നിർമാതാവ് മുരളി കുന്നുംപുറത്തിന്റെ ആരോപണങ്ങളിൽ പ്രതികരണവുമായി സുമതി വളവ് എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. മുരളി കുന്നുംപുറത്തിന്റെ വീഡിയോ വന്ന ശേഷം താൻ അദ്ദേഹത്തെ വിളിച്ചുവെന്നും അബദ്ധം പറ്റിയത് ആണെന്നാണ് മറുപടി കിട്ടിയതെന്നും അഭിലാഷ് പറയുന്നു.
ഈ വിഷയം ഞങ്ങളുടെ ഔദ്യോഗിക - സ്വകാര്യ ജീവിതത്തെ ബാധിച്ചു തുടങ്ങിയെന്നും കഴിഞ്ഞ രണ്ടുദിവസമായി പലയിടത്തുനിന്നും ചീത്ത വിളികളാണെന്നും അഭിലാഷ് പറയുന്നു.
''പറയേണ്ട കാര്യങ്ങൾ കുറേ ഉള്ളതുകൊണ്ടും, അതിന്റെ കുറച്ച് വിവരങ്ങൾ ശേഖരിക്കുന്നതിനുമായാണ് ഇതുവരെ നിശബ്ദത പാലിച്ചത്. ഇനിയും ഇത് സംസാരിക്കാതിരുന്നാൽ ഞങ്ങളുടെ പ്രഫഷനൽ ജീവിതത്തെയും വ്യക്തി ജീവിതത്തെയും ബാധിക്കും. ഞങ്ങൾക്കും കുടുംബവും കുട്ടികളുമുണ്ട്.
അവരുടെ മാനസികാവസ്ഥ കൂടി ബാധിക്കുമെന്ന അവസ്ഥയിലാണ് നിൽക്കുന്നത്. ജീവിതത്തിൽ ഒരിക്കലും ആഗ്രഹിക്കാത്തൊരു പ്രസ്മീറ്റ് ആണിത്. പക്ഷേ എന്താണ് ശരി, എന്താണ് തെറ്റ് എന്നു പറയാനുള്ള അവസരം കൂടിയാണിത്.
ഞങ്ങളുടെ സിനിമ ചെയ്ത നിർമാതാവിന്റെ വീഡിയോ വലിയ ചർച്ചയായിരുന്നു. രണ്ടാഴ്ച മുമ്പ് അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ അബദ്ധത്തിൽ അപ്ലോഡ് ചെയ്ത വീഡിയോയാണിത്. പെട്ടന്നത് നീക്കം ചെയ്തെങ്കിലും ആ വീഡിയോ ത്രെഡിൽ കിടന്നിരുന്നു. അവിടെ നിന്ന് ആരോ അത് റെക്കോർഡ് ചെയ്ത് പ്രചരിക്കുകയായിരുന്നു.
ഈ വീഡിയോ വന്ന ഉടൻ തന്നെ ഞാൻ അദ്ദേഹത്തെ വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചിരുന്നു. ഒരബദ്ധം പറ്റി പോയതാണെന്നാണ് അദ്ദേഹം മെസേജിലൂടെ പറഞ്ഞത്.
ഇതിനു ശേഷം രണ്ട് ദിവസം മുമ്പേ ഈ വീഡിയോ കേരളത്തിലെങ്ങും വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. അതിൽ കുറ്റക്കാരായി ചിത്രീകരിക്കുന്നത് ഞങ്ങളെയാണ്. ഇതിൽ പല പിആർ ടീമും പ്രവർത്തിക്കുന്നുണ്ട്.
സിനിമ എന്ന വ്യവസായത്തിൽ സംവിധായകനും തിരക്കഥാകൃത്തും മാത്രമല്ല ഉള്ളത്. ഈ സിനിമയ്ക്ക് 22 കോടിയായെന്നാണ് അദ്ദേഹം പറയുന്നത്. ഇതിന്റെ കൃത്യമായ ബജറ്റ് എങ്ങനെയെന്നും ഈ സിനിമ എങ്ങനെ തുടങ്ങിയെന്നും പറയാം. ‘മാളികപ്പുറം’ സിനിമയ്ക്കുശേഷം ഞങ്ങൾ ചെയ്യുന്ന സിനിമയുടെ ബിസിനസ് വാല്യു കണ്ടിട്ടാണ്, ഈ നിർമാതാവ് ഞങ്ങളിലേക്കെത്തുന്നത്.
