International
സാൻ ഫ്രാൻസിസ്കോ: ലോകസിനിമയിലെ ഇതിഹാസതാരം ക്ലിന്റ് ഈസ്റ്റ്വുഡ് സിനിമാജീവിതം അവസാനിപ്പിച്ചു. 96ാം വയസിലാണ് അദ്ദേഹം വിശ്രമജീവിതത്തിലേക്കു പോകുന്നത്.
ഏഴു പതിറ്റാണ്ടിനിടെ എഴുപതിലധികം സിനിമകളിൽ അഭിനയിക്കുകയും 40തിലധികം സിനിമകൾ സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. സാധാരണ നടനായി തുടങ്ങി സ്വന്തം കഠിനാധ്വാനവും തനത് ശൈലിയും കൊണ്ട് ഹോളിവുഡിന്റെ സിനിമാ സംസ്കാരത്തെത്തന്നെ മാറ്റിമറിച്ച അസാധാരണ കരിയറാണ് ക്ലിന്റ് ഈസ്റ്റ്വുഡിന്റേത്. മകന് കൈല് ഈസ്റ്റ്വുഡാണ് താരത്തിന്റെ വിരമിക്കല് വാര്ത്ത സ്ഥിരീകരിച്ചത്.
◄ കൗബോയ് ചിത്രങ്ങളിലൂടെ ജനഹൃദയങ്ങളിലേക്ക്
1960കളില് പുറത്തിറങ്ങിയ ഡോളേഴ്സ് ട്രിലജി എന്നറിയപ്പെടുന്ന കൗബോയ് വെസ്റ്റേണ് സിനിമകളിലെ ‘പേരില്ലാത്ത മനുഷ്യന്’ എന്ന കഥാപാത്രത്തിലൂടെയാണ് ക്ലിന്റ് ഈസ്റ്റ്വുഡ് ലോകശ്രദ്ധ നേടുന്നത്. സെർജിയോ ലിയോണിയാണ് സിനിമയുടെ സംവിധായകൻ. ലോകമെങ്ങും അദ്ദേഹത്തിന് വലിയ ആരാധകരെയാണ് എ ഫിസ്റ്റ്ഫുൾ ഓഫ് ഡോളേഴ്സ് (1964), ഫോർ എ ഫ്യു ഡോളേഴ്സ് മോർ (1965), ദ ഗുഡ്, ദ ബാഡ് ആൻഡ് ദ അഗ്ളി (1966) എന്നീ ചിത്രങ്ങൾ നേടിക്കൊടുത്തത്. ഈ സിനിമകളിലെ കഥാപാത്രം അദ്ദേഹത്തെ ഒരു ആഗോള ഐക്കണാക്കി മാറ്റി. കോട്ടും ചുണ്ടില് കത്തുന്ന ചുരുട്ടുമായി നില്ക്കുന്ന അദ്ദേഹത്തിന്റെ രൂപം സിനിമാചരിത്രത്തിലെ വലിയൊരു അടയാളമാണ്. ഇറ്റാലിയന് പശ്ചാത്തലത്തിലുള്ള ഇത്തരം കൗബോയ് സിനിമകള് ‘സ്പഗെറ്റി വെസ്റ്റേണ്’ എന്നറിയപ്പെട്ടു. പിന്നീട് 20 ഓളം കൗബോയ് ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു.
◄ ഡേർട്ടി ഹാരിയായി മിന്നി
കുറ്റാന്വേഷക ഹാരിയായി അഭിനയിച്ച ഡേര്ട്ടി ഹാരി (1971) സിനിമകളിലൂടെയും ലോകമാകെ ക്ലിന്റ് ഈസ്റ്റ്വുഡ് എന്ന നാമം ഖ്യാതിയാര്ജിച്ചു. കൗബോയ് വേഷങ്ങളില്നിന്നു മാറി മോഡേണ് ആക്ഷന് സിനിമകളിലേക്ക് അദ്ദേഹം ചുവടുമാറ്റി. നിയമം കൈയിലെടുക്കുന്ന ‘ഹാരി കാലഹന്’ എന്ന പോലീസ് ഉദ്യോഗസ്ഥനായി അദ്ദേഹം തകര്പ്പന് പ്രകടനം കാഴ്ചവച്ചു. ഈ സീരീസിലെ അഞ്ചു സിനിമകളും വലിയ വിജയങ്ങളായിരുന്നു.
