തമിഴ് വെബ് സീരീസ് റിസോർട്ടിൽ നിന്നും താൻ പിന്മാറുകയാണെന്ന് മലയാളി നടി അനുഗ്രഹ എസ്. നമ്പ്യാര്. നടനും തിരക്കഥാകൃത്തുമായ വിജയ് കുമാർ രാജേന്ദ്രൻ പറഞ്ഞ അഡ്വാൻസ് തുക, തനിക്ക് അവകാശപ്പെട്ട പണമാണെന്നും കഴിഞ്ഞ നാല് മാസമായി തനിക്ക് തരാനുള്ള പ്രതിഫലത്തുകയായി ഇത് കണക്കാക്കുമെന്നും നടി പറയുന്നു.
ഈ വിഷയത്തിൽ ഇനി കൂടുതൽ പ്രതികരണങ്ങൾക്കില്ലെന്നും സമൂഹ മാധ്യമത്തിൽ പങ്കുവച്ച പുതിയ വീഡിയോയിലൂടെ നടി വ്യക്തമാക്കി.
‘‘ഈ വിഷയത്തിൽ എന്റെ അവസാന വീഡിയോ... എന്നെ ഒരു തർക്കത്തിലേക്ക് വലിച്ചിഴയ്ക്കരുത്... ഞാൻ റിസോർട്ട് സീരീസിൽ നിന്ന് ഔദ്യോഗികമായി പിന്മാറുന്നു... എന്നെപ്പോലെയുള്ള കലാകാരന്മാരെക്കുറിച്ചാണ് ഞാൻ സംസാരിക്കുന്നത്... ഇനി ഒരിക്കലും മറ്റൊരാൾക്കും ഇത് സംഭവിക്കരുത്.
ചീപ്പ് പബ്ലിസിറ്റിക്കും പ്രമോഷനും വേണ്ടിയാണ് ഇങ്ങനെയൊരു വിഷയവുമായി ഞാൻ രംഗത്തുവന്നതെന്നാണ് അവർ വാദിക്കുന്നത്. 25000 രൂപ അഡ്വാൻസ് ആയി തന്നെന്ന് പറയുന്നു.
കഴിഞ്ഞ നാല് മാസമായി എനിക്ക് ഷൂട്ട് പോലുമില്ല. ആ 25000 രൂപ ഞാൻ ജോലിയെടുത്ത പ്രതിഫലമാണ്. പിന്നെ എങ്ങനെയാണ് അതിൽ നിന്നും പതിനായിരം രൂപ തിരിച്ചു തരിക. ഇതിന്റെയെല്ലാം എഗ്രിമെന്റും ബാങ്ക് സ്റ്റേറ്റ്മെന്റും കൈയിൽ ഉണ്ട്.
എന്റെ അടുത്ത പ്രതിഫലത്തിൽനിന്ന് പണം പിടിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. അതെങ്ങനെ സാധിക്കും. അവരുടെ നിബന്ധനകൾ എനിക്ക് മനസിലാവുന്നില്ല. എന്റെ കൈയിലും തെളിവുകളുണ്ട്.
നിങ്ങളുടെ ഭാഗത്താണ് ശരിയെങ്കിൽ ഞാൻ എന്തിന് എന്റെ പ്രതിഫലത്തിന് യാചിക്കുന്നു. ഷൂട്ടിംഗ് തുടങ്ങി രണ്ടുമാസത്തിന് ശേഷം എങ്ങനെയാണ് കരാറുണ്ടാക്കുന്നത്?. അത് നിങ്ങളുടെ തെറ്റാണ്.
കരാറൊപ്പിടാൻ താൻ നിർബന്ധിതയാവുകയായിരുന്നുവെന്നും വിജയ് നിർമാണം ഉൾപ്പെടെ എല്ലാ മേഖലയിലും കൈകടത്തിയിരുന്നുവെന്നും നടി ആരോപിച്ചു. ‘‘പ്രൊഡക്ഷൻ ടീമിനോട് ചോദിച്ച് നിങ്ങൾ ബാങ്ക് സ്റ്റേറ്റ്മെന്റ് പുറത്തു കൊണ്ടുവരൂ. വിജയ് കുമാർ എന്ന ആൾ ഇതിെല തിരക്കഥാകൃത്ത് മാത്രമല്ല, എല്ലാത്തിലും കയറി തലയിടുമായിരുന്നു. രണ്ട് യൂണിറ്റുകളായിട്ടായിരുന്നു ഒരേ സമയം ഷൂട്ടിങ് നടന്നത്.
ഒന്ന് പ്രവീണിന്റെയും മറ്റൊന്ന് വിജയ് കുമാറിന്റെയും നേതൃത്വത്തിൽ. എന്റെ കഥാപാത്രത്തിന് കൂടുതൽ പ്രാധാന്യം നൽകുമെന്ന് പറഞ്ഞ് വ്യാജവാഗ്ദാനം നൽകി.
