പ്രതീകാത്മക ചിത്രം
ആംസ്റ്റർഡാം: അട്ടിമറിശ്രമമെന്നു സംശയിക്കുന്ന സംഭവങ്ങളെത്തുടർന്ന് നെതർലാൻഡ്സിലെ ട്രെയിൻ ഗതാഗതം വൻതോതിൽ തടസപ്പെട്ടു.
ആംസ്റ്റർഡാം ഉൾപ്പടെ രാജ്യത്തിന്റെ മധ്യ, വടക്കൻ മേഖലകളിലെ ട്രെയിൻ സർവീസുകളെയാണ് ഇതു സാരമായി ബാധിച്ചത്. സർക്കാർ ബജറ്റ് അവതരിപ്പിക്കാനിരിക്കെ ഇന്നലെയായിരുന്നു സംഭവം.
സംഭവത്തെക്കുറിച്ച് ഡച്ച് പൊലിസും രഹസ്യാന്വേഷണ ഏജൻസിയായ എഐവിഡിയും അന്വേഷണം ആരംഭിച്ചു. പാളങ്ങളിൽ പലയിടത്തായി പൈപ്പുകളും കേബിളുകളും മനഃപൂർവം കൊണ്ടിട്ടതാണ് തടസത്തിനു കാരണമെന്ന് റെയിൽവേ അടിസ്ഥാനസൗകര്യ വികസന ഏജൻസിയായ പ്രോറെയിൽ അറിയിച്ചു.
രാജ്യത്തുടനീളമുള്ള 30 ഓളം പാളങ്ങൾക്കുമുകളിൽ ഇരുമ്പ് പൈപ്പുകളും കേബിളുകളും കണ്ടെത്തി. നൈട്രജൻ പുറന്തള്ളൽ കുറയ്ക്കാനുള്ള സർക്കാർ നയങ്ങൾക്കെതിരേ കർഷക സംഘടനയായ ‘ഫാർമേഴ്സ് ഡിഫൻസ് ഫോഴ്സ്’ പ്രക്ഷോഭങ്ങൾ നടത്തിയിരുന്നു.
എന്നാൽ റെയിൽവേയിലെ അട്ടിമറിക്കു പിന്നിൽ തങ്ങളല്ലെന്നും എന്നാൽ വ്യക്തിഗതമായി കർഷകർക്ക് പങ്കുണ്ടോയെന്ന് ഉറപ്പുപറയാൻ കഴിയില്ലെന്നും എഫ്ഡിഎഫ് വ്യക്തമാക്കി.
Tags : Attempted Sabotage TrainService Disrupted Netherlands Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash