ഗുവാഹാത്തി: സാന്പ്രദായിക തേയില ഉത്പാദന രീതികളിൽനിന്നു വ്യത്യസ്തമായി രാജ്യത്ത് ആദ്യമായി വാണിജ്യാടിസ്ഥാനത്തിൽ ഉത്പാദിപ്പിച്ച മാച്ചാ ടീയുടെ ലേലം കഴിഞ്ഞ ദിവസം ആസാമിലെ ഒരു എസ്റ്റേറ്റിൽ നടന്നു.
കമ്മേലിയ സിനെൻസിസ് എന്ന് ശാസ്ത്രനാമമുള്ള തേയില ചെടികൾ വിളവെടുപ്പിന് മൂന്ന് നാല് ആഴ്ചകൾക്കു മുന്പ് ഷീറ്റുകൾകൊണ്ട് തീർത്ത മറക്കുള്ളിൽ പരിപാലിച്ച് ഉത്പാദിപ്പിക്കുന്നതാണ് മാച്ചാ ടീ. തേയിലകളിൽ പതിക്കുന്ന 90 ശതമാനം സൂര്യപ്രകാശവും തടയുക വഴി ഇവയിലെ ക്ലോറോഫിൽസ്, അമിനോ ആസിഡ് ലെവൽ ഉയർത്തുകയും വ്യത്യസ്ത നിറവും ഫ്ലേവറും നൽകി ഇവ വിപണിയിൽ എത്തിക്കുകയുമാണെന്ന് തേയില ഉത്പാദകർ പറയുന്നു.
രാജ്യത്ത് ആദ്യമായി ഉത്പാദിപ്പിച്ച മാച്ചാ ടീയുടെ ലേലം കഴിഞ്ഞ ദിവസം ഗുവാഹാത്തിയിലെ ടീ ഓക്ഷൻ സെന്ററിൽ നടന്നു. ജെ. തോമസ് ആൻഡ് കന്പനി പ്രൈവറ്റ് ലിമിറ്റഡ് ലേലത്തിനെത്തിച്ച തേയില ഗുവാഹാത്തി ആസ്ഥാനമായുള്ള ഷിയോസൺസ് ചായ് കോ ആണ് വാങ്ങിയത്. അഞ്ചു കിലോ പാക്കുകളിലാണ് ഇവ വിപണിയിൽ എത്തിച്ചത്. പ്രീമിയം ഉത്പന്നത്തിന് കിലോയ്ക്ക് 3000 രൂപ വില വീണതായി ഗുവാഹാത്തി ടീ ഓക്ഷൻ ബയേഴ്സ് അസോസിയേഷൻ സെക്രട്ടറി ദിനേശ് ബിഹാനി പറഞ്ഞു.
മാച്ചാ ടീയുടെ നിർമാണം.
തണലിൽ വളർത്തിയ തേയിലകൾ തരിതരിയായി പൊടിച്ച് ഗ്രീൻ ടീയായി മാറ്റുന്നതാണ് മാച്ചാ ടീ. ഗ്രീൻ ടിയിൽ തേയിലകൾ വെള്ളത്തിൽ കുതിർത്തശേഷം നീക്കം ചെയ്യുന്പോൾ മാച്ചാ ടീയിൽ തരിയായി ചേർത്ത തേയില കൂടി ഉപയോഗിക്കുകയാണ് ചെയ്യുന്നത്. ഇത് ഉയർന്ന നിരക്കിൽ ആന്റി ഓക്സിഡന്റുകളും അമിനോ ആസിഡും സ്വാഭാവിക കഫീനും പ്രദാനം ചെയ്യുന്നതായി ഉത്പാദകർ അവകാശപ്പെടുന്നു.
കിഴക്കൻ ആസാമിലെ ഛോട്ട ടിൻഗ്രായി എസ്റ്റേറ്റാണ് ഉത്പാദകർ. ജാപ്പനീസ് ടീ നിർമാതാക്കളുമായും കൃഷി വിദഗ്ധരുമായും ഉപകരണ വിതരണക്കാരുമായും ചേർന്ന് പതിറ്റാണ്ടുകളായി നടത്തിയ ആശയ വിനിമയങ്ങളുടെ ഉത്പന്നമാണ് മാച്ചാ ടീയെന്ന് ഛോട്ട ടിൻഗ്രായി ഡയറക്ടർ മൃത്യുഞ്ജയ് ജലൻ പറഞ്ഞു.
Tags : Matcha tea first commercially produce