‘നദികളിൽ സുന്ദരി യമുന’ എന്ന സിനിമയുടെ പ്രിവ്യു ഷോയുടെ ഇടയിൽ വച്ച് കൂടിക്കാഴ്ച നടത്തി. അന്ന് മറ്റൊരു ഭാഷയിൽ സിനിമ ചെയ്യാനിരിക്കുന്ന സമയമായിരുന്നു.
എന്നാൽ അടുത്ത സിനിമ നമുക്ക് ചെയ്താലോ എന്ന് മുരളിചേട്ടൻ ചോദിക്കുമ്പോൾ ചെയ്യാമെന്ന് പറയുന്നു. ‘വെള്ളം’ എന്ന സിനിമ നമ്മൾ കണ്ടതാണ്, ജീവിതത്തിൽ വിജയിച്ചു വന്ന ബിസിനസ്സ്മാൻ, ചിരിച്ചുകൊണ്ട് സിനിമ ചെയ്യാമെന്നു പറയുമ്പോൾ സന്തോഷത്തോടു കൂടി സ്വീകരിക്കുകയായിരുന്നു ഞങ്ങൾ ചെയ്യാനുണ്ടായിരുന്നത്.
അങ്ങനെ ഞാനും വിഷ്ണുവും അദ്ദേഹത്തിന്റെ ഫ്ലാറ്റിൽപോയി കഥ പറയുന്നു. അന്ന് പറഞ്ഞ കഥ ‘സുമതി വളവി’ന്റേതായിരുന്നില്ല. ആറ് കോടി ബജറ്റ് വരുന്ന ‘ജിംഗിൾ ബെൽസ്’ എന്ന സിനിമയുടെ കഥയാണ് പറഞ്ഞത്. ‘മാളികപ്പുറ’ത്തിലെ ആ രണ്ട് കുട്ടികളും ഒരു ഹീറോയുമായിരുന്നു പ്രധാന കഥാപാത്രങ്ങൾ. കഥ കേട്ട് ഇഷ്ടപ്പെട്ട് അടുത്ത ദിവസം തന്നെ അദ്ദേഹം അഡ്വാൻസും തന്നു. അങ്ങനെ തിരക്കഥ ചെയ്ത സമയത്ത് സിനിമയുടെ മൊത്തത്തിലുള്ള സക്സസ് ഫോർമുല മാറി തുടങ്ങിയിരുന്നു.
ഇതൊരു ത്രില്ലർ സിനിമയായിരുന്നു. ആ സമയത്ത് അദ്ദേഹത്തിന്റെ കൈയിൽ ഫണ്ടുമില്ല. ഞങ്ങൾ തന്നെ കണക്ട് ചെയ്തുകൊടുത്ത കുറച്ച് ഇൻവെസ്റ്റേഴിനെ അദ്ദേഹത്തിന് പരിചയപ്പെടുത്തിയും കൊടുത്തിരുന്നു. പക്ഷേ ആ സിനിമ അല്ല ഇപ്പോൾ ചെയ്യേണ്ടതെന്ന തോന്നൽ പിന്നീട് ഞങ്ങൾക്കു വന്നു.
ആ സമയത്ത് മുരളി ചേട്ടനോട് ഞാനാണ് സുമതി വളവിനെക്കുറിച്ച് പറയുന്നത്. ‘2019ൽ ഞങ്ങൾ ചെയ്യാനിരുന്നൊരു സിനിമയുണ്ട്, ‘സുമതി വളവ്’. ആ കഥ അർജുൻ അശോകൻ കേട്ടതാണ്. കുറച്ച് ബജറ്റ് വരുന്ന സിനിമയായതുകൊണ്ട് അന്ന് നിർമാതാക്കളെയൊന്നും കിട്ടിയില്ല.
ഇതു ചെയ്താലോ’ എന്നു ചോദിച്ചു. തന്റെ കൈയിലൊരു നാല് കോടി രൂപയുണ്ട്, ഇത് വച്ച് തുടങ്ങാമെന്ന് മുരളി ചേട്ടൻ പറഞ്ഞു.