◄ സംവിധായകന്റെ കുപ്പായത്തിലും തിളങ്ങി
സ്വയം നായകനായ ‘പ്ലേ മിസ്റ്റി ഫോര് മി’ (1971) എന്ന ത്രില്ലര് ചിത്രമാണ് അദ്ദേഹം ആദ്യമായി സംവിധാനം ചെയ്തത്. 94-ാം വയസിൽ നിക്കോളാസ് ഹോള്ട്ടിനെ നായകനാക്കി 2024ല് റിലീസ് ചെയ്ത ‘ജുറോര് 2’ ആണ് അദ്ദേഹത്തിന്റെ അവസാന ചിത്രം. ഈ കോര്ട്ട് റൂം ഡ്രാമ വലിയ നിരൂപക പ്രശംസ പിടിച്ചുപറ്റിയിരുന്നു. 2021 ൽ പുറത്തിറങ്ങിയ ക്രൈ മാച്ചോയിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്. അഭിനയത്തേക്കാള് വലിയ അംഗീകാരങ്ങളാണ് സംവിധായകന് എന്നനിലയില് അദ്ദേഹത്തെ തേടിയെത്തിയത്. വളരെ വേഗത്തിലും കൃത്യമായ ബജറ്റിലും സിനിമകള് പൂര്ത്തിയാക്കുന്ന സംവിധായകനാണ് അദ്ദേഹം.
മികച്ച നടനുള്ള ഓസ്കര് നാമനിര്ദേശവും മികച്ച സംവിധായകനുള്ള ഓസ്കര് പുരസ്കാരവും ഒരേ സിനിമയിലൂടെ (അൺഫോർഗിവൺ, മില്യൺ ഡോളർ ബേബി) രണ്ടുതവണ നേടിയ ചുരുക്കം ചിലരില് ഒരാളാണ് അദ്ദേഹം. കൂടാതെ മിസ്റ്റിക്ക് റിവര്, അമേരിക്കന് സ്നൈപ്പര്, ചെയ്ഞ്ചലിംഗ്, സള്ളി : മിറാക്കിള് ഓണ് ദി ഹഡ്സണ് തുടങ്ങിയ നിരവധി പ്രേക്ഷകപ്രീതി നേടിയ ചിത്രങ്ങള് അദ്ദേഹം സിനിമാലോകത്തിന് സമ്മാനിച്ചു.
◄ മാസ് ഡയലോഗുകളുടെ സഹചാരി
പല്ലിറുമ്മി സംസാരിക്കുന്ന ശൈലിയുണ്ടെന്ന് പറഞ്ഞ് ആദ്യകാലത്ത് അദ്ദേഹത്തിനു വലിയ വിമര്ശനങ്ങളെ നേരിടേണ്ടിവന്നു. പിന്നീട് ഇതേ ശൈലിയാണ് അദ്ദേഹത്തിന്റെ മാസ് ഡയലോഗുകളുടെ സിഗ്നേച്ചര് ആയി മാറിയത്. അക്രമിക്ക് നേരേ തോക്കു ചൂണ്ടിക്കൊണ്ട് ‘സഡന് ഇംപാക്ടി’ലെ ഹാരി കാലഗന് പറയുന്നു: “ഗോ എഹെഡ്, മേക്ക് മൈ ഡേ..’’ സിനിമാപ്രേമികള് ഒരിക്കലും മറക്കാത്ത ഡയലോഗാണിത്. എക്കാലത്തെയും പ്രശസ്തമായ സിനിമാ ഡയലോഗുകളുടെ പട്ടികയില് ആറാം സ്ഥാനമാണ് ആ സംഭാഷണത്തിന് അമേരിക്കന് ഫിലിം ഇന്സ്റ്റിറ്റ്യൂട്ട് (എഎഫ്ഐ) നല്കിയത്. ഇന് ദിസ് വേള്ഡ് ദെയര് ആര് ടു കൈന്ഡ്സ് ഓഫ് പീപ്പിള്, ഫ്രന്ഡ് (ദ ഗുഡ്, ദ ബാഡ് ആന്ഡ് ദ അഗ്ലി) എന്ന ഡയലോഗ് ഇന്നും കാണികളെ രോമാഞ്ചം കൊള്ളിക്കുന്നു.
പേരില്ലാത്ത കഥാപാത്രമായി ചുണ്ടില് എരിയുന്ന ചുരുട്ടുമായി കുതിരപ്പുറത്തു പ്രത്യക്ഷപ്പെട്ട ക്ലിന്റ് ഈസ്റ്റ്വുഡ് വെള്ളിത്തിരയില് പ്രത്യക്ഷപ്പെട്ട ദ ഗുഡ്, ദ ബാഡ് ആന്ഡ് ദ അഗ്ലി സിനിമയുടെ പശ്ചാത്തലത്തില് മുഴങ്ങിയ ബിജിഎമ്മും ലോകപ്രശസ്തമായി. ഒരു ചൂളമടി ശബ്ദമായിരുന്നു അത്. പിന്നീട് ആ ശബ്ദം എത്രയെത്ര സിനിമകളില് കേട്ടു.
Kerala
തിരുവനന്തപുരം: കേന്ദ്ര യുവജനകാര്യ കായികമന്ത്രാലയത്തിന് കീഴിലുള്ള മൈ ഭാരത് സംസ്ഥാന ഡയറക്ടർ എം. അനിൽകുമാർ സർവീസിൽനിന്നു വിരമിച്ചു. തിരുവനന്തപുരത്ത് നൽകിയ യാത്രയയപ്പ് യോഗത്തിൽ ആരോഗ്യമന്ത്രി കെ. മുരളീധരൻ മുഖ്യാതിഥിയായിരുന്നു.
വി. മുരളീധരൻ എംഎൽഎ, ആരോഗ്യ കേരള സർവകലാശാലകളുടെ വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ, ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, ഇൻഫർമേഷൻ കമ്മീഷണർ ടി.കെ. രാമകൃഷ്ണൻ, ജില്ലാ ജഡ്ജി ഷാജഹാൻ, നെഹ്റു യുവ കേന്ദ്ര സംഗതൻ മുൻ സോണൽ ഡയറക്ടർ ഡോ. എ. രാധാകൃഷ്ണൻ നായർ, പിആർഡി മുൻ ഡെപ്യൂട്ടി ഡയറക്ടർ ടി. വേലായുധൻ, വിമൻസ് കോളജ് മുൻ പ്രിൻസിപ്പൽ ഡോ. പദ്മകുമാർ തുടങ്ങിയവർ പ്രസംഗിച്ചു. എം. അനിൽ കുമാർ മറുപടി പ്രസംഗം നടത്തി.
Sports
സെവിയ്യ: സ്പാനിഷ് മുന് രാജ്യാന്തര താരം സെസാര് ആസ്പിലിക്യൂറ്റ പ്രഫഷണല് ഫുട്ബോളില്നിന്നു വിരമിച്ചു.
2020-21 യുവേഫ നേഷന്സ് ലീഗ്, 2013 ഫിഫ കോണ്ഫെഡറേഷന്സ് കപ്പ് ഫൈനലുകളില് പ്രവേശിച്ച സ്പാനിഷ് ടീം അംഗമാണ് 36കാരനായ ആസ്പിലിക്യൂറ്റ.
ഇംഗ്ലീഷ് ക്ലബ്ബായ ചെല്സിക്കൊപ്പം രണ്ട് പ്രീമിയര് ലീഗ്, എഫ്എ കപ്പ്, ചാമ്പ്യന്സ് ലീഗ്, യൂറോപ്പ ലീഗ് തുടങ്ങിയ കിരീടനേട്ടങ്ങളില് പങ്കാളിയായി.