അടുത്ത എപ്പിസോഡ് കഴിയുമ്പോൾ കഥാപാത്രം കൂടുതൽ മെച്ചപ്പെടും, കുറച്ച് കൂടി കാത്തിരിക്കൂ എന്നു കള്ളം പറഞ്ഞു.
കരാർ ചൂണ്ടിക്കാണിച്ച് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഗോപി എന്നെ വ്യക്തിപരമായ അത്യാവശ്യകാരങ്ങൾക്കുപോവാൻ പോലും അനുവദിച്ചില്ല. ആ സമയത്ത് ഞാൻ മറ്റ് ഓഡിഷനുകളിൽ ഒന്നും പങ്കെടുത്തിരുന്നില്ല.
വ്യക്തമായ പ്ലാനിംഗ് ഇല്ലാതെ പല ദിവസങ്ങളിലും എന്നെ ഷൂട്ടിന് വിളിച്ചുവരുത്തിയിരുന്നു. ഇവർ കൊടുത്ത ഡേറ്റിൽ ഒരു ഓഡിഷനും പോയിട്ടില്ല. നേരത്തെ കമ്മിറ്റ് ചെയ്ത വർക്ക് ആണെങ്കിൽ അതിനുപോകേണ്ടത് കടമയല്ലേ, ഇവർ കൃത്യ സമയത്ത് ഷൂട്ടും വയ്ക്കില്ല, പ്രതിഫലവും നൽകില്ല. എന്നിട്ടും എന്റെ വേഷം മുഴുവൻ പൂർത്തിയാക്കിയതിനുശേഷമാണ് അവിടെനിന്നും പോയത്.
നായികാവേഷമാണെന്ന് പറഞ്ഞ്, സൈഡ് റോളിനായി മൂന്നുതവണ തന്നെ വിളിച്ചുവരുത്തി. പ്രധാന വേഷമാണെന്നു പറഞ്ഞാണ് എന്നെ വിളിച്ചതുപോലും.
ജിയോ ഹോട്ട്സ്റ്റാറിൽ മറ്റൊരു സീരിസിനായി എന്നെ വിളിച്ചെന്ന് പറഞ്ഞപ്പോൾ, എന്റെ ഈ കഥാപാത്രത്തിന് അടുത്ത എപ്പിസോഡുകളിൽ കൂടുതൽ പ്രാധാന്യം ഉണ്ടാകുമെന്നാണ് പറഞ്ഞത്. ഇതിൽ ഞാൻ എന്ത് തെറ്റാണ് ചെയ്തത്.
വിജയ് കുമാറിനേയും ഭാര്യ നക്ഷത്രാമൂർത്തിയേയും വിളിച്ചത് പങ്കാളിയല്ല, സുഹൃത്താണ്. എന്തിനാണ് അയാളെ എന്റെ കാമുകനാക്കുന്നത്. എന്തിനാണ് വിജയ് കുമാർ വിഷയം മാറ്റാൻ ശ്രമിക്കുന്നത്? എന്തിനാണ് പേടിക്കുന്നത്?
മലയാളത്തിൽ ചീത്ത വിളിച്ചെന്ന് പറഞ്ഞു. ഒരു ചുക്കുമില്ലെന്ന് പറഞ്ഞാൽ ഒന്നുമില്ലെന്നാണ് അർഥം, അതൊരു ചീത്ത വാക്കല്ല. ഈ പ്രശ്നത്തെ കാമുകന്റെ പേര് പറഞ്ഞ് വഴി തിരിച്ച് വിടാനാണ് ഇവർ ശ്രമിക്കുന്നത്. എന്റെ സ്ഥാനത്ത് ആരായാലും അത് തന്നെയാകും ചെയ്യുക. കാരണം അങ്ങനെയൊരു അവസ്ഥയിലാണ് അപ്പോൾ ഞാന് ഉണ്ടായിരുന്നത്.
തമിഴ് ഇൻഡസ്ട്രിയിൽ ഇനി വർക്ക് ചെയ്യാനാകില്ല, റെഡ് കാർഡ് നൽകും അങ്ങനെയൊക്കെ പറഞ്ഞ് ഭീഷണിപ്പെടുത്താൻ നോക്കി. എനിക്ക് നീതി വേണം, എന്നെപ്പോലെ ഒരു പുതുമുഖത്തിനും ഇതുപോലെ ഉണ്ടാകാൻ പാടില്ല. അതുകൊണ്ടാണ് എന്റെ സ്വന്തം അക്കൗണ്ടിൽ നിന്നും വീഡിയോ ചെയ്തത്.
ഇരവാദത്തിനോ ആരെയെങ്കിലും മോശക്കാരാക്കാനോ അല്ല ഞാൻ ശ്രമിക്കുന്നത്. ഒരുലക്ഷമോ കൂടുതലോ എനിക്ക് ചോദിക്കാമായിരുന്നു. എന്നാൽ, ഞാൻ ഇപ്പോഴും അർഹതപ്പെട്ട 25,000 രൂപയ്ക്കാണ് ചോദിക്കുന്നത്.
