ഹാമിഷ് റോഡ്രിഗസ്
ബൊഗോട്ടോ: കൊളംബിയൻ ഇതിഹാസം ഹാമിഷ് റോഡ്രിഗസ് അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു. 15 വർഷം നീണ്ട പ്രൊഫഷണൽ കരിയറിനൊടുവിലാണ് 35-കാരനായ റോഡ്രിഗസ് കൊളംബിയയുടെ മഞ്ഞക്കുപ്പായം അഴിച്ചുവയ്ക്കുന്നത്.
2026 ഫിഫ ലോകകപ്പിൽ സ്വിറ്റ്സർലൻഡിനെതിരായ പ്രീ-ക്വാർട്ടർ പോരാട്ടത്തിലാണ് റോഡ്രിഗസ് കൊളംബിയൻ കുപ്പായത്തില്‍ അവസാനമായി കളത്തിലിറങ്ങിയത്. സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ച വൈകാരികമായ വീഡിയോ സന്ദേശത്തിലാണ് റോഡ്രിഗസ് തന്റെ തീരുമാനം ആരാധകരെ അറിയിച്ചത്.
ഇന്ന് ഞാൻ നിങ്ങളോട് ഹൃദയം തുറന്ന് സംസാരിക്കാൻ ആഗ്രഹിക്കുന്നു. വർഷങ്ങൾ നീണ്ട പോരാട്ടങ്ങൾക്കും സന്തോഷങ്ങൾക്കും കഠിനമായ നിമിഷങ്ങൾക്കും ശേഷം എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു അധ്യായത്തിന് തിരശീല വീഴുകയാണെന്ന് റോഡ്രിഗസ് വ്യക്തമാക്കി.
2011 ഒക്ടോബറിൽ ബൊളീവിയയ്ക്കെതിരെയായിരുന്നു റോഡ്രിഗസിന്റെ അന്താരാഷ്ട്ര അരങ്ങേറ്റം. രാജ്യത്തിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ (131) കളിച്ച താരമെന്ന റെക്കോർഡ് ഡേവിഡ് ഓസ്പിനയെ മറികടന്ന് റോഡ്രിഗസ് സ്വന്തമാക്കിയിരുന്നു. 131 മത്സരങ്ങളിൽ നിന്നായി 31 ഗോളുകളും 43 അസിസ്റ്റുകളും റോഡ്രിഗസ് സ്വന്തമാക്കി.
2024ലെ കോപ അമേരിക്കയില്‍ നായകനായി ടീമിനെ മുന്നിൽ നിന്ന് നയിച്ച റോഡ്രിഗസ്, കൊളംബിയയെ 2024 കോപ്പ അമേരിക്കയുടെ ഫൈനലിൽ എത്തിച്ചു. അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് പടിയിറങ്ങിയെങ്കിലും ക്ലബ് ഫുട്ബോളിൽ റോഡ്രിഗസ് തുടരും.
Tags : Colombian legendary star retires International Football James Rodriguez