുവെന്ന ആരോപണങ്ങളുമായി അന്‍സിബ രംഗത്തെത്തിയത്. വര്‍ഗീയവാദിയാക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് ടിനി ടോമിനെതിരെ പരാതി നല്കി. മാനസികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് ലക്ഷ്മിപ്രിയക്കെതിരെയും തൃപ്പൂണിത്തുറ വനിത സെല്‍ എസ്ഐഐ രേഷ്മയ്ക്കെതിരെയും അന്‍സിബ മുഖ്യമന്ത്രിക്ക് പരാതി നല്കി. ചേരി തിരിഞ്ഞുള്ള പോര് രൂക്ഷായ സാഹചര്യത്തിലാണ് ഇന്ന് വാര്‍ഷിക പൊതുയോഗം നടന്നതും ഭരണസമിതി രാജിയിലേക്ക് നീങ്ങിയതും.
Kerala
കൊച്ചി: താരസംഘടനയായ "അമ്മ'യുടെ ജനറൽ ബോഡി യോഗത്തിൽ വൻ തർക്കമെന്ന് സൂചന. ഭരണസമിതി പിരിച്ചുവിടണമെന്നാണ് പലരുടെയും ആവശ്യം. ഭരണസമിതിക്കെതിരെ ഒരു വിഭാഗം അവിശ്വാസ പ്രമേയ രേഖ തയാറാക്കിയെന്നാണ് റിപ്പോർട്ട്.
നേതൃത്വം സംഘടനയ്ക്ക് അവമതിപ്പുണ്ടാക്കിയെന്നാണ് ആരോപണം. ഭരണസമിതി പൂർണമായും പരാജയപ്പെട്ടുവെന്നും ഭരണം താൽക്കാലിക സമിതിക്ക് കൈമാറണമെന്നുമാണ് അവിശ്വാസ പ്രമേയത്തിന്റെ കരട് രേഖയിലെ ആവശ്യം.
സംഘടനയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേറ്റുവെന്നും എല്ലാ വർഷവും നടത്താറുള്ള ഷോ എന്തുകൊണ്ട് ഇത്തവണ നടത്തിയില്ലെന്നും അംഗങ്ങൾ ചോദിച്ചു. കാക്കനാട് ചിറ്റിലപ്പിള്ളി സ്ക്വയറിലാണ് യോഗം.
National
ന്യൂഡൽഹി: സിന്ധു നദീതട സംസ്കാരത്തിന്റെ പ്രശസ്ത കലാസൃഷ്ടികളിൽ ഒന്നായ"ഡാൻസിംഗ് ഗേൾ’ പ്രതിമയുടെ ചിത്രം പരിഷ്കരിച്ച രൂപത്തിൽ ഒന്‍പതാം ക്ലാസ് പുസ്തകത്തിൽ അവതരിപ്പിച്ച എൻസിഇആർടിയുടെ നടപടി വിവാദത്തിൽ.
നഗ്നമായ യഥാർഥ ചിത്രത്തിനു പകരം വസ്ത്രം ധരിപ്പിച്ച രീതിയിലാണു ഡാൻസിംഗ് ഗേളിന്റെ വെങ്കല പ്രതിമയുടെ ചിത്രം ഒന്‍പതാം ക്ലാസിലെ കലയുമായി ബന്ധപ്പെട്ട പുതിയ പാഠപുസ്തകമായ "മധുരിമയിൽ’ ഹിസ്റ്ററി ഓഫ് ആർട്സ് എന്ന പാഠഭാഗത്തു പ്രത്യക്ഷപ്പെട്ടത്. എന്നാൽ, സമാന പ്രതിമയുടെ ചിത്രം എൻസിആർടിയുടെതന്നെ ആറാം ക്ലാസിലെ സാമൂഹികശാസ്ത്ര പുസ്തകത്തിൽ ഉപയോഗിച്ചിട്ടുണ്ടെങ്കിലും അതു യഥാർഥ രൂപത്തിലാണ്.
പ്രതിമയെ അതിന്റെ യഥാർഥ രൂപത്തിൽ അവതരിപ്പിക്കുന്നത് കുട്ടികൾക്ക് അനുയോജ്യമല്ലെന്ന വിക്ടോറിയൻ കാലഘട്ടത്തിലെ സങ്കുചിത ചിന്താഗതിയാണ് മാറ്റത്തിനു പിന്നിലെന്ന് എൻസിഇആർടിയുടെ ആറാം ക്ലാസ് പാഠപുസ്തക സമിതി അധ്യക്ഷൻ പ്രഫ. മിഷേൽ ഡാനിനോ വിമർശിച്ചു.
ചരിത്രപരമായ ഒരു പുരാവസ്തുവിനെ മാറ്റം വരുത്തി കാണിക്കുന്നത് വ്യാജനിർമിതിക്കു തുല്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഏകദേശം 4000 വർഷം പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന വെങ്കല പ്രതിമയുടെ ചിത്രം മാറ്റി അവതരിപ്പിച്ചതിൽ എൻസിആർടി ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
രാജ്യത്തെ നിയമസംവിധാനത്തെ സംബന്ധിച്ച പാഠഭാഗത്തിൽ എൻസിഇആർടിയുടെ ഒന്‍പതാം ക്ലാസ് പുസ്തകം നേരിട്ട വിവാദവും സുപ്രീംകോടതി ഇടപെടലും കെട്ടടങ്ങിയിട്ട് അധിക നാളാകുന്നതിനുമുന്പാണ് അടുത്ത വിവാദം.
Kerala
ന്യൂഡൽഹി: അക്കാദമിക് മികവും മതനിരപേക്ഷ ബോധ്യവും ജനാധിപത്യ സ്വഭാവവുമുള്ള കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയെ ആർഎസ്എസിന്റെ കൂടാരത്തിലേക്കു പറിച്ചുനടാൻ ശ്രമം തുടങ്ങിയിട്ട് കാലം കുറേയായെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി.
ഇതിനായി ആർഎസ്എസ് മേധാവിക്കു മുന്നിൽ ചൂട്ടുപിടിച്ചു വഴി കാണിച്ചുകൊടുക്കുന്നത് ഉന്നത വിദ്യാഭ്യാസ മേഖലയെ നിഷ്പക്ഷ, മതേതര നിലപാടിലേക്കു നയിക്കേണ്ടവർ തന്നെയാണെന്നത് ഈ നാടിന് അപമാനമാണ്. എക്കാലവും പ്രബുദ്ധ മലയാളികൾ എന്ന് അഭിമാനത്തോടെ പറയുന്ന നമുക്ക്, അപമാനമാണ് മൂന്നു സർവകലാശാലകളിലെ ഈ വൈസ് ചാൻസലർമാർ.
മൂവരും അടിയന്തരമായി ചെയ്യേണ്ടെന്ന കാര്യം, കപടതയുടെ അക്കാദമിക് കുപ്പായം അഴിച്ചുവച്ച്, ഗണവേഷം കെട്ടി കുറുവടിയുംകൊണ്ട് ആർഎസ്എസ് ശാഖകളിൽ ഗണഗീതം പാടി ശിഷ്ടകാലം ജീവിക്കലാണ്. ഈ നാടിന്റെ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളെ ഒറ്റുകൊടുക്കുകയും മതനിരപേക്ഷ ബോധ്യങ്ങളെ ബലി കഴിക്കുകയും ചെയ്ത ആർഎസ്എസ് ചിന്ത തലച്ചോറിൽ പേറുന്നവർ, മഹത്തായ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കാൻ ഒരു കണിക കൊണ്ടുപോലും യോഗ്യരല്ല.
