പ്രതീകാത്മക ചിത്രം
പാറ്റ്ന: ബിഹാറിലെ റോഹ്താസ് ജില്ലയില്‍ ഭാര്യയെ കൊന്നതിന് ജയിൽ ശിക്ഷ അനുഭവിച്ച യുവാവ് പന്ത്രണ്ട് വര്‍ഷത്തിന് ശേഷം ഭാര്യയെ ജീവനോടെ കണ്ടെത്തി. പൊലിസ് നടത്തിയ രഹസ്യ അന്വേഷണത്തിലാണ് വർഷങ്ങൾക്ക് മുൻപ് കാണാതായ യുവതി ജാർഖണ്ഡിലുണ്ടെന്ന് കണ്ടെത്തിയത്. ശകുന്തള ദേവി എന്ന യുവതിയാണ് വർഷങ്ങൾക്ക് ശേഷം ജീവനോടെ തിരിച്ചെത്തിയത്. സംഭവത്തിൽ പൊലിസ് കേസെടുത്തിട്ടുണ്ട്.
ശകുന്തള ദേവി 2002-ലാണ് അരുൺ മെഹ്തയെ വിവാഹം കഴിച്ചത്. 2014-ൽ യുവതി ഭർത്താവിനെയും കുടുംബത്തെയും ഉപേക്ഷിച്ച് കാമുകൻ റാട്ടു സിംഗ് ഒളിച്ചോടുകയായിരുന്നു. ഇതിനുപിന്നാലെ റോഹ്താസിലെ കനാലിൽ നിന്ന് ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ഇത് കാണാതായ ശകുന്തള ദേവിയാണെന്ന് സഹോദരൻ തിരിച്ചറിഞ്ഞു.
തുടർന്ന് ശകുന്തള ദേവിയെ കൊലപ്പെടുത്തിയെന്ന് കാണിച്ച് ഭർത്താവ് അരുൺ മെഹ്ത, ഭർതൃപിതാവ് ദിലീപ് മെഹ്ത ഉൾപ്പെടെ എട്ട് ബന്ധുക്കൾക്കെതിരെ പൊലിസ് കൊലക്കുറ്റത്തിന് കേസെടുത്തു. ഇവർ ജയിലിലാവുകയും ചെയ്തു. പിന്നീട് ശകുന്തളയുടെ കുടുംബത്തിന് എട്ട് ലക്ഷം രൂപ നൽകി ഒത്തുതീർപ്പിലെത്തിയ ശേഷമാണ് പ്രതികൾ ജയിൽ മോചിതരായത്.
രണ്ട് മാസം മുമ്പ് ശകുന്തള ദേവി മറ്റൊരു പേരിൽ റാട്ടു സിംഗിനൊപ്പം ജാർഖണ്ഡിലെ ഗാർവ ജില്ലയിൽ താമസിക്കുന്നുണ്ടെന്ന് ഭർതൃകുടുംബത്തിന് വിവരം ലഭിച്ചു. തുടർന്ന് ഭർതൃപിതാവ് പൊലിസിൽ വിവരം അറിയിച്ചു.
പിന്നീട് പൊലിസ് നടത്തിയ അന്വേഷണത്തിലാണ് ജാർഖണ്ഡിൽ നിന്ന് യുവതിയെ കണ്ടെത്തിയത്. ഇവർക്കെതിരെ കേസെടുത്ത് കോടതിയില്‍ ഹാജരാക്കി. എന്നൽ 12 വർഷം മുൻപ് കനാലിൽ നിന്ന് കണ്ടെത്തിയ അജ്ഞാത മൃതദേഹം ആരുടേതാണെന്ന അന്വേഷണത്തിലാണ് പൊലിസ്.
Tags : Deepika BreakingNews Woman Alive Husband Imprison