സ്പെയിനിനായി 44 മത്സരങ്ങള് കളിച്ചിട്ടുണ്ട്. ക്ലബ് കരിയറില് 781 മത്സരങ്ങളില്നിന്ന് 21 ഗോള് സ്വന്തമാക്കി.
Sports
കേപ് ടൗണ്: ദക്ഷിണാഫ്രിക്കന് ക്രിക്കറ്റര് റാസി വാന്ഡെര് ഡുസെന് രാജ്യാന്തര മത്സരങ്ങളില്നിന്നു വിരമിച്ചു.
ക്രിക്കറ്റ് സൗത്ത് ആഫ്രിക്കയുടെ (സിഎസ്എ) ഹൈബ്രിഡ് കോണ്ട്രാക്റ്റില് ഉണ്ടായിരുന്ന താരത്തെ, 2026-27 സീസണിലേക്കുള്ള കരാറില് ഉള്പ്പെടുത്തിയില്ല. ഇതിനു പിന്നാലെയാണ് വിരമിക്കല് പ്രഖ്യാപനം.
2025 ഓഗസ്റ്റിനുശേഷം ദേശീയ ടീമിൽ കളിച്ചിട്ടില്ല. ദക്ഷിണാഫ്രിക്കയ്ക്കായി 18 ടെസ്റ്റും 71 ഏകദിനവും 57 ട്വന്റി-20യും കളിച്ചിട്ടുണ്ട്.
ബാറ്റർ ഡേവിഡ് മില്ലറിനെയും സിഎസ്എ ഇത്തവണ കരാറില് ഉള്പ്പെടുത്തിയില്ല. അതേസമയം, കോര്ബിന് ബോഷ്, മാത്യു ബ്രീറ്റ്സ്കെ, ഡെവാള്ഡ് ബ്രെവിസ്, കരാബോ മെസോ, ഒട്ട്നീല് ബാര്ട്ട്മാന് എന്നിവര്ക്ക് ആദ്യമായി കരാര് ലഭിച്ചു.
Kerala
കോട്ടയം: 36 വര്ഷത്തെ സേവനത്തിനുശേഷം ദീപിക ജനറല് മാനേജര് (മാര്ക്കറ്റിംഗ്) കെ.സി. തോമസ് വിരമിച്ചു.
1989ല് ദീപികയില് ജോലിയിൽ പ്രവേശിച്ച കെ.സി. തോമസ് തിരുവനന്തപുരം, കൊല്ലം, കൊച്ചി യുണിറ്റുകളിൽ പ്രവര്ത്തിച്ചിട്ടുണ്ട്. 16 വര്ഷമായി കോട്ടയം കേന്ദ്ര ഓഫീസില് ജനറല് മാനേജര് (മാര്ക്കറ്റിംഗ്) ആയിരുന്നു.
കോട്ടയം ഇരവുചിറ കണ്ട്രാമറ്റത്ത് കളപ്പുരയ്ക്കല് കുടുംബാംഗമാണ്. ഭാര്യ: ജാസ്മിന് തോമസ്. മകൾ: ദീപ തോമസ്, മരുമകന്: ടോണി തോമസ്.
ഇന്നലെ ദീപിക കേന്ദ്ര ഓഫീസില് നടന്ന യാത്രയയപ്പ് യോഗത്തില് മാനേജിംഗ് ഡയറക്ടര് ഫാ. മൈക്കിള് വെട്ടിക്കാട്ട്, ചീഫ് എഡിറ്റര് ഫാ. ഡോ. ജോര്ജ് കുടിലിൽ, ചീഫ് കോ ഓര്ഡിനേറ്റിംഗ് ഓഫീസര് ഫാ. ജിനോ പുന്നമറ്റത്തിൽ, ജനറല് മാനേജർ ഫാ. രഞ്ജിത്ത്, ഡെപ്യൂട്ടി ജനറല് മാനേജര് (മാര്ക്കറ്റിംഗ്) ആന്ഡ് പിആര്ഒ മാത്യു കൊല്ലമലക്കരോട്ട് എന്നിവർ പ്രസംഗിച്ചു. ദീപികയുടെ ഉപഹാരം മാനേജിംഗ് ഡയറക്ടറും ചീഫ് എഡിറ്ററും ചേര്ന്ന് സമ്മാനിച്ചു.