എന്റെ യാത്രാബത്ത പോലും തന്നിരുന്നില്ല. കഴിഞ്ഞ നാല് മാസമായി ഷൂട്ട് പോലുമില്ല. എനിക്ക് നെഗറ്റിവ് പബ്ലിസിറ്റി വേണ്ട. ഓഡിഷനെക്കുറിച്ചും ഇവർ പറയുകയുണ്ടായി, അന്ന് ട്രാവൽ ബാറ്റ തിരിച്ചു തരുമെന്ന് ഇവർ പറഞ്ഞതാണ്. പക്ഷേ തന്നില്ല.
നായികയെ എങ്ങനെ പരിപാലിക്കണം എന്ന വിഷയത്തെക്കുറിച്ചല്ല മനുഷ്യനെ എങ്ങനെ പരിപാലിക്കണമെന്നാണ് ഞാന് ആവശ്യപ്പെട്ടത്. ഞാനൊരു ചാനലിലും പോയി കരഞ്ഞ് നിലവിളിച്ചിട്ടില്ല. ഒരു വിവാദം വരുമ്പോൾ മാധ്യമങ്ങൾ അത് റിപ്പോർട്ട് ചെയ്യും.
ഒരു വിക്ടിം കാർഡും ഞാൻ ഇവിടെ കളിച്ചിട്ടില്ല. മാന്യമായി ഈ വിഷയം ഡീല് ചെയ്തിരുന്നെങ്കിൽ ഇതൊന്നും സംഭവിക്കില്ലായിരുന്നു. നിങ്ങളും ഭാര്യയും എന്നെ പ്രകോപിപ്പിച്ചു. മാധ്യമങ്ങൾ വാർത്തയാക്കിയതിന് എന്നെ പഴിക്കരുത്.
എട്ട് മാസമായി ഈ വിഷയത്തിൽ സംസാരിക്കാത്ത ആളുകളില്ല. ഇതിന്റെ പ്രത്യാഘാതം എന്തെന്ന് എനിക്ക് വ്യക്തമായി അറിയാം. ഞാനൊരു പുതുമുഖ നടിയാണ്. പക്ഷേ നിങ്ങൾ വളരെ ചീപ്പ് ആയാണ് പ്രതികരിച്ചത്. അത് ഞാനൊരിക്കലും പ്രതീക്ഷിച്ചില്ല. മാത്രമല്ല സെറ്റിൽ നിന്നു വരെ മോശമായ അനുഭവവും പരിഹാസവും നേരിട്ടിട്ടുണ്ട്. നിങ്ങൾ കറുത്തതായതുകൊണ്ട് റൂം സർവീസ് വിഭാഗത്തിലാണെന്നു പറഞ്ഞും അപമാനിച്ചു.
സ്ത്രീയെന്ന നിലയിൽ മുഖ്യധാരയിലേക്കെത്താൻ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. നിങ്ങളുടെ പ്രവൃത്തികൊണ്ട് ബാധിക്കപ്പെട്ടവരെ എന്തിന് കുറ്റവാളികളായി കാണുന്നു. ഇമോഷനലി ഞാൻ ആകെ തകർന്നിരിക്കുന്നു. ഇതുകൊണ്ടാണ് മലയാളി പെൺകുട്ടികളെ എടുക്കാത്തതെന്ന് ഒരു കമന്റ് കണ്ടു. നിങ്ങൾക്ക് ബജറ്റ് ഇല്ലെങ്കിൽ നിങ്ങൾ ഞങ്ങളെ വിളിക്കരുത്.
എനിക്ക് ഈ വിഷയത്തിൽ നീതി വേണം. ഞാൻ ആരെയും കുറ്റപ്പെടുത്തുന്നില്ല. ധർമം, ന്യായം ജയിക്കണം. പക്ഷേ സമയമെടുക്കും.’’–അനുഗ്രഹയുടെ വാക്കുകൾ.
ജിയോഹോട്സ്റ്റാറിൽ പുറത്തിറങ്ങിയ റിസോർട്ട് വെബ് സീരീസുമായി ബന്ധപ്പെട്ടാണ് വിവാദങ്ങൾ ഉടലെടുത്തത്. പരമ്പരയുടെ തിരക്കഥാകൃത്തും നായകനുമായ വിജയ് കുമാർ രാജേന്ദ്രനും ഭാര്യ നക്ഷത്രാമൂർത്തിക്കും നിർമാണക്കമ്പനിയായ ഗ്ലോബൽ വില്ലേജേഴ്സിനുമെതിരേയാണ് അനുഗ്രഹ ആരോപണവുമായെത്തിയത്.
ഒരുവർഷത്തെ കരാറിൽ ഒപ്പിട്ടശേഷം ചിത്രീകരണം നടത്താതെ തന്റെ മറ്റ് അവസരങ്ങൾ തടഞ്ഞുവെന്നാണ് ആരോപണം.
Tags : controversy anugraha resort web series