വിഴിഞ്ഞം : കൂടിയ പലിശയ്ക്ക് പണയംവച്ച് പണം നൽകാമെന്നു പറഞ്ഞു സ്വർണം വാങ്ങിയ ഇടനിലക്കാരി പറ്റിച്ചു. ഫൈനാൻസ് സ്ഥാപനത്തിലെ ജീവനക്കാരികളായ യുവതികൾ വിഷംകഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ചികിത്സക്കിടയിൽ ഒരാൾ മരിച്ചു. ഒരാൾ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ. വിഴിഞ്ഞം വെണ്ണിയൂർ നെല്ലിവിള ജയാ ഭവനിൽ വിഷ്ണു മോന്റെ ഭാര്യ അഞ്ജു (28) ആണ് മരിച്ചത്. സുഹൃത്ത് ചാവടിനട സ്വദേശി രാജീവിന്റെ ഭാര്യ ഐശ്വര്യ (26) ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: സ്വകാര്യ ഫൈനാൻസ് സ്ഥാപനത്തിന്റെ വിഴിഞ്ഞം ശാഖയിലെ ജീവനക്കാരിയായ അഞ്ചുവും അമരിവിള ശാഖയിലെ ജീവനക്കാരിയായ ഐശ്വര്യയും സുഹൃത്തുക്കളായിരുന്നു. ഇവർ ബന്ധുക്കൾ ഉൾപ്പെടെ പലരിൽ നിന്ന് വാങ്ങിയ സ്വർണം പനങ്ങോട് സ്വദേശി സിന്ധു കുമാരിയെ ഏല്പിച്ചു.
കെഎസ്എഫ്ഇയിൽ കൂടിയ തുകയ്ക്ക് പണയം വച്ച് നൽകാമെന്നും ഒരു ശതമാനം പലിശ കമ്മീഷനായി നൽകിയാൽ മതിയെന്ന് അറിയിച്ചതായും അറിയുന്നു. ഇപ്രകാരം നൂറ് പവനോളം സ്വർണം യുവതികളിൽ നിന്ന് സിന്ധുകുമാരി കൈക്കലാക്കിയതായും പറയപ്പെടുന്നു. ഇവർ നൽകിയ സ്വർണം തിരികെ ആവശ്യപ്പെട്ടപ്പോൾ എല്ലാം ലേലം ചെയ്ത് പോയതായി പറഞ്ഞ സിന്ധു മുങ്ങി. ഒടുവിൽ തട്ടിപ്പിനിരയായെന്ന് മനസിലാക്കിയ യുവതികൾ ഒരുമിച്ച് ജീവനൊടുക്കാൻ തീരുമാനിച്ചു.
ഇക്കഴിഞ്ഞ 30 ന് വൈകുന്നേരം ആറോടെ വിഴിഞ്ഞം തിയറ്റർ ജംഗ്ഷനിൽ എത്തിയ ഇരുവരും ജൂസ് കടയിൽ നിന്ന് ഷാർജ വാങ്ങി അതിൽ എലി വിഷം ചേർത്ത് കഴിച്ചു. തുടർന്ന് വീട്ടിൽ എത്തിയ യുവതികൾക്ക് ഛർദി അനുഭവപ്പെട്ടു. ഭക്ഷ്യവിഷബാധയെന്ന് വീട്ടിൽ അറിയിച്ച ഇവരെ വീട്ടുകാർ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തുടർന്ന് രോഗം മൂർച്ചിച്ചതോടെ തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലും അവിടെ നിന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചു. അവിടെവച്ചാണ് സംഘം ആത്മഹത്യക്ക് ശ്രമിച്ച വിവരം ബന്ധുക്കളെ അറിയിച്ചത്. ഇതിനിടയിൽ ഏറെ ഗുരുതരാവസ്ഥയിലായ അഞ്ചു ഇന്നലെ ഉച്ചയോടെ മരണമടഞ്ഞു.
വിഴിഞ്ഞം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അഞ്ജുവിന്റെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.
Tags : Young women attempted suicide after being