സ്വയം രാജിവച്ച് ഗവർണറുടെ സംരക്ഷണയിൽനിന്ന് ആർഎസ്എസ് മേധാവിയുടെ തണലിലേക്കു ചേക്കേറുകയാണ് മൂവർക്കും നല്ലത്. അതല്ലെങ്കിൽ, ശക്തമായ രാഷ്ട്രബോധം ഉള്ളിൽപ്പേറുന്ന മതേതരവാദികളായ മനുഷ്യരുടെ പ്രതിഷേധം അനുഭവിക്കേണ്ടി വരും.
മോഹൻ ഭഗവതിനു മുന്നിൽ പഞ്ചപുച്ഛമടക്കി നിൽക്കുക എന്നതല്ല ഉന്നത പൈതൃകം പേറുന്ന സർവകലാശാലകളുടെ തലപ്പത്തിരിക്കാനുള്ള യോഗ്യത. മികച്ച അക്കാദമിക് പാരമ്പര്യവും മതനിരപേക്ഷ ബോധവും ജനാധിപത്യ വിശ്വാസവും ഭരണഘടനയോടുള്ള കൂറുമാണ് അതിന്റെ ആധാരശില എന്ന് ഓർക്കേണ്ടവർ ഓർക്കണം.
ആർഎസ്എസിന് കുഴലൂതുന്ന ഒരു സംസ്കാരത്തെ വളരാനോ വളർത്താനോ ഈ നാട് അനുവദിക്കില്ല. എന്തു വില കൊടുത്തും സംരക്ഷിക്കേണ്ടുന്ന ഭരണഘടനാ മൂല്യങ്ങളാണ് ഈ നാട് ഉള്ളിൽപ്പേറുന്നത്, അല്ലാതെ, വിഭജനത്തിന്റെ ബ്രിട്ടീഷ് പാരമ്പര്യമുള്ള കപട രാജ്യസ്നേഹികളുടെ ചോരയല്ലെന്നും കെസി ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
Kerala
തൃശൂർ: സ്ത്രീകൾക്കായി കെഎസ്ആർടിസി നടപ്പിലാക്കിയ 'പ്രിയദർശിനി' സൗജന്യ യാത്രാ പദ്ധതിയുടെ ഉദ്ഘാടന ദിവസം തന്നെ വനിതാ യാത്രക്കാരിൽനിന്ന് പണം വാങ്ങിയെന്ന് പരാതി. പദ്ധതി ഉദ്ഘാടനം ചെയ്തതിന് തൊട്ടുപിന്നാലെ ബസിൽ കയറിയ വിദ്യാർഥിനികളിൽ നിന്ന് ടിക്കറ്റ് നിരക്ക് ഈടാക്കിയതാണ് വിവാദമായത്
തൃശൂരിൽ നിന്ന് ചാലക്കുടിയിലേക്ക് പോയ ഓർഡിനറി ബസിലാണ് സംഭവം . ഇന്ന് രാവിലെ ഒന്‍പതിന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ് പദ്ധതി തൃശൂരിൽ ഫ്ളാഗ് ഓഫ് ചെയ്തത്. എന്നാൽ, 9:35-ന് ബസിൽ കയറിയ കൊരട്ടി സ്വദേശികളായ വിദ്യാർഥിനികളിൽ നിന്ന് കണ്ടക്ടർ പണം ഈടാക്കുകയായിരുന്നു. സൗജന്യ യാത്രയെക്കുറിച്ച് ചോദിച്ചപ്പോൾ 'സിസ്റ്റം അപ്ഡേറ്റ് ആയിട്ടില്ല' എന്ന സാങ്കേതിക കാരണമാണ് ജീവനക്കാർ നൽകിയത്.
എന്നാൽ സൗജന്യ യാത്ര ആരംഭിക്കുന്നത് കാത്ത് രാവിലെ എട്ടര മുതൽ തങ്ങൾ ബസ് സ്റ്റാൻഡിൽ നിൽക്കുകയായിരുന്നുവെന്ന് വിദ്യാർഥിനികൾ പറഞ്ഞു. ബസിൽ കയറിയപ്പോൾ തങ്ങൾക്ക് പൂച്ചെണ്ടും ലഡുവും നൽകി സ്വീകരിച്ചുവെങ്കിലും പണം ഈടാക്കിയ നടപടി അംഗീകരിക്കാനാവില്ലെന്ന് അവർ വ്യക്തമാക്കി.
തങ്ങൾ പരാതി അറിയിച്ചപ്പോൾ ബസിലുണ്ടായിരുന്ന ജനപ്രതിനിധികളും രാഷ്ട്രീയ പ്രവർത്തകരും അത് ഗൗനിക്കാതെ ഫോട്ടോ എടുക്കുന്നതിനും വീഡിയോ പകർത്തുന്നതിലുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചതെന്നും വിദ്യാർഥിനികൾ കുറ്റപ്പെടുത്തി.
Kerala
വടകര: കാഫിര്‍ സ്ക്രീന്‍ഷോട്ട് കേസില്‍ സിപിഎം നേതാവായ മുന്‍ എംഎല്‍എ കെ.കെ. ലതികയുടെ മൊഴിയെടുത്തേക്കും. സ്ക്രീന്‍ഷോട്ട് പങ്കുവച്ചവരെ ചോദ്യം ചെയ്യുമെന്നു പ്രത്യേക അന്വേഷണ സംഘം നേരത്തേ സൂചന നല്‍കിയിരുന്നു. സന്ദേശം പങ്കുവച്ചവരില്‍ ഒരാളാണ് കെ.കെ. ലതിക.
കഴിഞ്ഞ ദിവസമാണ് കാഫിര്‍ സ്ക്രീന്‍ഷോട്ട് കേസില്‍ സന്ദേശം പ്രചരിപ്പിച്ച മുന്നുപേരെ എസ്ഐടി ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തത്. ഡിവൈഎഫ്ഐ വടകര ബ്ലോക്ക് കമ്മിറ്റി മുന്‍ പ്രസിഡന്റ് റിബേഷ് രാമകൃഷ്ണന്, അമ്പാടിമുക്ക് സഖാക്കള്‍ ഫേസ്ബുക്ക് പേജ് അഡ്മിന് മനീഷ്, റെഡ് ബറ്റാലിയന് വാട്സാപ്പ് ഗ്രൂപ്പില്‍ സന്ദേശം പോസ്റ്റ് ചെയ്ത അമല്റാം എന്നിവരെയാണ് കൈംബ്രാഞ്ച് ഡിവൈഎസ്പി ടി. മനോഹരന്റെ നേതൃത്വത്തില്‍ ചോദ്യംചെയ്തത്.
ഇവര്‍ മൂന്നുപേരും കേസില്‍ സാക്ഷികളാണ്. മുമ്പ് ലോക്കല്‍ പോലീസ് ഇവരില്‍നിന്നു മൊഴിയെടുത്തിരുന്നു.
കെ.കെ. ലതികയുടെ ഫേസ്ബുക്ക് പേജിലും സ്ക്രീന്‍ഷോട്ട് പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കെ.കെ. ലതികയെയും ചോദ്യം ചെയ്യുമെന്ന സൂചനയുള്ളത്.
അതേസമയം എസ്ഐടി അന്വേഷണത്തിന്റ ഭാഗമായി തനിക്ക് നോട്ടീസൊന്നും കിട്ടിയിട്ടില്ലെന്ന് കെ.കെ. ലതിക വ്യക്തമാക്കി. നോട്ടീസ് ലഭിച്ചാല്‍ എന്താണെന്ന് പരിശോധിച്ച് പറയാമെന്നും അവര്‍ വ്യക്തമാക്കി.
Kerala
കോഴിക്കോട്: 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ വടകര മണ്ഡലത്തില്‍ ഏറെ കോളിളക്കമുണ്ടാക്കിയ "കാഫിര്‍ സ്ക്രീന്‍ ഷോട്ട്' വിവാദവുമായി ബന്ധപ്പെട്ട കേസ് എസ്ഐടി അന്വേഷിക്കും.
കോഴിക്കോട് റൂറല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുക. കണ്ണൂര്‍ റേഞ്ച് ഡിഐജി യതീഷ് ചന്ദ്ര അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കും. ആഭ്യന്തരവകുപ്പ് ഇതുസംബന്ധിച്ച് ഉത്തരവിറക്കി. വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കെതിരേ നടന്ന പ്രചാരണത്തെക്കുറിച്ചും പ്രത്യേക സംഘം അന്വേഷിക്കും.
കാഫിര്‍ സ്ക്രീന്‍ഷോട്ട് കേസില്‍ അന്വേഷണം ഊർജിതപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കുറ്റ്യാടി എംഎല്‍എ പാറയ്ക്കല്‍ അബ്ദുള്ള കത്ത് നല്‍കിയിരുന്നു. ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന്റെ ഉള്‍പ്പെടെയുള്ളവരുടെ ഫോണുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ തലേദിവസം വടകരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന കെ.കെ. ശൈലജയ്ക്കെതിരേ കാഫിര്‍ സ്ക്രീന്‍ ഷോട്ട് പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് പുനരന്വേഷണം.
നേരത്തേ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി നല്കിയ പരാതിയില്‍ എംഎസ്എഫ് നേതാവ് മുഹമ്മദ് കാസിമിനെതിരേ കേസെടുത്തെങ്കിലും പങ്ക് തെളിയിക്കാനായിരുന്നില്ല. പ്രതികളിലേക്ക് എത്താന്‍ കഴിഞ്ഞില്ലെന്ന് കാട്ടി അന്വേഷണം അവസാനിപ്പിക്കുന്നതായി പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു.
Kerala
തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തിൽ മന്ത്രി സണ്ണി ജോസഫിനെതിരേ നിയമസഭയിൽ രൂക്ഷവിമർശനമുയർത്തി പ്രതിപക്ഷം. എന്നാല്‍, വിഷയത്തിൽ മന്ത്രി മറുപടി പറഞ്ഞില്ല.
മന്ത്രിയുടെ സഹോദരീഭർത്താവ് ബെന്നി തോമസിനെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചതാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. കഴിഞ്ഞ 35 വർഷമായി ഉളിക്കൽ മേഖലയിലെ സജീവ കോൺഗ്രസ് പാർട്ടി പ്രവർത്തകനും ജനകീയ നേതാവുമാണ് ബെന്നി തോമസ്.
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്, 10 വർഷം ഉളിക്കൽ ഗ്രാമപഞ്ചായത്തിന്റെ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സണ്ണി ജോസഫിന്റെ ചീഫ് ഇലക്ഷൻ ഏജന്റായിരുന്നു. നിലവിൽ കണ്ണൂർ ഡിസിസി സെക്രട്ടറിയുമാണ് അദ്ദേഹം.
ബെന്നി തോമസിന്റെ നിയമനം ബന്ധുനിയമനമല്ല രാഷ്ട്രീയ നിയമനം മാത്രമാണെന്നാണ് മന്ത്രിയുടെ ഓഫീസിന്റെ പ്രതികരണം.
Kerala
കൊച്ചി: തര്‍ക്കങ്ങള്‍ തുടരവെ താരസംഘടനയായ 'അമ്മ'യുടെ എക്സിക്യൂട്ടീവ് യോഗം ആരംഭിച്ചു. ഇന്ന് രാവിലെ പത്തു മുതലാണ് അമ്മയുടെ യോഗം നടക്കുന്നത്. നടി അന്‍സിബ ഹസന് ലക്ഷ്മിപ്രിയക്കെതിരെയും ടിനി ടോമിനെതിരെയും പോലീസില്‍ നല്കിയ പരാതികളും സംഘടനയുടെ ഓഫീസ് ജീവനക്കാരി അതുല്യ നല്കിയ പരാതിയും യോഗത്തില്‍ ചര്‍ച്ചയാകും.
മുന്‍ ജോയിന്റ് സെക്രട്ടറിയായ അന്‍സിബ രാജി വച്ചതിന് പിന്നാലെയാണ് ടിനി ടോമിനെതിരെ പരാതി നല്‍കിയത്. ടിനി ടോം തന്നെ ജിഹാദി എന്ന് വിളിച്ചു, മതതീവ്രവാദിയാക്കാന്‍ ശ്രമിച്ചു, സൈബര്‍ ആക്രമണം നടത്തിയെന്ന് ആരോപിച്ച് ഇന്നലെയാണ് അന്‍സിബ പോലീസില്‍ പരാതി നല്‍കിയത്.
സംഘടനയുടെ വൈസ് പ്രസിഡന്റ് ആയ നടി ലക്ഷ്മിപ്രിയ തൃപ്പൂണിത്തുറയില്‍ നല്കിയ പരാതിയില്‍ തന്നെ പോലീസ് സ്റ്റേഷനില്‍ വിളിച്ചു വരുത്തി മോശമായി പെരുമാറി എന്നാണ് അന്‍സിബയുടെ രണ്ടാമത്തെ പരാതി. ഈ കേസില്‍ കഴിഞ്ഞ ദിവസം ലക്ഷ്മിപ്രിയ തൃക്കാക്കര എസിപി ഓഫീസിലെത്തി മൊഴി നല്‍കിയിരുന്നു.
അന്‍സിബയ്ക്കെതിരെ ഡിജിറ്റല്‍ തെളിവുണ്ട് എന്നാണ് ലക്ഷ്മിപ്രിയ മാധ്യമങ്ങളോട് പ്രതികരിച്ചത്. സംഘടനയില്‍ തന്റെ പരാതി കേള്‍ക്കാന്‍ മാലാ പാര്‍വതി, രമേശ് പിഷാരടി, ധ്യാന്‍ ശ്രീനിവാസന് എന്നിവര്‍ അടങ്ങുന്ന സമിതി രൂപീകരിക്കണമെന്ന് നടി ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ഇതില്‍ സംഘടന തീരുമാനമെടുത്തിരുന്നില്ല. നീന കുറുപ്പ്, ഉണ്ണി ശിവപാല്‍, കുക്കു പരമേശ്വരന് എന്നിവര്‍ക്കെതിരെയാണ് ഓഫീസ് ജീവനക്കാരി അതുല്യ പരാതി നല്‍കിയത്. തനിക്കെതിരെ വ്യാജ പ്രചാരണവും ഗൂഢാലോചനയും ഭീഷണിയും നടത്തിയെന്നാണ് വോയിസ് ക്ലിപ്പ് അടക്കമുള്ള തെളിവുകളോടെ അതുല്യ പരാതി നല്‍കിയത്.
District News
പയ്യാവൂർ: ബഡ്സ് സ്കൂളിൽ പ്രവേശനം നല്കാവുന്നത് മാനസിക വെല്ലുവിളി നേരിടുന്ന 18 വയസ് വരെയുള്ളവർക്ക് മാത്രമാണെന്നിരിക്കെ പയ്യാവൂർ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ബഡ്സ് സ്കൂളിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ചില രാഷ്ട്രീയ പാർട്ടികളുടെയും മറ്റും നേതൃത്വത്തിൽ ഉണ്ടാക്കുന്ന വിവാദം അടിസ്ഥാന രഹിതമാണെന്ന് പയ്യാവൂർ പഞ്ചായത്ത് പ്രസിഡന്റ് സിന്ധു ബെന്നി അറിയിച്ചു.