Sports
കറാച്ചി: പാക്കിസ്ഥാൻ മുൻ ക്യാപ്റ്റൻ സർഫറാസ് അഹമ്മദ് ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽനിന്നും വിരമിക്കൽ പ്രഖ്യാപിച്ചു.
കറാച്ചി സ്വദേശിയായ കീപ്പർ ബാറ്ററായ 39കാരൻ സർഫറാസ് മൂന്ന് ഫോർമാറ്റുകളിലുമായി 100 അന്താരാഷ്ട്ര മത്സരങ്ങളിൽ പാക്കിസ്ഥാനെ നയിച്ച താരമാണ്. 54 ടെസ്റ്റുകളിലും 117 ഏകദിനങ്ങളിലും 61 ട്വന്റി20 മത്സരങ്ങളിലും പാക്കിസ്ഥാനുവേണ്ടി സർഫറാസ് കളിച്ചു.
Sports
ന്യൂഡൽഹി: ബാഡ്മിന്റൺ കോർട്ടിൽ ഇന്ത്യയ്ക്കായി വിസ്മയങ്ങൾ തീർത്ത സൈന നെഹ്വാൾ വിരമിച്ചു. കടുത്ത മുട്ടുവേദനയും ശാരീരിക ബുദ്ധിമുട്ടുകളും കാരണമാണ് കളം വിടുന്നതെന്ന് താരം പറഞ്ഞു.
കഴിഞ്ഞ രണ്ട് വർഷമായി കടുത്ത മുട്ടുവേദനയെത്തുടർന്ന് മത്സരങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു സൈന. കഠിനമായ ശാരീരിക പരിശീലനങ്ങൾ താങ്ങാൻ തന്റെ ശരീരത്തിന് ഇനി കഴിയില്ലെന്ന് താരം ഒരു പോഡ്കാസ്റ്റിലൂടെ വ്യക്തമാക്കി.
2012 ലണ്ടൻ ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയ സൈന, ബാഡ്മിന്റണിൽ ലോക ഒന്നാം നമ്പർ പദവിയിലെത്തിയ ആദ്യ ഇന്ത്യൻ വനിതാ താരം കൂടിയാണ്.
2023-ലെ സിംഗപ്പുർ ഓപ്പണിലാണ് താരം അവസാനമായി ഒരു മത്സരത്തിൽ പങ്കെടുത്തത്. 2016-ലെ റിയോ ഒളിമ്പിക്സിനിടെ ഉണ്ടായ പരിക്കാണ് സൈനയുടെ കരിയറിൽ വലിയ ആഘാതമായത്.
അതിനുശേഷം 2017-ൽ ലോക ചാമ്പ്യൻഷിപ്പിൽ വെങ്കലവും 2018-ൽ കോമൺവെൽത്ത് ഗെയിംസിൽ സ്വർണവും നേടി ഗംഭീര തിരിച്ചുവരവ് നടത്തിയെങ്കിലും പിന്നീട് പരിക്ക് വില്ലനാകുകയായിരുന്നു.
National
മുംബൈ: മഹാരാഷ്ട്രയിലെ ആദ്യ വനിത ഡിജിപി (ഡയറക്ടർ ജനറൽ ഓഫ് പോലീസ്) രശ്മി ശുക്ല സർവീസിൽ നിന്നും വിരമിച്ചു. പോലീസ് സേനയിൽ 37 വർഷവും ആറ് മാസത്തെയും സേവനത്തിനു ശേഷമാണ് രശ്മി ശുക്സ വിശ്രമ ജീവിതത്തിലേക്ക് പ്രവേശിക്കുന്നത്.
