ബഹിരാകാശനിലയത്തിൽ ഫുട്ബോൾ കളിക്കുന്ന അനിൽ മേനോനും സഹപ്രവർത്തകരും.
അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ (ഐഎസ്എസ്) കഴിയുന്ന സഞ്ചാരികൾ അവരുടെ വിശ്രമവേളകൾ എങ്ങനെയായിരിക്കും ചെലവഴിക്കുക? പലരും അതേക്കുറിച്ചു ചിന്തിച്ചിട്ടുപോലുമുണ്ടാകില്ല. ബഹിരാകാശത്തെ വിനോദവേളകളിലെ രസകരമായ വീഡിയോ പങ്കുവച്ചിരിക്കുകയാണ് നാസ ബഹിരാകാശയാത്രികൻ അനിൽ മേനോൻ. ഗുരുത്വാകർഷണമില്ലാത്ത ബഹിരാകാശത്തു സഹപ്രവർത്തകർക്കൊപ്പം ഫുട്ബോൾ കളിക്കുന്ന ദൃശ്യങ്ങളാണു മലയാളി വംശജൻ കൂടിയായ അനിൽ പങ്കുവച്ചത്. എക്സിൽ പങ്കുവച്ച വീഡിയോ തരംഗമായി മാറിയിരിക്കുകയാണ്.
മൈക്രോഗ്രാവിറ്റിയിലെ കളിതമാശകൾ
അതിസങ്കീർണമായ ദൗത്യങ്ങൾക്കിടയിൽ, വാരാന്ത്യങ്ങളിലാണു യാത്രികർ വിനോദങ്ങളിൽ ഏർപ്പെടുന്നത്. ഐഎസ്എസിലെ വാസത്തിനിടെ വ്യായാമം, വിവിധ ഗെയിമുകൾ തുടങ്ങിയവയിൽ സഞ്ചാരികൾ ഏർപ്പെടാറുണ്ട്. എന്നാൽ, ഫുട്ബോൾ കളി കാഴ്ചക്കാരെ വിസ്മയിപ്പിക്കുകതന്നെ ചെയ്തു. വായുവിൽ ഒഴുകിനടന്ന് ഇവർ പന്തു തട്ടുന്നതും പാസ് ചെയ്യുന്നതും ദൃശ്യങ്ങളിൽ കാണാം. ബഹിരാകാശ നിലയത്തിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരെ ഫുട്ബോൾ ഒന്നിപ്പിക്കുന്നുവെന്ന് വീഡിയോ പങ്കുവെച്ചുകൊണ്ട് അനിൽ മേനോൻ കുറിച്ചു.
'ഫുട്ബോൾ, സ്പേസ് സ്റ്റേഷനിൽ ഞങ്ങളെയെല്ലാം ഒന്നിച്ചുനിർത്തുന്നു! വരാനിരിക്കുന്ന തിരക്കുപിടിച്ച ദിവസങ്ങളിലേക്കു സജ്ജരാകാൻ വാരാന്ത്യങ്ങളിലെ ഇത്തരം വിനോദങ്ങൾ ഏറെ സഹായിക്കും...' ദൃശ്യങ്ങൾക്കൊപ്പം അനിൽ മേനോൻ കുറിച്ചു. ഗുരുത്വാകർഷണമില്ലാത്ത അവസ്ഥയിൽ പേശികൾക്കും ശരീരത്തിനും സംഭവിക്കുന്ന വ്യതിയാനങ്ങൾ കുറയ്ക്കാനും മാനസികസന്തോഷം നിലനിർത്താനും ഇത്തരം വ്യായാമങ്ങളും വിനോദങ്ങളും ബഹിരാകാശ സഞ്ചാരികൾക്ക് ഒഴിച്ചുകൂടാനാകാത്തതാണ്.
എക്സിൽ പങ്കുവെച്ച അപൂർവ ദൃശ്യങ്ങൾക്കു വൻ ജനശ്രദ്ധയാണു ലഭിക്കുന്നത്. ശാസ്ത്രീയ പരീക്ഷണങ്ങൾക്കുമപ്പുറം, നിത്യജീവിതത്തിലെ ലളിതവും മനോഹരവുമായ നിമിഷങ്ങൾ കാണാൻ കഴിഞ്ഞതിന്റെ സന്തോഷം നിരവധി പേർ പ്രതികരണങ്ങളിൽ പങ്കുവച്ചു.
കഴിഞ്ഞദിവസം, ഐഎസ്എസിലെ വൈദ്യപരിശോധനയുടെ വീഡിയോ അനിൽ മേനോൻ പങ്കുവച്ചിരുന്നു. അൾട്രാസൗണ്ട് സ്കാനിംഗിന്റെ ദൃശ്യങ്ങളാണ് അദ്ദേഹം പങ്കുവച്ചത്. ഗുരുത്വാകർഷണമില്ലാത്ത ബഹിരാകാശ അന്തരീക്ഷത്തിൽ പരസ്പര സഹകരണത്തോടെയാണു വൈദ്യപരിശോധനകൾ പൂർത്തിയാക്കുന്നത്. ഭൂമിയിലുള്ള വിദഗ്ധ ഡോക്ടർമാരുടെ തത്സമയ സഹായവും യാത്രികർക്കു ലഭിക്കും. ഭൂമിയിൽ ലഭിക്കുന്ന സ്കാനിംഗ് മെഡിക്കൽസംഘം വിശകലനം ചെയ്യുന്നു. തുടർ പരിശോധനകൾ ആവശ്യമാണോ എന്നു തീരുമാനിക്കുകയും ചെയ്യുന്നു.
Football is one thing that brings us all together on the space station! On the weekend, it’s good to unwind because it helps us get ready for another busy week. https://t.co/6xYuFUhLEn
— Anil Menon (@astro_anil) September 13, 2026
Tags : InternationalNews SpaceScience AstronautAnilMenon ISS NASA