പയ്യാവൂരിലെ ബഡ്സ് സ്കൂളിന് രണ്ടുവർഷത്തെ താത്കാലിക അനുമതി മാത്രമാണ് ലഭിച്ചിരുന്നത്. പിന്നീട് സാമൂഹ്യനീതി വകുപ്പിന്റെ അനുമതി ലഭിക്കുന്നതിനായി ബന്ധപ്പെട്ടപ്പോൾ മതിയായ അടിസ്ഥാന സൗകര്യമില്ലെന്നും നിയമനുസൃതമായല്ല പ്രവർത്തിക്കുന്നതെന്നതിനാലും അനുമതി ലഭിച്ചിരുന്നില്ല. നിലവിൽ അനുമതി ലഭിക്കുന്നതിനാവശ്യമായ നടപടിക്രമങ്ങൾ ചെയ്തു വരികയാണ്.
18 വയസിന് മുകളിലുള്ള കുട്ടികളെ സ്കൂളിൽ പ്രവേശിപ്പിക്കാൻ പാടില്ല. അത്തരത്തിലുള്ളവർക്ക് വേണ്ടി ബഡ്സ് റിഹാബിലിറ്റേഷൻ സെന്ററാണ് (ബിആർസി) പ്രവർത്തിക്കേണ്ടത്. നിലവിൽ ബിആർസി പ്രവർത്തിക്കുന്നതിന് പയ്യാവൂർ പഞ്ചായത്തിന് അനുമതി ലഭിച്ചിട്ടില്ല. ആവശ്യത്തിനുള്ള കെട്ടിടങ്ങൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളും നിലവിലില്ല.
മുൻകാലങ്ങളിൽ ബഡ്സ് വിദ്യാർഥികളെയും ബിആർസിയിലെ പരിശീലനാർഥികളെയും ഒന്നിച്ചിരുത്തിയാണ് ബഡ്സ് സ്കൂൾ പ്രവർത്തിച്ചിരുന്നത്. ഇത് നിലവിലെ നിയമങ്ങൾക്കും സർക്കാർ മാനദണ്ഡങ്ങൾക്കും എതിരാണ്. അതിനാൽ, സർക്കാർ മാർഗനിർദേശ പ്രകാരമുള്ള ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയാണ് ബിആർസി പ്രവർത്തിപ്പിക്കേണ്ടത്. അതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളൊരുക്കാൻ പഞ്ചായത്ത് സന്നദ്ധവുമാണ്.
ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി സർക്കാർ അനുമതിയോടെ ബിആർസിയുടെ പ്രവർത്തനം തുടങ്ങണമെന്നുതന്നെയാണ് പഞ്ചായത്ത് ലക്ഷ്യമാക്കുന്നത്. അതിനാവശ്യമായ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
മറ്റു യാത്രാ ചെലവും മറ്റും അതാതു പഞ്ചായത്തുകൾ വഹിക്കുമെങ്കിൽ അവിടെയുള്ള കുട്ടികൾക്കും സ്കൂളിൽ പ്രവേശനം നൽകുമെന്ന് ബന്ധപ്പെട്ട പഞ്ചായത്ത് അധികൃതരെ അറിയിച്ചിട്ടുണ്ട്.
നിലവിൽ ബഡ്സ് സ്കൂളിൽ 10 കുട്ടികളാണ് അഡ്മിഷൻ എടുത്തിട്ടുള്ളത്. ഇത്രയും കുട്ടികൾക്ക് ഒരു അധ്യാപികയുടെയും ഒരു ആയയുടെയും സേവനം മതിയാവും എന്നുള്ളതു കൊണ്ടാണ് എല്ലാ ജീവനക്കാരുടെയും കരാർ പുതുക്കാതിരുന്നത്. ഒരു അധ്യാപികയുടെ കരാർ പുതുക്കിയിട്ടുണ്ട്.
ബഡ്സ് മാർഗരേഖ പ്രകാരം കുട്ടികളുടെ അമ്മമാരിൽ നിന്നാണ് ആയ, പാചക തൊഴിലാളി എന്നിവരെ നിയമിക്കേണ്ടത്. അതിനായി നിലവിലെ സ്കൂൾ വിദ്യാർഥികളുടെ അമ്മമാരിൽ നിന്ന് അഭിമുഖം നടത്തി നിയമനം നടത്താൻ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചിട്ടുണ്ടെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
Sports
ന്യൂഡൽഹി: തുടർച്ചയായ രണ്ടാം മത്സരത്തിലും ഹിറ്റ് വിക്കറ്റ് ആയതോടെ ഗുജറാത്ത് ടൈറ്റൻസ് താരം സായി സുദർശനെതിരെ ഒത്തുകളി ആരോപണവുമായി ഒരു വിഭാഗം ആരോധകർ. രാജസ്ഥാനെതിരായ ഐപിഎൽ രണ്ടാം ക്വാളിഫയറിലാണ് താരം തുടർച്ചയായ രണ്ടാം തവണ ഹിറ്റ് വിക്കറ്റ് ആയത്.
സമാനരീതിയിൽ നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബെംഗളുരുവിനെതിരെയും സായ് ഹിറ്റ് വിക്കറ്റായിരുന്നു. ഇതോടെ രണ്ട് നിർണായക മത്സരങ്ങളിൽ തുടരെ ഒരേ രീതിയിൽ പുറത്തായെന്ന നാണക്കേടും താരത്തിന്റെ പേരിലായി.
രാജസ്ഥാനെതിരെ മികച്ച പ്രകടനത്തോടെ 32 പന്തിൽ നിന്ന് 58 റൺസ് നേടി അർധസെഞ്ചുറിയോടെ തിളങ്ങി നിൽക്കവെയായിരുന്നു താരത്തിന്റെ ഈ അത്യപൂർവ്വ പുറത്താകല്‍. താരത്തിന്റെ പുറത്താക്കളിൽ നിരാശയോടെ തലകുനിച്ചിരുന്ന ജിടി നായകൻ ശുഭ്മൻ ഗില്ലിനെയും അടുത്ത് കാണാമായിരുന്നു.
രാജസ്ഥാൻ ബൗളർ ബ്രിജേഷ് ശര്‍മ എറിഞ്ഞ പന്ത് ഷോട്ടിന് ശ്രമിച്ച സായിയുടെ ബാറ്റില്‍ തട്ടി പന്ത് തേര്‍ഡ് മാന്‍ ബൗണ്ടറി കടന്നെങ്കിലും കൈയില്‍ നിന്ന് ബാറ്റ് വഴുതി സ്റ്റംപില്‍ വീഴുകയായിരുന്നു. മത്സരത്തിൽ ഗുജറാത്തിനായി മികച്ച തുടക്കം നൽകിയ നായകൻ ശുഭ്മൻ ഗിൽ - സായ് സുദർശൻ ഓപ്പണിംഗ് കൂട്ടുകെട്ടിൽ തന്നെയാണ് ഗുജറാത്തിന്റെ ഫൈനൽ പോരാട്ടത്തിലേയും പ്രതീക്ഷ.