ഭോയിഗാഡയിലെ നൈഗാവ് പോലീസ് മൈതാനത്തിൽ വച്ച് ഗാർഡ് ഓഫ് ഓണർ നൽകികൊണ്ടായിരുന്നു വിടവാങ്ങൽ ചടങ്ങ്. മഹാരാഷ്ട്ര പോലീസിന്റെ ഒന്നിച്ചുള്ള പ്രവർത്തനം തന്നെ പുതിയ ഉയരങ്ങളിലെത്തിച്ചുവെന്നും ഒരുപാട് നല്ല ഓർമകൾ ലഭിച്ചുവെന്നും ചടങ്ങിൽ രശ്മി ശുക്ല മാധ്യമങ്ങളോട് പറഞ്ഞു.
ശാസ്ത്ര സീമ ബാലിന്റെ ഡയറക്ടറായതിൽ അഭിമാനിക്കുന്നുണ്ടെന്നും അവർ പ്രതികരിച്ചു. മഹാരാഷ്ട്ര കേഡറിലെ 1988 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥയായ രശ്മി ശുക്ല ഉത്തര്പ്രദേശ് സ്വദേശിനിയാണ്.
അതേസമയം, മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനായ സദാനന്ദ് ദത്തെയെ മഹാരാഷ്ട്രയുടെ പുതിയ ഡിജിപിയായി നിയമിച്ചു.
Sports
സ്വിറ്റ്സര്ലന്ഡ്: മൂന്ന് തവണ ഗ്രാൻ സ്ലാം സിംഗിൾസ് ചാന്പ്യനായ സ്വിറ്റ്സര്ലന്ഡിന്റെ സ്റ്റാൻ വാവ്റിങ്ക കരിയർ അവസാനിപ്പിക്കുന്നു. 2026 സീസണ് തന്റെ അവസാന സീസണായിരിക്കുമെന്ന് താരം വെളിപ്പെടുത്തി.
“എല്ലാ പുസ്തകങ്ങൾക്കും ഒരു അവസാനം ആവശ്യമാണ്. പ്രൊഫഷണൽ ടെന്നീസ് കളിക്കാരൻ എന്ന നിലയിൽ എന്റെ കരിയറിലെ അവസാന അധ്യായം എഴുതാനുള്ള സമയമാണിത്. 2026 എന്റെ ടൂറിലെ അവസാന വർഷമായിരിക്കും”- വാവ്റിങ്ക വെള്ളിയാഴ്ച സോഷ്യൽ മീഡിയയിൽ കുറിച്ചു.
മാർച്ചിൽ 41 വയസ് തികയുന്ന വാവ്റിങ്ക 2014ൽ ഓസ്ട്രേലിയൻ ഓപ്പണും ഒരു വർഷത്തിനുശേഷം ഫ്രഞ്ച് ഓപ്പണും 2016ൽ യുഎസ് ഓപ്പണും സ്വന്തമാക്കി.
റോജർ ഫെഡറർ, റാഫേൽ നദാൽ, നൊവാക് ജോക്കോവിച്ച് എന്നിവർ പുരുഷ ടെന്നീസിൽ ആധിപത്യം പുലർത്തിയിരുന്ന കാലത്തായിരുന്നു വാവ്റിങ്കയുടെ നേട്ടമെന്നത് മൂല്ല്യം കൂട്ടുന്നു.
16 എടിപി കിരീടങ്ങൾ ഉൾപ്പെടുന്നതാണ് വാവ്റിങ്കയുടെ കരിയർ.2014ൽ ലോകറാങ്കിംഗിൽ മൂന്നാം സ്ഥാനത്തെത്തിയതാണ് താരത്തിന്റെ മികച്ച മുന്നേറ്റം. പരിക്കുകൾ താരത്തെ വലച്ചു. നിലവിൽ 157-ാം സ്ഥാനത്താണ്. 582 ടൂർ-ലെവൽ വിജയങ്ങളിൽ നിലവിൽ കളിക്കുന്ന താരങ്ങളിൽ അദ്ദേഹം നാലാം സ്ഥാനത്താണ്.
