കൊച്ചി: ഫ്‌ളക്സ് വിവാദത്തിൽ പ്രതിഷേധവുമായി കോൺഗ്രസ്. കളമശേരി കുന്നുകരയിൽ ബൈ ബൈ പിണറായി ഫ്‌ളക്‌സിനെ ചൊല്ലി കോൺഗ്രസ് പ്രവർത്തകരെ സിപിഎം പ്രവർത്തകർ ആക്രമിച്ച സംഭവത്തെ തുടർന്നാണ് പ്രതിഷേധം ശക്തമാക്കിയിരിക്കുന്നത്.
ബൈ ബൈ പിണറായി എന്ന കൂടുതൽ ഫ്‌ളക്‌സുകളും ബാനറുകളുമായാണ് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിക്കുന്നത്. നോർത്ത് അടുവാശേരിയിൽ വച്ച ഫ്ലക്‌സ് നാലു സിപിഎം പ്രവർത്തകർ കത്തിച്ചതിന് പിന്നാലെ കോൺഗ്രസ് പ്രവർത്തകർ പോലീസിൽ പരാതി നൽകി യിരുന്നു.
പിന്നാലെ പ്രകോപിതരായ ഏഴു സിപിഎം പ്രവർത്തകർ നോർത്ത് അടുവാശേരിയിലെ ഓഫീസിലെത്തി കോൺഗ്രസ് പ്രവർത്തകരെ അക്രമിക്കുകയായിരുന്നു. അതേസമയം, ഫ്‌ളക്‌സിനെ ചൊല്ലിയുള്ള തർക്കത്തിൽ ഏഴു സിപിഎം പ്രവർത്തകർക്കെതിരെ പോലീസ് കേസ് എടുത്തു.
യൂത്ത് കോൺഗ്രസ് എറണാകുളം ജില്ലാ സെക്രട്ടറി മെവിൻ ജോയിയുടെ പരാതിയിൽ ചെങ്ങമനാട് പോലീസാണ് കേസ് എടുത്തത്. അടുവാശേരി ഇന്ദിര ഭവൻ ഓഫീസിൽ വച്ചിരുന്ന മറ്റു ഫ്ലക്‌സുകളും സാധനങ്ങളുമടക്കം സിപിഎം പ്രവർത്തകർ നശിപ്പിച്ചതായാണ് പരാതി നൽകിയത്.
Tags : Flex controversy Congress protest