ഞായറാഴ്ച (മെയ് 31) നിലവിലെ കിരീട ജേതാക്കളായ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരെയാണ് കലാശപ്പോരാട്ടം. മുൻ മത്സരങ്ങളിലേത് പോലെ അലക്ഷ്യമായി സായ് വിക്കറ്റ് നഷ്ട്ടപ്പെടുത്തിയാൽ ഫൈനലിൽ അത് ഗുജറാത്തിന് വലിയ തിരിച്ചടി തന്നെ ആയിരിക്കും. വൈകുന്നേരം ഏഴരയ്ക്ക് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വച്ചാണ് മത്സരം അരങ്ങേറുന്നത്.
Kerala
തൃശൂര്‍: മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഗുരുവായൂർ ക്ഷേത്ര ദര്‍ശന വിവാദത്തില്‍ ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ പരിശോധന തുടങ്ങി. ചട്ട ലംഘനം നടന്നിട്ടുണ്ടോ എന്നാണ് പരിശോധിക്കുന്നത്.
ചട്ട ലംഘനം നടന്നിട്ടുണ്ടെന്ന പരാതിയെ തുടർന്നാണ് ദേവസ്വം ബോർഡ് ചെയർമാൻ എ.വി. ഗോപിനാഥന്റെ പരിശോധന. ക്ഷേത്ര ഗോപുരത്തിലെ രേഖകൾ ദേവസ്വം ബോർഡ് ചെയർമാൻ പരിശോധിക്കും. സ്ഥലത്തുണ്ടായവരിൽ നിന്ന് മൊഴി രേഖപ്പെടുത്തും.
മന്ത്രി എ.പി. അനില്‍കുമാറിന്റെ മകന്റെ വിവാഹത്തിനായി ഗുരുവായൂരിലെത്തിയ മുഖ്യമന്ത്രി വിഐപി ദര്‍ശനത്തിന് വിലക്കുള്ള ഞായറാഴ്ച രാവിലെ ദര്‍ശനം നടത്തിയത് വിവാദമായിരുന്നു. മുഖ്യമന്ത്രിയുടെ സന്ദർശനം പുലര്‍ച്ചെ മുതല്‍ കാത്തുനിന്ന ഭക്തര്‍ക്ക് തടസമുണ്ടാക്കിയെന്ന് കാണിച്ച് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ബി. ഗോപാലകൃഷ്ണനാണ് പരാതി നല്‍കിയത്.
എന്നാല്‍, ഞായറാഴ്ച ദര്‍ശനം നടത്തിയത് നിയമാനുസൃതമായി ചീട്ടെടുത്താണെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. നെയ് വിളക്ക് ശീട്ടാക്കിയായിരുന്നു മുഖ്യമന്ത്രിയുടെ സന്ദര്‍ശനമെന്ന് ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ ഒ.ബി. അരുണ്‍കുമാറും വ്യക്തമാക്കി.
ക്ഷേത്രത്തില്‍ നെയ് വിളക്ക് ചീട്ടാക്കുന്നയാള്‍ക്ക് വരിനില്‍ക്കാതെ ദര്‍ശനം അനുവദിക്കുക പതിവുണ്ട്. ക്ഷേത്രത്തിലേക്ക് സതീശനെ സ്ഥിരമായി അനുഗമിക്കാറുള്ള മുന്‍ ദേവസ്വം ജീവനക്കാരന് ടി.കെ. ഗോപാലകൃഷ്ണന് അഞ്ച് നെയ് വിളക്കിന് ശീട്ടാക്കിയിരുന്നു.
അഞ്ച് പേര്‍ക്ക് കയറാമെന്നിരിക്കേ മുഖ്യമന്ത്രി ഉള്‍പ്പടെനാല് പേരാണ് ദര്‍ശനത്തിനായി കയറിയത്. മറ്റ് ഭക്തര്‍ക്ക് തടസമുണ്ടാക്കാതെയാണ് മുഖ്യമന്ത്രി ദര്‍ശനം നടത്തിയതെന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ ഒ.ബി. അരുണ്‍കുമാറും വിശദീകരിച്ചു.
Kerala
മലപ്പുറം: ഫോൺവിളി വിവാദത്തിൽ മലപ്പുറം മുൻ എസ്പി സുജിത് ദാസിനെതിരെ അന്വേഷണം വേണമെന്ന് മുൻ എംഎൽഎ പി.വി. അൻവർ. ഇക്കാര്യം ആവശ്യപ്പെട്ട് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തലക്ക് അൻവർ കത്ത് നൽകി.
സുജിത്ത് ദാസിനെ കുറ്റവിമുക്തനാക്കിയ വകുപ്പുതല അന്വേഷണത്തിൽ പുനഃപരിശോധന വേണമെന്നും ജില്ലാ പൊലീസ് മേധാവിയുടെ ക്യാമ്പ് ഓഫീസിലെ മരം മുറിയിലും പുനരന്വേഷണം വേണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.
എസ്ഐടിയുടെ അന്വേഷണ റിപ്പോർട്ടിൽ വീഴ്ച്ചയുണ്ട്. ഹാജരാകാനുള്ള നോട്ടീസ് പോലും എസ്ഐടി നൽകിയില്ല. എസ്ഐടി അന്വേഷണത്തിലും പുനഃപരിശോധനക്ക് ഉത്തരവിടണമെന്നും സുജിത്ത് ദാസിനെതിരെ ക്രിമിനൽ നടപടി വേണമെന്നും പി.വി. അൻവർ ആവശ്യപ്പെടുന്നു.
Kerala
തിരുവനന്തപുരം: ഗുരുവായൂർ ക്ഷേത്രത്തിൽ താൻ വിഐപി ദർശനം നടത്തിയെന്ന രീതിയിൽ പ്രചരിക്കുന്ന ആരോപണങ്ങൾ തികച്ചും തെറ്റാണെന്നാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ. തനിക്കൊപ്പം ആകെ നാല് പേർ മാത്രമാണ് ദർശനത്തിന് കൂടെയുണ്ടായിരുന്നതെന്നും എല്ലാവരും 1000 രൂപയുടെ ടിക്കറ്റെടുത്താണ് ദർശനം നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.
തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ദർശനത്തെ കുറിച്ച് വിശദീകരിച്ചത്. ഇതിന്റെ പേരിൽ വിവാദങ്ങൾ ഉണ്ടാകുമെന്ന് തനിക്ക് മുൻകൂട്ടി അറിയാമായിരുന്നുവെന്ന് പറഞ്ഞ മുഖ്യമന്ത്രി, വിവാദമുണ്ടാക്കുന്നവർ താൻ ഇനി മേലിൽ ക്ഷേത്രത്തിൽ പോകരുതെന്ന് പറയരുതെന്നും പരിഹസിച്ചു.
അതേസമയം മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഗുരുവായൂർ ക്ഷേത്രദർശനത്തിലെ വിവാദത്തിൽ പ്രതികരണവുമായി ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർ അരുണും രംഗത്തെത്തി. മുഖ്യമന്ത്രി ദർശനം നടത്തിയത് നിയമാനുസൃതമാണെന്നും മറിച്ചുള്ള ആരോപണത്തിൽ കഴമ്പില്ലെന്നും അദ്ദേഹം പറഞ്ഞു.
അഞ്ച് നെയ് വിളക്ക് ശീട്ട് ആക്കിയാണ് മുഖ്യമന്ത്രി ക്ഷേത്രത്തിനകത്ത് കടന്നത്. അഞ്ചുപേർക്ക് ദർശനം നടത്താം എന്നിരിക്കെ അകത്തു കടന്നത് നാലുപേർ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ഭക്തരെ തടയുന്ന നടപടി ഉണ്ടായില്ല. ഒരാളുടെയും ദർശനം മുടക്കിയില്ല.