Sports
നെബ്രാസ്ക: തോൽവിയറിയാത്ത ലോക സൂപ്പർ മിഡിൽവെയ്റ്റ് ബോക്സിംഗ് ചാന്പ്യൻ ടെറൻസ് ക്രോഫോർഡ് വിരമിക്കൽ പ്രഖ്യാപിച്ചു.
2008 മുതൽ 2025 വരെ ബോക്സിംഗ് റിംഗിൽ മത്സരച്ച നെബ്രാസ്കയിൽ നിന്നുള്ള 38കാരൻ ക്രോഫോർഡ് ഒരിക്കൽ പോലും തോൽവി അറിഞ്ഞിട്ടില്ല.
2014ൽ സ്കോട് ലന്ഡിന്റെ റിക്കി ബേണ്സിനെ പരാജയപ്പെടുത്തി തന്റെ ആദ്യ ലോക കിരീടമായ ഡബ്ല്യുബിഒ ലൈറ്റ് വെയ്റ്റ് കിരീടം നേടി. പ്രമുഖ ലോക ചാന്പ്യൻഷിപ്പിൽനിന്നായി 18 കിരീട നേട്ടവുമായാണ് തോൽവിയറിയാത്ത താരമെന്ന റിക്കാർഡുമായി താരം വിരിമിക്കൽ പ്രഖ്യാപിച്ചത്.
സെപ്റ്റംബറിൽ ലാസ് വെഗാസിൽ മെക്സിക്കൻ ഇതിഹാസം അൽവാരസിനെ കീഴടക്കി സൂപ്പർ മിഡിൽവെയ്റ്റ് കിരീടം നേടിയ താരം സോഷ്യൽ മീഡിയയിലൂടെയാണ് വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ചത്.
Sports
ന്യൂഡൽഹി: പേസ് ബൗളർ മോഹിത് ശർമ ക്രിക്കറ്റിൽ നിന്നും വിരമിച്ചു. 34 അന്താരാഷ്ട്ര മത്സരങ്ങളിൽ ഇന്ത്യൻ കുപ്പായമണിഞ്ഞ മോഹിത് ഒരു പതിറ്റാണ്ടോളം ഐപിഎല്ലിലും കളിച്ചു. 26 ഏകദിനങ്ങളിലും എട്ട് ട്വന്റി-20 മത്സരങ്ങളിലുമാണ് താരം ഇന്ത്യയ്ക്കായി കളിച്ചത്.
ഹരിയാനയിൽ നിന്നുള്ള 37 വയസുകാരനായ മോഹിത് ഐപിഎല്ലിലും ശ്രദ്ധേയ പ്രകടനങ്ങൾ നടത്തിയിട്ടുണ്ട്. ഡൽഹി ക്യാപിറ്റൽസ്, ചെന്നൈ സൂപ്പർ കിംഗ്സ്, ഗുജറാത്ത് ടൈറ്റൻസ്, കിംഗ്സ് ഇലവൻ പഞ്ചാബ് എന്നീ ടീമുകൾക്കായി കളിച്ചു. മൂന്ന് ഐപിഎൽ ഫൈനൽ കളിച്ചെങ്കിലും ഒരിക്കൽ പോലും കിരീടം നേടാൻ കഴിഞ്ഞില്ലെന്ന ദുർഗതിയും താരത്തിനുണ്ട്.
26 ഏകദിനങ്ങളിൽ 31 വിക്കറ്റുകൾ നേടിയ താരം എട്ട് ട്വന്റി-20 മത്സരങ്ങളിൽ നിന്നായി ആറ് വിക്കറ്റുകളും സ്വന്തം പേരിൽ കുറിച്ചു. ഐപിഎല്ലിൽ 120 മത്സരങ്ങളിൽ നിന്ന് 134 വിക്കറ്റുകൾ നേടി.