വിജയ്, ധ്യാൻ, തൃഷ
നടൻ ധ്യാൻ ശ്രീനിവാസനെതിരെ തമിഴ്നാട്ടിൽ പ്രതിഷേധം. വിജയ്യെ കുറിച്ച് ധ്യൻ നടത്തിയ പരാമർശമാണ് ആരാധകരെ ചൊടിപ്പിച്ചത്. തമിഴ്നാടിന്റെ എല്ലാമെല്ലാമായ വിജയ്യെ അപമാനിച്ച ധ്യാന്‍ മാപ്പ് പറയണമെന്നും പരാമര്‍ശം പിൻവലിക്കണമെന്നുമാണ് ആരാധകരുടെ ആവശ്യം.
തന്റെ പുതിയ ചിത്രമായ വിസിറ്ററിന്റെ പ്രമോഷൻ ചടങ്ങിനിടെ നടത്തിയ പരാമർശങ്ങളാണ് വിവാദമായിരിക്കുന്നത്. വിജയ്യും തൃഷയും തമ്മിലുള്ള സൗഹൃദത്തെ താനും നവ്യ നായരുമായി ഉപമിച്ചായിരുന്നു ധ്യാനിന്റെ പ്രസംഗം.
'ഞാൻ വിജയ്യെ പോലെ മുഖ്യമന്ത്രിയാകുമ്പോള്‍ നവ്യ പട്ടുസാരിയുടുത്ത് നിറകണ്ണുകളുമായി മുൻനിരയിൽ ഉണ്ടാകണമെന്നാണ്' ധ്യാൻ പറഞ്ഞത്. ഇത് കേട്ടുകൊണ്ടിരുന്ന നടി നവ്യ നായർ പൊട്ടിച്ചിരിക്കുന്നതായി ദൃശ്യങ്ങളില്‍ കാണാം. നവ്യ നായർ പ്രസംഗിക്കാന്‍ എത്തിയപ്പോൾ ധ്യാനിന്റെ പരാമർശത്തിന് മറുപടിയും നൽകി. ധ്യാൻ മുഖ്യമന്ത്രിയാകുന്ന ദിവസം വെള്ള സാരിയുടുത്ത് ഒന്നാം നിരയിൽ ഞാനുണ്ടാകും എന്നാണ് താരം പറഞ്ഞത്.
തന്റെ മുഖ്യമന്ത്രി മോഹങ്ങൾക്ക് പിന്നിലെ കഥയെക്കുറിച്ച് പറയുന്നതിനിടെയായിരുന്നു വിവാദമായിരിക്കുന്ന പരാമർശം ഉണ്ടായത്. വിജയ് തമിഴ്നാട്ടിൽ പാർട്ടി തുടങ്ങിയപ്പോൾ തനിക്കും അടുത്ത 15 വർഷത്തിനുള്ളിൽ സി.എം ആകണമെന്ന് ആഗ്രഹമുണ്ടായിരുന്നു.
ഇതറിഞ്ഞ തന്റെ മെന്ററും സുഹൃത്തുമായ അജു വർഗീസാണ് ബേബി സ്റ്റെപ്പ് എന്ന രീതിയിൽ അമ്മയുടെ പ്രസിഡന്റ് ആകാൻ ഉപദേശിച്ചത്. താൻ ഓസ്ട്രേലിയയിലും അയർലൻഡിലും ഷോകളുമായി നടക്കുന്നതിനിടയിൽ, നാട്ടിൽ താൻ അമ്മ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു എന്ന വാർത്ത പരന്നതിന് പിന്നിൽ അജു വർഗീസിന്റെ പവർ ഗ്രൂപ്പ് ആണെന്ന് ധ്യാൻ വെളിപ്പെടുത്തി.
ഒരു ഷോയുമായി ബന്ധപ്പെട്ട് ഞാൻ ഓസ്ട്രേലിയയിൽ ആയിരിക്കുമ്പോൾ അജു എന്നെ വിളിച്ചു. തമിഴ്നാട്ടിൽ വിജയ് രാഷ്ട്രീയ പാർട്ടി രൂപീകരിച്ച് സിഎം ആകാൻ ഒരുങ്ങുന്ന പശ്ചാത്തലത്തിൽ, എന്റെ അടുത്ത 15 വർഷത്തെ ലക്ഷ്യം സിഎം ആകുക എന്നതാണെന്ന് ഞാൻ അജുവിനോട് തമാശയായി പറഞ്ഞു.
ഉടനെ അജു എന്നോട് പറഞ്ഞു, ‘‘നീ പെട്ടെന്ന് സിഎം ആകണ്ട, അതിന്റെ ആദ്യ പടിയെന്നോണം 'അമ്മ' സംഘടനയുടെ പ്രസിഡന്റ് ആകണം. വിജയ്യെപ്പോലെ ഒരുപാട് ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്ത് ജനമനസുകൾ കീഴടക്കണം. അതിനുശേഷം പതിയെ സി.എം ആകാം.
അതേസമയം ധ്യാനിന്റെ പ്രസ്താവന വിവാദമാകുമെന്ന് അന്നേ മനസിലാക്കിയ തരത്തിലായിരുന്നു നടൻ അജു വർഗീസിന്റെ പ്രതികരണം. 'ഒരു കാര്യം മനസിലായി, ഇനി ധ്യാനിന് തമിഴ്നാട്ടിലേക്ക് കേറാൻ പറ്റില്ല. അതിനാൽ വിജയ് സാർ എന്റെ കൂട്ടുകാരനോട് ക്ഷമിക്കണം' എന്നും അജു അതേ വേദിയിൽ പറഞ്ഞിരുന്നു. പ്രസംഗത്തിൽ എങ്ങും തൃഷയുടെ പേര് പറയുന്നില്ലെങ്കിലും വിജയ് ആരാധകരും ടിവികെ അനുയായികളും വിജയ്യെ മനപ്പൂർവ്വം അപമാനിച്ചെന്നും വിജയ്യുടെ സത്യപ്രതിജ്ഞയെ മോശമായി ചിത്രീകരിച്ചാണ് ധ്യാന്‍ സംസാരിച്ചെന്നുമാണ് ആരോപിക്കുന്നത്.