പായസം കൊണ്ടുപോകുന്ന സമയത്ത് 15 മിനിറ്റോളം ഭക്തർക്കൊപ്പം കാത്തുനിന്ന ശേഷമാണ് മുഖ്യമന്ത്രി ദർശനം പൂർത്തിയാക്കിയതെന്നും അരുൺ വ്യക്തമാക്കി. മറിച്ചുള്ള പ്രചരണങ്ങൾ അവാസ്തവമാണെന്നും മന്ത്രി എം. ലിജു, ബിന്ദു കൃഷ്ണ എന്നിവർ ദർശനം നടത്തിയത് പുലർച്ചെയാണെന്നും നിയമപ്രകാരമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
National
ന്യൂഡൽഹി: എൻസിഇആർടി എട്ടാം ക്ലാസിലെ വിവാദ പാഠപുസ്തകം തയാറാക്കിയ അക്കാദമിക വിദഗ്ധർക്കെതിരായ നടപടി സുപ്രീംകോടതി മയപ്പെടുത്തി. പ്രഫ. മിച്ചൽ ഡാനിനോ, സുപർണ ദിവാകർ, അലോക് പ്രസന്നകുമാർ എന്നിവരെ കരിന്പട്ടികയിൽ ചേർത്ത നടപടിയാണു ഭേദഗതി ചെയ്തത്.
മൂന്നുപേരും സുപ്രീംകോടതിയിൽ സമർപ്പിച്ച വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ ചീഫ് ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസുമാരായ ജോയ്മല്യ ബാഗ്ചി, വിപുൽ പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ചിന്റേതാണു നടപടി.
വിവാദ പാഠപുസ്തകത്തിനു പിന്നിൽ പ്രവർത്തിച്ച മൂന്നുപേരുമായി യാതൊരുവിധ അക്കാദമിക സഹകരണവും പാടില്ലെന്ന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും സർവകലാശാലകൾക്കും സുപ്രീംകോടതി നേരത്തേ നിർദേശം നൽകിയിരുന്നു.
എന്നാൽ, ഇക്കാര്യത്തിൽ സർക്കാരുകൾക്കും സർവകലാശാലകൾക്കും സ്വതന്ത്രമായി തീരുമാനമെടുക്കാമെന്ന് കോടതി ഇന്നലെ വ്യക്തമാക്കി. കൂടാതെ ഈ വിദഗ്ധർ ബോധപൂർവം വസ്തുതകൾ വളച്ചൊടിച്ചതാണെന്ന കോടതിയുടെ മുൻ ഉത്തരവിലെ പരാമർശവും പിൻവലിച്ചു. സുപ്രീംകോടതി മുൻ ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് വിവാദ പുസ്തകം തയാറാക്കിയ മൂന്നു പേരും കോടതിയെ സമീപിച്ചത്.
എൻസിഇആർടിയുടെ ‘എക്സ്പ്ലോറിംഗ് സൊസൈറ്റി, ഇന്ത്യ ആൻഡ് ബിയോണ്ട്’ എന്ന സാമൂഹികശാസ്ത്ര പുസ്തകത്തിലെ ജുഡീഷറി പരാമർശത്തെച്ചൊല്ലി ഫെബ്രുവരിയിലാണ് വിവാദം പൊട്ടിപ്പുറപ്പെടുന്നത്. തുടർന്ന് വിഷയത്തിൽ സ്വമേധയാ കേസെടുത്ത സുപ്രീംകോടതി എൻസിഇആർടിക്കെതിരേ രൂക്ഷ വിമർശനം നടത്തിയിരുന്നു.
വിവാദ പുസ്തകം പൂർണമായും പിൻവലിക്കാൻ നിർദേശിച്ച സുപ്രീംകോടതി, മുൻ ജഡ്ജിയടങ്ങിയ മൂന്നംഗ സമിതിയുടെ മേൽനോട്ടത്തിൽ പുസ്തകം പരിഷ്കരിച്ചു പുറത്തിറക്കുന്നതിന് ഉത്തരവിടുകയും ചെയ്തിരുന്നു.
International
റോം: അഞ്ചു രാഷ്ട്രങ്ങളിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ സന്ദർശനത്തിനിടെ തലപൊക്കിയത് ഒന്നിലേറെ വിവാദങ്ങൾ.
നോർവേയിൽ ഇന്ത്യക്കാരെ അപഹസിക്കുന്ന തരത്തിൽ പ്രധാനമന്ത്രിയുടെ കാർട്ടൂൺ പ്രസിദ്ധീകരിച്ചത് ഏറെ പ്രതിഷേധം ക്ഷണിച്ചുവരുത്തിയിരുന്നു.മോദിയെ പാമ്പാട്ടിയായി ചിത്രീകരിക്കുന്ന കാർട്ടൂൺ ആണ് നോർവേയിലെ ഏറ്റവും കൂടുതൽ പ്രചാരമുള്ള ആഫ്റ്റൺപോസ്റ്റ് എന്ന പത്രം പ്രസിദ്ധകരിച്ചത്.
കാർട്ടൂൺ തീർത്തും അവഹേളനപരമാണെന്ന വിമർശനമാണ് ഉയരുന്നത്. പെട്രോൾ പന്പിലെ നോസിലിന്റെ ആകൃതിയിലുള്ള പാന്പിനെ വരുതിയിലാക്കാൻ പരന്പരാഗത രീതിയിലുള്ള പാന്പാട്ടിയായി മോദിയെ കാർട്ടൂണിൽ ചിത്രീകരിക്കുകയായിരുന്നു. പെട്രോൾ, ഡീസൽ വില വർദ്ധനവിനെക്കുറിച്ചുള്ള ആക്ഷേപമായിരുന്നു കാർട്ടൂണിസ്റ്റിന്റേത്. ഇന്ത്യ ഔദ്യോഗികമായി സംഭവത്തിൽ പ്രതികരിച്ചിട്ടില്ലെങ്കിലും നയതന്ത്രതലത്തിലും പൗരസമൂഹത്തിന്റെ ഇടയിലും കാർട്ടൂൺ വ്യാപകമായി വിമർശിക്കപ്പെട്ടു.
നോർവേയിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയാൻ പ്രധാനമന്ത്രി തയാറാകാത്തതാണ് മറ്റൊരു വിവാദം. തലസ്ഥാനമായ ഓസ്ലോയിൽ നോര്വേപ്രധാനമന്ത്രിക്കൊപ്പം മോദി എത്തിയപ്പോഴാണ് മാധ്യമപ്രവർത്തക ചോദ്യം ഉന്നയിച്ചതും മറുപടി പറയാതെ പ്രധാനമന്ത്രി നടന്നുനീങ്ങിയതും. ഇതിന്റെ വീഡിയോ മാധ്യമപ്രവർത്തകതന്നെ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. പിന്നാലെ വിദേശകാര്യ മന്ത്രാലയ സെക്രട്ടറിയും മലയാളിയുമായ സിബി ജോര്‍ജ് മാധ്യമപ്രവർത്തകയുടെ ചോദ്യങ്ങൾക്കു തക്കതായ മറുപടി നൽകുകയും ചെയ്തു.
National
ന്യൂഡൽഹി: നീറ്റ് മെഡിക്കൽ പ്രവേശന പരീക്ഷ ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് റദ്ദാക്കേണ്ടി വന്ന പശ്ചാത്തലത്തിൽ, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനെ അടിയന്തിരമായി പദവിയിൽ നിന്ന് പുറത്താക്കണമെന്ന് ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പരീക്ഷാ നടത്തിപ്പിലെ കടുത്ത വീഴ്ചയുടെയും ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി തകർത്തതിന്റെയും ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് മന്ത്രി രാജിവെക്കണമെന്നും, അതിന് തയ്യാറാകാത്ത പക്ഷം പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്നുമാണ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടത്.
