നീലേശ്വരം കോൺവന്റ് ജംഗ്ഷനിൽ റോഡ് തകർന്ന് കുഴികൾ രൂപപ്പെട്ട നിലയിൽ.
നീലേശ്വരം: മലയോരമേഖലയിലേക്കുള്ള പ്രവേശനകവാടമായ നീലേശ്വരം കോൺവന്റ് ജംഗ്ഷനിൽ റോഡ് തകർന്നു. നീലേശ്വരം-എടത്തോട് റോഡ് നവീകരണവുമായി ബന്ധപ്പെട്ട് കോൺവന്റ് ജംഗ്ഷൻ മുതൽ വള്ളിക്കുന്നിലെ താലൂക്ക് ആശുപത്രി വരെയുള്ള ഭാഗത്തെ പ്രവൃത്തികൾ ഇനിയും തുടങ്ങിയിട്ടില്ല.
ഈ പദ്ധതിയിൽ ഉൾപ്പെട്ടതിനാൽ ഏറെക്കാലമായി ഇവിടെ അറ്റകുറ്റപണികളൊന്നും നടത്താത്തതാണ് റോഡ് തകരാനിടയാക്കിയത്. നേരത്തേ ചെറിയ കുഴികളുണ്ടായിരുന്നത് ഇപ്പോൾ മഴവെള്ളം കെട്ടിനിന്ന് ആഴവും വലിപ്പവും കൂടിയ നിലയിലാണ്.
റോഡ് നവീകരണവുമായി ബന്ധപ്പെട്ട് ഈ ഭാഗത്തെ സ്ഥലമേറ്റെടുപ്പ് പൂർത്തിയാകാതിരുന്നതിനാലാണ് ആദ്യഘട്ട പ്രവൃത്തികളിൽ ഈ ഭാഗം ഉൾപ്പെടാതിരുന്നത്. ഇപ്പോൾ നഷ്ടപരിഹാര വിതരണവും സ്ഥലം ഏറ്റെടുക്കലും പൂർത്തിയായിട്ടുണ്ട്. ഏറ്റെടുത്ത ഭാഗങ്ങളിലെ കെട്ടിടങ്ങളും മതിലുകളും ഏറെക്കുറെ പൊളിച്ചുനീക്കുകയും ചെയ്തു. എന്നാൽ പ്രവൃത്തികൾ തുടങ്ങുന്നതിനുള്ള ടെൻഡർ നടപടികൾ ഇനിയും പൂർത്തിയായിട്ടില്ല.
ഇനി എന്തായാലും ഈ മഴക്കാലം കഴിഞ്ഞു മാത്രമേ പ്രവൃത്തികൾ തുടങ്ങാനാവുകയുള്ളൂ എന്ന കാര്യം ഉറപ്പാണ്. അതിനുമുമ്പ് വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും അപകടങ്ങൾ സംഭവിക്കാതിരിക്കാൻ റോഡിലെ കുഴികളെങ്കിലും നികത്തുന്നതിനുള്ള നടപടികൾ ഉണ്ടാകണമെന്നാണ് എല്ലാവരുടെയും ആവശ്യം.
Tags : Nattuvishesham District news