ചേട്ടാ, എന്തായാലും ഈ സിനിമയ്ക്ക് 10 കോടി ബജറ്റ് ആകുമെന്ന് പറഞ്ഞു. അങ്ങനെ അദ്ദേഹം കഥ കേട്ടു, ആ ആകാംക്ഷയിൽ സിനിമ ചെയ്യാമെന്ന് ഉറപ്പിക്കുന്നു. അങ്ങനെ സുമതി വളവ് ചെയ്യാൻ തീരുമാനിക്കുന്നു. ഈ സിനിമ തുടങ്ങുന്നതിനു മുമ്പ് തന്നെ ഐഎംഎ ഹാളിൽ വലിയൊരു ലോഞ്ച് വച്ചിരുന്നു.
ഇങ്ങനെയൊരു വലിയ സിനിമ വരുന്നുണ്ടെന്ന് എല്ലാവരെയും അറിയിച്ച് ഇൻവെസ്റ്റേഴ്സിനെ കിട്ടാൻ വേണ്ടിയാണ് ആ ലോഞ്ച് വച്ചതുപോലും. അവിടെ വച്ച് ഞങ്ങൾ സംസാരിച്ചതും ഇതൊരു വലിയ സിനിമയാണ്, അർജുൻ അശോകന്റെ കരിയറിലെ ബജറ്റ് കൂടിയ സിനിമയായിരിക്കും എന്നു തന്നെയാണ്.
അങ്ങനെ ഷൂട്ട് തുടങ്ങാൻ കുറച്ച് ദിവസം മുന്നേ അദ്ദേഹം വന്നു പറയുന്നു, തന്റെ കയ്യിൽ 25 ലക്ഷം രൂപയേ ആകെയുള്ളൂ എന്ന്. പേടിക്കേണ്ട പൈസ വരുമെന്നും പറയുന്നുണ്ട്. ഇദ്ദേഹവുമായി സിനിമ ചെയ്യാൻ തീരുമാനിച്ചപ്പോൾ പോലും അദ്ദേഹത്തിനെതിരെ പലരും ഞങ്ങളെ വിളിച്ച് മുന്നറിയിപ്പു തന്നിരുന്നു.
ഈ സിനിമ നടക്കാതിരുന്നാൽ ഞങ്ങളുടെ കരിയർ പ്രശ്നത്തിലാകും. അങ്ങനെ ചെന്നൈയിലെ എന്റെ സുഹൃത്ത് വഴി മറ്റൊരു ബാനറിനെ ഇതിലേക്കു കൊണ്ടുവരുന്നു. അവർ ഈ സിനിമയുടെ നിർമാണ പങ്കാളികളാകാൻ തയാറായി. സിനിമയുടെ പകുതി തുക അവർ ഇൻവെസ്റ്റ് ചെയ്യും, ഏകദേശം ആറുകോടി രൂപ.
അവരോട് ആ സമയത്ത് മുരളി ചേട്ടൻ പറഞ്ഞത്, ആറ് കോടി പോലും വേണ്ടി വരില്ലെന്നാണ്. മീറ്റിംഗ് കഴിഞ്ഞ് കൊച്ചിയിൽ എത്തിയപ്പോൾ തന്നെ ഇദ്ദേഹം വിളിച്ച് രണ്ട് കോടി രൂപ അവരോട് ഇടാൻ ആവശ്യപ്പെട്ടു.
രണ്ട് കോടി രൂപ അവർ അദ്ദേഹത്തിന്റെ അക്കൗണ്ടിലേക്ക് അയച്ചു. ഇതു കൂടാതെ ഓവർ സീസിൽ നിന്നുള്ള കമ്പനിയുടെ ഒരു കോടി രൂപയും അദ്ദേഹത്തിന് കൊടുത്തു. ഓഡിയോ കമ്പനിയുടെ 50 ലക്ഷം രൂപയും ഷൂട്ടിനു മുമ്പ് ലഭിച്ചു.