വിഷയത്തിൽ ബിജെപി സർക്കാരിന്റെ നിരുത്തരവാദപരമായ സമീപനത്തെ അദ്ദേഹം രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്. ദേശീയ പരീക്ഷാ ഏജൻസിയുടെയും വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും പൂർണ പരാജയമാണ് ഈ സംഭവത്തിലൂടെ പുറത്തുവന്നിരിക്കുന്നതെന്ന് രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. "രാജ്യത്തെ ഏറ്റവും നിർണായകമായ ഒരു മത്സര പരീക്ഷയുടെ വിശ്വാസ്യത പോലും കാത്തുസൂക്ഷിക്കാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കോ അദ്ദേഹത്തിന്റെ മന്ത്രാലയത്തിനോ കഴിഞ്ഞിട്ടില്ല.
ചോദ്യപേപ്പർ മാഫിയകൾക്ക് മുന്നിൽ കേന്ദ്ര സർക്കാർ പൂർണമായി കീഴടങ്ങിയിരിക്കുകയാണ്. ഈ വലിയ ക്രമക്കേടിന്റെ ഉത്തരവാദിത്തത്തിൽ നിന്നും ധർമ്മേന്ദ്ര പ്രധാന് ഒഴിഞ്ഞുമാറാനാകില്ല. ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ കഠിനാധ്വാനം വിഫലമാക്കിയതിന് അദ്ദേഹം മറുപടി പറയണം. അദ്ദേഹത്തെ പുറത്താക്കുകയാണ് ഈ തട്ടിപ്പിനെതിരെ സർക്കാർ സ്വീകരിക്കേണ്ട ആദ്യ നടപടി."
മെഡിക്കൽ പ്രവേശന പരീക്ഷയിലെ അഴിമതിയും വിദ്യാർത്ഥികൾ നേരിടുന്ന അനിശ്ചിതാവസ്ഥയും വരും ദിവസങ്ങളിൽ പാർലമെന്റിൽ ഉന്നയിക്കാനാണ് പ്രതിപക്ഷ സഖ്യത്തിന്റെ തീരുമാനം. വിദ്യാഭ്യാസ മേഖലയിലെ ബിജെപിയുടെ കേന്ദ്രീകൃത അഴിമതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാക്കുമെന്നും രാഹുൽ ഗാന്ധി മുന്നറിയിപ്പ് നൽകി.
ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും വിദ്യാർത്ഥികൾക്ക് നീതി ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Kerala
തൃശൂർ: സിപിഎം നേതാവ് പി. ജയരാജൻ കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ സന്ദർശനം നടത്തിയതിനെ അദ്ദേഹത്തിന്റെ വിശ്വാസയാത്രയായി ഹിന്ദുത്വ ഗ്രൂപ്പുകളും ചില മാധ്യമങ്ങളും വിശേഷിപ്പിക്കുന്നതിനെതിരേ എഴുത്തുകാരൻ വിനിൽ പോൾ. താനും പി. ജയരാജന്റെ ഒപ്പം പല ക്ഷേത്രങ്ങളും സന്ദർശിച്ചിട്ടുണ്ടെന്നും അതു പഠനത്തിന്റെയും ഗവേഷണത്തിന്റെയും ഭാഗമായിട്ടാണെന്നും വിനിൽ പോൾ കുറിച്ചു.
കേരളത്തിലെ പ്രാദേശിക ദേവതകളെയും ആരാധനാ രൂപങ്ങളെയും ബ്രാഹ്മണിക സനാതന വ്യവസ്ഥ എങ്ങനെ ഏറ്റെടുത്തു എന്ന പഠനത്തിന്റെ ഭാഗമാണ് ഇത്തരം സന്ദർശനങ്ങളെന്നും അദ്ദേഹം പറഞ്ഞു. ഈ സന്ദർശനങ്ങളുടെ ഫലമായിട്ടാണ് സനാതനികളുടെ ഹിന്ദുത്വ വഴികൾ എന്ന പുസ്തകം പ്രസിദ്ധീകരിക്കപ്പെടുന്നതെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
കൊടുങ്ങല്ലൂർ ക്ഷേത്ര സന്ദർശനത്തെ വിശ്വാസയാത്രയായി അവതരിപ്പിക്കുന്ന മാധ്യമങ്ങളുടെ രാഷ്ട്രീയ ഉദ്ദേശം വളരെ വ്യക്തമാണ്. കേരളത്തിലെ പ്രാദേശിക ദേവതകളെയും ജനകീയ ആരാധനാരൂപങ്ങളെയും എങ്ങനെ ബ്രാഹ്മണിക സനാതന വ്യവസ്ഥ ഏറ്റെടുത്തു, എങ്ങനെ അവയെ ഹിന്ദു ബ്രാഹ്മണിക ചട്ടക്കൂടിനുള്ളിൽ ഉൾപ്പെടുത്തി എന്ന ചരിത്രം മനസിലാക്കുന്നതിന്റെ ഭാഗമായി ജയരാജൻ സാറിന്റെ ഒപ്പം ഞാനും കുറെ അമ്പലങ്ങളിലും കാവിലുമെല്ലാം പോയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് "സനാതനികളുടെ ഹിന്ദുത്വ വഴികൾ' എന്ന പുസ്തകം പ്രസിദ്ധീകരിക്കപ്പെടുന്നത്. ഇത് അവസാനിച്ച ഒരു പദ്ധതി അല്ല; തുടർച്ചയുള്ള ഗവേഷണ/ഫീൽഡ് വർക്ക് പ്രക്രിയയാണ്.
ഏകദേശം ഒന്നര വർഷത്തോളം നീണ്ടുനിന്ന ഫീൽഡ് വർക്കിൽ ചില മാസങ്ങൾ ഞാൻ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ ബ്രാഹ്മണ പൂജാരിമാരുടെ ആധിപത്യത്തിനു കീഴടങ്ങാത്ത ‘ക്ഷേത്ര‘ങ്ങളിലാണ് ഞാൻ കൂടെ പോയത്. കല്ലേലി അപ്പൂപ്പൻ, മറ്റം, വേങ്ങമല തുടങ്ങി നിരവധി നിരവധി ക്ഷേത്രങ്ങളിൽ ഞങ്ങൾ ഒരുമിച്ചുപോയി.
സത്യത്തിൽ അവിടങ്ങളിലെ ആളുകൾ അദ്ദേഹത്തെ സ്വീകരിക്കുന്ന രീതി കണ്ടപ്പോൾ ഞാൻ അതിശയിച്ചു. എവിടെയും ഞങ്ങളെ തടഞ്ഞില്ല; മറിച്ച്, അവർ അതിയായ സൗഹൃദത്തോടെയും ആത്മാർഥതയോടെയും കാര്യങ്ങൾ വിശദീകരിച്ചു തന്നു. സനാതന രാഷ്ട്രീയത്തിന്റെ കപടത തിരിച്ചറിഞ്ഞ കരുത്തരായ നിരവധി മനുഷ്യരെ ജയരാജൻ സാറിലൂടെ പരിചയപ്പെടാനും എനിക്കു സാധിച്ചു.
