x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭജനസംഘത്തിന്‍റെ ക്രിസ്തീയ ഗാനം: ചിക്കൻ മസാല പായസത്തിൽ ഇടരുതെന്ന് ശശികല

വെബ് ഡെസ്ക്
Published: April 21, 2026 02:54 PM IST | Updated: April 21, 2026 03:01 PM IST

കോട്ടയം: ക്രിസ്തീയ ഗാനം ആലപിച്ച നന്ദഗോവിന്ദം ഭജൻസ് സംഘത്തിനെതിരേ ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികലയും രംഗത്ത്. ചിക്കൻ മസാല നല്ലതാണ് പക്ഷേ, പായസത്തിൽ ഇടരുത്. ഇതൊരു വീട്ടമ്മയുടെ ഉപദേശമാണെന്നായിരുന്നു അവരുടെ പരിഹാസം.
അടുത്ത കാലത്ത് സോഷ്യൽ മീഡിയയിലും സ്റ്റേജ് പ്രോഗ്രാമുകളിലുമായി ഏറെ ശ്രദ്ധിക്കപ്പെട്ട ഭജനസംഘം നന്ദഗോവിന്ദം ഭജൻസ് തങ്ങളുടെ പരിപാടിക്ക് ഇടയിൽ ക്രിസ്തീയഗാനം ആലപിച്ചതാണ് ശശികലയെ പ്രകോപിപ്പിച്ചത്.

കോട്ടയം വേമ്പിൻകുളങ്ങര ശ്രീമഹാവിഷ്ണു ക്ഷേത്രോത്സവത്തിന്‍റെ ഭാഗമായി ഇവരുടെ ഭജന അരങ്ങേറിയിരുന്നു. യേശുദാസ് ആലപിച്ച ഈ പരദേവനഹോ എന്നു തുടങ്ങുന്ന ക്രിസ്തീയ ഗാനം ഈ പരിപാടിക്ക് ഇടയിൽ നന്ദഗോവിന്ദം ഭജൻസ് ആലപിച്ചു. മോഹൻസിത്താര സംഗീതം നൽകിയ ഗാനം അടുത്ത കാലത്ത് വീണ്ടും സാമൂഹ്യമാധ്യമങ്ങളിൽ തരംഗമായി മാറിയിരുന്നു. ക്ഷേത്രത്തിനു സമീപം സ്ഥിതിചെയ്യുന്ന ക്രിസ്ത്യൻ പള്ളിക്ക് ക്ഷേത്രവുമായുള്ള സൗഹാർദബന്ധം എടുത്തു പറഞ്ഞതിനു ശേഷമായിരുന്നു ഇവരുടെ ഗാനാവതരണം.

വേമ്പിൻകുളങ്ങര ക്ഷേത്രത്തിലെ ദേശവിളക്കിന് സമീപത്തെ പള്ളിയിലും വിളക്ക് തെളിക്കുന്ന പതിവ് ഉണ്ടായിരുന്നു. അതുപോലെ പരിപാടിക്കു പള്ളിയോടു ചേർന്നുള്ള സ്ഥലത്തായിരുന്നു പാർക്കിംഗ് അനുവദിച്ചിരുന്നതും. ഇക്കാര്യങ്ങളും ഗാനാലാപനത്തിനു മുന്പ് ഭജൻസ് ടീം ചൂണ്ടിക്കാണിച്ചിരുന്നു. വലിയ കൈയടിയോടെയാണ് ജനങ്ങൾ ഇതു സ്വീകരിച്ചത്. സോഷ്യൽ മീഡിയയിലും ഇതിനു വലിയ അഭിനനന്ദപ്രവാഹമുണ്ടായി. ഇതിനു പിന്നാലെയാണ് ശശികലയും മറ്റു ചില തീവ്രഹിന്ദുത്വ നേതാക്കളും ഭജനസംഘത്തിനെതിരേ രൂക്ഷവിമർശനവുമായി രംഗത്തുവന്നത്.

എന്നാൽ, ആർഎസ്എസ് അനുഭാവിയും ഹൃദയവിദ്യ ഫൗണ്ടേഷൻ ചെയർമാനുമായ വിദ്യാസാഗർ ഗുരുമൂർത്തിയാണ് നന്ദഗോവിന്ദം ഭജൻസ് ടീമിനെതിരേ രൂക്ഷവിമർശനവും പരിഹാസവുമായി ആദ്യം രംഗത്തുവന്നത്. നന്ദകുന്തിരിക്കം ഭജൻസ് എന്നു അദ്ദേഹം ഇവരെ പരിഹസിച്ചു. ക്ഷേത്രവേദികൾ ക്രിസ്തീയഗാനങ്ങൾ പാടാൻ ഉപയോഗിക്കരുത്. ഹിന്ദുക്കളുടെ ചെലവിൽ പ്രശസ്തി നേടിയ ശേഷം ഹാലേലുയ്യ പാടുന്നതു വലിയ തെറ്റാണ്. നന്ദ കുന്തിരക്കം ഭജൻസ് എന്നായിരുന്നു വിദ്യാസാഗർ ഫേസ്ബുക്കിൽ കുറിച്ചത്.

ഇതിനു പിന്നാലെയാണ് ശശികലയുടെ വിമർശനം. ഇതുവരെ അവരെ ആരും അഭിനന്ദിച്ചിരുന്നില്ലേ? ഇരിക്കുന്ന കൊന്പ് എത്ര ബലമുള്ളതാണെങ്കിലും സ്വയം മുറിച്ചാൽ അതു മുറിയാതിരിക്കില്ല. ചിക്കൻ മസാല നല്ലതാണ്. പക്ഷേ, പായസത്തിൽ ഇടരുത്... ഒരു വീട്ടമ്മയുടെ ഉപദേശമാണ്- എന്നിങ്ങനെയായിരുന്നു ശശികലയുടെ വിമർശനം.

2000ൽ കോട്ടയം നട്ടാശേരി വേമ്പിൻകുളങ്ങര ക്ഷേത്രത്തിൽ ചെറിയ കർക്കിടക ഭജനസംഘമായി തുടക്കമിട്ടതാണ് നന്ദഗോവിന്ദം ഭജൻസ്. ശ്രീദുർഗ ഭജനസമിതി എന്നതായിരുന്നു ആദ്യ പേര്. 2004ൽ ആണ് നന്ദഗോവിന്ദം ഭജൻസ് എന്ന പേര് സ്വീകരിച്ചത്.

ഇവരുടെ സ്റ്റേജ് പരിപാടികളിൽനിന്നുള്ള ഭാഗം സോഷ്യൽ മീഡിയകളിൽ പ്രചരിച്ചതോടെയാണ് ഇവർക്കു പേരും പ്രശസ്തിയും ലഭിച്ചത്. ഇന്നു കേരളത്തിലും പുറത്തും വിദേശത്തും ഏറെ പരിപാടികൾ അവതരിപ്പിക്കുന്ന ടീമായി നന്ദഗോവിന്ദം ഭജൻസ് മാറിയിട്ടുണ്ട്.

Tags : Christian song Bhajan Sangh Sasikala controversy Hindutwa

Recent News

Corehub Up