പാലക്കാട് ആയിരുന്നു സിനിമയുടെ പൂജ, അന്ന് ആ പോസ്റ്ററിൽ തന്നെ മുരളി ചേട്ടന്റെ കമ്പനിക്കൊപ്പം തമിഴ് കമ്പനിയുടെ പേര് ഉണ്ട്. പൂജാ ചടങ്ങിൽ ഞാൻ തന്നെ പറഞ്ഞതാണ് ഇതൊരു വലിയ സിനിമയാണ്, 90 ദിവസം ഷൂട്ട് ഉണ്ടാകും, ഏകദേശം 15 കോടി ബജറ്റ് ആകുമെന്ന്. മുരളിചേട്ടനു കൊടുത്ത കോപ്പിയിലും 14 കോടി ബജറ്റ് എഴുതിയിട്ടുണ്ട്.
നിർമാതാക്കളുടെ അസോസിയേഷന് മുരളി ചേട്ടൻ കൊടുത്ത കണക്കിൽ ഏഴ് കോടിയുടെ കണക്കാണ് കൊടുത്തിരിക്കുന്നത്. അങ്ങനെയെങ്കിൽ തമിഴ് നിർമാണ കമ്പനി അദ്ദേഹത്തിനെതിരെ കേസ് കൊടുക്കും, കാരണം ഈ ബജറ്റ് പറഞ്ഞല്ല, അവരിൽ നിന്നും പൈസ മേടിച്ചത്.
ഇനി സിനിമ തുടങ്ങുന്നു, ഇതുവരെ ലഭിച്ച മൂന്നര കോടി രൂപയ്ക്കാണ് പടം ഓടിക്കൊണ്ടിരിക്കുന്നത്. ആദ്യ ബാറ്റ കഴിഞ്ഞപ്പോൾ തന്നെ പൈസ തീർന്നു കഴിഞ്ഞു. അങ്ങനെ ചെന്നൈയില് നിന്നുള്ള നിർമാതാക്കളെ വിളിച്ച് രണ്ട് കോടി കൂടി ചോദിക്കുന്നു. അങ്ങനെ മുഴുവനായി ആറ് കോടി രൂപ അദ്ദേഹത്തിന് കൊടുക്കുന്നു.
കമ്പനി ഞങ്ങളെ വിളിച്ച് ഇവിടെ എന്താണ് നടക്കുന്നതെന്ന് ചോദിച്ചു, ഇങ്ങനെയെങ്കിൽ എന്തിനാണ് രണ്ടാമതൊരു നിർമാതാവ്, സിനിമ മുഴുവൻ ഞങ്ങൾ തന്നെ ചെയ്താൽ പോരെ എന്നു ചോദിക്കുന്നു. സഹനിർമാണത്തിൽ നിന്നും പിന്മാറുകയാണെന്നും ഇപ്പോൾ തന്ന പൈസ പലിശ ഉൾപ്പടെ തിരിച്ചു തന്നാൽ മതിയെന്നും അവർ ആവശ്യപ്പെട്ടു. മുരളിച്ചേട്ടൻ അത് അംഗീകരിച്ചു.
അങ്ങനെ മുരളി ചേട്ടൻ മാത്രമാകുന്നു നിർമാതാവ്. പിന്നീട് വന്ന പോസ്റ്റേഴ്സിൽ അവരുടെ പേരില്ല. സിനിമയുടെ അവസാന ഘട്ടത്തിൽ അദ്ദേഹം നാല് കോടി രൂപയോളം ഇറക്കിയിട്ടുണ്ട്.
ശേഷം സിനിമ തീർന്നു, പക്ഷേ സിനിമയിലെ ഒരഭിനേതാക്കൾക്കുപോലും പ്രതിഫലം കൊടുത്തിരുന്നില്ല. അങ്ങനെ ഡബ്ബിംഗ് മുടങ്ങി. ഈ സിനിമയിലെ ഓരോ താരങ്ങളെയും വിളിച്ച് സംസാരിച്ച് ഞങ്ങൾ ഇടപെട്ടാണ് ഡബ്ബിംഗ് പൂർത്തിയാക്കിയത്.