കൊടുങ്ങല്ലൂർ പോലുള്ള ഇടങ്ങൾ വെറും ക്ഷേത്രങ്ങൾ മാത്രമല്ല; അവ കേരളത്തിന്റെ സാമൂഹിക ചരിത്രവും ജാതിരാഷ്ട്രീയവും അധികാര പുനർനിർമാണവും വായിച്ചറിയാൻ കഴിയുന്ന ജീവിച്ചിരിക്കുന്ന ചരിത്രരേഖകളാണ്. നാട്ടുദേവതകളെയും ആദിവാസി-ദളിത് ആരാധനാരീതികളെയും സംസ്കൃതവത്കരിച്ച് ബ്രാഹ്മണിക ആധിപത്യം എങ്ങനെ നിർമിക്കപ്പെട്ടു എന്നതിന്റെ സജീവ ഉദാഹരണങ്ങൾ അവിടെയുണ്ട്.
അമ്പലങ്ങളിൽ മാത്രം സഞ്ചരിക്കുന്ന ആളല്ല അദ്ദേഹം. ഇതിനു സമാനമായ ഗൗരവമുള്ള ഫീൽഡ് വർക്കിന്റെ അടിസ്ഥാനത്തിൽ അദ്ദേഹം രചിച്ച മറ്റൊരു പ്രധാന കൃതിയാണ് കേരളം: മുസ്ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം(മാതൃഭൂമി ബുക്സ്). ഉത്തരകേരളം: ആരാധനാലയങ്ങളും സമകാലീന പ്രവണതകളും (ചിന്ത) എന്നത് അദ്ദേഹത്തിന്റെ മറ്റൊരു ശ്രദ്ധേയ കൃതിയാണ്.
Movies
മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചെത്തിയ ബിഗ് ബജറ്റ് ചിത്രം പേട്രിയറ്റിന്റെ ബജറ്റ് ചര്‍ച്ചകള്‍ക്കും ഒടിടി വിവാദങ്ങള്‍ക്കും മറുപടിയുമായി സംവിധായകന് മഹേഷ് നാരായണന്.
സിനിമയുടെ ബജറ്റ് 180 കോടിയാണെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് മഹഷ് പറഞ്ഞു. ഒരു ചാനലിനു നല്കിയ അഭിമുഖത്തിലാണ് മഹേഷ് ഇക്കാര്യങ്ങള്‍ തുറന്നുപറഞ്ഞത്.
പുറത്തുനിന്ന് ഇത്തരം കണക്കുകള്‍ വന്നുകൊണ്ടേയിരിക്കും. എന്നാല്‍ നിര്‍മാതാവ് മുടക്കിയ തുകയേക്കാള്‍ കൂടുതല്‍ ചിത്രം സമ്പാദിക്കുമെന്ന് ഉറപ്പുണ്ട്. സംവിധായകന് പറഞ്ഞു.
ചിത്രം 200 കോടി ക്ലബ്ബില്‍ കയറുമോ എന്ന ചോദ്യത്തിനു ശുഭാപ്തിവിശ്വാസത്തോടെയാണ് മഹേഷ് നാരായണന് പ്രതികരിച്ചത്. തീര്‍ച്ചയായും പേട്രിയറ്റ് 200 കോടി ക്ലബില്‍ ഇടംപിടിക്കുമെന്ന് മഹേഷ് പറഞ്ഞു.
പ്രമുഖ ഡിജിറ്റല്‍ പ്ലാറ്റ്ഫോം റെക്കോര്‍ഡ് തുകയ്ക്കാണ് ചിത്രത്തിന്റെ ഒടിടി അവകാശം സ്വന്തമാക്കിയത്. അവര്‍ സിനിമ കണ്ടതിനുശേഷമാണു കരാറില്‍ ഒപ്പിട്ടത്. അതാണ് സിനിമയുടെ ആദ്യ വരുമാനം. തിയറ്ററുകളില്‍നിന്നു വമ്പിച്ച വരുമാനം ഉണ്ടാകുമെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്- മഹേഷ് വ്യക്തമാക്കി.
പേട്രിയറ്റ് മാസ്-ആക്ഷന്‍ സിനിമയാണെന്ന പ്രതീക്ഷയോടെ തിയറ്ററില്‍ എത്തരുതെന്നും മഹേഷ് ഓര്‍മിപ്പിച്ചു. ഇതൊരു പുതുമയുള്ള പ്രമേയമാണ്.
അത്തരമൊരു സിനിമ നിര്‍മിക്കുന്നതിലെ റിസ്ക് നിര്‍മാതാവ് ആന്റോ ജോസഫിന് അറിയാമായിരുന്നു. സിനിമയുടെ ഉള്ളടക്കം മനസിലാക്കാന്‍ പ്രേക്ഷകര്‍ ക്ഷമ കാണിക്കണമെന്നും കൂടുതല്‍ സ്വീകാര്യത നല്‍കണമെന്നും സംവിധായകന് അദ്ദേഹം അഭ്യര്‍ഥിച്ചു.
Kerala
കോഴിക്കോട്: സ്ട്രോംഗ് റൂം വിവാദത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റേത് ഏകപക്ഷീയമായ നടപടിയെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീൺകുമാർ. നിയമപരമായി മുന്നോട്ട് പോകും. ചട്ട ലംഘനം നടന്നില്ല എങ്കിൽ സ്ട്രോംഗ് റൂമിനടുത്ത് മെറ്റീരിയൽ റൂം സ്ഥാപിച്ചത് ആരാണ്? തൊട്ടടുത്ത മുറിയിൽ ഇലക്ട്രോണിക് ഉപകരണം ഉപയോഗിച്ചത് ചട്ട ലംഘനമല്ലേ ? വരണാധികാരികളെ പ്രോസിക്യൂട്ട് ചെയ്യാനുള്ള നിയമനടപടി തുടരും.
ചട്ട ലംഘനമല്ലെന്ന ഉത്തരവ് തനിക്ക് ലഭിച്ചില്ല. സംശയമുള്ള വിവിപാറ്റ് എണ്ണണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുമെന്നും പ്രവീൺകുമാർ വ്യക്തമാക്കി. കോഴിക്കോട് ജില്ലയിൽ തെരഞ്ഞെടുപ്പ് ഫലം വരുന്ന ദിവസം നിയന്ത്രണം ഏർപ്പെടുത്തിയതിലും അദ്ദേഹം പ്രതികരിച്ചു. യുഡിഎഫ് ജയിക്കും എന്നറിഞ്ഞു കൊണ്ടാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചതെന്നും അദ്ദേഹം പറഞ്ഞു.
പേരാമ്പ്ര, കൊയിലാണ്ടി സ്ട്രോംഗ് റൂം വിവാദത്തില്‍ ചട്ടലംഘനമില്ലെന്ന് കോഴിക്കോട് ജില്ലാ കളക്ടര്‍ വ്യക്തമാക്കിയിരുന്നു. ചട്ടലംഘനമില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചതായി ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ് പറഞ്ഞു. സ്ട്രോംഗ് റും തുറന്നിട്ടില്ലെന്നും വോട്ടിങ് യന്ത്രങ്ങള്‍ സുരക്ഷിതമാണെന്നും കളക്ടര്‍ പറഞ്ഞു.
പേരാമ്പ്ര, കൊയിലാണ്ടി വരണാധികാരികളെ മാറ്റില്ലെന്നും ഇതുമായി ബന്ധപ്പെട്ട് മറ്റു നടപടികളുണ്ടാകില്ലെന്നും കളക്ടര്‍ പറഞ്ഞു. കൊയിലാണ്ടി വരണാധികാരി സ്ട്രോംഗ് റൂമിനടുത്ത് പോയത് പതിവ് പരിശോധനക്കെന്നും ചട്ട ലംഘനമുണ്ടായിട്ടില്ലെന്നും അദ്ദേഹം വിശദമാക്കി.