ആന്റോ അഗസ്റ്റിൻ
കൽപ്പറ്റ: റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ കുടുംബവീട്ടിൽ വൻതോതിൽ മദ്യശേഖരം പിടികൂടി. 43 ലിറ്റർ വിദേശമദ്യവും ഏഴു ലിറ്റർ വൈനുമാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്. മെസിയുമായി ബന്ധപ്പെട്ട തട്ടിപ്പിൽ പൊലിസ് വീട്ടിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് മദ്യശേഖരം കണ്ടെത്തിയത്.
തുടർന്ന് നിയമപരമായ തുടർനടപടികൾ സ്വീകരിക്കുന്നതിനായി പൊലിസ് ഉദ്യോഗസ്ഥർ എക്സൈസ് സംഘത്തെ വിളിച്ചുവരുത്തുകയായിരുന്നു. കൽപറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷറഫുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി തുടർനടപടികൾ ആരംഭിച്ചു.
നിലവിലുള്ള നിയമപ്രകാരം വ്യക്തിഗതമായി കൈവശം വെക്കാവുന്ന അളവിലും വളരെ ഉയർന്ന അളവിലാണ് ഇവിടെ മദ്യം സൂക്ഷിച്ചിരുന്നത്. ഒരു വ്യക്തിക്ക് കൈവശം വെക്കാവുന്ന ഇന്ത്യൻ നിർമിത വിദേശമദ്യത്തിന്റെ നിയമനുസൃത പരിധി മൂന്ന് ലിറ്ററും, വൈനിന്റെ പരിധി മൂന്നര ലിറ്ററുമാണ്.
ബിയർ ഉൾപ്പെടെയുള്ള മറ്റ് മദ്യങ്ങൾ പരമാവധി 15 ലിറ്റർ വരെ കൈവശം വെക്കാൻ അനുമതിയുള്ളപ്പോഴാണ് ഇതിനേക്കാൾ എത്രയോ ഇരട്ടി മദ്യം ഈ വീട്ടിൽ നിന്നും പിടിച്ചെടുത്തിരിക്കുന്നത്. കണ്ടെടുത്ത മദ്യം വിദേശത്തുനിന്ന് നേരിട്ട് ഇറക്കുമതി ചെയ്തതാണോ അതോ ഇന്ത്യൻ നിർമിത വിദേശമദ്യമാണോ എന്നതടക്കമുള്ള കാര്യങ്ങൾ എക്സൈസ് സംഘം വിശദമായി പരിശോധിച്ച് വരികയാണ്.
Tags : anto augustine raid excise raid Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash