Kerala
കായംകുളം: അയൽവാസികളായ ദമ്പതികളെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ കായംകുളം പോലീസ് അറസ്റ്റ് ചെയ്തു. പുതുപ്പള്ളി വാരണപ്പള്ളി ക്ഷേത്രത്തിന് സമീപം കന്നത്തേരിൽ വീട്ടിൽ ഷാജി (52) ആണ് പിടിയിലായത്.
പുതുപ്പള്ളി സ്വദേശികളായ രാജേന്ദ്രൻ, ഭാര്യ ഷീജ എന്നിവർക്ക് നേരെയാണ് അക്രമണമുണ്ടായത്. രാജേന്ദ്രന്റെ പുരയിടത്തിൽ ഷാജി കരിയില വാരിയിട്ടത് ഷീജ ചോദ്യം ചെയ്തതാണ് ആക്രമണത്തിൽ കലാശിച്ചത്.
വാക്കേറ്റത്തിനൊടുവിൽ ഷാജി ഷീജയെ ആക്രമിക്കാൻ ശ്രമിച്ചു. ഇത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് രാജേന്ദ്രന് കുത്തേറ്റത്. പരിക്കേറ്റ ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണ്. കോടതിയിൽ ഹാജരാക്കിയ പ്രതി ഷാജിയെ കോടതി റിമാൻഡ് ചെയ്തു.
Kerala
കണ്ണൂർ: മന്ത്രി വീണാ ജോർജിനെതിരേ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കരിങ്കൊടി കാട്ടിയതിന് വധശ്രമ കേസിൽ ജയിലിൽ കഴിയേണ്ടിവന്ന കെഎസ്യു പ്രവർത്തകർ മന്ത്രി വീണാ ജോർജ്, മന്ത്രിയുടെ ഗൺമാൻ, കേസെടുത്ത പോലീസുകാർ എന്നിവർക്കതിരേ നിയമനടപടിക്കൊരുങ്ങുന്നു.
കേസിൽ റിമാൻഡിലായി 15 ദിവസം ജയിലിലടയ്ക്കപ്പെട്ട ഒരോരുത്തർക്കും 25 ലക്ഷം രൂപ വീതം നഷ്ടപരിഹാരം ആവശ്യപ്പെട്ട് അഭിഭാഷകനും കോൺഗ്രസ് നേതാവുമായ ടി.ഒ. മോഹനൻ മുഖേനയാണു ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്യുക.
കെഎസ്യു പ്രവർത്തകർ തന്നെ ആക്രമിച്ചു വധിക്കാൻ ശ്രമിച്ചെന്നായിരുന്നു മന്ത്രി വീണാ ജോർജ് സംഭവ സമയത്ത് പറഞ്ഞിരുന്നത്. രണ്ടു മാസത്തിനു ശേഷം തന്റെ നേർക്ക് ആക്രമണം നടന്നിട്ടില്ലെന്നാണ് മന്ത്രി പോലീസിനു മൊഴി നൽകിയത്.
അക്രമത്തിൽ പരിക്കുപറ്റിയാൽ മെഡിക്കോ ലീഗൽ കേസ് ആയിട്ടാണു കേസെടുക്കേണ്ടതെന്നിരിക്കേ തനിക്ക് പരിക്ക് പറ്റിയിട്ടില്ല എന്ന് മന്ത്രി പറഞ്ഞതോടുകൂടി ആ കേസ് അപ്രസക്തമാകുകയാണെന്ന് അഡ്വ. ടി.ഒ. മോഹനൻ പറഞ്ഞു.
ഉച്ചകഴിഞ്ഞ് 3.15ന് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നടന്ന സംഭവത്തിൽ അപ്പോൾ തന്നെ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തെങ്കിലും രാത്രി 10.45 ഓടെ മാത്രമാണ് എഫ്ഐആർ ഇട്ടത്. അതുവരെ അവരെ കസ്റ്റഡിയിൽ പാർപ്പിച്ചത് നിയമവിരുദ്ധമാണെന്നും ടി.ഒ. മോഹനൻ പറഞ്ഞു. കെഎസ്യു പ്രവർത്തകരെ മനഃപൂർവം ജയിലിലടപ്പിക്കണമെന്ന ലക്ഷ്യത്തോടെയായിരുന്നു മന്ത്രിയും ഗൺമാനും പ്രവർത്തിച്ചത്.
ജയിലിൽ കഴിയേണ്ടി വന്നവർ അനുഭവിച്ച അപമാനത്തിനും മാനസിക പീഡനത്തിനും 25 ലക്ഷം വീതം സർക്കാർ നഷ്ടപരിഹാരം നൽകുക, ഈ തുക മന്ത്രിയിൽനിന്നും ഗൺമാനിൽ നിന്നും കേസെടുത്ത പോലീസ് ഉദ്യോഗസ്ഥരിൽനിന്നും ഈടാക്കണമെന്നും ആവശ്യപ്പെട്ടാണ് ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്യുകയെന്നും അഡ്വ. ടി.ഒ. മോഹനൻ പറഞ്ഞു.
Kerala
പെരിങ്ങോം: പോലീസ് സ്റ്റേഷനില്‍ അതിക്രമിച്ചു കയറി അക്രമം നടത്തി പോലീസിനെ കൈയേറ്റം ചെയ്ത് സിപിഎം പ്രവര്‍ത്തകനായ വധക്കേസിലെ പ്രതിയെ മോചിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേര് അറസ്റ്റില്‍.
കൊഴുമ്മലിലെ സി.വി. വിഷ്ണുപ്രസാദ്, പെരിന്തട്ടയിലെ നിധിന് എന്നിവരെയാണു പെരിങ്ങോം പോലീസ് അറസ്റ്റ് ചെയ്തത്. കോടതി ഇവരെ റിമാൻഡ് ചെയ്തു.
ചൊവ്വാഴ്ച അര്‍ധരാത്രി 11.45 ഓടെ പെരിങ്ങോം പോലീസ് സ്റ്റേഷനിലാണ് സംഭവം.
കഴിഞ്ഞമാസം 25ന് ഉച്ചയ്ക്ക് യൂത്ത് ലീഗ് നേതാവ് ഷജീര്‍ ഇഖ്ബാലിനെ സംഘം ചേര്‍ന്ന് ഇരുമ്പുവടിയും ഹെല്‍മറ്റുംകൊണ്ട് വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയായ വിഷ്ണുപ്രസാദിനെ വീട്ടില്‍നിന്നു പിടികൂടി സ്റ്റേഷനിലെത്തിച്ചപ്പോഴാണ് പതിനഞ്ചോളം സിപിഎം പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി മോചിപ്പിക്കാൻ ശ്രമിച്ചത്.
District News
ഹരിപ്പാട്: ഹരിപ്പാട് ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ കാണിക്ക എണ്ണുന്നതിനിടെ പണം മോഷ്ടിക്കാൻ ശ്രമിച്ച ജീവനക്കാരനെ അറസ്റ്റ് ചെയ്തു. ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ വാച്ചർ കുമാരപുരം പോത്തപ്പള്ളി തെക്ക് രാകേഷ് കൃഷ്ണൻ (40) ആണ് ഹരിപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ചൊവ്വഴ്ചയായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. ദേവസ്വം അസിസ്റ്റന്റ് കമ്മീഷനർ ജയലക്ഷ്മിയുടെ നേതൃത്വത്തിൽ ക്ഷേത്രത്തിലെ ആനക്കൊട്ടിലിൽ കാണിക്ക വഞ്ചികളിലെ പണം എണ്ണുന്നതിനിടെ പ്ലാസ്റ്റിക് ചാക്കും മറ്റും കൊണ്ടുവരുന്നതിനുള്ള കാർഡ് ബോർഡ് പെട്ടിയിലേക്ക് നോട്ടുകെട്ടുകൾ ചുരുട്ടിയിട്ടു. ഇത് ശ്രദ്ധയിൽപ്പെട്ട അധികൃതർ കൈ യോടെ പിടികൂടുകയായിരുന്നു. 32300 രൂപയാണ് പെട്ടിയിൽനിന്നു കണ്ടെടുത്തത്.
International
ലോസ് ആഞ്ചലസ്: അമേരിക്കയിലെ ലോസ് ആഞ്ചലസിൽ ഇറേനിയൻ പ്രക്ഷോഭത്തെ അനുകൂലിച്ചു നടന്ന റാലിയിലേക്ക് ട്രക്ക് ഓടിച്ചുകയറ്റാൻ ശ്രമം.
വെറ്ററൻ അവന്യുവിൽ ഞായറാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം. സംഭവത്തിൽ ആർക്കും കാര്യമായ പരിക്കേറ്റിട്ടില്ല. ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. പ്രകടനക്കാരിൽ ഒരാളെയാണു ട്രക്ക് തട്ടിയത്. ആളുകൾ ട്രക്ക് ഡ്രൈവറെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചു.
ട്രക്കിന്റെ ജനാലകളും കണ്ണാടിയും തകര്‍ന്നിട്ടുണ്ട്. ‘ഷാ വേണ്ട, രാജവാഴ്ച വേണ്ട, അമേരിക്ക 1953 ആവർത്തിക്കരുത്’ എന്നീ മുദ്രാവാക്യങ്ങൾ രേഖപ്പെടുത്തിയ ബാനർ കെട്ടിയ ട്രക്കാണ് പ്രകടനക്കാർക്കുനേരേ ഓടിച്ചുകയറ്റിയത്.
1953ൽ അമേരിക്കയും ബ്രിട്ടനും ചേർന്ന് ഇറാൻ ഭരണകൂടത്തെ അട്ടിമറിച്ചതിനെ സൂചിപ്പിക്കുന്നതായിരുന്നു ബാനറിലെ മുദ്രാവാക്യം.