വി. കുഞ്ഞികൃഷ്ണൻ എംഎൽഎയ്ക്ക് ചെറുപുഴ പഞ്ചായത്തിൽ നൽകിയ സ്വീകരണം.
ചെറുപുഴ: ചില പഞ്ചായത്ത് ഭരണസമിതികൾ രാഷ്ട്രീയ കാരണങ്ങളാൽ എംഎൽഎയെ ബഹിഷ്കരിക്കാനുള്ള തീരുമാനമെടുത്തത് ആത്മഹത്യാപരമാണെന്ന് പയ്യന്നൂർ എംഎൽഎ വി. കുഞ്ഞികൃഷ്ണൻ. ചെറുപുഴ പഞ്ചായത്ത് ഭരണസമിതി നൽകിയ സ്വീകരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു എംഎൽഎ. സംസ്ഥാന സർക്കാരിന്റെ ആനുകൂല്യങ്ങൾ എംഎൽഎ വഴിയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ലഭിക്കുന്നതെന്ന് അറിയാത്തവരല്ല ബഹിഷ്കരണ തീരുമാനമെടുത്തത്.
എംഎൽഎ എന്ന നിലയിൽ ഏതെങ്കിലും തദ്ദേശ സ്വയംഭരണ സ്ഥാപനത്തോട് പ്രത്യേക വിരോധമോ മമതയോ തനിക്കില്ല. സംസ്ഥാന ബജറ്റിൽ പയ്യന്നൂർ നിയോജക മണ്ഡലത്തിന് മികച്ച പരിഗണന ലഭിച്ചിട്ടുണ്ട്. എന്നാൽ, ബജറ്റിൽ പയ്യന്നൂർ മണ്ഡലത്തിൽ പ്രഖ്യാപിച്ച വികസന പ്രവർത്തനങ്ങളെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്ന നിലപാടാണു സിപിഎമ്മും പാർട്ടി പത്രവും സ്വീകരിച്ചത്.
പയ്യന്നൂർ മണ്ഡലത്തിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളും സംസ്ഥാന സർക്കാരുമായി ചേർന്ന് വികസന പ്രവർത്തനങ്ങൾ നടപ്പാക്കാൻ ശ്രമിക്കണം. ഇതിൽ രാഷ്ട്രീയം കലർത്തേണ്ടതില്ല. ഇതിന് ആവശ്യമായ എല്ലാ സഹായങ്ങളും തന്റെ ഭാഗത്ത് നിന്നുണ്ടാകും. പഞ്ചായത്തംഗങ്ങൾ അതാത് പ്രദേശത്തെ ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾ ശ്രദ്ധയിൽപെടുത്തിയാൽ അടിയന്തര ഇടപെടൽ ഉണ്ടാകുമെന്നും എംഎൽഎ പറഞ്ഞു.
പഞ്ചായത്ത് പ്രസിഡന്റ് ലൈസമ്മ തോമസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സതീശൻ കാർത്തികപ്പള്ളി, സ്ഥിരംസമിതി അധ്യക്ഷൻമാരായ ലളിതാ ബാബു, കെ.ഡി. പ്രവീൺ, ലീന വില്യം, പഞ്ചായത്തംഗങ്ങളായ ടി.പി. ചന്ദ്രൻ, പി.ജെ. ജോസ്, റോഷി ജോസ്, ജമീല കോളയത്ത്, ഷൈമ ജെനു, കെ.സി. ലക്ഷ്മണൻ, പഞ്ചായത്ത് സെക്രട്ടറി ബിറ്റാജ് തോമസ് എന്നിവർ പ്രസംഗിച്ചു.
Tags : Nattuvishesham District news