ഏറ്റുമാനൂർ: മനോദൗർബല്യത്തിനു ചികിത്സയിലിരിക്കുന്ന യുവാവിനെ പോലീസ് മർദിച്ചെന്ന് ആരോപിക്കുന്ന കേസിൽ അന്വേഷണം അട്ടിമറിക്കാൻ ശ്രമമെന്നു പരാതി. അന്വേഷണ റിപ്പോർട്ട് പൂഴ്ത്തി, ഡോക്ടറുടെ മൊഴി തെറ്റായി രേഖപ്പെടുത്തി തുടങ്ങിയ ആരോപണങ്ങളാണ് യുവാവിന്റെ പിതാവ് ഉന്നയിക്കുന്നത്.
ഏറ്റുമാനൂർ പാറോലിക്കൽ ശ്രീനന്ദനം വീട്ടിൽ എസ്.കെ. രാജീവിന്റെ മകൻ അഭയ് എസ്. രാജീവിനാണ് പോലീസ് മർദനമേറ്റത്. 2025 മാർച്ച് 20ന് ഏറ്റുമാനൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ അഭയും സ്വകാര്യ ബസ് ഡ്രൈവറുമായുണ്ടായ വാക്കുതർക്കത്തെത്തുടർന്നാണ് കേസിനാസ്പദമായ സംഭവമുണ്ടാകുന്നത്.
ബസ് സ്റ്റാൻഡിൽനിന്ന് പോലീസ് കസ്റ്റഡിയിലെടുത്ത മകനെ സ്റ്റേഷനിൽ എത്തിക്കുന്നതിനു മുമ്പ് തൊട്ടടുത്തുള്ള ജനമൈത്രി മീഡിയേഷൻ സെന്ററിൽ വച്ച് മർദിച്ചെന്നും വിവരം അന്വേഷിക്കാൻ സ്റ്റേഷനിൽ എത്തിയ തന്നെ പോലീസ് ഭീഷണിപ്പെടുത്തിയെന്നുമാണ് പിതാവിന്റെ പരാതി.
ആഭ്യന്തരമന്ത്രിക്കു നൽകിയ പരാതിയെ തുടർന്ന് സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവായിട്ടുണ്ട്.