സംഗീത സംവിധായകൻ പോലും മുരളിച്ചേട്ടനെതിരെ കേസ് കൊടുത്തിരുന്നു. അന്ന് പടം കണ്ട ഞങ്ങളുടെ ടീം എല്ലാം ഹാപ്പിയായിരുന്നു. പക്ഷേ റിലീസ് അടുത്തപ്പോൾ പലിശയടക്കം ആറ് കോടി എൺപത് ലക്ഷം രൂപ ചെന്നൈയിലെ നിർമാണക്കമ്പനിക്ക് കൊടുക്കണം. എന്നാലേ സിനിമ ഇറങ്ങൂ, പക്ഷേ ഇദ്ദേഹത്തിന്റെ കൈയിൽ പൈസ ഇല്ല. അന്ന് എന്റെ അടുത്ത പടം ഗോകുലം സിനിമാസിനൊപ്പമായിരുന്നു.
അവർ വന്ന് ഈ പടം കണ്ട് ഇഷ്ടപ്പെട്ട് ചിത്രം ഏറ്റെടുക്കാൻ തയാറാകുന്നു. ആ പൈസ ഗോകുലമാണ് ചെന്നൈയിലെ നിർമാണക്കമ്പനിക്ക് കൊടുക്കുന്നത്. ബാക്കിയുള്ള സെറ്റിൽമെന്റ് അടക്കം പോയിരിക്കുന്നത് മുരളിച്ചേട്ടന്റെ അക്കൗണ്ടിൽ നിന്നുമാണ്.
പക്ഷേ അത് അദ്ദേഹത്തിന്റെ പൈസയല്ല, മറ്റ് ഇൻവെസ്റ്റേഴ്സിന്റെ പൈസയാണ്. ആ രേഖകളാണ് അദ്ദേഹം കഴിഞ്ഞ ദിവസം മാധ്യമങ്ങളുടെ മുന്നിൽ കാണിച്ചിരിക്കുന്നത്. അതിലാണ് ഞങ്ങൾ ഒപ്പിട്ടിരിക്കുന്നത്.
അതിൽ തന്നെ സിനിമയുടെ ആകെ ബിസിനസ്സ് കാണിച്ചിരിക്കുന്നത് 15 കോടിയാണ്. അത് കൂടാതെ അദ്ദേഹത്തിന്റെ വ്യക്തിപരമായ ചെലവുകൾ കൂട്ടിയാണ് 22 കോടി കാണിച്ചിരിക്കുന്നത്. ഇതിനൊരു പബ്ലിക് ഓഡിറ്റിംഗ് നടക്കട്ടെ. എന്റെയും വിഷ്ണുവിന്റെയും അക്കൗണ്ട് അടക്കം പരിശോധിക്കട്ടെ.
25 ലക്ഷം രൂപ പ്രതിഫലമായി തന്നുവെന്ന് അദ്ദേഹം പറഞ്ഞു. പല സമയത്തായി 17 ലക്ഷം രൂപ അദ്ദേഹം അയച്ചിട്ടുണ്ട്. ഈ സിനിമയുടെ പ്രമോഷന് വരുന്നത് തന്നെ അച്ഛൻ ആശുപത്രിയിൽ കിടക്കുമ്പോഴാണ്.
അന്ന് ഇദ്ദേഹം എന്നെ വിളിച്ച് ദുബായില് പെട്ടിരിക്കുകയാണ് മൂന്ന് ലക്ഷം രൂപ വേണമെന്ന് പറഞ്ഞു. അന്ന് അച്ഛന്റെ സർജറിക്ക് മാറ്റിവച്ചിരിക്കുന്ന പൈസയുണ്ട്, അതിൽ നിന്നും മൂന്ന് ലക്ഷം രൂപ കൊടുത്തു. ഇന്നിതുവരെ ആ പൈസ തിരിച്ചു തന്നിട്ടില്ല. അദ്ദേഹത്തിന് സിനിമ നഷ്ടം വന്നുവെന്ന് പറഞ്ഞപ്പോൾ പിന്നെ ഞാനത് ചോദിച്ചില്ല.
അന്ന് ആ സർജറിക്ക് സഹായിച്ചത് ഗോകുലവും ചില സുഹൃത്തുക്കളുമാണ്. എന്നിട്ടും മുരളിച്ചേട്ടൻ പറയുകയാണ്, ഞാനും വിഷ്ണുവും ചേർന്ന് ഏഴ് കോടി രൂപയോളം അദ്ദേഹത്തിൽ നിന്നും പറ്റിച്ചു, കള്ളന്മാരാണെന്ന്. ആ പ്രസ്താവന പിൻവലിക്കണം.
‘സുമതി വളവ്’ ആണോ മലയാളത്തിൽ ആദ്യമായി നഷ്ടം വന്ന സിനിമ. അതുകൊണ്ട് ഒരാൾ ആത്മഹത്യ ചെയ്യുമോ? ഇത് അദ്ദേഹത്തിന്റെ ആദ്യ വിഡിയോ ആണെന്ന് വിചാരിക്കരുത്, ഇതുപോലെ പല വിഡിയോസ് ചെയ്തിട്ടുണ്ട്. ഇതൊരു വ്യക്തിഹത്യയായി കരുതരുത്. കൈയിൽ അഞ്ച് പൈസ ഇല്ലാത്ത ഇദ്ദേഹം ‘വെള്ളം’ തമിഴിലേക്ക് റീമേക്ക് ചെയ്യാൻ തമിഴിലെ ഒരു നായകന് അഡ്വാൻസ് കൊടുത്തിട്ടുണ്ട്. ആ പൈസ പോരേ അദ്ദേഹത്തിന് ജീവിക്കാൻ. ഇദ്ദേഹം അഡ്വാൻസ് കൊടുത്ത നടൻ എന്റെ സുഹൃത്താണ്.
ഈ പ്രോജക്ട് ചെയ്യാനാണ് ഞാൻ ആ നടനോട് പറഞ്ഞത്. മാത്രമല്ല ഫണ്ട് ഇല്ലെങ്കിൽ ചെന്നൈയിൽ വന്നാൽ മുരളിച്ചേട്ടനെ സഹായിക്കാമെന്ന് ഞാൻ അങ്ങോട്ട് വിളിച്ചു പറയുകയും ചെയ്തു.
ഈ വീഡിയോ വരുന്നതിന് മൂന്ന് ദിവസം മുന്നേ ഇദ്ദേഹത്തെ വിളിച്ചിരുന്നു. ‘സുമതിവളവ് 2’ ചെയ്യാൻ അദ്ദേഹം തയാറായിരുന്നു. ചെന്നൈയിലെ കമ്പനി ഇതിനു പൈസ ഇറക്കാമെന്നും പറഞ്ഞു.
പിന്നീട് എന്താണ് സംഭവിച്ചതെന്ന് അറിയില്ല. ഇതിനിടെ വിഷ്ണുവിന് സംവിധാനം ചെയ്യാൻ അറിയില്ലെന്നു പറയുന്നു. അങ്ങനെ ഒരാൾക്കൊപ്പം സുമതിവളവ് 2 അനൗണ്സ് ചെയ്യുമോ?
അദ്ദേഹത്തിന് ഈ ഏഴ് കോടി നഷ്ടം എങ്ങനെ വന്നുവെന്ന് തെളിയിക്കട്ടെ. ‘സുമതി വളവി’ന് ആദ്യം തീരുമാനിച്ചിരുന്ന പ്രൊഡക്ഷൻ കൺട്രോളർ പറഞ്ഞ കണക്ക് 13 കോടിയായിരുന്നു. പക്ഷേ മുരളിച്ചേട്ടൻ ഇടപെട്ട് അയാളെ മാറ്റി മറ്റൊരു കൺട്രോളറെ കൊണ്ടുവന്നു, അയാൾ പറഞ്ഞ കണക്ക് 11 കോടി. വർക്ക് കിട്ടാൻ വേണ്ടി ബജറ്റ് കുറയ്ക്കരുതെന്ന് അന്നേ അദ്ദേഹത്തിനോട് പറഞ്ഞതാണ്.
മാത്രമല്ല ആദ്യം തീരുമാനിച്ചിരുന്ന താരങ്ങളെയും ഇദ്ദേഹത്തിന്റെ താൽപര്യ പ്രകാരം മാറ്റി, വലിയ ആർട്ടിസ്റ്റുകൾ വന്നതോടെ ആ ബജറ്റും കൂടി.’’ അഭിലാഷ് പിള്ള പറഞ്ഞു.